“നിന്‍റെ ചുണ്ടുകള്‍ സാന്‍ഗ്രിയ പോലെ മാധുര്യമുള്ളതാണ്..”

എന്ന വരിയിലൂടെ പ്രണയാതുരനായ കാമുകന്‍, തന്റെ കാമുകിയെ വര്‍ണ്ണിക്കുന്ന വിധമാണ് ‘ബ്ലേക്ക് ഷെല്‍ട്ടന്‍’ നമുക്ക് കാണിച്ചു തരുന്നത്. അത്രമേല്‍ മധുരം നിറഞ്ഞ ഒരു വേനല്‍ക്കാല പാനീയത്തെ കുറിച്ചാണ് ഈ കുറിപ്പ്..

മധുരമൂറും സാന്‍ഗ്രിയ

പഴങ്ങളും പഴച്ചാറും വൈനില്‍ കലര്‍ത്തി നിര്‍മ്മിക്കുന്ന ‘സാന്‍ഗ്രിയ’ (Sangria) എന്ന പാനീയം നമുക്കേറെ പരിചിതമാണ്. പല പേരുകളില്‍, പല നിറങ്ങളില്‍, പലതരം പഴങ്ങളുമായി യോജിപ്പിച്ച്, പല വിധത്തില്‍ സാന്‍ഗ്രിയ ലഭ്യമാണ്. മുന്തിയ ഇനം വൈന്‍ ഉപയോഗിച്ചില്ലെങ്കില്‍ കൂടി, പഴങ്ങളും പഴച്ചാറും മധുരവും ഒരല്പം മദ്യവും ചേരുമ്പോള്‍ സാന്‍ഗ്രിയയ്ക്ക് ഒരു രാജകീയ പ്രൌഡി വന്നുചേരുന്നുണ്ട് എന്നതാണ് ഇതിന്‍റെ ജനപ്രീതിക്ക് പിന്നിലുള്ള വസ്തുത.

സ്പാനിഷ്‌—പോര്‍ച്ചുഗീസ് പാരമ്പര്യം അവകാശപ്പെടുന്ന സാന്‍ഗ്രിയ ലോകമെമ്പാടും പ്രശസ്തമായ ഒരു വേനല്‍ക്കാല പാനീയമാണ്. രക്തം എന്നര്‍ത്ഥം വരുന്ന ‘സാന്‍ഗ്രേ’ എന്ന പദത്തില്‍ നിന്നുമാണ് ‘സാന്‍ഗ്രിയ’ എന്ന പേര് ഉത്ഭവിച്ചിരിക്കുന്നത്. ഈ പാനീയത്തിന്റെ ഉത്ഭവം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സ്പെയ്ന്‍, പോര്‍ച്ചുഗീസ്, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതലേ പഴങ്ങള്‍ കലര്‍ത്തിയ വൈന്‍ തയ്യാറാക്കിയിരുന്നുവത്രേ. പ്രാചീന ഗ്രീക്ക്—റോമന്‍ ജനത മുന്തിരി വൈനില്‍ മധുരവും സുഗന്ധവ്യന്ജനങ്ങളും ചേര്‍ത്ത് ചൂടാക്കിയും (മുള്‍ഡ് വൈന്‍—Mulled Wine) അല്ലാതെയും ഉപയോഗിച്ചിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. ‘ഹിപ്പോക്രാസ്’ (Hippocras) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പാനീയത്തില്‍ നിന്നാണ് ‘സാന്‍ഗ്രിയ’ എന്ന പാനീയം ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. 1964 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ‘വേള്‍ഡ് ഫെയറി’ല്‍ സാന്‍ഗ്രിയ ശ്രദ്ധാകേന്ദ്രമായി മാറിയതോടെ ലോകമെമ്പാടും വന്‍ താല്പര്യത്തോടെ സാന്‍ഗ്രിയയെ ഏറ്റെടുക്കുകയായിരുന്നു…

സാന്‍ഗ്രിയ തയ്യാറാക്കാം

പരമ്പരാഗത രീതിയനുസരിച്ച് ഏതു പ്രദേശത്തെയും കാലാവസ്ഥയ്ക്കനുസരിച്ച് ലഭ്യമാകുന്ന പഴങ്ങള്‍ വൈനില്‍ ചേര്‍ത്ത് സാന്‍ഗ്രിയ തയ്യാറാക്കാവുന്നതാണ്‌. ലോകമെമ്പാടും ഈ പാനീയം കൂടുതല്‍ ജനപ്രീതിയര്‍ജ്ജിച്ചതിനാലും വാണിജ്യവത്ക്കരിക്കപ്പെട്ടതിനാലും പല പേരുകളില്‍ പല കോമ്പിനേഷനുകളില്‍ ലഭ്യമാണ്.

ചെറുതായി അരിഞ്ഞ നാരങ്ങയിനത്തില്‍പ്പെട്ട പഴങ്ങളോടൊപ്പം മറ്റു പഴങ്ങളും (ആപ്പിള്‍, പീച്, സ്ട്രോബെറി, മുന്തിരി, തണ്ണിമത്തന്‍, ചെറി.. etc) ചുവന്ന വൈനില്‍ കലര്‍ത്തി സോഡയും മധുരവും യോജിപ്പിച്ച്, ഒടുവില്‍ ഫ്ലേവറിനായി ഒരല്പം മദ്യവും കലര്‍ത്തി തയ്യാറാക്കുന്ന സാന്‍ഗ്രിയയാണ് ഏറെ ജനകീയം. പഴങ്ങള്‍ക്ക് പുറമേ, ഫ്രൂട്ട് ജൂസുകള്‍, ലെമണ്‍ സോഡാ, ഫാന്‍റാ, കോളകള്‍ എന്നിവയും രുചി വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. റെഡ് വൈനിനു പുറമേ, വൈറ്റ് വൈനിലും മറ്റു വൈന്‍ വറൈറ്റികളിലും സാന്‍ഗ്രിയ തയ്യാറാക്കാറുണ്ട്.Presentation1

ഇവയെല്ലാം ഒരു ജാറില്‍ യോജിപ്പിച്ച് കുറച്ചു മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ വെക്കുന്നത് രുചി വര്‍ധിക്കാന്‍ സഹായകമാകും. തണുത്ത ശേഷം ഗ്ലാസുകളില്‍ പകര്‍ത്തി അവനവന്‍റെ അഭിരുചികനുസരിച്ച് അല്പം മദ്യവും (ബ്രാണ്ടി, ജിന്‍, വോഡ്ക.. etc) ഫ്ലേവറിനായി കലര്‍ത്തി വിളമ്പാവുന്നതാണ്. യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിക്കുന്നത് പ്രകാരം 12 ശതമാനത്തില്‍ താഴെ മാത്രമേ സാന്‍ഗ്രിയയുടെ ആല്‍ക്കഹോള്‍ ശതമാനം പാടുള്ളൂ.

കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്ന് തോന്നിയാലും യോജ്യമായ പഴങ്ങളും മദ്യവും തിരഞ്ഞെടുത്ത് സാന്‍ഗ്രിയ തയ്യാറാക്കുന്നതിന് പ്രത്യേക വൈദഗ്ധ്യം തന്നെ വേണം.

അമ്മു ആന്‍ഡ്രൂസ്.