“പേരെന്താ?”

“അമ്മു”

“ആഹാ നൈസ്”(ഒരു മന്ദഹാസം )

“ഒഫീഷ്യൽ നെയിം എന്താ?”

“ഒഫീഷ്യൽ നെയിമും ‘അമ്മു’എന്നാണ്; അമ്മു ആൻഡ്രൂസ്”

“ഓ… ഐ സീ… സാധാരണ വീട്ടിൽ വിളിക്കുന്ന ഓമനപ്പേരല്ലേ ‘അമ്മു’, അതാ ചോദിച്ചത്”

“ഉം… മനസ്സിലായി”

എല്ലാർക്കും ഇങ്ങനെ സംശയം തോന്നാറുണ്ട്. എനിക്ക് അതൊന്നും ഒരു വിഷയമല്ല. ആദ്യമായി പരിചയപ്പെടുന്ന ഫേസ്ബുക്ക് സുഹൃത്തുക്കൾ എല്ലാരും ചോദിക്കും ‘ഇതാണോ ഒഫീഷ്യൽ പേര്’ എന്ന്. ‘ങ്ങള് ഫേയ്‌ക്ക് ആണോ’ എന്നുവരെ ചോദിച്ചിട്ടുണ്ട്. പിന്നെയാ…
(മിക്ക ഗുണ്ടാസംഘങ്ങളിലും ഒരു ഷാജി കാണും എന്നുപറയുന്ന പോലെ മിക്ക ഫേയ്ക്കന്മാരിലും അമ്മുവും ഉണ്ടല്ലോ!)

ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്നപ്പോഴൊക്കെ അമ്മു എന്ന പേരിന്റെ മീനിങ് എന്താണെന്നായിരുന്നു ചോദ്യം. ‘എനിക്കറിയില്ല, ഒരു ഓമനപ്പേര്’ ആണെന്നു പറഞ്ഞു ഞാൻ മുങ്ങും…

പൊതുവെ ഈ നോർത്തിന്ത്യക്കാർക്ക് ‘പ്രാസമൊപ്പിച്ച-രണ്ടക്ക-മല്ലു നാമധേയങ്ങളോട്’ പുച്ഛമാണല്ലോ. അതുകൊണ്ട് ‘മൗനം വിദ്വാന് ഭൂഷണം’ എന്ന് വിചാരിച്ചു മിണ്ടാതിരിക്കുക. (ഈ പഴഞ്ചോല്ല് പലതരത്തിൽ ഉപയോഗിക്കാവുന്നതിന്റെ ഒരു ഗുണമേ…)

ഇറ്റലിയിൽ വന്നുകഴിഞ്ഞപ്പോ സായിപ്പന്മാർക്കും സംശയം ‘അമ്മു’ എന്നാൽ എന്താ അർഥം?

ഇറ്റാലിയൻ ഭാഷയിൽ ‘അമോരെ’ (Amore) എന്നാൽ ഡാർലിംഗ്, പ്രണയം എന്നൊക്കെയാണ് അർത്ഥം. ഭാര്യാഭർത്താക്കന്മാർ, കാമുകീകാമുകന്മാർ എന്നിവർ അത് ഒന്നൂടെ ചുരുക്കി ‘അമോ’ (Amo) എന്നാക്കും. ഈ കാര്യങ്ങൾ ഒക്കെ ഇവിടെ വന്നപ്പോഴേ പഠിച്ചെടുത്തതുകൊണ്ട് ഇറ്റലിയൻസ് ആരുചോദിച്ചാലും ഞാൻ ചാടി പറയും,

“അമ്മു എന്നാൽ ‘നിഷ്കളങ്കമായ, അനിർവചനീയമായ, നിസ്സീമമായ, അചഞ്ചലമായ ‘സ്നേഹം’ എന്നാണ്…

ഇത്രേം കടുകട്ടി വാക്കുകൾ ഇറ്റാലിയനിൽ പറയണം എന്നാഗ്രഹമുണ്ട്. സത്യമായിട്ടും അറിയാൻ മേലാഞ്ഞിട്ടാ. ഇവിടെ ‘ചാവോ’യും ‘ബോൺജോർണോ’യും പറഞ്ഞു പിടിച്ചു നിൽക്കാൻ പെടുന്നപാട് എനിക്കല്ലേ അറിയൂ…

അപ്പോൾ പറഞ്ഞു വന്നത്, എന്റെ പേര്..

