ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ഓര്‍മ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍. ദാരിദ്ര്യത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും ഇരയായി കഷ്ടതകള്‍ അനുഭവിക്കുന്ന മാനവകുലത്തിന് പ്രത്യാശയുടെയും പുതുജീവന്‍റെയും ആഹ്വാനമാണ് ഈസ്റ്റര്‍ എന്ന ഉയിര്‍പ്പ്തിരുന്നാള്‍ നല്‍കുന്നത്. ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത ദൈവപുത്രന്‍റെ പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം ആചരിക്കുന്നു.

നോമ്പും,\ ഉപവാസവും പ്രാര്‍ത്ഥനയുമോക്കെയായി ഭക്തിപുരസ്സരം ആചരിക്കുന്ന ഈസ്റ്റര്‍, ക്രിസ്തുമസ് പോലെതന്നെ വലിയ ഒരു ക്രൈസ്തവ ആഘോഷമാണ്. വര്‍ണ്ണങ്ങളില്‍ വിരാജിക്കുന്ന ഈസ്റ്റര്‍ മുട്ടകളും ഓമനത്തം തുളുമ്പുന്ന ഈസ്റ്റര്‍ ബണ്ണിയും മാധുര്യമാര്‍ന്ന ചോക്ലേറ്റ് മുട്ടകളും അവയ്ക്കുള്ളിലെ സര്‍പ്രൈസ് സമ്മാനങ്ങളും ഈസ്റ്ററിനെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്നു.Presentation5

ഈസ്റ്റര്‍ തലേന്ന് രാത്രിയില്‍ സാന്താക്ലോസ്സിനെ പോലെതന്നെ ‘ഈസ്റ്റര്‍ ബണ്ണി’ ഒരു കുട്ടനിറയെ പലനിറങ്ങളിലുള്ള മുട്ടകളും ചോക്ലേറ്റ് മുട്ടകളും ജെല്ലി മിഠായികളും സര്‍പ്രൈസ് സമ്മാനങ്ങളും  മിടുക്കരായ കുട്ടികള്‍ക്ക് പൂന്തോട്ടത്തില്‍ (അല്ലെങ്കില്‍ വീടിനുള്ളില്‍) ഒളിപ്പിച്ചു വെക്കുമെന്നതാണ് വിശ്വാസം.

എന്നാല്‍, എന്താണ് ഈസ്റ്റര്‍ മുട്ടയ്ക്കും ബണ്ണിയ്ക്കും പിന്നിലുള്ള കഥ?

ആദ്യമേതന്നെ പറയട്ടെ, ക്രൈസ്തവ ആചാരങ്ങളുമായി അല്ലെങ്കില്‍ ബൈബിളുമായി ബന്ധപ്പെട്ട ഒന്നല്ല ബണ്ണിയുടെയും മുട്ടയുടെയും ചരിത്രം. വടക്കന്‍ യൂറോപ്പിലെ വിജാതീയരില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടയും ബണ്ണിയുമായി ബന്ധപ്പെട്ട കഥകളുടെ ഉത്ഭവം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിജാതീയരുടെ വസന്തകാല ആഘോഷങ്ങളുടെ ഭാഗമായിരുന്ന എസ്തേര്‍ ദേവതയുടെ ആഘോഷമാണ് ഇതിനു നിമിത്തമായത് എന്ന് കരുതപ്പെടുന്നു. പുതുജീവന്‍റെയും, വസന്തകാലത്തിന്‍റെയും പ്രതീകമായി കണക്കാക്കിയിരുന്ന മുട്ടയും, മുയല്‍ക്കുട്ടിയും പിന്നീട് യൂറോപ്പില്‍ ക്രൈസ്തവമതം പ്രചരിച്ചപ്പോള്‍ ഉയിര്‍പ്പുതിരുന്നാളിന്‍റെ ഭാഗമായി മാറുകയായിരുന്നു.

കടുംശൈത്യം അവസാനിച്ച്, നല്ല തെളിഞ്ഞ വെയിലുള്ള പകല്‍ ദൈര്‍ഘ്യം കൂടിയ വസന്തകാലത്താണ് (Spring) ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുന്നത്. വസന്തകാലത്തിന്‍റെ പ്രതീകമായാണ് മുട്ടയും, മുയല്‍ക്കുഞ്ഞുങ്ങളും എന്നതിനാല്‍ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി മാറിയതാണെന്ന് പൊതുവായി പറയാം. കാലക്രമേണ ലോകമെമ്പാടും ഈ രീതികള്‍ പിന്തുടര്‍ന്നു.

