കാഴ്ചയ്ക്ക് ഏറ്റവും സൗന്ദര്യമുള്ള പച്ചക്കറിയായി തോന്നിയിട്ടുള്ളത് കോളിഫ്ലവറാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണങ്ങളിലും ഏറെ മുന്‍പിലാണ് കോളിഫ്ലവര്‍. ഒറ്റനോട്ടത്തില്‍ കല്യാണ ബൊക്കെ പോലെയിരിക്കുന്ന കോളിഫ്ലവര്‍, പച്ചക്കറി കടകളില്‍ ഇരിക്കുന്ന കാഴ്ച എത്ര മനോഹരമാണ് അല്ലേ…
നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി കടകളില്‍ കോളിഫ്ലവര്‍ സ്ഥിരം കാഴ്ചയായത് എന്നു മുതലാണെന്ന് ഓര്‍മ്മയില്ല. എന്റെ ചെറുപ്പത്തില്‍, അപ്പന്റെ ജോലി ദേവികുളം, പീരുമേട് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ ആയിരുന്നതിനാല്‍ അവിടെനിന്നും വളരെ ഫ്രെഷായ കോളിഫ്ലവറുകള്‍ വീട്ടില്‍ കൊണ്ടുവരുമായിരുന്നു. വളരെ കൗതുകത്തോടെ എടുത്തു താലോലിക്കുകയും കല്യാണ ബൊക്കെ പോലെ കയ്യില്‍ പിടിച്ച് മണവാട്ടിയായി വേഷംകെട്ടി കളിച്ചതുമെല്ലാം ഇന്നും ഓര്‍മ്മയില്‍ മായാതെ തങ്ങി നില്ക്കുന്നു…
ബ്രോക്കോളിയും കാബേജും ഉള്‍പ്പെടുന്ന ബ്രസ്സിക്ക (Brassica ) ഫാമിലിയില്‍ ഉള്‍പ്പെട്ട കോളിഫ്ലവര്‍, മനുഷ്യന്റെ തീന്മേശയില് ഇടം നേടുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. AD ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ സാഹിത്യകാരനായിരുന്ന ‘പ്ലീനി’ കോളിഫ്ലവറിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. പച്ചയായും പുഴുങ്ങിയും വേവിച്ചും വറുത്തും ഗ്രില്‍ ചെയ്തും പല രീതിയില്‍ നമ്മുടെ ഭക്ഷണചര്യയില്‍ സ്ഥാനം പിടിക്കുന്ന വിഭവമാണ് കോളിഫ്ലവര്‍. (പച്ചയ്ക്ക് കഴിക്കുന്നത് ചിലര്‍ക്ക് വയറ്റില്‍ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്ന് വിസ്മരിക്കുന്നില്ല.) പൂവിനോടുള്ള സാദൃശ്യം കൊണ്ടാണ് കോളിഫ്ലവര്‍ എന്ന പേര് കൈവന്നിരിക്കുന്നതത്രേ. ഇതളുകള്‍ക്ക് കട്ടതൈരിനോട് സാദൃശ്യം ഉള്ളത് കൊണ്ട് കര്‍ഡ് (Curd) എന്നും ചിലയിടങ്ങളില്‍ പറയാറുണ്ട്.
കോളിഫ്ലവര്‍; സൂപ്പര്‍ ഫുഡ്.
ഭൂമിയില്‍ ലഭ്യമായ പച്ചക്കറികളില്‍ ഗുണങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്നവയാണ് കോളിഫ്ലവര്‍. അതിനാല്‍ തന്നെ ഇതൊരു ‘സൂപ്പര്‍ ഫുഡ്’ ആയാണ് അറിയപ്പെടുന്നത്. ഈ ഗുണവിശേഷങ്ങള്‍ക്ക് പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യദായിയായ ഫൈറ്റോകെമിക്കലുകളും (ആന്റി ഓക്സിഡന്റ്സ്) ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളുമാണ്. ഇത്കൂടാതെ വിറ്റാമിനുകളുടെ കലവറ കൂടിയാണ് കോളിഫ്ലവര്‍.
കോളിഫ്ലവറിന്റെ ഗുണങ്ങള്‍;
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
- തലച്ചോര്‍ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നു.
- കാന്‍സര്‍ തടയുന്നു
- ശരീരഭാരം നിയന്ത്രിക്കുന്നു
- ഹോര്‍മോണുകളെ സംതുലിതമാക്കുന്നു.
- ദഹനം സുഗമമാക്കുന്നു.
- കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.
