മഞ്ഞു പോലെ വെളുത്ത അരിമാവിനുള്ളില്‍ ശര്‍ക്കരയും തേങ്ങയും നിറച്ച കൊഴുക്കട്ട നമ്മുടെയെല്ലാം പ്രിയപ്പെട്ട പലഹാരമാണ്. കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെ എന്നും കൊഴുക്കട്ട ശനിയുടെ പ്രാധാന്യവും നമുക്കൊന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചാലോ?
ഈസ്റ്റർ കാലത്ത് അരി മാവ്, തേങ്ങ, ശർക്കര എന്നിവ കൊണ്ട് തയ്യാറാക്കുന്ന മധുരമുള്ള പലഹാരം ആണ് കൊഴുക്കട്ട. നാല്‍പ്പത് ദിവസത്തെ നോയമ്പിനു ശേഷം, വിശുദ്ധ വാരം/വലിയ ആഴ്ചക്ക് തുടക്കം കുറിക്കുന്ന ഓശാന ഞായറിന് തലേദിവസം (ശനിയാഴ്ച) പാകംചെയ്യുന്ന ഒരു പ്രത്യേക വിഭവമായതിനാൽ, ആ ദിവസത്തെ ‘കൊഴുക്കട്ട ശനി’ എന്നാണ് വിളിക്കുന്നത്.
കൊഴുക്കട്ട ശനിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി പ്രചരിക്കുന്ന ഒരുപാട് കഥകള്‍ ഉണ്ട്;
അമ്പത് നോമ്പിന്റെ ആദ്യ നാല്‍പ്പത് ദിവസം കര്‍ത്താവ് ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്‍റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഢാനുഭവത്തെയും ഓര്‍ത്ത് നമ്മള്‍ നോമ്പ് അനുഷ്ഠിക്കുന്നു. നാല്‍പ്പത് നോമ്പിന്റെ തീഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ശനി ആചരിക്കുന്നത്. കൊഴുക്കട്ട ശനിയോട് കൂടി വലിയ ആഴ്ചയിലേക്ക്, അതായത് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്.
‘കൊഴു’ എന്നാല്‍ ‘മഴു’ എന്നര്‍ത്ഥം. ‘ഭൂമിയെ കൊഴു പിളര്‍ന്ന് ചിതറിക്കുന്നതുപോലെ, പാതാള വാതുക്കല്‍ അവരുടെ അസ്ഥികള്‍ ചിതറി തെറിക്കപ്പെട്ടു’ എന്ന സങ്കീര്‍ത്തന(140) വാചകത്തെ അടിസ്ഥാനമാക്കിയാണ്, ‘നോമ്പ് മുറിക്കാന്‍ ഉപയോഗിക്കുന്നത്’ എന്ന അര്‍ത്ഥത്തില്‍ ‘കൊഴുക്കട്ട’ എന്ന പേര് ഈ പലഹാരത്തിന് വന്നുചേര്‍ന്നത് എന്ന് പറയപ്പെടുന്നു.
‘യേശു പെസഹായ്ക്ക് ആറു ദിവസം മുൻപ്, ബഥനിയായിലുള്ള ലാസറിന്റെ വീട്ടിൽ വരികയും, അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തു’ (യോഹന്നാന്റെ സുവിശേഷം, 12-ആം അധ്യായം). അന്ന്, ലാസറിന്റെ സഹോദരിമാരായ മർത്തയും, മറിയവും മാവ് കുഴച്ച്, പെട്ടന്ന് ഉണ്ടാക്കിയ ഭക്ഷണം യേശുവിനു കൊടുത്തു. ഒരുമയോടെ ആ സഹോദരിമാർ യേശുവിന് അത്താഴം തയ്യാറാക്കി. അതാണ് നമ്മൾ കൊഴുക്കട്ട ശനിയായി ആചരിക്കുന്നത് എന്നതാണ് മറ്റൊരു ഭാഷ്യം. അതിനാല്‍ തന്നെ, ‘ലാസറിന്റെ ശനി’ എന്നൊരു പേരും കൂടിയുണ്ട്.
കുരിശുമരണത്തിന് മുമ്പ് ക്രിസ്തുവിനെ എറിയുന്ന കല്ലുകളെയാണ് കൊഴുക്കട്ട പ്രതിനിധാനം ചെയ്യുന്നതെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. കൂടാതെ, ഭക്തസ്ത്രീകള്‍ ക്രിസ്തുവിനെ തൈലാഭിഷേകം ചെയ്യാന്‍ കയ്യില്‍ കരുതിയ സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെയാണ്, മധുരം ഉള്ളില്‍ നിറച്ച കൊഴുക്കട്ട പ്രതിനിധാനം ചെയ്യുന്നത് എന്നും പറയുന്നുണ്ട്.
കൊഴുക്കട്ട ശനിയ്ക്ക് പിന്നിലുള്ള കഥ എന്തുതന്നെ ആയാലും മധുരം ഉള്ളില്‍ നിറച്ച കൊഴുക്കട്ട പ്രായഭേദമന്യേ ഏവരുടെയും പ്രിയപ്പെട്ട വിഭവമാണ്. അതുകൊണ്ട്, ഈ ശനിയാഴ്ച കൊഴുക്കട്ട തയ്യാറാക്കി നോക്കിയാലോ?
കൊഴുക്കട്ട തയ്യാറാക്കാം
ചേരുവകള്‍:
ശര്‍ക്കര കൂട്ടിന്;
- തേങ്ങ ചിരവിയത്: ഒരു കപ്പ്
- ശര്‍ക്കര പാനിയാക്കിയത്: അരക്കപ്പ്
- ഏലക്ക, ജീരകം: ആവശ്യത്തിന്
ഇവയെല്ലാം യോജിപ്പിച്ച് ശര്‍ക്കര കൂട്ട് തയ്യാറാക്കി മാറ്റിവെക്കുക. വേണമെങ്കില്‍, കഷ്ണങ്ങളാക്കിയ ബദാം കൂടി ചേര്‍ക്കാവുന്നതാണ്.
മാവിന്;
- നേര്‍മ്മയായി പൊടിച്ച അരിപ്പൊടി: ഒരു കപ്പ്
- ഉപ്പ്: ആവശ്യത്തിന്
- ചൂടുവെള്ളം: ഒരു കപ്പ്
അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചെറു ചൂടുവെള്ളത്തില്‍ കുഴക്കുക. (വെള്ളം അധികമാകാതെ സൂക്ഷിക്കണം) അതിനു ശേഷം, ചെറുനാരങ്ങയുടെ വലുപ്പത്തില്‍ ഉരുളകളാക്കുക.
ഓരോ ഉരുളയും ചെറുതായി പരത്തി ഉള്ളില്‍ ശര്‍ക്കര കൂട്ട് നിറച്ച് വശങ്ങള്‍ യോജിപ്പിച്ച്, ഉരുളകളാക്കുക. (മാവ് കയ്യില്‍ ഒട്ടിപിടിക്കാതിരിക്കാനായി കയ്യില്‍ കൈവിരലുകള്‍ ഇടയ്ക്കിടെ നനക്കുകയോ, എണ്ണ തടവുകയോ ചെയ്യാം) തുടര്‍ന്ന്, ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ പുഴുങ്ങി എടുക്കാം.
സ്വാദിഷ്ടമായ കൊഴുക്കട്ട തയ്യാര്‍…
അമ്മു ആന്‍ഡ്രൂസ്.