Disclaimer

ഇതൊരു സംഭവകഥയാണ്. അതുകൊണ്ട് തന്നെ ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി അഭേദ്യമായ സാദൃശ്യം തോന്നിയാൽ അതു തികച്ചും സ്വാഭാവികം മാത്രമാണ്.

നന്ദി

തള്ളലുകൾ സഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും.

കഥ,

തിരക്കഥ,

സംഭാഷണം,

വസ്ത്രാലങ്കാരം,

സംവിധാനം;

ശ്രീമതി. അമ്മു ആൻഡ്രൂസ്.

സഹൃദയരേ, കലാസ്നേഹികളേ, നിങ്ങൾക്കേവർക്കും ഈ കഥയിലേക്ക് സ്വാഗതം. എന്റെ കഥയുടെ പേരാണ്, ‘ഒത്താന്ത’ (ടിംഗ്)

ഈ കഥ നടക്കുന്നത് പാലായിലോ പോർട്ടുഗലിലോ അല്ല..

വൈക്കത്തോ, ഫിലാഡൽഫിയയിലോ അല്ല..

റസ് അൽ ഖൈമയിലെ ആ വലിയ വീട്ടിലോ, തോന്നക്കൽ പഞ്ചായത്തിലോ അല്ല…

പിന്നെയോ, അങ്ങകലെ, ദേശങ്ങൾക്കും കടലുകൾക്കുമപ്പുറത്ത് ഇറ്റലിയിലെ ഒരു കൊച്ചു ദ്വീപായ സിസിലിയിലാണ് സുഹൃത്തുക്കളെ… സിസിലിയിലാണ്. (ടിംഗ്)

മാമലകൾക്കപ്പുറത്ത് മരതക്കപ്പട്ടുടുത്ത സുന്ദരമായ ഭൂമി, സിസിലി.

പൊക്കം കൂടിയ മലകളും, പൊങ്ങി നിൽക്കുന്ന പാറക്കെട്ടുകളും അഴക് ചാലിച്ച സിസിലി..

പരന്നു കിടക്കുന്ന മുന്തിരി തോട്ടങ്ങളും പൊക്കം കുറഞ്ഞ ഒലീവ് മരങ്ങളുമുള്ള…

പച്ചക്കറികളും പഴങ്ങളും നന്നായി വിളയുന്ന, പച്ചപ്പരിഷ്‌കാരികളല്ലാത്ത, പാവടയിട്ട അമ്മച്ചിമാരും, പാന്റിട്ട അപ്പച്ചന്മാരുമുള്ള, തനി നാടൻ സിസിലി…

ഈ മണ്ണിനെ തദ്ദേശീയർ വിളിക്കുന്നത് ‘സിച്ചിലിയാ’ എന്നാണ്. ലിപികൾ ഇല്ലാത്ത ‘സിച്ചിലിയാനോ’ സംസാരഭാഷയുള്ള നാട്. മാഫിയകളുടെ ലോകോത്തര യൂണിവേഴ്സിറ്റിയായ, ‘ഗോഡ് ഫാദർ’ സിനിമയിലൂടെ ലോകപ്രശസ്തമായ സിസിലി.

യൂറോപ്പിന്റെ പരിഷ്‌കാരങ്ങൾ അത്രമേൽ ഏശാത്ത, തനിനാടൻ മനുഷ്യരുടെ സിസിലി.

മനോഹരമായ ബീച്ചുകൾക്കും, തനത് കടൽമത്സ്യവിഭവങ്ങൾക്കും പേരുകേട്ട സിസിലി.

അറബ്- നോർമൻ അധിനിവേശത്തിന്റെ ‘സ്‌ട്രെച്ച് മാർക്സ്’ അവശേഷിക്കുന്ന സിസിലി.

നമ്മുടെ കഥാനായികയെ ആദ്യമേ പരിചയപ്പെടുത്തട്ടെ; കഥാനായികയുടെ പേരാണ്, ‘തൊമ്മി’. തൊമ്മന്റെ ഭാര്യയായ തൊമ്മി.

