ഇറ്റലിയിലെ മഞ്ഞു പൊഴിയുന്ന ഒരു ശിശിരത്തിലാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറുന്നത്. ഒരു അവധി ദിവസത്തില്‍ വിശാലമായ തീറ്റയും ഉച്ചമയക്കവുമൊക്കെ കഴിഞ്ഞ്, സുന്ദരന്‍ തൊമ്മനും സുന്ദരി തൊമ്മിയും ചേര്‍ന്നിരുന്നാല്‍ തിരുവോണമല്ല ഞങ്ങളാണ് എന്നുറക്കെ പ്രഖ്യാപിക്കുന്ന രണ്ട് വികൃതി പിള്ളേരും കൂടി ‘ഇനി എന്താ ചെയ്യണ്ടേ’ എന്ന ചിന്തയില്‍ നിമഗ്നരായി ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അടുത്ത കാലത്ത് അവിടെ ജോലിക്കായി എത്തിയ ഒരു മലയാളി എന്‍ജിനീയര്‍ യുവാവിന്റെ ഫോണ്‍ വിളി അവരെ തേടിയെത്തുന്നത്. “നീ ഫ്രീ ആണെങ്കില്‍ ഇങ്ങോട്ട് വാ. അത്താഴം ഇവിടുന്നു കഴിക്കാം” അവനെ അത്താഴം കഴിക്കാന്‍ ക്ഷണിച്ചിട്ട് കത്തി വെക്കാന്‍ ഒരാളെ കിട്ടിയതിന്റെ നിര്‍വൃതിയില്‍ തൊമ്മന് ഫോണ്‍ കട്ട് ചെയ്തു.
“തോമ്മാ, പാവം പയ്യനാണ്. ഇവിടെ വന്നിട്ട്, ഒരു മാസം ആയതല്ലേയുള്ളൂ. ഒരു മയത്തിലൊക്കെ ‘കത്തി’വേഷം കെട്ടിയാല്‍ മതീ ട്ടോ”
“ഹേയ്… ഞാന്‍ നിന്നെ പോലെ ഒറ്റയടിക്ക് കത്തിവെച്ച് വധിക്കില്ല. വളരെ ആസൂത്രിതമായ ശൈലിയില്‍ ഘട്ടംഘട്ടമായി കത്തി വെക്കുക എന്നതാണ് എന്റെ രീതി” തൊമ്മന്റെ വാക്കുകളില്‍ ഒരല്പം അഹങ്കാരം ഇല്ലേ? ആഹ്… തോന്നീതാവും.
“ഹെന്റീശോയെ… ആ പയ്യന് എന്നാ മഹാപാപം ചെയ്തിട്ടാണോ ഇത്തരം കടുത്ത പരീക്ഷണങ്ങള്‍ അവന് കൊടുക്കുന്നത്. ഈ ലോകത്ത് എന്തുമാത്രം സ്ഥലങ്ങള്‍ വേറെ ണ്ട്. എന്നിട്ടും, കൃത്യമായി ഇവിടെത്തന്നെ വന്നുപെട്ട ഹതഭാഗ്യന്. തൊമ്മന്റെ കത്തി, തൊമ്മിയുടെ പാചകം, പിള്ളേരുടെ കുരുത്തക്കേട്! എത്ര മനോഹരമായ പാക്കേജ്. ഇവിടാണേല് വേറെ മലയാളികള്‍ ഒന്നുമില്ല താനും. ങ്ഹാ… അവന്റെ വിധി. അല്ലാണ്ടെന്താ” അത്താഴം ഒരുക്കുന്നതിനുള്ള ഒരുക്കങ്ങളിലെക്ക് തൊമ്മി പതിയെ വലിഞ്ഞു.
അധികം വൈകാതെ തന്നെ കുട്ടികള്‍ക്കുള്ള മിഠായിയും ഒരു കുപ്പി വൈനുമായി നമ്മുടെ എന്‍ജിനീയര്‍ പയ്യന് വന്നു. വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞ്, കുട്ടികള്‍ മിഠായി കഴിക്കുന്നതിലേക്കും തൊമ്മി അത്താഴമൊരുക്കുന്നതിലേക്കും തിരിഞ്ഞ അവസരത്തില്‍, മലയാളം—തമിഴ്—ഹിന്ദി—ഇംഗ്ലീഷ് സിനിമകളുടെ ശേഖരത്തെ കുറിച്ചായി കഥാനായകന്മാരുടെ സംസാരം.
