“അമ്മു, അതേയ്.. അടുത്ത ബുധനാഴ്ച കുട്ടികളുടെ സ്കൂളില്‍ വരണം. ഉച്ചയ്ക്ക് 3 മണിക്കും 5 മണിക്കും ഇടയ്ക്ക് അവിടെ വന്നാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്… ”

“ഓ.. ഓക്കേ.. പക്ഷെ, റോസാന്‍ജെലാ എന്തിനാണ് സ്കൂളിലെക്ക് വരേണ്ടത് . എനിക്ക് മനസ്സിലായില്ല…”

(റോസന്‍ജെല സ്കൂളിലെ മാതാപിതാക്കളുടെ പ്രതിനിധിയാണ്. വിവരങ്ങള്‍ ടീച്ചറില്‍ നിന്നും മാതാപിതാക്കളിലേക്ക് എത്തിക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രതിനിധി)

സത്യം പറഞ്ഞാല്‍ ആ മെസ്സേജ് ഞാന്‍ കണ്ടിരുന്നു; പക്ഷെ, എന്താണെന്ന് മനസ്സിലായില്ല. ഞാന്‍ ആ ഗ്രൂപ്പില്‍ ഉണ്ട് എന്നതല്ലാതെ എനിക്ക് മിക്ക സംഭാഷണങ്ങളും മനസ്സിലാകാറില്ല എന്നതാണ് വാസ്തവം. പിന്നെ, എല്ലാം ഒരു ഊഹം വെച്ചങ്ങു മനസ്സിലാക്കും. അങ്ങനാണ് പതിവ്.

“അധ്യയന വര്‍ഷം പകുതി ആയില്ലേ. കുട്ടികളുടെ മാര്‍ക്ക്‌ ഷീറ്റ് നമുക്ക് തരും. അത് നമ്മള്‍ ഒപ്പിട്ടു വാങ്ങണം. അവരുടെ പ്രോഗ്രസ്സ് എങ്ങിനെയുണ്ട് എന്ന് പറയാനാണ് സ്കൂളില്‍ പോകുന്നത്…”

എഹ്… മാര്‍ക്ക്‌ ഷീറ്റോ? അതിനെപ്പോ പരീക്ഷ നടന്നു? ദൈവമേ… ഗ്രൂപിലെ ചാറ്റ് എനിക്ക് മനസ്സിലാകാഞ്ഞിട്ടാണോ? ആകെ കണ്‍ഫ്യൂഷനിലായി. എന്തായാലും എന്റെ ആശങ്ക അവരോട് പറയാനൊന്നും പോയില്ല. “ഓക്കേ” എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.

എന്താണ് സംഭവം എന്ന് മനസ്സിലാകാതെ മൂന്നുമണിയോടു കൂടി ഇസബെല്ലയുടെ ക്ലാസിനു മുന്‍പില്‍ എത്തി. ആ ഇടനാഴിയില്‍ നല്ല തിരക്ക്. മാതാപിതാക്കള്‍ കൂട്ടമായി നിന്ന് സംസാരിക്കുന്നുണ്ട്. നല്ല ആളും ബഹളവും; ശബ്ദമുഖരിതമായ സ്കൂള്‍ ഇടനാഴി…

ഇസബെല്ലയുടെ 1 C ക്ലാസ്സ്‌ റൂം അടഞ്ഞു കിടക്കുന്നു. മൂന്നോ നാലോ അമ്മമാര്‍ അക്ഷമരായി പുറത്തു നില്‍ക്കുന്നുണ്ട്. അത്യാവശ്യം വീട്ടുവിശേഷങ്ങളും കുട്ടികളുടെ ഹോംവര്‍ക്ക്‌ കഥകളുമായി ഞാനും അവരുടെ കൂടെ നില്‍പ്പുറപ്പിച്ചു. ‘പരീക്ഷ വല്ലതും നടന്നിരുന്നോ’, ‘എന്നാണ് നടന്നത്’  എന്നൊക്കെ അവരില്‍ ആരോടെങ്കിലും ചോദിയ്ക്കാന്‍ എന്റെ അഭിമാനം  അനുവദിച്ചതുമില്ല.

