കുന്നിന്‍ മുകളിലൊരു തനിനാടന്‍ വീട്, നിറയെ പൂച്ചെടികളുള്ള വലിയ മുറ്റം, പോര്‍ച്ചില്‍ ഒരു ചുവന്ന വില്ലിസ് ജീപ്പ്, വലിയ കൃഷിയിടം, കുളം, പുല്‍മേട്, പശു വളര്‍ത്തല്‍, വലിയ വിശാലമായ തൊഴുത്ത്, ബയോഗ്യാസ്, കച്ചിത്തുറു… ഇതൊക്കെയായിരുന്നു അല്ലേല്‍ വേണ്ടാ, ഇതൊക്കെയാണ് ഇന്നും വീടിനെക്കുറിച്ചുള്ള എന്‍റെ സ്വപ്‌നങ്ങള്‍…

വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലെ ഫ്രെയിമുകളില്‍ കൂടുതലും പശുവുമായി ബന്ധപ്പെട്ട കാഴ്ചകളാണ്. ‘ഗോമാതാ’ സങ്കല്പങ്ങള്‍ ഒക്കെ വരുന്നേന് മുന്നേ തന്നെ, എന്‍റെ ഹൃദയത്തിന്‍റെ വടക്ക് കിഴക്കേ മൂലയ്ക്ക് മൂക്കയറിട്ട് ഞെളിഞ്ഞു നിന്നവളാണ് ‘പശു’. ആ ബന്ധത്തിന് എന്‍റെ ജനനത്തോളം പഴക്കമുണ്ട്. ‘അമ്മുകുട്ടി പാല് കുടിച്ചു വളരട്ടെ’ എന്നും പറഞ്ഞ് അന്നംകുഞ്ഞാണ് (വല്യമ്മച്ചി), ആറ്റുനോറ്റ് വളര്‍ത്തിയ ‘മണികുട്ടി’ പശുവിനെ വീട്ടിലേക്ക് തന്നത്. അന്ന് തുടങ്ങി ഏതാണ്ട് പത്തുവര്‍ഷം മുമ്പ് വരെയും പശുവായിരുന്നു ഞങ്ങടെ വീടിന്റെ ഐശ്വര്യം. ജനിച്ചു വീഴുന്ന പശുക്കിടാങ്ങള്‍ക്ക് പല പേരുകള്‍ നല്‍കി ഞങ്ങള്‍ കൊഞ്ചിച്ചു വളര്‍ത്തി.

മൃഗങ്ങളെ വളര്‍ത്തുക, പരിപാലിക്കുക എന്നതൊക്കെ എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ല; അതിനൊരു പ്രത്യേക വാസനയൊക്കെ വേണം. അന്നംകുഞ്ഞിന് പട്ടി, കോഴി, മുയല്‍, പശു, പക്ഷികള്‍ എന്നിങ്ങനെ എന്തു മൃഗങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകമായ ചില രീതികളൊക്കെയുണ്ട്. എല്ലാ ദിവസവും ഷാമ്പൂ ഒക്കെയിട്ട് കുളിപ്പിച്ച്, പ്രത്യേകമായ പോഷകാഹാരങ്ങള്‍ ഒക്കെ കൊടുത്ത് വളരെ സ്നേഹത്തോടെ അവരോട് സംസാരിച്ച് നടക്കുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. വളർത്തുമൃഗങ്ങൾക്ക് എല്ലാത്തിനും അന്നംകുഞ്ഞ് നല്ല കിടിലോസ്‌കി പേരും കൊടുക്കും. റാണി, നന്ദിനി, മണിക്കുട്ടി എന്നീ പശുക്കളും ടിറ്റു, മാഗി, ബ്ലാക്കി, സ്നൂപ്പി എന്നീ പട്ടികളും സുന്ദരി എന്ന കോഴിയും അനുസരണയോടെ അന്നംകുഞ്ഞിനെ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ച എത്ര മനോഹരമാണെന്നോ…

ഏഴ് വര്‍ഷത്തോളം ഇടവേളയില്ലാതെ ചുരത്തിയ, ‘ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്’ നന്ദിനി പശു അന്നംകുഞ്ഞിനെ പ്രശസ്തയാക്കിയിട്ടുമുണ്ട്. മുപ്പതോളം വർഷങ്ങൾക്ക് മുൻപ് ദീപിക പത്രത്തിന്‍റെ ‘നാട്ടുവിശേഷം’ പേജില്‍ അന്നംകുഞ്ഞും നന്ദിനിയും ഒന്നിച്ചുള്ള ഫോട്ടോ വന്നിട്ടുണ്ടത്രേ. ‘ഏഴുവര്‍ഷം നിര്‍ത്താതെ ചുരത്തി, നന്ദിനിയെന്ന കാമധേനു’ എന്നതായിരുന്നു തലക്കെട്ട്‌ എന്നാണ് എന്‍റെ ഓര്‍മ്മ.