“സിനിമ പണ്ടേ എനിക്കൊരു വീക്ക്നെസ് ആയിരുന്നു. ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളുടെയൊക്കെ പേരുകള്‍ നോട്ട്ബുക്കില്‍ എഴുതിവെക്കും. അതെത്ര പൊട്ടപ്പടം ആയാലും ശരി, എല്ലാം കളക്റ്റ് ചെയ്ത് ഹാര്‍ഡ് ഡിസ്കിലാക്കി വെക്കും. ഇവരീ അമ്മയും മക്കളും ശല്യം ചെയ്യുന്നത് കൊണ്ട് ഇപ്പോ പഴേപോലെ ഇരുന്നു സിനിമ കാണാന്‍ പറ്റാറില്ല. അതുകൊണ്ട് സൗകര്യം ഒത്തുവരുമ്പോ, ഒരു രാത്രി 3 സിനിമയൊക്കെ കാണും.” തൊമ്മന്റെ വീമ്പു പറച്ചില് തൊമ്മിയെ കുറച്ചെങ്ങുമല്ല ചൊടിപ്പിച്ചത്.
“ഓ… ഈ ആത്മാര്‍ത്ഥത പണ്ട് പഠിച്ചിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ ഇപ്പൊ എവിടെ എത്തിയേനെ. രാത്രി ഉറക്കമിളച്ചിരുന്നു സിനിമ കാണുന്നത് അത്ര വല്യ ഹീറോയിസം ഒന്നുമല്ല” എന്ന് പറയുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ ഒരല്പം ഉച്ചത്തില്‍ ബഹളം വെക്കുന്നുണ്ടായിരുന്നു…
“അമ്മേ എനിക്ക് മുള്ളണം” ഇളയ മകള്‍ കുക്കുടു ചോക്ക്ലേറ്റ് പുരണ്ട മുഖവുമായി തൊമ്മിയുടെ അടുക്കലെത്തി. ബാത്റൂമില്‍ എല്ലാം സെറ്റ് ചെയ്തു കൊടുത്ത ശേഷം, തൊമ്മി തന്റെ പണികളിലേക്ക് തിരിഞ്ഞു.
അവിടെ സിനിമ, ചര്‍ച്ച ഇവിടെ അത്താഴം ഉണ്ടാക്കല്‍! അങ്ങനെ നിമിഷങ്ങള്‍ മിട്ടു മുയലിനെ പോലെ ഓടിച്ചാടി കടന്നു പൊയ്ക്കൊണ്ടിരുന്നു. ബാത്റൂമില്‍ കാര്യസാധ്യത്തിനായി പോയ കുക്കുടുന്റെ അനക്കമൊന്നും കേള്‍ക്കുന്നുമില്ല.
“നീ ഒന്ന് പോയി നോക്കിക്കേ, ബാത്റൂമില്‍ അവളിത്രേം നേരം എന്നാ ചെയ്യുവാ. കുറേ നേരവായല്ലോ” സിനിമ ചര്‍ച്ചകള്‍ക്കിടയില്‍ നിന്ന് ആശങ്ക പങ്കുവെക്കാനും തൊമ്മന് മറന്നില്ല.
“ആഹ്… അവള് കൈയും മുഖവുമൊക്കെ കഴുകുവാരിക്കും” തൊമ്മി തന്റെ പണികള്‍ നിര്‍ബാധം തുടര്‍ന്നു. ‘പ്ലാവില പെറുക്കാന്‍ പ്രായമാകുമ്പോള്‍ അത് ചെയ്യിക്കണം’ എന്ന് കാര്ന്നോന്മാര് പറഞ്ഞിരുന്ന ഡയലോഗ് ഓര്‍ത്ത് അവള് സ്വയം തോളില്‍ തട്ടി പുകഴ്ത്തി നില്ക്കുമ്പോള് ദാ പുറകില്‍ നിന്നൊരു കിളിനാദം…
“അമ്മാ… ദേ മഞ്ഞ ബലൂണ്‍!”
