മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു വേനല്‍ക്കാലത്താണ് ഈ സംഭവം നടക്കുന്നത്. ജൂണ്‍—ജൂലൈ മാസങ്ങളില്‍ സൂര്യന്‍, തന്‍റെ ശക്തി തെളിയിക്കുന്നത് ഇവിടുത്തെ മണ്ണിലാണ് എന്ന് തോന്നിപ്പോകും, അമ്മാതിരി ചൂടും വെയിലും. കുട്ടികളെ സംബന്ധിച്ച് വേനലവധിക്കാലമാണെങ്കിലും, തൊമ്മന് നല്ല ജോലിത്തിരക്കുള്ള സമയമാണിത്. റോമില്‍ താമസിക്കുന്ന കസിന്‍റെ, ഒന്‍പതും ഏഴും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും ആ വര്‍ഷം അവധി ആഘോഷിക്കാനായി വന്നിട്ടുണ്ട്. അവരോടൊപ്പം അഞ്ചും ഒന്നരയും പ്രായമുള്ള ഇസബെല്ലയും കുക്കുടുവും തിമിര്‍ത്ത് നടന്നു. അങ്ങനെ ഞങ്ങളുടെ കിളിക്കൂട്‌ പോലെയുള്ള വീട് കുട്ടികളുടെ കളി—ചിരി— കരച്ചിലുകളാല്‍ നിറഞ്ഞു.

പാവം തൊമ്മന്റെ കാര്യമായിരുന്നു കഷ്ടം!

അല്ലെങ്കിലേ പെണ്‍ഭൂരിപക്ഷമുള്ള ഈ വീട്ടില്‍, ന്യൂനപക്ഷ ആണ്‍ സന്നിധ്യമായിട്ടും കട്ടയ്ക്ക് പിടിച്ചു നിന്ന ആശാന്, ‘കൂനിന്മേല്‍ കുരു’ എന്ന പോലെയായിരുന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന, വായാടികളായ, ആ രണ്ട് പെണ്‍കുട്ടികളുടെ വരവ്. ‘ഇവിടെ ഉള്ളതിനെ തന്നെ സഹിക്കാന്‍ പാട് പെടുവാ.. അന്നേരമാണ് ഈ രണ്ടെണ്ണങ്ങള്‍ കൂടി’ എന്ന് ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തൊമ്മന്‍ മനസ്സില്‍ പറഞ്ഞിരുന്നിരിക്കണം…

വൈകുന്നേരങ്ങളില്‍ ഫ്രീ ആയിരിക്കുന്ന ദിവസങ്ങളില്‍, ഈ നാല് മക്കളെയും കൂട്ടി കടല്‍ക്കരയിലൂടെ ഞങ്ങള്‍ നടക്കാന്‍ പോകും. ബീച്ചിനോട് ചേര്‍ന്ന്‍, വാടകയ്ക്ക് ബോട്ടുകള്‍ കൊടുക്കുകയും കടലിന്‍റെ ഉള്ളിലേക്ക് കുറെദൂരം കടല്‍പ്പാലം പോലെ നടപ്പാതയുമുള്ള ഒരിടത്താണ് ഞങ്ങള്‍ സ്ഥിരമായി നടക്കാന്‍ പോകുന്നത്. നിറയെ കടകളും പബ്ബുകളും റസ്റ്റോറന്റുകളും ഒരു പഴയ കൊട്ടാരവുമൊക്കെയുള്ള ആ സ്ഥലം മനോഹവും സായാഹ്നസവാരിക്ക് ഉത്തമവുമാണ്.san_Fotorകടല്‍ക്കാറ്റേറ്റ്, അന്തിസൂര്യന്‍റെ ചുവന്ന കിരണങ്ങള്‍ ഏറ്റുവാങ്ങി, ഒരു ജെലാത്തോ (ഐസ്ക്രീം) നുണഞ്ഞ്, ബോട്ടുകളുടെ സീല്‍ക്കാരങ്ങളും കേട്ട് നടക്കാന്‍ നല്ല രസമാണ്. പകല്‍ മുഴുവന്‍ വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ക്ക് അതില്‍പ്പരം സന്തോഷം വേറെയില്ല താനും.

