എനിക്ക് ഭാഷയില്‍ (ഇറ്റാലിയന്‍) വലിയ ഗ്രാഹ്യം ഇല്ലാത്തത് കൊണ്ടും, ഞാന്‍ പഠിപ്പിക്കുന്ന മകള്‍ക്ക്, ഇസബെല്ലയ്ക്ക്, എന്നെക്കാള്‍ ഭാഷാപാണ്ഡിത്യം ഉള്ളതുകൊണ്ടും, ‘ഹോം വര്‍ക്ക്’ ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച് ഒരു ബാലികേറാമലയാണ്.

സാധാരണ അരമണിക്കൂര്‍ കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ ഞാന്‍ പഠിച്ച്, പിന്നെ അവളെ പഠിപ്പിച്ച്, അതിനു ശേഷം അവള്‍ എന്നെ പഠിപ്പിച്ച്, അതും കഴിഞ്ഞ് ഞാന്‍ പഠിച്ചതും അവളെന്നെ പഠിപ്പിച്ചതും തമ്മില്‍ താരതമ്യം ചെയ്ത്, ഗൂഗിള്‍ അമ്മച്ചിയോട് ഉപദേശം ചോദിച്ച് ഒടുവിലൊരു കണ്‍ക്ലൂഷനില്‍ എത്തി വരുമ്പോഴേയ്ക്കും മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടാകും.

ഇതിപ്പോ പറയാന്‍ കാരണമെന്തെന്നല്ലേ… ആഹ്, ഈ കഷ്ടപ്പാടൊക്കെ മനസ്സിലാക്കിയാലേ ഇനി ഞാമ്പറയാന്‍ പോകുന്ന കാര്യം വല്ലോം മനസ്സിലാവൂ…😐

അപ്പൊ കാര്യത്തിലേക്ക് വരാം..

ഇന്നലെ, കണക്കിന്റെ പുസ്തകം തുറന്നപ്പോ കുറേ പേജുകളില്‍ ഹോം വര്‍ക്ക്‌ ടിക്ക് ഇട്ട് വെച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നേന്ന് ചെയ്തു തുടങ്ങി. അവസാന പേജില്‍ എത്തുന്നത് വരെ കാര്യങ്ങള്‍ വളരെ സ്മൂത്തായി നടന്ന്. ഞങ്ങള്‍ക്കിടയില്‍ കാര്യമായ തര്‍ക്കങ്ങള്‍ ഒന്നും വന്നില്ല; അല്ലേലും രണ്ടാം ക്ലാസ്സിലെ മാത്തമാറ്റിക്സ് ഒക്കെ, (കൂട്ടലും കുറയ്ക്കലും ഗുണനവും ഒക്കെയേ ഉള്ളൂ) ‘സോ സിമ്പിള്‍’ എന്നൊക്കെ മനസ്സില്‍ വിചാരിച്ച്, അവസാനത്തെ പേജിലേക്ക് ഞങ്ങള്‍ കാലെടുത്തു വെച്ചു..

വല്യ കാര്യമായ സംഗതിയൊന്നുമില്ല, കുറയ്ക്കലാണ്. വലിയ സംഖ്യകള്‍ തമ്മില്‍ കുറക്കണം (Subtraction). കൂട്ടത്തില്‍ വലിയവനെ മുകളില്‍ വെച്ച് ചെറിയ സംഖ്യയെ അവന്റെ താഴെ കെട്ടി തൂക്കി നേരെയങ്ങ് കുറച്ചാല്‍പ്പോരെ.. ഹല്ലാ പിന്നെ.

ഇത്രേയുള്ളോന്നൊക്കെ വിചാരിച്ച് കാര്യത്തിലേക്ക് കടന്നപ്പോഴാണ് പ്രശ്നമായത്. കുറയ്ക്കണ്ട സംഖ്യകളെ സ്പ്ളിറ്റ് ചെയ്യണം, ന്നിട്ട് കുറക്കണം. ഇങ്ങനെ സിമ്പിള്‍ ആയി പറഞ്ഞാലും വേണ്ടില്ലാര്‍ന്നു, വിശദീകരിച്ച് വിശദീകരിച്ച് ഒന്നും മനസിലാകാത്ത പരുവത്തില്‍, കോളവും ആരോയും ഒക്കെ കൊടുത്ത് വെച്ചേക്കുന്നു.😪

അതെങ്ങനെ എന്ന്‍ ഇപ്പൊ ചോദിച്ചാലും എനിക്ക് അറിഞ്ഞൂടാ. ‘അബാക്കസ്’ എന്നത് ഒരൊന്നൊന്നര സംഭവമാണെങ്കിലും, നമ്മളീ ‘തൊണ്ണൂറുകള്‍ മോഡല്‍’ ബ്രെയിനില്‍ അവയെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇത്തിരി പാടാണ്.