നായിക തിരിഞ്ഞു നോക്കിയപ്പോഴാണ് ശരിക്കും കിളി പോയത്.
അതാ ബാത്റൂമിന്റെ വാതില്ക്കല് ആ കുടുംബാസൂത്രണ രഹസ്യവസ്തുവും പൊക്കി പിടിച്ചോണ്ട് മൂന്നു വയസ്സുകാരിയായ കുക്കുടു!
നായകന്മാരുടെ സിനിമ ചര്‍ച്ചകള്‍ പൊടുന്നനെ നിലച്ചു…
അടുക്കളയിലെ പാത്രങ്ങള്‍ പെട്ടന്നൊരു വേള നിശ്ചലമായി…
60×24×7 സുസ്ഥിര സേവനം നടത്തുന്ന സ്പോഞ്ച് പോലെയുള്ള ശ്വാസകോശം, എന്ത് ചെയ്യണമെന്ന കണ്‍ഫ്യൂഷനിലായി…
എന്തിനേറെ പറയുന്നു, ഭൂമി പോലും കറക്കം ഒരു നിമിഷം നിര്‍ത്തലാക്കിയ പോലെ…
തൊമ്മനും തൊമ്മിയും കണ്ണില്‍ കണ്ണില്‍ നോക്കുന്നു. ചോദ്യതരംഗങ്ങള് തൊമ്മന്റെ കണ്ണുകളില്‍ നിന്നും തൊമ്മിയുടെ കണ്ണുകളിലേക്ക് പ്രകാശവേഗത്തില്‍ പ്രവഹിച്ചു കൊണ്ടിരുന്നു;
“ങേ! ഇത് അതല്ലേ?”
“അതെ… അതന്നെ. അല്ലാന്ന് തോന്നാന്‍ തൊമ്മന് വേറെ വല്ലയിടത്തും ഒളിച്ചു വെച്ചതായി ഓര്‍മ്മയുണ്ടോ? ഇല്ലല്ലോ. അപ്പൊ അതന്നെ”
“കര്‍ത്താവേ… ഇനീപ്പോ എന്നാ ചെയ്യും”
“ഒളിച്ചു വെക്കുമ്പോ ആലോചിക്കണാരുന്നു. ഇതൊക്കെ പിള്ളേര്‍ക്ക് എടുക്കാന്‍ പറ്റുന്ന സ്ഥലത്താണോ വെക്കുന്നത്?”
“അത്… പിന്നെ… അന്നേരം തപ്പി നടക്കുന്നത് ബുദ്ധിമുട്ട് ആയത് കൊണ്ട്… ഞാന്‍… എളുപ്പത്തിന്…”
“ഇനി അതുമിതും പറഞ്ഞിട്ടെന്താ. ആകെ നാണക്കേടായി”
തൊമ്മനും തൊമ്മിയും കണ്ണുകളിലൂടെ സംവദിക്കുമ്പോഴാണ് മൂത്തമകള്‍ ഇസബെല്ല ഓടി വരുന്നത്;
“എഹ്… ബലൂണോ? എവിടെ?”
അതോടെ സ്തംഭനാവസ്ഥയില്‍ നിന്നും സടകുടഞ്ഞെഴുന്നേല്ക്കണ്ടത് സാഹചര്യത്തിന്റെ ആവശ്യകതയായി മാറി. മുഖത്ത് ഒരു ചിരിയും സ്ഥാപിച്ചു കൊണ്ട് (വായനക്കാര്‍ പ്ലീസ് നോട്ട് ദി പോയിന്റ്; ചമ്മിയ വിളറിയ ചിരിയൊന്നുമല്ല; നല്ല ഒന്നാംതരം തറവാടി ചിരി എന്നൊക്കെ പറഞ്ഞാല്‍ ആരേലും വിശ്വസിക്കുവോ… ഇല്ലല്ലേ) എക്സ്പ്രസ് വേഗതയില്‍ കുക്കുടുന്റെ അടുക്കലേക്ക് പാഞ്ഞ്, ഒന്ന് ശ്വസം വിടാന്‍ പോലും സാവകാശം കൊടുക്കാതെ പ്രസ്തുത മഞ്ഞ ബലൂണ്‍ കൈക്കലാക്കി.
