‘റോക്കാ പലൂമ്പാ’ 
ആ പേരിലുള്ള കൗതുകം തന്നെയാണ് കള്ളിമുള്‍ പഴങ്ങളുടെ ഫെസ്റ്റിവല്‍/ഭക്ഷ്യമേളയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ ആദ്യം കണ്ണില്‍ ഉടക്കിയത്. ‘റോക്കാ പലൂമ്പാ’ എന്നാല്‍ പേര് സൂചിപ്പിക്കുന്ന പോലെ, കല്ലും പാറകളും നിറഞ്ഞ സ്ഥലം ആയിരിക്കുമോ? സിസിലി (ഇറ്റലി)യിലെ ആ സ്ഥലം എന്തുകൊണ്ടാണ് ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യമുള്ള കള്ളിമുള്‍ ചെടികള്‍ക്ക് പ്രശസ്തമായത്? എന്തുകൊണ്ടായിരിക്കാം ആ സ്ഥലത്തിനു വ്യത്യസ്തമായ ഈ പേര് വരാന്‍ കാരണം? അങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും എഴുപതോളം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന റോക്കാ പലൂമ്പയിലെ ‘കാക്റ്റസ് ഫ്രൂട്ട് ഫെസ്റ്റിവല്‍’ (‘സാഗ്ര ദെല്‍ ഫിക്കോ ദി ഇന്ത്യ’—  Sagra Del Fico d’India)  എന്ന പേരിലുള്ള ഇന്റര്‍ നാഷണല്‍ ഫുഡ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പുറപ്പെട്ടത്. ‘ഇന്ത്യന്‍ അത്തിപ്പഴങ്ങള്‍’ എന്ന പേരിലാണ് കള്ളിമുള്‍ പഴങ്ങള്‍ പൊതുവേ അറിയപ്പെടുന്നത്.rocca 2

പ്രതിവര്‍ഷം ഒക്ടോബര്‍ മദ്ധ്യത്തോടെ വലിയ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഒന്നാണ് ഈ ഫെസ്റ്റിവല്‍. കള്ളിമുള്‍ പഴങ്ങളില്‍ നിന്നും തയ്യാറാക്കുന്ന വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവയുടെ ഗുണഗണങ്ങളും പ്രാധാന്യവും പരിചയപ്പെടുത്തുന്നതിനും കൂടിയാണ് റോക്കാ പലൂമ്പയുടെ ഭരണാധികാരികള്‍ മുന്‍കൈയെടുത്ത് ‘കാക്റ്റസ് ഫ്രൂട്ട് ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നത്. കേവലം ഒരു ഭക്ഷ്യമേള എന്നതിലുപരി ആ നാടിന്‍റെ സാംസ്കാരിക ആഘോഷം കൂടിയാണിത്. പച്ചപ്പട്ടു പുതച്ച സിസിലിയുടെ കൃഷിയിടങ്ങള്‍ക്കിടയിലെ ഇടുങ്ങിയ പാതകള്‍ താണ്ടി ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് ഭര്‍ത്താവ് തൊമ്മനോപ്പം റോക്കാ പലൂമ്പയില്‍ എത്തിച്ചേര്‍ന്നു…

റോക്കാ പലൂമ്പ, സിസിലി, ഇറ്റലി. സിസിലിയുടെ തലസ്ഥാനമായ പലെര്‍മോയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉള്‍ഗ്രാമമാണിത്.

14കള്ളിമുള്‍ ചെടികള്‍ നിരനിരയായി നട്ടു വളര്‍ത്തിയ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വീഥികള്‍ അവയ്ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലും അധികം വാഹനങ്ങളാല്‍ നിറഞ്ഞിരുന്നു. രാവും പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ക്യാമ്പറിലും ബസിലും മറ്റ് ചെറുതും വലുതുമായ വാഹനങ്ങളിലുമായി എത്തിച്ചേര്‍ന്നവര്‍ കള്ളിമുള്‍ തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ അഹങ്കാരത്തോടെ തലനിവര്‍ത്തി നില്‍ക്കുന്ന ആ കൊച്ചു ഗ്രാമത്തെ ക്യാമറകളില്‍ പകര്‍ത്തുന്നതിന്‍റെ തിരക്കിലായിരുന്നു.rocca 1

കുന്നിന്‍ചെരുവില്‍ പണിതുയര്‍ത്തിയ ഗ്രാമത്തിലെ കെട്ടിടങ്ങള്‍ കൂട്ടിയിട്ട സോപ്പ് പെട്ടികള്‍ പോലെ തോന്നിച്ചു. ഗ്രാമത്തിന് പുറത്തായി പ്രത്യേകം തയ്യാറാക്കിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്ത്, പതിയെ ആ ഉത്സവനഗരിയിലെ കാഴ്ചകളിലേക്ക് തൊമ്മന്റെ കൈ കോര്‍ത്ത് നടന്നിറങ്ങി.