അരമണിക്കൂറോളം കഴിഞ്ഞപ്പോള്‍ പെട്ടന്നു വാതില്‍ തുറന്നു അലെസ്സാന്ദ്രോയുടെ മാതാപിതാക്കള്‍ പുറത്തുവന്നു. കയ്യിലൊരു ഷീറ്റ് പേപ്പറും ഉണ്ട്. തല പെരുക്കുന്നതുപോലെ ഒരു ആംഗ്യം കാണിച്ച് അവര്‍ പെട്ടന്നുതന്നെ രംഗം വിട്ടു.

ക്ലാസ്സിലെ ഏറ്റവും വികൃതിപ്പയ്യനാണ് അലെസ്സാന്ദ്രോ എന്ന് ഇസബെല്ലയുടെ സ്കൂള്‍ വിശേഷങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. ക്ലാസ്സ്‌ ടീച്ചര്‍ വാതില്‍ക്കല്‍ വന്ന് ‘അടുത്ത ആള്‍ ആരാണ്’ എന്ന് ചോദിച്ചു. എന്റെ കൂടെയുണ്ടായിരുന്ന ഫ്ലാവിയയുടെ അമ്മ ‘അടുത്ത ആള്‍ ഞാനാണ്‌’ എന്ന് പറഞ്ഞു അകത്തേയ്ക്ക് കയറി വാതില്‍ അടച്ചു.

ആ സമയം എനിക്കുണ്ടായ ഞെട്ടല്‍ എങ്ങിനെ പറയണം എന്നറിയില്ല. ക്ലാസ്സ്‌ റൂമില്‍ ടീച്ചറും, സഹായിയും, കുട്ടിയുടെ മാതാവ്/പിതാവ് എന്നിവര്‍ മാത്രമിരുന്നാണ് അതിരഹസ്യമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത്. അതും അരമണിക്കൂറോളം. എനിക്കാണേല്‍ ആകെ ടെന്‍ഷന്‍. പരീക്ഷ എന്നാണു നടന്നത് എന്നുപോലും അറിയില്ലാത്ത ഉത്തരവാദിത്തരഹിതയായ ഒരമ്മയായി പോയല്ലോ ഞാനെന്ന കുറ്റബോധം മനസ്സിനെ അലട്ടികൊണ്ടിരുന്നു. ഇനിയെന്ത് മാര്‍ക്കണോ കിട്ടാന്‍ പോകുന്നത്; ദേഷ്യവും സങ്കടവുമെല്ലാമായി നിമിഷങ്ങള്‍ കടന്നുപോയി.

ഫ്ലാവിയയുടെ അമ്മയും പുറത്തിറങ്ങി. അവരും യാത്രപറഞ്ഞു പോയി. അടുത്തത് ഫെദെറിക്കയുടെ അമ്മയാണ്. അവരും കഴിഞ്ഞാല്‍ അടുത്ത ഊഴം എന്റെതാണെന്ന് വേറൊരു അമ്മ പറയുന്നത് കെട്ടു. (അതായത്, ആദ്യമാദ്യം വരുന്ന അമ്മമാര്‍ എന്ന രീതിയിലാണ് അകത്തേയ്ക്ക് കയറുന്നത്. എനിക്കും അത് ആ നിമിഷത്തിലാണ് മനസ്സിലായത്). എന്തായാലും ഫെദെറിക്കയുടെ അമ്മ അധികം സമയം എടുത്തില്ല. അടുത്തത് എന്റെ ഊഴം…

ഇവിടുത്തെ രീതികളും കാര്യങ്ങളും അറിയില്ലാത്തതിന്റേതായ ആശങ്ക എനിക്കുണ്ടായിരുന്നു. എന്തായാലും ടെന്‍ഷന്‍ ഒന്നും മുഖത്ത് കാണിച്ചില്ല, നന്നായി ചിരിച്ചുകൊണ്ട് ടീച്ചറിനെയും, സഹായിയെയും വിഷ് ചെയ്ത് ഞാനും ആ മുറിയിലേക്ക് കയറി…

