വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ നിന്നും അവധിക്ക് നാട്ടില്‍ വന്ന ഭര്‍ത്താവാണ് ആദ്യമായി ‘ലിമോണ്‍ചെല്ലോ’ പരിചയപ്പെടുത്തിയത്. മദ്യം ഉപയോഗിക്കാറില്ലാത്ത വീട്ടിലേക്ക്, നീളമുള്ള ചില്ലുകുപ്പിയില്‍ നിറച്ച മഞ്ഞ നിറത്തിലുള്ള മദ്യം, ആദ്യമായി കാലെടുത്തു കുത്തിയപ്പോള്‍ പകച്ചിരുന്നിരിക്കണം. “കൊണ്ടുപോയി ഫ്രീസറില്‍ വെക്ക്, ഈസ്റ്ററിന് എടുക്കാം..”

‘ഈസ്റ്ററിന് ഉപയോഗിക്കാം’ എന്ന് പറഞ്ഞതിനേക്കാള്‍, ഫ്രീസറില്‍ വെക്കാന്‍ പറഞ്ഞതാണ് എന്നെ ഏറെ അതിശയിപ്പിച്ചത്. മദ്യം ഫ്രീസറില്‍ വെക്കാനോ.. ഇതെന്തു കഥ.

ഈസ്റ്റര്‍ ദിവസത്തെ ഘനഗംഭീരമായ ഉച്ചയൂണിന് ശേഷം, ഫ്രീസറില്‍ ഇരുന്ന ലിമോണ്‍ചെല്ലോ എടുത്ത്, ചെറിയ വൈന്‍ ഗ്ലാസ്സുകളില്‍ കാല്‍ഭാഗം വരെ നിറച്ചു. ഇത്രയും ദിവസങ്ങള്‍ ഫ്രീസറില്‍ ഇരുന്നിട്ടും അതിന്‍റെ ദ്രവാവസ്ഥയ്ക്ക് മാറ്റംവന്നില്ലല്ലോ എന്നത് എന്നെ അതിശയിപ്പിച്ചു. മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പടെ എല്ലാവര്‍ക്കും ഒരേപോലെ സെര്‍വ് ചെയ്ത ശേഷം ഒറ്റവലിക്ക് കുടിക്കാനായിരുന്നു ഭര്‍ത്താവിന്‍റെ നിര്‍ദ്ദേശം. എല്ലാവര്‍ക്കും ലേശം താത്പര്യക്കുറവ് ഉണ്ടായിരുന്നുവെങ്കിലും, കുടിച്ചപ്പോഴാണ് അതിന്‍റെ അനിര്‍വ്വചനീയമായ അനുഭൂതി മനസ്സിലായത്. മധുരവും നാരങ്ങയുടെ രുചിയും ഒരുപോലെ സമന്വയിച്ച, 30 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ആ ലിക്ക്വറിനെ കുറിച്ചായി പിന്നീടുള്ള സംസാരമത്രയും. കാരണം, വിഭവസമൃദ്ധമായ ഈസ്റ്റര്‍ ഊണ് നല്‍കുന്ന അസ്വാസ്ഥ്യങ്ങളെ അപ്പാടെ നിര്‍വ്വീര്യമാക്കിയിരുന്നു ആ കുഞ്ഞന്‍ ഗ്ലാസിലെ ഇത്തിരി മദ്യം എന്ന് പറയാതെ വയ്യ…Presentation4

ഇറ്റലിയില്‍ കുടുംബമായി താമസം തുടങ്ങിയശേഷം ലിമോണ്‍ചെല്ലോ തയ്യാറാക്കാന്‍ പഠിച്ചു എന്നുമാത്രമല്ല, കഴിഞ്ഞ ക്രിസ്തുമസിന് വീട്ടില്‍ തയ്യാറാക്കിയ ലിമോണ്‍ചെല്ലോ കൂട്ടുകാര്‍ക്ക് സമ്മാനിച്ച്‌ കൈയ്യടി നേടുകയും ചെയ്തു. ഇപ്പോള്‍, നാട്ടിലേക്ക് പുറപ്പെടുമ്പോള്‍, ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെടുന്നതും ലിമോണ്‍ചെല്ലോ കൊണ്ടുവരാമോ എന്നതാണ് രസകരമായ വസ്തുത. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ ഇഷ്ടത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ലിമോണ്‍ചെല്ലോ എന്ന മദ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്…

എന്താണ് ലിമോണ്‍ചെല്ലോ?

