അശാന്തമായ മനസ്സുകളുടെ കഥ പറയുന്ന ‘ഒരേ കടല്‍’ (2007)…
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ചിത്രം ആദ്യമായി കണ്ടപ്പോൾ മനസ്സിലുണ്ടായ മുറിവ്, നാഥന്റെ നെഞ്ചിലെ മുറിപാട് പോലെ നീറിക്കൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും, ഒരു കടലായി മനസ്സില്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു ആ സിനിമ. ഇത്രയും കാലത്തിനു ശേഷം ‘ഒരേ കടല്‍’ വീണ്ടും കാണുമ്പോള്‍, കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
‘സുനില്‍ ഗംഗോപാധ്യായ്’ എഴുതിയ ബംഗാളി നോവലായ ‘ഹീരക് ദീപ്തി’യാണ് ഒരേ കടലായി ശ്യാമപ്രസാദ് അണിയിച്ചൊരുക്കിയത്. സദാചാരമൂടുപടങ്ങള്‍ക്കപ്പുറം, പ്രണയത്താല്‍ മുറിവേല്‍ക്കുന്ന അനുഭവം ആസ്വാദകരിലേക്ക് പകരുന്നതില്‍ സംവിധായകനായ ശ്യാമപ്രസാദിന്‍റെ കഴിവ് എത്ര പ്രശംസിച്ചാലും മതിയാകില്ല. ചിപ്പിക്കുള്ളില്‍ ആറ്റിക്കുറുക്കിയ കടല്‍ എന്നപോലെ, മനോഹരമായ ഫ്രെയിമുകളിലൂടെ കഥാഗതി പൂര്‍ണ്ണമായി പകര്‍ന്നു നല്‍കാതെ, ആസ്വാദകന്‍റെ ഭാവനക്ക് വിടുന്നതില്‍ ക്യാമറാമാന്‍ അളഗപ്പന്‍റെ പ്രാഗത്ഭ്യവും എടുത്തുപറയേണ്ടത് തന്നെയാണ്. ഒരു പക്ഷെ, അതുകൊണ്ടാവാം വര്‍ഷങ്ങള്‍ക്ക് ശേഷവും ആ സിനിമയുടെ പ്രസക്തി നഷ്ടപ്പെടാത്തത്.
ശ്യാമപ്രസാദ് സിനിമകളുടെ ഏറ്റവും വലിയ സവിശേഷത, കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനത്തിലൂടെ ആസ്വാദകനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അഭിനേതാക്കളുടെ സാന്നിധ്യമാണ്. അക്കാര്യത്തില്‍ ‘ഒരേ കടല്‍’ ഏറെ മുന്നില്‍ തന്നെയാണ്. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എസ് ആര്‍ നാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഇത്.
മിഡിൽ ക്ലാസ് ജനതയുടെ ജീവിത പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തുകയും പുസ്തകങ്ങൾ എഴുതുകയും പുരസ്‌കാരങ്ങൾ നേടിയെടുക്കുകയും ചെയ്ത്, സുഖലോലുപതയില്‍ മുഴുകി ജീവിച്ചിരുന്ന നാഥൻ, വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ പെണ്കുട്ടിയുടെ നിഷ്കളങ്കവും ആഴത്തിലുള്ളതുമായ പ്രണയത്തിന് മുൻപിൽ അമ്പേ ദുര്‍ബലനാകുന്ന കഥ. ലോകമറിയുന്ന സാമ്പത്തിക ശാസ്തജ്ഞന്‍ പടുത്തുയര്‍ത്തിയ പൊള്ളയായ ജീവിത വീക്ഷണങ്ങള്‍, ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു…
ക്ലാസുകളും, മീറ്റിങ്ങുകളും അംഗീകാരങ്ങളും പണവും പദവിയുമായി മാനുഷിക ബന്ധങ്ങൾക്ക് വില കല്പിക്കാതെ, ഭൂമിയിൽ നിന്നും അറ്റുപോകുന്ന ബന്ധങ്ങളെ ആഘോഷമാക്കുന്ന, സ്ത്രീയെ ശരീരത്തിന്റെ ആവശ്യമായി മാത്രം കരുതുന്ന നാഥൻ, ശക്തനെന്നും വിജ്ഞാനിയെന്നും സ്വയം വിശ്വസിപ്പിക്കുമ്പോഴും താന്‍ നിസ്സാരനായ ഒരു മനുഷ്യനാണണെന്ന അയാളുടെ തിരിച്ചറിവിന്‍റെ കഥ കൂടിയാണിത്. ഒരേ കടലിന് ശേഷം കഥാപാത്രവുമായി ഇത്രമേല്‍ താദാത്മ്യം പ്രാപിച്ച, അല്ലെങ്കില്‍ ഒരേസമയം ശക്തനും ആശക്തനുമായ ഒരു കഥാപാത്രമായി മാറാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ടോ?
