ആ ശരത്കാല സന്ധ്യയില്‍ ആര്‍ണോ’ നദിയിലെ ഓളങ്ങള്‍ ഗ്രീക്ക് ദേവതമാരുടെ സ്വര്‍ണ്ണമുടിയിഴകള്‍ പോലെ തിളങ്ങിനിന്നു. നദിക്കിരുവശവും ബഹുനിലമന്ദിരങ്ങളാല്‍ സമ്പന്നമായ ചരിത്രപ്രസിദ്ധമായ പിസ നഗരം. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചെരിഞ്ഞ ഗോപുരം നല്‍കിയ പ്രശസ്തിയാല്‍ ആഗോളവിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാന ഇടംനേടിയതാണ് ഇറ്റലിയിലെ പിസ. pisa

‘വെല്‍ക്കം ടു പിസ, നൈസ് ടു മീറ്റ് യൂ’ എന്നും പറഞ്ഞ് കഴുത്തില്‍ ക്യാമറയും തൂക്കി,അഭിനവ നിശ്ചല്‍, ദി ഫോട്ടോഗ്രാഫര്‍ ഓഫ് ഇറ്റലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തൊമ്മനോടൊപ്പം പിസയിലെ വീഥികളിലൂടെ നടക്കുമ്പോള്‍, മനസ്സ് ‘പൂവുക്കുള്‍ ഒളിന്തിരുക്കും കനിക്കൂട്ടം അതിസയം…’(ജീന്‍സ്, 1998) എന്ന ഗാനം ആലപിച്ചു തുള്ളിച്ചാടുകയായിരുന്നു. എ ആര്‍ റഹ്മാന്‍ മനോഹരമായി ചിട്ടപ്പെടുത്തിയ അനശ്വരഗാനവും ശങ്കര്‍ എന്ന സംവിധായകന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ ഗാനരംഗങ്ങളും എട്ടാമത്തെ ലോകാത്ഭുതം എന്ന് വിശേഷിപ്പിക്കുന്ന അതിസുന്ദരിയായ ഐശ്വര്യാ റായിയും സമ്മേളിച്ച ആ മനോഹര രംഗങ്ങള്‍ ഒന്നാകെ മനസ്സില്‍ തെളിഞ്ഞു വന്നു. പ്രാവുകള്‍ കുറുകുന്ന പച്ചപ്പുല്‍ മൈതാനത്തില്‍ ചോക്ലേറ്റ് ബ്രൌണ്‍ ഗൌണില്‍ അഴകളവുകള്‍ തികഞ്ഞ സുന്ദരശില്പം പോലെ നൃത്തം ചെയ്യുന്ന ഐശ്വര്യാ റായിയ്ക്ക് പിന്നില്‍ തൂവെള്ള മാര്‍ബിളില്‍ തീര്‍ത്ത ചെരിഞ്ഞ ഗോപുരം കണ്ട് അത്ഭുതത്തോടെ കണ്ണുമിഴിച്ചിരുന്ന നാളുകളില്‍, ആ ലോകാത്ഭുതം നേരില്‍ കാണാന്‍ സാധിക്കുന്ന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സന്തോഷത്തിന്‍റെ പരകോടിയില്‍ പിസയിലെ വീഥികളിലൂടെ നടക്കുമ്പോള്‍ ആവേശം കാരണം കാലുകള്‍ നിലത്ത് ഉറയ്ക്കുന്നില്ലായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല തന്നെ.

30653277_10215870645576444_6074678323282182144_n
പിസ കത്തീഡ്രല്‍

പിസയിലെ മങ്ങിയ ബഹുനില മന്ദിരങ്ങള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ പാതകളില്‍ നൂറ്റാണ്ടുകളുടെ ചരിത്രം അലയടിക്കുന്നുണ്ടായിരുന്നു. ഇരുള്‍ വീണു തുടങ്ങിയ വഴികളിലൂടെ നടന്നപ്പോള്‍ തണുത്ത കാറ്റ് മുടിയിഴകളെ തഴുകി കൊണ്ടിരുന്നു. ആ ഗോപുര സൌന്ദര്യം നുകരാനായി അക്ഷമരായി കാത്തിരിക്കുന്ന കണ്ണുകള്‍, ചിമ്മാന്‍ പോലും മടിച്ചു നിന്നു.

“തൊമ്മാ… ഇറ്റാലിയന്‍ പിസ, പിസ ഗോപുരം ഇവ തമ്മില്‍ എന്തേലും ബന്ധമുണ്ടോ?”

