“നതാലെ കോണ്‍ ഇ തുവോയ്, പാസ്ക്വ കോണ്‍ കി വോയ്…” എന്ന് വെച്ചാല്‍, ‘ക്രിസ്തുമസ് കുടുംബത്തോടൊപ്പം ആഘോഷിക്കൂ, ഈസ്റ്റര്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ളവരോടോപ്പവും’ (Spend Christmas with your family, and Easter with whomever you please’) എന്നതാണ് ഇറ്റലിയിലെ ഈസ്റ്റര്‍ ആപ്തവാക്യം.
‘പാസ്ക്വ’ (Pasqua) എന്നാണു ഇറ്റാലിയന്‍ ഭാഷയില്‍ ഈസ്റ്റര്‍ അറിയപ്പെടുന്നത്. ഈസ്റ്റര്‍ പിറ്റേന്ന് ‘ലിറ്റില്‍ ഈസ്റ്റര്‍’ അല്ലെങ്കില്‍ ‘പസ്ക്വെത്താ’ (Easter Monday) എന്ന പേരിലും പൊതുഅവധി ദിവസമായി ആഘോഷിക്കുന്നു. ഈസ്റ്റര്‍ സമയത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപഭംഗിയില്‍, സമ്മാനങ്ങള്‍ ഒളിപ്പിച്ചുവെച്ച ചോക്ലേറ്റ് മുട്ടകളും ചോക്ലേറ്റ് ബണ്ണികളും കൊണ്ട് നിറഞ്ഞിട്ടുണ്ടാവും.
കടുംശൈത്യം അവസാനിച്ച് നല്ല തെളിഞ്ഞ വെയിലുള്ള, ദൈര്‍ഘ്യം കൂടിയ പകലുള്ള വസന്തകാലത്താണ് യൂറോപ്പിലെ ഈസ്റ്റര്‍ ആഘോഷമെന്നതിനാല്‍, ‘ഈസ്റ്റര്‍’ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ പുതുജീവന്‍റെ പ്രതീകമായാണ് ഈസ്റ്റര്‍ മുട്ടയും ബണ്ണിയും ഈ ആഘോഷത്തിന്‍റെ ഭാഗമായി മാറുന്നത്…
ഈസ്റ്റര്‍ മുട്ടയുടെയും ബണ്ണിയുടെയും പിന്നിലുള്ള കഥ വായിക്കാം; വസന്തത്തിന്‍റെ പ്രതീകമായ്, ഈസ്റ്റര്‍ മുട്ടയും ബണ്ണിയും…
നിറങ്ങളുടെ ഉത്സവമായി ഈസ്റ്റര്‍
ഓരോ പുല്‍നാമ്പിലും പൂക്കള്‍ വിരിയുന്ന വര്‍ണ്ണാഭമായ വസന്തകാല ആഘോഷമാണ് ഈസ്റ്റര്‍. നാല്‍പതു ദിവസം ആഘോഷപരിപാടികളും മംസവിഭവങ്ങളും വര്‍ജ്ജിച്ച്, ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും കുമ്പസാരത്തിലൂടെയും, ആത്മാവും ശരീരവും പവിത്രമാക്കിക്കൊണ്ടാണ് നമ്മള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്.
ക്രിസ്തുമസ് കഴിഞ്ഞാല്‍, ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വലിയ ഉത്സവമാണ് ഈസ്റ്റര്‍ എന്നുതന്നെ പറയാം. പള്ളികളില്‍ പ്രത്യേകമായ ചടങ്ങുകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. കട്ടികൂടിയ ഇരുണ്ട കമ്പിളിവസ്ത്രങ്ങള്‍ക്ക് പകരം, തെളിഞ്ഞ നിറങ്ങളുള്ള വസന്തകാല പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. നിറമുള്ള ഈസ്റ്റര്‍ മുട്ടകള്‍ കുട്ടകളില്‍ നിരത്തി വീടുകള്‍ അലങ്കരിച്ചും ഉറ്റബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ കൈമാറിയും ഈസ്റ്ററിനെ അവിസ്മരണീയമാക്കുന്നു.
ഈസ്റ്റര്‍ സ്പെഷ്യല്‍ വിഭവങ്ങള്‍
ഈസ്റ്റര്‍ ദിനത്തില്‍ തീന്‍മേശകളില്‍ വീഞ്ഞും വിവിധതരം ചീസുകളും ബ്രെഡുകളും നാനാതരം മാംസ്യവിഭവങ്ങളും നിരക്കുമെങ്കിലും പ്രധാന വിഭവം ആട്ടിറച്ചിയാണ് (മാട്ടിറച്ചി— lamb) എന്ന് പറയാതെ വയ്യ. മുട്ടയും ചീസുകളും പ്രധാന ചേരുവയാകുന്ന വിവിധയിനം ഉപ്പ് കേക്കുകളും (salt cakes) മേശകളില്‍ നിരന്നിട്ടുണ്ടാവും.
ഈസ്റ്റര്‍ മധുരം: ഇറ്റലിയിലെ സിസിലിയില്‍, ആട്ടിന്‍കുട്ടിയുടെ ആകൃതിയിലുള്ള മധുരപലഹാരം (ല പേക്കോറെല്ല/ La Pecorella) തയ്യാറാക്കി നിറമുള്ള മുട്ടകള്‍, ചോക്ലേറ്റ് മുട്ടകള്‍ എന്നിവ കൊണ്ട് അലങ്കരിച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന ഒരു ചടങ്ങ് കൂടെയുണ്ട്. ബദാമും പഞ്ചസാരയും കുഴച്ചുണ്ടാക്കുന്ന മാവ് ആട്ടിന്‍കുട്ടിയുടെ ആകൃതിയിലുള്ള മോള്‍ഡുപയോഗിച്ച് തയ്യാറാക്കി നിറം കൊടുത്ത് സമ്മാനിക്കുന്ന ഒരു ഈസ്റ്റര്‍ വിഭവമാണിത്.
ഈസ്റ്റര്‍ കേക്ക്: ഇറ്റലിയിലെ ഈസ്റ്ററിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം ‘ല കൊളോമ്പ’ (La Colomba) എന്ന പേരില്‍ അറിയപ്പെടുന്ന പ്രാവിന്‍റെ ആകൃതിയിലുള്ള കേക്ക് ആണ്. ‘കൊളോമ്പ’ എന്നാല്‍ ‘പ്രാവ്’ എന്നര്‍ത്ഥം. ഓറഞ്ച് തൊലികളും വാനിലയും ഉണക്കപഴങ്ങളും ചേര്‍ത്ത് ഉണ്ടാകുന്ന ഈ മാര്‍ദ്ദവമേറിയ കേക്കിനു പിന്നിലും ഒരു കഥയുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കഥയാണിത്. വായിക്കൂ; സമാധാനത്തിന്‍റെ പ്രതീകമായി, ഈസ്റ്റര്‍ കേക്ക്
അമ്മു ആന്‍ഡ്രൂസ്.