ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇറ്റാലിയന്‍ പട്ടണമാണ് മര്‍സാല. പല നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഇറ്റലിയുടെ ഏകീകരണം എന്ന ലക്ഷ്യവുമായി ‘ജൂസപ്പെ ഗരിബാല്‍ദി’ (Giusappe Garibaldi) എന്ന വിപ്ലവനായകന്‍ കാലുകുത്തിയത് മര്‍സാലയിലാണ്. മെഡിറ്ററേനിയന്‍ മേഖലയിലെ ഒരു പ്രമുഖ തുറമുഖ പട്ടണമായ മര്‍സാല, ഉപ്പു തടാകങ്ങളാല്‍ സമ്പന്നമാണ്. ലോകപ്രശസ്തമായ മര്‍സാലവീഞ്ഞിന്‍റെ നാട് കൂടിയാണിത്. BC 370 മുതലുള്ള കഥകള്‍ പറയുന്ന, ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ, മര്‍സാലയിലേക്ക് നടത്തിയ ഒരു ചെറിയ യാത്ര…

ഭാഗം – 1

“നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. അതികാലേ എഴുന്നേറ്റ് വയലുകളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോ എന്നും മാതള നാരകം പൂത്തുവോ എന്നും നോക്കാം…”

നോക്കെത്താ ദൂരത്തോളം പറന്നുകിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ക്ക് ഇടയിലൂടെ, കറുത്ത ചരട് പോലെയുള്ള ‘സ്ത്രാദാ ദെല്‍ വീനോ’ (Strada del Vino – മുന്തിരി വീഞ്ഞിന്‍റെ വീഥി എന്നര്‍ത്ഥം)യിലൂടെ കടന്നു പോകുമ്പോള്‍, അധരങ്ങളില്‍ സോളമന്റെ വാക്യശകലങ്ങള്‍ തത്തിക്കളിച്ചു. ഇത്രകാലം കണ്ടു തഴമ്പിച്ച കടലും ഒലീവ് മരങ്ങള്‍ പീലി നിവര്‍ത്തിയാടുന്ന മലയോരങ്ങളും കുന്നിന്മുകളില്‍ തട്ടുതട്ടായി പണിതുയര്‍ത്തിയ കൊച്ചു കൊച്ചു ടൌണ്‍ഷിപ്പുകളും ഉള്‍പ്പെടുന്ന സിസിലിയിയന്‍ പ്രകൃതി ഭംഗി, മര്‍സാലയോടടുക്കും തോറും സമതലങ്ങള്‍ക്കും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മുന്തിരി തോട്ടങ്ങള്‍ക്കും വഴിമാറിയിരിക്കുന്നു. പച്ചയും വയലറ്റും നിറങ്ങളില്‍ വിളവെടുക്കാന്‍ പാകമാകുന്ന മുന്തിരിക്കാഴ്ചകള്‍ കണ്ണുകളെ കുളിരണിയിച്ചപ്പോള്‍, വരണ്ടുണങ്ങിയ കാറ്റ് മുടിയിഴകളെ തഴുകി കടന്നുപോയി.marsala 2

“ഉവ്വാ… സോളമന് ഇങ്ങനൊക്കെ പറഞ്ഞാല്‍ മതിയല്ലോ. രണ്ടര മണിക്കൂര്‍ വണ്ടിയോടിച്ച് ഇവിടം വരെ എത്തിയതിന്‍റെ വെഷമം എനിക്കല്ലേ അറിയൂ ന്‍റെ പുണ്യാളാ…” തൊമ്മന്‍ വണ്ടിയൊതുക്കി ക്യാമറയുമായി പുറത്തേയ്ക്ക് ഇറങ്ങി.