ഈ നാല് കുട്ടികളുമായി നടക്കുമ്പോഴൊക്കെയും സഹതാപം നിറഞ്ഞ കണ്ണുകളോടെ, ഇറ്റാലിയന്‍സ് എന്നെ നോക്കുന്നത് ആദ്യമൊന്നും കാര്യമാക്കി എടുത്തിരുന്നില്ല. പതിയെ സംസാരിച്ചു കൂട്ടായി കഴിയുമ്പോഴാണ് ഈ ‘സഹതാപ’നോട്ടങ്ങളുടെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഗൂഢലക്ഷ്യങ്ങള്‍ ചോദ്യശരങ്ങളായി പതിക്കുന്നത്.

ചോദ്യം 1. “ഈ നാലും നിന്‍റെ കുട്ടികളാണോ?

ഉത്തരം: “അല്ല..”

ചോദ്യം 2. “അപ്പോ ഭർത്താവിന്റെ മുൻ വിവാഹങ്ങളിലെ കുട്ടികളാവും ല്ലേ…?”

ഹമ്മേ… 😑 അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല! സാഹചര്യങ്ങളാണല്ലോ ഓരോരുത്തരുടെയും ചിന്തകളെ നിയന്ത്രിക്കുന്നത്; എന്നൊക്കെ മനസ്സില്‍ മാന്യമായും അല്ലാതെയും ഏറ്റുപറഞ്ഞ്; സകല വികാരങ്ങളെ നിയന്ത്രണ വിധേയമാക്കി വളരെ നല്ല അച്ചടി ഇറ്റാലിയന്‍ ഭാഷയില്‍;

ഉത്തരം 2. “ആ രണ്ട് കുട്ടികള്‍ കസിന്‍റെ മക്കളാണ്. അങ്ങ് റോമീന്നു സമ്മര്‍ വെക്കേഷന് വന്നതാ. ഈ രണ്ടും ഞങ്ങടെ പ്രൊഡക്റ്റ്സ്…”😊

ഇങ്ങനെ സംശയങ്ങള്‍ക്ക് ഉത്തരം പറഞ്ഞു പറഞ്ഞ് ഒടുവില്‍ സഹതാപ നോട്ടം കാണുമ്പോഴേ, ‘അതേയ്, നിങ്ങള്‍ സംശയിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. ഈ വലിയ കുട്ടികള്‍ രണ്ടും….” എന്ന് മുന്‍‌കൂറായി പറയാന്‍ തുടങ്ങി. അല്ല, അവര്‍ക്ക് സംശയിക്കാന്‍ ഇട കൊടുക്കരുതല്ലോ.😏

അങ്ങനെയൊരു ദിവസം വൈകുന്നേരം, ഞങ്ങള്‍ ആറു പേരും അന്താക്ഷരിയൊക്കെ കളിച്ച്, പതിവുപോലെ ബീച്ചിലേക്ക് യാത്രയായി. അങ്ങോട്ടേയ്ക്കുള്ള വഴിയിലേക്ക് കയറിയതേ എന്തൊക്കെയോ മാറ്റങ്ങള്‍ തോന്നിയിരുന്നു. മിക്ക ദിവസവും ഈ വഴിയിലൂടെ യാത്ര ചെയ്യുന്നതിനാലും കുട്ടികളുടെ ബഹളവും കാരണം ബോര്‍ഡൊന്നും കാര്യമായി ശ്രദ്ധിച്ചതുമില്ല. ബീച്ചിലേക്ക് കയറിയതേ പോലീസ് വാഹനത്തിന് മുന്‍പിലേക്കാണ് ചെന്നു വീണത്. 🙆