കാമുകനും ഭര്‍ത്താവിനുമിടയില്‍, ഉള്ളിലിരമ്പുന്ന പ്രണയകടലിന് മുന്‍പില്‍ നിസ്സഹായയാകുന്ന, പ്രണയം നിഷേധിക്കുമ്പോള്‍ മാനസികമായി തകര്‍ന്നു പോകുന്ന ദീപ്തിയിലൂടെയാണ് കഥ മുന്നേറുന്നത്. ഈ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഭക്തിമാര്‍ഗ്ഗം സ്വീകരിക്കുകയും ഒടുവില്‍ അതും സാധിക്കാതെ വരുമ്പോള്‍ താന്‍ ആരാധിച്ചിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ തച്ചുടക്കുകയും ചെയ്യുന്നുണ്ട് ദീപ്തി. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനോ പുറത്തുപോകാനോ അറിയാതിരുന്ന ദീപ്തിയില്‍ നിന്നും ഉറച്ച തീരുമാനങ്ങളുമായി നാഥന്റെ ഫ്ലാറ്റിലേക്ക് കയറുന്ന, ജ്വലിക്കുന്ന കണ്ണുകളുള്ള ദീപ്തിയിലേക്കുള്ള മാറ്റം അത്രമേല്‍ അനായാസതയോടെയാണ് മീര ജാസ്മിന്‍ അവതരിപ്പിച്ചത്.
കയ്യിലൊരു കൂര്‍ത്ത ചില്ലിന്‍ കഷ്ണവുമായി നാഥന്റെ ഫ്ലാറ്റിലേക്ക് ഉറച്ച കാലടികളോടെ, ദീപ്തി നടന്നു കയറുന്നത് ഒരുപാട് ചോദ്യങ്ങള്‍ നമുക്ക് സമ്മാനിച്ചു കൊണ്ടാണ്. അവളുടെ തീഷ്ണമായ നോട്ടത്തിനു മുന്‍പില്‍ പകച്ചു പോകുന്ന നാഥന്‍ പറയുകയാണ്, “ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും കരുത്തയായ സ്ത്രീ നീയാണ്…” നാഥന്റെയും ദീപ്തിയുടെയും പ്രണയത്തിന് എന്ത് ന്യയീകരണമാണ് നമുക്ക് കൊടുക്കാന്‍ കഴിയുക?
നാഥന്റെ സമാന ചിന്താഗതിക്കാരിയായ സുഹൃത്ത്, രമ്യ കൃഷ്ണൻ അവതരിപ്പിച്ച ബേല എന്ന കഥാപാത്രത്തെക്കുറിച്ചും എടുത്തുപറയേണ്ടതുണ്ട്. ശക്തയെന്നു പുറമെ തോന്നുമ്പോഴും ‘ബന്ധങ്ങൾ എന്ന ചരട്’ പൊട്ടിച്ചു സ്വാതന്ത്രയായി നടക്കുമ്പോഴും അവളുടെ ഉള്ളിന്റെ ഉള്ളിലെ ‘അമ്മ’യെന്ന വികാരം എത്ര മനോഹരമായാണ് രമ്യ അവതരിപ്പിച്ചത്. പൊള്ളുന്ന ബാല്യകാല അനുഭവങ്ങളും പതിനഞ്ചാം വയസ്സില്‍ ചെറിയച്ഛന്റെ കുഞ്ഞിനെ പ്രസവിച്ചതും, പട്ടിണി മൂലം തന്‍റെ പിഞ്ചുകുഞ്ഞ് മരിച്ചതുമെല്ലാം നിറകണ്ണുകളോടെ പറയുമ്പോള്‍, പുറമേ ശാന്തം എന്ന് തോന്നുന്ന ബേലയുടെ ഉള്ളിലെ അശാന്തമായ കടല്‍ നമുക്ക് വ്യക്തമായി കാണാം. ആ വേദനയിൽ നിന്നും കരുത്തയായ സ്ത്രീയായി മാറിയതിന്‍റെയും കഥ പറയുമ്പോൾ അവൾ പറയുകയാണ്, “എന്റെ മരിച്ചു പോയ കുഞ്ഞാണ്, ഇന്നത്തെ എന്നെ പ്രസവിച്ചത്…”
ഈ ചിത്രത്തിലെ മറ്റൊരു പ്രധാനമായ കഥാപാത്രമാണ് നരേയ്ന്‍ അവതരിപ്പിച്ച, ജയകുമാര്‍ എന്ന കഥാപാത്രം. അത്രമേല്‍ ഗൗരവത്തോടെ ഒഴുകിയിരുന്ന കടലില്‍ ഒരല്പം ചേര്‍ച്ചക്കുറവ് തോന്നിയത് ജയകുമാര്‍ എന്ന കഥാപാത്രത്തിനായിരുന്നു. ഒരുപക്ഷേ, കഥാപാത്രം ആവശ്യപ്പെട്ടതാകാം ആ ചേര്‍ച്ചക്കുറവ്.
