ശൈത്യകാലം ആരംഭിക്കുമ്പോള്‍ മുതല്‍ വഴികളില്‍ ‘ആര്‍ട്ടിചോക്ക്’ (Artichoke) കച്ചവടക്കാരുടെ ബഹളം തുടങ്ങും. പച്ചക്കറിക്കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പല ഓഫറുകളില്‍ ആര്‍ട്ടിചോക്കിന്‍റെ തണ്ടുകള്‍ കെട്ടി വില്‍ക്കാന്‍ വെച്ചിരിക്കുന്നതും സ്ഥിരം കാഴ്ചകളായി മാറും. (ഒരു കെട്ടില്‍ എട്ടോ പത്തോ ആര്‍ട്ടിചോക്കുകള്‍ കാണും) ആദ്യമൊക്കെ കൗതുകത്തോടെ നോക്കി നിന്നിരുന്നുവെങ്കിലും, പിന്നീട് പിസയിലും പാസ്തയിലും ചേരുവയായി എത്തിയ ‘കര്‍ച്ചോഫെ’ (Carciofe) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിചോക്ക് എന്‍റെ രസമുകുളങ്ങളെ കീഴടക്കി.

ഭൂമിയില്‍ മനുഷ്യന്‍ ആദ്യമായി കൃഷിചെയ്തു ഭക്ഷിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സസ്യങ്ങളില്‍ ഒന്നാണ് ‘ആര്‍ട്ടിചോക്ക്’. ‘Cynara cardunculus var. scolymus’ എന്ന ബോട്ടാണിക്കല്‍ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യകാന്തിയുടെ ഇനത്തില്‍ പെടുന്ന ഈ സസ്യത്തിന്‍റെ ഹിന്ദിയിലുള്ള നാമധേയം ‘ഹാഥിചോക്ക്’ (Haathichuk) എന്നാണ്.

aar
ആര്‍ട്ടിചോക്ക്

മെഡിറ്റെറെനിയന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന യൂറോപ്യന്‍-ആഫ്രിക്കന്‍ മണ്ണിലാണ് (പ്രധാനമായും ഇറ്റലി, ഗ്രീസ്, സ്പെയിന്‍, നോര്‍ത്ത് ആഫ്രിക്ക) ഇവ വളരുന്നത്. ആര്‍ട്ടിചോക്ക് എന്ന സസ്യത്തിന്‍റെ പൂമൊട്ടാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇവയെ പൂക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നീല കലര്‍ന്ന വയലറ്റ് നിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുന്നത്. ആര്‍ട്ടിചോക്ക്സ് ഇപ്പോള്‍ ലോകമെമ്പാടും ലഭ്യമാണെങ്കിലും അവ പല സ്ഥലങ്ങളിലും നിറത്തിലും രൂപത്തിലും വ്യത്യസ്തമായിരിക്കും. മുള്ളുകള്‍ ഉള്ളതും, ഇല്ലാത്തതും, വയലറ്റ് നിറത്തിലും പല ഇനത്തില്‍പ്പെട്ട ആര്‍ട്ടിചോക്ക്സ് ലഭ്യമാണ്. നാരുകളാല്‍ സമ്പുഷ്ടമായ ആര്‍ട്ടിചോക്ക് സസ്യത്തിന്‍റെ ഇലയും ഇളംതണ്ടുകളും ഭക്ഷ്യയോഗ്യമാണ്.

artichoke 3 final
കനലില്‍ ചുട്ട് എടുക്കുന്ന ആര്‍ട്ടിചോക്ക്

തയ്യാറാക്കാം ആര്‍ട്ടിചോക്ക് വിഭവങ്ങള്‍

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് ആര്‍ട്ടിചോക്ക് കൊണ്ടുള്ള വിഭവങ്ങള്‍. വളരെ വ്യത്യസ്തവും ആയാസരഹിതവുമായ പാചകവിധികള്‍ സൈബര്‍ലോകത്ത് ലഭ്യമാണ്. സീസണില്‍ ധാരാളമായി ലഭിക്കുന്ന ആര്‍ട്ടിചോക്ക്സ് പലരീതിയില്‍ ചേരുവകള്‍ ചേര്‍ത്ത് ഉപ്പിലിട്ടും, ഫ്രീസ് ചെയ്തും സംഭരിച്ചു വെക്കാറുണ്ട്.