“ഇറ്റാലിയന്‍ പിസ തിന്നാന്‍ കൊള്ളാം, പിസ ഗോപുരം കാണാനും. രണ്ടിലും ‘പി’ ഉണ്ട്. ആ ഒരു ബന്ധമേ ഞാന്‍ കാണുന്നുള്ളൂ…”

“അയ്യട… ചളി അടിക്കാന്‍ പറ്റിയ പ്രായം. പിസ എന്നത് ആളുകള്‍ തെറ്റായി ഉച്ചരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Pizza യെ ‘പീത്സ’ എന്നും Pisa യെ ‘പിസ’ എന്നുമല്ലേ ശരിക്കും വായിക്കേണ്ടത്?”

“ആരോട് പറയാന്‍… ആര് കേള്‍ക്കാന്‍” തൊമ്മന്‍ ക്യാമറയില്‍ പിസ നഗരത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.

“പിസ… നല്ല പേര്! മറ്റ് പട്ടണങ്ങളെ അപേക്ഷിച്ച് ‘പിസ’ എന്ന പേര് വ്യത്യസ്തമല്ലേ. ആ പേരിന്‍റെ ഉത്ഭവം എങ്ങനെയാണെന്ന് കുറേ ഗവേഷണമൊക്കെ നടത്തിനോക്കി. എന്നാല്‍, ബന്ധപ്പെട്ട ആധികാരികമായ വസ്തുതകളൊന്നും കിട്ടിയില്ല. BC 600 ഇല്‍, ‘ചതുപ്പ് നിലം’ (Marshy Land) എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ‘പിസ’ എന്ന പേര് ഉത്ഭവിച്ചത് എന്നാണ് പൊതുവേ പറയപ്പെടുന്നത്”

“അപ്പൊ ഉറപ്പില്ലാത്ത മണ്ണിന്‍റെ പ്രത്യേകത കൊണ്ടാണ് പിസയിലെ മണിഗോപുരം ചെരിഞ്ഞു പോയത് എന്നാണോ നീ പറയുന്നേ?” തൊമ്മന് സംശയം.

“അതേന്ന്‍… പിസ ഗോപുരത്തിന് പുറമേ, കത്തീഡ്രല്‍ സമുച്ചയത്തിലെ മാമോദീസ തൊട്ടി (Baptistery) മന്ദിരത്തിനും ചെരിവുണ്ട്. പിസയിലെ ചരിത്ര പ്രസിദ്ധമായ സെ. മൈക്കിള്‍ (Companile San Michele degli Scalzi), സെ. നിക്കോള്‍ (Campanile of San Nicola) പള്ളികളിലെ മണിമന്ദിരങ്ങള്‍ക്കും ഇതേ ചെരിവുണ്ടത്രേ…”

“എന്നാലും പിസ ഗോപുരം മാത്രല്ലേ ലോകപ്രശസ്തമായത്‌? ഒരു കത്തീദ്രലിന് വേണ്ടി പണിത മണിഗോപുരം, കത്തീദ്രലിനെക്കാള്‍ പ്രശസ്തമായതും പിന്നീട്, അതൊരു രാജ്യത്തിന്‍റെ തന്നെ അടയാളമായി മാറിയതും പിസ ഗോപുരത്തിന് മാത്രം അവകാശപ്പെട്ട പ്രത്യേകതയല്ലേ?”

“ഉം… അതെയതെ. ശരിക്കും പറഞ്ഞാല്‍ ഈ ലോകത്ത് പിസ ഗോപുരത്തേക്കാള്‍ ചെരിഞ്ഞ ഗോപുരങ്ങള്‍ വേറെയുമുണ്ട്. ജെര്‍മനിയിലെ ‘സുവോര്‍ഹുസെന്‍’ (The Leaning Tower of Suurhesen, Germany) എന്ന ഗോപുരത്തിന് പിസ ഗോപുരത്തെക്കാളും ചെരിവുണ്ട്. അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ് (Capital Gate, Abu Dhabi) ചെരിവ് മൂലം ഗിന്നസ് റെക്കോര്‍ഡ് നേടിയതാണ്. എന്നാലും, നമ്മുടെ ലാലേട്ടനെ പോലെ ചെരിഞ്ഞു നില്‍ക്കുന്ന പിസ ഗോപുരം ആര്‍ജ്ജിച്ച ആഗോള സ്വീകാര്യത മറ്റൊന്നിനുമില്ല. ശരിയല്ലേ…”

