ഇറ്റലിയിലെ സിസിലി എന്ന ദ്വീപിലെ തനത് വിഭവമായ, അറബ് പാരമ്പര്യമുള്ള ഈ ബിസ്കറ്റിന്റെ പ്രാദേശിക നാമം ‘റെജിനെല്ലേ’ (Reginelle) എന്നാണ്. (‘റജീന’ എന്നാൽ ‘റാണി’; അതിനാൽ ‘റെജിനെല്ലേ’ എന്നാൽ ‘ബിസ്കറ്റുകളിലെ റാണി’എന്ന് അർത്ഥം.) സിസിലി ഒരു അറബ് അധിനിവേശ പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ കുറെയേറെ അറബ്—യൂറോപ്യന്‍ വിഭവങ്ങള്‍ ഇവരുടെ തീന്മേശയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്…

ഈ ബിസ്കറ്റിന്റെ പ്രധാന ചേരുവ ‘എള്ള്’ ആണ്. ചെറുമധുരവും, എള്ളിന്റെ രുചിയും കൂടെ ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എള്ള്, നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഹൃദയത്തിനും ഹോര്‍മോണ്‍ ബാലന്‍സിംഗിനും രക്തസമ്മര്‍ദ്ദം തുലനം ചെയ്യുന്നതിനും അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതാക്കുന്നതിനും കാന്‍സറിനെതിരെ പൊരുതുന്നതിനും ഒക്കെയായി പോഷക സമൃദ്ധമായ ഒന്നാണ്. ഈ ബിസ്കറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടമാവും എന്ന കാര്യത്തില്‍ സംശയമില്ല. ആഘോഷവേളകളിലും അതിഥി സൽക്കാരവേളകളിലും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാനും ആഴ്ചകളോളം കേടു കൂടാതെ സൂക്ഷിക്കാനും പറ്റുന്ന ഒരു ബിസ്കറ്റ് കൂടിയാണിത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന  ഈ ബിസ്കറ്റിന്റെ പാചകവിധി പരിചയപ്പെടുത്തുകയാണ്…

ചേരുവകള്‍:

  • മൈദ/ഓള്‍ പര്‍പ്പസ് ഫ്ലോര്‍ : 200 ഗ്രാം
  • പഞ്ചസാര : 50 ഗ്രാം
  • മുട്ട : 1 എണ്ണം
  • എള്ള് : 200 ഗ്രാം
  • പാല്‍ : അരക്കപ്പ്
  • നെയ്യ്/ ബട്ടര്‍ : 70 ഗ്രാം
  • വാനില എസ്സന്‍സ്‌ : രണ്ടു തുള്ളി
  • ഉപ്പ് : ഒരു നുള്ള്
  • ബേക്കിംഗ് പൗഡര്‍ : ഒരു ടീ സ്പൂണ്‍ (ചിലര്‍ ബേക്കിംഗ് സോഡാ കൂടി ചേര്‍ക്കാറുണ്ട്.)reginelle

തയ്യാറാക്കുന്ന വിധം:
എള്ള്, പാല്‍ എന്നിവ മാറ്റി വെക്കുക. ബാക്കി ചേരുവകള്‍ നന്നായി ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ച് ഒരു മണിക്കൂറോളം സെറ്റ് ആകാന്‍ വെയ്ക്കുക. ഒരു നനഞ്ഞ കോട്ടന്‍ തുണി മുകളില്‍ വിരിച്ചിടുന്നത് നന്നായിരിക്കും.

അതിനുശേഷം മാവ് കുറേശ്ശെയായി എടുത്ത് ഉരുട്ടിയോ പരത്തിയോ ഇഷ്ടമുള്ള ആകൃതിയില്‍ ബേക്കിംഗ് ട്രെയില്‍ നിരത്തി വെക്കുക. അതിനു ശേഷം ഓരോന്നായി എടുത്ത് പാലില്‍ മുക്കിയശേഷം എള്ളില്‍ മുക്കി പ്രീ – ഹീറ്റ് (200 ഡിഗ്രി) ചെയ്ത ഓവനില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുക. നല്ല ക്രിസ്പി റെജിന ബിസ്കറ്റ് റെഡിയായി കഴിഞ്ഞു. തണുത്ത ശേഷം വായു കടക്കാത്ത കുപ്പികളില്‍ സൂക്ഷിച്ചു വെക്കാവുന്നതാണ്.

അമ്മു ആന്‍ഡ്രൂസ്.