തൊമ്മിയെപ്പറ്റി പറയാനാണെങ്കിൽ, അവൾ തനിനാട്ടിൻപുറത്തുകാരിയാണ്. എന്നാൽ ഒരു പച്ചപരിഷ്കാരിയും ഒരല്പം ‘തള്ളൽ പ്രസ്ഥാന’വുമാണ്. വട്ടമുഖവും, കൊന്നതെങ്ങു പോലെ പൊക്കവും, അന്യഗ്രഹജീവികളുടേത് പോലത്തെ ഉണ്ടക്കണ്ണുകളുമുള്ള ഒരു യുവതി.

കഥാനായിക തൊമ്മി, തന്റെ ഒന്നരവയസ്സുള്ള മകളുമായി വർഷങ്ങൾക്ക് മുൻപ് സിസിലിയുടെ തലസ്ഥാനമായ പലേർമോയിൽ ലാൻഡ് ചെയ്യുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.

ഒരു കൊച്ചുണ്ടായിട്ടും നിനക്ക് പക്വത വന്നിട്ടില്ലല്ലോ”, “കുട്ടിക്കളി മാറിയിട്ടില്ല” എന്നിങ്ങനെയുള്ള ക്ളീഷേ ഡയലോഗുകൾ മറികടക്കാനായി എടുപ്പിലും നടപ്പിലും പ്രവർത്തികളിലും പ്രായത്തിൽ കവിഞ്ഞ പക്വത വരുത്തി, ഉത്തമ കുടുംബിനിയാകാൻ അവൾ കിണഞ്ഞു പരിശ്രമിക്കുകയാണ് തന്റെ പ്രവാസജീവിതത്തിലെ ആദ്യനാളുകളിൽ…

തൊമ്മിയുടെ ഭർത്താവ് തൊമ്മന്‍, പലേർമോയ്ക്ക് അടുത്ത് ഒരു കൊച്ചു ഗ്രാമത്തിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യക്കാരോ മലയാളികളോ അധികം ചേക്കേറിയിട്ടില്ലാത്ത ഒരു പ്രദേശമാണത്. അതുകൊണ്ടു തന്നെ ആ ഗ്രാമത്തിലെ ‘ഒരേയൊരു ഇന്ത്യൻ കുടുംബം’ എന്ന നിലയിൽ അവർ സസുഖം വാഴുകയായിരുന്നു.

വെളുവെളെ വെളുത്ത ആളുകൾക്കിടയിൽ അവളുടെ ചെറിയ ബ്രൗണ് നിറമുള്ള ത്വക്കും, നീല-ബ്രൗണ് കണ്ണുകൾക്കിടയിൽ അവളുടെ കറുത്ത തിളക്കമുള്ള കണ്ണുകളും, നരച്ചതും വെളുത്തതുമായ കയറുപോലത്തെ മുടിയുള്ളവർക്കിടയിൽ തന്റെ കറുത്ത മാർദ്ദവമുള്ള മുടി കാരണവും നമ്മുടെ തൊമ്മി ശ്രദ്ധാകേന്ദ്രമായി വിലസി നടന്നു.

അടുത്ത വീട്ടിലെ അമ്മച്ചിമാർ വിശേഷപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്ന ദിവസങ്ങളിൽ, അവൾക്കും ഒരു വീതം കൊണ്ടുവന്നു കൊടുക്കുന്നത് പതിവായി. എന്തിനേറെ പറയുന്നു, 100 വയസ്സിലേക്ക് അടുക്കുന്ന ഒരപ്പച്ചൻ അവളെക്കുറിച്ച് കവിത വരെയെഴുതി…

അടുത്തെങ്ങും വേറെ ഇന്ത്യക്കാർ ഇല്ലാത്തത്തിൽ അവൾ സമാധാനിച്ചു. ‘മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്’ എന്ന പഴഞ്ചൊല്ല് തന്നെകുറിച്ചാണ് എന്നോർത്ത് ഇടയ്ക്കിടെ അവൾ ഊരിച്ചിരിച്ചു.

അങ്ങനെയിരിക്കെ, ഒരുനാൾ പലേർമോ യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്ത ഒരു മലയാളി യുവാവ്, (അവനെ നമുക്ക് മാത്തന്‍ എന്ന് വിളിക്കാം) തന്റെ ജോലി സംബന്ധമായ ഒരാവശ്യത്തിനായി കേരളത്തിൽ നിന്നും തൊമ്മനെ വിളിക്കുന്നു. ‘തനിക്ക് ഗള്‍ഫില്‍ നല്ലൊരു ജോലി ശരിയായിയെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ പലേർമോ യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു ഡോക്യുമെന്റ് സമർപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും തന്നെ സഹായിക്കണം’ എന്നതുമായിരുന്നു അവന്റെ വിളിയുടെ ഉദ്ദേശ്യം.

