ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന പലെര്‍മൊയിലെ വീഥികള്‍ പതിവിലേറെ ഉത്സാഹത്തിലായിരുന്നു. ഹൈവേകളിലെ വന്‍ വാഹനവ്യൂഹം, ‘ബിയര്‍ ബബിള്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച ബിയര്‍ ഫെസ്റ്റിവലിന്റെ (Festa Della Birra 2018, Palermo, Italy.) ജനസമ്മിതി വിളിച്ചു പറയുന്നുണ്ടായിരുന്നു. പലെര്‍മോയിലെ ഏറ്റവും പ്രധാന വീഥിയും വിനോദ സഞ്ചാരികളുടെ പറുദീസയുമായ ‘വിയ മക്വെയ്ദ’, പതിവിലേറെ സുന്ദരിയായി ബിയര്‍ ഫെസ്റ്റിവലിന് ആതിഥേയയായി.
ഫെസ്റ്റിവലിന്റെ കാര്യക്ഷമമായ നടത്തിപ്പിനും സന്ദര്‍ശകര്‍ക്ക് തെരുവ് കലാപ്രകടനങ്ങള്‍ യഥേഷ്ടം ആസ്വദിച്ചു നടക്കുന്നതിനുമായി ആ വീഥിയില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. അന്തിവെയിലില്‍ തിളങ്ങി നിന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പറ തിയേറ്ററുകളില്‍ ഒന്നായ ‘മാസ്സിമോ തിയേറ്ററി’ന് മുന്പിലെ ചത്വരം ജനസാഗരമായിരുന്നു. വിനോദസഞ്ചാരികളെന്നോ തദ്ദേശീയരെന്നോ വ്യത്യാസമില്ലാതെ സെല്‍ഫി ക്ലിക്ക് ചെയ്യുന്നവര്‍ക്കിടയിലൂടെ കളിക്കോപ്പുകളും ബലൂണുകളുമോക്കെയായി ചെറുകിട കച്ചവടക്കാര്‍ നടന്നുനീങ്ങി…ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ബിയര്‍ ഫെസ്റ്റിവല്‍ വീഥി പ്രകാശപൂരിതമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റമ്പതില്‍ പരം ഇനത്തില്‍ പെട്ട പ്രകൃതിദത്ത ബിയറുകള് അണിനിരന്ന മുപ്പതോളം സ്റ്റാളുകളും വിവിധയിനം സ്ട്രീറ്റ് ഫുഡ് ലഭിക്കുന്ന പത്തില്‍ പരം ഭക്ഷണ സ്റ്റാളുകളുമായിരുന്നു ബിയര്‍ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. ഇതിനു പുറമേ, കരകൌശല—ആഭരണ സ്റ്റാളുകളും തെരുവോര കലാപരിപാടികളും മാറ്റ് കൂട്ടിയ ബിയര്‍ ഫെസ്റ്റിവലിലേക്ക് പ്രവേശനം സൌജന്യമായിരുന്നു.
ബിയര്‍ സ്റ്റാളുകളിലേക്ക് കയറുന്നതിന് മുമ്പുതന്നെ വേണ്ട നിര്‍ദ്ദേശങ്ങളുമായി വോളന്റിയര്‍മാര്‍ ഓടിയെത്തി. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി, സ്റ്റാളുകള്‍ക്ക് എല്ലാം പൊതുവായി ഗ്ലാസുകള്‍ നല്‍കുകയാണ്. അതായത്, രണ്ട് യൂറോ മുടക്കി 200ml ഉള്‍ക്കൊള്ളാന്‍ വലിപ്പമുള്ള ഗ്ലാസ് വാങ്ങുക എന്നതാണ് ആദ്യപടി. ആ ഗ്ലാസ്സുമായി സ്റ്റാളുകള്‍ തോറും കയറി ഇറങ്ങി ബിയര്‍ രുചിക്കാവുന്നതാണ്. ഗ്ലാസ് കഴുകി വൃത്തിയാക്കേണ്ടവര്ക്ക് ഓരോ സ്റ്റാളിലും ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മാലിന്യങ്ങള്‍ കൃത്യമായി ക്രമീകരിച്ചിരിക്കുന്ന ബിന്നുകളില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശം നല്കിയ ശേഷം മുപ്പതോളം സ്റ്റാളുകളുടെ ഒരു ലഘുലേഖയുംനല്കിയാണ് ഓരോരുത്തരെയും ഫെസ്റ്റിവല്‍ വീഥിയിലേക്ക് കടത്തി വിടുന്നത്.