“ഉം ശരിയാ… പിന്നെ നമ്മുടെ ട്രോളുകളിലൊക്കെ പിസ ഗോപുരം ഒരു താരമാണല്ലോ. ‘തള്ളല്‍’ അവതാരങ്ങളെ ട്രോളാന്‍ പിസ ഗോപുരമുള്ള മെമേ ഉപയോഗിക്കുന്നത് ഇപ്പൊ ഒരു ട്രെന്‍ഡ് കൂടിയല്ലേ?”30698207_10215869522068357_6274221144823269211_n

“അത് മാത്രവോ; പിസ ഗോപുരത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ലൈക്കുകള്‍ വാരിക്കൂട്ടുക എന്നത് സോഷ്യല്‍ മീഡിയയിലെ എവര്‍ഗ്രീന്‍ ട്രെന്‍ഡാണ് മിഷ്ടര്‍ നിശ്ചല്‍ തൊമ്മന്‍…”

“ഓഹോ… നീ പതിവില്ലാതെ മേക്ക് അപ്പ് ഇട്ട് ഇറങ്ങിയതും എന്‍റെ ഫോട്ടോകളെ പുകഴ്ത്തുന്നതും കണ്ടപ്പോഴേ തോന്നി, അതെനിക്കുള്ള ഒന്നൊന്നര പണിയാണെന്ന്. കാള വാല് പോക്കുമ്പോഴേ…” തൊമ്മന്റെ വാക്കുകളില്‍ പരിഹാസം നിറഞ്ഞു നിന്നപോലെ തോന്നിയെങ്കിലും, ‘ആവശ്യക്കാരന് എന്ത് ഔചിത്യം’ എന്ന ഭാവത്തില്‍ തൊമ്മി ചിരിച്ചു നിന്നു.   

“ഛെ… അങ്ങനെ ഗൂഢോദ്ദേശ്യങ്ങള്‍ ഒന്നുമില്ലന്നെ. നമ്മള്‍ എത്ര നാളായി പിസ ഗോപുരം കാണണമെന്ന് ആഗ്രഹിക്കുന്നു. ഒരു കിടുക്കാച്ചി ഫോട്ടോ എടുത്തുതന്നേച്ചാ മതി; പോസ് ഒക്കെ ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്” കൈക്കൂലിയായി തൊമ്മന്‍റെ കവിളില്‍ നല്ല ചൂടന്‍ ഉമ്മ പതിയാന്‍ അധികം വൈകിയില്ല.

“ഉമ്മയിലൊന്നും വീഴുന്നവനല്ല ഈ തൊമ്മന്‍. എന്നാലും, നിന്റെ ആഗ്രഹമല്ലേ; നമുക്ക് നോക്കാം. നല്ല വെളിച്ചം ഉള്ളപ്പോള്‍ വരേണ്ടതായിരുന്നു. രാത്രി ആയത് കൊണ്ട് നല്ല ഫോട്ടോ കിട്ട്വോ ആവോ”    

വ്യത്യസ്തമായ രീതിയില്‍ എങ്ങനെയൊക്കെ പോസ്  ചെയ്യാമെന്നും, ആ ഫോട്ടോയ്ക്ക് എന്ത് കാപ്ഷന്‍ കൊടുക്കും എന്നും ഏതൊക്കെ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യണമെന്നും വളരെ വിശദമായ പഠനം നടത്തിയ ശേഷമാണ് ഈ തൊമ്മി പിസയ്ക്ക് വണ്ടി കയറിയതെന്ന് തൊമ്മന് അറിയില്ലല്ലോ; ‘പുവര്‍ ഫെല്ലോ’.

pisa funny final
Google Images

താമസിക്കുന്ന ഹോട്ടലിലെ സ്റ്റാഫ്‌ പറഞ്ഞു തന്ന വഴിയിലൂടെ തന്നെയാണ് പോകുന്നതെങ്കിലും, അവിടുത്തെ ആളൊഴിഞ്ഞ ഇടുങ്ങിയ പാതകള്‍ വഴി തെറ്റിയോ എന്ന സംശയം ഉണര്‍ത്തി. വിനോദസഞ്ചാരികളുടെ പറുദീസ’ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന പിസ പട്ടണത്തില്‍ ആള്‍ക്കൂട്ടവും തിരക്കും പ്രതീക്ഷിച്ച എന്‍റെ മനസ്സിനെ നിരാശപ്പെടുത്തുന്നതായിരുന്നു ചുറ്റിനുമുള്ള കാഴ്ചകള്‍.

