“അമ്മൂ… ഇതാ ഞാനിന്ന് നിനക്കൊരു സര്‍പ്രൈസുമായാണ് വന്നിരിക്കുന്നത്…” അയല്‍വാസിയായ ഒലിവേരി അമ്മച്ചി നിറചിരിയുമായി വാതില്‍ക്കല്‍ നില്‍ക്കുകയാണ്. കയ്യിലൊരു കൂടും ഉണ്ട്. കാലിന് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് പുറത്തിറങ്ങി നടക്കാറില്ലാത്ത ഒലിവേരി അമ്മച്ചിയുടെ ഈ വരവ് എന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സര്‍പ്രൈസ് എന്താണെന്നറിയാന്‍ ഭയങ്കര സന്തോഷത്തോടെ എന്‍റെ കണ്ണുകള്‍ ആ കൂടിലേക്ക് നീണ്ടു. പര്‍പ്പിളും മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളില്‍ മുള്ളുകള്‍ നിറഞ്ഞ പഴങ്ങളായിരുന്നു ആ സര്‍പ്രൈസ് സമ്മാനം. പെട്ടന്ന്, ‘ഗുരു’ സിനിമയിലെ ‘ഇലാമ പഴ’ങ്ങളാണ് ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത്. ഇത് എന്താണെന്ന് മനസ്സിലാവാതെ കണ്ണുമിഴിച്ചു നിന്ന എന്നോട് അമ്മച്ചി പറഞ്ഞു,
“എന്‍റെ മകന്‍ ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ പോയപ്പോള്‍ പറിച്ചു കൊണ്ടുവന്നതാ. അതിലൊരു പങ്ക് നിനക്ക് ഇരിക്കട്ടെ എന്ന് കരുതി. ഈ പഴം ഒക്കെ ഇവിടെയും ഉണ്ടാകും എന്ന് നീ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ? ഞങ്ങളുടെ തോട്ടത്തില്‍ ഇഷ്ടംപോലെയുണ്ട്. ഇനി തോട്ടത്തില്‍ പോകുമ്പോള്‍ കൂടുതല്‍ തരാം കേട്ടോ. നിനക്ക് സന്തോഷമായില്ലേ…”
“ഉം… ഒരുപാട് സന്തോഷമായി. വളരെ നന്ദി. നിങ്ങള്‍ വളരെ സ്നേഹമയിയായ ഒരു വ്യക്തിയാണ്” എന്തു കിട്ടിയാലും നന്നായി ചിരിച്ച് അവരെ പുകഴ്ത്തി സംസാരിച്ച്, നന്ദി സൂചകമായി ഒരു ഉമ്മയും കൊടുക്കണമെന്ന സാമാന്യമര്യാദ നിര്‍വ്വഹിക്കാന്‍ ഞാനും മടിച്ചില്ല.
“എന്നാല്‍ ശരി, പിന്നെ കാണാം. ഇപ്പോള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ നിങ്ങള്‍ക്ക് ഉച്ചഭക്ഷണം കഴിയുമ്പോള്‍ കഴിക്കാം.” നല്ലൊരു ദിവസം ആശംസിച്ചിട്ട് അമ്മച്ചി പതിയെ നടന്നകന്നു.
പിന്നീട്, ജോലി കഴിഞ്ഞെത്തിയ ഭർത്താവ്, തൊമ്മനാണ് സിസിലിയുടെ മണ്ണില്‍ വിളയുന്ന, ‘ഇന്ത്യന്‍ അത്തിപ്പഴം’ (Ficchi d’India— Indian Fig) എന്ന പേരില്‍ അറിയപ്പെടുന്ന കള്ളിമുള്‍ചെടിയുടെ പലവര്‍ണ്ണങ്ങളിലുള്ള പഴങ്ങള്‍ (Indian Fig–Fruit of Prickly Pear Cactus) പരിചയപ്പെടുത്തി തന്നത്. താരതമ്യേനെ ട്രോപ്പിക്കല്‍ കാലാവസ്ഥയുള്ള സിസിലിയുടെ സമതലങ്ങളില്‍ പടര്‍ന്നു കിടക്കുന്ന കള്ളിമുള്‍ ചെടികള്‍ പലപ്പോഴും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും അതിനൊരു ഇന്ത്യന്‍ പശ്ചാത്തലം എങ്ങനെ വന്നു എന്നത് എന്നെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.
