ഇലകൾ പൊഴിയുന്ന ശിശിരകാലസന്ധ്യ. നവോത്ഥാന കാലഘട്ടത്തിന്റെ ഈറ്റില്ലമെന്നും കലാ-സാംസ്കാരിക തലസ്ഥാനമെന്നും അറിയപ്പെടുന്ന ഇറ്റലിയിലെ ‘ഫ്ലോറൻസ്’ നഗരം ഇരുട്ടിലേക്ക് മന്ദം മന്ദം നടന്നുകയറി. ആര്‍ണോ നദിയിലെ ഓളങ്ങള്‍, കുറുമ്പ് കാട്ടി കലപില സംസാരിച്ച്, ഫ്ലോറൻസിനെ തഴുകി കടന്നുപോയി. മനോഹരമായ വീഥികളിലൂടെ ഒഴുകിയിറങ്ങിയ കുളിരുള്ള കാറ്റിന്, ഏലത്തിന്റെയും കറുവാപ്പട്ടയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധമായിരുന്നു.

ആ പൗരാണിക നഗരത്തിന്റെ മടിത്തട്ടിൽ, കേരളത്തിന്റെ തനത് സൗരഭ്യവും പേറി നിലയുറപ്പിച്ച ‘നൂറ’ ഫുഡ് ട്രക്കിന് മുൻപിൽ, തദ്ദേശീയരും വിദേശീയരുമായ അനവധിയാളുകൾ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. മാധുര്യം നിറഞ്ഞ പുഞ്ചിരിയോടെ, സൗത്ത് ഇന്ത്യൻ രുചിവൈവിധ്യങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്ന ബഷീർ കുട്ടിയുടെ കണ്ണുകളിൽ, തഴക്കമാർന്ന ആതിഥേയ ഭാവങ്ങൾ മിന്നിതെളിഞ്ഞു.

ഫ്ലോറൻസിന് കേരളീയത്തനിമയുള്ള ഇന്ത്യൻ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ ബഷീർകുട്ടി മൻസൂർ, ആൾക്കൂട്ടത്തിനിടയിൽ ഞങ്ങളെ കണ്ടമാത്രയിൽ പുഞ്ചിരിതൂകി കൈവീശി കാണിച്ചു. ഇറ്റലിയിലുള്ള മലയാളി കൂട്ടായ്മയിലൂടെ കേട്ടറിഞ്ഞ ബഷീർ കുട്ടിയോട് നേരിൽ സംസാരിക്കാനായി ഞങ്ങൾ കാത്തിരുന്നു. കാത്തിരിപ്പിന് രുചി പകരാനായി ‘നൂറ’യുടെ ഇന്ത്യന്‍ ഡിന്നര്‍ ഞങ്ങളെ തേടിയെത്തി. ബിരിയാണിയുടെയും തണ്ടൂരി ചിക്കന്റെയും സമൂസയുടെയും പപ്പടത്തിന്റെയും സമ്മിശ്രഗന്ധം, തണുത്ത കാറ്റിനെ വാരിപ്പുണർന്നു കൊണ്ടേയിരുന്നു…

വർക്കലയിൽ നിന്നും ഫ്ലോറൻസിലേക്ക്
ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിച്ച്, ഇടത് കാലിന് ശേഷിക്കുറവുള്ള വ്യക്തിയാണ് ബഷീർകുട്ടി മൻസൂർ. ശാരീരിക വൈകല്യങ്ങള്‍ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയപ്പോള്‍, തന്‍റെ വഴി രുചിക്കൂട്ടുകളുടെതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദേശികള്‍ ധാരാളമായി എത്തിച്ചേരുന്ന വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് റെസ്റ്റോറന്റ് നടത്തുകയായിരുന്നു ബഷീര്‍ കുട്ടി.