“തൊമ്മാ, ടെന്‍ഷന്‍ ആവണ്ട. നമുക്ക് ചോയിച്ചു ചോയിച്ചു പോകാം”

“വഴി തെറ്റിയിട്ടൊന്നുമില്ല. മാപ്പില്‍ കറക്റ്റായിട്ടാ കാണിക്കുന്നേ. നിനക്ക് ഒന്ന് മിണ്ടാതിരിക്കാന്‍ പറ്റ്വോ…” തൊമ്മന്‍റെ വാക്കുകള്‍ തൊമ്മിയുടെ വായടപ്പിച്ചു കളഞ്ഞു. ഒടുവില്‍, നടന്നു നടന്ന് പ്രകാശപൂരിതമായ ചത്വരത്തിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിച്ചേര്‍ന്നു.pisa 2

പച്ചപ്പരവതാനിക്ക് നടുവില്‍ മന്ദസ്മിതം പൊഴിച്ചു നില്‍ക്കുന്ന പിസയിലെ ചെരിഞ്ഞ ഗോപുരത്തിന് മുന്‍പില്‍, നിന്നും ഇരുന്നും കിടന്നും താങ്ങി നിര്‍ത്തുന്ന രീതിയില്‍ ചാഞ്ഞും ചെരിഞ്ഞും ഫോട്ടോ എടുക്കാന്‍ പരിശ്രമിക്കുന്ന വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിസയിലെ കത്തീഡ്രല്‍ പള്ളിയും അതിനോട് ചേര്‍ന്ന മാമോദീസ തൊട്ടിയും, ‘കാമ്പോ സാന്തോ’ എന്ന പേരിലുള്ള സെമിത്തേരിയും ചെരിഞ്ഞ ഗോപുരവും ചേര്‍ന്ന പച്ചപ്പുല്‍ മൈതാനത്തെ ‘അത്ഭുതങ്ങളുടെ ചത്വരം(The Square of Miracles) എന്നാണ് വിശേഷിപ്പിക്കുന്നത്. വഴിയരികിലെ കച്ചവട സ്ഥാപനങ്ങളും ഗോപുരത്തെ അഭിമുഖീകരിച്ച് പുറത്തേയ്ക്ക് കസേരകള്‍ നിരത്തിയ റെസ്റ്റോറന്റുകളും ഐസ്ക്രീം (ജെലാത്തോ) കടകളും ആ ചത്വരത്തിനു ചുറ്റിലും പ്രകാശം പരത്തി ഉത്സവപ്രതീതിയില്‍ തിളങ്ങിനിന്നു.pisa 9 a

“തൊമ്മാ, ഈ പിസ ഗോപുരത്തിന്‍റെ ചെരിവ് മാറ്റി നിര്‍ത്തി നോക്കിയാല്‍ നമ്മുടെ കല്യാണത്തിന് മുറിച്ച പല നിലകളുള്ള തൂവെള്ള നിറത്തിലുള്ള കേക്ക് പോലെയില്ലേ?”

 “ന്‍റെ പൊന്നോ… അതൊക്കെ എന്തിനാ വെറുതേ ഓര്‍മ്മിപ്പിക്കുന്നത്. ഇവിടുത്തെ കാഴ്ചകള്‍ ഞാനൊന്ന് ആസ്വദിച്ചു വരുവാരുന്നു” കൈകള്‍ കൂപ്പി അപേക്ഷാ ഭാവത്തില്‍ പറഞ്ഞ മറുപടി കുറച്ചു ക്ഷീണം ഉണ്ടാക്കിയെങ്കിലും, ഫോട്ടോ എടുക്കേണ്ടത് ആവശ്യകത ആയിരുന്നതിനാല്‍ ആ പ്രസ്താവനയെ അവഗണിക്കുകയും മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ബുദ്ധിപരമായ നീക്കം എന്ന അനുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു.

30653033_10215870645456441_524342973433905152_n
പിസ കത്തീഡ്രല്‍ സമുച്ചയം

ഒരു ഐസ്ക്രീം കഴിച്ചാലോ തോമ്മാ?”

