“നിങ്ങള്‍ക്ക് ഇത് ‘മൗണ്ട് എത്ന’യാണ്, എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയില്‍ ‘ഇദ്ദ’ (Idda) യാണ്. അതായത് ‘അവള്‍’, അല്ലെങ്കില്‍ ‘അമ്മ’ എന്നര്‍ത്ഥം. ഞങ്ങള്‍ ഇവളുടെ ഔദാര്യം പറ്റി ജീവിക്കുന്നവരാണ്. സ്ഫോടനം നടക്കുന്നതും, ലാവ ഒഴുകുന്നതും നിങ്ങള്‍ക്ക് ഭയമായിരിക്കാം, നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് അത് ഇവളുടെ കനിവാണ്. ‘ഇവള്‍ നല്‍കുന്നത്, ഇവള്‍ എടുക്കുന്നത് പോലെ’യാണ് ഞങ്ങള്‍ക്ക്. ഞങ്ങളുടെ കൃഷി ഇവള്‍ കനിഞ്ഞു നല്‍കിയ ധാതുലവണങ്ങളാല്‍ ഫലഭൂയിഷ്ടമായ മണ്ണിലാണ്. എന്‍റെ വരുമാനം നിങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇവളുടെ കഥകള്‍ പറഞ്ഞു നല്‍കുന്നതിലും…” ലോകത്തിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവ്വതങ്ങളിൽ ഒന്നായ, യൂറോപ്പിലെ എറ്റവും ഉയരം കൂടിയ സജീവഅഗ്നിപർവ്വതമായ ‘മൗണ്ട് എത്ന’ (Mt. Etna)യുടെ പുകഞ്ഞു കൊണ്ടിരിക്കുന്ന ശൃംഗത്തിലെക്ക് കണ്ണുനട്ടുകൊണ്ട് വികാരഭരിതനായി ടൂറിസ്റ്റ് ഗൈഡ് പറയുന്ന വാക്കുകള്‍…

etna 5
Mt. എത്ന

യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ സജീവ അഗ്നിപര്‍വ്വതത്തിന്‍റെ (Active Volcano) മുന്‍പില്‍ നില്‍ക്കുമ്പോള്‍ പുതുതായി ഉയര്‍ന്നുവന്ന അഗ്നിപര്‍വ്വത മുഖം (Summit Centre) എരിയുന്നുണ്ടായിരുന്നു.

video is available in youtube: https://youtu.be/fXzDxrNM04w

etna 16ഏകദേശം രണ്ടാഴ്ച മുന്‍പ് ഭീകരമായ പൊട്ടിത്തെറിയും, ലാവാപ്രവാഹവും മൂലം നിരവധി ആളുകള്‍ക്ക് പരിക്കും പൊള്ളലും ഏല്‍പ്പിച്ച അവള്‍, ഒരു ചെറിയ വിശ്രമത്തിന് ശേഷം വീണ്ടും ആക്റ്റീവ് ആവുകയാണ്. ഓരോതവണ ലാവാപ്രവാഹം ഉണ്ടാകുന്നതിനു മുന്‍പും പുതിയ ഒരു പര്‍വ്വതമുഖം ഉയര്‍ന്നു വരും. അത് പതിയെ എരിഞ്ഞു തുടങ്ങുകയും, അതില്‍നിന്നും പുക ബഹിര്‍ഗമിക്കുകയും ചെയ്യും. പിന്നീട്, പൊട്ടിത്തെറിച്ച് ലാവ പ്രവഹിക്കുകയാണ് ചെയ്യുന്നത് (Stratovolcanoes). അതുകൊണ്ടുതന്നെ പര്‍വ്വതത്തിന്‍റെ മുകളിലേക്ക് സഞ്ചാരികള്‍ക്ക് എത്തിപ്പെടാനായി പല പ്രോജക്റ്റുകള്‍ പ്ലാന്‍ ചെയ്തിട്ടും വിഫലമാവുകയാണ്; കാരണം, എവിടെയാണ് പുതിയ പര്‍വ്വതമുഖം ഉയര്‍ന്നുവരികയെന്ന് പ്രവചിക്കനാവില്ലാത്രേ..

etna 7
ലാവ ഒഴുകുന്ന താഴ്വാരം

“വലതു വശത്തേയ്ക്ക് നോക്കൂ, ദാ ഇവിടെയൊക്കെ രണ്ടാഴ്ച മുന്‍പ് ലാവ ഒഴുകിയതാണ്. അന്നിവിടെ മുഴുവന്‍ മഞ്ഞില്‍ മൂടികിടക്കുകയായിരുന്നു. BBC യുടെ റിപ്പോര്‍ട്ടര്‍മാര്‍ ഷൂട്ടിംഗ് ചെയ്യുന്നതിനിടയിലാണ് പെട്ടന്ന് ഭീകരമായ ശബ്ദത്തില്‍ പൊട്ടിത്തെറി നടന്നത്. അതിവേഗത്തില്‍ പാഞ്ഞു വരുന്ന പാറക്കഷ്ണങ്ങളില്‍ നിന്നും, ചുട്ടുപൊള്ളുന്ന പുകയില്‍ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടയില്‍ പലര്‍ക്കും അപകടങ്ങള്‍ സംഭവിച്ചു. പെട്ടന്നുതന്നെ അവരെയെല്ലാം അവിടെനിന്ന് രക്ഷപ്പെടുത്തിയെങ്കിലും നിരവധി ആളുകള്‍ക്ക് തലയ്ക്ക് പരിക്കും, പൊള്ളലും മറ്റ് ആരോഗ്യപ്രശ്നങ്ങളും സംഭവിച്ചു. മഞ്ഞിലേക്ക് ലാവ പതിച്ചതിനാല്‍ അതിഭീകരമായ പൊട്ടിത്തെറിയായിരുന്നു നടന്നത്. അതിനുശേഷം സഞ്ചാരികളെ മുകളിലേക്ക് പ്രവേശിപ്പിക്കുന്നില്ലായിരുന്നു.” അദ്ദേഹത്തിന്‍റെ വാക്കുകള്‍ തെല്ലൊരു ഭയത്തോടെയാണ് ഞങ്ങള്‍ ശ്രവിച്ചത്…