ഇറ്റലിയില്‍ എത്തിയ ശേഷവും, രുചിയുടെ ലോകത്ത് തന്നെയാണ് തന്റെ സ്ഥാനം എന്ന് മനസ്സിലാക്കിയതോടെ ജീവിതം മാറിമറിഞ്ഞു. പാര്‍ട്ടികളില്‍ സൗത്ത് ഇന്ത്യന്‍ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തിയും ഇന്‍ഡോ—ഇറ്റാലിയന്‍ ഫ്യൂഷന്‍ വിഭവങ്ങള്‍ തയ്യാറാക്കിയും ഏവര്‍ക്കും പ്രിയങ്കരനായി മാറി. ഫ്ലോറന്‍സില്‍ സകുടുംബം ജീവിക്കുന്ന ബഷീറിന്റെ ജീവിതകഥയ്ക്ക്, എരിവും പുളിയും മധുരവും ആവോളമുണ്ട്. ഇറ്റാലിയന്‍ വംശജയും മാധ്യമപ്രവര്‍ത്തകയുമായ, മാര്‍ത്താ കസാത്തിയാണ് ബഷീറിന്റെ ഭാര്യ. വയലിന്‍ സംഗീതം ഇഷ്ടപ്പെടുന്ന എട്ടുവയസ്സുകാരി ഡാലിയയും കുട്ടിക്കുറുമ്പനായ നാലുവയസ്സുകാരന്‍ സെര്‍സെയും ഒത്തുചേരുമ്പോള്‍, മാര്‍ത്തയുടെയും ബഷീറിന്റെയും ജീവിതം കൂടുതല്‍ മനോഹരമാകുന്നു…

തിരക്കുകൾ ഒഴിഞ്ഞ്, ഞങ്ങളുടെ അടുക്കലേക്ക് നടന്നു വരുമ്പോൾ രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ഇത്ര ദീര്‍ഘമായ മണിക്കൂറുകള്‍, ഒറ്റക്കാലില്‍ നിന്ന് ജോലി ചെയ്ത ശേഷം, ക്ഷീണത്തിന്റെയോ മടുപ്പിന്റെയോ ലാഞ്ചന പോലുമില്ലാതെ, പുഞ്ചിരിയോടെ, അദ്ദേഹം സംസാരിച്ചു തുടങ്ങി. ശാരീരിക പരാധീനതകളെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് നേരിട്ട കഥയാണ് ബഷീകുട്ടിക്ക് പറയാനുള്ളത്. ആ കഥയിൽ ദുഃഖങ്ങളും സന്തോഷങ്ങളും വേദനകളും വിജയങ്ങളും നിരാശയും പ്രണയവും എല്ലാമുണ്ട്…

“അതേയ്, നിങ്ങളൊക്കെ കരുതുന്ന പോലെ ഞാനൊരു വലിയ ഷെഫ് ഒന്നുമല്ല” എന്ന മുൻകൂർ ജാമ്യത്തോടെയാണ് അദ്ദേഹം തന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയത്. “എന്നാൽ, എന്തോ ഒരു മാജിക്ക് എന്റെ കൈകൾക്ക് ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ പ്രത്യേകിച്ചൊരു പാചകവിധിയും ഞാൻ പിന്തുടരുന്നില്ല. മനസ്സ് പറയുന്ന രുചികൾ കോർത്തിണക്കി ഒരു കോംബോ തയ്യാറാക്കുകയാണ് ചെയ്യാറുള്ളത്. ‘പാചകം’ രാഗങ്ങൾ പോലെയാണ്. രാഗങ്ങൾ ഓരോ രീതിയിൽ ചിട്ടപ്പെടുത്തി മനോഹരമായ സംഗീതം തയ്യാറാക്കുന്നത് പോലെ, ഓരോ ചേരുവയും ഭംഗിയായി ചിട്ടപ്പെടുത്തിയാൽ മനോഹരമായ രുചി ലഭിക്കും; ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ. പിയേര്‍ ബെനോ എന്ന ഫ്രഞ്ച് സാഹിത്യക്കാരന്റെ വാക്കുകളാണ്” എന്നു പറഞ്ഞ് കുലുങ്ങി ചിരിക്കുമ്പോൾ, പാചകത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, കവിളുകളിൽ തിളങ്ങി നിന്നു.

