വർഷം ഇമ്മിണി പുറകിലാ..

‘1993’ എന്നൊക്കെ ഒരു പഞ്ചിന്‌ പറയാം..

പതിവ് പോലെ പവർ കട്ടിന്റെ സമയത്ത് വീടിന്റെ തിണ്ണയിൽ ഇരുന്ന് അമ്മൂമ്മയോടൊപ്പം കുരിശുവരക്കുന്ന രണ്ട് സഹോദരിമാർ… ഏകദേശം ഏഴും നാലും വയസ്സ്.

കുരിശുവര കഴിഞ്ഞ് കറണ്ട് വരാനായി കാത്തിരിക്കുന്ന സമയത്താണ് ഒരു ഓട്ടോറിക്ഷ കണ്ണുചിമ്മുന്ന വെട്ടവും കത്തിച്ചോണ്ട് വീടിന്റെ മുൻപിൽ ബ്രേക്കിട്ടു നിന്നത്..

അപ്പൻ ഓട്ടോയിൽ നിന്നും ഒരു കൂടും പിടിച്ച് ചാടിയിറങ്ങി..

ഭയങ്കര സന്തോഷത്തിലാണ് ആള്..

പക്ഷെ, അപ്പന്റെ മുഖത്തേയ്ക്ക് നോക്കുന്നേന് പകരം കയ്യിലിരിക്കുന്ന ഷിമ്മി കൂട്ടിലേക്കായിരുന്നു ആ നാല് മിന്നാമിന്നി കണ്ണുകൾ പാഞ്ഞത്..

“അമ്മുകുട്ടിക്കും ചിന്നുകുട്ടിക്കും ഇന്ന് ഒരു കുഞ്ഞാങ്ങള ജനിച്ചിരിക്കുന്നു…”

ഘനഗംഭീരമായ ശബ്ദത്തിൽ അപ്പൻ അരുളിച്ചെയ്തു…

ഓട്ടോയുടെ വെട്ടത്തിന്റെ പശ്ചാത്തലത്തിൽ വെള്ളഷർട്ടും വെള്ളമുണ്ടും കയ്യിൽ വെളുത്ത ഷിമ്മിക്കവറുമായി ഈ സന്തോഷവർത്തമാനം പ്രഖ്യാപിച്ചപ്പോൾ അപ്പനൊരു പുണ്യാളന്റെ ചായ.. ഛേ.. ഛായ തോന്നി..

മുണ്ടുടുത്ത പുണ്യാളൻ..

പൊടുന്നനെ കറന്റ് വന്നു…

കൂട്ടിൽ ആണെങ്കിൽ നല്ല സൂപ്പർ ലഡ്ഡുവും, പിന്നെ കുറെ മിട്ടായിയും..

‘കുഞ്ഞാങ്ങള ജനിച്ചു’ എന്ന വാർത്തയാണ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചതെങ്കിൽ, കയ്യിൽ കിട്ടിയ ലഡ്ഡുവും മിട്ടായിയുമായിരുന്നു ചിന്നമ്മയെ ഏറെ സന്തോഷിപ്പിച്ചത്..

അന്ന് രാത്രി മുഴുവൻ കുഞ്ഞാങ്ങള എങ്ങനെ ആയിരിക്കും, ആരെപ്പോലെ ഇരിക്കും, അവനെ എന്തു വിളിക്കും, എന്തു പേരിടും, (അമ്മുനും ചിന്നൂനും ചേരുന്ന പ്രാസമൊപ്പിച്ച ഒരു പേര് വേണമല്ലോ..) എങ്ങനെ കളിപ്പിക്കും, കുളിപ്പിക്കും, ഉറക്കും, തീറ്റിക്കും.. ഇങ്ങനെ നൂറായിരം കാര്യങ്ങൾ ആലോചിച്ചും സ്വപ്നം കണ്ടും ഞാൻ ഇങ്ങനെ വാ പൂട്ടാതെ സംസാരിച്ചോണ്ടിരുന്നു..

അതേ സമയം, കിട്ടിയ ലഡ്ഡു കൊതി തീരെ തിന്നിട്ട് എല്ലിന്റെടേൽ കേറിയ ഒരു കുറുമ്പിപ്പാറു അത്യധികം കുശുമ്പോടുകൂടി എന്റെ ‘നിറം മാറ്റം’ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു..

ഹല്ല പിന്നെ.. കുരിശുവര തീരുന്ന വരെ അവളോട് കൂട്ടുകൂടി നടന്ന ചേച്ചി, കുഞ്ഞാങ്ങള ജനിച്ചു എന്ന് കേട്ടതേ, അവനെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നീരാടി നടക്കുന്നു. എന്തിന്, ആ സാധനത്തിനെ ഒന്നു നേരിൽ കണ്ടിട്ട് കൂടെയില്ല. എന്നിട്ടാണ് ഈ പരവശം…

അന്നേരം അവളൊന്നും പറഞ്ഞില്ല; മിണ്ടാതെ ഞാൻ പറയുന്നതൊക്കെ കേട്ടിരുന്നു..

കാര്യം അമ്മയുടെ വയറ്റിലുള്ള കുഞ്ഞാവ ആണ്കുഞ്ഞാവണം എന്നൊക്കെ ചേച്ചിമാർ ഒരേപോലെ സ്വപ്നം കണ്ടിരുന്നു എന്നതൊക്കെ നേര് തന്നെയാ… പക്ഷെ, അവൻ ഉണ്ടായപ്പോഴുണ്ടായ എന്റെ നിറംമാറ്റം ആണ് അവളെ ചൊടിപ്പിച്ചത്. 