സന്ദർഭത്തിന് ഏറെ യോജിക്കുന്ന അഞ്ചു ഗാനങ്ങളുടെയും മനോഹരമായ വരികള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഗാനങ്ങള്‍ എല്ലാം ശോകഭാവമുള്ള, ‘ശുഭപന്തുവരാളി’ രാഗത്തില്‍ ആണെങ്കിലും അഞ്ചിനും വ്യത്യസ്തമായ മൂഡ് നല്‍കി, അതിസുന്ദരമായ ഒരു ശ്രവ്യാനുഭാവമാക്കി മാറ്റി ഔസേപ്പച്ചന്‍ എന്ന പ്രതിഭ. ബോംബെ ജയശ്രീയുടെയും ശ്വേത മോഹന്‍റെയും വിനീത് ശ്രീനിവാസന്റെയും സുജതയുടെയും ജി വേണുഗോപാലിന്‍റെയും നവീന്‍ അയ്യരുടെയും ശ്രുതിമധുരമായ ശബ്ദത്തിൽ ഒഴുകിയെത്തിയപ്പോൾ ഒരേകടൽ ഒരു അനുഭവമായി മാറുകയായിരുന്നു.
ഇതിലെ ഗാനങ്ങള്‍ എല്ലാം പ്രിയപ്പെട്ടവയെങ്കിലും, ദീപ്തി എന്ന ഭാര്യയുടെ, കാമുകിയുടെ, അമ്മയുടെ മാനസിക വ്യഥകള്‍ മികവോടെ അവതരിപ്പിച്ച ‘യമുന വെറുതെ…’ (ശ്വേത മോഹന്‍) എന്ന ഗാനവും ‘പ്രണയ സന്ധ്യ…’ (ബോംബെ ജയശ്രീ) എന്ന ഗാനവും എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളാണ്.
കര്‍ണ്ണശപഥം ആട്ടക്കഥയില്‍, കുന്തിയുടെ മാനസിക പിരിമുറുക്കം ഏറ്റവുമധികം പ്രകടമാക്കുന്ന പദം, ‘കര്‍ണ! മതിയിദം, കര്‍ണരുന്ദുത വാക്യം’ എന്ന പദവും ഇതേ രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. വ്യവസ്ഥാപിത സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന കുന്തിയുടെ പദത്തിനുപയോഗിച്ചിരിക്കുന്ന അതേ രാഗം , പുതിയ കാലഘട്ടത്തിലെ സ്ത്രീയുടെ സദാചാരസംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ‘ഒരേ കടലി’നും ഉപയോഗിച്ചിരിക്കുന്നതില്‍ അതിശയോക്തി ഇല്ല തന്നെ…
ഗാനങ്ങള്‍ കേള്‍ക്കാം…
മികച്ച സിനിമ, സംഗീതസംവിധാനം, ഗായകര്‍, അഭിനേതാക്കള്‍, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിങ്ങനെ ദേശീയ—സംസ്ഥാന—ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ കൈയ്യടക്കിയതിന് പുറമേ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയുടെ ഉത്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു ഈ സിനിമ. പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടുന്നതിലുപരി, ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവർത്തിച്ചവരുടെയെല്ലാം കരിയറിലെ മാസ്റ്റര്‍പീസ് തന്നെയാണ് , ‘ഒരേകടൽ’…
അമ്മു ആന്‍ഡ്രൂസ്.
അമ്മു ഒരേ കടൽ പണ്ട് കണ്ടിരുന്നു. വല്ലാത്ത ഒരു മാനസിക സംഘർഷം ആണ് തോന്നിയത ന്ന്. പാട്ടുകൾ വളരെയധികം മനസിനെ ഉലച്ചിരുന്നു. റിവ്യു നന്നായി😍😍😍
LikeLiked by 1 person
സൂപ്പർ
LikeLiked by 1 person