നക്ഷത്രങ്ങളുടെ താഴ്വാരത്തിലേക്ക്…

അറുനൂറു മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ പാറക്കെട്ടുകള്‍ കാവല്‍ നില്‍ക്കുന്ന ഒരു കൊച്ചുഗ്രാമമാണ്‌ റോക്കാ പലൂമ്പ. ആ കൂറ്റന്‍ പാറക്കെട്ടുകളുടെ കരവലയത്തില്‍ നിലകൊള്ളുന്ന ഗ്രാമത്തിന് ‘റോക്കാ പലൂമ്പാ’ എന്ന പേര് വന്നു ചേര്‍ന്നതില്‍ അതിശയോക്തി ഇല്ലതന്നെ. കൃഷി പ്രധാന വരുമാന മാര്‍ഗ്ഗമായ ഈ ഗ്രാമത്തില്‍ ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് പേര്‍ മാത്രമേ  അധിവസിക്കുന്നുള്ളൂ. ജനസംഖ്യയുടെ നാലിരട്ടിയോളമുണ്ട് അവിടുത്തെ പ്രാവുകള്‍; കാരണം, വലിയ പാറക്കെട്ടുകള്‍ക്കിടയിലുള്ള ആയിരക്കണക്കിന് ചെറുമാളങ്ങള്‍ പ്രാവുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്..

ഒലീവ്, നാരകം, മുന്തിരി, ഓറഞ്ച്, ബദാം എന്നിങ്ങനെയുള്ള പരമ്പരാഗത സിസിലിയന്‍ കൃഷികള്‍ക്ക് പുറമേ ആ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത് കള്ളിമുള്‍ ചെടികള്‍ കൃഷി ചെയ്ത്, അവയില്‍ നിന്നും അനവധി ഭക്ഷ്യഉത്പന്നങ്ങള്‍ തയ്യാറാക്കുന്നു എന്നതാണ്. കുന്നിന്‍ താഴ്വാരങ്ങളില്‍ വരിവരിയായി കള്ളിമുള്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നത് ഈ നാടിന്‍റെ പ്രത്യേകതയാണ്. അതിന് തിലകക്കുറി എന്ന വണ്ണം വര്‍ഷം തോറും ഒക്ടോബര്‍ മധ്യത്തോടെ നടത്തപെടുന്ന ‘ഇന്റര്‍നാഷനല്‍ കാക്റ്റസ് ഫ്രൂട്ട് ഫെസ്റ്റിവലും’ ഈ ഗ്രാമത്തിന്‍റെ പ്രൌഡി വര്‍ദ്ധിപ്പിക്കുന്നു.fichi-d_india-proprietà

കള്ളിമുള്‍ പഴങ്ങള്‍ക്ക് പേരുകേട്ട പട്ടണം എന്നതിന് പുറമേ, ലോകപ്രശസ്തമായ വാനനിരീക്ഷണ കേന്ദ്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ,  ഈ ഗ്രാമം ‘നക്ഷത്രങ്ങളുടെ താഴ്വാരം’ എന്ന പേരിലും പ്രശസ്തമാണ്.

rocca 5
പ്ലാനെറ്റോറിയം; റോക്കാപലൂമ്പ.

കള്ളിമുള്‍ പഴങ്ങള്‍ ഒരു നാടിന്‍റെ വരുമാന മാര്‍ഗ്ഗമായ കഥ…

ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ ധാരാളമായി വളരുന്ന കള്ളിമുള്‍ ചെടികള്‍, മെക്സിക്കന്‍ ഭക്ഷണ ശൈലിയിലെ അവിഭാജ്യ ഘടകമാണ്. കള്ളിമുള്‍ചെടിയുടെ ഇലയും തണ്ടും പാകം ചെയ്തു കഴിക്കുകയും പഴങ്ങള്‍ വിശിഷ്ട വിഭവമായി കരുതുകയും ചെയ്യുന്ന മെക്സിക്കന്‍ ജനതയുടെ ഔദ്യോഗിക ചിഹ്നങ്ങളില്‍ പോലും കള്ളിമുള്‍ ചെടിയുടെ സാന്നിധ്യം കാണാന്‍ സാധിക്കും. അനവധി ആരോഗ്യഗുണങ്ങളുള്ള കള്ളിമുള്‍ പഴങ്ങള്‍ക്ക് മെക്സിക്കന്‍ പരമ്പരാഗത വൈദ്യത്തിലും സുപ്രധാന സ്ഥാനമാണുള്ളത്.