“വണ്ടി ഒതുക്കിയിട്ട് ഡോക്യുമെന്റ്സുമായി ഉന്നത ഓഫീസറുടെ അടുത്തേയ്ക്ക് ചെല്ലാന്‍” ഒരു പോലീസുകാരന്‍ പറഞ്ഞപ്പോഴാണ്, കയറി വന്ന വഴികളിലൂടെ മനസ്സ് റിവേഴ്സ് ഗിയറിട്ട് ഓടിയത്. പ്രവേശന കവാടത്തില്‍ തന്നെ വെച്ചിരുന്ന ‘നോ എന്‍ട്രി’ ബോര്‍ഡും, വഴിയരികില്‍ നിന്നിരുന്ന ആളുകളുടെ ആംഗ്യവുമെല്ലാം വളരെ വ്യക്തമായി മനസ്സില്‍ തെളിഞ്ഞു വന്നു. അതല്ലേലും അങ്ങനെയാണല്ലോ.. ആവശ്യനേരത്ത് ഇതൊന്നും കണ്ണില്‍ പെടില്ല.😒

“ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ചെല്ലുക തന്നെ…” ഡോക്യുമെന്റ്സ് ഒക്കെയും കയ്യില്‍ എടുത്ത് തൊമ്മന്‍ പോലീസ് ഒഫീസറുടെ അടുക്കലേക്ക് പോയി.

അര മണിക്കൂറോളം കഴിഞ്ഞിട്ടും തൊമ്മനെ കാണാതെ വന്നപ്പോള്‍, നാല് പിള്ളേരെയും കൂട്ടി ഞാനങ്ങോട്ട് ചെന്നു. ഒരു ക്യൂവില്‍ ഏറ്റവും മുന്‍പിലായി തന്നെ തൊമ്മന്‍ നില്‍ക്കുന്നത് ദൂരെ നിന്നേ ഞങ്ങള്‍ കണ്ടിരുന്നു. ഞാനും നാല് മക്കളും തൊമ്മന്റെ ചുറ്റിലുമായി നില്‍പ്പുറപ്പിച്ച് കാര്യങ്ങള്‍ തിരക്കി. ഈ സ്ഥലത്ത് വാരാന്ത്യങ്ങളില്‍ തിരക്ക് കൂടുന്നതിനാല്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. പുറത്ത് ബോര്‍ഡും വെച്ചിട്ടുണ്ട്; ഇതറിയാതെ വാഹനങ്ങളുമായി കടന്നു വന്നവരാണ് ക്യൂവില്‍ നില്‍ക്കുന്നതത്രേ…

“മിനിമം 100 യൂറോ ഫൈന്‍ കിട്ടും…”

😦

തൊമ്മന്റെ ആ വാക്കുകള്‍ വെള്ളിടി വെട്ടിയത് പോലെയായിരുന്നു കാതില്‍ പതിഞ്ഞത്. ‘പ്രവാസി’, ‘യൂറോപ്പില്‍ സകുടുംബം ജീവിതം’ എന്നൊക്കെ ടാഗ് ലൈനായി പറയാമെന്നെയുള്ളൂ… ശമ്പളം കിട്ടുമ്പോള്‍ തന്നെ ലോണുകാരും ക്രെഡിറ്റ്‌കാരും, വീട്ടുവാടക–വെള്ളം—കറന്റ് ബില്ലുകാരും ഏതാണ്ട് ‘ഗ്രഹണി പിടിച്ച പിള്ളേര്‍, ചക്ക കൂട്ടാന്‍ കണ്ട മാതിരി’ അക്കൗണ്ടിലെ കാശ് മുഴുവന്‍ കൊണ്ടുപോകും. പിന്നെ വീണ്ടും, ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ ബലത്തില്‍ ഒരുമാസം കൂടി തള്ളി നീക്കും… കാലചക്രം ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്, മാസാവസാനം ഈ 100 യൂറോയുടെ ഫൈന്‍…