“കൂടെയുണ്ടായിരുന്ന അനവധിപേര്‍ക്ക് അപകടമുണ്ടായി; തലയ്ക്ക് പരിക്ക്, മുറിവുകള്‍, പൊള്ളലുകള്‍. കൂടെയുണ്ടായിരുന്ന വോല്‍ക്കാനോളജിസ്റ്റിന്‍റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്‍റെ മുപ്പതുവര്‍ഷത്തെ കരിയറില്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരു അനുഭവമത്രേ. ചുട്ടുപൊള്ളുന്ന വായുവും, പറന്നുവരുന്ന കല്ലുകളും— ഇനി ഇത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ” BBC യുടെ റിപ്പോര്‍ട്ടര്‍ ‘റബേക്ക മൊറെല്ലെ’ അപകടത്തിനു ശേഷം ട്വിറ്ററില്‍കുറിച്ച വരികള്‍ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ലാവാസ്ഫോടനത്തിന്‍റെ ഭീകരത വെളിവാക്കുന്നുണ്ട്…

Mt. Etna (എത്ന)

ഇറ്റലിയിലെ സിസിലി ദ്വീപില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് എത്ന, സാഹസികത ആഗ്രഹിക്കുന്നവർക്കും വിജ്ഞാനകുതുകികൾക്കും ഒരു പറുദീസാ തന്നെയാണ്. പ്രകൃതിയുടെ കരവിരുത് അടുത്തറിയാനും ഇപ്പോഴും നിഗൂഢമായ രഹസ്യങ്ങളുടെ ചുരുളഴിക്കാനുമായി വർഷംതോറും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളും, ഭൂശാസ്ത്ര ഗവേഷകരുമാണ് ഇവിടെ എത്തിചേരുന്നത്.etna 23

ഉയരം ഏകദേശം 3,350 മീറ്റര്‍ (10,900 അടി) ആണെങ്കിലും അതൊരു കൃത്യമായ കണക്കല്ല. കാരണം, ഇടയ്ക്കിടെ ഉണ്ടാവുന്ന ഭൂചലനങ്ങളും, ഉയര്‍ന്നു വരുന്ന പുതിയ ലാവാമുഖങ്ങളും പര്‍വ്വതത്തിന്‍റെ ഉയരത്തില്‍ എപ്പോഴും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. 140 കീ.മീ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഇറ്റലിയിലെ ഏറ്റവും ഉയരംകൂടിയ സജീവ അഗ്നിപർവ്വതം സിസിലിയ ദ്വീപിലെ പ്രമുഖ തുറമുഖപട്ടണമായ ‘കതാനിയ’ (Catania) യിലാണ് സ്ഥിതിചെയ്യുന്നത്. എത്ന അഗ്നിപർവ്വതത്തിൽ നിന്നും വമിക്കുന്ന ചാരവും പുകയും ‘കറുപ്പിച്ച നഗരമാണ്’ കാതാനിയ എന്ന് പൊതുവെ ഒരു പരാമർശം തദ്ദേശവാസികൾക്കിടയിലുണ്ട്…

എരിയുന്ന എത്ന അഗ്നിപര്‍വ്വതം (Mt.Etna)

‘ഞാൻ എരിയുന്നു’ (I burn) എന്നർത്ഥം വരുന്ന ‘ഐയ്ത്ന’ (Aitne) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ‘എത്ന’ (Etna) എന്ന പേര് ഉത്ഭവിച്ചിരിക്കുന്നത്. ഇതൊരു ‘സ്ട്രാറ്റോ വോള്‍ക്കാനോ’(Stratovolcano ) ആണ്. പിരമിഡ് പോലെ ത്രികോണാകൃതിയില്‍ ഉയര്‍ന്നു വരുന്ന താരതമ്യേനെ ചെറിയ അഗ്നിപര്‍വ്വത മുഖമുള്ള (Summit Centers) അത്യന്തം അപകടകാരിയായ വൊള്‍ക്കാനോ.