“അതേയ്… ഒരു ഗ്ലാസ്സിന് തന്നെ രണ്ട് യൂറോയാണ്. രണ്ടെണ്ണം വാങ്ങണോ? അതോ ഒരെണ്ണം കൊണ്ട് നമുക്ക് രണ്ടാള്‍ക്കും അഡ്ജസ്റ്റ് ചെയ്താല്‍ മതിയോ?”
“ഹെന്റെ തൊമ്മാ… ‘നാം ഒന്ന് നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യം കുട്ടികളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കിയ നമുക്ക്, ബിയറിന്റെ കാര്യത്തില്‍ ‘നാം ഒന്ന് നമുക്ക് ഒന്ന്’ എന്ന ലേറ്റെസ്റ്റ് വേര്‍ഷന്‍ പ്രാവര്‍ത്തികമാക്കാം. മ്മക്ക് രണ്ടാള്ക്കൂടെ ഒരു ഗ്ലാസ് വാങ്ങിയാല്‍ മതി ന്നേ… കമോണ്‍”
“നാം ഒന്ന് നമുക്ക് ഒന്ന്; ആശയം ഒക്കെ കൊള്ളാം. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും എനിക്കൊരിത്തിരി ബിയര്‍ കുടിക്കാന്‍ തന്നില്ലെങ്കില്‍ എന്റെ വിധം മാറും പറഞ്ഞേക്കാം.”
“അത് ഞാന്‍ ഏറ്റു. കമോണ്‍ എവരിബഡി…” അങ്ങനെ രണ്ടാള്‍ക്കും കൂടി ഒരു ഗ്ലാസ് വാങ്ങി, ബിയര്‍ സ്റ്റാളുകള്‍ ലക്ഷ്യമാക്കി ആള്‍ക്കൂട്ടത്തിലേക്ക് ഞങ്ങള്‍ ഊളിയിട്ടിറങ്ങി…
ബി… ഇ… ഇ… ആര്… ‘ബിയര്‍’
ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ മനുഷ്യന് ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഏറ്റവും പഴക്കമുള്ള പാനീയങ്ങളില്‍ ഒന്നാണ് ബിയര്‍. വെള്ളവും ചായയും കഴിഞ്ഞാല്‍ ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവുമധികം പ്രചാരത്തില്‍ ഉള്ളതുമായ പാനീയമാണിത്. സാധാരണഗതിയില്‍ കുപ്പിയിലും കാനുകളിലും ലഭ്യമാകുന്ന 4 മുതല്‍ 6 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, ഗോതമ്പ്, ബാര്‍ലി, ചോളം എന്നിങ്ങനെയുള്ള ധാന്യങ്ങള്‍ പുളിപ്പിച്ചാണ് (ഫെര്മെന്റേഷന്) നടത്തിയാണ് നിര്‍മ്മിക്കുന്നത്.വേനല്‍ക്കാലത്ത് ഏറെ ജനപ്രിയമായ ഒരു പാനീയമായ ബിയര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യം ചൈനയാണെങ്കിലും, ബിയര്‍ എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത്, പ്രതിവര്‍ഷം ബിയര്‍ ഫെസ്റ്റിവല്‍ നടത്തപ്പെടുന്ന ജര്‍മനിയാണ്. വേനല്‍ക്കാലത്തിന്റെ അവസാന പാദമായ സെപ്റ്റംബര്‍ പകുതി മുതല്‍ രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ജെര്‍മ്മന്‍ ബിയര്‍ ഫെസ്റ്റിവലിന് ഇരുനൂറ് വര്‍ഷങ്ങളോളം പഴക്കമുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ബിയര്‍ പ്രേമികള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി ജര്‍മനിയില്‍ എത്തിച്ചേരുന്നത് ഈ ആഘോഷത്തിന്റെ ആഗോള തലത്തിലുള്ള സ്വീകാര്യത എടുത്തു കാണിക്കുന്നുണ്ട്.