രുചിവൈവിധ്യങ്ങളുടെ നാട്ടിലെ, ഇന്ത്യന്‍ സാന്നിധ്യം…
ഇറ്റലിയിലെ പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ, ഏറെ പ്രചാരത്തിലുള്ള ‘ഫുഡ് ട്രക്ക്’ അല്ലെങ്കിൽ, സഞ്ചരിക്കുന്ന റെസ്റ്റോറന്റ് എന്ന സംരംഭത്തിലെ ആദ്യ ഇന്ത്യൻ സാന്നിധ്യമാണ് ബഷീർ കുട്ടിയുടെ ‘നൂറ’. ഇന്ത്യൻ- ഇറ്റാലിയൻ രുചികളെ പ്രത്യേക അനുപാതത്തിൽ കോർത്തിണക്കുന്ന ‘നൂറ’യുടെ ഇന്ത്യൻ ഡിന്നർ പ്രചുരപ്രചാരം നേടിയ ഒന്നാണ്.

രുചിവൈവിധ്യങ്ങളുടെ കാര്യത്തിൽ തനത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇറ്റലിയിലെ, സുപ്രധാന പട്ടണമായ ഫ്ലോറന്‍സില്‍ ‘നൂറ’ എന്ന സംരഭത്തിന് ലഭിച്ച സ്വീകാര്യത നിസ്സാരമായി തള്ളിക്കളയാനാവില്ല. ഈ ചുരുങ്ങിയ കാലയലവിനുള്ളിൽ തന്നെ, ഏറെ മാധ്യമശ്രദ്ധ നേടിയെടുക്കാൻ നൂറയ്ക്ക് സാധിച്ചു എന്നതും ചെറിയ സംഗതിയല്ല. പ്രമുഖ അച്ചടി മാധ്യമങ്ങളില്‍ ‘നൂറ’യെ കുറിച്ചുള്ള ലേഖനങ്ങളും, ബഷീറിന്റെ റെസിപ്പികളും ഇടം കണ്ടെത്തി. ഇറ്റലിയിലെ ടെലിവിഷൻ ചാനലുകളിലെല്ലാം തന്നെ, അതിഥിയായെത്തി ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ബഷീര്‍. അതോടൊപ്പം തന്നെ, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യൻ പാചകരീതികൾ പഠിപ്പിക്കുന്ന ക്ലാസുകൾ നടത്തുകയും ചെയ്യുന്നുണ്ട്.

