ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമാണ് കമ്പോഡിയയിലെ പ്രസിദ്ധമായ അങ്കോർ വാറ്റ് (Angkor Wat). എന്നാല്‍, അങ്കോർ വാറ്റിനു ചുറ്റുമുള്ള കാടുകളില്‍ മറഞ്ഞിരിക്കുന്നത് മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ നഗരങ്ങളാണ് എന്നത് ചരിത്രകാരന്മാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരു പുതിയ അറിവായിരുന്നു. കണ്ടെത്തിയതിനേക്കാളൊക്കെ അപ്പുറമാണ് ഇനിയും കണ്ടെടുക്കാനുള്ളത് എന്ന തിരിച്ചറിവ്, അങ്കോർ വാറ്റ് ക്ഷേത്രങ്ങളെക്കുറിച്ചും അങ്കോര്‍ ഉള്‍പ്പെടെയുള്ള സമീപനഗരങ്ങളെക്കുറിച്ചും ഉണ്ടായിരുന്ന ചരിത്രകാരന്മാരുടെ ധാരണകളെയാണ് തകര്‍ത്തെറിഞ്ഞത്.17352288_10211970315763652_3386556096118787128_n

ഫ്രഞ്ച് ചരിത്രഗവേഷകനായ ജീന്‍ ബാപ്ടിസ്റ്റ് ചെവന്‍സ്, ഓസ്ട്രേലിയന്‍ ചരിത്രകാരനായ ഡാമിയന്‍ ഇവാന്‍സ് എന്നിവരുടെ പഠനങ്ങള്‍ വെളിവാക്കിയത് മഹാനഗരങ്ങളുടെ ശേഷിപ്പുകള്‍ ഈ കാടുകള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്നു എന്നതായിരുന്നു. വലിപ്പത്തില്‍ ന്യൂയോര്‍ക്ക് നഗരത്തോടു പോലും കിടപിടിക്കുന്നതായിരുന്നു അതില്‍ ചില നഗരങ്ങള്‍. 2013 ജൂണിലെ അവരുടെ ആ വെളിപ്പെടുത്തലുകള്‍ ഖമര്‍ കാലഘട്ടത്തെക്കുറിച്ചുള്ള അതുവരെയുള്ള ധാരണകള്‍ തിരുത്തിയെഴുതാന്‍ പോന്നതായിരുന്നു.

എട്ടാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്ന ‘ഖമർ’ വംശജരുടെ സ്വദേശമാണ് കംബോഡിയ. ഒമ്പതാം നൂറ്റാണ്ടോടെ രൂപം കൊണ്ട പടിഞ്ഞാറൻ കംബോഡിയയിലെ ഖമർ സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍ ജയവർമ്മൻ രണ്ടാമൻ ആയിരുന്നു; ഇന്ന് ‘നോം കൂളെന്‍’ എന്നറിയപ്പെടുന്ന മഹേന്ദ്രപര്‍വതം ആയിരുന്നു ആദ്യതലസ്ഥാനം. സാമ്രാജ്യം വികസിച്ചതോടുകൂടി ഇപ്പോഴത്തെ റോളസ് പട്ടണത്തിനടുത്തുള്ള ‘ഹരിഹരാലായ’യിലേയ്ക്കും, തുടര്‍ന്ന്, ‘യശോധരപുര’ എന്നറിയപ്പെട്ടിരുന്ന അങ്കോറിലേയ്ക്കും തലസ്ഥാനം മാറ്റുകയുണ്ടായി.

എ.ഡി. 800-ൽ ആരംഭിച്ച്, മൂന്നു നൂറ്റാണ്ടുകൾകൊണ്ടു നിർമാണം പൂർത്തിയാക്കിയ അങ്കോർനഗരത്തിൽ ഒരു കാലത്ത് പത്തുലക്ഷത്തിലേറെ ജനങ്ങൾ താമസിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഒന്‍പത് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന നഗരത്തിന്‍റെ സുവര്‍ണ്ണകാലം, പതിനൊന്ന് മുതല്‍ പതിമൂന്ന് വരെ നൂറ്റാണ്ടുകളിലായിരുന്നു. വ്യാവസായികവളര്‍ച്ചയ്ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും വലിയ നഗരമായിരുന്നു അത്. ഉദ്ദേശം 1000 ചതുരശ്ര കിലോമീറ്ററോളം വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചുകിടന്ന മഹാനാഗരികതയുടെ കേന്ദ്രമായിരുന്നു അങ്കോര്‍.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച അങ്കോർ വാറ്റ് എന്നറിയപ്പെടുന്ന വിഷ്ണുക്ഷേത്രം അങ്കോറിലാണ് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിന് അഞ്ചര കി.മീ. വടക്കുമാറിയാണ് അങ്കോറിന്‍റെ സ്ഥാനം. ‘നഗരം’ എന്ന വാക്കിന്‍റെ കമ്പോഡിയൻ രൂപമായ ‘അങ്കോർ’ എന്ന പദവും ഖമർ കാലഘട്ടത്തിൽ ‘ക്ഷേത്രം’ എന്ന പദത്തിനുപയോഗിച്ചിരുന്ന ‘വാറ്റ്’ എന്ന പദവും ചേർന്നാണ് ‘അങ്കോർ വാറ്റ്’ എന്ന പേരുണ്ടായത്.17352357_10211970314283615_7908617524729179439_n

പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തില്‍ സൂര്യവർമ്മൻ രണ്ടാമന്‍ എന്ന ഖമര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് (ഭരണകാലം: 1113 – 1150) ക്ഷേത്രത്തിന്‍റെ നിര്‍മ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ക്ഷേത്രത്തിനു ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയ്ക്കും രൂപം കൊടുത്തു. എന്നാല്‍ രാജാവിന്‍റെ മരണത്തോടെ ക്ഷേത്രനിർമ്മാണം തല്‍ക്കാലം നിന്നുപോവുകയാണുണ്ടായത്. പിന്നീട് കംബോഡിയയുടെ സുവർണകാലമായി കണക്കാക്കപ്പെടുന്ന, ജയവർമ്മൻ ഏഴാമന്‍റെ (ഭരണകാലം: 1181- 1218) കാലത്താണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണപ്രവൃത്തികൾ പൂർത്തിയാക്കിയത് എന്നു കരുതപ്പെടുന്നു.

‘വിടരാന്‍ നില്ക്കുന്ന ഒരു താമരമൊട്ട്’ പോലെയാണ് ഇതിന്‍റെ നിര്‍മ്മിതി. മേരു പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാന ഗോപുരത്തിന്‍റെ ഉയരം 213 അടി വരും. മേരുവിന്‍റെ ശാഖകള്‍ എന്നപോലെ ഇതിനു ചുറ്റുമായി മറ്റ് നാല് ഗോപുരങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. ക്ഷേത്രത്തെ ചുറ്റിക്കിടക്കുന്ന 650 അടി വീതിയിലുള്ള കിടങ്ങിന്‍റെ ചുറ്റളവ്‌ ഏകദേശം 5 കിലോമീറ്ററോളമാണ്.17264716_10211970314483620_7265496882109758678_n

ക്ഷേത്രത്തിന്‍റെ പുരാതന നാമം ‘വരാഹവിഷ്ണുലോകം’ എന്നായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വിഷ്ണുക്ഷേത്രമായി നിര്‍മ്മിക്കപ്പെട്ട അങ്കോർ വാറ്റ് പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ഒടുവിലാണ് ബുദ്ധക്ഷേത്രമായി മാറുന്നത്. നഗരത്തിന്‍റെ പതനത്തോടെ പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രം പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടെങ്കിലും, ക്ഷേത്രത്തിനു ചുറ്റുമുള്ള കിടങ്ങ് കാടിന്‍റെ കടന്നുകയറ്റത്തില്‍നിന്നും, പൂർണ്ണനാശത്തിന് ഇരയാകുന്നതില്‍നിന്നും ക്ഷേത്രത്തിന് തുണയായി. കുറെയേറെ വര്‍ഷങ്ങള്‍ക്കു ശേഷം, നിബിഡവനത്തിന്‍റെ നടുവിൽ ഒറ്റപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ക്ഷേത്രം അലഞ്ഞുതിരിയുന്ന ബുദ്ധസന്യാസിമാരുടെ കണ്ണിൽപെട്ടെങ്കിലും അതിന്‍റെ ഉത്ഭവത്തെക്കുറിച്ചുണ്ടായ അജ്ഞത, ക്ഷേത്രത്തെക്കുറിച്ച് ഇതിഹാസസമാനമായ കഥകൾ പരക്കാൻ കാരണമായി.17309490_10211970317643699_1000490710557529487_n

