പ്രത്യേകിച്ച് യാതൊരു സവിശേഷതയും അവകാശപ്പെടാനില്ലാത്ത (ഒരു വിഷ് പോലും കിട്ടിയില്ല, ലതാണ് കാര്യം
😕) ഈ വാലന്റൈന്‍സ് ദിനത്തില്‍ മക്കളെയൊക്കെ സ്കൂളില്‍ വിട്ട ശേഷം വെറുതെ പഴയ കാമുകന്മാരെയൊക്കെ മനസ്സില്‍ ഓര്‍ത്തെടുക്കുകയായിരുന്നു. ഞാന്‍ തേച്ചതും എന്നെ തേച്ചതുമായ (ന്തേ.. തേപ്പ് പെണ്ണുങ്ങള്‍ക്ക് മാത്രം കുത്തകാവകാശമുള്ള ഒന്നല്ല.
😐 അതിനെ കുറിച്ച് പിന്നീട് പറയാം) മുഖങ്ങള്‍ മനസ്സില്‍ മിന്നിമാഞ്ഞു പോയി. അതിലേറ്റവും മനോഹരവും നിഷ്കളങ്കവുമായത് എന്റെ ആദ്യ പ്രണയമാണ്; ‘അംഗന്‍വാടിയിലെ പ്രണയം’

അതേ, സുഹൃത്തുക്കളെ, എന്റെ പ്രണയഗാഥ അംഗന്‍വാടിയില്‍ വെച്ചേ തുടങ്ങിയിരുന്നു. എവിടെ പ്രണയമുണ്ടോ, അവിടെ ജീവിതമുണ്ടെന്ന് മഹാത്മാഗാന്ധി ഏതു പ്രായത്തിലാ മനസ്സിലാക്കിയത് എന്നെനിക്കറിയില്ല, പക്ഷെ നമ്മളതൊക്കെ കൊച്ചു പ്രായത്തിലേ മനസ്സിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. 😎

ജീവിതത്തില്‍ എത്രമാത്രം പ്രണയങ്ങള്‍ ഉണ്ടായാലും, ആദ്യ പ്രണയം അവിസ്മരണീയമായ അനുഭവം ആയിരിക്കും. പലരും പറയുന്നു, ആദ്യ കാമുകി/കാമുകന്‍റെ പേരായിരിക്കും ഫെസ്ബൂക്/ഇമെയില്‍ തുടങ്ങിയ കിടുതാപ്പുകളുടെ പാസ്‌വേര്‍ഡ്‌ എന്നൊക്കെ. പക്ഷെ, എന്നാ പറയാനാ.. എനിക്കാ യോഗം ഒന്നും ഉണ്ടായില്ല. 😑വേറൊന്നും കൊണ്ടല്ല, അന്ന് അതൊന്നും ഇല്ലായിരുന്നു. പിന്നീട്, ഇമെയിലും ഓര്‍ക്കുട്ടും ഫേസ്ബുക്കും ഒക്കെ വന്നപ്പോ, കാമുകന്മാരുടെയോന്നും പേര് പാസ്സ്‌വേര്‍ഡ്‌ ആയി കൊടുക്കാനും തോന്നിയിട്ടില്ല..

അപ്പൊ നമുക്ക് അംഗന്‍വാടിയിലെ എന്റെ ‘അടാറു ലവ് സ്റ്റോറി’ യിലേക്ക് വരാം…

കഥാനായികയ്ക്ക്, അതായത് എനിക്ക് സുമാര്‍ നാലര വയസ്സ് പ്രായം. രാവിലെ തന്നെ, ഉടുപ്പിന് ചേരുന്ന മാല, കമ്മല്‍, വള, പൊട്ട്, നെയില്‍ പോളിഷ് ഇത്യാദി സാധനങ്ങള്‍ ചാര്‍ത്തി മേക്ക് അപ്പ് ചെയ്ത് അമ്മയുടെ കൈയില്‍ തൂങ്ങി അംഗന്‍വാടിയിലെക്ക് വെച്ച് പിടിക്കും. അവിടെ വെച്ച്, അപ്പന്‍റെ സഹപാഠിയുടെ മകനായ, നിഷ്കളങ്കമായ ഉണ്ടക്കണ്ണുകളുള്ള പയ്യനുമായി അടാര്‍ ലവ്വ്‌.. നമുക്കവനെ ‘മാത്തന്‍’ എന്ന് വിളിക്കാം. കാരണം, ഇന്നും കൂടെ അവന്റെയും ഭാര്യയുടെയും കൊച്ചിന്റെം പടത്തിന് ലൈക്ക് അടിച്ചതേയുള്ളൂ. വെറുതേയെന്തിനാ.. ല്ലേ 😷

മാത്തനെങ്കില്‍ മാത്തന്‍, അല്ലേലും പേരിലൊക്കെ എന്തിരിക്കുന്നു. 😇

അങ്ങനെ, എന്‍റെയും മാത്തന്‍റെയും പ്രണയം ആ അംഗന്‍വാടിയില്‍ പൂവിട്ടു.