പുസ്തകം ചാഞ്ഞും ചെരിഞ്ഞും പല ആങ്കിളില്‍ പിടിച്ചു നോക്കിയിട്ടും ഈ കാണിച്ചിരിക്കുന്ന കോളങ്ങളില്‍ ഏതൊക്കെ സംഖ്യകള്‍ കൊണ്ടിടണം എന്നെനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ദയനീയമായി ഞാനാ ഏഴു വയസുകാരിയെ നോക്കി. അവളെന്നെയും നോക്കി. അവസാനം ഗതികെട്ട് ഞാനവളോട് ചോദിച്ചു,

“ഇതെങ്ങനെയാ ചെയ്യുന്നേ?”

“ആഹ്.. എനിക്കൊന്നും അറിയില്ല…” അവള്‍ നിഷ്കരുണം കൈ മലര്‍ത്തി.

പിന്നെ, പല അക്കങ്ങള്‍ പല രീതിയില്‍ കൊണ്ടിട്ടു നോക്കിയിട്ടും അവസാനത്തെ ഉത്തരം അങ്ങട് ടാലി ആകുന്നില്ല..

“എന്ത് കൊനഷ്ട് ആണിത്. നീ പിന്നെ ക്ലാസ്സില്‍ എന്നാ നോക്കി ഇരിക്കുവാരുന്നു..😒”

ഉത്തരം കിട്ടാത്ത സമസ്യകള്‍ മുന്നില്‍ നിന്ന് പല്ലിളിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ അടുത്ത ഭാവം ‘രൗദ്രം’ ആയിരിക്കുമല്ലോ. മിണ്ടിയിട്ട് കാര്യമില്ല എന്ന്‍ തോന്നിയത് കൊണ്ടാവാം, ആ കൊച്ച് പിന്നെ ഒരക്ഷരം മിണ്ടിയില്ല. അവസാനം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തോന്നിയ ഏതാണ്ടൊക്കെ സംഖ്യകള്‍ കോളങ്ങളില്‍ കുത്തിനിറച്ചിട്ട്‌ അവള്‍ ഉറങ്ങാന്‍ പോയി.

ജോലി കഴിഞ്ഞ് വന്ന കണക്ക് ഡിഗ്രി ഹോള്‍ഡര്‍ ആയ തൊമ്മനും കുറെ നോക്കി. ഉത്തരം നമുക്ക് എഴുതാം. പക്ഷെ, അവര്‍ പറയുന്ന പോലെ എങ്ങിനെ പിരിച്ചെഴുതും. അതാണ്‌ വിഷയം. ഇതങ്ങ് കുറക്കാന്‍ പറഞ്ഞാല്‍ പോരെ, ഇവരെന്തിനാ വെറുതെ ആവശ്യമില്ലാത്ത വയ്യാവേലിയൊക്കെ ചെയ്യിക്കുന്നത് ആവോ…

“ആഹ് എന്തേലും ആകട്ടെ.. തെറ്റുവാണെങ്കില്‍ തെറ്റട്ടെ, അല്ലണ്ടിപ്പോ എന്നാ ചെയ്യാന്‍ പറ്റും.” വളരെ കൂള്‍ എന്ന് തോന്നത്തക്ക രീതിയില്‍ ആ ചാപ്റ്റര്‍ ഞങ്ങള്‍ ക്ലോസ് ചെയ്തുവെങ്കിലും, രണ്ടാം ക്ലാസ്സിലെ കുറയ്ക്കാനുള്ള പ്രോബ്ലം പോലും സോള്‍വ്‌ ചെയ്യാന്‍ പറ്റാത്തതിലുള്ള നാണക്കേട് ആ രാത്രി മുഴുവന്‍ മനസ്സില്‍ കിടന്നു നീറുന്നുണ്ടായിരുന്നു.