Presentation1
പലവിധത്തില്‍ ആര്‍ട്ടിചോക്ക്സ് പാകം ചെയ്യാനും കുപ്പികളില്‍ കാലങ്ങളോളം സൂക്ഷിക്കാനും സാധിക്കും.

ഏറ്റവും എളുപ്പത്തില്‍ (പരമ്പരാഗതമായ രീതിയില്‍) പാകം ചെയ്യുന്ന വിധം; പുറമേ കഴുകിയശേഷം നികക്കെ വെള്ളത്തില്‍ വേവിച്ചെടുക്കുകയാണ് (പ്രഷര്‍ കുക്കറിലും വേവിക്കാം). വെന്തശേഷം പുറമെയുള്ള കട്ടിയുള്ള ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞ് മദ്ധ്യത്തിലെ പൂമ്പൊടി നീക്കം ചെയ്ത്, ആവശ്യാനുസരണം ഒലീവ് എണ്ണയും ഉപ്പും നാരങ്ങാനീരും ചേര്‍ത്തു കഴിക്കാം.Presentation1 2 final

ആര്‍ട്ടിചോക്ക്സ് പാചകത്തിന് തയ്യാറാക്കുന്ന വിധം; പുറമേ കാണുന്ന കട്ടിയുള്ള ഇതളുകള്‍ നീക്കം ചെയ്യുക. അതിനു ശേഷം ആ പൂമൊട്ടിന്റെ ഏകദേശം മദ്ധ്യഭാഗം വരെ കത്രിക ഉപയോഗിച്ച് ചെത്തികളഞ്ഞ ശേഷം നടുവേ പിളര്‍ന്ന് ഉള്ളിലെ പൂമ്പൊടി നീക്കം ചെയ്‌താല്‍ പാചകത്തിന് ആര്‍ട്ടിചോക്ക്സ് തയ്യാറായിക്കഴിഞ്ഞു.

Presentation1 ഫിനാല്‍
ആര്‍ട്ടിചോക്ക് പാചകത്തിന് തയ്യാറാക്കുന്ന വിധം

ആര്‍ട്ടിചോക്കില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ പെട്ടന്ന് ഓക്സിഡേഷന്‍ സംഭവിക്കുന്നവയായതിനാല്‍ തയ്യാറാക്കുമ്പോള്‍ കറുത്തുപോകാതിരിക്കാനായി ഒരല്പം ശ്രദ്ധിക്കണം. നാരങ്ങാനീര് പുരട്ടുകയോ, വെള്ളത്തില്‍ നാരങ്ങാ മുറിച്ചിട്ട് വേവിക്കുകയോ ചെയ്‌താല്‍ കറുത്തു പോകുന്നത് തടയാന്‍ സാധിക്കും. അതിനു ശേഷം മൈദ കൊണ്ടുണ്ടാക്കിയ ബാറ്ററില്‍ മുക്കി വറുക്കുകയോ, ഉള്ളില്‍ ഇഷ്ടമുള്ള ഫില്ലിംഗ്സ് (ചീസ്, ബ്രെഡ്‌ ക്രംപസ്..etc) നിറച്ചു ബേക്ക് ചെയ്തോ, നാരങ്ങ ചേര്‍ത്ത വെള്ളത്തില്‍ വേവിച്ചെടുത്ത് ആവശ്യത്തിനു നാരങ്ങാനീരും, ഉപ്പും, ഒലീവ് എണ്ണയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

artichoke 2final
ആര്‍ട്ടിചോക്ക് ഉപ്പിലിട്ടതും (അച്ചാര്‍) ആര്‍ട്ടിചോക്ക് ചേര്‍ത്ത് തയ്യാറാക്കിയ പാസ്തയും

ആര്‍ട്ടിചോക്ക്—ഗുണങ്ങള്‍
(കടപ്പാട്: Dr. Axe)