ഒരു ഫയലില്‍ നിന്നും ഇസബെല്ലയുടെ മാര്‍ക് ലിസ്റ്റ് പുറത്തെടുത്തു. മകള്‍ സ്കൂളില്‍ ചേര്‍ന്ന ദിവസം മുതലുള്ള പഠനം, വിഷയങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള കഴിവ്, കായികവും കലാപരവുമായ വിഷയങ്ങള്‍ക്ക് പുറമേ സുഹൃത്തുക്കളോടും അധ്യാപകരോടുള്ള പെരുമാറ്റം, സമയനിഷ്ഠ, വൃത്തി, അവിടുത്തെ അന്തരീക്ഷവുമായുള്ള പൊരുത്തപ്പെടല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ടീച്ചറും സഹായിയും വിശദീകരിച്ചു. ഈ കാര്യങ്ങളും ഓരോവിഷയത്തിലും കുട്ടികള്‍ പോലും അറിയാതെ അധ്യാപകര്‍ നടത്തുന്ന വിലയിരുത്തലും ചേര്‍ന്ന ആകെത്തുകയാണ് ആ മാര്‍ക്ക്‌ ഷീറ്റ്. ഓരോ വിഷയത്തിനും അതാത് അധ്യാപകര്‍ നല്‍കിയ മാര്‍ക്ക്‌ , പെരുമാറ്റരീതിയുടെ വിശകലനം, അതിനുശേഷം കുട്ടിയെ എങ്ങിനെ പ്രോത്സാഹിപ്പിക്കാം എന്നൊരു റിമാര്‍ക്കോടുകൂടിയാണ് ആ മാര്‍ക്ക്‌ ഷീറ്റ് നമ്മള്‍ ഒപ്പിട്ടു കൈപ്പറ്റുന്നത്.

“ഇസബെല്ലയ്ക്ക് ആകെ ഒരു കണ്ഫ്യൂഷന്‍  ഉള്ളത് അക്ഷരങ്ങള്‍ എഴുതുന്ന രീതിയില്‍ മാത്രമാണ്. അത് ഞങ്ങള്‍ക്ക് മനസ്സിലായത് അമ്മയ്ക്കും അതെക്കുറിച്ച് കണ്ഫ്യൂഷന്‍ ഉള്ളതുകൊണ്ടാണെന്നാണ്. (ശ്ശെടാ ഇതും ഇവര്‍ മനസ്സിലാക്കിയോ) സാരമില്ല, നീയും അവളോടൊപ്പം ഇരുന്നു പഠിച്ചാല്‍ മതി. ഇത് നിനക്കും കൂടെയുള്ള പ്രോഗ്രസ്സ് കാര്‍ഡ്‌ ആണ്.” തമാശയായിട്ടാണെങ്കിലും ഒരു നഗ്നസത്യം അവതരിപ്പിച്ചതിന്റെ ജാള്യത ഞാനും മറച്ചു വെച്ചില്ല…

(ഇറ്റാലിയന്‍ അക്ഷരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെത് തന്നെയാണെങ്കിലും ഉച്ചാരണം വ്യത്യസ്തമാണ്. കൂടാതെ H, J, K, W, X, Y എന്നിങ്ങനെ കുറച്ച് അക്ഷരങ്ങള്‍ ഇറ്റാലിയന്‍ അക്ഷരമാലയില്‍ ഇല്ല. അക്ഷരങ്ങള്‍ വലിയക്ഷരം, ചെറിയക്ഷരം, കേര്‍സീവ് എന്നിവ കൂടാതെ നാലാമത് ഒരു രീതി കൂടെ ഉണ്ട്, അച്ചടിലിപി. എപ്പോഴും എഴുതുമ്പോള്‍ അച്ചടിലിപിയും കേര്‍സീവ് ലിപിയും കൂടിക്കുഴയാറുണ്ട്. ഇസബെല്ലയെപ്പോലെ തന്നെ എനിക്കും അത്തില്‍ കണ്ഫ്യൂഷന്‍ ഉണ്ടെന്നു ടീച്ചര്‍മാര്‍ക്ക് മനസ്സിലാക്കിക്കളഞ്ഞു. ചമ്മിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ)