കണ്ണില്‍ മുഴുവന്‍ ഇരുട്ട് കേറി, തലകറങ്ങിയിരുന്ന തൊമ്മന് പതിയെ കാലുകള്‍ തറയില്‍ ഉറപ്പിച്ചു നോക്കി; ‘ഭാഗ്യം ഭൂമി അവിടെ തന്നെ ണ്ട്’.
എല്ലാ കണ്ണുകളും തന്നിലേക്ക് എത്തിച്ചേര്‍ന്ന ആ നിമിഷത്തില്‍, ഏതു പ്രതികൂലസാഹചര്യത്തേയും നെഞ്ചുവിരിച്ച് നേരിടുന്ന നമ്മുടെ ധീരയായ കഥാനായിക തൊമ്മി പ്രസന്‍സ് ഓഫ് മൈന്‍ഡ് വീണ്ടെടുത്തു. (‘സ്ഥലകാലബോധം’ന്ന് മലയാളത്തില്‍ പറയും. വെപ്രാളം വരുമ്പോ എന്താന്നറിയൂല്ല ഇംഗ്ലീഷേ വരൂ)
‘ഇത്രേ ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഈ അമ്മ ഇങ്ങനെ’ എന്ന അങ്കമാലീലെ പ്രധാനമന്ത്രീടെ മരുമകള്‍ ഭാവത്തില്‍ നില്ക്കുന്ന കുക്കുടുവിനെ നോക്കി തൊമ്മി പറഞ്ഞു;
“നിന്റെ അപ്പനും അമ്മയും വേണ്ട സമയത്ത് ഇതെടുത്ത് ഉപയോഗിച്ചിരുന്നെങ്കില്‍, നീയിപ്പോ ഇതും പൊക്കിപിടിച്ചോണ്ട് വരില്ലായിരുന്നെടീ കാന്താരീ….”
ഉരുളയ്ക്ക് ഉപ്പേരി കണക്കിനുള്ള മറുപടിയോട് കൂടി, വലിഞ്ഞു മുറുകി നിന്ന ആ ചമ്മല് അന്തരീക്ഷം വലിയ കൂട്ടച്ചിരിയിലേക്ക് മാറുകയായിരുന്നു.
കാര്യമായ പരിക്ക് പറ്റാതെ പ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തില്‍ ധൃതിപിടിച്ച് കുരിശുവരക്കുന്ന തൊമ്മനോട്; “അതേയ്… സിനിമകള്‍ മുഴുവന്‍ ശേഖരിക്കുന്നതിലോ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നു സിനിമ കാണുന്നതിലോ കാര്യമൊന്നുമില്ല; അതിലെ ഡയലോഗുകള്‍ ആവശ്യ നേരത്ത് എടുത്തുപയോഗിക്കാനും പഠിക്കണം” എന്ന് പറയുമ്പോള്‍ തോല്‍വികള്‍ ഏറ്റു വാങ്ങിയാലും പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്ന അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ ഭാവമായിരുന്നു തൊമ്മിയുടെ മുഖത്ത്.
എല്ലാത്തിനും സാക്ഷ്യം വഹിച്ച് വിക്ലാംഗിതനായി നിന്ന,
പതിനെട്ട് തികയാത്ത മ്മടെ പാല്ക്കാരന് പയ്യന്, (ഛെ! സോറി) നമ്മുടെ എന്‍ജിനീയര്‍ പയ്യന് അതിദയനീയമായി നായികയോട്, “ചേച്ചിയേ… തൊണ്ട വരളുന്നു. ഇച്ചിരി വെള്ളം തരാവോ?” എന്ന് ചോദിക്കുമ്പോള്‍ വീടിനു പുറത്ത് നനുത്ത മഞ്ഞിന് കണങ്ങള്‍ പൊഴിയുന്നുണ്ടായിരുന്നു…
ശുഭം.
അമ്മു ആന്‍ഡ്രൂസ്.
ഇതിന് വരുന്ന കമന്റുകൾ ഒരു Post ആയി paste ചെയ്യണം😃😃 വളരെ അത്യാവശ്യമാ
LikeLiked by 1 person