ഇറ്റാലിയന്‍ ശൈലിയിലുള്ള വിഭവസമൃദ്ധമായ വിരുന്നിനു ശേഷം നല്‍കുന്ന ദഹനസഹായികളായ മദ്യങ്ങളില്‍  മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ലിമോണ്‍ചെല്ലോ (Limoncello—Lemon flavored Italian Liqueur, after—dinner digestive). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, നാരങ്ങയാണ് ഇതിലെ പ്രധാന ചേരുവ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊട്ടേ വീടുകളില്‍ തയ്യാറാക്കിയിരുന്ന ആല്‍ക്കഹോള്‍ അടങ്ങിയ ഒരു ദഹനസഹായിയാണ് ലിമോണ്‍ചെല്ലോ. ഇതിന്‍റെ ഉത്ഭവം തേടി ചെന്നാല്‍ കൃത്യമായ ഉത്തരമില്ല താനും. പരമ്പരാഗതമായി കൈമാറ്റം ചെയ്തു വന്ന ‘ഗ്രാന്‍ഡ്‌മാസ് റെസിപ്പി’ (Grand Ma’s Recipe) എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഇറ്റലിയുടെ കിഴക്കന്‍ പ്രവിശ്യകളിലെ (നാരങ്ങാ ധാരാളമായി ഉത്പാദിപ്പിക്കുന്ന) കോണ്‍വെന്റുകളിലാണ് ഇത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്, ലോകം മുഴുവന്‍ ഈ ഇറ്റാലിയന്‍ രുചിയെ ഏറ്റെടുത്തു. ഇറ്റാലിയന്‍ മദ്യങ്ങളില്‍ ഏറ്റവുമധികം പ്രചാരമുള്ള ഒന്നാണിത്.Presentation3

ഇറ്റലിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ (സിസിലി, നാപ്പോളി) നല്ല സൂര്യപ്രകാശമേറ്റു വളരുന്ന, സാധാരണ നാരങ്ങയുടെ നാലിരട്ടിയോളം വലിപ്പവും (ഓറഞ്ചിന്‍റെ അത്രതന്നെ വലിപ്പമുണ്ട്) തൊലിക്കട്ടിയുള്ള തനത് നാരങ്ങ കൊണ്ടാണ് ലിമോണ്‍ചെല്ലോ തയ്യാറാക്കുന്നത്. നാരങ്ങയുടെ തൊലിയും സുഗന്ധദ്രവ്യങ്ങളും രണ്ടാഴ്ചയോളം 95 ശതമാനം ആല്‍ക്കഹോളില്‍ ഇട്ട് അരിച്ചെടുത്ത ശേഷം, കൃത്യമായ അനുപാതത്തില്‍ തയ്യാറാക്കിയ പഞ്ചസാര ലായനിയില്‍ കലര്‍ത്തി ആഴ്ചകളോളം സൂക്ഷിച്ചു വെച്ചതാണ് ലിമോണ്‍ചെല്ലോ എന്ന ദഹനസഹായി.Presentation1

പൂര്‍ണ്ണമായി പാകമാകുന്നതിനു മുന്‍പ്, അതായത് നേരിയ പച്ചനിറം കലര്‍ന്ന നാരങ്ങയാണ് ഇതിനായി ഉപയോഗിക്കുന്നത്. പലഹാരങ്ങളും കേക്കുകളും തയ്യാറാക്കുന്നതിനും ഫ്രൂട്ട്സാലഡുകളിലും ഐസ്ക്രീമിലും ഫ്ലേവര്‍ ചെയ്യാനുമായി ലിമോണ്‍ചെല്ലോ ഉപയോഗിക്കാറുണ്ട്. നാരങ്ങയ്ക്ക് പകരം ഓറഞ്ച്, സ്ട്രോബെറി എന്നിവയും ഇതേ രീതിയില്‍ ലിക്ക്വര്‍ പാനീയങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാറുണ്ട്.