പിറ്റേദിവസം നേരം വെളുത്തപ്പോൾ അയൽവീടുകളിൽ കുഞ്ഞാങ്ങള ജനിച്ച വിവരം വിളംബരം ചെയ്യാനായി ലഡ്ഡുവും മിട്ടായിയും കൂട്ടിലാക്കി ഞാനും ചിന്നമ്മയും വീട്ടിൽ നിന്നിറങ്ങി..

തിണ്ണയിൽ പത്രം വായിച്ചോണ്ടിരുന്ന അപ്പച്ചൻ അപ്പോൾ ഞങ്ങളോട് പറഞ്ഞു,

“ഇതു കഴിഞ്ഞു വരുമ്പോൾ നിങ്ങളെയും ആശുപത്രിയിൽ കൊണ്ടോയി കുഞ്ഞാങ്ങളയെ കാണിക്കാം”

അപ്പോഴും അപ്പനൊരു പുണ്യാളന്റെ ഛായ എനിക്ക് തോന്നി.. ഷർട്ടിടാതെ കൈലിയുടുത്ത് ചൂട് ഛായ.. ഛേ.. ചായ മൊത്തിക്കുടിച്ചു കൊണ്ട് പത്രപാരായണം നടത്തുന്ന നല്ല ‘തനിനാടൻ പുണ്യാളൻ’…

ചിന്നമ്മ കുഞ്ഞാങ്ങളയെ കാണാൻ ആശൂത്രിയിൽ പോണേന്റെ സന്തോഷം ഒരു കുഞ്ഞു മൂളലിൽ ഒതുക്കി എന്നോടൊപ്പം മനസ്സില്ലാമനസ്സോടെ തൊട്ടടുത്ത തുണ്ടത്തിക്കുന്നേൽ വീട് ലക്ഷ്യമാക്കി നടന്നു..

അവിടെ ചെന്ന് വിശേഷങ്ങൾ മുഴോനും വള്ളിപുള്ളി വിടാതെ ഞാൻ പറഞ്ഞു കേൾപ്പിക്കുന്ന സമയമത്രയും ചിന്നമ്മ ‘മന്മോഹൻജി’ മോഡിൽ ആയിരുന്നു.. 

ഞാനാണെങ്കിലോ അതേവരെ കണ്ടിട്ടില്ലാത്ത കുഞ്ഞാങ്ങളയുടെ പീആർ വർക്കിലും..

അവിടെ മധുരം ഒക്കെ വിതരണം ചെയ്ത് ചേടത്തിയോടും ചേട്ടനോടും യാത്ര പറഞ്ഞ് അടുത്ത വീടായ ഇലഞ്ഞി വീട്ടിലേക്ക് ഇടവഴിയിലൂടെ നടക്കുമ്പോഴാണ് അതു സംഭവിച്ചത്..

ചിന്നമ്മ പതിയെ പടികൾ ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു, “നീ ഒന്ന് പെട്ടന്നിറങ്ങൂ… ഇല്ലേൽ ഇതെല്ലാം വിതരണം ചെയ്തു നമ്മൾ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ വൈകും” എന്ന്..

“നീയും നിന്റെ ഒരു പ്രക്കട്ട കുഞ്ഞാങ്ങളയും..

എന്നു പറഞ്ഞതും കയ്യിലെ മിട്ടായിയും ലഡ്ഡുവും ഇട്ടിരുന്ന കൂട് തട്ടിപ്പറിച്ചു റബ്ബർ തോട്ടത്തിലേക്ക്‌ വലിച്ചെറിഞ്ഞതും ഒരു മിന്നൽ പോലെ നടന്നു..

തലേരാത്രി മുതലുള്ള രോഷം മുഴുവൻ ആ ജ്വലിക്കുന്ന കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു..

അപ്രതീക്ഷിതമായ ആക്രമണം എന്നെയൊന്നു സ്തബ്ധയാക്കി..

പ്രതിരോധം തീർക്കാൻ പോലും സാവകാശം കിട്ടിയില്ല..

ആ ഇടവഴിയിൽ നിന്ന് ഞാൻ കരഞ്ഞോണ്ട് വീട്ടിലേക്കോടി.. 

അന്നുമുതൽ ‘പ്രക്കട്ട’ കുഞ്ഞാങ്ങള എന്ന വാക്ക് നാട്ടിലാകെ പാട്ടായി..

കാര്യം ആദ്യം ഇത്തിരി കുശുമ്പ് ഒക്കെ തോന്നിയെങ്കിലും പിന്നീട് ‘പ്രക്കട്ട കുഞ്ഞങ്ങള’ അവളുടെ പൊന്നാങ്ങള ആയി മാറാൻ അധികം താമസമുണ്ടായില്ല..

അവനെ ഞങ്ങൾ പ്രാസമൊപ്പിച്ച് ‘പൊന്നു’ എന്നു വിളിച്ചു..

സ്‌നേഹം കൂടുമ്പോൾ ‘പൊന്നപ്പനും’..

പിന്നീട്‌, അവൻ തന്നെ അവനിട്ട പേരാണ് ജോമൽ…

“ഞാൻ അമ്മു, ഇവൾ ചിന്നു, ആങ്ങളയ്ക്ക് ഇത്തിരി ഫാഷൻ പേരാണ്‌, ജോമൽ..” (Jpg: സുമതി,1983) എന്നൊക്കെ വല്യ ഗമയിൽ പറഞ്ഞുനടന്നു..

എന്തൊക്കെ പരിഷ്കരിച്ചാലും, നീ ഞങ്ങളുടെ പൊന്നപ്പനാ ടാ.. പൊന്നപ്പൻ..

അമ്മു ആന്‍ഡ്രൂസ്.