എങ്ങനെയാണ് വർക്കലയിൽ നിന്നും ഫ്ലോറൻസിലെത്തിയത് എന്ന ചോദ്യത്തിന്, കുസൃതിയും നാണവും കലർന്ന ഒരു ചിരിയായിരുന്നു മറുപടി. അതൊരു വലിയ കഥയാണ് എന്ന ആമുഖത്തോടെ, അദ്ദേഹം ഓർമ്മകളിലേക്ക്, റിവേഴ്‌സ് ഗിയറിട്ടു.
ഒരു ഇറ്റാലിയൻ പ്രണയഗാഥ…
പിതൃതര്‍പ്പണത്തിന് പേരുകേട്ട വര്‍ക്കല ക്ഷേത്ര പരിസരങ്ങളില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ബഷീര്‍. ‘ദക്ഷിണകാശി’ എന്നറിയപ്പെടുന്ന വർക്കല, ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ചരിത്രവും ആചാരങ്ങളും വിദേശികള്‍ക്ക് വിവരിക്കുന്നത് പതിവായിരുന്നു. പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്, വർക്കലയിൽ റെസ്റ്റോറന്റ് നടത്തുന്ന സമയത്താണ് മാർത്തയെ പരിചയപ്പെടുന്നത്. ഇറ്റലിയിൽ നിന്നും രണ്ടാഴ്ചത്തേക്ക് കേരളം സന്ദർശിക്കാനെത്തിയതായിരുന്നു മാർത്ത.
ബലിതര്‍പ്പണത്തിനായി പാപനാശം കടപ്പുറത്തേയ്ക്ക് നടന്നുനീങ്ങുന്ന ഭക്തജനങ്ങളുടെ സംഘത്തെ വളരെ കൗതുകത്തോടെ വീക്ഷിച്ചു നിന്ന മാർത്തയ്ക്ക്, ക്ഷേത്രത്തെക്കുറിച്ച് വളരെ വിശദമായി വിവരിച്ചു കൊടുത്തതിലൂടെയാണ്, ജീവിതം മാറ്റിമറിച്ച സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. വളരെ പെട്ടന്ന് തന്നെ അവര്‍ സുഹൃത്തുക്കളായി മാറി. ആ സൗഹൃദം, പിന്നീട് പ്രണയമായി വളർന്നു. അവധി കഴിഞ്ഞ് ഇറ്റലിയിലേക്ക് മടങ്ങിയ മാർത്ത, പിന്നീട് വാരാന്ത്യങ്ങളില്‍ വര്‍ക്കലയില്‍ എത്തിക്കൊണ്ടിരുന്നു. പല തവണ ഒറ്റ ദിവസത്തേയ്ക്കായി ബഷീറിനടുത്തേയ്ക്ക് പറന്നെത്തിയ ചരിത്രവുമുണ്ട്. ജാതി-മത-സംസ്കാര-ഭാഷ-ദേശ-നിറവൈവിധ്യങ്ങളെ മറികടന്ന് അവർ പ്രണയിച്ചു കൊണ്ടേയിരുന്നു.
2009-ലാണ് മാർത്തയെ വിവാഹം കഴിച്ച്, ബഷീർ ഇറ്റലിയിൽ എത്തിച്ചേർന്നത്. ഭൂഖണ്ഡങ്ങളെ മറികടന്ന ഈ പ്രണയം മാർത്തയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും വലിയ അത്ഭുതം തന്നെയായിരുന്നു. ഇറ്റലിയില്‍ എത്തിയ ശേഷം, ഒരു ജോലിക്കായി ബഷീർ ഒരുപാട് അലഞ്ഞു. ശാരീരികമായ പരിമിതികൾ ഉണ്ടായിരുന്നതിനാൽ, കിട്ടിയ ജോലികൾ പലതും ഉപേക്ഷിക്കേണ്ടി വന്നു. പ്രതിസന്ധികള്‍ നിറഞ്ഞ തുടക്ക കാലത്ത്, വര്‍ക്കലയിലെ ഓര്‍മ്മകള്‍ ബഷീറിനെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. രണ്ടോ മൂന്നോ തവണ നാട്ടിലേക്ക് തിരികെ പോകുന്നതിനായി ബഷീര്‍ തയ്യാറെടുക്കുകയും ചെയ്തു. വിഷമസന്ധികളിലെല്ലാം മാര്‍ത്തയും സുഹൃത്തുക്കളും ബഷീറിന് ധൈര്യം നല്‍കി കൂടെനിന്നു.

വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന അവസരങ്ങളില്‍, പാചകം ബഷീര്‍ ഏറ്റെടുത്തു തുടങ്ങിയതോടെ, സൗഹൃദസദസ്സുകളിൽ ബഷീറിന്റെ കൈപ്പുണ്യം താരമായി മാറി. പതിയെ പതിയെ, സുഹൃത്തുക്കളുടെ പാർട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കാനും ആരംഭിച്ചു. ബഷീർ പരിചയപ്പെടുത്തിയ വിഭവങ്ങൾ വളരെ പെട്ടന്ന് തന്നെ ഹിറ്റായി മാറി.
‘നൂറ’യുടെ പ്രയാണം...
ബഷീറിന്റെ കൈപുണ്യം തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ തന്നെയാണ്, ‘ഒരു ഇന്ത്യൻ റെസ്റ്റോറന്റ് തുടങ്ങാ’മെന്ന എന്ന ആശയം മുൻപോട്ട് വെച്ചത്. എന്നാൽ, പൗരാണിക നഗരങ്ങളിൽ അതാത് സ്ഥലങ്ങളിലെ തനത് വിഭവങ്ങൾ എഴുപത്തഞ്ചു ശതമാനത്തോളം ഉപയോഗിക്കണമെന്ന നിബന്ധന വന്നതോടെ, ഇന്ത്യൻ റെസ്റ്റോറന്റ് എന്ന ആശയം വഴിമുട്ടി. മുട്ടിനുമുട്ടിന് മുളച്ചു പൊന്തുന്ന വിദേശസംരംഭങ്ങളെ നിയന്ത്രിക്കാനും ഇറ്റലിയുടെ തനത് വിഭവങ്ങൾ സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ആ നിയമം നിലവിൽ വന്നത്.

