അവധിയുടെ എല്ലാ അലമ്പുകളും പിന്നെ മടിയും കോര്‍ത്തു തുന്നിയ ഒരു ദിവസത്തിന്റെ ഏതാണ്ടു തുടക്കമെന്നു പറയാവുന്നിടത്തു നിന്നു തന്നെ തുടങ്ങാം. മീന്‍കറി അടുപ്പില്‍ നിന്നിറക്കി വെച്ച് നടുവൊന്നു നിവര്‍ത്താനായി ദിവാനിലേക്കു ചാഞ്ഞു.
പോന്ന വഴിക്ക് മൊബൈല്‍ എടുക്കാന്‍ മറന്നില്ല. ഇനി കുറച്ചു നേരം ഗ്രൂപ്പുകളിലെ ചൂടേറിയ ചര്‍ച്ചകളിലേക്കു കണ്ണെത്തിക്കണം. റിലീസ് ആയ സിനിമകള്‍ കണ്ട ആരെങ്കിലും അഭിപ്രായം എഴുതിയിട്ടുണ്ടോ, പുതിയ പാചച പരീക്ഷണങ്ങളുണ്ടോ. ഗ്രൂപ്പുകളുടെ എണ്ണം കൂടും തോറും കൈകാര്യം ചെയ്യുന്നതും വിവിധങ്ങളായ വിഷയങ്ങളാവും. ഇന്ന് ഞായര്‍ ആയതു കോണ്ടാണോ ഒരു മനുഷ്യന് പോലും മെസേജ് അയച്ചിട്ടില്ല. സാധാരണ ഒന്നോ രണ്ടോ ഫോര്‍വേഡ് മെസെജെങ്കിലും കാണുന്നതാണ്…
ഇസബെല്ലയും വിക്ടോറിയയും സ്കൂളില്‍ പോകുന്ന സ്ഥിരം സമയത്തു തന്നെ എഴുന്നേറ്റു ടീവിയില്‍ കാര്‍ട്ടൂണിന്റെ മുന്പില് കുത്തിയിരിക്കുന്നു.
ഒരു തിരിഞ്ഞു നോട്ടത്തില്‍ ഞാന്‍ ദിവാനില്‍ ഇരിക്കുന്നത് കണ്ടതും ഇസബെല്ല പറന്നു വന്ന് മടിയിലേക്ക് മുടിയും അഴിച്ചിട്ട് വീണു. അവളുടെ മുടിയിലൂടെ വിരലോടിച്ചു കുറച്ചു നേരം പേപ്പാ പിഗിന്റെ ലോകത്തേയ്ക്ക്. കുട്ടിക്കാലത്ത് കാര്‍ട്ടൂണ്‍ എന്ന് പറഞ്ഞാല്‍ ടോം ആന്‍ഡ് ജെറി, അല്ലെങ്കില്‍ പിന്നെ ഞായറാഴ്ചത്തെ ജംഗിള്‍ ബുക്ക്, ഡെന്‍വര്‍ ദി ലാസ്റ് ദിനോസര്‍…
പരസ്യത്തിന്റെ സമയത്ത് ഒന്ന് പിറകോട്ടു നോക്കിയപ്പോള്‍ ദേ ഇസബെല്ല അമ്മയുടെ മടിയില്‍ കിടക്കുന്നു. ഉടനെ തന്നെ ചാടിയിറങ്ങി വിക്ടോറിയേയും എന്റെ മടിയില്‍ കയറിയിരുന്നു. ഒരല്പം കഴിഞ്ഞപ്പോഴേയ്ക്കും ഇസബെല്ലയെ തള്ളി താഴെച്ചാടിച്ചു മടിയുടെ പൂര്‍ണാവകാശം വിക്ടോറിയ നേടിയെടുത്തു. കൂട്ടത്തില്‍ ഇളയവളാണെങ്കിലും കൈയൂക്കും കുസൃതിയും അവള്ക്കാണിത്തിരി കൂടുതലുള്ളത്. അധികം വൈകാതെ തന്നെ രണ്ടു പേരും കൂടിയുള്ള വഴക്ക്, കരച്ചില്. ഒടുവില്‍ എന്റെ മടി ഭാഗം വെച്ചു. ഒരു കാല് ഇസബെല്ലക്കും മറ്റേ കാല് വിക്ടോറിയയ്ക്കും. ഇതിലും ഭേദം നിന്നോണ്ട് എന്തെങ്കിലും ചെയ്യുകയായിരുന്നു. ക്ഷീണിച്ച് ഒരിടത്തൊന്നിരുന്നാല് അപ്പോള്‍ വരും രണ്ടെണ്ണം കൂടെ ദേഹത്ത് കേറി കുത്തിമറിയാന്‍.