സ്പാനിഷ്‌ വംശജരാണ്‌ സിസിലിയുടെ മണ്ണില്‍ കള്ളിമുള്‍ ചെടികള്‍ പരിചയപ്പെടുത്തിയത്. താരതമ്യേന ട്രോപ്പിക്കല്‍ കാലാവസ്ഥ അനുഭവപ്പെടുന്ന സിസിലിയുടെ മണ്ണിന്‍റെ പ്രത്യേകത മൂലമാവാം, വളരെ പെട്ടന്ന് തന്നെ അവ ഇവിടുത്തെ മണ്ണില്‍ തഴച്ചു വളര്‍ന്നു. കൃഷി പ്രധാന വരുമാനമാര്‍ഗ്ഗമായ സിസിലിയുടെ ഉള്‍ഗ്രാമങ്ങളില്‍ സ്വന്തം കൃഷിയിടത്തിന് അതിര് തിരിക്കാനുള്ള ഉപാധി എന്നവണ്ണമായിരുന്നു ആദ്യകാലങ്ങളില്‍ കള്ളിമുള്‍ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. വേനല്‍ക്കാലത്തെ കത്തുന്ന സൂര്യതാപത്തില്‍ വയലില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ ഇടയ്ക്കിടെ കള്ളിമുള്‍ പഴങ്ങള്‍ അടര്‍ത്തി കഴിച്ച് ദാഹം അകറ്റി, ഉണര്‍വ്വ് നേടിയിരുന്നു. (മെക്സിക്കന്‍ ജനതയെ പോലെ ഇലകളോ തണ്ടുകളോ പാകം ചെയ്ത് ഭക്ഷിക്കുന്ന പതിവ് ഇറ്റാലിയന്‍ ജനതയ്ക്ക് ഇല്ല.)fichi-dindia

കള്ളിമുള്‍പഴങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായ വായനയ്ക്ക് ഇന്ത്യന്‍ അത്തിപ്പഴങ്ങള്‍…

ഒരിക്കല്‍ അടുത്തടുത്ത കൃഷിയിടങ്ങളിലെ രണ്ട് കര്‍ഷകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും വികാരക്ഷോഭം മൂലം അതിരില്‍ നിന്നിരുന്ന കള്ളിമുള്‍ചെടികള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തു. കൃഷിയിടമാകെ ചിതറിത്തെറിച്ച കഷ്ണങ്ങളില്‍ നിന്നെല്ലാം കള്ളിമുള്‍ചെടികള്‍ ശക്തിയായി വളരുകയും ഫലങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, കള്ളിമുള്‍ ചെടികള്‍ പ്രത്യേകമായി കൃഷി ചെയ്ത് പരിരക്ഷിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു തുടങ്ങി എന്നാണ് പറയപ്പെടുന്നത്.13

കള്ളിമുള്‍ പഴങ്ങളില്‍ നിന്നും വിവിധ ഭക്ഷ്യോത്പന്നങ്ങളും, മദ്യങ്ങളും നിര്‍മ്മിക്കുന്നതില്‍ ഈ നാട്ടുകാര്‍ നൈപുണ്യം നേടിയതോടെ റോക്കാ പലൂമ്പയും കള്ളിമുള്‍ ചെടികളും ശ്രദ്ധാകേന്ദ്രമായി മാറി. ‘കാക്റ്റസ് ഫ്രൂട്ട് ഫെസ്റ്റിവല്‍’ എന്ന ഇന്റര്‍നാഷനല്‍ ഫുഡ്‌ ഫെസ്റ്റിവല്‍ തുടങ്ങിയതോടെ അതിന് പുതിയൊരു മാനം കൈവന്നു.

