“അമ്മൂ… നാളെ ഞങ്ങള്‍ തോട്ടത്തില്‍ ഒലിവ് കായ്ക്കള്‍ ശേഖരിക്കാനായി പോകുന്നുണ്ട്. മഴയൊക്കെ മാറി നാളെ നല്ല കാലവസ്ഥയാണെന്നു പറയുന്നു. നീ വളരെക്കാലം കൊണ്ട് ആഗ്രഹിക്കുന്നതല്ലേ. പറ്റുമെങ്കില്‍ നാളെ രാവിലെ ഞങ്ങളോടൊപ്പം തോട്ടത്തിലേക്ക് വന്നോളൂ. ഞങ്ങളുടെ വണ്ടിയില്‍ പോകാം”

“ആഹ്, ഓക്കെ ഓക്കെ. ഞാന്‍ വരുന്നുണ്ട്. രാവിലെ എത്രമണിക്ക് വരണം?”

“രാവിലെ പരമാവധി നേരത്തെ പോകാം, വെയില്‍ ഉറക്കുമ്പോഴേയ്ക്കും തിരിച്ചു വരാം. രാവിലെ എഴുമണി ആകുമ്പോഴേയ്ക്കും വീടിന്റെ മുമ്പില്‍ വന്നാല്‍ മതി. പിന്നേയ്, പഴയ ഡ്രെസ്സും ചെരുപ്പും ഒക്കെ ഇട്ടാല്‍ മതി കേട്ടോ. അവിടെ മുഴുവന്‍ കറയും അഴുക്കുമൊക്കെ ഉണ്ടാവും”

മഴയും തണുപ്പും നല്‍കിയ ശരത്കാല ആലസ്യത്തില്‍, ഒരു പുസ്തകവും വായിച്ചിരുന്നിരുന്ന എന്നെ ഏറെ ആവേശത്തിലാക്കിയ ഒരു ഫോണ്‍ വിളിയായിരുന്നു റൊസാരിയ അമ്മച്ചിയുടേത്. വഴിയരികില്‍ ഒലിവ് തോട്ടങ്ങള്‍ കണ്ടിട്ടുണ്ടെന്നല്ലാതെ, തോട്ടത്തിലൂടെ നടക്കാനും കായ്ക്കള്‍ പറിക്കുന്നത് കാണാനുമൊന്നും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട്, അത്യുത്സാഹത്തോടെ അതിരാവിലെ തന്നെ ബാഗില്‍ വെള്ളവും അത്യാവശ്യം ബിസ്കറ്റുകളും നിറച്ച്, പഴയ ഡ്രസ്സും ഷൂവും ഇട്ട് ഞാനിറങ്ങി. ഫോണില്‍ ബാറ്ററി ഫുള്ളായിട്ടുണ്ടെന്ന്‍ ഉറപ്പ് വരുത്തി. കാരണം, ചിത്രങ്ങള്‍ പകര്‍ത്തണമെന്നും എല്ലാം ഒത്തുവന്നാല്‍ ഒരു വീഡിയോ എടുക്കണമെന്നും നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു.

ഞാന്‍ ചെല്ലുമ്പോള്‍ റൊസാരിയ അമ്മച്ചിയും സാല്‍വത്തോറെ അപ്പച്ചനും വീടൊക്കെ പൂട്ടി ഗരാഷില്‍ നില്‍പ്പുണ്ട്. അപ്പച്ചന്റെ ബി എം ഡബ്യൂവും, അമ്മച്ചിയുടെ ചുവന്ന മിനി കൂപ്പറും കിടന്നിരുന്ന ഗരാഷിന്റെ അങ്ങേ മൂലയ്ക്ക് കിടന്നിരുന്ന ഇളംപച്ച നിറത്തിലുള്ള പഴയകാല ‘ഫിയറ്റ് പാന്ത’യില്‍ കുട്ടകളും, വലയും, ചാക്കുകളും എടുത്തുവെക്കുന്ന തിരക്കിലായിരുന്നു അവര്‍.

“ബോണ്‍ ജോര്‍നൊ അമ്മൂ… കോമെ സ്തായ്?” (സുപ്രഭാതം, സുഖമാണോ?)