ഇവര്‍ രണ്ടുപേരും ഒട്ടുമിക്ക കാര്യങ്ങളിലും എന്റെയും അനിയത്തി ചിന്നുവിന്റെയും കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് തള്ളിയിടാറുണ്ട്. അമ്മ എവിടെയെങ്കിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന കണ്ടാല്‍ പിന്നെ അധികാരം സ്ഥാപിക്കാനുള്ള വടംവലിയാണ്. ‘ഞാനാകെ വിയര്‍ത്തിരിക്കുകയാണ്’ എന്ന അമ്മയുടെ ദീനരോദനം കേള്‍ക്കാനെവിടെ നേരം. ഇപ്പോഴും നാസാരന്ധ്രങ്ങളില്‍ തടഞ്ഞു നില്ക്കുന്ന അമ്മയുടെ വിയര്‍പ്പിന്റെ മണം. അമ്മയെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഞാന്‍ ഒരമ്മയായി കഴിഞ്ഞപ്പോഴാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മ കടന്നുപോയ വഴികളിലൂടെ ഇന്ന് ഞാന്‍. പക്ഷെ, അമ്മ നടന്ന വഴികളില്‍ കല്ലും മുള്ളും നിറഞ്ഞിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ കണ്ണുകളറിയാതെ നിറഞ്ഞു പോകും. കനമുള്ള ഒരു കുറ്റബോധം ഹൃദയത്തിന്റെ ആഴത്തില്‍ ഇരുന്നു പുകയും..
ചിലപ്പോഴെങ്കിലും നാട്ടിലെ കുടുംബിനികളോട് അസൂയ തോന്നും. അവര്‍ക്ക് ഇടക്കിടക്ക് സ്വന്തം വീട്ടില്‍ പോകാം, വീട്ടില്‍ ചെന്ന് കഴിഞ്ഞാലോ കുട്ടികളെ വല്യപ്പനെയും വല്യമ്മയും ഏല്‍പ്പിച്ചു ചുമ്മാ കിടന്നുറങ്ങാം. അമ്മയുടെ മടിയില്‍ കിടക്കുന്നതിന്റെയോ, അമ്മ വാരിതരുന്ന ചോറുരുളകളുടെ മാധുര്യം നല്‍കാനോ ഇമോയ്ക്കോ സ്കൈപ്പിനോ കഴിയില്ലല്ലോ.
ജീവിതം കനം വെച്ചു തുടങ്ങുമ്പോള്‍ അരികില്ലെങ്കിലും ഓര്‍മയിലെങ്കിലും എല്ലാവരും ചാഞ്ഞുറങ്ങുന്നത് അമ്മയുടെ മടിത്തട്ടിലേക്കാണ്. അമ്മയുടെ മടിത്തട്ടിലാകുമ്പോഴാണ് എല്ലാവരും കുഞ്ഞു കാലങ്ങളിലേക്കു മടങ്ങുന്നത്. അവിടെ നാം ഒരു പുതിയ ലോകം കണ്ടെത്തുന്നു. എല്ലാ സ്വപ്നങ്ങളും മധുരിക്കുന്ന സമാധാനത്തിന്റെ ഒരിടം. ‘ഇന്‍ മദേഴ് ലാപ്’ എന്ന കവിതയില്‍ പുഷ്കര്‍ ബിഷ്ത് പറയുന്നത് പോലെ …
‘In mother’s lap,
A baby finds the world
A world that puts her to sleep of peace & love
And makes her all dreams sweet..’“അമ്മെ വിശക്കുന്നു, എന്തെങ്കിലും കഴിക്കാനുണ്ടോ?” തെല്ലൊരതിശയത്തോടെ ഞാന്‍ ഇസബെല്ലയെ നോക്കി. അരമണിക്കൂര്‍ മുന്‍പാണ് രണ്ടാമത്തെ ബ്രേക്ഫാസ്റ് കഴിച്ചു തീര്‍ത്തത്. എന്നാല്‍, ഈ തിന്നുന്നതോന്നും ദേഹത്ത് കാണാനുമില്ല.