ആഫ്രിക്കന്‍ ഫലകവും(African Plate) യൂറേഷ്യന്‍ ഫലകവും (Eurasian Plate) തമ്മുള്ള ഉരസല്‍ മൂലമാണ് എത്ന അഗ്നിപര്‍വ്വതം രൂപം കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ ലാവാപ്രവാഹത്തെ നിയന്ത്രണവിധേയമാക്കാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ചാലുകള്‍ നിര്‍മ്മിച്ചും മറ്റു പല വിധത്തിലും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഈ ശ്രമങ്ങളെല്ലാം വിഫലമായി പരിണമിക്കുകയായിരുന്നു…etna 22

1669-ഇല്‍ ഉണ്ടായ അതിവിനാശകരമായ അഗ്നിപര്‍വ്വതസ്ഫോടനത്തില്‍ ഒരു ഡസനില്‍ അധികം വരുന്ന ഈ ചെറുപട്ടണങ്ങള്‍ എല്ലാം പൂര്‍ണ്ണമായി ലാവയാല്‍ മൂടപ്പെട്ടുപോയി. അന്നത്തെ ശക്തമായ ലാവാപ്രവാഹം റോഡുമാര്‍ഗ്ഗം 65 കിലോമീറ്ററോളം അകലെയുള്ള കതാനിയ പട്ടണം വരെ എത്തി കടലില്‍ പതിച്ചുവെന്നും കൊടുംനാശം വിതച്ചു എന്നുമാണു ചരിത്രം പറയുന്നത്.

BC 1500 മുതല്‍ (അഞ്ചുലക്ഷത്തില്‍ പരം വര്‍ഷങ്ങള്‍) ലാവ പ്രവഹിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന, ഇപ്പോഴും തുടര്‍ച്ചയായ ലാവാ പ്രവാഹങ്ങള്‍ക്ക് സാക്ഷിയാകുന്ന ഈ സജീവ അഗ്നിപര്‍വ്വതത്തെ ചുറ്റിപ്പറ്റി അനേകം ഗ്രീക്ക് ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കഥ പറയുന്ന എത്ന

ഗ്രീക്ക് മിത്തോളജി പ്രകാരം ദേവതയായ അഥീന, രാക്ഷസഭീമനായ ‘ടൈഫസി’ (Typhus)നെ അടക്കം ചെയ്തിരിക്കുന്നത് എത്ന പർവ്വതത്തിന്‍റെ അടിയിലാണ്. ടൈഫസ് ഇടംവലം തിരിയുന്നതാണ് എത്ന ഭാഗത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനം എന്നും, ടൈഫസിന്‍റെ ഉച്ഛ്വാസമാണ് പുകയായും തീയായും പുറത്തേക്ക് ബഹിർഗമിക്കുന്നതെന്നും, അതിനെ തുടർന്നാണ് ലാവ പ്രവഹിക്കുന്നതെന്നുമാണ് ഏറെ പ്രചരിക്കുന്ന ഐതീഹ്യകഥ. എത്നയുടെ താഴ്-വാരത്തിലുള്ള ഒരു കൊച്ചുഗ്രാമത്തിൽ താമസിക്കുന്ന എന്‍റെ ഒരു ഇറ്റാലിയൻ സുഹൃത്ത് ‘മരിയാന്ന’ പറയുന്നത്, “ചില ദിവസങ്ങളിൽ ഭൂമിക്കടിയിൽ നിന്നും നല്ല മുഴക്കം കേൾക്കാം. അത് പർവ്വതത്തിനടിയിൽ വസിക്കുന്ന ടൈഫസ് രാക്ഷസഭീമൻ ഇടംവലം തിരിയുന്ന ശബ്ദമാണെ”ന്നാണ്…

ലാവ ബഹിർഗമിക്കുന്ന പർവ്വതമുഖം ‘സൈക്ലോപ്സ്’(Cyclopse) എന്നറിയപ്പെടുന്ന നൂറു തലകളുള്ള ഒറ്റക്കണ്ണൻ രാക്ഷസഭീമന്‍റെ താവളമാണത്രെ. ലാവ ഒഴുകുന്നത് ആ രാക്ഷസന്‍റെ കണ്ണുനീര്‍ ആണെന്ന്‍ മറ്റൊരു കഥയും പ്രചാരിക്കുന്നുണ്ട്.

ആശങ്കകളോടെ എത്നയിലേക്കുള്ള യാത്ര…

ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും (പലെര്‍മോ, സിസിലി) ഏകദേശം 450 കിലോമീറ്ററുകള്‍ അകലെയാണ് ‘എത്ന’ എന്ന സജീവ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മാസത്തിലെ അവസാന ആഴ്ചയിലാണ് (28.04.2017) നൂറ്റാണ്ടുകളായി ഇരുന്നൂറിലേറെ തവണയായി ലാവ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ആ പര്‍വ്വതഭീമനെ കാണാനായി പുറപ്പെടുന്നത്.

etna 2
കിലോമീറ്ററുകള്‍ അകലെ വെച്ചേ മണ്ണിന് കറുപ്പ് നിറമായിരുന്നു. നൂറ്റാണ്ടുകളായി  ഒഴുകുന്ന ലാവയാല്‍ ഫലഭൂയിഷ്ടമായ മണ്ണ്.