‘ഇന്ത്യന്‍ അത്തിപ്പഴം’
കള്ളിമുള്‍ ചെടികള്‍ മെക്സിക്കന്‍ അല്ലെങ്കില്‍, ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യമുള്ളവയാണ്. ഒപ്പുന്‍ഷ്യ— ഫിക്കസ് ഇന്‍ഡിക്ക (Opuntia — Ficus Indica) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നതിനാലാണ് ഇവയെ പൊതുവായി ‘ഇന്ത്യന്‍ ഫിഗ്/ഇന്ത്യന്‍ അത്തിപ്പഴം’ എന്ന് വിളിക്കുന്നത്. ദീര്‍ഘവൃത്താകൃതി (ഓവല്‍)യുള്ള ഈ പഴങ്ങള്‍ കൂടുതലായും ചുവപ്പ് — പര്‍പ്പിള്‍ നിറങ്ങളിലാണ് കാണപ്പെടുന്നത്. വേനല്‍ക്കാലത്തിന്റെ അവസാന പാദത്തിലാണ് ഈ പഴങ്ങളുടെ വിളവെടുപ്പ് കാലം.
പ്രാദേശികമായി പല പേരുകളില്‍ അറിയപ്പെടുന്നവയെങ്കിലും, കള്ളിമുള്‍ പഴങ്ങളെ സിസിലി ജനത വിളിക്കുന്ന ‘ബസ്തര്‍ദോണി’ (Bastardoni — Italian version of Bastard) എന്ന പേര് വളരെ രസകരമായി തോന്നി. ആദ്യ വിളവെടുപ്പ് കഴിഞ്ഞ്, രണ്ടാമതായി ഉണ്ടാകുന്ന പഴങ്ങളാണ് ‘ബസ്തര്‍ദോണി’. കൂടുതല്‍ ഉരുണ്ടതും, താരതമ്യേന ദശക്കട്ടിയും മധുരവും കൂടിയതുമായ കള്ളിമുള്‍ പഴങ്ങളാണിവ. ‘ഏറ്റവും നല്ല കള്ളിമുള്‍ പഴങ്ങള്‍ ഏത്’ എന്ന് ചോദിച്ചാല്‍ സംശയലേശമന്യേ പറയാന്‍ സാധിക്കുന്ന ബസ്തര്‍ദോണിയുടെ വിളവെടുപ്പ് കാലം ഒക്ടോബര്‍—നവംബര്‍ മാസങ്ങളാണ്.
സിസിലിയുടെ അനുയോജ്യമായ കാലാവസ്ഥയും മണ്ണിന്‍റെ ഘടനയും മനസ്സിലാക്കി സ്പാനിഷ് വംശജരാണ് കള്ളിമുള്‍ചെടികള്‍ ഇവിടുത്തെ മണ്ണിന് പരിചയപ്പെടുത്തിയത്. താരതമ്യേന വലിയ ലോകപരിചയമില്ലത്ത നാട്ടിന്‍പുറത്തുകാര്‍ക്ക് ഏഷ്യന്‍ വംശജരായ ഇന്ത്യക്കാരും ലാറ്റിനമേരിക്കന്‍ റെഡ് ഇന്ത്യന്‍സും തമ്മിലുള്ള വ്യത്യാസം അറിയില്ല താനും. രണ്ട് കൂട്ടരേം പൊതുവായി ഇറ്റാലിയന്‍ ഭാഷയില്‍ ‘ഇന്ത്യാനി’ എന്നാണ് വിശേഷിപ്പിക്കുന്നതും. ഒരുപക്ഷെ, അതുകൊണ്ടാവാം ഇന്ത്യക്കാരായ അയല്‍വാസികള്‍ക്ക് ‘ഇന്ത്യന്‍ അത്തിപ്പഴം’ എന്ന വിശിഷ്ടവിഭവം സമ്മാനിച്ചതും.
പക്ഷെ, പല വേനല്‍ക്കാല വിരുന്നു സല്‍ക്കാരങ്ങളിലും ‘ഇതാ നിങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്’ എന്ന മുഖവുരയോടെ കള്ളിമുള്‍ ചെടിയുടെ പഴങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചേര്‍ന്നതോടെ, ‘ഇന്ത്യന്‍’ എന്നതിലുള്ള ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമല്ല എന്ന് മനസ്സിലായത്. രുചികരം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലയെങ്കിലും, ചെറിയ മുള്ളുകള്‍ നിറഞ്ഞ ഇതിന്റെ പുറംതോട് ചെത്തിക്കളഞ്ഞ് എത്ര ബുദ്ധിമുട്ടിയാണ് നമുക്ക് വേണ്ടി വൃത്തിയാക്കി എടുക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സന്തോഷത്തോടെ കഴിക്കുകയാണ്; അല്ല, വിഴുങ്ങുകയാണ് ചെയ്തിരുന്നത് എന്ന് പറയാതെ തരമില്ല. നമ്മള്‍ സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും സന്തോഷം… അങ്ങനെ ആകെ മൊത്തം സന്തോഷം. പതിയെ പതിയെ ഗുണസമ്പുഷ്ടമായ ഈ പഴത്തിന്‍റെ രുചി ഇഷ്ടപ്പെട്ടു തുടങ്ങി.