പാവയ്ക്കയുടെ കയ്പ്പ് വെറുത്തിരുന്ന മാത്തന്‍, ഞാന്‍ കൊണ്ടുവന്നിരുന്ന പാവയ്ക്കാ വറുത്തതും പുളിയില്ലാത്ത കട്ടതൈരും അമൃതുപോലെ കഴിക്കുന്നു.😄

കറിവേപ്പില ഇഷ്ടമല്ലാത്ത ഞാന്‍, മാത്തന്‍ കൊണ്ട് വരുന്ന കാബേജ് തോരനിലെ കറിവേപ്പില പോലും കളയാതെ കഴിക്കുന്നു. ഇതുകൂടാതെ, ഭാവി അമ്മായിയമ്മയുടെ പാചക നൈപുണ്യത്തെ വാനോളം പുകഴ്ത്തുന്നു..🙈

ഇത്യാദി കലാപരിപാടികള്‍ ഒക്കെയും മേരി ടീച്ചറും, ബിന്ദു ടീച്ചറും വൈകുന്നേരം ഞങ്ങളെ വിളിക്കാന്‍ വരുന്ന അമ്മമാരോടും പറഞ്ഞു കേള്‍പ്പിക്കുന്നത് കൊണ്ട്, ഞങ്ങളുടെ നിഷ്കളങ്കമായ അംഗന്‍വാടിപ്രണയം വീട്ടില്‍ അറിയാന്‍ വല്യ കാലതാമസമൊന്നും വേണ്ടി വന്നില്ല.😛

അങ്ങനെയിരിക്കെ ഒരിക്കല്‍ എനിക്ക് പനി പിടിച്ചു. ഒരാഴ്ചയോളം അംഗന്‍വാടിയില്‍ പോയില്ല. പാവം നമ്മുടെ മാത്തന്‍, വിരഹാര്‍ത്തനായി പഞ്ചാര മണല്‍ വിരിച്ച അംഗന്‍വാടി മുറ്റത്തൂടെ പാടി പാടി നടന്നു. വിരിഞ്ഞു നിന്ന ജമന്തി പൂക്കളെ നോക്കി പരിഭവം പറഞ്ഞു. എന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് നോക്കി ഗദ്ഗദം കടിച്ചിറക്കി. എന്‍റെ അസാന്നിദ്ധ്യത്തില്‍ അംഗന്‍വാടിയിലെ ഓരോ നിമിഷവും മാത്തന് ഓരോ വര്‍ഷങ്ങള്‍ പോലെ അനുഭവപ്പെടുകയായിരുന്നിരിക്കണം. 🙁

ഛെ ഓവറാക്കി ചളമാക്കുന്നില്ല, കാര്യത്തിലേക്ക് വരാം..

അങ്ങനെയൊരു ദിവസം, നമ്മുടെ മാത്തന്‍ അംഗന്‍വാടിയില്‍ നിന്നും വീട്ടില്‍ തിരികെ എത്തിയപ്പോള്‍, ലക്ഷ്മി ചേച്ചി വീട്ടുമുറ്റത്തിരുന്നു ഓല മെടയുകയായിരുന്നു. (ലക്ഷ്മി ചേച്ചി എന്‍റെ വീടിനടുത്താണ് താമസം. മാത്തന്റെ വീട്ടില്‍ എന്തോ പണിയാവശ്യങ്ങള്‍ക്കായി ചെന്നതാണ് കക്ഷി). മാത്തനോട് അംഗന്‍വാടി വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്ന കൂട്ടത്തില്‍ ലക്ഷ്മി ചേച്ചി, കാമുകിയായ എന്നെ കുറിച്ചും അന്വേഷിച്ചു. കാരണം, ഞങ്ങളുടെ പ്രണയം അത്യാവശ്യം അയല്‍വാസികള്‍ക്കൊക്കെ അറിയാമായിരുന്നു. സങ്കടം മുറ്റി നില്‍ക്കുന്ന മിഴികളോടെ മാത്തന്‍ ഒരാഴ്ചയായി അനുഭവിക്കുന്ന വിരഹത്തെ കുറിച്ച് വാചാലനായി. ചേച്ചി വെറുതെ ഒരു കൗതുകത്തിന്, “അമ്മു ഇനി അംഗന്‍വാടിയില്‍ വരില്ല. അവളെ ഞങ്ങള്‍ വേറൊരാള്‍ക്ക് കെട്ടിച്ചു കൊടുക്കാന്‍ പോകുവാ..” എന്ന് പറഞ്ഞിട്ട് വളരെ കൂളായി ഓല മെടയല്‍ തുടര്‍ന്നു.

