നമ്മൾ മലയാളികൾക്ക് കായ വറുത്തത് (ബനാന ചിപ്സ്) പോലെയാണ്, സിസിലിക്കാർക്ക് ‘മൊർത്തൊരാന’. ഇറ്റലിയിലെ സിസിലിയില്‍ വിനോദ സഞ്ചാരത്തിനായോ മറ്റെന്തെങ്കിലും ആവശ്യത്തിനായോ വരുന്നവർ, വർണ്ണശബളമായ ഈ പലഹാരം വാങ്ങാതെ മടങ്ങാറില്ല. സിസിലിക്ക് പുറത്തു ജോലി ചെയ്യുന്നവർ, നാട്ടിൽ വന്നു പോകുമ്പോൾ കൂട്ടുകാർക്ക് സമ്മാനിക്കാനായി മൊർത്തൊരാന കയ്യിൽ കരുതുന്നതും പതിവാണ്.ഇറ്റലിയില്‍ നവംബർ 1, 2 തിയതികളില്‍ പൊതുഅവധിയായി കൊണ്ടാടുന്ന സകല മരിച്ചവരുടെയും, സകല വിശുദ്ധരുടെയും ദിനങ്ങളോട് അനുബന്ധിച്ചാണ് വീടുകളില്‍ ‘മൊർത്തൊരാന’ തയ്യാറാക്കുന്നത്. എന്നാലിപ്പോള്‍, വര്‍ഷം മുഴുവനും സിസിലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തന്നെ ‘മൊർത്തൊരാന’ ലഭ്യമാണ്. പലതരം പഴങ്ങളുടെയും പച്ചക്കറികളുടെയും ആകൃതിയിൽ, പല നിറങ്ങളില്‍ തയ്യാറാക്കുന്ന ഈ പലഹാരം വിനോദസഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കും.
മോർത്തൊരാനയുടെ പ്രധാന ചേരുവകൾ ഉണങ്ങിയ ബാദാമും പഞ്ചസാരയുമാണ്. ബദാം നേര്‍മ്മയായി പൊടിച്ചതും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മാവ് പഴങ്ങളുടെയും പച്ചക്കറികളുടെയും ആകൃതിയിലുള്ള പ്ലാസ്റ്റിക്/തടി കൊണ്ടുള്ള മോൾഡിൽ ആകൃതി വരുത്തി, ഭക്ഷ്യയോഗ്യമായ നിറങ്ങൾ പൂശിയാണ് മൊർത്തൊരാന തയ്യാറാക്കുന്നത്. രസമുകുളങ്ങളെ കീഴടക്കുന്ന രുചിക്ക് പുറമെ, നിറങ്ങൾ ചാലിക്കുന്നതിലുള്ള വൈദഗ്ധ്യവും കൂടിച്ചേരുന്നതാണ് ‘മൊർത്തൊരാന’.