ബിയര്‍, നല്ലതോ ചീത്തയോ?
ബിയറിന്റെ ഗുണദോഷങ്ങളെക്കുരിച്ച് വളരെയധികം വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രിതമായ അളവില്‍ ഉപയോഗിച്ചാല്‍ ശാരീരിക വ്യവസ്ഥയെ ഉത്തേജിപ്പിച്ച് നല്ല കൊളസ്റ്റെറോള്‍ ലെവല്‍ ഉയര്‍ത്താന്‍ സഹായിക്കുന്നയാണ് ബിയര്‍. നിര്‍മ്മാണ വേളയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതിനാലും ഉപദ്രവകാരികളായ അണുക്കള്‍ വളരുകയില്ല എന്നതിനാലും ബിയര്‍, വെള്ളത്തേക്കാള്‍ സുരക്ഷിതമാണ് എന്നാണ് പറയപ്പെടുന്നത്. ബിയറില്‍ ലയിക്കുന്ന ഫൈബറുകളും ഫോളിക്ക് ആസിഡും ഫ്ലാവനോയിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ അധികം ഫില്‍ട്ടര്‍ ചെയ്യാത്ത ബിയര്‍ ഗുണങ്ങള്‍ നിറഞ്ഞവയാണ്. എന്നാല്‍, ഉയര്‍ന്ന കാലറിയും കാര്‍ബോ ഹൈഡ്രേറ്റ് അളവും മൂലം, അനിയന്ത്രിതമായ അളവില്‍ കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉണ്ടാക്കുകയും മദ്യപാനാസക്തിക്ക് കാരണമാകുകയും ചെയ്യും എന്ന ദോഷവശം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ഉത്സവവീഥിയിലേക്ക്…
“സിഞ്ഞോറെ… സിഞ്ഞോറീ… ബെന്‍ വെനൂത്തി… ബോണ സേര അ തൂത്തി. ഇയോ സോണോ ജ്യന്‍ മാര്‍ക്കോ…”
ചാര്‍ളി ചാപ്ലിനെ പോലെ വേഷം ധരിച്ച ഒരു ക്ലോണ്‍, തന്റെ പ്രകടനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയാണ്. ഒരു ചെറിയ ഇരുമ്പ് പെട്ടിയും മൈക്കും സ്പീക്കര്‍ സെറ്റും ഒറ്റ ചക്രത്തില്‍ ഓടുന്ന പൊക്കമുള്ള സൈക്കിളും മാത്രമാണ് അയാള്‍ക്ക് അരികില്‍ ഉണ്ടായിരുന്നത്. നുറുങ്ങു തമാശകളിലൂടെയും ചേഷ്ടകളിലൂടെയും ചെറിയ മാജിക്ക് നമ്പറുകളിലൂടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ക്ക് ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടം സൂചിപ്പിച്ചു. വളരെ രസകരമായ രീതിയില്‍ അരലിറ്റര്‍ മിനറല്‍ വാട്ടര്‍ കുപ്പി തുളച്ച്, വെള്ളം ചീറ്റി, താന്‍ നിന്നിരുന്ന സ്ഥലത്തിന് ചുറ്റും ജലരേഖ വരച്ച്, സുരക്ഷിതമായി പരിപാടി അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി കാണികള്‍ക്കും തനിക്കും ഇടയില്‍ അതിര് തീര്‍ത്തു. ആ ജലരേഖയ്ക്കിപ്പുറം റോഡില്‍ ഇരുന്നും നിന്നും കലാപ്രകടനം ആസ്വദിച്ച ആബാലവൃദ്ധം ജനങ്ങളോടും ആ കലാകാരന് വളരെ മനോഹരവും സരസവുമായ രീതിയില്‍ സംവദിക്കുകയും ചില പ്രകടനങ്ങള്‍ക്ക് കാണികളുടെ സഹായം തേടുകയും ചെയ്യുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ആ കലാപ്രകടനത്തെ നിറഞ്ഞ കയ്യടികളും ആര്‍പ്പു വിളികളുമായി പ്രോത്സാഹിപ്പിക്കുകയും ഒടുവില്‍ ജ്യന്‍ മാര്‍ക്കോ നീട്ടിയ തൊപ്പിയില്‍ നിര്‍ലോഭമായി പണം നിക്ഷേപിക്കുകയും ചെയ്ത കാണികള്‍ കൗതുകക്കാഴ്ചയായി മാറി…സിസിലിയിലെ മെസ്സിന പ്രവിശ്യയിലെ ‘കൊത്തബോസ്’ എന്ന ബിയര്‍ കമ്പനിയുടെ സ്റ്റാള്‍ ആയിരുന്നു ആദ്യം. അഞ്ചു മുതല്‍ ഒന്‍പത് ശതമാനം വരെ ആള്‍ക്കഹോള്‍ അടങ്ങിയ അഞ്ചിനം ബിയറുകള് ആ സ്റ്റാളില്‍ നിരത്തിയിരുന്നു. ബിയറിന്റെ പേരുകളും ചിത്രങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച സ്റ്റാഫ് അംഗങ്ങള്‍ ഓരോ ബിയറിന്റെയും പ്രത്യേകതകളും ചേരുവകളും ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും വിശദീകരിക്കുന്നുണ്ടായിരുന്നു.