കിലോമീറ്ററുകള്‍ക്ക് അകലെ ഹൈവേയില്‍ നിന്നുതന്നെ ഈ പര്‍വ്വതഭീമന്‍റെ ഉത്തുംഗശൃംഗത്തിലൂടെ ഇരുണ്ടപുക വമിക്കുന്നത് കാണാമായിരുന്നു. സഞ്ചാരികള്‍ക്ക് മുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്നോ, മുകളില്‍ കയറിയാല്‍ തന്നെ പുകപടലങ്ങള്‍ക്കിടയില്‍ ശരിയായ കാഴ്ച നടക്കുമോ, വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമോ എന്നിങ്ങനെ ഒരു നൂറുകൂട്ടം ആശങ്കകളുമായാണ് എത്ന ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര ചെയ്തത്.

അഗ്നിപര്‍വ്വതത്തില്‍ നിന്ന് വമിക്കുന്ന ചാരം വീണ വഴികളില്‍ വാഹനങ്ങള്‍ തെന്നിനീങ്ങി അപകടങ്ങള്‍ സംഭവിക്കാതിരിക്കാനായി താരതമ്യേനെ പരുക്കനായ റോഡുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിലോമീറ്ററുകള്‍ അകലെ മുതലതന്നെ റോഡിനിരുവശവുമുള്ള മണ്ണിനു കറുത്തനിറമായിരുന്നു. നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ഒലീവും, നാരങ്ങയും, ഓറഞ്ചും, ബദാമും മറ്റു ഫലമൂലാദികളും പൂക്കളും സമൃദ്ധമായി വിളയുന്ന ഭംഗിയുള്ള കൃഷിയിടങ്ങള്‍ കാനാന്‍ ദേശത്തിന്‍റെ പ്രതീതിയുളവാക്കി.

നൂറ്റാണ്ടുകളായി ഒഴുകുന്ന ലാവ കനിഞ്ഞു നല്കിയ വരമാണ് കതാനിയ പ്രവിശ്യയിലെ ഫലഭൂയിഷ്ടമായ മണ്ണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറഞ്ഞുകൂടിയ ലാവ പൊടിച്ചെടുക്കുന്ന ചില സൈറ്റുകളും (ക്വാറി) വഴികളില്‍ കാണാമായിരുന്നു. ബാര്‍ബി-ക്യൂ അടുപ്പുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളും വഴികളില്‍ കാണാമായിരുന്നു. കാരണം, ബാര്‍ബിക്യൂ അടുപ്പുകള്‍ നിര്‍മ്മിക്കുന്നതിന് ലാവാപാറകള്‍ ഉത്തമമാണത്രേ..

പർവ്വതപ്രാന്തപ്രദേശങ്ങളിൽ ചെറുതും വലുതുമായ നിരവധി ജനനിബിഢമായ ചെറുപട്ടണങ്ങൾ താണ്ടിയാണ് പര്‍വ്വതാടിവാരത്തേയ്ക്കുള്ള യാത്ര. (1669 ഇല്‍ ഉണ്ടായ അതിവിനാശകരമായ ലാവാ പ്രവാഹത്തില്‍ ഡസനില്‍പ്പരം ചെറുപട്ടണങ്ങള്‍ ലാവയാല്‍ മൂടപ്പെട്ട് പൂര്‍ണ്ണമായി നശിച്ചിരുന്നു.) സിസിലിയിലെ മൊത്തം ജനസംഖ്യയുടെ കാല്‍ശതമാനത്തില്‍പ്പരം ആളുകള്‍ താമസിക്കുന്ന കതാനിയ പ്രവിശ്യയിലെ ആളുകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയും ടൂറിസവുമാണ്. വഴിയരികില്‍ പച്ചക്കറികളും, പഴങ്ങളും തോട്ടങ്ങളില്‍ നിന്ന് പറിച്ചു വില്‍പ്പന നടത്തുന്ന ചെറുകിട കച്ചവടക്കാരെയും കാണാമായിരുന്നു..etna 14

എത്ന പര്‍വ്വതത്തിന്‍റെ താഴ്-വാരം (The Valley of Volcano) അത്യപൂര്‍വ്വങ്ങളായ സസ്യ—ജന്തുജാലകങ്ങളുടെ കേന്ദ്രമായതിനാല്‍തന്നെ ‘പരിസ്ഥിതിലോല പ്രദേശ’മായി സംരക്ഷിച്ചിട്ടുണ്ട്. ഓക്ക്, പൈന്‍മരങ്ങളാല്‍ നിബിഢമായ ചെറുമലകള്‍ക്കിടയില്‍ കറുത്ത പുകതുപ്പി, എത്ന തലയെടുപ്പോടെ നില്‍ക്കുന്നത് ഞങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു…etna 19

ഹെയര്‍പിന്‍ വളവുകള്‍ താണ്ടി, താരതമ്യേനെ ക്ലേശകരമായ ഡ്രൈവിംഗ് ചെയ്തു വരുന്നവര്‍ക്ക് വഴിയരികുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത് റിലാക്സ് ചെയ്യാനായി നിരവധി സൈറ്റ്സീയിംഗ് സ്പോട്ടു(Sight Seeing Spots)കള്‍ ഒരുക്കിയിട്ടുണ്ട്.