അപ്പച്ചന്റെയും അമ്മച്ചിയുടെയും കുശലാന്വേഷനങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ മൂവരും ആ ശകടം പോലെയുള്ള വണ്ടിയില്‍ കയറി. തൊട്ടപ്പുറത്ത് കിടന്നിരുന്ന പുതുപുത്തന്‍ വണ്ടികള്‍ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് പോലെ തോന്നി…

നഗരത്തിന്റെ തിരക്കുകള്‍ വിട്ട്, മലനിരകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ആ വാഹനം വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഏതുമില്ലാതെ വീറോടെ പാഞ്ഞു.

“ഇത് തോട്ടങ്ങളില്‍ പോകാനായി മാത്രം ഉപയോഗിക്കുന്ന വാഹനമാണ്; എത്ര പുതിയ വാഹനങ്ങള്‍ വന്നാലും, ഇവന്‍റെ പവറിനൊപ്പം വരില്ല” സാല്‍വത്തോറെ അപ്പച്ചന്‍ വീമ്പ് പറയുമ്പോഴും, മലഞ്ചെരുവുകളിലെ മനോഹരമായ കാഴ്ചകള്‍ എന്നെ കോരിത്തരിപ്പിച്ചു കൊണ്ടേയിരുന്നു. മേഘങ്ങള്‍ മുത്തം കൊടുക്കുന്ന മലനിരകള്‍ക്കിടയിലൂടെ പുലര്‍കാല സൂര്യകിരണങ്ങള്‍ ഏറ്റ് വിശാലമായി കിടക്കുന്ന മെഡിറ്റെറേനിയന്‍ കടല്‍ അതിസുന്ദരിയായി തോന്നി.

വഴിയരികിലെ തോട്ടങ്ങളിലെല്ലാം ഒലിവ് വിളവെടുക്കാനായി ആളുകള്‍ തയ്യാറെടുക്കുന്നത് കാണാമായിരുന്നു. വാഹനങ്ങളില്‍ നിന്നും സാധനസാമഗ്രികള്‍ ഇറക്കി തോട്ടങ്ങളിലേക്ക് കൊണ്ടുപോകുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണ്ണുകളില്‍, ഒരു ‘പിക്നിക്ക്’ സന്തോഷം തിളങ്ങുന്നുണ്ടായിരുന്നു.

“ദാ.. ആ കാണുന്ന മലനിരകളിലെ ഒലിവ് മരങ്ങള്‍ മുഴുവന്‍ കഴിഞ്ഞ വര്‍ഷത്തെ *‘ഷിറോക്കോ’യില്‍ പടര്‍ന്ന കാട്ടുതീയില്‍ കത്തിപോയതാണ്..”

*ഷിറോക്കോ: ആഫ്രിക്കന്‍ മരുഭൂമിയില്‍ നിന്നും കടല്‍ കടന്നെത്തുന്ന ചൂടുള്ള മണല്‍ കാറ്റാണ് ഷിറോക്കോ.

“മരങ്ങള്‍ കത്തുകയോ?” എനിക്ക് ആശ്ചര്യം അടക്കാനായില്ല.

“ഇവിടുത്തെ വേനല്‍ക്കാലത്തെ ചൂടിനൊപ്പം ഷിറോക്കോ കൂടി വീശിയാലുള്ള അവസ്ഥ നിനക്ക് ഊഹിക്കാല്ലോ. ആ സമയത്ത് ഒരു ചെറുതരി തീയോ തീപ്പൊരിയോ സിഗരറ്റ് കുറ്റിയോ വീണാല്‍ മതി തീപടരാന്‍. ചുട്ടുപൊള്ളുന്ന വെയിലില്‍ വാടിപ്പോയ പുല്ലും സൂര്യപ്രകാശം ഏറ്റുനില്‍ക്കുന്ന ഒലീവ് മരങ്ങളും ആ തീ ഏറ്റെടുക്കും. അതിവേഗത്തില്‍ വീശുന്ന കാറ്റ് കൂടിയാവുമ്പോള്‍ പെട്ടന്നുതന്നെ തീ പടരുകയും ചെയ്യും. മലനിരകളിലൊക്കെയും തീ ആളിക്കത്തും. ഒലിവ് മരങ്ങളുടെ തടിയില്‍ എണ്ണയുള്ളതു കൊണ്ട്, അവ നിന്ന നില്‍പ്പില്‍ പച്ചയ്ക്ക് തന്നെ കത്തിപ്പോകും. ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല. ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പരിശ്രമങ്ങളിലൂടെയാണ് കത്തിയെരിയുന്ന മലനിരകളിലെ തീയണക്കുന്നത്. കര്‍ഷകര്‍ക്കൊക്കെ എന്തുമാത്രം നഷ്ടങ്ങള്‍ ഉണ്ടാവുമെന്നോ…”olive 1ഒലിവ് തോട്ടത്തിന്‍റെ ഗേറ്റിനു മുന്‍പില്‍ വണ്ടി നിര്‍ത്തുന്നത് വരെ സാല്‍വത്തോറെ അപ്പച്ചന്‍ കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. താഴിട്ടു പൂട്ടിയ ഗേറ്റ് തുറന്ന് ഞങ്ങള്‍ തോട്ടത്തിലേക്ക് കയറി. മുട്ടോളം വളര്‍ന്ന പുല്ല് നടപ്പാതയെ മൂടിയിരുന്നു. അപ്പച്ചന്റെയും അമ്മച്ചിയുടെയും പിന്നാലെ ഞാനും തോട്ടത്തിലേക്ക് നടന്നു. ഒലിവ് കായ്ക്കള്‍ വിളവെടുക്കാനായി അപ്പച്ചന്റെ സുഹൃത്തും ഞങ്ങളോടൊപ്പം കൂടി.olive 5“ദേ.. ആ മൂലയ്ക്ക് നില്‍ക്കുന്ന മരത്തിലെ കായ്ക്കള്‍ പറിച്ചു മാറ്റിയിടണം കേട്ടോ. അതിന് എണ്ണ കുറവാണ്. നമുക്കത് ഉപ്പിലിട്ട് സൂക്ഷിക്കാം..”