‘കിട്ടിയാ ഊട്ടി; ഇല്ലേല്‍ ചട്ടി’ എന്ന് മനസ്സില്‍ വിചാരിച്ചാണ് ചോദിച്ചതെങ്കിലും, അതിന് പിന്നിലെ നിഗൂഢ ലക്ഷ്യങ്ങള്‍ മനസ്സിലാവാതെ പാവം തൊമ്മന്‍ സമ്മതം മൂളി. ഐസ്ക്രീം കോപ്പയ്ക്കുള്ളില്‍ ഗോപുരത്തെ ഒതുക്കി നിറുത്തിയ രീതിയിലുള്ള ചിത്രം എടുക്കണമെന്നും, ‘ഐസ്ക്രീം കോപ്പയ്ക്കുള്ളിലെ അപാരത’ എന്ന കാപ്ഷനില്‍ ഫോട്ടോ പ്രസിദ്ധീകരിക്കണമെന്നും ഫോട്ടോഗ്രഫി ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ വാരി കൂട്ടണമെന്നും തൊമ്മി നേരത്തെ തന്നെ മനസ്സില്‍ കുറിച്ചിട്ടിരുന്നു. ജെലാത്തെരിയ (ഐസ്ക്രീം ഷോപ്പ്) ലക്ഷ്യമാക്കി തൊമ്മനോടൊപ്പം നടക്കുമ്പോള്‍, തന്‍റെ ഉദ്ദേശത്തിന്റെ ആദ്യഘട്ടം വിജയകരമാകുന്ന സന്തോഷത്തില്‍ ഉള്ളിന്‍റെയുള്ളില്‍ ഊറിച്ചിരിക്കുകയായിരുന്നു തൊമ്മി.pisa 3

തൊമ്മനറിയുവോ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ പിസയിലെ കത്തീഡ്രല്‍ പള്ളിയുടെ പുറകിലായി നിര്‍മ്മിച്ച മണിഗോപുരമാണ് ‘പിസയിലെ ചെരിഞ്ഞ ഗോപുരം’ എന്ന പേരില്‍ ലോകപ്രശസ്തമായത്. പ്രൗഢഗംഭീരമായ കത്തീഡ്രല്‍ പള്ളിയേക്കാളും പ്രശസ്തിയാണ് അതിന്‍റെ മണിഗോപുരത്തിന് കിട്ടിയത്; അല്ലെങ്കില്‍ മണിഗോപുരത്തിന്റെ പേരിലാണ് കത്തീഡ്രല്‍ അറിയപ്പെടുന്നത് എന്നും പറയാം. ഏകദേശം 56 മീറ്റര്‍ ഉയരത്തില്‍ എട്ടു നിലകളിലായി (മണി അറകള്‍ ഉള്‍പ്പടെ) നിര്‍മ്മിച്ച മുന്നൂറോളം പടികളുള്ള ഈ ഗോപുരം യൂറോപ്പിലെ ഏറ്റവും വലിയ മണിഗോപുരങ്ങളില്‍ ഒന്നാണ്. യുദ്ധങ്ങളും സാങ്കേതികമായ പ്രശ്നങ്ങളും അലട്ടിയ പിസ ഗോപുര നിര്‍മ്മാണം ഇരുനൂറു വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായതത്രേ…”

പുരാണം പറച്ചിലിന് അറുതി വരുത്തിക്കൊണ്ട്, ഏറ്റവും പ്രിയപ്പെട്ട ‘സെത്തെവേലി അല്‍ പിസ്താക്കിയോ’ ജെലാത്തോ (പേര് കേട്ടു പേടിക്കണ്ടാ, പിസ്താ ഫ്ലേവറില്‍ ഏഴ് രുചികള്‍ സംഗമിച്ച ഐസ്ക്രീം ആണിത്) മന്ദസ്മിതവുമായി മുമ്പില്‍ വന്നുചേര്‍ന്നു.pisa5കത്തീഡ്രല്‍ പള്ളിയുടെ പുറകിലായി 1174 ഓഗസ്റ്റ് 14—നാണ് വെളുത്ത മാര്‍ബിളുകള്‍ പാകി മണിഗോപുര നിര്‍മ്മാണം ആരംഭിച്ചത്. 1198—ല്‍ മൂന്നാം നിലയുടെ നിര്‍മ്മാണത്തിനിടയില്‍ ഗോപുരം ചെരിയുന്നതായി ശ്രദ്ധയില്‍ പെടുകയും, നിര്‍മ്മാണം താത്കാലികമായി നിറുത്തി വെക്കുകയും ചെയ്തു. ചെരിവിനെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങളായിരുന്നു പിന്നീട്.