തുടർന്നു വന്ന ചിന്തകളിലാണ്, ഫ്യൂഷൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ‘ഫുഡ് ട്രക്ക്’ തുടങ്ങാം എന്ന ആലോചനയിൽ എത്തുന്നത്. അങ്ങനെ ഇറ്റലിയിലെ ‘ആദ്യ ഇന്ത്യൻ ഫുഡ് ട്രക്ക്’ എന്ന ഖ്യാതി സ്വന്തമാക്കി ‘നൂറ’, തന്റെ പ്രയാണം ആരംഭിച്ചു. പല സ്ഥലങ്ങളിലായി മൂന്നു നാലു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ‘ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവൽ’ പോലെയുള്ള പരിപാടികൾ നടത്താറുണ്ട്. അവയെല്ലാം വൻ വിജയവുമായിരുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്ത്, ഇന്ത്യന്‍ റെസ്റ്റോറന്‍റ് എന്ന സ്വപ്നം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാം എന്ന പ്രതീക്ഷയിലാണ് ബഷീര്‍.

ഫ്യൂഷനുകളുടെ ഉസ്താദ്
ഇന്‍ഡോ—ഇറ്റാലിയന്‍ ഫ്യൂഷന്‍ വിഭവങ്ങളാണ് ബഷീറിനെയും ‘നൂറ’യെയും ഏറെ പ്രശസ്തമാക്കിയത്. ടെലിവിഷന്‍ പരിപാടികളിലും ഫുഡ് ഫെസ്റ്റിവലുകളിലും ഫ്യൂഷന്‍ വിഭവങ്ങള്‍ ഏറെ ശ്രദ്ധേയമായി. പ്രകൃതിദത്ത ചോക്ളേറ്റ് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ഫുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച ഡെസേര്‍ട്ടാണ് അതിലേറ്റവും പ്രധാനം. ചെറുപ്പത്തില്‍ രുചിച്ച അരവണപ്പായസത്തിന്‍റെ ഓര്‍മ്മയില്‍ തയ്യാറാക്കിയ മധുര പലഹാരം, വളരെയധികം പ്രശംസ നേടിയെടുത്തു. ശര്‍ക്കരയ്ക്ക് പകരം ചോക്ളേറ്റ് ഉരുക്കി ചേര്‍ത്താണ് ആ വിഭവം തയ്യാറാക്കിയത്.

തന്തൂരി ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, പുതിന ചട്നിയുടെ അകമ്പടിയോടെ സ്റ്റഫ് ചെയ്തു തയ്യാറാക്കിയ, ‘റവിയോളി’ (ഉള്ളില്‍ പച്ചക്കറികളോ, മാംസമോ, മത്സ്യമോ സ്റ്റഫ് ചെയ്തു തയ്യാറാക്കുന്ന വിഭവം)യാണ് ഇന്‍ഡോ—ഇറ്റാലിയന്‍ ഫ്യൂഷന്‍ വിഭവങ്ങളില്‍ ഏറെ ശ്രദ്ധനേടിയ മറ്റൊന്ന്.

ഉരുളക്കിഴങ്ങും മൈദയും മുട്ടയും ചേര്‍ത്ത് തയ്യാറാക്കുന്ന ‘ഞോക്കി’ എന്ന വിഭവത്തില്‍ , ഉരുളക്കിഴങ്ങിന് പകരം നാടന്‍ കപ്പ ചേര്‍ത്ത് തയ്യാറാക്കി. ഞോക്കിയ്ക്ക് ഒപ്പം നല്ല തേങ്ങാപ്പാല്‍ ചേര്‍ത്ത കുറുമയും കൂടെയായപ്പോള്‍ ഫ്യൂഷന്‍ സങ്കല്പങ്ങള്‍ തന്നെ മാറിമറിഞ്ഞു. കോണ്‍ ആകൃതിയില്‍ തയ്യാറാക്കി, ഉള്ളില്‍ മസാലകള്‍ നിറച്ച മസാല പപ്പടവും സമൂസയും ബഷീറിന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഇന്ത്യന്‍ വിഭവങ്ങളാണ്.