ഈസ്റ്റര്‍ മുട്ട

ഈസ്റ്റര്‍ സമയത്ത് പല നിറങ്ങളില്‍ അലങ്കരിച്ച മുട്ടകള്‍ കുട്ടയിലാക്കി വീട് അലങ്കരിക്കുന്ന പതിവുണ്ട്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഈസ്റ്ററുമായി ബന്ധപ്പെട്ട് ‘ഈസ്റ്റര്‍ മുട്ട’കള്‍ പ്രചാരത്തിലുണ്ടെങ്കിലും അതിന്‍റെ പിന്നില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യന്‍ ജനതയാണ് മുട്ടകളില്‍ നിറം കൊടുത്തും, അലങ്കാരപ്പണികള്‍ ചെയ്തും ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനങ്ങളായി കൈമാറി തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.easter egg 2

‘മുട്ട’ പുതുജീവന്‍റെ പ്രതീകമാണ്. മുട്ടയുടെ തോട് യേശുവിന്‍റെ കല്ലറയായും, മുട്ടത്തോട് പൊട്ടിച്ച് കോഴിക്കുഞ്ഞ് ജനിക്കുന്നത് പുനരുത്ഥാനത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനിക്കാം. എന്നാല്‍, ചിലര്‍ മുട്ടയെ ‘യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ മൂടി’യായും സങ്കപ്പിക്കാറുണ്ട്.

പ്രാചീന കാലത്ത് വലിയ നോമ്പില്‍ മുട്ട വര്‍ജ്ജിച്ചിരുന്നു എന്നും, അങ്ങനെ ഓരോ ദിവസത്തെയും മുട്ട സൂക്ഷിച്ചുവെച്ച് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷിക്കുക എന്ന രീതി നിലനിന്നിരുന്നു എന്നും പറയുന്നവരുണ്ട്.easter egg

1878—ല്‍ അമേരിക്കന്‍ പ്രസിഡന്‍റ‌് ആയിരുന്ന റൂഥര്‍ഫോര്‍ഡ് ആണ് ഈസ്റ്റര്‍ പിറ്റേന്ന് വൈറ്റ് ഹൗസില്‍ ഈസ്റ്റര്‍ മുട്ടകൊണ്ടുള്ള കളികള്‍ (Easter Egg Hunt) ആരംഭിച്ചത്. നന്നായി പുഴുങ്ങിയ (Hard Boiled Coloured Egg) മുട്ടകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഈസ്റ്ററുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് വളരെ പ്രധാനപ്പെട്ടതാണ്.

നമ്മുടെ നാട്ടില്‍ ചില ഇടവകകളില്‍ പുലര്‍ച്ചെ 3 മണിക്കുള്ള ഉയിര്‍പ്പ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം കട്ടന്‍കാപ്പിയോടൊപ്പം ഈസ്റ്റര്‍ മുട്ട വിതരണവും, നറുക്കെടുപ്പും നടത്താറുണ്ട്.

ഈസ്റ്റര്‍ ബണ്ണി

ഈസ്റ്റര്‍ ബണ്ണി എന്ന പേരില്‍ ഒരു മുയല്‍ക്കുഞ്ഞിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങളും, ചോക്ലേറ്റുകളും, അലങ്കാര വസ്തുക്കളും ഈസ്റ്റര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണെങ്കിലും അതിന്‍റെ പിന്നിലെ കഥയും ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ്‌. കൃത്യമായ ചരിത്രം അജ്ഞാതമാണെങ്കിലും  യൂറോപ്പിലെ വിജാതീയ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായാണ് ഈസ്റ്റര്‍ ബണ്ണികള്‍ കരുതിപ്പോരുന്നത്.easter-bunny-1024x768

മുയല്‍, പ്രത്യുല്‍പ്പാദനത്തിന്‍റെയും വസന്തകാലത്തിന്‍റെയും പ്രതീകമായതിനാലാണ് ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഘടകമായി മാറിയതെന്ന് പറയപ്പെടുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കയിലെ പെന്നിസില്‍വാനിയയില്‍ കുടിയേറിയ ജര്‍മ്മന്‍ വംശജരാണ്‌ ഈ ആചാരങ്ങളും വിശ്വാസങ്ങളും അമേരിക്കയിലും തുടര്‍ന്ന് ലോകമെമ്പാടും പ്രചരിക്കാന്‍ കാരണമായത്.