“ഇതെന്താ ഇസുക്കുട്ടാ ഇപ്പോളല്ലേ നീ കഴിച്ചത്..എപ്പോഴും ഇങ്ങനെ കഴിക്കാന്‍ ചോദിച്ചാല്‍ ഞാന്‍ എന്താ എടുത്തു തരിക?”
ആ കുഞ്ഞു മുഖം വാടി..
“വാ ഞാന്‍ ബിസ്കറ്റ് എടുത്തു തരാം..”
നീണ്ടു മെലിഞ്ഞ ആ മുഖത്തു വിടര്‍ന്ന പുഞ്ചിരി എന്റെ മനസലിയിച്ചു. വിക്ടോറിയയെ മടിയില്‍ നിന്നും ഇറക്കി അടുക്കളയിലെ അലമാര തുറന്നു മിന്നീ മൗസിന്റെ ചിത്രങ്ങള്‍ നിറഞ്ഞ രണ്ടു പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് ബിസ്കറ്റ് ഇട്ടുകൊടുത്ത് രണ്ടുപേരെയും ടിവി യുടെ മുന്‍പിലേക്ക് ഇരുത്തി.
ഞാനും ചിന്നുവും ഏതു നേരവും വിശപ്പ് എന്ന് പറഞ്ഞു ചെല്ലുമ്പോള്‍ അമ്മ ചോദിച്ചിരുന്ന ഒരു ചോദ്യം ഉണ്ട്..
“നിങ്ങള്‍ രണ്ടാളും സ്കൂളില്‍ പോകുമ്പോള്‍ ഈ വിശപ്പ് എങ്ങനെയാ കൈകാര്യം ചെയ്യുന്നത്.. വീട്ടില്‍ ഇരിക്കുന്ന ദിവസം ഇപ്പോഴും വിശക്കുന്നു… വിശക്കുന്നു.. വിശക്കുന്നു…”
എന്റെ ചുണ്ടില്‍ അറിയാതെ ചിരി പറന്നു…
മെഡിറ്ററേനിയന്‍ കടലിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുടെ വാതില്ക്കല് നിന്ന് ആ മുറിയിലേക്ക് ഞാന്‍ ഒന്നു കണ്ണോടിച്ചു; അഷ്ടമി കഴിഞ്ഞ വൈക്കം പട്ടണം കിടക്കുന്നപോലെ അലങ്കോലമായ ഒരു മുറി. വിക്ടോറിയയുടെ കലാവിരുത് വിളിച്ചോതുന്ന ചുവരുകള്‍. പകല്‍ മുഴുവന്‍ നാലുചുവരുകളുടെ ഉള്ളില്‍ തളച്ചിടുമ്പോള്‍ അവര്‍ വേറെന്തു ചെയ്യാനാണ്. പുറത്താണങ്കില്‍ നല്ല ചൂട്. ശാന്തമായി കിടക്കുന്ന ഉള്‍ക്കടല്‍. ഇടക്കിടക്ക് വന്‍കപ്പലുകള്‍ കടന്നു പോകുന്നത് കാണാം.
അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു കടല്ക്കരയില് ഇരിക്കാന്‍ . അന്നൊക്കെ അമ്മയ്ക്ക് ഒറ്റയ്ക്കിരിക്കാന്‍ കൊതിയായിരുന്നു. ഇപ്പോള്‍ ആ കൊതിയോക്കെ തീര്‍ന്നില്ലേ എന്ന് ഇടയ്ക്കിടക്ക് ചോദിച്ചു കളിയാക്കും.
“ഞാനും അപ്പനും മാത്രമല്ലെയുള്ളൂ ഞങ്ങള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കഴിച്ചു ഈ വീട്ടില്‍ ഇരിക്കും ഒന്ന് നിരത്തിയിടാന്‍ പോലും ആരുമില്ല” എന്ന് പരാതി പറയുമ്പോള്‍ ഞാന്‍ ഉറക്കെ ചിരിക്കും.