പല വര്‍ണ്ണങ്ങളില്‍ കോളിഫ്ലവര്‍
യൂറോപ്പില്‍ വന്നതിന് ശേഷം പലവര്‍ണ്ണങ്ങളിലുള്ള കോളിഫ്ലവറുകള്‍ എന്റെ കണ്ണുകളെ അതിശയിപ്പിച്ചു. പച്ചയും ഓറഞ്ചും പര്‍പ്പിളും നിറങ്ങളില്‍ കോളിഫ്ലവര്‍ ഇവിടുത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. രുചിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെങ്കിലും വെളുത്തതിനെ അപേക്ഷിച്ച് കാഴ്ചയിലെ ആകര്ഷണത്തിലും ഗുണങ്ങളിലും നിറമുള്ള കോളിഫ്ലവറുകള്‍ മുന്‍പിലാണ്. തീന്മേശയില് വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ പല നിറങ്ങളിലുള്ള കോളിഫ്ലവര്‍ വെറൈറ്റികള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് എടുത്തു പറയേണ്ട വസ്തുതയാണ്. എന്നുവരികിലും, മഞ്ഞുപോലെ വെളുത്ത നിറത്തിലുള്ള കോളിഫ്ലവറിനാണ് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത്.
ബ്രോക്കൊളിയോടുള്ള സാദൃശ്യം നിമിത്തം പച്ച നിറത്തിലുള്ളതിനെ ബ്രോക്കോഫ്ലവര് (Broccoflower) എന്നും വിളിക്കാറുണ്ട്. ഇളം പച്ച നിറത്തില്‍ കോളിഫ്ലവറിന്റെയും ബ്രോക്കൊളിയുടെയും രുചിയും മണവും കൂടിച്ചേര്‍ന്നു നില്ക്കുന്ന ഒന്നാണ് ബ്രോക്കോഫ്ലവര്. ഒരേ ഫാമിലിയില്‍ പെട്ടതും രൂപത്തില്‍ സദൃശവുമായ ബ്രോക്കൊളിയും കോളിഫ്ലവറും ക്രോസ് പോളിനേഷന് വഴിയാണ് ‘ബ്രോക്കോഫ്ലവര്’ രൂപം കൊണ്ടത്. ഇതളുകളുടെ രൂപവ്യത്യാസം നിമിത്തം ഇവ രണ്ട് ഇനങ്ങളില്‍ ലഭ്യമാണ്.
ഓറഞ്ച് നിറത്തിലുള്ളവ ചെദാര്‍ കൊളിഫ്ളവര്‍ (Cheddar Cauliflower) എന്നറിയപ്പെടുന്നു. വെളുത്ത കോളിഫ്ലവറിനെ അപേക്ഷിച്ച് ഇരുപത് ശതമാനത്തോളം വിറ്റമിന്‍ A കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്. 2003 മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തരംഗമായി മാറിയവയാണ് ഓറഞ്ച് കോളിഫ്ലവര്‍. ആന്റി ഒക്സിഡന്റുകളുടെ കൂടിയ അനുപാതവും കണ്ണിനിമ്പമായ നിറവും അതിനെ കൂടുതല്‍ അകര്ഷകമാക്കുന്നുണ്ട്.
ഓറഞ്ച് നിറത്തിലുള്ള ചെദാര്‍ കൊളിഫ്ലവര്‍, 1970 ഇല് കാനഡയിലെ ടോറോന്റോയിലെ ഒരു വെളുത്ത കോളിഫ്ലവര്‍ തോട്ടത്തിലാണ് ആദ്യമായി കണ്ടെത്തിയത്. പരമ്പരാഗതമായ ക്രോസ് ബ്രീഡിംഗ് വഴി പതിറ്റാണ്ടുകള്‍ നീണ്ട ശ്രമഫലമായാണ് ഗുണങ്ങളിലും സൗന്ദര്യത്തിലും ഏറെ ആകര്‍ഷകമായ ഓറഞ്ച് കോളിഫ്ലവര്‍ വികസിപ്പിച്ചെടുത്തത്.
പര്‍പ്പിള്‍/വയലറ്റ് കോളിഫ്ലവറിന്റെ നിറത്തിന് കാരണം അതില്‍ തന്നെ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റായ, ആന്തോസയാനിന് എന്ന പിഗ്മെന്റ് ആണ്. മുന്തിരിയിലും മറ്റു പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറി–പഴങ്ങളിലെ നിറത്തിന് കാരണവും ഇതേ പിഗ്മെന്റാണ്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് പര്‍പ്പിള്‍ കോളിഫ്ലവര്‍ ഗുണകരമാണത്രേ..
ഇറ്റലിയിലെ സിസിലിയിലോ സൌത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലോ ആണ് ഇവ ആദ്യമായി കണ്ടെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ തന്നെ, ഇവയെ സിസിലി വയലറ്റ്, വയലറ്റ് ക്വീന്‍, ഗ്രാഫിറ്റി കോളിഫ്ലവര്‍ എന്നൊക്കെ പേര് നല്കി വിളിക്കുന്നുണ്ട്..
അമ്മു ആന്‍ഡ്രൂസ്.