ഉത്സവ വീഥിയിലൂടെ…

ഉറൂബിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ആദ്യമായി സാരി ഉടുത്ത ഗ്രാമീണ കന്യകയെ പോലെ സുന്ദരിയായിരുന്നു റോക്കാ പലൂമ്പ. കുത്തനെയുള്ള ഇറക്കങ്ങളില്‍, ഇടുങ്ങിയ പാതകള്‍ക്കിരുവശങ്ങളിലുമായി പരസ്പരം മുട്ടിയുരുമ്മിയിരിക്കുന്ന ബഹുനിലമന്ദിരങ്ങള്‍ കണ്ണുകളില്‍ കൗതുകം നിറച്ച് നെഞ്ചുവിരിച്ചു നിന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ ആയതിനാല്‍, പട്ടണത്തിനകത്ത്  ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.

12
ഉത്സവലഹരിയില്‍ റോക്കാപലൂമ്പ

ഇടുങ്ങിയ പാതകളുടെ ഇരുവശങ്ങളിലുമായിട്ടാണ് കള്ളിമുൾ പഴങ്ങൾ കൊണ്ട് തയ്യാറാക്കിയ ജാം, ജെല്ലി, ജൂസ്, മദ്യങ്ങൾ എന്നിങ്ങനെ വിവിധ ഭക്ഷ്യവസ്തുക്കൾ പ്രദര്‍ശിപ്പിച്ചിരുന്ന സ്റ്റാളുകള്‍ ഒരുക്കിയിരുന്നത്. തദ്ദേശവാസികള്‍ അവരവരുടെ പ്രത്യേകമായ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഓരോ വിഭവത്തിന്റെയും ചേരുവകള്‍, പാചകവിധി, ഗുണഗണങ്ങള്‍ എന്നിവ വിവരിക്കുന്നതിലും ഉത്സുകരായിരുന്നു. സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാനായി സാമ്പിളുകള്‍ നല്‍കിയും നിഷ്കളങ്കതയോലുന്ന പെരുമാറ്റം കൊണ്ടും ആതിഥ്യമര്യാദയുടെ മാതൃകയായി റോക്കാ പലൂമ്പാ നിവാസികള്‍.rocca 6കള്ളിമുൾ പഴങ്ങൾക്കൊപ്പം മറ്റ് വ്യത്യസ്തമായ ചേരുവകൾ ചേർത്ത് തയാറാക്കിയ മധുരപലഹാരങ്ങളും കേക്കുകളും വിൽക്കുന്ന സ്റ്റാളുകളിൽ ഓരോന്നിന്റെയും ചേരുവകളും കലോറി മൂല്യങ്ങളും ആരോഗ്യപരമായ ഗുണങ്ങളും പ്രത്യേകം പരാമർശിച്ചിരുന്നു. ബാന്‍ഡ് വാദ്യങ്ങളുമായി ഇടയ്ക്കിടെ കടന്നുപോകുന്ന സംഘം അവിടമാകെ ഉത്സവപ്രതീതിയിലാഴ്ത്തി. rocca 3 കള്ളിമുൾ പഴങ്ങൾക്ക് പുറമെ വിവിധയിനം ചീസുകൾ, ഉണക്ക മാംസം, ഉപ്പിലിട്ട മീൻ, ഉണങ്ങിയതും ഉപ്പിലിട്ടതുമായ പച്ചക്കറികളും പഴങ്ങളും, വിവിധയിനം ഒലിവിൻ കായ്കൾ, ബദാം, പിസ്ത എന്നിങ്ങനെ പലതരം ഭക്ഷ്യോത്പന്നങ്ങൾ നിർത്തിയ സ്റ്റാളുകളും വഴികൾക്കിരുവശവും സ്ഥാനം പിടിച്ചിരുന്നു. സ്റ്റാളുകളില്‍ നിന്നും ഫ്രീയായി കിട്ടുന്ന ചീസും ഉണക്ക ഇറച്ചി കഷ്ണങ്ങളും രുചിച്ചു നടക്കുമ്പോള്‍, നമ്മുടെ മിഠായി തെരുവിലെ ഹല്‍വ സാമ്പിളുകള്‍ കഴിച്ചു വയര്‍ നിറച്ച ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തി.rocca 4

ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പുറമേ, കരകൌശല—അലങ്കാര വസ്തുക്കളുടെ സ്റ്റാളുകളും ആഭരണങ്ങളുടെ സ്റ്റാളുകളും ആ ഉത്സവാന്തരീക്ഷത്തിന് മാറ്റുകൂട്ടി. കള്ളിമുൾ ചെടിയുടെ ചിത്രങ്ങളും റോക്കാ പലൂമ്പയുടെ പേരും ആലേഖനം ചെയ്ത സെറാമിക് പാത്രങ്ങൾ, വീടിനകത്തും പുറത്തും അലങ്കരത്തിനായി ഉപയോഗിക്കാവുന്ന കൂജകൾ, കുടങ്ങൾ, ഭിത്തിയില്‍ തൂക്കിയിടാവുന്ന അലങ്കാര വസ്തുക്കള്‍ എന്നിങ്ങനെ പലവിധ ഉത്പന്നങ്ങള്‍ വിലപേശി വാങ്ങുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മുന്‍പോട്ട് നടന്നു.rocca 9