എത്ന എസ്കര്‍ഷന്‍ സെന്‍റര്‍

പര്‍വ്വതാടിവാരത്തെ പൂച്ചെടികളാല്‍ അലങ്കരിച്ച എസ്കര്‍ഷന്‍ സെന്‍റര്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാല്‍ നിറഞ്ഞിരുന്നു. സഞ്ചാരികള്‍ക്കായി നിരവധി ലഘുഭക്ഷണശാലകളും, കരകൗശല—കാര്‍ഷികവിഭവ സ്റ്റാളുകളും, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.

etna 10
എസ്കര്‍ഷന്‍ സെന്‍റെര്‍

എസ്കര്‍ഷന്‍ സെന്‍ററിലെ (Excursion Centre) ക്യൂവില്‍ നില്‍ക്കുമ്പോള്‍ വലിയ ടീവി സ്ക്രീനില്‍ മുന്‍പുണ്ടായ സ്ഫോടനങ്ങളുടെ ദൃശ്യങ്ങളും, മറ്റു പ്രസക്തമായ സംഭവവികാസങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഭിത്തിയില്‍ പതിച്ചിരിക്കുന്ന വിശാലമായ മാപ്പില്‍ ഓരോ പ്രധാന സ്ഥലങ്ങളും, പര്‍വ്വതാരോഹണത്തിന്‍റെ ചെറിയ ഒരു വിവരണവും കൊടുത്തിട്ടുണ്ട്.

ഹൃദയ—ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവയുള്ളര്‍ക്ക് പര്‍വ്വതാരോഹണത്തിന് വിലക്കുണ്ട്. ടിക്കറ്റുകള്‍ വാങ്ങി കേബിള്‍ കാറുകള്‍ പുറപ്പെടുന്ന മുകള്‍ നിലയിലേക്ക് ഞങ്ങള്‍ കയറി.

etna 13
പര്‍വ്വതാരോഹണത്തിനായുള്ള വാഹനങ്ങള്‍. പരിശീലനം സിദ്ധിച്ചവര്‍ക്ക്‌ കാല്‍നടയായും പര്‍വതാരോഹണം നടത്താവുന്നതാണ്. (കേബിള്‍ കാറില്‍ നിന്നുള്ള ദൃശ്യം )

ഒരാള്‍ക്ക് 60 യൂറോയാണ് ടിക്കറ്റ് നിരക്ക്. ആറുപേര്‍ക്ക് ഇരിക്കാവുന്ന കേബിള്‍ കാറില്‍, കുത്തനെയുള്ള മലയിടുക്കുകള്‍ താണ്ടി ഏകദേശം പത്തുമിനിട്ട് കൊണ്ട് കേബിള്‍ കാര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ശക്തമായ ലാവാ പ്രവാഹങ്ങളില്‍ പല തവണ ഈ കേബിള്‍ കാര്‍ സ്റ്റേഷന്‍ ലാവയാല്‍ മൂടപ്പെട്ടിട്ടുണ്ട്.

etna 1

ഇനിയുള്ള യാത്ര ബസ്സിലാണ്. വലിയ ടയറുകളുള്ള ചെറിയ ബസ്സില്‍ വീണ്ടും ഒരു പതിനഞ്ചു മിനിറ്റ് യാത്ര. ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ലഭ്യമാണ്. ട്രെക്കിംഗില്‍ തത്പരരായ, പരിശീലനം സിദ്ധിച്ച പര്‍വ്വതാരോഹകര്‍ കേബിള്‍ കാറിന്‍റെയോ ബസ്സിന്‍റെയോ സഹായമില്ലാതെ നടന്നു കയറുന്നതും കാണാമായിരുന്നു. പൊടിക്കാറ്റിനെയും മൂടല്‍മഞ്ഞിനെയും വകഞ്ഞുമാറ്റി ലാവയും മഞ്ഞും വെട്ടിമാറ്റി തയ്യാറാക്കിയ പാതയിലൂടെ ആടിയുലഞ്ഞ് ആ ബസ് പുക വമിക്കുന്ന പര്‍വ്വത മുഖത്തിന് ഏകദേശം അടുത്തുവരെയെത്തി കിതച്ചു നിന്നു.etna 15

അവിടെനിന്ന് നോക്കിയാല്‍ കറുത്ത പുക തുപ്പുന്ന പര്‍വ്വതമുഖം (Summit Centre) വളരെ വ്യക്തമായി കാണാം. നല്ല തണുപ്പുണ്ടായിരുന്നുവെങ്കിലും അതൊന്നും കാര്യമാക്കാതെ, കഴിഞ്ഞ ലാവാപ്രവാഹത്തില്‍ പൊട്ടിത്തെറിച്ച കൂര്‍ത്ത പാറക്കഷ്ണങ്ങള്‍ക്കിടയിലൂടെ ക്യാമറയും തൂക്കി കൗതുകം മുറ്റിനില്‍ക്കുന്ന കണ്ണുകളോടെ ഞങ്ങള്‍ നടന്നു.etna 6

“നോ എന്‍ട്രി ബോര്‍ഡുകള്‍ ഒരു കാരണവശാലും മറികടക്കരുത്. കൂട്ടംവിട്ടു പോകരുത്. വലിയ ലാവ പാറകഷ്ണങ്ങള്‍ ഇളക്കി മാറ്റരുത്, കാരണം, അതിനടിയില്‍ ഇനിയും ഉറച്ചിട്ടില്ലാത്ത ലാവ ആയിരിക്കും..” ടൂറിസ്റ്റ് ഗൈഡ്, പുകഞ്ഞുകൊണ്ടിരിക്കുന്ന പര്‍വ്വത ഭീമനെ കണ്ട ആവേശത്തില്‍ പുറത്തേയ്ക്ക്ചാടിയിറങ്ങിയ പുരുഷാരത്തിനു ചില നിബന്ധനകള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു…etna 5