ഇന്ന്‍ രാവിലെ തന്നെ ഞാനും മക്കളും റെഡിയായി സ്കൂളിലേക്ക് വെച്ച് പിടിക്കുന്നു. ആ കണക്ക് ശരിയാകാത്തതിലെ സങ്കടം മുഴുവന്‍ എന്റെ മുഖത്ത് മഴമേഘങ്ങള്‍ ചാര്‍ത്തിയിരുന്നു.

സ്കൂളിന് അടുത്തെത്താറായപ്പോ, എന്റെ കുരുട്ടു ബുദ്ധി ഉണര്‍ന്നു.. പതിയെ അവളോട്‌ ഞാന്‍ പറഞ്ഞു,

“അതേയ് ഇസബെല്ല, നമ്മള്‍ ഇന്നലെ ചെയ്ത മാത്തമാറ്റിക്സ് ഹോം വര്‍ക്ക്‌ ഇല്ലേ. അത് പൊട്ട തെറ്റാണ്…”

“ഉം.. അതെനിക്ക് അറിയാം..😕” അവള്‍ യാതൊരു ദയയും ഇല്ലാതെ പറഞ്ഞു കളഞ്ഞു..

“നീയൊരു കാര്യം ചെയ്യ്‌, ക്ലാസ്സില്‍ ചെന്നിട്ട് ആരുടെയെങ്കിലും നോക്കി തിരുത്തി എഴുതിക്കോ..”

അവള്‍ക്ക് കേട്ട ഭാവമില്ല..

“നീ കേട്ടോ, അപ്രത്തോ ഇപ്രത്തോ ഇരിക്കുന്ന…”

മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവള്‍ പറഞ്ഞു;

“അമ്മേ, തെറ്റുവാണെങ്കില്‍ തെറ്റട്ടെ… അത് കുഴപ്പമില്ല ന്നേ. ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്; അങ്ങനെ ചെയ്‌താല്‍ മതി. ഉത്തരം തെറ്റുന്നെങ്കില്‍ തെറ്റട്ടെ. അല്ലാതെ, നമ്മള്‍ വേറൊരാളുടെ നോക്കി കോപ്പി അടിക്കണ്ട എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തെറ്റിയാലും അമ്മ വിഷമിക്കണ്ട. അതങ്ങിനെ തന്നെ കിടക്കട്ടെ..”

ഹമ്മേ..😯

പഞ്ചേന്ദ്രിയങ്ങള്‍ മുഴുവന്‍ ‘ആത്മനിന്ദ’ എന്ന ഒറ്റ വികാരത്തില്‍ കേന്ദ്രീകരിച്ചത് പോലെ കുറെ നിമിഷങ്ങള്‍ ഞാന്‍ സ്തബ്ധയായി.😧

റിക്ടര്‍ സ്കെയ്ലില്‍ ശക്തമായ പ്രകമ്പനം രേഖപ്പെടുത്തിയ ഒരു ഭൂമികുലുക്കം എനിക്ക് മാത്രമായി അനുഭവപ്പെട്ടപ്പോഴും, ചുറ്റിലും കുട്ടികളെയും കയ്യില്‍ പിടിച്ച് ബാഗും തൂക്കി ആളുകള്‍ ഒഴുകുകയായിരുന്നു.

ഇസബെല്ലയെ സ്കൂളില്‍ വിട്ടിട്ട്, കുക്കുടുനെയും കൊണ്ട് അവളുടെ സ്കൂളിലേക്ക് നടക്കുമ്പോഴും മനസ്സില്‍ നിന്നും ആ ചമ്മല്‍ മാഞ്ഞിരുന്നില്ല.

അതിന്നലെ ചെയ്യേണ്ട ഹോം വര്‍ക്ക്‌ ആയിരുന്നില്ല എന്നും, അവളുടെ അശ്രദ്ധ മൂലം ടിക്ക് ഇട്ട് വെച്ചാതാണെന്നുമുള്ള വാദം ഒരു തുരുപ്പ് ഗുലാനെന്ന വണ്ണം ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ എടുത്തു പ്രയോഗിക്കാം.. 😒

ശ്യോ.. എന്നാലും ഈ ഞാന്‍..😑

പീക്കിരി പിള്ളേരുടെ മുന്‍പില്‍ ചമ്മാനായി ചന്തുവിന്‍റെ ജന്മം ഇനീം ബാക്കി..😒

അമ്മു ആൻഡ്രൂസ്.