തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ പാലായുടെ പരിസരപ്രദേശത്തുള്ള ഒരു കൊച്ചുഗ്രാമത്തിലെ വീട്ടില്‍ രണ്ടു സുന്ദരപെണ്കുട്ടികള്‍ ഉണ്ടായിരുന്നു. ഏകദേശം എട്ടും അഞ്ചരയും പ്രായം. തറവാട് വീട് ആയിരുന്നകൊണ്ട് വിശേഷദിവസങ്ങളില്‍ വീട്ടില്‍ ഒത്തുകൂടുന്ന ബന്ധുക്കള്‍ മെലിഞ്ഞു നീളമുള്ള ആ രണ്ടു സുന്ദരിമണികളെ അക്കാലത്തെ സെന്‍സേഷന്‍ ആയിരുന്ന ‘സുഷ്മിതാ സെന്‍’ എന്നും ‘ഐശ്വര്യാ റായി’ എന്നും വിളിച്ച് ഓമനിച്ചു. പട്ടം ഇന്നയാള്‍ക്ക് എന്നൊന്നുമില്ല; അവരെ രണ്ടാളെയും കാണുമ്പോള്‍, “ആഹാ… വന്നല്ലോ നമ്മുടെ സുഷ്മിതാ സെന്നും, ഐശ്വര്യാ റായിയും..” എന്നങ്ങ് വാത്സല്യപൂര്‍വ്വം പറഞ്ഞു കളയും…😜
എന്നാ പറയാനാ, നിഷ്കളങ്കത കൊണ്ടാണോ വിവരക്കേട് കൊണ്ടാണോ എന്നറിയില്ല, അവരിരുവരും അതങ്ങ് വല്ലാണ്ട് വിശ്വസിച്ചു പോയി.. 😫
വിരുന്നുകാരുടെ അടുത്തുനിന്നും മാറിക്കഴിയുമ്പോള്‍ തങ്ങളില്‍ ആരാ സുഷ്മിത, ആരാ ഐശ്വര്യാ റായി എന്ന കാര്യത്തില്‍ ചര്‍ച്ചയാകും. എന്തുകൊണ്ടൊക്കെയോ, പ്രായത്തിൽ മൂത്ത എട്ടുവയസ്സുകാരിയുടെ കണ്ണില്‍ ഐശ്വര്യാ റായി ആയിരുന്നു കൂടുതല്‍ സുന്ദരി. കാര്യം സൗന്ദര്യത്തില്‍ അനിയത്തിയാണ് മുന്‍പിലെങ്കിലും ഐശ്വര്യാ റായി പട്ടം അവള്‍ക്ക് പതിച്ചു കൊടുക്കാന്‍ ആ കടിഞ്ഞൂല്‍ പെണ്ണിന് മനസ്സുവന്നില്ല. പക്ഷെ, സത്യം പറയട്ടെ അനിയത്തിക്കും ഐശ്വര്യാ റായി ആകാനായിരുന്നു ഇഷ്ടം. പ്രായത്തിലെ മൂപ്പും, ലോകപരിചയവും വെച്ച്, മൂത്തയാള്‍ അനിയത്തിക്ക് ക്ലാസ്സ് എടുത്തു…
“എടിയെ.. ‘മിസ്സ് യൂണിവേഴ്സ്’ ആണ് കൂടുതല്‍ വലിയ പട്ടം. ‘മിസ്സ് വേള്‍ഡ്’ ഒക്കെ യൂണിവേഴ്സിന്റെ താഴെയേ വരൂ. മാത്രവുമല്ല, ഇന്ത്യയില്‍ വെച്ച് നടന്ന സൌന്ദര്യമത്സരത്തില്‍ സുഷ്മിത സെന്‍, ഐശ്വര്യാ റായിയെ തോല്‍പ്പിച്ചാണ് മിസ്സ് ഇന്ത്യ ആയത്. അപ്പോള്‍ കൂടുതല്‍ സുന്ദരി സുഷ്മിത സെന്നാണ്…”
ചേച്ചിയുടെ വാക്ചാതുരിയില്‍ മനസ്സില്ലാ മനസ്സോടെ അനിയത്തിക്കുട്ടി ‘സുഷ്മിതാ സെന്‍’ ആകാന്‍ തയ്യാറായി..
ടി.വി. യില്‍ മിസ്സ് വേള്‍ഡ് മത്സരങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതെല്ലാം ആ രണ്ടു സഹോദരിമാരും ആവേശത്തോടെ നോക്കികണ്ടു. അതിലെ അന്നൌന്‍സ് ചെയ്യുന്ന രീതിയും, അപ്പോള്‍ സുന്ദരിമാരുടെ എക്സ്പ്രഷന്സും പലവുരു കണ്ണാടിയില്‍ നോക്കി അവര്‍ അനുകരിച്ചു പഠിച്ചു.