റൊസാരിയ അമ്മച്ചിയുടെ വാക്കുകള്‍, വീട്ടില്‍ തേങ്ങ ഇടുന്ന ഓര്‍മ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ഏതു തെങ്ങിലാണ്‌ തേങ്ങയ്ക്ക് എണ്ണ കൂടുതല്‍, ഏതിന്റെ കരിക്കാണ് നല്ലത്, കറിക്ക് അരക്കാന്‍ ഏതു തെങ്ങിന്റെ തേങ്ങയാണ് ഉത്തമം എന്നൊക്കെ കൃത്യമായി പറഞ്ഞിരുന്ന വല്യമ്മച്ചിയുടെ മുഖം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു… ‘നാട്ടില്‍ തെങ്ങ്, ആണെങ്കില്‍ ഇവിടെ ഒലീവ്’ അത്രേ വ്യത്യസമുള്ളുവല്ലോ എന്നോര്‍ത്ത് ഞാന്‍ ഊറി ചിരിച്ചു.olive 2അപ്പോഴേയ്ക്കും അപ്പച്ചനും സുഹൃത്തും കൂടി പൊക്കമില്ലാത്ത കുള്ളന്‍ ഒലിവ് മരങ്ങള്‍ക്ക് താഴെ, വല വിരിച്ച് ഒലിവ് കായ്ക്കള്‍ പറിക്കാന്‍ തുടങ്ങിയിരുന്നു. വൈദ്യുതിയുടെ സഹായത്താല്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തോട്ടി പോലെയുള്ള ഒരു ചെറിയ ഉപകരണം ഉപയോഗിച്ചാണ് ഒലിവ് പറിക്കുന്നത്. പച്ച, പര്‍പ്പിള്‍ നിറങ്ങളില്‍ ഒലിവ് കായ്ക്കള്‍ വലയില്‍ വീണുകൊണ്ടേയിരുന്നു.Presentation2ഒലിവ് കായ്ക്കള്‍ ഇലകളോട് ചേര്‍ന്ന് കുലകള്‍ ആയിട്ടാണ് ഉണ്ടാവുന്നത്, ഒരു കുലയില്‍ അഞ്ചോ ആറോ കായ്ക്കള്‍ ഉണ്ടാകും. അതിനാല്‍ തന്നെ പറിച്ചെടുക്കുക എന്നത് ശ്രമകരമാണ്. പണ്ടുകാലത്ത്, കൈകളില്‍ ഉറയിട്ട് കായ്ക്കള്‍ ഓരോന്നായി അടര്‍ത്തിയെടുക്കുകയായിരുന്നുവത്രേ ചെയ്തിരുന്നത്.olive 3അമ്മച്ചിയും ഞാനും കൂടി ചാക്കുകള്‍ എടുത്ത് അവരോടൊപ്പം കൂടി. കുട്ടകളില്‍ കായ്ക്കള്‍ ശേഖരിച്ച് ചാക്കുകളില്‍ കെട്ടി വെക്കുന്ന ജോലി ഞങ്ങള്‍ ഏറ്റെടുത്തു. ഒലീവ് കായ്ക്കള്‍ വാരിയെടുത്തപ്പോള്‍ കൈകള്‍ എണ്ണമയം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.
Presentation3