മുമ്പ് പലതവണ മുന്തിരി തോട്ടങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, അതൊരത്ഭുതമായി തോന്നിയത് മര്‍സാലയില്‍ എത്തിയപ്പോഴായിരുന്നു. മുന്തിരി വള്ളികളും കാറ്റും തമ്മിലുള്ള പ്രണയസല്ലാപം കൗതുകത്തോടെ നോക്കി നിന്നു. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കനെ (തട്ടത്തിന്‍ മറയത്ത്) പോലെ, പ്രണയാതുരനായ കാറ്റ് മുന്തിരി വള്ളികളെ മൃദുവായി തൊട്ടുതഴുകി കടന്നുപോയി. സിസിലിയുടെ പടിഞ്ഞാറ് ഭാഗത്ത് വീശുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട്. അത് വിളവെടുക്കാന്‍ പാകമായി നില്‍ക്കുന്ന മുന്തിരി ചെടികളുടെ ഇലകളില്‍ തട്ടി തടഞ്ഞ് കടന്നുപോകുന്നുണ്ടായിരുന്നു. അടുക്കും തോറും ആ മുന്തിരി വള്ളികള്‍ക്ക് മൊഞ്ച് കൂടി വരുന്നതുപോലെ…

marsala 22

പ്രകൃതി ഒരുക്കിയ എണ്ണഛായ ചിത്രം പോലെ മുന്തിരി തോപ്പുകള്‍;  പ്രണയാതുരയായ കാമുകിയുടെ വജ്രക്കണ്ണുകള്‍ പോലെ തിളങ്ങുന്ന മുന്തിരിക്കുലകള്‍. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മുന്തിരിത്തോപ്പിനഭിമുഖമായി നില്‍ക്കുമ്പോള്‍, പാലക്കാട്‌ — തൃശൂര്‍ ഭാഗത്തൂടെയുള്ള ട്രെയിന്‍ യാത്രകള്‍ ഓര്‍മ്മകളില്‍ തെളിഞ്ഞുവന്നു. നെല്‍വയലുകള്‍, വരണ്ടുണങ്ങിയ കാറ്റ് — വര്‍ഷങ്ങള്‍ക്ക് ശേഷം അവയെല്ലാം എന്നെ തേടിവന്നതുപോലെ…

marsala 1

“ആഹാ നല്ല പച്ചപ്പും ഹരിതാഭയും! പക്ഷെ, എന്നാ വെയിലാ… നേരെ നോക്കാന്‍ കൂടെ പറ്റുന്നില്ല” ശക്തമായ വെയിലിനെ പ്രതിരോധിക്കാന്‍ കൂളിംഗ് ഗ്ലാസുകള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

“വെയിലിനെ കുറ്റം പറയാതെടോ. ഈ വെയിലും സമതലങ്ങളും കാലാവസ്ഥയും മണ്ണും പ്രത്യേകമായ അനുപാതത്തില്‍ സംയോജിച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടുത്തെ വീഞ്ഞ് സ്പെഷ്യല്‍ ആണെന്ന് പറയുന്നത്. ‘മര്‍സാല’ എന്ന ‘വൈന്‍ സിറ്റി’ ലോകപ്രശസ്തമായതും മുപ്പതോളം വൈന്‍ നിര്‍മ്മാണ ശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതും ഈ കാരണം കൊണ്ടാണ്…”marsala 3

സിസിലി ദ്വീപിന്‍റെ പടിഞ്ഞാറന്‍ അറ്റം, അതായത്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തോട് ഏറെ അടുത്തു നില്‍ക്കുന്ന സ്ഥലമാണ് മാര്‍സാല. അതുകൊണ്ട് തന്നെ, സൂര്യരശ്മികള്‍ക്ക് ഒരു ആഫ്രിക്കന്‍ കരുത്ത് വളരെ എളുപ്പത്തില്‍ തന്നെ അനുഭവിച്ചറിയാം. മര്‍സാലയിലെ സമതലങ്ങളില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന മുന്തിരിച്ചെടികളില്‍ പതിയുന്ന കരുത്തുള്ള സൂര്യരശ്മികള്‍, അവിടെ വിളയുന്ന മുന്തിരിയെ മധുരത്തിന്റെ പര്യായമാക്കി മാറ്റുന്നു. നല്ല ദശക്കട്ടിയുള്ളതും മാധുര്യമുള്ളതുമായ ഉരുണ്ട മുന്തിരിക്കുലകള്‍ മര്‍സാലയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. മധുരം കൂടിയ മുന്തിരിയില്‍ നിന്നും നിര്‍മ്മിക്കുന്ന വീഞ്ഞിന് ഒരു പ്രത്യേക രുചിയുണ്ട് എന്നതിന് പുറമേ, വീര്യവും കൂടുതലാണ്.marsala 4