രാവിലെ 10 മുതൽ 12 വരെയാണ് പൊതുജനങ്ങൾക്കായി യൂണിവേഴ്സിറ്റി ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത്. തന്‍റെ ജോലിയോ, മോര്‍ണിംഗ് ഷിഫ്റ്റും. തൊമ്മന്‍ ആശയക്കുഴപ്പത്തിലായി. ഒരു തരത്തിലും തനിക്ക് ആ സമയത്ത് ഓഫീസിൽ ചെന്ന് ഈക്കാര്യം നടത്തിയെടുക്കാൻ പറ്റില്ലല്ലോ. എന്തു ചെയ്യും? അവനെ എങ്ങിനെ സഹായിക്കും.? എന്നൊക്കെ ആലോചിച്ച് തൊമ്മന്‍ വിഷ്ണനായി.

“അതിനിപ്പോ എന്താ, ഞാൻ പൊയ്ക്കോളാം” തൊമ്മിയുടെ ഘനഗംഭീരമായ വാക്കുകള്‍, തൊമ്മനെ ചിന്തകളില്‍ നിന്നുമുണര്‍ത്തി. അവളിവിടെ ചേക്കേറിയിട്ട് മൂന്നുമാസം പോലും ആയിട്ടില്ല. ഭാഷയൊന്നും വേണ്ടപോലെ സംസാരിക്കാറുമായിട്ടില്ല. ഈ ഗ്രാമത്തിൽ നിന്നാണെങ്കിൽ വേണ്ടത്ര യാത്രാസൗകര്യങ്ങൾ ഇല്ലതാനും. ഫസ്റ്റ് ബസ് പോയാൽ പിന്നെ ലാസ്റ്റ് ബസേയുള്ളൂ. ഇവളെ എങ്ങിനെ പറഞ്ഞുവിടും പലേർമോയ്ക്ക് എന്നൊക്കെ തൊമ്മൻ മനസ്സിൽ വിചാരിച്ച് തൊമ്മന്‍, തൊമ്മിയുടെ നേരെ നോക്കി.

“ഞാന്‍ യൂണിവേഴ്സിറ്റിയിൽ പോയി എല്ലാം ശരിയാക്കിവരാം. ആകെ ഒന്നോ രണ്ടോ വട്ടമേ മാത്തനെ കണ്ടിട്ടുള്ളുവെങ്കിലും അവനെന്നോട് വലിയ സ്നേഹാര്‍ന്നു. ഞാന്‍ പൊയ്ക്കോളാം. ട്രസ്റ്റ് മീ”

തൊമ്മന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ആഹാ കൊള്ളാല്ലോ, തന്റെ ഭാര്യ ഇത്ര സ്മാർട്ടായോ…

രാവിലെ പുറപ്പെടുന്ന ബസിന്റെ സമയം, പലേർമോ പട്ടണത്തിന്റെ ഒരു മാപ്പിൽ പോകേണ്ട സ്ഥലങ്ങൾ മാർക്ക് ചെയ്ത്, തിരികെ വരാൻ ബസ് കാത്തു നിൽക്കേണ്ട സ്ഥലവും തൊമ്മന്‍ വിശദമായി അവള്‍ക്ക് പറഞ്ഞുകൊടുത്തു. യൂണിവേഴ്സിറ്റി ഓഫീസിൽ ആവശ്യപ്പെടേണ്ട കാര്യങ്ങൾ അത്യാവശ്യം ഇറ്റാലിയൻ ഭാഷയിൽ പഠിപ്പിച്ചു കൊടുത്ത്, ‘മിഷൻ പലേർമോ യൂണിവേഴ്സിറ്റി’യ്ക്ക് തൊമ്മിയെ തയ്യാറാക്കി.