ഹോ… 😞

ആകെ പരവേശം. ആ 100 യൂറോയ്ക്ക് എത്ര ജെലാത്തോ വാങ്ങി തിന്നാരുന്നു. ആ സങ്കടം താങ്ങ മുടിയാതെ ഞാനാ പോലീസ് ഓഫീസറെ നോക്കി. തൊമ്മന് തൊട്ടു മുന്‍പ് നിന്നിരുന്ന മനുഷ്യന് ഫൈന്‍ എഴുതി കൊടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. (‘അദ്ദേഹം’ എന്നൊക്കെ ഇപ്പൊ വളരെ ബഹുമാന പുരസ്സരം പറയുന്നതാ കേട്ടോ.. അന്നേരം ഞാന്‍ വേറെന്തോ ആയിരുന്നു മനസ്സില്‍ ഓര്‍ത്തത് എന്നാണെന്‍റെ ഓര്‍മ്മ 😜)

തൊട്ടടുത്തു നിന്നിരുന്ന അസിസ്റ്റന്‍റ്/ ജൂനിയര്‍ എന്ന് തോന്നിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ, ഞങ്ങളുടെ ഈ ഭാവപ്രകടനങ്ങള്‍ എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവര്‍ പോലീസ് ഉദ്യോഗസ്ഥനോട് ഞങ്ങളെ ചൂണ്ടി എന്തൊക്കെയോ പറയുന്നു. കുട്ടികള്‍ ബഹളം ഉണ്ടാക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല; പിള്ളേരെ നാല് പേരെയും കണ്ണുരുട്ടി കാണിച്ചു. എന്താന്നറിയില്ല, പതിവില്ലാത്ത അനുസരണയില്‍ അവര്‍ നാലും എന്‍റെ ചുറ്റിലും വന്ന്‍ അനുസരണയുള്ള മാന്‍പേടകള്‍ പോലെ ഉരുമ്മിനിന്നു.

എഹ്.. ഇത്രേം മര്യാദക്കാരായ കുട്ടികളെ കുറിച്ചാണോ ആദ്യ പാരഗ്രാഫുകളില്‍ പരദൂഷണം പറഞ്ഞത് എന്നോര്‍ത്ത് എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. അവരുടെ അനുസരണ കണ്ട ചുറ്റുമുള്ളവരും ഞെട്ടിത്തരിച്ചു എന്ന്‍ അവരുടെ ഫാവം (‘ഫാ’ അല്ല; ഫാരതത്തിന്റെ ‘ഭാ’) കണ്ടപ്പോഴേ മനസിലായി…

ഞാനൊന്നൂടെ തലയുയര്‍ത്തി നോക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടു പേരും ഈ സംഭവങ്ങള്‍ മുഴുവന്‍ നോക്കി നില്‍ക്കുന്നു. ഞാന്‍, എന്റെ കയ്യില്‍ ഉള്ളതും, അടുത്ത് നിന്നിരുന്നവരുടെ കയ്യില്‍ നിന്നും കടം മേടിച്ചതുമായ ഭവ്യത, വിനയം, ശാന്തത, നിഷ്കളങ്കത എന്നീ ഭാവങ്ങള്‍ മുഴുവന്‍ മുഖത്ത് പൂശി നില്‍ക്കുകയാണ്… 😊

അടുത്ത ഊഴം തോമ്മന്റെത്. ഡോക്യുമെന്റ്സ് എല്ലാം കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തി തൊമ്മന്‍ അവരുടെ അടുക്കലേക്ക് ചെന്നു. ഞങ്ങളും തൊട്ടു പിന്നില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അടുത്തായി സ്ഥാനമുറപ്പിച്ചു. “നിങ്ങള്‍ എവിടുന്നാണ്?”, “എത്ര നാളായി ഇവിടെ താമസിക്കുന്നു?”, എന്നിങ്ങനെയുള്ള പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം “ഈ കുട്ടികളൊക്കെ നിന്റെയാണോ?” എന്ന പതിവ് ചോദ്യവും വന്നെത്തി. 🙁 (അതിപ്പോ… കാള വാല് പൊക്കിയപ്പോഴേ 🙊)