വഴിയരികില്‍ ചിത്രകലയില്‍ നിപുണരായ കലാകാരന്മാര്‍ ചിത്രങ്ങള്‍ വരക്കുന്നതില്‍ വ്യാപൃതരായിരുന്നു; കൂടുതലും കള്ളിമുള്‍ചെടിയുടെയും പഴങ്ങളുടെയും പശ്ചാത്തലത്തില്‍ വിരിയുന്ന ചിത്രങ്ങള്‍. കലാകാരന്മാര്‍ക്ക് ചുറ്റിലും വലിയൊരു പുരുഷാരം തന്നെ തടിച്ചു കൂടിയിരുന്നു. മടക്കാവുന്ന ഒരു ചെറിയ കസേരയിലിരുന്ന്‍ വളരെ കുറച്ച് സാധനസാമഗ്രികളുമായി ചിത്രം വരയ്ക്കുന്ന ചിത്രകാരന്മാരും ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ലേലത്തിലൂടെ വിലയുറപ്പിച്ച് സ്വന്തമാക്കുന്ന ആളുകളും അത്ഭുതക്കാഴ്ചയായി മാറി.rocca 10പാതയോരങ്ങളിലും നടപ്പാതകളിലും കസേരകള്‍ നിരത്തി താത്കാലികമായി തയ്യാറാക്കിയ ഭക്ഷണ ശാലകള്‍ക്ക് മുന്‍പിലൂടെ കടന്നു പോകുമ്പോള്‍ കനലില്‍ ചുട്ടെടുക്കുന്ന വിവിധതരം മാംസവിഭവങ്ങളുടെ സുഗന്ധം വിശപ്പിനെ ആളി കത്തിച്ചു. അതിനോട് ചേര്‍ന്നുതന്നെ കള്ളിമുള്‍ പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന പ്രകൃതിദത്തമായ ബിയര്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ ഞങ്ങളെ മാടി വിളിച്ചു കൊണ്ടിരുന്നു.

“ന്നാ പിന്നെ ഒരു ബിയര്‍ കുടിച്ചിട്ട് ആകാം ബാക്കി കാഴ്ചകള്‍…” തൊമ്മന്‍റെ വാക്കുകള്‍ നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