മഞ്ഞ കലര്‍ന്ന സ്വര്‍ണ്ണ നിറത്തിലുള്ള ‘ലിയോണിയ’ എന്ന പേരിലുള്ള ബിയര്‍, പപ്പായയും മാമ്പഴവും പോലെയുള്ള ട്രോപ്പിക്കല്‍ പഴങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇരുണ്ട മഞ്ഞ നിറത്തിലുള്ള ‘ഡെസ്പിന’, ട്രോപ്പിക്കല്‍ പഴങ്ങള്‍ക്കൊപ്പം പച്ച നിറത്തിലുള്ള ആപ്പിളും ചേര്‍ന്നവയാണ്. അതുപോലെ ഓരോ ഇനവും ഓരോ തരത്തിലുള്ള പഴങ്ങളും പച്ചമരുന്നുകളും ചേര്‍ത്ത് തയ്യാറാക്കുന്ന പല വീര്യത്തിലും നിറത്തിലും ഉള്ളവയാണ്. ഓരോ ഇനം ബിയറിന്റെയും സവിശേഷതകള്‍ വിവരിക്കുന്നതോടൊപ്പം വളരെ ചെറിയ അളവില്‍ രുചിച്ചു നോക്കാനായി നല്‍കുന്നുമുണ്ട്. അവിടെ നിന്നും നേര്‍ത്ത മധുരം കലര്‍ന്ന ലിയോണിയ വാങ്ങി ഞങ്ങള്‍ ആ ഉത്സവവീഥിയിലൂടെ നടന്നു. ഓസ്ട്രേലിയ, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബിയര്‍ വൈവിധ്യങ്ങള്‍ക്ക് പുറമേ, സിസിലിയുടെ തനത് ബിയര്‍ വൈവിധ്യങ്ങളും സ്റ്റാളുകളില്‍ ലഭ്യമായിരുന്നു. കടകളില്‍ വാങ്ങാന്‍ കിട്ടുന്ന സാധാരണ ബിയറിനെ അപേക്ഷിച്ച്, പ്രകൃതിദത്ത ബിയറുകള്‍ക്ക് നാലോ അഞ്ചോ ഇരട്ടി വിലയാണ് എന്നതിനാല്‍, ചെറിയ അളവില്‍ പരമാവധി രുചികള്‍ ആസ്വദിക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.
പ്രാമുകളില്‍ ഉറങ്ങുന്ന നവജാത ശിശുക്കളും ഓടിച്ചാടി ചിരിച്ചുല്ലസിച്ച് നടക്കുന്ന കുട്ടികളും കൂട്ടം കൂട്ടമായി നടക്കുന്ന യുവാക്കളും കൈകോര്‍ത്ത് സല്ലപിച്ചു നടക്കുന്ന ദമ്പതികളും മുതല്‍ വീല്‍ചെയറില്‍ നീങ്ങുന്ന വയോവൃദ്ധരും ആ സായംസന്ധ്യയ്ക്ക് കൂടുതല്‍ വര്‍ണ്ണങ്ങള്‍ വാരിവിതറി.