പാശ്ചാത്യലോകത്തുനിന്നുള്ള അങ്കോർ വാറ്റിലെ ആദ്യ സന്ദര്‍ശകന്‍ 1586ല്‍ എത്തിയ പോര്‍ച്ചുഗീസ് പുരോഹിതനായ ആന്റോണിയോ ഡാ മാദലേന ആയിരുന്നു. വീണ്ടും ചില നൂറ്റാണ്ടുകള്‍ കൂടി പുറമേയ്ക്ക് അറിയപ്പെടാതെ കിടന്നിരുന്ന ‘നഷ്ടപ്പെട്ടുപോയ ക്ഷേത്രനഗര’ത്തെക്കുറിച്ച് പിന്നീട് ചില യൂറോപ്യന്മാർ അറിയുകയും, തുടർന്നുണ്ടായ തെരച്ചിലിൽ ഫ്രെഞ്ചുകാരനായ ഹെൻ‌റി മൌഹത് 1860ൽ ക്ഷേത്രത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരികയുമാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ ഫ്രഞ്ചുകാർ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിത്തുടങ്ങി. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.17308962_10211970314963632_1856022848406782710_n

എന്നാല്‍ സമുദ്രത്തിലെ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു അങ്കോർ വാറ്റ് ക്ഷേത്രം. വനം കടന്നുകയറി ലോകത്തിന്‍റെ കണ്ണില്‍നിന്നു മറച്ചുപിടിച്ച നിരവധി അത്ഭുതങ്ങള്‍ അപ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ ഫ്രഞ്ച് പര്യവേക്ഷകരായിരുന്നു ‘നോം കൂളെനെ’ന്ന നഗരത്തെക്കുറിച്ചുള്ള അവ്യക്തമായ സൂചനകള്‍ ലോകത്തിനു നല്‍കിയത്. നോം കൂളെന്‍ മലമുകളില്‍ കണ്ടെത്തിയ ക്ഷേത്രച്ചുമരുകളിലെയും ദ്വാരകവാടങ്ങളിലെയും ശിലാലിഖിതങ്ങള്‍ ‘മഹേന്ദ്രപര്‍വത’ എന്ന സമുജ്ജ്വലമായ ഒരു തലസ്ഥാനനഗരത്തെയും, ‘ജയവര്‍മന്‍ രണ്ടാമന്‍’ എന്ന ചക്രവര്‍ത്തിയെയും കുറിച്ചുള്ള വിവരങ്ങള്‍ പകര്‍ന്നുതന്നു.17362380_10211970318443719_3360685145303996968_n

1936ല്‍ പുരാവസ്തുവിദഗ്ദ്ധന്‍ കൂടിയായ ഫിലിപ്പ് സ്റ്റേണ്‍ എന്ന ഫ്രഞ്ച് ചരിത്രകാരന്‍ നോം കൂളെന്‍ പീഠഭൂമിയിലേയ്ക്കു നടത്തിയ പദയാത്രയും, അഞ്ചാഴ്ചകള്‍ നീണ്ട ഉദ്ഖനനങ്ങളും വെളിച്ചത്തുകൊണ്ടുവന്നത് 17 ഹൈന്ദവ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും, ഭഗവാന്‍ വിഷ്ണുവിന്‍റെ വലിയ പ്രതിമയും, കല്ലില്‍ നിര്‍മ്മിച്ച ഭീമാകാരമായ പിരമിഡിന്‍റെ ശേഷിപ്പുകളുമായിരുന്നു. സ്റ്റേണ്‍ കണ്ടെത്തിയത് മഹേന്ദ്രപര്‍വതമായിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ കണ്ടെത്തലില്‍നിന്ന് ഒട്ടും മുന്നോട്ടുപോകാതെ ദശകങ്ങളോളം അത് അവഗണിക്കപ്പെട്ടു കിടന്നു.17362380_10211970319923756_50519109136325467_n

വീണ്ടും എഴുപത്തിയഞ്ചോളം വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജീന്‍ ബാപ്ടിസ്റ്റ് ചെവന്‍സിന്‍റെ പഠനഗവേഷണങ്ങള്‍ ആരംഭിക്കുന്നത്. കംബോഡിയ നീറിപ്പുകഞ്ഞ കാലത്തിനുശേഷം, 2000ലായിരുന്നു ചെവന്‍സും സംഘവും നോം കൂളെനില്‍ എത്തിയത്. ഖമര്‍ നാഗരികതയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായി. ഡാമിയന്‍ ഇവാന്‍സുമായി ചേര്‍ന്ന് നടത്തിയ പര്യവേക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി ഒട്ടനവധി വിവരങ്ങള്‍ ശേഖരിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, മറ്റു ചരിത്രകാരന്മാരുടെയും, അവരുടെ തന്നെയും ഗവേഷണതുടര്‍ച്ചയിലെ വഴിത്തിരിവായത്, 2012ല്‍ ഉപയോഗിച്ചു തുടങ്ങിയ നവീനമായ ഒരു സാങ്കേതികവിദ്യയായിരുന്നു: ലിഡാര്‍ (LIDAR- Light Detection and Ranging) എന്ന സ്കാനിംഗ് സാങ്കേതികവിദ്യയായിരുന്നു അത്.17362452_10211970322443819_2329046527208950460_n

