ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ പോളിംഗ് ബൂത്തുകളുടെ മുൻപിൽ നീണ്ട ക്യൂവിൽ നിന്ന ഇറ്റാലിയൻ ജനതയുടെ കണ്ണുകളിൽ മാറ്റങ്ങൾക്കുള്ള ആഹ്വനം തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയമായ അസ്ഥിരതയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും അഭയാർഥികളുടെ ഒഴുക്കിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന ഇലക്ഷൻ എന്ന നിലയിൽ, ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ് ഇറ്റാലിയൻ പാർലമെന്റ് ഇലക്ഷൻ, 2018.italy-march-election-2018.jpg

കാൽ നൂറ്റാണ്ടോളമായി മാറിമാറി ഭരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അസ്ഥിരതയിലും അഴിമതി നിറഞ്ഞ ഭരണത്തിലും ലൈംഗികാപവാദങ്ങളിലും മനംമടുത്ത ഒരു ജനതയുടെ പ്രതിഷേധത്തിന്റെ സ്വരം കൂടിയാകും ഇത്തവണത്തെ ഇലക്ഷൻ റിസൾട്ട് എന്ന് നിസ്സംശയം പറയാം. ഇലക്ഷൻ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ, എക്സിറ്റ് പോളുകളെ ശരിവെക്കുന്ന രീതിയിൽ, വ്യക്തമായ ഭൂരിപക്ഷം നേടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി, ‘യുവജന മുന്നേറ്റം’ മുന്നില്‍ നില്‍ക്കുന്നത് പ്രതീക്ഷയുടെ കതിരുകൾ വീശുന്നുണ്ട് എന്നു പറയാതെ വയ്യ. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രഹരം ഏറ്റുവാങ്ങിയ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും (ഫ്രാന്‍സ്, സ്പെയ്ന്‍, ഗ്രീസ്, പോര്‍ട്ടുഗല്‍) ഇത്തരം രാഷ്ട്രീയ മാറ്റങ്ങളുണ്ടായത്തിന് നാം സാക്ഷികളായതാണ് താനും.

ഇറ്റലിയുടെ രാഷ്ട്രീയകാറ്റിന് ഗതിമാറി തുടങ്ങിയത്തിന്‌ ഒരു പതിറ്റാണ്ടോളം പഴക്കമുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം കനത്ത പ്രഹരമേൽപ്പിച്ച ഇറ്റാലിയൻ സാമ്പത്തികവ്യവസ്ഥയും തൊഴിൽരഹിതരായ യുവജനതയും ദിവസവും വർദ്ധിച്ചു വരുന്ന ടാക്സുകളും സാധാരണ ജനതയുടെ ജീവിതത്തിൽ കൂനിന്മേൽ കുരുവെന്ന പോലെ പതിച്ചപ്പോൾ ഒരു ജനത മാറ്റത്തിന്റെ അല്ലെങ്കിൽ പ്രതീക്ഷയുടെ ദിനങ്ങൾ സ്വപ്നം കണ്ടിരുന്നു. ആ സ്വപനങ്ങളുടെ ആകെത്തുക എന്ന വണ്ണമാണ് പരമ്പരാഗത ഇടത്-വലത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ, അവരുടെ അഴിമതികൾക്കും കുതികാൽവെട്ടുകൾക്കും എതിരെ, 2009 ഇൽ ‘യുവജന മുന്നേറ്റം’ (ഫൈവ് സ്റ്റാർ മൂവ്‌മെന്റ് — Cinque Stelle Movimento — M5S) രൂപംകൊണ്ടത്.grillo-m5s-2011