“ഞാനൊരു കാര്യം ചോദിക്കട്ടെ, ‘ബിയര്‍ ഫെസ്റ്റിവല്‍’ ന് പോയി എന്ന് പറഞ്ഞാല്‍ സാധാരണ ഗതിയില്‍ നമ്മുടെ ആളുകള്‍ എങ്ങനെയാ തോമ്മാ പ്രതികരിക്കുക?”
“എന്താ സംശയം… കുടിച്ചു ലക്കില്ലാതെ വഴിയില്‍ വീണു കിടക്കുന്ന കുറെ പാമ്പുകളും ഒച്ചയും ബഹളവും പാട്ടും കൂത്തും ഒക്കെയായി കുറെ ഫ്രീക്കന്മാരുടെ സെറ്റും. അല്ലാതെ, ഇങ്ങനെയൊരു ഫുള്‍ ഫാമിലി പാക്കേജ് ബിയര്‍ ഫെസ്റ്റിവല്‍ ഒന്നും ആരും പ്രതീക്ഷിക്കും ന്ന് എനിക്ക് തോന്നുന്നില്ല”
“ഉം. അത് ശരിയാ. ഇവിടെ ഇതേവരെ കുടിച്ചു ലക്കുകെട്ട് നടക്കുന്ന ആരെയും നമ്മള് കണ്ടില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്”
വഴിയോരങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ഗായകരും ഉപകരണ സംഗീത പ്രതിഭകളും ഓരോ ഇടവേളകളിലായി വന്നു കലാപരിപാടികള്‍ അവതരിപ്പിച്ചു കയ്യടി നേടിക്കൊണ്ടിരുന്നു. ദേഹം മുഴുവന്‍ ചായം പൂശി, ലോഹ മനുഷ്യനായി വേഷം ധരിച്ച മനുഷ്യന് ചുറ്റും തൊട്ടും തലോടിയും കുട്ടികള്‍ അത്ഭുതത്തോടെ നിന്നു. പിസ തയ്യാറാക്കുന്ന സ്റ്റാളുകള്‍ക്ക് മുന്‍പിലും മാംസവിഭവങ്ങള്‍ കനലില്‍ ചുടുന്ന ബാര്‍ബിക്യൂ സ്റ്റാളുകളിലും എണ്ണയില്‍ മുക്കി പൊരിച്ചെടുക്കുന്ന മറ്റു വിഭവങ്ങളുടെയും സ്റ്റാളുകളിലും, സിലിയന്‍ തദ്ദേശീയ വിഭവമായ ‘അരഞ്ചീന’ (വേവിച്ച ചോറിനൊപ്പം ചീസും മാംസവും തക്കാളിച്ചാറും ചേര്‍ത്ത് ഉരുളകളാക്കി മാവില്‍ മുക്കി വറുത്തെടുക്കുന്ന വിഭവമാണ് ‘അരഞ്ചീന’) വളരെയധികം തിരക്ക് അനുഭവപ്പെട്ടു. നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ക്യൂവുമായി കടല്‍ മത്സ്യങ്ങള്‍ മാവില്‍ മുക്കി വറുത്ത് വില്‍ക്കുന്ന സ്റ്റാള്‍ അവിടമാകെ സുഗന്ധം പരത്തിയതോടെ വിശപ്പ് ഉച്ചസ്ഥായിയിലായി. മത്സ്യ വിഭവങ്ങള്‍ വറുക്കുന്ന മണം ഞങ്ങളെ മാടി വിളിച്ചു കൊണ്ടിരുന്നു. പക്ഷെ ടോക്കണ്‍ എടുത്തപ്പോള്‍ കിട്ടിയതോ തൊണ്ണൂറ്റി എഴാം നമ്പര്‍. കുട്ടികളും ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന് ബോധ്യപ്പെട്ടപ്പോള്‍ താത്കാലിക ആശ്വാസമായി ഉരുളക്കിഴങ്ങ് വറുത്തതും വാങ്ങി ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു.