കാലറി കുറഞ്ഞ, എന്നാല്‍ ന്യൂട്രിഷണല്‍ ഗുണങ്ങളാല്‍ സമ്പന്നമായ സസ്യമാണ് ആര്‍ട്ടിചോക്ക്. മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിന്‍—സി, ഇരുമ്പ്, ആന്‍റിഒക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പുഷ്ടം. നാരുകളും ധാതുക്കളും നിറഞ്ഞ ആര്‍ട്ടിചോക്ക്, അനവധി ആന്‍റിഓക്സിഡന്‍റുകളുടെയും ഫൈറ്റോ ന്യൂട്രിയെന്‍റ‌്സിന്‍റെയും കലവറയാണ് ആര്‍ട്ടിചോക്ക്. കരള്‍—ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും, കാന്‍സറിനും, ദഹനസംബന്ധിയായ അസുഖങ്ങള്‍ക്കും, ഇന്‍ഫ്ലമേഷന്‍സിനും ഉത്തമപ്രതിവിധി കൂടിയാണിത്.

  • ക്വെര്‍സെറ്റിന്‍, രൂട്ടിന്‍, ഗാല്ലിക് ആസിഡ്, സിനാരിന്‍ എന്നിവ ക്യാന്‍സറസ്‌ സെല്ലുകളുടെയും ട്യൂമറുകളുടെയും വളര്‍ച്ചയെ തടയുന്നു. പ്രത്യേകിച്ച് ബ്രെസ്റ്റ് കാന്‍സറിനെതിരേ ഇവ അങ്ങേയറ്റം ഫലപ്രദമാണ്.
  • ശരീരത്തിലെ കൊളസ്റ്ററോള്‍ നില ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തുന്നതില്‍ ആര്‍ട്ടിചോക്ക് വളരെ ഉപകാരപ്രദമാണ്. അനാരോഗ്യകരമായ കൊഴുപ്പുകളെ (ചീത്ത കൊളസ്റ്ററോള്‍) ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നത് വഴി രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു. തന്‍മൂലം ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ഒരു പ്രകൃത്യാലുള്ള പ്രതിവിധിയാണ് ആര്‍ട്ടിചോക്ക്.
  • ശക്തമായ ആന്‍റിഒക്സിഡന്‍റ‌് ഫ്ലാവനോയിഡ് സിലിമാരിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇതൊരു ലിവര്‍ പ്രൊട്ടെക്റ്റന്‍റ‌് കൂടെയാണ്. ആര്‍ട്ടിചോക്കില്‍ അടങ്ങിയിരിക്കുന്ന സിനാരിന്‍, കരളിന്‍റെ സ്രവമായ ബൈല്‍ ഉത്പാദനം ത്വരിതപ്പെടുത്തുന്നത് വഴി ദഹനത്തെ സഹായിക്കാനും, ന്യൂട്രിയന്‍റ‌്സ്ആഗീരണം ചെയ്യുന്നതിനെ കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുന്നു.
  • ആര്‍ട്ടിചോക്കില്‍ കൂടുതല്‍ അളവില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രീയയെ സഹായിക്കുകവഴി ശരീരഭാരം കുറയ്ക്കാനും, മലശോധന കുറ്റമേറ്റതാക്കുന്നതിനും സഹായിക്കുന്നു.
  • ആര്‍ട്ടിചോക്കില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്‍റെ അംശം അനീമിയയെ ചെറുക്കുന്നതിനും, രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിനെല്ലാം പുറമേ, പ്രമേഹത്തിനെതിരെ പൊരുതാനും, ദഹനസംബന്ധമായ അസുഖങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നു.
  • ആന്‍റിഓക്സിഡന്‍റുകളുടെ സാന്നിധ്യം മൂലം ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മം സ്വായത്തമാക്കാനും, അതുവഴി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

അമ്മു ആന്‍ഡ്രൂസ്.

ആര്‍ട്ടിചോക്ക് ഐതീഹ്യവും ഫെസ്റ്റിവലില്‍ പങ്കെടുത്ത ഒരു ചെറു വിവരണവും വായിക്കാം.. ആടിയും പാടിയും ആര്‍ട്ടിചോക്ക് ഫെസ്റ്റിവല്‍