ചരിത്രപരമായും മതപരമായും ആരോഗ്യപരമായും ഏറെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ഒലീവ്. ഭൂമിയില്‍ ഏറ്റവും പഴക്കം ചെന്ന സസ്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഒലീവ്. ലോകത്തിലെ ഒലീവ് ഉത്പാദനത്തിന്റെ മുക്കാല്‍പങ്കും യൂറോപ്യന്‍ രാജ്യങ്ങളാണ് കൈയ്യടക്കിയിരിക്കുന്നത്. olive 7സ്പെയിനും ഇറ്റലിയുമാണ്‌ ലോകത്തിലേറ്റവും വലിയ ഒലീവ് സ്രോതസ്സുകള്‍; ഇത് കൂടാതെ ഗ്രീസ്, പോര്‍ച്ചുഗല്‍, മൊറോക്കൊ, തുര്‍ക്കി എന്നീ രാജ്യങ്ങളും ഒലീവ് ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ, ഈ രാജ്യങ്ങളുടെ സാമ്പത്തികമായ വളര്‍ച്ചയും ഒലീവിനെ ആശ്രയിച്ചാണ്‌.Presentation3വിദേശിയാണെങ്കിലും ഒലീവ് മരങ്ങളും ഒലിവിന്‍ കായ്ക്കളും ഒലീവ് എണ്ണയും നമുക്ക് ഏറെ പരിചിതമാണ്. വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ (പഴയ നിയമത്തിലും പുതിയ നിയമത്തിലും) പലയാവര്‍ത്തി പ്രതിപാദിക്കപ്പെട്ടിട്ടുള്ള വൃക്ഷമാണ് ഒലീവ്. നോഹയുടെ പെട്ടകത്തില്‍ നിന്നും പുറത്തേയ്ക്ക് പറത്തി വിട്ട പ്രാവ്, ഒലിവിന്‍ ചില്ലകള്‍ കൊണ്ട് മടങ്ങിവന്നപ്പോള്‍ പ്രളയം അവസാനിച്ചുവെന്ന് നോഹ മനസ്സിലാക്കിയതായി പഴയ നിയമത്തില്‍ സൂചിപ്പിക്കുന്നു. olive 7ഇവിടെ ഒലിവിന്‍ ചില്ലകള്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായാണ് സൂചിപ്പിക്കുന്നത്. വാഗ്ദത്ത നാടായ ഇസ്രയേല്‍ മണ്ണില്‍ ജൂതന്മാര്‍ പ്രവേശിക്കുന്നതിന് മുന്‍പ്, മോശ വാഗ്ദാനം ചെയ്യുന്ന ഏഴ് ഫലങ്ങളില്‍ ഒന്ന് ഒലീവ് ആണ്. ലോകരക്ഷകനായ യേശു ക്രിസ്തുവിനെ ഒലീവിന്‍ ചില്ലകള്‍ കൊണ്ട് വരവേറ്റതായും, യേശു ഒലിവിന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്നതായും പുതിയനിയമവും പറയുന്നു. ഖുര്‍—ആനിലാകട്ടെ, വിശിഷ്ടമായ ഒരു ഫലമായാണ് ഒലീവിനെ വിശേഷിപ്പിക്കുന്നത്…