‘ഇത്രേം സ്നേഹത്തോടെ അമ്മച്ചി ഞങ്ങളെ സ്നേഹിച്ചിട്ടില്ല’ എന്ന് മക്കള്‍ പരാതി പറയുമ്പോഴും, തന്‍റെ ശബ്ദം ഒന്ന് കേട്ടാല്‍ സ്നേഹത്തോടെ മുരളുന്ന പശുവിനെയും മുട്ടിയുരുമ്മുന്ന അനുസരണയുള്ള പട്ടിക്കുട്ടികളെയും നോക്കി അന്നംകുഞ്ഞ് ഊറി ചിരിക്കും. ഈ അനുസരണയും സ്നേഹവും മക്കള്‍ക്ക് ഉണ്ടോ എന്നതാണ് ആ ചിരിയുടെ പിന്നിലെ രഹസ്യം.

മൃഗങ്ങളോട് സ്നേഹത്തോടെ മാത്രമേ അമ്മച്ചി സംസാരിച്ചിട്ടുള്ളു എന്നതിനേക്കാള്‍, ഒരിക്കൽ പോലും മൃഗങ്ങളോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നത് മക്കളും കൊച്ചുമക്കളും ഒരേപോലെ അസൂയയോടെ നോക്കി നിന്നു. എന്ത് അസുഖം വന്നാലും മൃഗങ്ങൾക്ക് ഒരു കുറവും വരാതെ നോക്കുന്നത് കാണുമ്പോള്‍, ‘അടുത്ത ജന്മത്തിൽ അമ്മച്ചീടെ മക്കളായി ജനിക്കുന്നേന് പകരം, പട്ടിയോ പശുവോ ആയി ജനിച്ചാൽ മതി’ എന്ന്‍ എത്രയോ തവണ മനസ്സില്‍ പറഞ്ഞിരിക്കുന്നു.

ഇത്രയുമൊക്കെ ഇന്‍ട്രോ പറഞ്ഞ സ്ഥിതിക്ക്, അന്നംകുഞ്ഞിന്‍റെ പശു പരിപാലനവുമായി ബന്ധപ്പെട്ട ഒരു കഥ തന്നെയാണ് പറയാന്‍ പോകുന്നത് കേട്ടോ. എനിക്ക് സുമാര്‍ എട്ടു വയസ്സ് ഉള്ളപ്പോഴാണ് *പ്രക്കട്ട കുഞ്ഞാങ്ങള ജനിക്കുന്നത്. അവന്റെ ജനനത്തിന് മുന്‍പ്, ഗര്‍ഭകാലത്തിന്റെ അവസാന ലാപ്പിലെ ശാരീരിക ബുദ്ധിമുട്ടുകളും പ്രസവാനന്തര കാലത്തെ അസൗകര്യങ്ങളും നിമിത്തം എന്‍റെ അമ്മ, ജിജി മോള്‍ (ഞങ്ങള്‍ അമ്മയെ ‘ജിജി മോളേ’ ന്നാ വിളിക്കുന്നേ) തന്‍റെ അരുമയായ മണിക്കുട്ടിയുടെ  ‘പവര്‍ ഓഫ് അറ്റോര്‍ണി’ താത്കാലികമായി അന്നംകുഞ്ഞിനു കൈമാറുകയും, തദ്വാര മണിക്കുട്ടിയുടെ വാസസ്ഥലം പാലാ വീട്ടില്‍ നിന്നും മുവാറ്റുപുഴ വീട്ടിലേക്ക് മാറ്റപ്പെടുകയും ചെയ്തു. മണിക്കുട്ടിക്ക് തായ് വഴിയില്‍ അന്നംകുഞ്ഞുമായി ബന്ധമുണ്ട് താനും. അതായത്, അന്നംകുഞ്ഞിനെ ലോകപ്രശസ്തയാക്കിയ നന്ദിനി പശുവിന്റെ മകളായ റാണി പശുവിന്റെ കടിഞ്ഞൂല്‍ സന്തതിയാണ് മേല്‍പ്പറഞ്ഞ മണിക്കുട്ടി. അങ്ങനെ മണിക്കുട്ടി, മുവാറ്റുപുഴ വീട്ടില്‍ തന്‍റെ അമ്മയോടൊപ്പം കുറച്ചു നാള്‍ സസുഖം വാണു. അന്നംകുഞ്ഞു വളരെ കാര്യമായി തന്നെ മണിക്കുട്ടിയെ ശുശ്രൂഷിക്കുകയും ചെയ്തു.