ആ സമയമത്രയും സിസിലിയുടെ മണ്ണില്‍ വിളയുന്ന ഒലിവിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നു സാല്‍വത്തോറെ അപ്പച്ചന്‍. നോര്‍ത്ത് ഇറ്റലിയിലും അമേരിക്കയിലുമുള്ള സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എണ്ണയും കായ്ക്കളും അയച്ചു കൊടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം വാചാലനായി.olive 8കാറ്റില്‍ ഇളകിയാടുന്ന വെള്ളിനിറം കലര്‍ന്ന, ഇളം പച്ച നിറത്തിലുള്ള ഒലിവ് ഇലകള്‍ വെയിലില്‍ വെട്ടിത്തിളങ്ങുന്നു. ഉചിതമായ സാഹചര്യം ഒത്തുവന്നപ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും വീഡിയോ പിടിക്കുകയും ചെയ്തു.

വീഡിയോ കാണാം… ഒലിവിന്‍ തോട്ടത്തിലൂടെ നടക്കാം

കളിചിരികളും തമാശകളുമൊക്കെയായി നാല് മണിക്കൂറോളം കായ്ക്കള്‍ ശേഖരിച്ച ശേഷം, ചാക്കുകള്‍ നിറയെ ഒലീവ് കായ്ക്കളുമായി ഞങ്ങള്‍ തിരികെ മലയിറങ്ങി. എല്ലാവരുടെയും വസ്ത്രങ്ങളില്‍ അഴുക്കും കറയും പറ്റിയിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവ് കിട്ടിയതിലുള്ള സന്തോഷം അവരുടെ എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. അമ്മച്ചി ഉപ്പിലിട്ട് സൂക്ഷിക്കാനുള്ള പര്‍പ്പിളും പച്ചയും നിറത്തിലുള്ള ഒലീവ് കായ്ക്കള്‍ കുട്ടയില്‍ ശേഖരിച്ചിരുന്നു. ക്ഷീണം കൊണ്ടായിരിക്കാം, തിരികെയുള്ള യാത്രയില്‍ ആരും അധികമൊന്നും സംസാരിച്ചില്ല.

പട്ടണത്തില്‍ തന്നെയുള്ള ഒലിവ് ആട്ട് കേന്ദ്രത്തില്‍ (Olificio) എണ്ണയാട്ടാനായി ഏല്‍പ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, ഗുണനിലവാരത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ‘എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍’, അലുമിനിയം കന്നാസുകളിലാക്കി ഞങ്ങളുടെ മുമ്പില്‍ നിരന്നു. അവയെല്ലാം വണ്ടിയില്‍ അടുക്കിവെച്ച് ഞങ്ങള്‍ വീട്ടിലേക്ക് തിരികെ യാത്രയായി.

“ഒരു മാസം കൂടി കഴിയുമ്പോള്‍ ഞാന്‍ വിളിക്കാം. നമുക്ക് ഒലിവ് മരങ്ങള്‍ പ്രൂണ്‍ ചെയ്തു നിര്‍ത്തണം; എന്നിട്ട് വെട്ടിയ ശിഖരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കണം. എങ്കിലേ, അടുത്ത വര്‍ഷം നല്ല വിളവ് ലഭിക്കൂ. ശൈത്യകാലത്ത്, പച്ച ശിഖരങ്ങളില്‍ പെട്ടന്ന് തീ പടരുന്നത് നിനക്ക് കാണണ്ടേ?”

“തീര്‍ച്ചയായും… ഞാനും വരും”

ഒരു കുപ്പി നിറയെ ഇളം പച്ച നിറത്തിലുള്ള ഫ്രഷ്‌ ഒലിവ് ഓയില്‍ റൊസാരിയ അമ്മച്ചി എനിക്ക് സമ്മാനിച്ചു. അവിസ്മരണീയമായ ഒരു ദിവസം സമ്മാനിച്ചതിന്റെ നന്ദിയും സന്തോഷവും പങ്കുവെച്ച് ഞങ്ങള്‍ പിരിഞ്ഞു…

അമ്മു ആന്‍ഡ്രൂസ്.

 

കൂടുതല്‍ ഒലിവ് വിശേഷങ്ങള്‍ അറിയാനായി, വായിക്കൂ… ഒരല്പം ഒലീവ് വിശേഷങ്ങള്‍