ചരിത്രത്തിലൂടെ… 

BC 3150 മുതല്‍ ഭൂമിയില്‍ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒലീവ് മരങ്ങളുടെ ഫോസ്സില്‍ അവശിഷ്ടങ്ങള്‍ ഈജിപ്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.  ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ ഒലീവ് കൃഷി ചെയ്തിരുന്നു എന്നാണു ചരിത്രം പറയുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് പാചകത്തിനായും സൗന്ദര്യവര്‍ദ്ധക വസ്തുവായും ഊര്‍ജ്ജ സ്രോതസ്സായും ഒലീവ് ഉപയോഗിച്ചിരുന്നു.olive 3ഇസ്രയേലിന്‍റെയും സിറിയയുടെയും മണ്ണിലാണ് ഒലീവിന്റെ ഉത്ഭവം എന്ന് പൊതുവേ പറയപ്പെടുന്നു. ഇപ്പോഴും ഫലം തരുന്ന ഗദ്സമെന്‍ തോട്ടങ്ങളിലെ ഒലീവ് മരങ്ങള്‍ക്ക് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മേലെ ആയുസ്സ് ഉണ്ട്. അവിടെ നിന്നാണ് ഈജിപ്തിലേക്കും ഗ്രീസിലേക്കും ഇറ്റലിയിലേക്കും മറ്റു മെഡിറ്റെറേനിയന്‍ രാജ്യങ്ങളിലേക്കും പിന്നീട്, അമേരിക്കന്‍ രാജ്യങ്ങളിലേക്കും ഒലീവ് വ്യാപിച്ചത്. എന്നു വരികിലും, ലോകോത്തരമായ ഒലീവ് ഉത്പന്നങ്ങളായി കണക്കാക്കപ്പെടുന്നത് ഇസ്രയേല്‍ മണ്ണില്‍ വിളയുന്നവയെയാണ്…olive 4ഒലീവ് പാരമ്പര്യം അവകാശപ്പെടുന്ന രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം, ഒലീവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇസ്രായേലിന്റെ ഔദ്യോഗിക ചിഹ്നങ്ങളിലെ ഒലിവിന്‍ ചില്ലകള്‍, ജൂതന്മാരെ സംരക്ഷിക്കുന്ന ദൈവികമായ കരങ്ങളെ സൂചിപ്പിക്കുന്നു. ഗ്രീസ് ഒളിമ്പിക്സില്‍ ഒലിവിന്‍ ചില്ലകള്‍ കൊണ്ടുണ്ടാക്കിയ കിരീടം ധരിപ്പിച്ച് ആദരിച്ചതിന് നാമെല്ലാം സാക്ഷികളായതാണല്ലോ…

കുഞ്ഞന്‍ ഒലീവ് മരങ്ങള്‍..

നിത്യഹരിത വൃക്ഷമാണ് ഒലീവ്. വേനലില്‍ വാടുകയോ വര്‍ഷകാലത്ത് കടപുഴകുകയോ ചെയ്യാതെ തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍. ‘ഒലേയ യൂറോപ്പേയ’ (Olea Europea), അതായത് ‘യൂറോപ്യന്‍ ഒലീവ്’ എന്നതാണ് ഒലീവ് മരങ്ങളുടെ ശാസ്ത്രീയ നാമം. ഇവ Oleaceae ഫാമിലിയില്‍പെട്ടവയാണ്. olive 6നന്നായി പരിരക്ഷിക്കുന്ന ഒലീവ് മരങ്ങള്‍ക്ക് ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ ആയുസ്സുണ്ട്. അധികം ഉയരം ഇല്ലാത്ത (10 — 15 മീറ്റര്‍) ഈ മരങ്ങളുടെ തടി വളരെ ഉറപ്പുള്ളവയാണ്. ജറുസലേമിലെ ആരാധനാലയങ്ങളുടെ കവാടങ്ങള്‍ ഒലിവ് തടി കൊണ്ട് നിര്‍മ്മിച്ചവയാണത്രേ… ഇന്നും ഒലീവ് തടി കൊണ്ട് നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകള്‍ക്ക് വിലകൂടുതലെങ്കിലും വന്‍ ജനപ്രീതിയാണ്.Presentation5മരത്തിന്റെ ഇളം ശിഖരങ്ങളിലാണ് കായ്ക്കള്‍ ഉണ്ടാവുന്നത് എന്നതിനാല്‍ വിളവെടുപ്പിന് ശേഷം ശിഖരങ്ങള്‍ വെട്ടിക്കളഞ്ഞ് പ്രൂണ്‍ ചെയ്തു നിര്‍ത്തുകയാണ് പതിവ്. പിന്നീട്, വസന്തകാലത്ത് പുതിയ ശിഖരങ്ങളില്‍ ഇലകളുടെ ആക്സിലിനോട് ചേര്‍ന്ന്, തൂവെള്ള നിറത്തിലുള്ള പൂക്കള്‍ ഉണ്ടാവുകയും തുടര്‍ന്ന് കായ്ക്കുകയും ചെയ്യുന്നു. ഇലകള്‍ക്ക് വെള്ളിനിറം കലര്‍ന്ന ഇളം പച്ച നിറമാണ് .Presentation4വസന്തകാലത്ത് (ഏപ്രില്‍—മേയ്) പൂക്കുകയും, വേനല്‍ക്കാലത്ത് നല്ല സൂര്യപ്രകാശവും കൃത്യമായ ജലസേചനവും നേടിയ ഒലീവ് കായ്ക്കള്‍ സെപ്റ്റംബര്‍ മാസമാകുമ്പോഴേയ്ക്കും വിളഞ്ഞിട്ടുണ്ടാകും. സെപ്റ്റംബര്‍ മാസത്തില്‍ ലഭിക്കുന്ന മഴ, ഒലീവ് കൃഷിക്ക് വളരെ പ്രധാനമാണ്. നവംബര്‍=ഡിസംബര്‍ മാസങ്ങള്‍ ഒലീവ് വിളവെടുപ്പിന്റെ മാസങ്ങളാണ്.olive 1