അങ്ങനെ പിറ്റേദിവസം, തന്റെ കയ്യിൽ അല്പസ്വല്പം ഉള്ള ചാവോയും (Ciao-Hai, Hello), ബോൻജോർണോയും (Buongiorno-good morning), സിറ്റി മാപ്പും പിടിച്ച് നമ്മുടെ കഥാനായിക തൊമ്മി, രാവിലെ 8 മണിയുടെ ബസ്സിൽ കയറി പലേർമോയ്ക്ക് പുറപ്പെടുകയാണ്…

ആദ്യമായി ഒരു വിദേശപട്ടണത്തിൽ ഭാഷ അറിയാതെ യാത്ര ചെയ്യുന്നതിന്റെ അങ്കലാപ്പ് ഒന്നും അവളുടെ കണ്ണുകളിലോ, മുഖഭാവങ്ങളിലോ അബദ്ധവശാല്‍ പോലും വരാതെയിരിക്കാൻ അവൾ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. ആ ബസ്സിലെ വിന്ഡോ സീറ്റിലിരുന്നു പലേർമോ എന്ന ചരിത്രപ്രസിദ്ധ പട്ടണത്തിലെ കാഴ്ചകൾ അവളുടെ കൗതുകം മുറ്റിയ കണ്ണുകൾ ഒപ്പിയെടുത്തു…

യൂണിവേഴ്സിറ്റി ഓഫീസിൽ ചെന്ന അവൾ ഇംഗ്ളീഷിലും, മുറി ഇറ്റാലിയനിലും, ബാക്കി ‘ആഗോള ആംഗ്യഭാഷ’യിലും കാര്യങ്ങൾ അവതരിപ്പിച്ച് 12 മണിക്കുള്ളിൽ ഡോക്യുമെന്റ് കരസ്ഥമാക്കി. ജോലിയിലിരുന്ന തൊമ്മനെ വിളിച്ച് വിവരങ്ങൾ മുഴുവൻ ധരിപ്പിച്ചു. കാര്യങ്ങൾ ഇത്ര ഭംഗിയായി പര്യവസാനിക്കുമെന്ന് തൊമ്മനും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നതാണ് സത്യം.

അങ്ങനെ വിജയശ്രീലാളിതയായി, തലയുയർത്തി (ലേശം അഹങ്കാരം ഉണ്ടെന്ന് കൂട്ടിക്കോ) 12.30 ന് വരുന്ന ബസ് കാത്ത് യൂണിവേഴ്സിറ്റിയ്ക്ക് അടുത്തു തന്നെയുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽപ്പ് ആരംഭിച്ചു. സ്മാർട്ട് ഫോണുകളൊന്നും പ്രചാരം നേടിയിട്ടില്ലാത്ത കാലമായതിനാൽ അവൾ തന്റെ നഗ്നനേത്രങ്ങൾക്കൊണ്ട് ആ യൂറോപ്യൻ പട്ടണത്തിന്റെ സൗന്ദര്യം നുകർന്നങ്ങനെ നിൽക്കുകയായിരുന്നു…

പെട്ടന്ന്, എവിടെനിന്നോ ഒരു മധ്യവയസ്‌കൻ എന്നു തോന്നിക്കുന്ന ഒരുവൻ സ്‌കൂട്ടറിൽ വന്നെന്തോ ചോദിച്ചു. അവൾ ഒന്നും മനസ്സിലാകാത്ത മട്ടിൽ, മേല്‍പ്രതിപാദിച്ച ‘ആഗോള ആംഗ്യഭാഷ’ പ്രയോഗിച്ചു.

‘ബെസ്റ്റ്, ഇയാൾക്ക് ചോദിക്കാൻ വേറെ ആരെയും കണ്ടില്ലേ. ഞാൻ തന്നെ ഇവിടെ ആദ്യമായിട്ടാ വരുന്നത്. അപ്പോഴാ ഇങ്ങേർ എന്നോട് വഴി ചോദിക്കുന്നത്’ അവൾ മനസ്സിൽ കരുതി.

അയാൾ കുറച്ചകലെ സ്‌കൂട്ടർ നിർത്തിയിട്ടിട്ട്, ‘ചിൻക്വാന്ത’ (Cinquanta – അൻപത്) എന്നു പറഞ്ഞു.

തൊമ്മി ‘അറിയില്ല’ എന്ന മട്ടിൽ തലയാട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ, ‘സെത്താന്ത’ (Settanta- എഴുപത്) എന്നും പറഞ്ഞു.