സന്തോഷം അലയടിക്കുന്ന ഒത്തുചേരലുകളില്‍ ഒരുപാട് തവണ ‘നിങ്ങള്‍ ഈ കള്ളിമുള്‍ ചെടിയുടെ ഇലകള്‍ എങ്ങനെയാണ് പാകം ചെയ്യുന്നത്?’ എന്ന ചോദ്യം എന്നെ തേടിയെത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഒരു പാചകവിധി പ്രതീക്ഷിച്ച് എന്‍റെ നേരെ നീണ്ട കണ്ണുകള്‍ ‘അറിയില്ല’ എന്ന ഉത്തരത്തില്‍ ഒരുപക്ഷെ നിരാശരാകും എന്ന് തോന്നി. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ വൈദീകന്‍ ഫാ. എന്‍റീഖ് (Fr. Enrique) ന് കള്ളിമുള്‍ ചെടിയുടെ ഇലകള്‍ സമ്മാനിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ സംതൃപ്തിയോടെ തിളങ്ങുന്നുണ്ടായിരുന്നു. മുള്ളുകള്‍ ചെത്തിക്കളഞ്ഞ ശേഷം, ഒരല്പം വെള്ളം ഒഴിച്ചു പുഴുങ്ങി എന്തൊക്കെയോ ചേര്‍ത്ത് കഴിക്കുകയാണ് പതിവ് എന്നൊക്കെ വിശദമാക്കി തരുകയും ചെയ്തു. ഇത്രയും ആയപ്പോഴേക്കും കാര്യങ്ങളുടെ കിടപ്പ് പറഞ്ഞു മനസ്സിലാക്കേണ്ടത് ആവശ്യകതയായി വന്നു ഭവിച്ചു.
ഫാ. എന്‍റീഖ്, മെക്സിക്കന്‍ വൈദീകന്‍ ആണെന്നും, നിങ്ങള്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍സ് ഞങ്ങള്‍ അല്ല എന്നും, ലാറ്റിന്‍ അമേരിക്കന്‍ റെഡ് ഇന്ത്യന്‍സും, ഏഷ്യന്‍ ഇന്ത്യന്‍സും തമ്മിലുള്ള വ്യത്യാസങ്ങളെകുറിച്ചും എനിക്കറിയാവുന്ന ഇറ്റാലിയന്‍ ഭാഷയില്‍ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കള്ളിമുള്‍ ചെടികള്‍ സര്‍വ്വസാധാരണമെങ്കിലും, ഏറ്റവുമധികം കാണപ്പെടുന്നത് മെക്സിക്കോയിലാണ്. കള്ളിമുള്‍ ചെടികള്‍ക്ക് മെക്സിക്കോയുടെ ചരിത്രവുമായി അത്ര ചെറുതല്ലാത്ത ബന്ധമുണ്ട് എന്ന്, രാജ്യത്തിന്‍റെ ഔദ്യോഗിക മുദ്രകളിലെ കള്ളിമുള്‍ചെടിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്.സാധാരണ ഗതിയില്‍ കള്ളിമുള്‍ ചെടിയുടെ പഴങ്ങളോ ഇലകളോ ഞങ്ങള്‍, ഇന്ത്യക്കാര്‍ ഭക്ഷിക്കാറില്ല എന്നും അലങ്കാര സസ്യങ്ങളായി, കള്ളിമുള്‍ ചെടികള്‍ പൂന്തോട്ടത്തില്‍ വളര്‍ത്തുന്നതിനെ കുറിച്ചും ഞാന്‍ വാചാലയായി. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു സുഹൃത്ത്, നീലഗിരി കുന്നുകളുടെ താഴ്‌വാരങ്ങളില്‍ ജീവിക്കുന്ന ഒരു വിഭാഗം ആളുകള്‍ കള്ളിമുള്‍ചെടിയുടെ പഴങ്ങളും ഇലകളും ഭക്ഷണമാക്കുന്ന പതിവ് ഉണ്ടെന്ന് പണ്ടെപ്പൊഴോ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തി. അങ്ങനെ മറ്റേതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യവിഭവമായി കള്ളിമുള്‍ ചെടികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ സംഭാഷണങ്ങള്‍ക്ക് പൂര്‍ണ്ണവിരാമം കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്നതാണ് സത്യം…
വര്‍ണ്ണങ്ങളില്‍ വിരാജിക്കുന്ന കള്ളിമുള്‍ പഴങ്ങള്‍…