2012 ഏപ്രില്‍ മുതല്‍ ലിഡാര്‍ ടെക്നീഷ്യന്‍മാരോടൊത്ത് ഹെലികോപ്റ്ററില്‍ നോം കൂളെനു മുകളിലൂടെ തലങ്ങും വിലങ്ങും പറന്ന് ആവശ്യമായ വിവരങ്ങള്‍ അവര്‍ ശേഖരിച്ചു. ഏകദേശം 734 ചതുരശ്ര മൈല്‍ പ്രദേശത്താണ് പഠനങ്ങള്‍ നടത്തിയത്. ലിഡാര്‍ ഉപയോഗിച്ച് വനത്തിനടിയില്‍ മാഞ്ഞുകിടക്കുന്ന നഗരത്തിന്‍റെ ത്രിമാനഡിജിറ്റല്‍ ഡാറ്റ ശേഖരിക്കാനും, അതുവഴി ചിത്രങ്ങള്‍ രൂപപ്പെടുത്താനും കഴിഞ്ഞപ്പോള്‍ അതുവരെ മറഞ്ഞിരുന്ന ചരിത്രം മെല്ലെ വെളിവാകുകയായിരുന്നു.

ലഭ്യമായ വിവരങ്ങള്‍ ചിത്രങ്ങളാക്കി മാറ്റാന്‍ പിന്നെയും രണ്ടു മാസത്തോളമെടുത്തു. ആ ചിത്രങ്ങളിലൂടെ ഇതള്‍വിടര്‍ന്നത് ഇതിഹാസകാലഘട്ടത്തിലെ നഗരത്തിന്‍റെ സങ്കീര്‍ണ്ണമായ രൂപരേഖയായിരുന്നു; മഹാനഗരങ്ങളും, അതിലെ പാതകളും, വീടുകളും, കെട്ടിടങ്ങളും, ജലപാതകളുമായിരുന്നു. അതിനെതുടര്‍ന്ന്, അപ്രത്യക്ഷമായ മഹാനഗരത്തിന്‍റെ നിരവധി തെളിവുകള്‍ അണിനിരത്താന്‍ അവര്‍ക്ക് സാധിച്ചു.17352485_10211970323203838_5468145688294207287_n

വനത്തിനടിയില്‍ മറഞ്ഞുകിടക്കുന്നുവെന്ന് സംശയിച്ച നഗരം വ്യക്തതയും കൃത്യതയുമുള്ള ചിത്രങ്ങളായി അവര്‍ക്ക് മുന്നില്‍ അനാവൃതമായി. നടപ്പാതകള്‍, ജലസംഭരണികള്‍, കുളങ്ങള്‍, ബൃഹത്തായ ഡാമുകള്‍, കൈത്തോടുകള്‍, ജലസേചനസംവിധാനങ്ങള്‍, കൃഷിയിടങ്ങള്‍, വാസസ്ഥലങ്ങള്‍, വീടുകള്‍, ക്ഷേത്രങ്ങള്‍, രാജകൊട്ടാരം ഇവയെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് തെളിഞ്ഞുകാണായി. മഹേന്ദ്രപര്‍വതയുടെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും കഥകള്‍ പിന്നീട് പറഞ്ഞത് ആ ചിത്രങ്ങളായിരുന്നു. മഴയില്ലാത്ത സമയത്തും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളിലെല്ലാം വെള്ളമെത്തിക്കാന്‍ കഴിഞ്ഞ, നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ എന്‍ജിനീയറിംഗ് വൈഭവം ഏവരേയും അതിശയപ്പെടുത്തുന്നതാണ്.