മനസ്സിൽ മായാതെ…
ജീവിതത്തിൽ ഒരുപാട് വിഷമങ്ങളെയും ബഷീറിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതും, ഇറ്റലിയില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതുമായ സംഭവങ്ങളുടെ ഓര്‍മ്മയിലേക്ക് ബഷീര്‍ ഊളിയിട്ടിറങ്ങി…
“കുറച്ച് വർഷങ്ങൾക്ക് മുൻപ്, ഒരു ഇന്റർവ്യൂവിന് പോകാൻ വേണ്ടി, എന്റെ നീണ്ട മുടി വെട്ടിയൊതുക്കാൻ ബാർബർ ഷോപ്പിൽ ചെന്നു. അവിടെ മധ്യവയസ്കയായ ഒരു സ്ത്രീയും അവരുടെ സഹായികളുമായിരുന്നു ഉണ്ടായിരുന്നത്. കയറി ചെന്നതേ, അവർ ‘ഇറങ്ങി പോകൂ‘ എന്നു പറഞ്ഞു. അന്നത്തെ കോലവും, മുടന്തിയുള്ള നടപ്പും കണ്ടപ്പോൾ ഞാനൊരു ഭിക്ഷക്കാരൻ ആണെന്ന് കരുതിയിട്ടുണ്ടാകും. പോക്കറ്റിൽ നിന്നും അമ്പതു യൂറോ എടുത്തു കാണിച്ചിട്ട്, ‘എന്റെ മുടി വെട്ടണം, കാശ് കൈയിലുണ്ട്’ എന്ന് പറഞ്ഞു. ഭിക്ഷക്കാരന്‍ അല്ലായെന്ന് പറഞ്ഞിട്ടും പല തരത്തില്‍ അപേക്ഷിച്ചിട്ടും അവർ മുടി വെട്ടാൻ കൂട്ടാക്കിയില്ല. ‘നിന്നെ പോലെയുള്ളവരുടെ മുടി ഇവിടെ വെട്ടാൻ പറ്റില്ല’ എന്ന് കർശനമായി പറഞ്ഞ് ഇറക്കി വിട്ടു. സങ്കടവും നാണക്കേടും കാരണം കണ്ണുകൾ നിറഞ്ഞൊഴുകി.
സംഭവം കേട്ടറിഞ്ഞതോടെ സുഹൃത്തുകളെല്ലാം വർദ്ധിച്ച രോഷത്തോടെ ഓടിയെത്തി. ഒരു സംഘർഷം ഉണ്ടാക്കണ്ട എന്നു കരുതി അവരെയൊക്കെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു. ഇക്കാര്യം അറിഞ്ഞ് ഓടിയെത്തിയ മർത്തയും കടയുടമയുമായി സംസാരിച്ചു. അപ്പോഴും, ‘ഒരു വിദേശിയുടെ മുടി വെട്ടാൻ അവർ തയ്യാറല്ല’ എന്ന നിലപാടിൽ ഉറച്ചു നിന്നു. കൂടുതൽ തർക്കിക്കാനോ പ്രശ്നം ഉണ്ടാക്കാനോ നിൽക്കാതെ, ക്യാമറയിൽ ഒന്നു രണ്ടു പടങ്ങൾ എടുത്ത്, മാർത്ത വീട്ടിലേക്ക് മടങ്ങി.
നടന്ന സംഭവങ്ങളെല്ലാം വളരെ ശക്തമായ ഭാഷയിൽ എഴുതി, ചിത്രങ്ങള്‍ സഹിതം സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തു. മാധ്യമ സുഹൃത്തുക്കള്‍ ഈ വിഷയം ഏറ്റെടുത്തതോടെ വന്‍ വാര്‍ത്താപ്രധാന്യം നേടുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ, ആ പോസ്റ്റ് വൻ പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും നിമിത്തമാവുകയും ചെയ്തു.
പിറ്റേന്ന് രാവിലെ, ഞങ്ങൾ താമസിച്ചിരുന്ന പട്ടണം മുഴുവൻ സമര പ്രതീതിതിയിലായി. വിവിധ സംഘടനകൾ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, പൊലീസുകാർ എന്നിങ്ങനെ വിവിധ തുറകളിൽ പെട്ടവരെല്ലാം എനിക്ക് പിന്തുണയുമായി ഒത്തുകൂടി. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം, നഗരത്തിന്റെ മേയർ, ആ ബാർബർ ഷോപ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കടയുടമ ക്ഷമാപണം നടത്തുകയും കട അടച്ചുപൂട്ടിയാലുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതകളെ കുറിച്ചു പറയുകയും ചെയ്തപ്പോൾ, ഞാൻ പരാതി പിൻവലിച്ചു…”
കണ്ണീരിന്‍റെ നനവുള്ള, കയ്പ്പുള്ള ആ ഓര്‍മ്മകളെ ഒരു ദീര്‍ഘ നിശ്വാസത്തോടെ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തിയപ്പോഴെയ്ക്കും മാര്‍ത്തയും മക്കളും ബഷീറിനരികിലെക്ക് ഓടിയെത്തി. ഡാലിയയുടെ തോളില്‍ തൂങ്ങിക്കിടന്ന വയലിന്‍ ബാഗ് അവള്‍ക്കുള്ളിലെ ഉപകരണ സംഗീതജ്ഞയെ സ്വയം പരിചയപ്പെടുത്തി. കുറുമ്പ് കാട്ടി ഓടി നടക്കുന്ന സെര്‍സെയെ മടിയില്‍ പിടിച്ചിരുത്താന്‍ ബഷീറും മാര്‍ത്തയും നന്നേ വിഷമിച്ചു.
ഏറ്റവും ശുദ്ധമായ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന ‘ഫ്ലോറെന്റിന്‍ ശൈലി’യില്‍ മാര്‍ത്ത സംസാരിച്ചു തുടങ്ങി. സ്വയം പരിചയപ്പെടുത്തിയും വിശേഷങ്ങള്‍ പങ്കുവെച്ചും മാര്‍ത്ത പെട്ടന്ന് തന്നെ ഞങ്ങളില്‍ ഒരാളായി മാറി. തന്‍റെ എല്ലാ നേട്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും കാരണം മാര്‍ത്തയുടെ പിന്തുണയാണെന്ന് പറഞ്ഞ് ബഷീര്‍, മര്‍ത്തയെ ചേര്‍ത്തു പിടിച്ചു. എല്ലാം ഞാന്‍ വളര്‍ന്ന നാടിന്‍റെ നന്മയും ഉമ്മയുടെ അനുഗ്രഹവുമാണെന്ന് പറയുമ്പോള്‍ ബഷീറിന്റെ കണ്ണുകള്‍ ആര്‍ദ്രമായി…