“മര്‍സാല വീഞ്ഞ് എനിക്കിഷ്ടാ. ചവര്‍പ്പ് രുചിയുള്ള മറ്റു വീഞ്ഞുകളെ അപേക്ഷിച്ച്, നല്ല മധുരമുള്ള മര്‍സാല വീഞ്ഞ്. ക്രിസ്തുമസിന് അമ്മയുണ്ടാക്കുന്ന വീഞ്ഞ് പോലെ”

ഓര്‍മ്മകള്‍ക്ക് അപ്പോള്‍ വീഞ്ഞിന്‍റെ മാധുര്യമായിരുന്നു. പാലായില്‍ നിന്നും വീഞ്ഞിടാനായി മുന്തിരി വാങ്ങി കൊണ്ടുവരുന്നതും, ഭരണിയില്‍ കെട്ടി വെക്കുന്നതും, എല്ലാ ദിവസവും തടിത്തവി കൊണ്ട് ഇളക്കാനായി മത്സരിക്കുന്നതും, ആദ്യത്തെ വീഞ്ഞ് രുചിച്ചു നോക്കുന്നതുമെല്ലാം മിന്നായം പോലെ മനസ്സില്‍ തെളിഞ്ഞു വന്നു.മാര്‍സല 5

“മര്‍സാല വീഞ്ഞ് എന്നാല്‍ മധുരമുള്ളത് മാത്രമല്ല. മധുരമുള്ള വീഞ്ഞ് അപ്പറ്റൈസര്‍ എന്ന ഇനത്തില്‍ വരുന്നവയാണ്; ഡെസെര്‍ട്ടുകളിലും ചേര്‍ക്കാറുണ്ട്. ഇതുകൂടാതെ, പല നിറങ്ങളിലും വീര്യത്തിലുമുള്ളവയും കുടിക്കാനും പാചകത്തിനും പ്രത്യേകമായി ഉപയോഗിക്കുന്നവയുമുണ്ട്. പത്തുവര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റുന്നവയാണ് ഫോര്‍ട്ടിഫൈഡ് മര്‍സാല വീഞ്ഞ്…”

“ഫോര്‍ട്ടിഫൈഡ് വൈനെന്നു പറഞ്ഞാല്‍ എന്താ?”

“ആഹാ… ഇതൊന്നും അറിയില്ലേ? സാധാരണ വൈനില്‍ നിശ്ചിത അളവില്‍ ആള്‍ക്കഹോള്‍ ചേര്‍ത്ത് തയ്യാറാക്കുന്നവയാണ് ഫോര്‍ട്ടിഫൈഡ് വൈന്‍. ബ്രാണ്ടി ചേര്‍ക്കുന്നതാണ് പൊതുവായ രീതി. ഡിസ്റ്റില്‍ഡ് സ്പിരിറ്റും ചേര്‍ക്കാറുണ്ട്” തൊമ്മന്‍ വിശദമാക്കി.marsala 7