കുഞ്ഞാങ്ങള ജനിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പ്രിയങ്കരിയായ മണിക്കുട്ടിയെ തിരികെ കൊണ്ടുവരാന്‍ തീരുമാനമായി. അങ്ങനെ ഒരു ദിവസം വൈകിട്ട്, ഹാഫ് ഡേ ലീവ് എടുത്ത അപ്പനും സ്കൂള്‍ വിട്ട് വന്ന ഞാനും ചിന്നമ്മയും (അനിയത്തി) കൂടി പാലായില്‍ നിന്നൊരു 407 ഒക്കെ വിളിച്ച് വളരെ രാജകീയമായി മുവാറ്റുപുഴ വീട്ടിലേക്ക് വെച്ചടിച്ചു.

അവിടെ ചെന്നപ്പോള്‍ അന്നംകുഞ്ഞ് കോതമംഗലത്തെ വീട്ടില്‍ പോയിരിക്കുകയാണ്, അമ്മാവന്‍ ജിമ്മിചാച്ചന്‍ മാത്രേ വീട്ടിലുള്ളൂ. കുറെ സമയം അവിടിരുന്ന് കത്തിവെച്ച് സന്ധ്യ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അവിടെ നിന്നും ഞങ്ങടെ മണിക്കുട്ടിയേം കൂട്ടി തിരികെ പോന്നു. ഇത്രയും മാസങ്ങളിലെ സുഖവാസത്തിന്‌ ശേഷം, അവിടെ നിന്നും അമ്മയെ പിരിഞ്ഞ് തിരികെ പോരാന്‍ അവള്‍ക്ക് ലേശം സങ്കടം ഉണ്ടായിരുന്നുവെങ്കിലും വളരെ അനുസരണയോടെ ലോറിയില്‍ കയറി ഞങ്ങളോടൊപ്പം പാലായ്ക്ക് യാത്ര തിരിച്ചു.

നേരം ഏറെ വൈകിയത് കൊണ്ടും ക്ഷീണം കൊണ്ടും ഞാനും ചിന്നമ്മയും ലോറിയില്‍ ഇരുന്നു തന്നെ ഉറങ്ങി തുടങ്ങിയിരുന്നു. പിറ്റേദിവസം ഞങ്ങള്‍ എഴുന്നേല്‍ക്കുന്നത് അപ്പന്റെം അമ്മയുടെം കശപിശ സംസാരം കേട്ടു കൊണ്ടാണ്..

“… പിന്നെ പശൂനോട് ചോദിയ്ക്കാന്‍ പറ്റ്വോ, അല്ലയോ സൗരഭേയീ… താങ്കള്‍, ഏഴുവര്‍ഷമായി നിര്‍ത്താതെ പാല് ചുരത്തിയ ചരിത്രമുള്ള അഭിനവ കാമധേനുവായി മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയ നന്ദിനിയുടെ മകളായ റാണിയാണോ? അതോ അവളുടെ മകളായ മണിക്കുട്ടിയാണോ?”

“ഹാ… എന്നാലും ന്‍റെ അപ്പച്ചാ, ഇത്രേം നാള്‍ ഈ തൊഴുത്തില്‍ വളര്‍ന്ന പശുവിനെ കണ്ടാലെങ്കിലും മനസ്സിലാകണ്ടേ? അതിനൊരു മിനിമം സെന്‍സ് വേണം, സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം…” അമ്മ ഘോരഘോരം വാദിച്ചു കൊണ്ടേയിരുന്നു.

“ഇത്രയും മാസങ്ങള്‍ അവിടെ നിന്നപ്പോ അതിച്ചിരി കൊഴുത്തുരുണ്ടിട്ടുണ്ട്. അതായിരിക്കും മൊത്തത്തില്‍ ലുക്കിനൊരു മാറ്റമെന്നേ ഞാന്‍ കരുതിയുള്ളൂ…” കോടതി ജീവനക്കാരനായ അപ്പനും വിട്ടുകൊടുത്തില്ല.

“ഇത്തിരി കൊഴുത്തുരുണ്ടു എന്നതൊക്കെ നേര് തന്നെയാ. ന്നാലും ഈ നിറവ്യത്യാസം കാണുമ്പോഴെങ്കിലും മനസ്സിലാക്കി കൂടെ. എന്തായാലും ഇത് എന്‍റെ മണിക്കുട്ടിയല്ല” അമ്മ തറപ്പിച്ചു പറഞ്ഞു.