ചേച്ചി തമാശയായി പറഞ്ഞതാണെങ്കിലും, ആ വാക്കുകള്‍ ബാലിസ്റ്റിക്ക് മിസൈലുകള്‍ പോലെ ചെന്ന് പതിച്ചത് മാത്തന്റെ ഹൃദയത്തിലായിരുന്നു.😥 ആ പിഞ്ചുഹൃദയം വേദനകൊണ്ട് തിങ്ങിവിങ്ങി. അംഗന്‍വാടിയില്‍ നിന്നും ക്ഷീണിച്ചു വരുന്ന മകനായി അമ്മ, അതായത് എന്‍റെ ഭാവി അമ്മായമ്മ, വാത്സല്യത്തോടെ തയ്യാറാക്കി വെച്ച കാപ്പി പോലും താഴേയ്ക്കിറങ്ങാന്‍ വിസമ്മതിച്ച് തൊണ്ടയില്‍ തടഞ്ഞു നിന്നു. 😫

അമ്മയുടെ കണ്ണ് വെട്ടിച്ച് അവന്‍ സ്റ്റോര്‍ റൂമില്‍ നിന്നും ഒരു വലിയ കയര്‍ പുറത്തെടുത്തു. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ച് അവന്‍ ലക്ഷ്മി ചേച്ചിയുടെ അടുക്കലേക്ക് നീങ്ങി. ഉത്തരകൊറിയയുടെ ആണവ ഇടപാടുകളേക്കാള്‍ സൂക്ഷ്മതയോടെയായിരുന്നു അവന്‍റെ ഓരോ ചുവടുകളും.

മുറ്റത്ത് കുത്തിയിരുന്ന് അതീവശ്രദ്ധയോടെ ഓല മെടയുന്ന ലക്ഷ്മി ചേച്ചിയുടെ കഴുത്തിലും ശരീരത്തിലും അവന്‍ കയര്‍ ചുറ്റി വരിഞ്ഞത് ശരവേഗത്തിലായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ലക്ഷ്മി ചേച്ചി അലറി വിളിച്ചു. ചേച്ചിയുടെ ശബ്ദം കേട്ട് നാട്ടുകാരും വീട്ടുകാരുമൊക്കെ ഓടിക്കൂടി. അപ്പനും അമ്മയും മാത്തനെ വിളിച്ചു നിര്‍ത്തി സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഈ ആക്രമണത്തിനു പിന്നിലുള്ള കാരണം മനസ്സിലായത്. അങ്ങനെയിപ്പോ അമ്മുവിനെ വേറാര്‍ക്കും കെട്ടിച്ചു കൊടുക്കാന്‍ സമ്മതിക്കില്ലാത്രേ..😮

വെറുതേ തമാശയ്ക്ക് പറഞ്ഞതാണെന്നും അവള്‍ക്ക് പനിയായിട്ടാണ് അംഗന്‍വാടിയില്‍ വരാത്തത് എന്നും, ലക്ഷ്മി ചേച്ചി ആണയിട്ട് പറഞ്ഞിട്ടും മാത്തന്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.😊

അന്നു വൈകുന്നേരം തന്നെ, കുളിച്ച് പുതിയ ഉടുപ്പും പൌഡറും ഒക്കെയിട്ട് മുടി വശങ്ങളിലേക്ക് ചീകിയൊതുക്കി, പപ്പയുടെ കൈ പിടിച്ച് പനി പിടിച്ചു കിടക്കുന്ന എന്നെ കാണാനായി അവനെത്തി. സ്ഥിതിഗതികള്‍ നേരില്‍ കണ്ടു വിലയിരുത്തിയ ശേഷമാണ് അവനൊരു ആശ്വാസമായത്.😅

പക്ഷെ, പിറ്റേവര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ ഞങ്ങളുടെ അംഗന്‍വാടി പ്രണയം മുറിഞ്ഞു. 😑 ആ വര്‍ഷം, അഞ്ചു വയസ്സ് പൂര്‍ത്തിയായ ഞാന്‍ ഒന്നാം ക്ലാസിലേക്ക് കയറി. എന്നേക്കാള്‍ ഒരു വയസ്സോളം ഇളയ എന്റെ കാമുകന്‍ അംഗന്‍വാടിയില്‍ തന്നെ തുടര്‍ന്നു. ഇക്കാലമത്രയും എന്നെക്കാള്‍ ഒരു ക്ലാസ് പുറകിലാണ് പ്രസ്തുത മാത്തന്‍ പഠിച്ചത് എങ്കിലും, നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞ, കൊലഹലമുണ്ടാക്കിയ ‘അംഗന്‍വാടി പ്രണയം’ നല്‍കിയ ചമ്മല്‍ കാരണം, ഞങ്ങള്‍ അതിനു ശേഷം ഇന്നേവരെ സംസാരിച്ചിട്ടില്ല.. 😔

എന്‍റെ മാത്താ… ഒരുപാട് പ്രണയങ്ങള്‍ അതിനു ശേഷം ഉണ്ടായി എങ്കിലും, നിന്നോളം ആത്മാര്‍ത്ഥമായി, നിഷ്കളങ്കമായി എന്നെ വേറാരും സ്നേഹിച്ചിട്ടില്ല… ഐ ഷത്യം.. ഐ ഷത്യം.. ഐ ഷത്യം.. 😜

അമ്മു ആന്‍ഡ്രൂസ്.