പെസഹാവ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശുക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്‍റെ ഓര്‍മ്മയാണിത്. എളിമയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായ യേശുക്രിസ്തു, തന്‍റെ കുരിശുമരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ് പെസഹാ ഭക്ഷിച്ചത്. വിനയത്തിന്‍റെ മാതൃകയായ യേശുക്രിസ്തുവിന്‍റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ‘അന്ത്യ അത്താഴ‘മെന്നും പറയാറുണ്ട്.
താന്‍ ശിഷ്യനാൽ ഒറ്റിക്കൊടുക്കപ്പെടുമെന്നും ഏറെ പീഢകൾ അനുഭവിച്ച് കുരിശില്‍ ബലിയാക്കപ്പെടുമെന്നും അറിയാമായിരുന്ന ക്രിസ്തു, പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്‍റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. “എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍” എന്ന ക്രിസ്തുവിന്‍റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട്, ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി മാറുകയും ചെയ്തു.
യേശുവിന്‍റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. തികച്ചും കേരളീയ തനിമയിൽ അരിപ്പൊടിയും തേങ്ങാ അരപ്പും ചേർത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പവും, തേങ്ങാപ്പാലും ശർക്കരയും ചേർത്തുണ്ടാക്കുന്ന പാലും ഉപയോഗിച്ച് ഗൃഹനാഥന്‍റെ കാർമ്മികത്വത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നാണ് പെസഹാ ആചരിക്കുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമായ ‘ഇന്‍റി’ അപ്പം/‘ഇന്‍ഡ്റി’ അപ്പം അല്ലെങ്കില്‍ പെസഹാ അപ്പം, വല്യമ്മച്ചിമാരുടെ കുത്തക വിഭവമാണ് എന്ന് പറയാതെ തരമില്ല. വലിയ നോമ്പിന്‍റെ (അമ്പത് നോമ്പ്) അനുഭൂതിയിൽ അങ്ങേയറ്റം സൂഷ്മ്തയോടും ഭക്തിപുരസ്സരവും പെസഹാ വിഭവങ്ങൾ തയ്യാറാക്കണമെന്നതാണ് അഭിമതം.
വീട്ടിലെ വല്യമ്മച്ചിമാർ, ഒരു പുത്തൻ കലവും തവിയും പെസഹാപാൽ കാച്ചാനായി മാത്രം സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. ചെറുപ്പത്തിൽ, അയൽവാസികളുമൊത്ത് വീട്ടിൽ പെസഹാ അപ്പം മുറിച്ചതും ഒരു വീട്ടിലെ കഴിഞ്ഞ് അടുത്ത വീട്ടിലേക്ക് രാത്രിയിൽ അപ്പം മുറിക്കാനായി പോകുന്നതുമെല്ലാം ഊഷ്മളമായ ഓർമ്മകളാണ്. അടുത്തുള്ള ഏതെങ്കിലുമൊരു വീട്ടിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ, പ്രസ്തുത വർഷം ആ വീട്ടിൽ പെസഹാവിഭവങ്ങൾ തയ്യാറാക്കുകയില്ല; അതുകൊണ്ട്, പെസഹാ ഒരുക്കുന്ന അയൽവീടുകളിൽ നിന്നും ഒരു വീതം അവർക്കും കൊണ്ടുപോയി കൊടുക്കുന്ന പതിവുമുണ്ട്. പെസഹാ ഒത്തുചേരലിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും അനുഭവം കൂടിയാണല്ലോ…
എന്നാല്‍, പാചകരീതിയെക്കുറിച്ച് വലിയ ധാരണകള്‍ ഇല്ലാത്തതിനാലും അതിലുപരി തയ്യാറാക്കാനുള്ള മടി കൊണ്ടും, സമയക്കുറവ് മൂലവും ഇന്ന് ബേക്കറികളില്‍ നിന്നും ‘പെസഹാ ബ്രെഡ്’ വാങ്ങി അപ്പം മുറിക്കല്‍ ചടങ്ങ് നടത്തുകയാണ് ഇന്ന് സാധാരണയായി ചെയ്തു പോരുന്നത്. വളരെ ലളിതമായ രീതിയില്‍ പെസഹാ അപ്പം നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. നമ്മുടെ പരമ്പരാഗത രീതികള്‍ അന്യംനിന്ന് പോകാതിരിക്കട്ടെ. ഇത്തവണ നമുക്ക് പെസഹാ വീട്ടിലൊരുക്കാം…
പെസഹാ അപ്പം
ആവശ്യമുള്ള സാധനങ്ങള്‍;
- അരിപ്പൊടി — 1 കപ്പ് (വറുക്കാത്ത അരിപ്പൊടിയാണ് ഉത്തമം)
- ഉഴുന്ന് — കാല്‍ കപ്പ് (2 മണിക്കൂര്‍ കുതിര്‍ത്തത്)
- തേങ്ങ — അര മുറി (ചിരവിയത്)
- ജീരകം — ഒരു നുള്ള്
- വെളുത്തുള്ളി — 4, 5 അല്ലി
- ചുവന്നുള്ളി — 2 എണ്ണം (ചെറുത്)
- ഉപ്പ് — ഒരു നുള്ള്
- ചെറുചൂടുവെള്ളം — ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;
അരിപ്പൊടിയില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത ശേഷം ചെറുചൂടുവെള്ളത്തില്‍ നനയ്ക്കുക. കൈകള്‍ ഉപയോഗിച്ചു നന്നായി കുഴച്ച് മാറ്റി വെക്കുക. (നനവ് – കൊഴുക്കട്ട, ഇടിയപ്പം എന്നിവയുടെ പാകം.)