‘നീലാകാശം, വെളുത്ത മേഘം, കറുത്ത ഭൂമി’ എന്ന് അറിയാതെ പറഞ്ഞുപോയി; അത്രമേല്‍ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം. പുകയുന്ന പര്‍വ്വതമുഖം നമ്മെ അവളുടെ അടുക്കലേക്ക് മാടി വിളിക്കുന്ന പോലെ ഒരു തോന്നല്‍. അദൃശ്യമായ, അജ്ഞാതമായ ഒരു കാന്തികശക്തി നമ്മെ അവളുടെ അടുക്കലേയ്ക്ക് ആകര്‍ഷിക്കുന്നതു പോലെ. ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുമാറാതെ, പര്യവേഷകര്‍ക്കായി വെട്ടിത്തെളിച്ച വഴിയിലൂടെ ഞാന്‍ കുറച്ച് മുന്നോട്ട് നടന്നടുത്തു. സമുദ്രനിരപ്പില്‍ നിന്നും ഇത്ര ഉയരത്തില്‍, അസ്ഥിതുളയ്ക്കുന്ന തണുപ്പില്‍, പൊടിക്കാറ്റിനെ മറികടന്നുള്ള പര്‍വ്വതാരോഹണം നല്ല ആയാസമുള്ള പണിയാണെന്ന് എനിക്ക് മനസ്സിലായി…

etna 3
അഗ്നിപര്‍വ്വതമുഖത്തിനു സമീപം

നമ്മെ തൊട്ടുരുമ്മി അഹങ്കാരത്തോടെ കടന്നുപോകുന്ന വെളുത്ത പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങള്‍, പര്‍വ്വതമുഖത്തോടടുക്കുമ്പോള്‍ ഭയന്ന് ഓടിയൊളിക്കുന്ന പോലെ തോന്നി. അത്രയ്ക്ക് ഭീകരമാണോ അതിനുള്ളിലെ കാഴ്ചകള്‍? ആ പുകയുന്ന ഗിരിശൃംഗത്തിനുള്ളിലെ കാഴ്ച എന്തായിരിക്കും? എന്‍റെ ഉള്ളില്‍ ആകാംക്ഷ എരിയുകയായിരുന്നു. സാഹസികതയും, കൌതുകവും നമ്മെ മുന്നോട്ട് കാന്തികമായി ആകര്‍ഷിക്കുമ്പോഴും ഭീതി പിന്നോട്ട് തള്ളിമാറ്റുന്ന അത്ഭുതകരമായ ഒരു വികാരം എന്നെ കീഴക്കി…

etna 17
ലാവാപാറകളുടെ മേല്‍ മഞ്ഞുപാളികള്‍..

കറുത്ത ലാവാപാളികള്‍ക്കിടയിലുള്ള വെളുത്ത ഐസ് പാളികള്‍ ‘ഓറിയോ ബിസ്ക്കറ്റി’ (Oreo Biscuits) ന്‍റെ രൂപത്തോട് സദൃശമെന്നപോല്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. മഞ്ഞു മൂടിക്കിടന്ന മലയില്‍ പര്‍വ്വതമുഖത്തുനിന്നും വമിച്ച പുകയും ചാരവും പൊടികളും തീര്‍ത്ത ആവരണമാണ് തണുത്തുറഞ്ഞ മഞ്ഞിനു മേല്‍ കറുത്ത ആവരണം പോലെ കാണുന്നത്.etna 20

ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ കറുത്ത മൊട്ടക്കുന്നുകള്‍ കാണാം. അവയെല്ലാം അടുത്തകാലങ്ങളില്‍ ലാവ വര്‍ഷിച്ച് ഇപ്പോള്‍ നിര്‍ജ്ജീവമായി നിലനില്‍ക്കുന്ന അഗ്നിപര്‍വ്വതമുഖങ്ങള്‍ ആണ്. സൂര്യന്‍റെ ശക്തമായ കിരണങ്ങളില്‍ ആ കറുത്ത കുന്നിന്‍ ചെരിവുകള്‍ മഞ്ഞിന്‍റെ പുതപ്പു പുതച്ച് അലസമായി കിടക്കുന്നത് എത്ര മനോഹരമായ കഴ്ചയാണെന്നോ…etna 18

ലാവയെന്നാല്‍ ഭൗമാന്തര്‍ഭാഗത്തെ ഉരുകിയ പാരകളുടെയും വാതകങ്ങളുടെയും തിളച്ചുമറിയുന്ന മിശ്രിതമായ ‘മാഗ്മ’ ആണെന്ന് പണ്ട് സ്കൂളില്‍ പഠിച്ച കാര്യങ്ങള്‍ അവ്യക്തമായെങ്കിലും ഓര്‍മ്മയിലേക്ക് തികട്ടിവന്നു.