ബസ്സിന്റെ നമ്പർ ആവും. ‘ആവോ.. എനിക്ക് അറിയില്ല, വേറെ ആരോടെങ്കിലും പോയി ചോദിക്കൂ’ എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷെ, എങ്ങിനെ പറയും. ഈ വൃത്തികെട്ട ഭാഷ അറിയാൻ മേല, ഇല്ലാര്‍ന്നേൽ ഞാൻ പൊളിച്ചേനെ എന്നൊക്കെ മനസ്സിൽ കരുതി അവൾ അയാളെ അവഗണിച്ചു മാറിനിന്നു.

കുറച്ചൂടെ കഴിഞ്ഞപ്പോൾ അയാൾ, ‘ഒത്താന്ത’ (ottanta –എണ്‍പത്) എന്നു പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു. ഇതെന്തു കളി. എന്തായാലും, ഉടനെ ബസ് വന്നത് കൊണ്ട് അവൾ അതിൽകയറി തിരികെ വീട്ടിലെത്തി. വൈകിട്ട് ജോലികഴിഞ്ഞു വീട്ടിലെത്തിയ തൊമ്മനോട് അവൾ യൂണിവേഴ്സിറ്റിയിൽ ചെന്ന കാര്യവും ചെയ്ത കാര്യങ്ങളും അല്പം പൊടിപ്പും തൊങ്ങലും ഫിറ്റ് ചെയ്ത് വിസ്തരിക്കുകയായിരുന്നു. ഭാര്യയുടെ ധീരമായ ഈ പ്രവർത്തിയെ മുക്തകണ്ഠം പ്രശംസിക്കാനും തൊമ്മൻ മറന്നില്ല. ഗതാഗതസൗകര്യങ്ങൾ കുറവുള്ള ഒരു സ്ഥലത്ത്, ഭാഷ അറിയാതെ, സ്ഥലത്തെക്കുറിച്ചു വലിയ പരിജ്ഞാനമില്ലാതെ ഒരു ഓഫീസിൽ പോയി കാര്യങ്ങൾ ഭംഗിയായി നടത്തി വരുന്നത് അത്ര നിസ്സാരകാര്യമല്ലല്ലോ.

അങ്ങനെ വിസ്തരിച്ചു വിസ്തരിച്ച് ഒടുവില്‍ നമ്മുടെ സ്‌കൂട്ടറിൽ വന്ന ചേട്ടനെപ്പറ്റിയും, അടുത്തുവന്ന് വഴി ചോദിച്ചതും, ഇടയ്ക്കിടെ ചിൻക്വാന്ത, സെത്താന്ത, ഒത്താന്ത എന്നൊക്കെ ഉറക്കെ പറഞ്ഞതും അവൾ വള്ളിപുള്ളി വിടാതെ തൊമ്മനോട് പറഞ്ഞു കേൾപ്പിച്ചു. ഈ സംഭവം കേട്ടതും, കഴിച്ചുകൊണ്ടിരുന്ന ചോർ തൊണ്ടയിൽ കുടുങ്ങും എന്ന അപകടകരമായ വസ്തുത പോലും ചിന്തിക്കാതെ തൊമ്മൻ അതിഭീകരമാം വിധം ചിരിക്കാൻ തുടങ്ങി. ചിരിയെന്നു പറഞ്ഞാൽ, ഇജ്‌ജാതി ചിരി…

തൊമ്മിയ്ക്ക് അന്ധാളിപ്പ്, ഇതെന്താ സംഭവം.

അവൾ ഉടനെ ഒരു ഗ്ലാസ്സിൽ ഒരല്പം വെള്ളം പകർന്നു കൊടുത്തു. തൊമ്മൻ ചിരി ഒരുവിധം ഒതുക്കി, വെള്ളം കുടിച്ചശേഷം, തൊമ്മിയുടെ (നിഷ്കളങ്കമായ) മുഖത്തേയ്ക്ക് ഒന്നുകൂടെ നോക്കി. വീണ്ടും ചിരി…

പൊട്ടിപൊട്ടി ചിരിക്കുന്നു…

ഒന്നും മനസ്സിലാകാതെ നമ്മുടെ തൊമ്മി കണ്ണുമിഴിച്ചിരുന്നു. ഒടുവിൽ തൊമ്മന്‍ ആ ദുഷിച്ച സത്യം അവളോട് പറഞ്ഞു,

“നീ നിന്ന ആ ബസ് സ്റ്റോപ്പ് ഉണ്ടല്ലോ, അതിന്റെ പരിസരം സാധാരണ കാൾഗേൾസ് വിലസുന്ന സ്ഥലമാണ്. നീ ആ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കണ്ടപ്പോ… ഒരുപക്ഷേ…”

വീണ്ടും ചിരി. തൊമ്മിയ്ക്ക് ദേഷ്യം അടക്കാനായില്ല. മുഖം ചുവന്നു. അവൾ അങ്ങേയറ്റം ദേഷ്യത്തോടെ, “ഇതൊക്കെ അറിഞ്ഞിട്ടാണോ താൻ എന്നോട് അവിടെ നിൽക്കാൻ പറഞ്ഞത്..”