‘അമ്മു’

അപ്പനാണ് എനിക്കീ പേരിട്ടത്. മൂത്തമകൾക്ക് ജാതി-മത-വർണ്ണ വൈവിധ്യങ്ങൾ പെട്ടന്ന് തിരിച്ചറിയാനാവാത്ത തനിനാടൻ നാമധേയം നൽകണമെന്ന് അപ്പന് നിർബന്ധം. കാരണം,അപ്പനും സഹോദരങ്ങൾക്കും നല്ല സ്റ്റൈലൻ ഇംഗ്ലീഷ്-ക്രിസ്ത്യൻ പേരുകളാണ്. ആൻഡ്രൂസ്, ജെയിംസ്,സെലെസ്റ്റിൻ, വിക്ടർ, ഡെയ്സി, ജിയോ, സോഫി അങ്ങനെ അങ്ങനെ അക്കാലത്തെ വലിയ പരിഷ്കാരികളായിരുന്നു അവർ. അതുകൊണ്ട് സ്വന്തം മക്കൾക്ക് നാടൻ പേര് മതിയെന്ന് പുള്ളിയങ്ങ് തീരുമാനിച്ചു. കൂടാതെ, ഞാൻ ജനിച്ച കാലഘട്ടത്തിലെ ചില ‘മാമാട്ടികുട്ടിയമ്മ’ സിനിമകളിൽ സ്ഥിരം പേര് ‘അമ്മു’ എന്നായിരുന്നു. അതും ഒരു പരിധിവരെ അപ്പനെ സ്വാധീനിച്ചിരുന്നു എന്നാണു അമ്മയുടെ ഭാഷ്യം.

സ്കൂളിൽ ചേർക്കുന്ന സമയത്ത് അമ്മയ്ക്ക് നിർബന്ധം സ്കൂൾ രജിസ്റ്ററിൽ വേറെ പേര് വേണമെന്ന്. വീട്ടുകാരും നാട്ടുകാരും ‘അമ്മു’എന്ന് വിളിക്കട്ടെ, പക്ഷെ ഓഫീഷ്യലി അവൾക്ക് ഒന്നുകിൽ മാമോദീസ പേരായ ‘മേരി’ എന്നോ അല്ലെങ്കിൽ വേറൊരു പേരായാലും കുഴപ്പമില്ല എന്ന വാദവുമായി അമ്മ.

അപ്പനാണെങ്കിൽ ‘അമ്മു’ വിട്ടൊരു കളിയ്ക്കും ഇല്ലതാനും.

എന്നാൽ ‘അമ്മു മേരി അൻഡ്രൂസ്’ എന്നാക്കിയാലോ എന്നായി അമ്മ.

അങ്ങനെ ആ വാഗ്വാദം അഡ്മിഷൻ ദിവസം രാവിലെ വരെ നീണ്ടു.

“നീ നോക്കിക്കോ നീ ഇന്നേവരെ കേൾക്കാത്ത ആർക്കും ഇല്ലാത്ത ഒരു പുതിയ പേരാണ് ഞാൻ മോൾക്ക് ഇടാൻ പോകുന്നത്” എന്നും പറഞ്ഞു അപ്പൻ എന്നെയും കൊണ്ട് സ്കൂളിലേക്ക് പോയി.

ഇനി കാമറ സ്കൂൾ ഓഫീസ് മുറിയിലേക്ക് ഫോക്കസ് ചെയ്യുക. അവിടെ ഒരു മേശയ്ക്കു ഇരുവശത്തും അപ്പനും ക്ലർക്കും ഇരിക്കുന്നു. അപ്പന്റെ അടുത്തായി ഞാനും.

“മോളുടെ പേര്?”

“മേരി അലിയാസ് അമ്മു ആൻഡ്രൂസ്”

ക്ലാർക് ചേട്ടൻ എന്നെയൊന്ന് നോക്കി. ഈ ഇത്തിരി ഇല്ലാത്ത സാധാനത്തിനാണോ ഇത്രേം നീളൻ പേര്. അയാൾക്ക് വിശ്വാസം വന്നില്ല…

എഹ്‌?