“പിന്നേ, സന്ധ്യക്ക് തൊഴുത്തില്‍ നിന്നും അഴിച്ചോണ്ട് വന്നതിന്റെ പാട് എനിക്കേ അറിയൂ… അന്നേരവാ നെറം നോക്കുന്നത്…” അപ്പന്‍ മുറുമുറുത്തു.

അതാണ് കാര്യം. ഇരുട്ടത്ത് തൊഴുത്തില്‍ നിന്നും ഞങ്ങള്‍ അഴിച്ചോണ്ട് വന്നത് ഞങ്ങടെ മണിക്കുട്ടി അല്ലത്രേ. അവളുടെ തള്ളപ്പശു, റാണിയാണ്. അതാണ്‌ അമ്മ രാവിലെ ചൂടാകുന്നത്.

പിന്നെ, പതിവ് പോലെ അപ്പന്‍ ജോലിക്കും പോയി, ഞങ്ങള്‍ സ്കൂളിലും പോയി. വൈകുന്നേരം സ്കൂള്‍ വിട്ട് വന്നപ്പോള്‍ വളരെ സ്നേഹത്തോടെ കരുതലോടെ പശുവിനെ തൊട്ടും തലോടിയും നടക്കുന്ന ജിജി മോളെയാണ് ഞങ്ങള്‍ കണ്ടത്. ഇടയ്ക്കിടെ എന്തൊക്കെയോ ഓര്‍ത്തോര്‍ത്തു ചിരിക്കുന്നുമുണ്ട്. തിരക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്, കോതമംഗലത്തു നിന്നും തിരികെ മുവാറ്റുപുഴ വീട്ടില്‍ എത്തിയ അന്നംകുഞ്ഞിനെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോഴാണ് പശു മാറിപ്പോയതല്ല എന്നും, അത് ഞങ്ങടെ മണിക്കുട്ടി തന്നെയാണ് എന്നുമുള്ള നഗ്നസത്യം ജിജിമോൾ മനസ്സിലാക്കിയത്.

അന്നംകുഞ്ഞ് എല്ലാ ദിവസവും ഷാമ്പൂ ഒക്കെയിട്ട് കുളിപ്പിച്ച് കുളിപ്പിച്ച് പശൂന്‍റെ നിറം തെളിഞ്ഞ് വന്നതാണത്രേ. ജിമ്മി ചാച്ചന്റെ (അമ്മാവന്‍) ഭാഷയില്‍ അമ്മച്ചി പശുവിനെ എണ്ണയൊക്കെ തേപ്പിച്ച്, ഷാമ്പൂ ഇട്ട് കുളിപ്പിച്ച്, ബ്രഷ് ഒക്കെ ചെയ്താണ് പരിപാലിക്കുന്നത്. നല്ല ഭക്ഷണവും പരിചരണവും ഒക്കെയായപ്പോള്‍ മണിക്കുട്ടിക്കും ‘മേക്ക് ഓവര്‍’ ചെയ്തപോലായി. അങ്ങേയറ്റം അലക്ഷ്യമായി പശുവിനെ പരിപാലിക്കുന്നതിന്റെ പേരിൽ ജിജിമോൾക്ക് കണക്കിന് ചീത്ത കിട്ടുകയും ചെയ്തുവത്രേ…

വൈകിട്ട് ജോലി കഴിഞ്ഞു അപ്പന് വന്നുകഴിഞ്ഞപ്പോഴുള്ള പൂരം ഇനി ഞാൻ പ്രത്യേകം പറയണോ… പിന്നെ കുറേക്കാലത്തേയ്ക്ക് ഈ കഥയും പറഞ്ഞ് ഞങ്ങൾ അപ്പനും മക്കളും കൂടി ജിജിമോളെ കളിയാക്കിയത്തിന് കൈയ്യും കണക്കുമില്ല.

ഇനി നിങ്ങൾ പറ, ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നംകുഞ്ഞിന്റെ പശുവോ പട്ടിയോ ആയി ജനിച്ചാൽ മതിയെന്ന ഞങ്ങൾ കൊച്ചുമകളുടെ ആഗ്രഹം ഒരു തെറ്റാണോ?

അമ്മു ആൻഡ്രൂസ്.

*പ്രക്കട്ട കുഞ്ഞാങ്ങള  ‘പ്രക്കട്ട’ കുഞ്ഞാങ്ങള