അന്നൊക്കെ ‘മിസ്സ് വേള്‍ഡ്— യൂണിവേഴ്സ്’ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതായിരുന്നു അവരുടെ ജീവിതലക്‌ഷ്യം. പക്ഷെ, കല്‍ക്കട്ടയില്‍ നിന്നും അവധിക്ക് വന്ന കസിന്റെ വാക്കുകള്‍ അവരുടെ സ്വപ്നത്തിനു മങ്ങല്‍ ഏല്‍പ്പിച്ചു. ‘മലയാളികള്‍ക്കൊന്നും മിസ്സ് ഇന്ത്യയില്‍ പങ്കെടുക്കാന്‍ പറ്റില്ല അത്രേ… മാത്രവുമല്ല, മലയാളം മീഡിയം സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഒന്നും നേരെചൊവ്വേ സംസാരിക്കാനും അറിയില്ല. പിന്നെ, ഈ സൗന്ദര്യമത്സരങ്ങള്‍ക്കോക്കെ ഒരുപാട് ട്രെയിനിങ്ങും, എക്സര്‍സൈസും ഒക്കെ വേണം…’
അതൊരു വല്ലാത്ത ഏര്‍പ്പാടായി പോയി…😕 എന്നാലും ആ കുഞ്ഞ് മനസ്സുകള്‍ അപ്പോഴും ഐശ്വര്യറായിയും സുഷ്മിതാ സെന്നുമായി സ്വയം അവരോധിച്ചു കൊണ്ടേയിരുന്നു…
അക്കാലത്ത് വീടുകളില്‍ മണ്‍ചട്ടി—കലം എന്നിവ കുട്ടയിലാക്കി വീട് തോറും കയറി ഇറങ്ങി വില്‍ക്കുന്ന ചേട്ടന്‍ വരുന്ന പതിവുണ്ട്. കലം വാങ്ങിക്കഴിയുമ്പോള്‍, കുട്ടയുടെ ഏറ്റവും അടിയിലായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ‘തിരികിട’കളും വിൽക്കും.
അടിവശം ഉരുണ്ട മണ്‍ പാത്രങ്ങള്‍ മറിഞ്ഞു പോകാതെ വെക്കാന്‍ ഉപയോഗിക്കുന്ന വട്ടത്തിലുള്ള ഒരു സാധനമാണ് ‘തിരികിട’. ആദ്യമൊക്കെ ഉണങ്ങിയ വാഴക്കച്ച കൊണ്ടുള്ള തിരികിടകള്‍ ആയിരുന്നു വീടുകളില്‍ ഉപയോഗിച്ചിരുന്നത്. അക്കാലത്തെ ‘പതഞ്‌ജലി തിരികിടകള്‍ 😎’. നൂറു ശതമാനം നാച്ചുറല്‍.
😷
അപ്പോഴാണ് അപ്പന്‍ അവരുടെ വീട്ടില്‍ സ്റ്റീല്‍ തിരികിട വാങ്ങിക്കൊണ്ടു വന്നത്. പുതിയസാധനം വാങ്ങിയാലും ഉപയോഗത്തിലിരിക്കുന്ന പഴയ സാധനം നശിച്ചു പോകാതെ പുതിയത് എടുക്കൂല്ല. അങ്ങനെ ഉപയോഗത്തിലിരിക്കുന്ന പതഞ്‌ജലി തിരികിട നശിക്കുന്നത് വരെ ‘നമ്മുടെ പരിഷ്കാരി സ്റ്റീല്‍ തിരികിട’ അലമാരയില്‍ തന്നെ ഇരുന്നു…
പക്ഷേ, നമ്മുടെ സ്വയം പ്രഖ്യാപിത സുഷ്മിതാ സെന്നും, ഐശ്വര്യാ റായിയും അലമാരയില്‍ ഇരിക്കുന്ന തിളങ്ങുന്ന, പുതുപുത്തന്‍ സ്റ്റീല്‍ തിരികിടയെ സ്കെച്ച് ചെയ്തുവെച്ചിരുന്നു. പിറ്റേദിവസത്തെ അവരുടെ മിസ്സ് വേള്‍ഡ്—യൂണിവേഴ്സ് മത്സരങ്ങള്‍ക്കായി അവരത് അടിച്ചുമാറ്റി തലയിണക്കടിയില്‍ ഒളിപ്പിച്ചു വെച്ചു.
പിറ്റേദിവസം.
രംഗം: മിസ്സ് വേള്‍ഡ്—യൂണിവേഴ്സ് മത്സരവേദി. ടി.വിയിലോക്കെ പലവുരു കണ്ടു ഹൃദിസ്ഥമാക്കിയ ആ വിധിപ്രഖ്യാപനം നടക്കുകയാണ്.
ലൊക്കേഷന്‍: ആ വീട്ടിലെ ഏറ്റവും വിശാലമായ തെക്കെമുറി.
അഭിനേതാക്കള്‍ : ഐശ്വര്യാറായിയും, സുഷ്മിതാ സെന്നും.
തലയില്‍ ‘തിരികിട’ ഫിറ്റ് ചെയ്ത്, വല്യമ്മയുടെ കവണി മടക്കി അരികുകള്‍ പിന്‍ ചെയ്ത് നെഞ്ചത്തൂടെ ക്രോസ് ചെയ്ത് ഇട്ട് കഴിഞ്ഞ വര്‍ഷത്തെ മിസ്സ് യൂണിവേഴ്സ് ആയി ചേച്ചി അന്നൌന്‍സ് ചെയ്യുകയാണ്,
“മിസ്സ് യൂണിവേഴ്സ് 1994 ..