മുകളിലത്തെ നിലയില്‍ നിന്നും ഫ്ളെഷ് ചെയ്യുന്ന ശബ്ദം. തൊമ്മന് എഴുന്നേറ്റു. ചായക്ക് വെള്ളവും പാലും അടുപ്പത്തു വെച്ചപ്പോഴേക്കും ഉറക്കച്ചടവോടെ തൊമ്മന് താഴെയെത്തി. കേറി ചവുട്ടിയതോ ഒരു പാവയുടെ പള്ളയില്‍. അതിന്റെ നിലവിളി പോലെ അസഹനീയമായ മറ്റൊന്നില്ല എന്ന് തോന്നിപ്പോയി…
“ചായ” എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് ലാപ്ടോപ്പ് ഓണാക്കി കസേരയിലേക്കിരുന്നു…
“അമ്മെ എനിക്കും ചായ വേണം ബിസ്കറ്റ് മുക്കി കഴിക്കാന്‍” ഇസബെല്ലയുടെ ഓര്‍ഡര്‍.
തൊമ്മനും എനിക്കുമുള്ള ചായ കപ്പുകളിലാക്കി ഇസബെല്ലയുടെ ചായ ചൂടാറാനായി വെച്ചു. “ഉച്ചക്കത്തേയ്ക്കുള്ള എല്ലാം റേഡിയായെങ്കില് വാ നമുക്കൊരു സിനിമ കാണാം…”
ചൂട് ചായ മോത്തിക്കുടിക്കുന്നതിനിടയില്‍ തൊമ്മന്റെ ക്ഷണം. ഈ നിരന്നു കിടക്കുന്ന മുറിയും പിള്ളേരെയും നോക്കിക്കൊണ്ട്
“എന്റെ ഇന്നത്തെ ഒരു പണി പോലും പൂര്‍ത്തി ആയിട്ടില്ല…”
അറിയാതെ ആണെങ്കിലും അമ്മയുടെ ആ ഡയലോഗ് ആണ് നാവില്‍ വന്നത്; “നിങ്ങള്‍ എല്ലാം വീട്ടില്‍ ഇരിക്കുന്ന ദിവസം എന്റെ ഒരു പണിയും തീരില്ല. എല്ലാരും സ്കൂളിലും ഓഫീസിലും ഒക്കെ പോയി കഴിഞ്ഞാല്‍ എന്റെ പണികള്‍ ഒക്കെ കൃത്യമായിട്ട് തീരും.”
രൂപവും കാലവും സാഹചര്യങ്ങളും മാറുന്നു എന്നേയുള്ളു, ജീവിതം ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്…
അമ്മു ആൻഡ്രൂസ്.
ഇത് ഇത് തന്നെയാണ് എന്റെയും ജീവിതം ….4 വയസ്സുകാരി നടുമ്പുറത് കേറിയിരുന്നു “giddi up horsie ” എന്ന് പറഞ്ഞു 2 ചാട്ടം ആണ്. 13 കിലോ ഉള്ള അവളുടെ കൂടെ ഡബിൾ അടിക്കാൻ 6 വയസ്സുകാരി കൂടി ഓടി നടുമ്പുറത്തു കയറുമ്പോഴാണ് , ഞാൻ “അയ്യോ എന്റമ്മച്ചിയേ , ഞാൻ ചത്തേ ” എന്നും പറഞ്ഞു നെഞ്ചും തല്ലി കട്ടിലിൽ .
വീട്ടിലാണെങ്കിൽ , എന്റെ ‘അമ്മ ഇതും കണ്ടു “ഈ പിള്ളേര് രണ്ടും കൂടി ,ആ കൊച്ചിനെ കൊല്ലും ” എന്ന് പറഞ്ഞു വരും. കാരണം എന്റെ നട്ടെലിലെ ഒരു ഡിസ്ക് 20 വയസ്സിലെ അടിച്ചു പോയതാണ് . 6 മാസം ബെഡ് റസ്റ്റ് കഴിഞ്ഞതാണ് . അമ്മയ്ക്ക് അറിയാം. അപ്പോഴാണ് 40 ആം വയസ്സിൽ പെണ്പിള്ളേരുടെ എഴുന്നള്ളിപ്പ്, അമ്മയെ കുറ്റം പറയാൻ പറ്റുമോ ? …
LikeLiked by 1 person
ഹഹ.. സത്യം… 😁😁
ഇരുപതാം വയസ്സിൽ ഡിസ്ക് കംപ്ലൈന്റ്?? Take care swathi
LikeLike