“ആഹ്.. വളരെ ഉചിതമായ തീരുമാനം..” സന്തോഷം തിരയടിക്കുന്ന തിളങ്ങുന്ന കണ്ണുകളുമായി ബിയര്‍ സ്റ്റാളിലേക്ക് ഉത്സാഹപൂര്‍വ്വം ഞങ്ങള്‍ നടന്നു കയറി.rocca 7  കള്ളിമുള്‍പഴങ്ങളില്‍ നിന്നും തയ്യാറാക്കുന്ന  വിവിധയിനം ബിയറുകള്‍ അവിടുത്തെ സ്റ്റാഫ്‌ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. പലതരം ഫില്‍റ്ററിംഗ് മാര്‍ഗ്ഗങ്ങളിലൂടെ തയ്യാറാക്കിയ പല നിറങ്ങളിലുള്ള ബിയറുകള്‍ ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്ന ബാരലുകളില്‍ നിരത്തി വെച്ചിരുന്നു. അതില്‍ നിന്നും അധികം ഫില്‍ട്ടര്‍ ചെയ്യാത്ത ബ്രൌണ്‍ നിറത്തിലുള്ള രണ്ട് ഇനം ബിയറുകള്‍ ഓര്‍ഡര്‍ ചെയ്തു. സാധാരണ ബിയറുകളെ അപേക്ഷിച്ച്, നാലോ അഞ്ചോ ഇരട്ടി വിലയായിരുന്നതിനാല്‍ ഓരോ ഗ്ലാസ്‌ ബിയറുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. എന്നു വരികിലും, ഇന്നേവരെ കഴിച്ചതില്‍ വെച്ചേറ്റവും രുചികരമായി തോന്നിയത്, കള്ളിമുള്‍പഴങ്ങളില്‍ നിന്നും നിര്‍മ്മിച്ച ബിയറാണ്.rocca 8അവിടെ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും, റോക്കാ പലൂമ്പയുടെ പ്രധാന ആഘോഷമായ കാക്റ്റസ് ഫെസ്റ്റിവലിന്റെ സുപ്രധാന ആകര്‍ഷണമായ പരേഡുകള്‍ തുടങ്ങിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത വേഷത്തില്‍ റോക്കാ പലൂമ്പ നിവാസികള്‍ക്ക് പുറമേ ഇരുപത്തഞ്ചോളം അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള സംഘങ്ങളും വാശിയോടെ പങ്കെടുക്കുന്ന മത്സരമാണ് ഈ പരേഡ്. ഏറ്റവും മികച്ച തീമില്‍ അവതരിപ്പിക്കുകയും നല്ല രീതിയില്‍ വസ്ത്രം ധരിക്കുകയും ചെയ്യുന്ന സംഘത്തിന് സമ്മാനം ലഭിക്കും. സ്റ്റാളുകള്‍ക്കിടയിലൂടെ, ജനസാഗരത്തിനു മധ്യത്തിലൂടെ, ഓരോ സംഘവും അവരവരുടെ പതാകയുടെ കീഴില്‍ വര്‍ണ്ണശബളമായ വേഷം ധരിച്ച് മന്ദം മന്ദം നീങ്ങുന്നത് നയനാനന്ദകരമായ  കാഴ്ചയാണ്.rocca 11 രാജകീയമായ വേഷഭൂഷാദികള്‍ അണിഞ്ഞ് നടന്നു നീങ്ങുന്ന ആ സംഘം നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും. അഭ്രപാളികളില്‍ മാത്രം കണ്ട് പരിചയിച്ച രാജവാഴ്ചക്കാലം കണ്മുന്‍പില്‍ അനാവൃതമാകുന്നതും കുതിരക്കുളമ്പടികളും ആര്‍പ്പുവിളികളും കാതുകളില്‍ തിരയടിക്കുന്നതും അനുഭവിച്ചറിഞ്ഞ കുറച്ചു നിമിഷങ്ങളായിരുന്നു അവ. രാജാവിനെയും രാജ്ഞിയും രാജകുടുംബാംഗങ്ങളെയും സേനാപതികളെയും ആവേശത്തോടെ വരവേല്‍ക്കുന്ന പ്രജകളെപ്പോല്‍, ഓരോ സംഘത്തെയും ആവേശത്തോടെ വരവേല്‍ക്കുകയായിരുന്നു റോക്കാ പലൂമ്പ. ജനസാഗരത്തിനൊപ്പം ആര്‍പ്പുവിളികളുമായി ഞാനും കൂടി…

“രാജമാതാ ശിവഗാമി നീണാൾ വാഴട്ടെ… രാജമാതാ ശിവഗാമി…” ഇത്ര രാജകീയ പ്രൗഢി ‘ബാഹുബലി’യിൽ മാത്രം കണ്ടിട്ടുള്ള ഞാൻ വിളിച്ചു കൂവി…

അപ്പോഴാണ് തൊമ്മന്റെ ചോദ്യം; “അമ്മൂ… നീ ശരിക്കും ഫിറ്റാണോ?”

“ഓ… പിന്നെ. ഒരു കുഞ്ഞ് ഗ്ലാസ്‌ ബിയര്‍ കുടിച്ചാല്‍ ഉടനെ അങ്ങ് ഫിറ്റാകുവല്ലേ. ഡോണ്ട് അണ്ടര്‍എസ്റ്റിമേറ്റ് ദി പവര്‍ ഓഫ് പാലാക്കാരി അച്ചയത്തീസ്…” ഒരു കണ്ണിറുക്കി, നെടുങ്കന്‍ ഡയലോഗ് പറഞ്ഞപ്പോള്‍ നാവ് കുഴയാതിരിക്കാന്‍ ഞാന്‍  പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരേഡ് അവസാനിച്ചതോടെ കുറച്ചു കള്ളിമുള്‍ പഴങ്ങള്‍ വാങ്ങി റോക്കാ പലൂമ്പയോട് ഞങ്ങള്‍ വിട പറയുമ്പോള്‍ അസ്തമയ സൂര്യന്‍, ചെങ്കതിരുകള്‍ വീശി തുടങ്ങിയിരുന്നു…

അമ്മു ആന്‍ഡ്രൂസ്.