തേങ്ങ ചിരവിയത്, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം എന്നിവ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
കുതിര്‍ത്ത ഉഴുന്ന് വളരെകുറച്ചു വെള്ളം ചേര്‍ത്ത് അരക്കുക.
മേല്‍പ്പറഞ്ഞ രണ്ട് അരപ്പുകളും (തേങ്ങ അരപ്പ്, ഉഴുന്ന് അരപ്പ്) കുഴച്ചു വെച്ച അരിമാവില്‍ ചേര്‍ത്തിളക്കി അരമണിക്കൂര്‍ മാറ്റി വെക്കുക. (പുളിക്കാന്‍ അനുവദിക്കരുത്.)
ആ സമയത്ത്, ഓശാനയുടെ കുരുത്തോല ഉപയോഗിച്ച് കുരിശ് തയ്യാറാക്കാം. പരന്ന പാത്രത്തില്‍ എണ്ണ തൂവി മാവ് ഒരേനിരപ്പില്‍ പതിയെ ഒഴിക്കുക. ശേഷം, മുകളില്‍ കുരിശുവെച്ച് ഇഡ്ഡലി ചെമ്പില്‍ പുഴുങ്ങിയെടുക്കുക. പുളിപ്പില്ലാത്ത പെസഹാ അപ്പം തയ്യാറായികഴിഞ്ഞു.
പെസഹാ പാല്‍
ചേരുവകള്‍;
- ശര്‍ക്കര — അരക്കപ്പ് (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക)
തേങ്ങാ പാല്‍;
- തലപ്പാല്‍/ഒന്നാം പാല്‍ — 1 കപ്പ്
- രണ്ടാം പാല്‍ — 2 കപ്പ്
- ചുക്ക് — ഒരു ചെറിയ കഷ്ണം
- ജീരകം — ഒരു ചെറിയ സ്പൂണ്‍
- ഏലക്ക — 2, 3 (എണ്ണം തൊലി കളഞ്ഞത്)
- വറുത്ത അരിപ്പൊടി/കുത്തരി വറുത്തു പൊടിച്ചത് – രണ്ടു സ്പൂണ്‍.
തയ്യാറാക്കുന്ന വിധം;
ജീരകം, ചുക്ക് കഷ്ണം, ഏലക്ക എന്നിവ മിക്സിയില്‍ നന്നായി പൊടിച്ചെടുത്തതും അരിപ്പൊടിയും ഒന്നാം പാലിൽ യോജിപ്പിച്ച് മാറ്റിവെക്കുക.
അരിച്ചെടുത്ത കട്ടിയുള്ള ശര്‍ക്കര പാനിയില്‍ രണ്ടാം തേങ്ങാപാല്‍ ചേര്‍ത്തു തിളപ്പിച്ചു കുറുക്കുക. നന്നായി ഇളക്കി കൊടുത്ത് കൊണ്ടേയിരിക്കണം.
കുറുകി വരുമ്പോള്‍ ഒന്നാം പാൽ മിശ്രിതം ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വെച്ച ശേഷം കുരുത്തോല കൊണ്ടുണ്ടാക്കിയ കുരിശും ഇട്ട് വിളമ്പാവുന്നതാണ്. മധുരമുള്ള പെസഹാപാൽ തയ്യാർ.
അമ്മു ആന്‍ഡ്രൂസ്.