പതിനാലാം നൂറ്റാണ്ടോടെയാണ് ഖമര്‍ രാജവംശത്തിന്‍റെയും അവരുടെ നഗരങ്ങളുടെയും പതനത്തിനു തുടക്കം കുറിക്കുന്നത്. ഉത്തുംഗതയില്‍ വിലസിയിരുന്ന ഈ നഗരങ്ങളുടെ പതനത്തിനുപിന്നില്‍ എന്തായിരുന്നു? ചരിത്രകാരന്മാര്‍ പല കാരണങ്ങളും നിരത്തുന്നുണ്ട്; വൈഷ്ണവ-ശിവ ഹൈന്ദവതയില്‍ നിന്നും തേരാവാദബുദ്ധിസത്തിലേയ്ക്കുള്ള മതംമാറ്റം മൂലമുണ്ടായ രാഷ്ട്രീയ-സാമൂഹികപ്രശ്നങ്ങള്‍, 1330കളില്‍ പടര്‍ന്നുപിടിച്ച പ്ലേഗ്, അയല്‍രാജ്യങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍, പിന്നെ പരിസ്ഥിതിനാശവും.

രാജവംശത്തിലെ അധികാരതർക്കങ്ങളും, അയൽക്കാരായ ആയുത്തായ് ഗോത്രത്തിന്‍റെ ആക്രമണങ്ങളും, നെൽകൃഷി നിലനിർത്തിയിരുന്ന ജലസേചനസംവിധാനങ്ങളുടെ തകർച്ചയുമാണ് സാമ്രാജ്യത്തിന്‍റെ ശിഥിലീകരണത്തിന് പ്രധാനകാരണങ്ങളായി കരുതപ്പെടുന്നത്. തകര്‍ച്ചകളിലും കാംബൂജവംശം പിടിച്ചുനിന്നുവെങ്കിലും, 1431-ലെ തായ് ആക്രമണത്തെതുടർന്ന് അങ്കോർ കൈവിട്ടുപോയതോടെ ഖമർ പൗരപ്രമുഖർക്കും ജനങ്ങള്‍ക്കും തെക്കൻ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഈ സമയത്താവണം ‘നോം പെന്നി’ലെ ഇപ്പോഴത്തെ തലസ്ഥാനം സ്ഥാപിക്കപ്പെട്ടത്.

ജലാശയങ്ങളുടെയും കനാലുകളുടെയും വളരെ വിസ്തൃതമായ ശൃംഖലയാണ് ഗതാഗതം, വാണിജ്യം, ജലസേചനം എന്നിവയ്ക്കായി അവര്‍ ഉപയോഗിച്ചിരുന്നത്. വര്‍ഷത്തില്‍ മൂന്നുവട്ടം നെല്‍കൃഷി നടത്താനായതും ഈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു. എന്നാല്‍ അതിദ്രുതം വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും, പതിനാലാം നൂറ്റാണ്ടിലെ വളരെ മോശമായ കാലാവസ്ഥാവ്യതിയാനങ്ങളും ഈ ജലസേചനസംവിധാനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. വരള്‍ച്ചകളും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കങ്ങളും ഇവയുടെ നാശത്തിനും കാരണമായി മാറി.

ജനങ്ങള്‍ക്ക് പുതിയ താമസസ്ഥലങ്ങളൊരുക്കാനും, പുതിയ കൃഷിയിടങ്ങള്‍ തയ്യാറാക്കാനുമായി കൂളെന്‍ മലനിരകളിലെ കാടുകള്‍ വെട്ടിവെളുപ്പിച്ചു. തരിശായ മലകളില്‍നിന്ന് മഴക്കാലത്തൊഴുകിയെത്തിയ മണ്ണും ചെളിയും, കനാലുകളെയും ഡാമുകളെയും തൂര്‍ത്തുകളഞ്ഞു. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള നഗരവത്കരണത്തിന് പ്രകൃതി കൊടുത്ത തിരിച്ചടി അതായിരുന്നു. കൃഷിനാശവും പട്ടിണിയും നഗരത്തെ ഉപേക്ഷിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കി. പതിയെപ്പതിയെ ഈ നഗരങ്ങള്‍ വനമേഖലകളായി മാറി.