ഇറ്റാലിയന്‍ കൂടുതല്‍ വശമില്ല എന്നവര്‍ക്ക് തോന്നിയത് കൊണ്ടാണോ അധികം കാര്യങ്ങള്‍ ഒന്നും പറയാനില്ലാത്തത്‌ കൊണ്ടാണോ എന്നെ പത്തുമിനിട്ടില്‍ കൂടുതല്‍ അവര്‍ പിടിച്ചിരുത്തിയില്ല. എന്തായാലും വളരെ രസകരമായ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ചിരിച്ചുകൊണ്ട് ഞാന്‍ സ്കൂളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങി. സ്കൂള്‍ ഗേറ്റ് കടന്ന് വിയാ ലൊറെത്തോ ക്രോസ് ചെയ്യുമ്പോള്‍ മനസ്സില്‍ മഞ്ഞു പെയ്യുകയായിരുന്നു; പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരത്താല്‍ തുള്ളികളിക്കുകയായിരുന്നു…

തണുപ്പ് എന്റെ കാലടികളുടെ വേഗത കൂട്ടുമ്പോഴും, LKG മുതല്‍ പരീക്ഷയെ ഭയപ്പെട്ട് ട്യൂഷനും മറ്റുമായി കളിച്ചു നടക്കേണ്ട ചെറുപ്രായത്തില്‍ സ്ട്രെസ്സിന്റെ ലോകത്തേക്ക് നടന്നുകയറുന്ന കുട്ടികളെയും പരീക്ഷാസമയങ്ങളില്‍ ലീവെടുത്ത് വീട്ടില്‍ ഇരുന്നു കുട്ടികളെ പഠിപ്പിക്കുന്ന അമ്മമാരെയും മറ്റുകുട്ടികളുടെ മാര്‍ക്കുമായി താരതമ്യം ചെയ്യുന്ന മാതാപിതാക്കളെയും കൊച്ചുമക്കളുടെ ഗ്രേഡ് പൊങ്ങച്ചമായി കൊണ്ടുനടക്കുന്ന മുത്തച്ഛന്‍/മുത്തശ്ശിമാരെയും ഓര്‍ത്തു മനസ്സ് നീറുന്നുണ്ടായിരുന്നു…

പരീക്ഷയില്ലാതെ, കുട്ടികള്‍ പോലും അറിയാതെ അവരുടെ പാഠ്യപാഠ്യേതര വിഷയങ്ങള്‍ വിശകലനം ചെയ്ത്, മറ്റാരെയും കാണിക്കാതെ അധ്യാപകര്‍ നേരിട്ട്  മാതാപിതാക്കളുമായി മാത്രം സംവദിക്കുന്ന ഈ രീതിയോട് എന്തെന്നില്ലാത്ത ബഹുമാനവും തോന്നി.

വീട്ടിലെത്തിയപ്പോള്‍ ഈ സംഭവവികാസങ്ങളെല്ലാം വള്ളിപുള്ളി വിടാതെ തൊമ്മനോടും ഇസബെല്ലയോടും വിശദീകരിച്ച ശേഷം; “ഇതെന്റെ കൂടെ പ്രോഗ്രസ്സ് കാര്‍ഡ്‌ ആണെ”ന്നാണ്‌ ടീച്ചര്‍ പറഞ്ഞത് എന്ന് പറഞ്ഞ് അവരുടെ കൈകളിലേക്ക് ആ മാര്‍ക്ക്‌ ഷീറ്റ് ഏല്‍പ്പിക്കുമ്പോള്‍ അഭിമാനത്തോടൊപ്പം ഒരല്പം ജാള്യതയും ഉണ്ടായിരുന്നു എന്റെ കണ്ണുകളില്‍…

അമ്മു ആന്‍ഡ്രൂസ്.