പരമ്പരാഗത രീതിയില്‍ മര്‍സാല വൈന്‍ നിര്‍മ്മിക്കുന്നത് മുന്‍ വര്‍ഷങ്ങളിലെ വീര്യം കൂടിയ വൈനുമായി യോജിപ്പിച്ചാണ്. പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്നാണല്ലോ പ്രമാണം. വീഞ്ഞുകള്‍ സൂക്ഷിക്കുന്ന ഓക്ക് ബാരലുകളില്‍, പഴയ വീഞ്ഞ് ഒരല്പം ബാക്കി നിര്‍ത്തും; പുതുവീഞ്ഞ് അതിലേക്കാണ് ഒഴിച്ചുവെക്കുന്നത്. ബാരലുകളില്‍ കിടക്കുന്ന വീര്യം കൂടിയ പഴയ വീഞ്ഞുമായി യോജിക്കുമ്പോള്‍, പുതുവീഞ്ഞിന് ഒരു പ്രത്യേക രുചി ലഭിക്കുകയും മാസങ്ങളോളം (ചില ഇനങ്ങള്‍ പത്തു വർഷം വരെയും) കേടുകൂടാതെ ഇരിക്കുകയും ചെയ്യും. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഫോര്‍ട്ടിഫൈഡ് മര്‍സാല വീഞ്ഞില്‍ ഒരല്പം ബ്രാണ്ടി കൂടി ചേര്‍ക്കുന്നുണ്ട്.

വൈവിധ്യങ്ങളാല്‍ സമ്പന്നമീ മര്‍സാല

നിറം, മധുരം, ആയുസ്സ് എന്നീ മൂന്നു ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് വൈനുകളാണ് മര്‍സാലയില്‍ ഉത്പാദിപ്പിക്കുന്നത്. നമുക്ക് ഏറെ പരിചിതമായ തെളിഞ്ഞ വെളുത്ത വീഞ്ഞിനും (White Wine) ഇരുണ്ട ചുവന്ന വീഞ്ഞിനും (Red Wine) പുറമേ, സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ളതും (Oro) ഇളം തവിട്ട് നിറത്തിലുള്ളതും (Amber) തെളിഞ്ഞ ചുവപ്പ് (Ruby) നിറത്തിലുള്ളതുമായ വൈനുകള്‍ ഇവിടെയുണ്ട്. പഴുത്ത മുന്തിരിയില്‍ (Sweet) നിന്നും, പാതി ഉണങ്ങിയ മുന്തിരിയില്‍ നിന്നും (Semi dry) ഉണക്ക മുന്തിരിയില്‍ (dry) നിന്നും വീഞ്ഞുകള്‍ നിര്‍മ്മിക്കാറുണ്ട്.marsala 6

മര്‍സാല വീഞ്ഞുകള്‍ മധുരപലഹരങ്ങളിലും മാംസ—കൂണ്‍ വിഭവങ്ങളിലും ചേരുവയായി ചേര്‍ക്കാറുണ്ട്. ഉണക്കമുന്തിരിയില്‍ നിന്നും തയ്യാറാക്കുന്ന വീഞ്ഞ്, മസാലകള്‍ ചേര്‍ന്ന (Flavored Cheese) ചീസ് ഇനങ്ങള്‍ക്കൊപ്പം രുചിക്കാന്‍ അത്യുത്തമമാണ്.