ഇത്തവണ, സഹതാപം പിടിച്ചു മേടിക്കേണ്ടതിന്‍റെ ആവശ്യകത നല്ലവണ്ണം മനസ്സിലാക്കിയതു കൊണ്ട്, പതിവ് ശൈലിയില്‍ ‘പ്രസ്‌ റിലീസ്’ പോലെ തയ്യാറക്കി വെച്ചിരുന്ന ഉത്തരങ്ങളൊന്നും പറഞ്ഞില്ല. മൗനം സമ്മതമെന്ന മട്ടില്‍, നിലവില്‍ പൂശിയിരിക്കുന്നതിന്റെയും മേലെ ഒരിത്തിരി കൂടി വിനയവും എളിമയും പൂശി നിന്നു…

അപ്പോഴാണ്‌, മാഡത്തിന്റെ അടുത്ത ചോദ്യം, “ഒരാണ്‍കുട്ടിക്ക് വേണ്ടി ശ്രമിച്ചതാവും ല്ലേ..?

വീണ്ടും ഉത്തരം, ഒരു വിളറിയ ചിരിയില്‍ ഒതുക്കി.😷

ഹെന്‍റീശോയെ… സിനിമയിലെ അഭിനയത്തിനല്ലാതെ, ജീവിതത്തിലെ അഭിനയത്തിന് ഓസ്കാര്‍ പുരസ്കരമോ, ഗോള്‍ഡന്‍ ഗ്ലോബോ ണ്ടാര്‍ന്നേല്‍ തീര്‍ച്ചയായും എനിക്ക് തന്നെ കിട്ടിയേനെ…😇

“അവനേം കുറ്റം പറയാന്‍ ഒക്കുകേല; ഒരാണ്‍കുട്ടി കൂടെ വേണമെന്ന് അവന് ആഗ്രഹം ണ്ടാവും. സാരമില്ല, പെണ്‍കുട്ടികള്‍ വീടിന്റെ ഐശ്വര്യമല്ലേ… നിങ്ങള്‍ക്ക് വയസ്സാകുമ്പോ ഒന്നന്വേഷിക്കാന്‍ പെണ്‍കുട്ടികളേ ണ്ടാവൂ. ആണ്‍മക്കളൊക്കെ അവരുടെ കുടുംബോം കാര്യങ്ങളുമൊക്കെയായി പോകും. എന്തായാലും ഈ മിടുക്കരായ നാല് മക്കളെ കിട്ടിയല്ലോ… നല്ല കാര്യം” അവരിങ്ങനെ താത്വികമായ അവലോകനങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.

“അതിനിപ്പോ എന്താ.. അഞ്ചു കുട്ടികൾ വേണമെന്നാണ് ആഗ്രഹം; ഒരു ആണ്‍കുട്ടിക്ക് വേണ്ടി ഇനിയും ശ്രമിക്കാല്ലോ…”

അപ്രതീക്ഷിതമായ തൊമ്മന്‍റെ ഉത്തരം കേട്ട ഞെട്ടലില്‍ ഞാനും പോലീസ് ഉദ്യോഗസ്ഥരും കണ്ണ് മിഴിച്ചു. 😮