“അതിപ്പോ ഞാൻ എന്നാ ചെയ്യാനാ, യൂണിവേഴ്സിറ്റിയ്ക്ക് സമീപം ഇങ്ങോട്ട് പോരാനുള്ള ബസ് കിട്ടുന്നത് അവിടെയാണ്” തൊമ്മൻ കൈമലർത്തി.

“നീ നിന്റെ വിശ്വവിഖ്യാത ആംഗ്യഭാഷയിൽ ‘അറിയില്ല’ എന്ന് പറഞ്ഞപ്പോഴൊക്കെ അയാൾ ചിലപ്പോ ‘ആ റേറ്റ് പോരാ’ എന്നാവും ധരിച്ചിട്ടുണ്ടാവുക. സാരമില്ല പോട്ടെ” തൊമ്മന്‍ ചിരി കടിച്ചമർത്തികൊണ്ട് അവളെ ആശ്വസിപ്പിച്ചു. ദേഷ്യവും സങ്കടവും കൊണ്ട് അവൾ തൊമ്മനോട് ദേഷ്യപ്പെട്ടെങ്കിലും, നടന്ന സംഭവങ്ങൾ വീണ്ടും മനസ്സിൽ റിവൈൻഡ് അടിച്ചപ്പോൾ അവൾക്കും ചിരിപൊട്ടി. പിന്നെ, അവർ രണ്ടുപേരും കൂടെ ചേർന്ന് ചിരിയോട് ചിരി…

അങ്ങനെ വിജയകരമായി പര്യവസാനിക്കേണ്ട ‘മിഷൻ പലേർമോ യൂണിവേഴ്സിറ്റി’ ഒരു ദുരന്തകഥയായി ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണലിപികളാൽ എഴുതി ചേർക്കപ്പെട്ടു.

ഒത്താന്ത’ എന്ന് നാമകരണം ചെയ്ത കഥ, കടൽ കടന്ന് ദേശങ്ങൾ സഞ്ചരിച്ച് പല കുടുംബങ്ങളിലും ചിരി പടർത്തി.

“ന്നാലും ന്റെ തൊമ്മീ, നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ദുരന്തമാണല്ലോ…” എന്ന ഡയലോഗുകൾ അവൾ ഒളിഞ്ഞും തെളിഞ്ഞും കാലങ്ങളോളം കേട്ടുകൊണ്ടിരുന്നു.

വർഷങ്ങൾക്ക് ശേഷം ഇന്നും യൂണിവേഴ്സിറ്റി പരിസരത്തുകൂടെ യാത്ര ചെയ്യുമ്പോൾ, തരിക്കുന്ന കൈകളോടെ അവൾ ആ ‘സ്‌കൂട്ടർ വാല സായിപ്പിനെ’ തേടുന്നുണ്ട് സുഹൃത്തുക്കളെ…

തൊമ്മൻ ആണെങ്കിലോ, ഏതൊരു സ്‌കൂട്ടർ വാലയെ കണ്ടാലും, “ദേ.. ഇതാണോ നിന്നോടന്ന് വഴി ചോദിച്ച സേട്ടൻ” എന്നു ചോദിച്ച് അവളെ ദേഷ്യം പിടിപ്പിക്കും.

“ആ മനുഷ്യനെ എങ്ങാനും കണ്ടാൽ ഒന്നു കാണിച്ചു തരണേ. നിനക്കു 80 യൂറോ വരെ വിലയിട്ട ആളെ ഒന്നു നേരിൽ കാണാനാ” എന്നു പറഞ്ഞ് കളിയാക്കാൻ കിട്ടുന്ന അവസരവും പഴാക്കാറില്ല.

അമ്മു ആന്‍ഡ്രൂസ്.