1272ല്‍ ഗോപുര നിര്‍മ്മാണം പുനരാരംഭിച്ചു. ചെരിവിനെ മറികടക്കാന്‍ മുകള്‍നിലകളുടെ ഉയരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തിയാണ് നിര്‍മ്മിച്ചത്. ഇതുമൂലം ഗോപുരത്തിന്‍റെ ആകൃതിയില്‍ ഒരു ചെറിയ വളവ് (Curve) വന്നു എന്നല്ലാതെ, ചെരിവിന് പരിഹാരം നേടാന്‍ സാധിച്ചില്ല. ഗോപുരം വീണ്ടും ചെരിഞ്ഞു കൊണ്ടേയിരുന്നതിനാല്‍, നിര്‍മ്മാണം വീണ്ടും നിറുത്തി വെച്ചു. 1319—ലാണ് ഏഴാം നില പണിയുന്നത്. 1372—ല്‍ ഗോപുരത്തിന്‍റെ ഏറ്റവും മുകളിലായി മണിയറകള്‍ സ്ഥാപിച്ച് ഗോപുരനിര്‍മ്മാണം പൂര്‍ത്തിയാക്കി. ആയിരക്കണക്കിന് കിലോ ഭാരമുള്ള ഏഴ് മണികളാണ് ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ തൂക്കിയിരുന്നത്.

1987—ല്‍ UNESCO യുടെ ഹെറിറ്റേജ് സൈറ്റില്‍ ഇടം നേടിയ, പച്ചപ്പുല്ല് വിരിച്ച അത്ഭുതങ്ങളുടെ ചത്വരത്തിലെക്ക് ഐസ് ക്രീം നുണഞ്ഞു കൊണ്ട് ഞങ്ങള്‍ നടന്നു കയറി.

pisa 7final

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഈ ഗോപുരം ജെര്‍മ്മന്‍ പടയാളികളുടെ താവളമായിരുന്നുവത്രേ. ഇറ്റലിയില്‍ നുഴഞ്ഞു കയറിയ അമേരിക്കന്‍ സൈന്യത്തിന് ഇവിടെയുള്ള കെട്ടിടങ്ങള്‍ നശിപ്പിക്കാന്‍ ഉത്തരവ് കിട്ടിയിട്ടും, ഈ ഗോപുരം ഉള്‍പ്പെടുന്ന സമുച്ചയം അവര്‍ നശിപ്പിക്കാതെ വിട്ടു. ഒരു രാജ്യത്തിന്‍റെ അടയാളമായ ചരിത്രസ്മാരകം നശിപ്പിക്കണ്ട എന്നവര്‍ തീരുമാനിച്ചത് കാരണം, ഈ ഗോപുരത്തിന്‍റെ ഭംഗി നമുക്ക് ഇന്നും ആസ്വദിക്കാന്‍ സാധിക്കുന്നു. ശരിക്കും അമേരിക്കന്‍ സൈന്യത്തിന്‍റെ അനുകമ്പയുടെ…”

രണ്ടാം ലോക മഹായുദ്ധം’ എന്ന് കേള്‍ക്കുമ്പോഴേ ഹാലിളകുന്ന തൊമ്മന്റെ മുഖം കണ്ടതോടെ പറയാന്‍ വന്നതൊക്കെ വിഴുങ്ങി കളഞ്ഞു. പത്താം ക്ലാസില്‍ വെച്ചു തുടങ്ങിയതാണത്രേ രണ്ടാം ലോകമഹായുദ്ധത്തോടുള്ള ദേഷ്യം.

തോമ്മാ, ന്നാ ഒരു കാര്യം ചെയ്യ്‌… ദേ ഇതുപോലെ ഒരു പടം എടുത്തു തരാവോ?” ഐസ്ക്രീം കോപ്പയ്ക്കുള്ളില്‍ പിസ ഗോപുരം നിര്‍ത്തുന്ന രീതിയിലുള്ള ഒരു ചിത്രം കാണിച്ചു കൊടുത്തു.

ലൈറ്റ് ശരിയല്ല. ഇപ്പൊ ഈ സമയത്ത് ഇങ്ങനെ പടം എടുത്താല്‍ ശരിയാവില്ല. അതിനൊക്കെ നല്ല വെട്ടവും വെളിച്ചവുമുള്ളപ്പോള്‍ വേണം വരാന്‍” തൊമ്മന്‍ കൈമലര്‍ത്തി.

എടുക്കാന്‍ പറ്റില്ലെങ്കില്‍ അത് പറഞ്ഞാ പോരെ; വെറുതേ ലൈറ്റ്, ഫോക്കസ് എന്നൊക്കെ പറഞ്ഞോണ്ട് വരണ്ടാ… ഹല്ലാ പിന്നെ!” തൊമ്മിയും ദേഷ്യം മറച്ചുവെച്ചില്ല.