പിന്നെ, എല്ലാരൂടെ എന്നെയൊരു നോട്ടം…🙈

ഹെന്റമ്മോ..😩

അപ്പോഴാണ്, ഞങ്ങള്‍ക്ക് തൊട്ടു മുന്‍പ് ഫൈന്‍ എഴുതി വാങ്ങിയ മനുഷ്യന്‍, സര്‍വ്വോപരി ഇറ്റലിക്കാരന്‍, ഫൈന്‍ എഴുതിക്കിട്ടിയ രസീത് ചുരുട്ടി കൂട്ടി അവരുടെ മുന്‍പില്‍ വലിച്ചെറിഞ്ഞിട്ട്‌, എന്തോ പിറുപിറുത്തു കൊണ്ട് പോയത്. ആ പോലീസ് ഉദ്യോഗസ്ഥ നിലത്തു നിന്നും ആ ചുരുണ്ടു കൂടിയ രസീത് എടുത്ത് മേലുദ്യോഗസ്ഥനു നല്‍കി.

തമാശ നിറഞ്ഞു നിന്ന ആ അന്തരീക്ഷം, ഇപ്പൊ വലിഞ്ഞു മുറുകും എന്ന് പ്രതീക്ഷിച്ചു നിന്ന എന്നെയും, ഇത് വായിക്കുന്ന നിങ്ങളെയും ഞെട്ടിച്ചു കൊണ്ട്, “ആഹ് സാരമില്ല… അത് ഞാന്‍ നോക്കിക്കോളാം” എന്ന് യാതൊരു വികാരക്ഷോഭവുമില്ലാതെ അയാള്‍ മൊഴിഞ്ഞു.

ന്നിട്ട്, ഞങ്ങളെ നോക്കി പറഞ്ഞു;
“നിങ്ങള്‍ പൊയ്ക്കോളൂ!!!!.”

‘എഹ്..😲?”

“ആഹ്.. നിങ്ങള്‍ പൊയ്ക്കോളൂ. നിങ്ങളുടെയും കൂടി ചേര്‍ത്ത് ഞാന്‍ അവന് കൊടുത്തോളാം..”

എന്നിട്ടും, കേള്‍ക്കുന്ന വാക്കുകള്‍ വിശ്വാസം വരാതെ നിന്ന ഞങ്ങളെ നോക്കി അവര്‍ പറഞ്ഞു,

“ഞങ്ങളുടെ സ്വന്തം നാട്ടുകാര്‍ക്കില്ലാത്ത സ്നേഹവും വിനയവും ബഹുമാനവും നിങ്ങളില്‍ ഞാന്‍ കണ്ടു. ഈ കുടുംബം എനിക്കേറെ ഇഷ്ടമായി. ഈ കാശിനു നീ പോയി ഭാര്യക്കും മക്കള്‍ക്കും ജെലാത്തോ വാങ്ങി കൊടുക്കൂ… നിന്റെ ആഗ്രഹം പോലെ അഞ്ചാമതൊരു ആണ്‍കുട്ടി ഉണ്ടാവട്ടെ, ആശംസകള്‍.”

ഇത് കേട്ട ഞങ്ങളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുവോ.. 😭

വിശ്വസിച്ചാലും ഇല്ലെങ്കിലും, ആ പോലീസുകാരുടെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞങ്ങള്‍ എല്ലാവരും മത്സരിച്ച് അഭിനയിച്ചു തകര്‍ക്കുകയായിരുന്നു…😬

അഞ്ചാമതായി ജനിക്കാന്‍ പോകുന്ന ആണ്‍കുഞ്ഞിനായി ‘എന്‍റെ വക നൂറ് യൂറോ’ തന്ന ആ പോലീസുകാരന് വേണ്ടി, രണ്ട് ജെലാത്തോ കൂടുതല്‍ കഴിച്ചു…😝
ഹല്ലാ പിന്നെ…💪

എന്നാലും, അന്നും ഇന്നും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമുണ്ട്; എങ്ങാനും തൊമ്മനിനി സീരിയസായി പറഞ്ഞതായിരിക്കുമോ😒? അല്ലായിരിക്കും ല്ലേ..😌

അമ്മു ആന്‍ഡ്രൂസ്.