ലിമോണ്‍ചെല്ലോ തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍;

  • നാരങ്ങ: 3 എണ്ണം
  • ആല്‍ക്കഹോള്‍ (95%): അര ലിറ്റര്‍ (വോഡ്കയും ഉപയോഗിക്കാവുന്നതാണ്)
  • ഗ്രാമ്പൂ, കറുവാപ്പട്ട: ഫ്ലേവറിന്
  • ഷുഗര്‍ സിറപ്പ്: രണ്ട് കപ്പ്‌ പഞ്ചസാര, മൂന്ന് കപ്പ്‌ തിളപ്പിച്ചാറിയ വെള്ളത്തില്‍ ലയിപ്പിച്ചത്..

തയ്യാറാക്കുന്ന വിധം;

നാരങ്ങ നന്നായി കഴുകി തുടച്ച്, ജലാംശം പൂർണ്ണമായി നീക്കം ചെയ്ത ശേഷം തൊലി പീലർ ഉപയോഗിച്ച് ചെത്തിയെടുക്കുക. ഒരു ചില്ലു കുപ്പിയിൽ അര ലിറ്റർ അൽക്കഹോൾ (95%) ഒഴിച്ച് നാരങ്ങ തൊലികഷ്ണങ്ങൾ അതിൽ ചേർക്കുക. രണ്ട് ഗ്രാമ്പൂവും ഒരു കഷ്ണം കറുവാപ്പട്ടയും ഒപ്പം ചേർക്കാവുന്നതാണ്. കുപ്പി നന്നായി മുറുക്കെ അടച്ചശേഷം, ഒരു കോട്ടൻ തുണികൊണ്ട് പൊതിഞ്ഞ് (സൂര്യപ്രകാശം എൽക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്) പ്രകാശം കടക്കാത്ത അലമാരയിലോ മുറിയിലോ രണ്ടാഴ്ച സൂക്ഷിക്കുക. എല്ലാ ദിവസവും കുപ്പി ചെറുതായി കുലുക്കി കൊടുക്കുകയും വേണം.

15 ദിവസങ്ങൾ ഇങ്ങനെ സൂക്ഷിച്ചുവെച്ചു കഴിയുമ്പോൾ നാരങ്ങയുടെ തൊലിയിലെ എസ്സെന്‍ഷ്യല്‍ ഓയിൽ, അൽക്കഹോളിൽ കലരുകയും തെളിഞ്ഞ നിറത്തിലുള്ള ആൽക്കഹോൾ, കടും മഞ്ഞ നിറമായി മാറിയതും കാണാം. ഈ ദ്രാവകം നന്നായി അരിച്ചെടുത്ത് പഞ്ചസാര സിറപ്പുമായി യോജിപ്പിച്ച് കുപ്പികളിലാക്കി വീണ്ടും രണ്ടാഴ്ച സെറ്റ് ആകാൻ അനുവദിക്കണം. നിറം കൂടുതൽ ആകർഷകമാക്കാനും ഇതുപകരിക്കും. പിന്നീട് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.Presentation2

ടിപ്സ്: ഒരിക്കൽ തുറന്ന് ഉപയോഗിച്ച ബോട്ടിൽ അന്തരീക്ഷ ഊഷ്മാവില്‍ ഒരു മാസം വരെ ഉപയോഗിക്കാം. ഫ്രിഡ്ജിലോ/ ഫ്രീസറിലോ സൂക്ഷിക്കുന്നതാണ് ഉത്തമം. തണുക്കുമ്പോൾ ലിമോണ്‍ചെല്ലോ നന്നായി കുറുകി വരികയും ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യാം.

അരിച്ചെടുത്ത നാരങ്ങ തൊലികഷ്ണങ്ങള്‍ സൂക്ഷിച്ചു വെച്ചാല്‍, കേക്കുകളും ബിസ്കറ്റുകളും തയ്യാറാക്കുമ്പോള്‍ ചേരുവയായി ഉപയോഗിക്കാവുന്നതാണ്.

അമ്മു ആന്‍ഡ്രൂസ്.

Disclaimer

മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഒരുവിധത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയല്ല; മറിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ മദ്യ ഇനങ്ങളേയും കൊക്ക്ടെയ്ലുകളെയും പരിചയപ്പെടുത്തുന്ന കോളം മാത്രമാണിത്.