ഏറെ പ്രചാരത്തിലുള്ള ഐതീഹ്യം, വസന്തത്തിന്‍റെയും പ്രത്യുല്‍പ്പാദനത്തിന്‍റെയും ദേവതയായ  ‘ഈസ്തെര്‍’\’എസ്തേറു’മായി ബന്ധപ്പെട്ടതാണ്. (The Anglo— Saxon Goddess of Spring , Eastre\ Eostre or Oestre) ‘കിഴക്കുദിക്കുന്ന പ്രകാശം’, ‘അരുണശോഭയുള്ളവള്‍’ എന്നൊക്കെ അര്‍ത്ഥംവരുന്ന ഈസ്തെര്‍ വിജാതീയ ദേവതയാണ്. ജര്‍മ്മന്‍ ഭാഷയില്‍, ‘ഒസ്താര’ എന്ന് പേരുള്ള ഈ ദേവത സൂര്യോദയത്തിന്‍റെയും വസന്തകാലത്തിന്‍റെയും ദേവതയായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമതം സ്വീകരിക്കുന്നതിനു മുന്‍പ് ഈ ദേവതയെ റോമന്‍ ജനത ആരാധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. സ്ത്രീ ലൈംഗികഹോര്‍മോണായ ഈസ്ട്രോജന്‍ (Estrogen) എന്ന പേര്, ഈ ദേവതയുടെ പേരില്‍ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.ostara4

കടുത്ത ശൈത്യം അവസാനിച്ച് സൂര്യപ്രകാശമുള്ള, തെളിഞ്ഞ, ദൈര്‍ഘ്യം കൂടിയ ദിനങ്ങള്‍ സമാഗതമാകുന്ന വസന്തകാലത്ത് പുതുജീവന്‍ ഉത്പാദിപ്പിക്കാനുള്ള അല്ലെങ്കില്‍ പ്രത്യുല്പാദനത്തിനുള്ള ത്വര മനുഷ്യരിലും, മൃഗങ്ങളിലും, സസ്യങ്ങളിലും ജനിപ്പിക്കുന്നത് ഈ ദേവത ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കാണാന്‍ അഴകും ഓമനത്തവുമുള്ള മുയല്‍ക്കുട്ടി എസ്തേര്‍ ദേവതയുടെ സന്തതസഹചാരിയാണെന്നും, ‘ഈസ്റ്റര്‍’ എന്ന പേരിനൊപ്പം മുയല്‍ക്കുട്ടിയും ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി മാറിയതാണെന്നും പറയപ്പെടുന്നു.

ഈസ്റ്റര്‍ ബണ്ണിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അനവധി ജര്‍മ്മന്‍ കഥകളില്‍ ഒന്ന്, വസന്തകാലത്ത് നിറമുള്ള മുട്ടയിടുന്ന ‘ഒസ്തെര്‍ഹെസ്’ (OSterhase or Oschter Haws) എന്ന മുയലുമായി ബന്ധപ്പെട്ടതാണ്. അമേരിക്കയില്‍ കുടിയേറിയ ജര്‍മ്മന്‍ വംശജരായ കുട്ടികള്‍ ഈ മുയലിന് മുട്ടയിടാനായി കൂടോരുക്കിയിരുന്നു. ഈസ്റ്റര്‍ തലേന്ന് ആ കൂടുകളില്‍ നിറമുള്ള മുട്ടകളും ചോക്ലേറ്റ് മുട്ടകളും കിട്ടുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ആ രീതികള്‍ അമേരിക്കന്‍ ജനത ഏറ്റെടുക്കാന്‍ കാലതമസമുണ്ടായില്ല.chocolateeasterbunny

ഈസ്റ്റര്‍ ബണ്ണി, മുട്ട എന്നിവയ്ക്ക് പുറമേ ജര്‍മ്മനിയില്‍ ഈസ്റ്റര്‍ കുറുക്കന്‍(Easter Fox ), സ്വിറ്റ്സര്‍ലാന്‍ഡില്‍ ഈസ്റ്റര്‍ കുരുവി (Easter Cuckoo)  എന്നിവയും പ്രചാരത്തിലുണ്ട്.

അമ്മു ആന്‍ഡ്രൂസ്.