മര്‍സാലയ്ക്കുമുണ്ട് ഒരു കഥ പറയാന്‍

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു തുറമുഖ പട്ടണമാണ് മര്‍സാല. ഭൂപ്രകൃതിയുടെ സവിശേഷതകള്‍ മൂലം ഉന്നത നിലവാരത്തിലുള്ള മാധുര്യമുള്ള മുന്തിരികള്‍ മര്‍സാലയുടെ മണ്ണില്‍ വിളഞ്ഞു കൊണ്ടിരുന്നു. ഓരോ വര്‍ഷത്തെയും പുതുവീഞ്ഞ്, മുന്‍വര്‍ഷങ്ങളിലെ വീര്യം കൂടിയ വീഞ്ഞുമായി പ്രത്യേക അനുപാതത്തില്‍ യോജിപ്പിച്ച്, ഫോര്‍ട്ടിഫൈഡ് വീഞ്ഞ് നിര്‍മ്മിക്കുന്നതില്‍ മര്‍സാലയിലെ കര്‍ഷകര്‍ പ്രാഗത്ഭ്യം നേടിയിരുന്നു. അങ്ങനെ തയ്യാറാക്കുന്ന വീഞ്ഞുകള്‍, വിശേഷ അവസരങ്ങളില്‍ മാത്രം ഉപയോഗിക്കുകയായിരുന്നു പതിവ്. ഈ വൈനുകളുടെ സവിശേഷത തിരിച്ചറിഞ്ഞ്, വീഞ്ഞ് നിര്‍മ്മാണം വാണിജ്യവത്ക്കരിച്ച്, മര്‍സാലയുടെ മുഖഛായ മാറ്റിയത് ‘ജോണ്‍ വുഡ്ഹൗസ്’ എന്ന ബ്രിട്ടീഷ്‌ നാവികനാണ്.

1776—ല്‍ ജോണ്‍ വുഡ്ഹൗസ് എന്ന വ്യാപാരി, കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനങ്ങള്‍ നിമിത്തം മര്‍സാല തുറമുഖത്ത് എത്തിച്ചേര്‍ന്നു. കാലാവസ്ഥ സന്തുലിതമാകുന്നത് വരെ കുറച്ചു ദിവസങ്ങള്‍ അദ്ദേഹം മര്‍സാലയിലെ ഒരു സത്രത്തില്‍ താമസിച്ചു. അങ്ങനെയാണ്, മര്‍സാലയുടെ തനത് വിഭവമായ വീഞ്ഞ് രുചിച്ചറിയുന്നത്. പ്രഥമദര്‍ശനത്തില്‍ തന്നെ തന്റെ രുചിമുകുളങ്ങള്‍ മര്‍സാല വീഞ്ഞുമായി അനുരാഗത്തിലായത് അദ്ദേഹം അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. മര്‍സാല വീഞ്ഞിന്‍റെ രുചിയില്‍ ആകൃഷ്ടനായ ജോണ്‍, അമ്പതു ബാരലുകള്‍ നിറയെ വീഞ്ഞ്  ബ്രിട്ടണിലേക്ക് കൊണ്ടുപോകാനായി വാങ്ങുകയും ചെയ്തു.marsala 23ഈ സ്പെഷ്യല്‍ വീഞ്ഞിന് ലഭിച്ചേക്കാവുന്ന സ്വീകാര്യതയെ കുറിച്ചോര്‍ത്ത് അദ്ദേഹം കോരിത്തരിച്ചുവെങ്കിലും, ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കടല്‍ യാത്രയില്‍, വീഞ്ഞ് കേടുകൂടാതെ ലക്ഷ്യത്തിലെത്തിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. അതിനായി അദ്ദേഹം കണ്ടെത്തിയ വഴിയാണ്, വീഞ്ഞില്‍ ഒരല്പം മദ്യം കലര്‍ത്തുക എന്നത്. അങ്ങനെ, മര്‍സാലയുടെ മണ്ണില്‍ വിളഞ്ഞ മുന്തിരി വീഞ്ഞില്‍ ബ്രാണ്ടി കലര്‍ത്തി, കേടുകൂടാതെ ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുഹൃത്തുക്കള്‍ക്കിടയില്‍ മര്‍സാല വീഞ്ഞിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഈ വീഞ്ഞിന്‍റെ വിപണന സാദ്ധ്യതകള്‍ മുന്നില്‍ കണ്ടാവണം, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സിസിലിയിലേക്ക് വീണ്ടും എത്തിച്ചേര്‍ന്നു. 1796 ലെ വരവ് ഒരു കടല്‍ യാത്രികന്‍ എന്നതിലുപരി, വ്യക്തമായ ലക്ഷ്യങ്ങളോടെയായിരുന്നു. സിസിലിയില്‍ ഫോര്‍ട്ടിഫൈഡ് വീഞ്ഞുകള്‍ക്കായി ഒരു നിര്‍മ്മാണശാല തുടങ്ങുകയും ബ്രിട്ടണിലേക്ക് കയറ്റി അയക്കുകയും ചെയ്തു. മര്‍സാല വീഞ്ഞിന് അത്ഭുതകരമായ സ്വീകരണം ലഭിക്കുകയും ലോകപ്രശസ്തമാവുകയും ചെയ്തു. വീഞ്ഞില്‍ മദ്യം കലര്‍ത്തിയത് കടല്‍യാത്രയെ അതിജീവിക്കാനായിട്ടാണെങ്കിലും, കാലക്രമേണ അത് മര്‍സാല വീഞ്ഞിന്‍റെ സവിശേഷതയായി മാറുകയായിരുന്നു.marsala 08