റോമന്‍ മിത്തോളജി പ്രകാരം അഗ്നിയുടെ ദേവനായ ‘വുള്‍ക്കാനി’(Vulcan)ല്‍ നിന്നുമാണ് വൊള്‍ക്കാനോ എന്ന പേര് ഉത്ഭവിച്ചിരിക്കുന്നത്. ഭൂമിക്ക് മൂന്നു ലെയറുകള്‍ (പാളികള്‍) ആണുള്ളത്. നമ്മള്‍ ജീവിക്കുന്ന, 18 മൈല്‍ കട്ടിയുള്ള പുറം തോടായ ക്രസ്റ്റ് (Crust) ആണ് ഒന്നാമത്തെ പാളി. അതിനു താഴെയായി 18,000 മൈല്‍ കട്ടിയില്‍ ‘മാന്‍റില്‍’ (Mantle) എന്ന രണ്ടാംപാളി സ്ഥിതിചെയ്യുന്നു. ഏറ്റവും ഉള്ളിലുള്ള പാളിയാണ് ‘കോര്‍’ (Core). രണ്ടാമത്തെ പാളിയായ മാന്‍റിലിനും ഒന്നാമത്തെ പാളിയായ ക്രസ്റ്റിനും ഇടയിലായാണ് ഉരുകിയ പാറകളും, വാതകങ്ങളും കൂടിചേര്‍ന്ന ‘മാഗ്മ’ (Magma) സ്ഥിതിചെയ്യുന്നത്. വൊള്‍ക്കാനോകള്‍ ഭൌമോപരിതലത്തില്‍ നിന്നും മാഗ്മയാല്‍ നിറഞ്ഞിരിക്കുന്ന രണ്ടാം പാളി വരെയുള്ള ഒരു അഗാധഗര്‍ത്തമാണെന്നു പറയാം.

9217fa40df047245042e48ff32a4aed6--volcano-project-science-fun
Google image

പ്രഷര്‍ കുക്കറിലെ ‘സേഫ്റ്റി വാല്‍വു’കള്‍ പോലെയാണ് ഭൂമിയില്‍ വൊള്‍ക്കാനോകള്‍ പ്രവര്‍ത്തിക്കുന്നത്. അമിതമായ സമ്മര്‍ദ്ദം ഭൗമാന്തര്‍ഭാഗത്ത് നിന്നും ഉണ്ടാവുമ്പോഴാണ് സ്ഫോടനങ്ങള്‍ സംഭവിക്കുന്നത്. തത്ഫലമായി ഉള്ളിലെ ഉരുകിയ മാഗ്മ പുറത്തേയ്ക്ക് ശക്തമായി പ്രവഹിക്കുന്നു.etna 12

ഭൗമോപരിതലത്തില്‍ എത്തിയ മാഗ്മയാണ് ‘ലാവ’. അനേകം ധാതുലവണങ്ങളാല്‍ സമ്പന്നമായ കടുംഓറഞ്ച്—ചുവപ്പ് നിറത്തിലുള്ള ലാവ, 900—2000 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് പുറത്തേയ്ക്ക് വമിക്കുന്നത്. ഇത്തരം വൊള്‍ക്കാനോ സ്ഫോടനങ്ങള്‍ ഭൂമികുലുക്കത്തിനും, (കടലിനടിയിലാണെങ്കില്‍ ശക്തമായ സുനാമിക്കും) തീ പിടുത്തത്തിനും, തദ്വാര വന്‍നാശനഷ്ടങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. പുറമേ ഉറച്ചതായി തോന്നുന്ന വലിയ ലാവാപാളികള്‍ പൂര്‍ണ്ണമായി ഉറച്ചു വരാന്‍ ഏകദേശം ഇരുന്നൂറു വര്‍ഷങ്ങളോളം എടുക്കുമത്രേ…

അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ സംഭവിക്കുമ്പോള്‍ വന്‍തോതില്‍ ഇരുണ്ട പുകയും, ചാരവും ചെറിയ ശിലാഫലകങ്ങളും പുറന്തള്ളപ്പെടാറുണ്ട്. ഈ ചാരം അടങ്ങിയ പുകയ്ക്ക് അതികഠിനമായ ചൂടില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ കഴിയും. ഇവ വ്യോമാഗതാഗതത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും, കാലാവസ്ഥാവ്യതിയനങ്ങള്‍ക്ക് ഹേതുവാകുകയും, മനുഷ്യരുടെ സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തില്‍ അസുഖങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ കഴിയുന്നവയാണ്.
etna 11

സൂര്യപ്രകാശത്തില്‍ മിക്ക ലാവ പാറക്കഷ്ണങ്ങളുടെയും വശങ്ങള്‍ മെറ്റാലിക് ചുവപ്പ്, മഞ്ഞ, ബ്രൌണ്‍ നിറങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. ലാവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനും (Iron) മറ്റുധാതുക്കള്‍ക്കും സൂര്യപ്രകാശത്തില്‍ ഓക്സിഡേഷന്‍ (Oxidation) സംഭവിക്കുന്നത്‌ മൂലമാണ് ഈ നിറവ്യത്യാസം എന്ന് ഗൈഡ് വിശദമാക്കി. അധികം പഴക്കമില്ലാത്ത ലാവ കഷ്ണങ്ങള്‍ ക്രിസ്റ്റല്‍ പോലെ വെട്ടിതിളങ്ങുന്നുണ്ടായിരുന്നു. അവ കയ്യില്‍ എടുക്കുമ്പോള്‍ ചെറിയ ചൂട് അനുഭവപ്പെടുന്നുമുണ്ട്.