വഴിയരികില്‍ നിരത്തിയിട്ടിരുന്ന ചെറു ബെഞ്ചുകളില്‍ ഇരുന്ന് ബിയര്‍ നുണഞ്ഞ് സെല്‍ഫി എടുക്കുകയും ലൈവ് സ്ട്രീമിംഗ് ചെയ്യുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് അരികിലിരുന്ന് ഒരു ആഫ്രിക്കന്‍ ചിത്രകാരന്റെ ലൈവ് പെയിന്റിങ്ങും പെയിന്റിങ്ങ്സ് എക്സിബിഷനും നടക്കുന്നുണ്ടായിരുന്നു. വന്‍ ജനാവലിക്ക് നടുവിലിരുന്ന് അഞ്ചു പേര് മാത്രമടങ്ങിയ സ്പാനിഷ് സംഘത്തിന്റെ ഉപകരണ സംഗീത വാദ്യം ഏറെ ആകര്‍ഷകമായിരുന്നു. വെറും നാല് നിറങ്ങളിലുള്ള ചോക്ക് ഉപയോഗിച്ച് നടുറോഡില്‍ ചിത്രം വരയ്ക്കുന്ന മറ്റൊരു സ്പാനിഷ് വംശജനും ശ്രദ്ധാകേന്ദ്രമായി മാറി.
ഇരുട്ട് വ്യപിക്കുംതോറും തിരക്ക് കൂടുന്നതായി അനുഭവപ്പെട്ടു. പല സ്റ്റാളുകളില്‍ നിന്നും നിറത്തിലും രുചിയിലും വ്യത്യസ്തങ്ങളായ ബിയര്‍ രുചികള്‍ ആസ്വദിച്ചു. ഇത്രമാത്രം രുചി വൈവിധ്യമുള്ള ബിയറുകള് അണിനിരന്ന ബിയര്‍ ഫെസ്റ്റിവല്‍ അവിസ്മരണീയമായ അനുഭവമായിരുന്നു.
മാസിമോ തിയേറ്ററിന് മുന്‍പിലുള്ള ചത്വരത്തില്‍ ഡിസ്കോ സംഗീതം അലയടിച്ചു കൊണ്ടിരുന്നു. പ്രായ ലിംഗ വ്യത്യാസങ്ങളില്ലാതെ സംഗീതത്തിനൊത്ത് ചുവടു വെക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഊളിയിടുമ്പോള്‍ മനസ്സും ശരീരവും പുത്തന്‍ ഉണര്‍വ്വിലേക്ക് എത്തി ചേര്‍ന്നു. പല നിറത്തിലുള്ള തൂവലുകള്‍ കൊണ്ട് അലങ്കരിച്ച പരമ്പരാഗത തലപ്പാവ് അണിഞ്ഞ ഒരു ആഫ്രിക്കന്‍ വംശജനാണ് ഡിസ്കോ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. ഒരു ചെറിയ സ്കൂട്ടറില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയുടെ സഹായത്തോടെ നീട്ടിയും കുറുക്കിയും ഒഴുകിയെത്തുന്ന ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്നത് ആസ്വദിക്കാനും വലിയ ജനക്കൂട്ടം തന്നെ അവിടെ തടിച്ചു കൂടിയിരുന്നു…
വിവിധ രുചികള്‍ സമ്മേളിച്ച, വിവിധ കാഴ്ചകള്‍ സമ്മാനിച്ച ‘വിയ മക്വെയ്ദ’യിലെ ഓരോ ഓരോ ഫ്രെയിമും വാക്കുകളിലൂടെ വര്‍ണ്ണിക്കാനാവില്ല; അത്രമേല്‍ മനോഹരവും ഹൃദ്യവുമായ ഒരു സായംസന്ധ്യയായിരുന്നു ‘ബിയര്‍ ബബിള്‍സ്’ സമ്മാനിച്ചത്…
അമ്മു ആന്‍ഡ്രൂസ്.
Nice ammuu…
LikeLiked by 1 person
Thanks Anu..
LikeLike
നന്നായിട്ടുണ്ട് അമ്മു
LikeLiked by 1 person
thank you…
LikeLike
ok
LikeLike
അമ്മു RockZ . വാറ്റ് കുറ്റകരമാണെന്ന് ഓർമ്മിപ്പിക്കുന്നു😀😀
LikeLiked by 1 person
ഹഹ
LikeLiked by 1 person
ഗ്രേറ്റ് ! നല്ലെഴുത്ത് !
Plz visit my site too
https://wp.me/p91jtV-4
LikeLiked by 1 person