പ്രശസ്ത ഹാസ്യതാരവും ബ്ലോഗ്ഗറുമായ ബെപ്പെ ഗ്രില്ലോ(Beppe Grillo) യുടെയും ജ്യൻറോബെർത്തോ കാസാലെജോ (Gianroberto Casaleggio) യുടെയും നേതൃത്വത്തിൽ 2009 ഒക്ടോബറിലാണ് ‘യുവജന മുന്നേറ്റം’ രൂപീകൃതമായത്. ‘അഴിമതി നിറഞ്ഞ രാഷ്ട്രീയപാർട്ടികളുടെയോ സഖ്യകക്ഷികളുടെയോ പിന്തുണയില്ലാതെ ഒറ്റകക്ഷിയായി മാത്രമേ ഇറ്റലി ഭരിക്കൂ’ എന്ന ശക്തമായ നിലപാടിൽ അവർ ഉറച്ചു നിന്നു. പരമ്പരാഗത ഇടത്-വലത് പാർട്ടികളിൽ കുടുങ്ങി കിടന്നിരുന്ന ഇറ്റാലിയൻ ജനത, ഈ യുവജന മുന്നേറ്റത്തിന്‍റെ തുടക്കത്തില്‍ അവരെ അംഗീകരിക്കാൻ ഒരൽപ്പം മടിച്ചിരുന്നു എന്നതാണ് വാസ്തവം. പുരോഗമനപരമായ ആശയങ്ങൾ കൊണ്ടും വ്യക്തമായ നിലപാടുകൾ കൊണ്ടും ജനങ്ങൾക്കിടയിൽ അവർ സ്ഥാനമുറപ്പിച്ചത് വളരെ പതിയെ ആയിരുന്നു.

പാർലമെന്റിൽ ഭൂരിപക്ഷം നേടാനായി സഖ്യകക്ഷികളെ കൂട്ടു പിടിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ, ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലനിൽക്കുന്ന യുവജനമുന്നേറ്റത്തിന് ഭരണം ലഭിക്കുമോ ഇല്ലയോ എന്നറിയണമെങ്കിൽ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരുന്നേ മതിയാകൂ.

രണ്ടാൾ കൂടുന്ന ഇടങ്ങളില്‍ കൊടുമ്പിരി കൊള്ളുന്ന രാഷ്ട്രീയ ചര്‍ച്ചകളും, ലൈവായി ന്യൂസ് അപ്പ്ഡേറ്റ്‌സ് വീക്ഷിക്കുന്ന വ്യക്തിയിലുമെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ അത്യാവേശപൂർവ്വം ഉറ്റുനോക്കുന്ന ഒരു ജനതയെ കാണാൻ സാധിക്കുന്നുണ്ട്.italyelection-1024x585

അടുത്ത സുഹൃത്തും അയല്‍വാസിയും യൂണിവേഴ്സിറ്റി പ്രോഫസറുമായ  ഫിലിപ്പോ തിരഞ്ഞെടുപ്പിനെ കുറിച്ച് വാചാലനാകുന്നു; “യുവജന മുന്നേറ്റത്തിന് പാർലമെന്റിൽ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കില്ല. ബെർലൂസ്കോണിയും (Berlusconi) മത്തേയോ സൽവീനിയും (Matteo Salvini) ഒന്നിച്ചുള്ള ‘വലത് സഖ്യം’ (Extreme Destra) ഭരണം നേടും… അല്ല, ഇടത് സഖ്യകക്ഷികളെ കൂട്ടുപിടിച്ചായാലും അവരത് ഏതുവിധേനയും നേടിയെടുക്കും..” എന്നു പറയുമ്പോഴും സ്ഥിരതയില്ലാത്ത ഒരു ഭരണമായിരിക്കും ഇനിയും വരാൻ പോകുന്നത് എന്ന ആകുലത ഫിലിപ്പോയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സല്‍വീനിയുടെ പല നിലപാടുകളും പരാമര്‍ശങ്ങളും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. അപവാദങ്ങളുടെ ഉറ്റതോഴനെങ്കിലും ബെർലൂസ്കോണി ശക്തനും കുശാഗ്രബുദ്ധിയുമായ ഒരു രാഷ്ട്രീയ നേതാവാണ്. എന്നാല്‍, സല്‍വീനിയുടെ പാര്‍ട്ടിയുമായുള്ള ബെർലൂസ്കോണിയുടെ പാര്‍ട്ടിയുടെ ലയനം അത്ര തൃപ്തികരമായ ഒന്നല്ല എന്ന നിലപാടാണ് ഫിലിപ്പോയ്ക്ക് ഉള്ളത്.

എന്തുതന്നെ വന്നാലും യുവജനമുന്നേറ്റം ഇറ്റലിയുടെ ചരിത്രത്തിൽ പൊൻതൂവലായി മാറുന്ന കാലം വിദൂരമല്ല എന്ന് പ്രത്യാശിക്കാം…

അമ്മു ആന്‍ഡ്രൂസ്.

ചിത്രങ്ങള്‍: Google images.