ഇന്ന് മര്‍സാലയുടെ പരിസരങ്ങളിലായി മുപ്പതോളം വീഞ്ഞ് നിര്‍മ്മാണ ശാലകളുണ്ട്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മര്‍സാലയുടെ മുഖ്യ വരുമാന സ്രോതസുകളാണ് വിനോദസഞ്ചാരവും വീഞ്ഞ് ഉത്‌പാദനവും. മുന്തിരിത്തോട്ടങ്ങളില്‍ താമസിക്കാനും വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിവിധയിനം വീഞ്ഞുകള്‍ രുചിക്കാനുമായി പ്രതിവര്‍ഷം അനേകം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ട്. മര്‍സാലയിലെ വീഞ്ഞ് നിര്‍മ്മാണശാലകള്‍, ആകര്‍ഷകമായ ഒട്ടനേകം പാക്കേജുകളുമായാണ് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

ചരിത്രമുറങ്ങുന്ന മര്‍സാല സാമ്രാജ്യത്തിലേക്ക്

മുന്തിരിത്തോട്ടങ്ങളിലെ കാഴ്ചകള്‍ കണ്ട്, ചിത്രങ്ങള്‍ പകര്‍ത്തി കഴിഞ്ഞപ്പോഴേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. അങ്ങകലെ നക്ഷത്രവ്യൂഹം എന്നപോല്‍ മര്‍സാല പട്ടണം മിന്നിത്തിളങ്ങി നിന്നു. ഞങ്ങളുടെ വാഹനം, പട്ടണത്തെ ലക്ഷ്യമാക്കി മുന്തിരിത്തോപ്പുകള്‍ക്കിടയിലൂടെ മന്ദം മന്ദം മുന്നേറിക്കൊണ്ടിരുന്നു.marsala 09

“തോമ്മാ… താനല്ലേ പറഞ്ഞത്, മര്‍സാലയിലെ മുന്തിരിത്തോപ്പിലൂടെ വീശുന്ന കാറ്റടിച്ചാല്‍ മതി ഫിറ്റാവാന്‍ എന്ന്. എന്നിട്ട് എനിക്കങ്ങനെയൊന്നും തോന്നിയില്ലല്ലോ; അതെന്താ?”

“അതേയ്… ഇച്ചിരി കാവ്യാത്മകമായി പറഞ്ഞതാണെങ്കിലും, സാധാരണ മനുഷ്യന്മാരുടെ കാര്യമാ ഞാന്‍ ഉദ്ദേശിച്ചത്. എല്ലാ തിയറികള്‍ക്കും എക്സ്സെപ്ഷന്‍സ് ഉണ്ടാകുമല്ലോ” ചിരിയലയൊലികളുടെ പശ്ചാത്തലത്തില്‍, ചുറ്റുമതിലുകളാല്‍ സംരക്ഷിച്ചിരുന്ന പഴയ മര്‍സാല സാമ്രാജ്യത്തിന്റെ കവാടത്തിനു മുന്‍പിലെത്തി.

തുടരും…

അമ്മു ആന്‍ഡ്രൂസ്.

Photos: Aneesh Mukkaattu and Samuel Paickattethu.