പച്ച, മഞ്ഞ, ചുവപ്പ് കലര്‍ന്ന ഓറഞ്ച്, പര്‍പ്പിള്‍ എന്നിങ്ങനെ പലവര്‍ണ്ണങ്ങളില്‍ കള്ളിമുള്‍ പഴങ്ങള്‍ ലഭ്യമാണ്. ചെറിയ മുള്ളുകള്‍ നിറഞ്ഞ പുറംതോട് വൃത്തിയാക്കുക എന്നത് അങ്ങേയറ്റം ശ്രദ്ധ വേണ്ട ഒന്നാണ്. കാരണം, വൃത്തിയാക്കുമ്പോള്‍ നേര്‍ത്ത മുള്ളുകള്‍ തുളഞ്ഞു കയറുന്നത് നമ്മള്‍ അറിയുകയേയില്ല. തൊട്ടടുത്ത ദിവസം മുതല്‍ വേദനയോട് കൂടിയ ചുവന്ന തടിപ്പുകള്‍ ദൃശ്യമാകുന്നതോടെയാണ് മുള്ള് കൊണ്ട് കയറിയത് മനസ്സിലാകുകയുകയുള്ളൂ എന്നതാണ് വാസ്തവം. വൃത്തിയാക്കാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ വേനല്‍ക്കാലത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍, ഈ പഴങ്ങള്‍ തൊലി കളഞ്ഞ് ‘റെഡി ടു ഈറ്റ്’ പരുവത്തില്‍ ശീതീകരിച്ച് പാക്കറ്റുകളില്‍ ലഭ്യമാണ്. പച്ചയ്ക്കും പാകം ചെയ്തും ജാം, സ്ക്വാഷ്, ജെല്ലി, ബിയര്‍, സിറപ്പുകള്‍, മിഠായികള്‍, പ്യൂരി എന്നിങ്ങനെ പല രൂപത്തിലും ഈ പഴങ്ങള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്.
നമ്മുടെ പേരയ്ക്ക പോലെ, ഉള്ളില്‍ ചെറിയ കുരുക്കള്‍ നിറഞ്ഞ മാംസളമായ കാമ്പാണ് ഉള്ളത്. അധികം മധുരമില്ലാത്ത, വെള്ളച്ചുവയുള്ള (അധികം മധുരമില്ലാത്ത തണ്ണിമത്തന്‍ രുചിയോട് സമാനം എന്ന് പറയാം) ഈ പഴങ്ങള്‍ ഗുണങ്ങള്‍ നിറഞ്ഞവയാണ്. മുള്ളുകള്‍ നിറഞ്ഞ പുറം തോട് ചെത്തിക്കളഞ്ഞ് വൃത്തിയാക്കിയ പഴങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഉള്ളിലെ പള്‍പ്പ് ഉറപ്പുള്ളതായിരിക്കാനും രുചി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഗുണങ്ങള്‍ നിറഞ്ഞ കള്ളിമുള്‍ പഴങ്ങള്‍..
രുചി ഇത്തിരി കുറവാണെങ്കില്‍ എന്താ, ഗുണങ്ങളില്‍ കേമനാണ് ഈ പഴങ്ങള്‍. മെക്സിക്കന്‍ നാട്ടുവൈദ്യ/പരമ്പരാഗത വൈദ്യമേഖലയില്‍ മുറിവ്, ചതവ് എന്ന് തുടങ്ങി ഉദര—മൂത്രാശയ സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമായാണ് കള്ളിമുള്‍ ചെടിയെ കണക്കാക്കുന്നത്.
കള്ളിമുള്‍ ചെടിയുടെ പഴങ്ങള്‍ ഊര്‍ജ്ജ—ആരോഗ്യദായിയാണ്. ആന്റി ഓക്സിഡന്റുകളും നാരുകളും നിറഞ്ഞ ഈ പഴം, അമിതവണ്ണം കുറയ്ക്കാനും പ്രമേഹത്തിനെതിരെ പോരാടാനും അത്യത്തമമാണ്. ‘വിറ്റാമിന്‍ സി’ യുടെ കലവറയാണ് ഈ പഴങ്ങള്‍. രക്തത്തില്‍ പഞ്ചസാരയുടെയും കൊളെസ്റ്റെറോളിന്റെയും അളവ് കുറക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കാല്‍ഷ്യം ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം പ്രോടീന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നതിനൊപ്പം എല്ലുകള്‍ക്കും മസിലുകള്‍ക്കും നാഡികള്‍ക്കും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ചിലയിനം കാന്‍സറുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
അമ്മു ആന്‍ഡ്രൂസ്.
ചിത്രങ്ങള്‍: Google
So much information from a simple incident, thank you so much Ammuchechii. October aakumbol ivide iniyum ith explain cheyyendi varum.
LikeLike