സെക്കന്റ് റണ്ണര്‍ അപ്പ്…
ഫസ്റ്റ് റണ്ണര്‍ അപ്പ്…
ആന്‍ഡ് ഫൈനലി..
ദി മിസ്സ് യൂണിവേഴ്സ് 1994 ഗോസ് ടൂ….
ഗോസ് ടൂ…..
മിസ്സ് ഇന്ത്യ…..”
അന്നേരം നമ്മുടെ സുഷ്മിതാസെന്‍;
ഞെട്ടുന്നു…
കൈകള്‍ കൊണ്ട് വായ് പൊത്തി കരയുന്നു…
ദൈവത്തിനു നന്ദി പറയുന്നു….
പിന്നെ, പതിയെ മുന്‍പോട്ടു നടന്ന് കാണികള്‍ക്ക് മുന്‍പിലൂടെ ചറപറ ഫ്ലൈയിംഗ് കിസ്സുകള്‍ വാരി വിതറുന്നു…
പഴയ മിസ്സ് യൂണിവേഴ്സിന്റെ അടുക്കല്‍ ചെന്ന് ഇരുകവിളുകളിലും ഉമ്മ കൊടുക്കുന്നു… കെട്ടിപ്പിടിക്കുന്നു…
പതിയെ തെക്കെമുറിയുടെ ഒത്തനടുവിലായി ഇട്ടിരിക്കുന്ന സ്റ്റൂളില്‍ ഇരിക്കുന്നു…
പഴയ സുന്ദരി സ്വന്തം തലയില്‍ നിന്നും വിശ്വസുന്ദരി കിരീടമായ ‘സ്റ്റീല്‍ തിരികിട’ പുതിയ സുന്ദരിയുടെ തലയില്‍ ഫിറ്റ് ചെയ്തു കൊടുക്കുന്നു…
സുഷ്മിതാ സെന്‍ പതിയെ എഴുന്നേല്‍ക്കുന്നു…
പഴയ സുന്ദരി കവണി ഊരി സുസ്മിതാ സെന്നിന്റെ തോളില്‍ തിരികിട താഴെപോകാതെ ശ്രദ്ധാപൂര്‍വ്വം ഇട്ടുകൊടുക്കുന്നു…
പിന്നെയും, സുഷ്മിതാ സെന്‍ കാണികള്‍ക്ക് ഉമ്മകള്‍ ചറപറ വാരി വിതറുന്നു…
അങ്ങനെ മിസ്സ് യൂണിവേഴ്സ് 1994 ഫൈനല്‍ അവസാനിക്കുകയാണ് സുഹൃത്തുക്കളെ…
ഇനി അടുത്തത് മിസ്സ് വേള്‍ഡ് 1994.
ലൊക്കേഷനും, മത്സരാര്‍ത്ഥികളും സെയിം തന്നെ.. ഒരേയൊരു വ്യത്യാസം, ഇത്തവണ നമ്മുടെ സുഷ്മിതാ സെന്‍, മുന്‍ വര്‍ഷത്തെ ലോകസുന്ദരിയായി മാറും, അന്നൌന്‍സ് ചെയ്യും.. ഐശ്വര്യാ റായി (ചേച്ചി) പുതിയ മിസ്സ് വേള്‍ഡ് ആയി മുകളില്‍ പറഞ്ഞ അതേ രംഗങ്ങള്‍ അഭിനയിച്ചു തകര്‍ക്കും…
വർഷങ്ങൾ ഒരുപാട് മുന്നോട്ട് പൊന്നെങ്കിലും, അന്നത്തെ പാലായിലെ സുഷ്മിതാ സെന്നിന് ഇന്നും ‘തിരികിട’ ഒരു വീക്നെസ് ആണ് കേട്ടോ.
സംശയം ഉണ്ടെങ്കിൽ ചിത്രം നോക്കുക. 😇
പിന്‍കുറിപ്പ്: അന്ന് വിരുന്നു വന്നുപോയ ബന്ധുക്കള്‍, ഇപ്പൊ ഇത് വായിക്കുമ്പോള്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല അവരുടെ അന്നത്തെ ആ വാക്കുകള്‍ കുട്ടികളുടെ ഹൃദയത്തില്‍ എത്ര ആഴത്തിലാ പതിഞ്ഞത് എന്ന്.. അതുകൊണ്ട് പിള്ളേരോടൊക്കെ വല്ലതും പറയുമ്പോള്‍ സൂക്ഷിച്ചും നോക്കീം കണ്ടുമൊക്കെയേ പറയാവൂ.. “പിള്ള മനസ്സില്‍ കള്ളമില്ലെ”ന്നാ പ്രമാണം😎.)
അമ്മു ആന്‍ഡ്രൂസ്.
👍👍👌👌 എനിക്കും തരികിട weakness ആണ്😀😀
LikeLiked by 1 person
മിടുക്കി..
LikeLike