ന്നാ നമുക്കൊരു സെല്‍ഫി എടുക്കാം. ക്യാമറയില്‍ ടൈമര്‍ വെച്ച് എടുക്കാം. നീ ദാ അങ്ങോട്ട്‌ നീങ്ങി നിന്നോ”

ആഹ്… സെല്‍ഫി എങ്കില്‍ സെല്‍ഫി. ഞാന്‍ റെഡി.”

വളരെ വിദഗ്ദ്ധനായ ഫോട്ടോഗ്രാഫറുടെ ചാതുരിയോടെ ഗോപുരത്തിന്‍റെ മനോഹരമായ ഒരു ആങ്കിളില്‍ ക്യാമറ സെറ്റ് ചെയ്ത ശേഷം, “ചിന്‍ അപ്പ്; ഷോള്‍ഡര്‍ ഡൌണ്‍; ചിന്‍ പൊടിക്ക് അപ്പ്; ഐസ് ഓപ്പണ്‍… ഓക്കെ”

തൊമ്മന്‍ ഓടിവരുന്നത് കാത്ത്, മിന്നി മിന്നി തെളിയുന്ന ക്യാമറയില്‍ കണ്ണിമയ്ക്കാതെ നോക്കിനിന്ന തൊമ്മി പിന്നെ കേട്ടത് ഒരു അലര്‍ച്ചയാണ്. ‘വീണിതല്ലോ കിടക്കുന്നു ധരിത്രിയില്‍…’ എന്ന പരുവത്തില്‍ നെഞ്ചും തല്ലി നിലത്തുവീണു കിടക്കുകയാണ് മിസ്റ്റര്‍ തൊമ്മന്‍. ഇരുട്ടത്ത് ടൈമര്‍ സെറ്റ് ചെയ്ത് ധൃതിയില്‍ ഓടിവന്നപ്പോള്‍ അതിര് തിരിച്ചിരുന്ന ഇരുമ്പ് ചങ്ങലയില്‍ തട്ടി വീണതാണ് കക്ഷി.

ആറടി പൊക്കവും എണ്‍പത്തിയഞ്ചു കിലോ ഭാരമുള്ള ഘടാഘടിയനായ മനുഷ്യന്‍ വീണ ശബ്ദത്തില്‍ ആ ചത്വരം ഒരു നിമിഷം സ്തബ്ധമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അവിടുത്തെ മുഴുവന്‍ കണ്ണുകളും വീണു കിടക്കുന്ന തൊമ്മന്റെ മേലെ പതിഞ്ഞപ്പോള്‍, പെട്ടന്ന് എന്തു ചെയ്യണമെന്നറിയാതെ തൊമ്മി നിന്ന നില്‍പ്പില്‍ നിന്നുപോയി. ചമ്മല്‍ മറക്കാനായി, വേദന കടിച്ചമര്‍ത്തി മുഖത്ത് ചിരി വിരിയിച്ച് ചാടി എഴുന്നേറ്റ് നില്‍ക്കുന്ന തൊമ്മന്റെ അടുക്കലേക്ക് സഹായം വാഗ്ദാനം ചെയ്ത് ചുറ്റുമുണ്ടായിരുന്നവരും പോലീസും ഓടിക്കൂടി.

ഹേയ് ഒരു കുഴപ്പമില്ല… അയാം പെര്‍ഫെക്റ്റ്ലി ഓള്‍റൈറ്റ്” സഹായങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് തൊമ്മന്‍ പറഞ്ഞു.

ഭർത്താവ് ഇത്ര വലിയ വീഴ്ച വീണിട്ടും കൂളായി നിൽക്കുന്ന ഭാര്യയെ ചിലരെങ്കിലും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍, ദിവസത്തില്‍ ഒരു തവണയെങ്കിലും വീഴുകയോ തല, കൈ, കാല്‍ ആദിയായവ ഇടിപ്പിക്കുകയോ ചെയ്ത് തീരെ ശ്രദ്ധയില്ലാതെ നടക്കുന്ന ആളാണ്‌ ഈ നില്‍ക്കുന്നത് എന്ന് അവരോട് പറയാനൊന്നും തൊമ്മി മിനക്കെട്ടില്ല. ഒരു പൊതു ഇടത്തില്‍ വച്ച് കെട്യോനെ ആക്ഷേപിക്കാന്‍ പാടില്ലല്ലോ…