ഭക്ഷണത്തിനും എണ്ണയ്ക്കും ഒലിവിന്‍ കായ്…

ഒലിവ് കായ്ക്കള്‍ എണ്ണയെടുക്കാന്‍ മാത്രമല്ല, തീന്മേശയില്‍ ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ഇവയ്ക്ക് കയ്പ്പ് രുചിയായാതിനാല്‍, പ്രോസസ് ചെയ്താണ് ഭക്ഷ്യയോഗ്യമായ ഒലിവ് കായ്ക്കള്‍ തയാറാക്കുന്നത്.Presentation1ഒലീവ് കായ്ക്കള്‍ പാകമാകുന്നതിനനുസരിച്ച് ഇളം പച്ച നിറത്തില്‍ നിന്നും കടും പച്ചയായും പിന്നീട് പതിയെ പര്‍പ്പിള്‍ നിറത്തിലേക്കും മാറും. കൂടുതല്‍ പാകമായ, അല്ലെങ്കില്‍ പഴുത്ത ഒലിവ് കായ്ക്കളാണ്, ‘കറുത്ത ഒലിവ്’ ആയി രൂപാന്തരപ്പെടുന്നത്. പച്ചയും കറുപ്പും നിറങ്ങളില്‍ (ഗ്രീന്‍ ഒലിവ്സ്, ബ്ലാക്ക്‌ ഒലിവ്സ്) വിവിധ വലിപ്പത്തിലുള്ള ഒലിവ് കായ്ക്കള്‍ വിപണിയില്‍ ലഭ്യമാണ്.

ഒലിവ് വിളവെടുപ്പ്…

മരത്തിന്‍റെ ചുവട്ടില്‍ ഒരു തുണി/വല വിരിക്കുക എന്നതാണ് ഒലിവ് വിളവെടുപ്പില്‍ ആദ്യം ചെയ്യുന്നത്. കടും പച്ചയും പര്‍പ്പിളും നിറങ്ങളിലുള്ള ഒലീവ് കായ്ക്കള്‍ കൈ കൊണ്ടോ, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ചോ പറിച്ച്, കുട്ടകളിലോ ചാക്കുകളിലോ ശേഖരിച്ച് ‘ഒലീവ് ആട്ട് കേന്ദ്ര’ങ്ങളിലേക്ക് (ഒലിഫീച്ചോ—Olificio) കൊണ്ടുപോയി എണ്ണയാക്കി മാറ്റുകയാണ് ചെയ്യുന്നത്.Presentation2പഴയ കാലങ്ങളില്‍ കാളകളോ മറ്റു മൃഗങ്ങളോ വലിക്കുന്ന ‘ചക്ക്’ ഉപയോഗിച്ചായിരുന്നു എണ്ണ ആട്ടിയിരുന്നത്. ഇന്ന്, യന്ത്രവത്കൃത ‘ഒലിഫിച്ചോ’കള്‍ നിലവില്‍ വന്നതോടെ, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്വിന്‍റല്‍ കണക്കിന് ഒലീവ് ആട്ടിയെടുക്കാന്‍ സാധിക്കും.

olive 9
മുന്‍കാലങ്ങളില്‍ ഒലീവ് ആട്ടാന്‍ ഉപയോഗിച്ചിരുന്ന ചക്ക്

അമ്മു ആന്‍ഡ്രൂസ്.

 

സാല്‍വത്തോറെ അപ്പച്ചന്റെയും റൊസാരിയ അമ്മച്ചിയുടെയും ഒപ്പം ഒലിവിന്‍ തോട്ടത്തില്‍ ഒലിവ് ശേഖരിക്കാന്‍ പോയ അനുഭവക്കുറിപ്പ് വായിക്കാം…  ഒലീവ് തോട്ടത്തില്‍ ഒരുദിനം…