അങ്കോറിലെ നിര്‍മ്മിതികളുടെ മറ്റു പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:

ജയവർമ്മൻ ഏഴാമന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച Bayon Temple, നോം കൂളെന്‍ മലമുകളിലെ Rong Chen പിരമിഡ്, 1186ല്‍ നിര്‍മ്മിച്ചുതുടങ്ങിയ താ പ്രോം (Ta Prohm), ഒടുവിലത്തെ ഖമര്‍ തലസ്ഥാനമായിരുന്ന അങ്കോര്‍ തോം നഗരം (Angkor Thom), മറ്റു ക്ഷേത്രങ്ങളില്‍നിന്ന് 32 കിലോമീറ്ററോളം അകന്നു സ്ഥിതിചെയ്യുന്ന AD 967ല്‍ നിര്‍മ്മിക്കപ്പെട്ട Banteay Srei, യശോവര്‍മ്മന്‍ രാജാവ് ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച നോം ബാഖെങ്ങ് (Phnom Bakheng), ജയവർമ്മൻ ഏഴാമന്‍ തന്നെ പണികഴിപ്പിച്ച ബുദ്ധ-ഹിന്ദു ക്ഷേത്രമായ Preah Khan, AD 961ല്‍ നിര്‍മ്മിക്കപ്പെട്ടതും അങ്കോർ വാറ്റിന്‍റെ ചെറുരൂപവുമായ Pre Rup, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ബുദ്ധക്ഷേത്രമായ Banteay Kdei, 968 ADയില്‍ നിര്‍മ്മിച്ച ശിവക്ഷേത്രം Ta Keo….. പട്ടിക അങ്ങനെ നീളുന്നു.

ലിഡാര്‍ ചിത്രങ്ങളില്‍ തെളിഞ്ഞ പത്തടി ഉയരവും മുപ്പതടി വീതിയുമുള്ള വരികളായി കാണപ്പെട്ട തിട്ടകള്‍ ശ്മശാനങ്ങളുടെ ഭാഗമാണ് എന്നാണ് ആദ്യം കരുതിയതെങ്കിലും ആ അനുമാനത്തിന് തെളിവേകുന്ന ഒന്നും ഉദ്ഖനനത്തില്‍ കണ്ടെടുക്കാനായില്ല. അങ്ങനെ നിരവധി വസ്തുക്കള്‍ ഇപ്പോഴും ദുരൂഹതയായി അവശേഷിക്കുന്നു. മറഞ്ഞിരിക്കുന്ന വസ്തുതകളും വസ്തുക്കളും വെളിച്ചത്തുകൊണ്ടുവരാന്‍ ഇനിയും ഉദ്ഖനനങ്ങള്‍ വേണ്ടിയിരിക്കുന്നു; പക്ഷെ അതത്ര എളുപ്പമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

1979ലെ ഖമര്‍ റൂഷ് ഭരണത്തിന്‍റെ അന്ത്യത്തെത്തുടര്‍ന്ന് നോം കൂളെന്‍ മലനിരകളിലെ കാടുകള്‍ ഖമര്‍ റൂഷ് ഒളിപ്പോരാളികളുടെ അഭയസങ്കേതമായി മാറിയപ്പോള്‍ ശത്രുക്കളുടെ പെട്ടെന്നുള്ള കടന്നുകയറ്റത്തെ ചെറുക്കുവാന്‍ അവര്‍ ചെയ്തത് ആ പ്രദേശം മുഴുവന്‍ ലാന്‍ഡ്‌ മൈനുകളുടെ പരവതാനി തീര്‍ക്കുകയായിരുന്നു. പൊട്ടാതെ കിടക്കുന്ന ആ ലക്ഷക്കണക്കിന് ലാന്‍ഡ്‌ മൈനുകള്‍ ആയിരങ്ങളുടെ ജീവനെടുത്തതുകൂടാതെ, പുനരുദ്ധാനപ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായി ഇന്നും അവിടെ അവശേഷിക്കുന്നു.

കംബോഡിയന്‍ ചരിത്രത്തിന്‍റെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോഴും നമുക്ക് മുന്നില്‍ പ്രത്യക്ഷമായിട്ടുള്ളത് എന്നാണ് ലിഡാര്‍ പഠനങ്ങള്‍ നമ്മോടു പറയുന്നത്. ‘കണ്ടവ ഗംഭീരം, കാണാത്തവ അതിഗംഭീരം…’ എന്ന് ചരിത്രം നമ്മോടു വിളിച്ചുപറയുന്നു. ഒരുവശത്ത്, ചരിത്രത്തെ കണ്ടെത്താന്‍ ആധുനികസാങ്കേതികവിദ്യകള്‍ ഉപകരിക്കുമ്പോള്‍, ആധുനികയുഗത്തിന്‍റെ തന്നെ സംഭാവനകളായ ആയുധക്കോപ്പുകള്‍ അതിനു തടസ്സം നില്‍ക്കുന്നത് ചരിത്രത്തിന്‍റെ തന്നെ വൈരുദ്ധ്യാത്മകതയാവാം.

തയ്യാറാക്കിയത്: സജീഷ് ജോയ്.