‘മൊര്‍ത്തോറാന’യുടെ കഥ…
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പലേർമോയുടെ അഹങ്കാരമായി മാറിയ മധുരപലഹാരമാണ് ‘മൊർത്തൊരാന’. നോർമൻ ചക്രവർത്തി റോജർ രണ്ടാമൻ സിസിലി ഭരിച്ചിരുന്ന കാലത്ത്, പാലേർമോയ്ക്ക് അടുത്തുള്ള അമ്മിരാലിയോ (La chiesa di Santa Maria dell Ammiraglio, Palermo, Italy) ആശ്രമത്തിലെ ‘എലോയിസ മൊർത്തൊരാന’ (Suor Eloisa Mortorana) എന്ന കന്യാസ്ത്രീയാണ് ആദ്യമായി പഴങ്ങളുടെ രൂപത്തിലുള്ള മധുരപലഹാരങ്ങൾ നിർമ്മിച്ചത്. പിന്നീട്, അവരോടുള്ള ആദരസൂചകമായി ‘മൊർത്തൊരാന’ എന്ന നാമത്തില്‍ ആ പലഹാരം ലോകപ്രശസ്തമായി മാറുകയായിരുന്നു.
അക്കാലഘട്ടത്തിൽ, പള്ളി പണിയുവാനുള്ള ധനസഹായം അഭ്യർത്ഥിക്കാനായി പലെര്‍മോ ബിഷപ് ചക്രവർത്തിയെ സന്ദർശിക്കാൻ തീരുമാനിച്ചു. ചക്രവർത്തിക്ക് കാഴ്ച നൽകാനായി കുറച്ചു പഴങ്ങൾ നൽകണമെന്ന് കന്യാസ്ത്രീകളോട് അഭ്യർത്ഥിച്ചു. ആശ്രമത്തിലെ തോട്ടം മുന്തിയ ഇനം പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രശസ്തമായിരുന്നു. എന്നാല്‍, ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ തണുപ്പും മഴയും കാരണം, ആ സമയത്ത് പഴങ്ങൾ ഒന്നും തന്നെ തോട്ടത്തിൽ ഉണ്ടായിരുന്നില്ല. കന്യാസ്ത്രീകൾ ആശയക്കുഴപ്പത്തിലായി.
അപ്പോഴാണ്, വിളവെടുത്തു കൂട്ടിയിട്ടിരുന്ന ഉണങ്ങിയ ബദാമിന്റെ മാവ് ഉപയോഗിച്ച് പഴങ്ങളുടെ ആകൃതിയിൽ മധുരപലഹാരങ്ങൾ നിർമ്മിച്ച് ചക്രവർത്തിക്ക് സമ്മാനിക്കാം എന്ന ആശയവുമായി, എലോസിയ മൊർത്തൊരാന മുൻപോട്ട് വരുന്നത്. അങ്ങനെ ഒരു കുട്ട നിറയെ പലനിറത്തിലുള്ള പഴങ്ങളുടെ ആകൃതിയിലുള്ള മധുരപലഹാരം ചക്രവര്‍ത്തിക്ക് കാഴ്ച്ചയര്‍പ്പിച്ചു. ചക്രവർത്തിയുടെ മനസ്സ് കീഴടക്കിയ ആ വിഭവം പിന്നീട്, ഇടവകയിലെ ആളുകൾക്ക് വിൽക്കാൻ ആരംഭിച്ചു. മൊർത്തൊരാന ലോകപ്രശസ്തമാവാന്‍ അധികം താമസം വന്നില്ല…

ബേക്കറികളിൽ നിന്നും വാങ്ങുന്നവയെ അപേക്ഷിച്ച് വീടുകളിൽ തയ്യാറാക്കുന്ന മൊർത്തൊരാനയ്ക്ക്, ബദാമിന്റെ അളവ് കൂടുതലും മധുരം താരതമ്യേന കുറവുമാണ്. വാണിജ്യപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കുമ്പോൾ സാമ്പത്തിക ലാഭവും നീണ്ട കാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യേണ്ടത് ആവശ്യകതയായതിനാലാവാം പഞ്ചസാര കൂടുതലായി ചേർക്കുന്നത്.

ഇന്ത്യയിൽ, ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷമായ ‘ജന്മാഷ്ടമി’യ്ക്ക് തയ്യാറാക്കുന്ന പരമ്പരാഗത വിഭവമായ കാജു ആപ്പിളിനും (കാഷ്യൂനട്ട് അപ്പിള്‍) സിസിലിയന്‍ വിഭവമായ മൊർത്തൊരാനയ്ക്കും വിദൂരസാദൃശ്യമുണ്ടെന്ന് തോന്നുന്നതില്‍ തെറ്റില്ല. ഉണങ്ങിയ കശുവണ്ടി പൊടിച്ച്, പഞ്ചസാര ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് കാജു ആപ്പിള്‍.

ഈസ്റ്ററിന് മൊര്‍ത്തോരാനയുടെ മാവുപയോഗിച്ച്, ആട്ടിന്‍കുട്ടിയുടെ ആകൃതിയിലുള്ള മധുരപലഹാരം (ല പേക്കോറെല്ല) തയ്യാറാക്കുന്ന പതിവുണ്ട്. ഈ പലഹാരം നിറമുള്ള ഈസ്റ്റര്‍ മുട്ടകള്‍, ചോക്ലേറ്റ് മുട്ടകള്‍ എന്നിവ കൊണ്ട് അലങ്കരിച്ചാല്‍ സിസിലിയന്‍ കയ്യൊപ്പ് ചാര്‍ത്തിയ ഈസ്റ്റര്‍ സമ്മാനമായി…
അമ്മു ആന്‍ഡ്രൂസ്.
സൂപർ….
LikeLiked by 1 person