ബുദ്ധി, പ്രണയം, സംഗീതം, വികാരങ്ങൾ, സൗന്ദര്യം, ആവേശം, നിറങ്ങൾ എന്നിവയുടെയെല്ലാം സങ്കരമായി ലോകമെമ്പാടും ‘അഡ്രിനാലിൻ ജമ്പ്’ സൃഷ്ടിച്ച ഒന്ന്… മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്പാനിഷ് ടെലിവിഷൻ പരമ്പരയായി ജന്മം കൊണ്ട ‘മണി ഹെയ്‌സ്റ്റ്’. കഥാപാത്രങ്ങൾക്ക് അവരുടെ സ്വഭാവത്തിനും ചുമതലകൾക്കും ചേരുന്ന സ്ഥലനാമങ്ങൾ നൽകി, അവയെ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രമായി, സ്വതവേ അന്തർമുഖനായ ഒരു പ്രൊഫെസറും അവർ ഓരോരുത്തരുടെയും വ്യക്തിപരമായ കഥകളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ചേർന്നൊരു വർണ്ണാഭമായ ലോകമാണ് ഈ പരമ്പര ഒരുക്കിയത്. വിനോദോപാധിയായ ‘നെറ്റ്ഫ്ലിക്സ്’ ഏറ്റെടുത്തതോടെ ഈ സ്പാനിഷ് പലഭാഷകളിൽ ലഭ്യമാകുകയും ലോകത്തിന്റെ ഏതു കോണിലും ആരാധകരെ സൃഷ്ടിച്ച് ‘പ്രതിഭാസമായി’ മാറുകയും ചെയ്ത കഥയാണ് മണി ഹെയ്‌സ്റ്റിന് പറയാനുള്ളത്.

ഇന്ന് ആഗോളതലത്തിൽ ആവേശമായി മാറിയ ‘മണി ഹെയ്‌സ്റ്റ്’ വെബ് സീരീസിലൂടെ വളരെയധികം ഹിറ്റായ ഒന്നാണ് ‘ചാവോ ബെല്ല ചാവോ ബെല്ല’ എന്ന ഗാനം. വ്യവസ്ഥാപിതമായ അനീതികൾക്കെതിരെയുള്ള പോരാട്ടമായി ചിത്രീകരിച്ച ഈ പരമ്പരയിൽ, പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ഈ ഗാനം ആലപിക്കുന്നത്. ബാങ്ക് കൊള്ളയെ തുടർന്ന് പണം കടത്താൻ തയ്യാറാക്കുന്ന അത്യധ്വാനം നിറഞ്ഞ ടണൽ നിർമ്മാണം വിജയിക്കുന്ന വേളയിലെ സന്തോഷം പങ്കിടാൻ ഈ ഗാനത്തോളം യോജിക്കുന്ന മറ്റെന്താണുള്ളത്… കഥാപാത്രങ്ങൾക്കൊപ്പം തന്നെ കാഴ്ചക്കാരിലേക്കും ആവേശത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രമായ ‘പാർട്ടി മൂഡ്’ ആവിഷ്കരിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ഗാനത്തിന്റെ വിജയവും ആഗോളസ്വീകാര്യതയും.

ലോകമെമ്പാടും പല ഭാഷകളിലും പല റീമിക്സുകളിലും തരംഗമായ ഈ ഗാനം ‘സുന്ദരിക്ക്/ സൗന്ദര്യത്തിന് വന്ദനം’ (goodbye beautiful) എന്നർത്ഥം വരുന്ന ഒരു ഇറ്റാലിയൻ നാടോടി ഗാനത്തിന്റെ ആധുനിക വേർഷനാണ്. ഇന്ന് പല ഭാഷകളിൽ പല റീമിക്സുകളിലൂടെ ലോകം മുഴുവൻ ഏറ്റെടുത്ത ഈ ഗാനത്തിനും ഒരു കഥ പറയാനുണ്ട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ത്യാഗങ്ങളുടെയും വേദനകളുടെയും അധ്വാനത്തിന്റെയും വിപ്ലവത്തിന്റെയും കഥ…

7A604A25-5578-4DB7-95AA-789562DE8680

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നോർത്ത് ഇറ്റലിയിലെ ധാന്യപാടങ്ങളിൽ പണിയെടുത്തിരുന്ന ആളുകൾ പാടിയിരുന്ന ഒരു നാടൻപാട്ടാണ്‌, ഇന്ന് നമ്മുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ‘ചാവോ ബെല്ല’ എന്ന ഗാനത്തിന്റെ  മാതാവ്. ഇതുവരെ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, ഫ്ലോറൻസിനോട് ചേർന്നുള്ള നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന ആളുകളിൽ നിന്നാണ് ഈ ഗാനം ഉടലെടുത്തത്. അക്കാലഘട്ടങ്ങളിൽ സമൂഹത്തിൽ ജാതീയമായ/സാമ്പത്തികമായ /സാമൂഹികമായ വേർതിരിവുകൾ പ്രകടമായിരുന്നു. പ്രമാണിമാരുടെ വയലുകളിൽ നട്ടുച്ചവെയിലിൽ, മുട്ടൊപ്പം വെള്ളത്തിൽ കുനിഞ്ഞു നിന്ന്, ഞാറ് നടുന്ന തൊഴിലാളികളെയും പണിയിൽ ഏതെങ്കിലും വിധത്തിൽ വ്യത്യാസം വരുത്തുകയോ നിവരുകയോ ചെയ്യന്നവരെ ഏതുസമയവും ശിക്ഷിക്കാനായി മുളവടിയുമായി നിൽക്കുന്ന മേൽനോട്ടക്കാരുടെയും മങ്ങിയ ഫ്രയിമുകളാണ് വിശാലമായ വായനയിലൂടെ ലഭിക്കുന്നത്. അങ്ങനെ അതികഠിനമായ ജോലിയെ മയപ്പെടുത്താൻ തൊഴിലാളികളുടെ സംസാരഭാഷയിൽ തന്നെ ഉടലെടുത്ത ഗാനമാണ് ‘ചാവോ ബെല്ല’ എന്ന ഗാനം. ഈ ഗാനത്തിലുടനീളം പ്രമാണിമാരുടെ ക്രൂരതകളും മരണം ഏതുനിമിഷവും കാത്തിരിക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാടുകളുമാണ് വിവരിക്കുന്നത്.