പരസ്പരം ആലിംഗനം ചെയ്ത്, വീണ്ടും കാണാമെന്ന ആശംസകളോടെ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍, അരവണപ്പായസത്തിന്റെ മാധുര്യമുള്ള പുഞ്ചിരി ചുണ്ടുകളില്‍ തത്തിക്കളിച്ചു. ചരിത്രമുറങ്ങുന്ന ഫ്ലോറന്‍സ് പട്ടണം, ഏതു കോണില്‍ നിന്ന് നോക്കിയാലും ശോഭയോടെ തിളങ്ങുന്ന വജ്രം പോലെ തോന്നിച്ചു; അതില്‍, ബഷീറും മാര്‍ത്തയും കുട്ടികളും നില്‍ക്കുന്ന വശത്തിനാണ് കൂടുതല്‍ തിളക്കം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ….
അമ്മു ആന്‍ഡ്രൂസ്.
നന്നായിരിക്കുന്നു അമ്മൂ… 😍
LikeLike
നല്ല ആർട്ടിക്കിൾ അമ്മു… വളരെ നന്നായി എഴുതി. ഇനിയും ഇതുപോലുള്ള അനുഭവങ്ങളുമായി വരൂ…
LikeLike
വജ്രം പോലെ തിളങ്ങുന്ന അമ്മു വിന്റെ ഭാഷയുടെ വശത്തിനാണു കൂടുതൽ തിളക്കം.
LikeLike
Ammu…Very good
LikeLike