pisa 4

പിസ ഗോപുരത്തോടൊപ്പം വളരെ വ്യത്യസ്തമായ ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത് കൈയടി മേടിക്കണമെന്ന തൊമ്മിയുടെ ആഗ്രഹങ്ങള്‍ക്ക് മേലേയ്ക്കാണ് തൊമ്മന്‍ നെഞ്ചും തല്ലി വീണത്. ഇവിടം വരെ വന്നിട്ടും ഒരു സെൽഫി പോലും എടുക്കാൻ സാധിക്കാതെ പോയത് നിരാശ ചില്ലറയൊന്നുമല്ല സമ്മാനിച്ചത്. തിരികെ പോകുന്നതിനു മുമ്പ് ഒരു സെല്‍ഫിയെങ്കിലും മൊബൈലില്‍ എടുക്കാമെന്ന് കരുതി പതിയെ ചുറ്റിലും നോക്കി. അവിടെ കൂടിയിരുന്ന സഞ്ചാരികളുടെയും പോലീസിന്റെയും ശ്രദ്ധ അപ്പോഴും തങ്ങളുടെ മേലായിരുന്നതിനാല്‍ ആ ഉദ്യമം ഉപേക്ഷിക്കാന്‍ തൊമ്മി നിര്‍ബന്ധിതയായി.

‘എന്തൊക്കെയായിരുന്നു… മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, ഒലക്കേടെ മൂട്, തേങ്ങാക്കൊല… അവസാനം പവനായി നെഞ്ചും തല്ലി വീണേക്കുന്നു’ തൊമ്മി മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു.
pisa 8

റൂമില്‍ എത്തിയ ശേഷം, പിറ്റേന്ന് പുലര്‍ച്ചെ താമസസ്ഥലമായ സിസിലിക്ക് (ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ദ്വീപാണ് സിസിലി) പോകാനായി സാധനങ്ങളെല്ലാം തയ്യാറാക്കി വെക്കുകയായിരുന്നു തൊമ്മി.

നീ വിഷമിക്കുവൊന്നും വേണ്ട. പിസ ഗോപുരം ഉടനെ ചെരിഞ്ഞു വീഴുവൊന്നുമില്ല. ചെരിവ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് കിലോ ഭാരമുള്ള മണികള്‍ അഴിച്ചു മാറ്റുകയും ടണ്‍ കണക്കിന് ഭാരമുള്ള ബ്രിക്കുകള്‍ (Counter Weights) ഇറക്കി വെച്ചിരിക്കുന്നതുമൊക്കെ നീ കണ്ടതല്ലേ. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍, 200 വര്‍ഷങ്ങള്‍ കൂടി ഈ ഗോപുരം നിലനില്‍ക്കുമെന്നാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പിസയ്ക്ക് നമുക്കിനിയും വരാമല്ലോ. നല്ല ഭംഗിയായി ഫോട്ടോയും എടുക്കാം…” വേദനയും ക്ഷീണവും അലട്ടിയെങ്കിലും തൊമ്മിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു തൊമ്മന്‍.

വേണ്ട തോമ്മാ. പിസ ഗോപുരം അത്ര നല്ലതൊന്നുമല്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സിസിലിയുടെ ഭരണം പിന്‍വലിച്ച് അവിടുത്തെ സമ്പത്ത് മുഴുവന്‍ അടിച്ചുമാറ്റി നിര്‍മ്മിച്ചതാണ് പിസയിലെ കത്തീഡ്രല്‍ സമുച്ചയമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അക്കാലത്തെ പിസ ഭരണാധികാരി തന്‍റെ രാജ്യത്തിന്‍റെ പ്രൌഡി കാണിക്കാനായി ആഡംബര മന്ദിരങ്ങളും ആരാധനാലയങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്, നമ്മുടെ സിസിലിയുടെ സമ്പത്താണ്‌. സിസിലി പാപ്പരായി എന്ന് മാത്രമല്ല, നോര്‍ത്ത് ഇറ്റലിക്കാര്‍ക്ക് സിസിലിയോട് പുച്ഛമാണ് താനും. വര്‍ഷങ്ങളായി സിസിലിയില്‍ താമസിക്കുന്ന നമ്മള്‍, പിസ ഗോപുരം ഇത്രേം ഒക്കെ കണ്ടാ മതി…”

അല്ലേലും കിട്ടാത്ത മുന്തിരി പുളിക്കും ന്നാ കാര്‍ന്നോന്‍മാര്‍ പറഞ്ഞിരിക്കുന്നേ…” തൊമ്മന്‍ പുതപ്പും വലിച്ചിട്ട് തിരിഞ്ഞു കിടന്നു.

അമ്മു ആന്‍ഡ്രൂസ്