6B84D18C-08B2-4B1F-AA3E-2FD9DDE511C2

മേൽനോട്ടക്കാരന്റെ ക്രൂരതകളാൽ താൻ എന്നേലും മരണപ്പെട്ടാൽ, എന്റെ ശവശരീരം കുന്നിൻതാഴ്വരയിലുള്ള മനോഹരമായ പൂക്കൾ നിറഞ്ഞ ചെടിയുടെ ചുവട്ടിൽ മറവ് ചെയ്യണമെന്നും, അങ്ങനെയെങ്കിൽ സുന്ദരമായ ഒരു പുഷ്പമായി തനിക്ക് പുനർജ്ജനിക്കാമെന്നും അതുവഴി കടന്നുപോകുന്നവർ തന്നെ നോക്കി, ‘ഹാ എത്ര സുന്ദരമായ പുഷ്പം’ എന്ന് പറയുമെന്നും വരികളിലൂടെ പറയുന്നു. ആ സൗന്ദര്യം സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണെന്ന് വ്യക്തമാക്കിയാണ് ആ നാടോടിഗാനം അവസാനിക്കുന്നത്. ഇത്രയും വായിച്ചപ്പോൾ ചലച്ചിത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വായ്മൊഴികളിലൂടെയും നാം കേട്ടറിഞ്ഞ പഴമയിലേക്ക് പോകാതിരിക്കാൻ ഒരു മലയാളിക്കും സാധിക്കില്ല…
E0F48CF2-3885-4459-9BFF-3838DB57CA39

കാലചക്രം തിരിഞ്ഞു വരുമ്പോൾ ഈ ഗാനത്തിന് വീണ്ടും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള ഫാസിസ്റ്റ് ഭരണകാലത്താണ് ഈ ഗാനം മാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്. ‘പ്രതിരോധമായിരുന്നു’ (റെസിസ്റ്റൻസ്) വായ്മൊഴികളിലൂടെ ജന്മം കൊണ്ട ഈ ഗാനത്തിന്റെ വൃത്തവും അലങ്കാരവുമെല്ലാം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി പടയാളികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനായി രൂപം കൊണ്ടതാണ് നമ്മൾ ഇന്ന് കേൾക്കുന്ന ‘ചാവോ ബെല്ല’ ഗാനത്തിന്റെ യഥാർത്ഥ രൂപം. പുതിയ രൂപത്തിൽ ഗാനത്തിന്റെ അന്തസ്സത്ത നഷ്ടപ്പെടാതെ തന്നെ വരികളിൽ വ്യത്യാസം വരുത്തിയതാണ് ആധുനിക ചാവോ ബെല്ല ഗാനം രചിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാകെ തരംഗമായ ഈ ഗാനമാണ് ‘മണി ഹെയ്‌സ്റ്റ്’ പരമ്പരയിലൂടെ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നത്.
0B0841F6-75B2-43F7-9B63-5B94A1CCE868

ആ വരികളിലൂടെ…

“ഒരു പുലർച്ചെ ഞാൻ ഉണർന്നപ്പോൾ ഒരു കടന്നുകയറ്റക്കാരനെ (invador- നാസി പടയാളി) കണ്ടു.

അയാൾ ഇറ്റാലിയൻ റേസിസിറ്റൻസ് പടയാളിയായ (partiggiano – partisan) എന്നെ തടവിലാക്കി കൊണ്ട് പോയി

തടവിൽ കഴിയുന്ന ഓരോ നിമിഷവും മരണത്തിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളിൽ തുളച്ചു കയറി

കടന്നുകയറ്റക്കാരനാൽ ഞാൻ വധിക്കപ്പെടുന്നുവെങ്കിൽ, എന്റെ മൃതശരീരം ഒരു കുന്നിൻചുവട്ടിൽ മറവ് ചെയ്യണം

മനോഹരമായ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു ചെടിയുടെ നിഴലിൽ വേണം ഇറ്റാലിയൻ പടയാളിയായ എന്റെ ശരീരം അടക്കം ചെയ്യേണ്ടത്

അങ്ങനെ ചെയ്യമ്പോൾ ഞാൻ ഒരു മനോഹര പുഷ്പമായി പുനർജ്ജനിക്കും,
കാലം പോകെ പോകെ, അതുവഴി കടന്നുപോകുന്നവർ, എന്നെ നോക്കി ‘ഹാ എത്ര മനോഹരമായ പുഷ്പം’ എന്ന് ആശ്ചര്യപ്പെടും

ആ സൗന്ദര്യം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്…”

ഒറിജിനൽ ഗാനത്തിന്റെ ലിങ്ക്: https://www.youtube.com/playlist?list=RDLqs2oIBFPxI&feature=share&playnext=1

ചിത്രങ്ങൾ: ഗൂഗിൾ.