etna 8
കേബിള്‍ കാറില്‍ നിന്നുള്ള ദൃശ്യം 

 

ഏകദേശം മൂന്നുമണിക്കൂറോളം അവിടെ ചിലവഴിച്ചശേഷം ശക്തമായ മൂടല്‍മഞ്ഞ് കാഴ്ചയെ മറച്ചപ്പോഴാണ് മനസില്ലാമനസ്സോടെയാണെങ്കിലും അവിടെനിന്നും തിരികെ പോന്നത്. മലയിറങ്ങുമ്പോള്‍ പര്‍വ്വതാടിവാരത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പൊട്ടിയ പര്‍വ്വതമുഖം എന്‍റെ കണ്ണുകളില്‍ ഉടക്കി. വിശപ്പും ക്ഷീണവും വകവെക്കാതെ കേബിള്‍ കാറില്‍ നിന്നിറങ്ങി കുറച്ച് അകലെയായുള്ള ആ ലാവാമുഖത്തെ ലക്ഷ്യമാക്കി നടന്നു.

ഭീകരതയുടെ അവശേഷിപ്പുകള്‍..

1892—ല്‍ ലാവാ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ രണ്ടായിരം മീറ്ററോളം ചുറ്റളവിലുള്ള അഗ്നിപര്‍വ്വതമുഖമായ ‘സില്‍വെസ്ത്രി’ (‘Mt. Silvestri’, named in the honour of Pro. Orazio Silvestri.)യാണിത്‌. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം മീറ്റര്‍ ഉയരത്തിലുള്ള ഈ ഇരുണ്ട ഗര്‍ത്തം ‘പ്രകൃതിയുടെ അത്ഭുതങ്ങളുടെ കലവറ’ എന്നുതന്നെ പറയാം.

etna 9
1892—ല്‍ ലാവാ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ‘സില്‍വെസ്ത്രി’ Mt. Silvestri’

ചെരിഞ്ഞ വശങ്ങളിലൂടെ നമുക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാവുന്നതാണ്. ആ ഗര്‍ത്തത്തിന്‍റെ ഒത്തനടുവില്‍ നില്‍ക്കുമ്പോള്‍ പ്രകൃതിയുടെ അനിതരസാധാരണമായ കരവിരുതുകള്‍ ഓര്‍ത്ത്‌ അത്ഭുതപ്പെടാത്തവര്‍ ഉണ്ടാവില്ല തീര്‍ച്ച…etna 4

ലാവ ഒഴുകിയ താഴ്-വാരങ്ങളിലൂടെ, (The Valley of Volcano) അത്യപൂര്‍വ്വങ്ങളായ സസ്യങ്ങള്‍ നിറഞ്ഞ നിബിഢവനങ്ങള്‍ക്കിടയിലൂടെയുള്ള ഹെയര്‍പിന്‍ വളവുകള്‍ താണ്ടി, അലസമായി ഞങ്ങള്‍ കതാനിയ പട്ടണത്തിലെ ഹോട്ടല്‍ മുറിയെ ലക്ഷ്യമാക്കി യാത്രതിരിച്ചു. റൂമിലെത്തിയപ്പോഴാണ് പൊടിപടലങ്ങള്‍ നിറഞ്ഞ ജാക്കറ്റിന്‍റെയും ഷൂസിന്‍റെയും ‘ഭീകരത’ ശരിക്കും മനസ്സിലായത്. ശരീരമാസകലം സള്‍ഫര്‍ മണക്കുന്നു. ഫ്രഷായി, ഭക്ഷണം കഴിച്ചശേഷം ക്ഷീണം കാരണം പെട്ടന്നുതന്നെ മയങ്ങിപോയി എന്നതാണ് വാസ്തവം..

വൈകുന്നേരം ചരിത്രപ്രസിദ്ധമായ കതാനിയ പട്ടണം നടന്നു കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. എത്നയില്‍ നിന്നും വമിക്കുന്ന പുക കറുപ്പിച്ച നഗരമാണ് കതാനിയ എന്ന് അവിടുത്തെ ഇരുണ്ട കെട്ടിടങ്ങളും മതിലുകളും നമുക്ക് കാണിച്ചുതരുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എത്നയില്‍ നിന്നും കതാനിയ വരെ ഒഴുകി കടലില്‍ പതിച്ച ലാവാ ചാലുകള്‍ ഞങ്ങള്‍ കണ്ടു. കതാനിയ പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങളും എത്നയിലെക്ക് കാഴ്ച കിട്ടുന്ന രീതിയിലാണ് എന്ന വളരെ കൗതുകകരമായ കാര്യം എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. കടലില്‍ നിന്നും വീശുന്ന ഇളംകാറ്റേറ്റ്, കതാനിയയുടെ തനത് പിസ്താ ഫ്ലേവറിലുള്ള ജെലാത്തോ (ice cream)യും നുണഞ്ഞ്, പ്രൗഢഗംഭീരമായ കതാനിയ പട്ടണത്തിലൂടെ ലക്ഷ്യമില്ലാതെ ഞങ്ങള്‍ നടന്നു….

അമ്മു ആന്‍ഡ്രൂസ്.