അപ്പൻ ഇത്തിരി കനത്തിൽ പറഞ്ഞു, മേരി അലിയാസ് അമ്മു ആൻഡ്രൂസ്

അയാളുടെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാകാം അപ്പൻ വിശദീകരിച്ചു, “അലിയാസ് എന്നാൽ കോടതി ഭാഷയിൽ ‘എന്ന’, ‘എന്നറിയപ്പെടുന്ന’,’എന്ന് നമധേയമുള്ള’ അങ്ങനെയൊക്കെയാണ് അർത്ഥം..”

അതായത് സംഗതി കോടതി ഭാഷയാണ്. മേരി അലിയാസ് അമ്മു ആൻഡ്രൂസ് എന്ന് പറഞ്ഞാൽ, ‘മേരി എന്നറിയപ്പെടുന്ന, അമ്മു ആൻഡ്രൂസ്’എന്നർത്ഥം. ഇപ്പൊ മനസ്സിലായില്ലേ…

അപ്പൻ അന്ന് ആ ക്ലർക്കിന് കോടതിഭാഷയെപ്പറ്റി ക്ലാസെടുത്തു. ഈ വിചിത്രമായ കാര്യങ്ങൾ കേട്ടിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവർ ഇടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ട്.

അഡ്മിഷൻ ചടങ്ങുകൾ എല്ലാം കഴിഞ്ഞു വീട്ടിൽ തിരികെ എത്തിയപ്പോൾ ആകാംക്ഷാഭരിതയായി നിന്നിരുന്ന അമ്മയുടെ അടുത്തും അപ്പൻ കോടതിഭാഷയെപ്പറ്റി ഗംഭീര ക്ലാസ് എടുത്തു. സംഗതി ‘കോടതി ഭാഷ’ എന്നൊക്കെ പറഞ്ഞാലും അമ്മ അത്ര തൃപ്തയായിരുന്നില്ല എന്ന് അടുക്കളയിൽ പത്രങ്ങൾ പെരുമാറുന്ന ഒച്ചകേട്ടപ്പോൾ എനിക്ക് മനസ്സിലായി. അപ്പന് എന്നേക്കാൾ അരമണിക്കൂർ മുൻപേ മനസ്സിലായി കാണും… ഉറപ്പ്‌.

എന്തായാലും അപ്പന്റെ കോടതിഭാഷയൊന്നും ആ പാവം ക്ലാർക്ക് ചേട്ടന് കാര്യമായി മനസ്സിലായില്ല. അയാൾ വലിയ അക്ഷരത്തിൽ എന്റെ പേര് ‘മേരി ഏലിയാസ് അമ്മു അൻഡ്രൂഡ്’ എന്നെഴുതി ചേർത്തു.

കോടതി ഭാഷ അറിയില്ലാത്ത അരസികൻ!!

സ്കൂൾ തുറന്നു പുതിയ കുട്ടികളെ സ്വാഗതം ചെയ്യാനുള്ള അസ്സെംബ്ലിയിൽ ഹെഡ്മാസ്റ്റര്‍ എന്റെ പേര് വിളിക്കുമ്പോൾ ഒരു ആശങ്ക, ഇത് ഒറ്റപ്പേരാണോ, അതോ രണ്ടു പേരാണോ?

ഉടനെ ടീച്ചർ ഓടി വന്നു തിരുത്തി, “മേരി ഏലിയാസ് അമ്മു ആൻഡ്രൂസ്’; ഒറ്റപ്പേരാണ്…”

അന്ന് ആ ഗ്രൗണ്ടിൽ നിന്ന എല്ലാവരും പെട്ടന്ന് നിശ്ശബ്ദരായോ?
എല്ലാരും എന്നെ തന്നെ ആണോ നോക്കുന്നത്? ഇത്രേം നീളമുള്ള പേര് ആ നാട്ടിൻപുറത്തെ സ്കൂളിൽ ആദ്യമായിട്ടായിരുന്നിരിക്കും. അങ്ങനെ സ്കൂളിലെ ഒന്നാംദിനം കൗതുകം നിറഞ്ഞ കണ്ണുകൾ എന്നെ വരവേറ്റു.

പിന്നെയങ്ങോട്ട് എന്റെ പേര് വായിക്കുമ്പോൾ ഈയൊരു ആശങ്ക സ്ഥിരം കാഴ്ചയായി…

ടീച്ചർമാരുടെയും, കൂട്ടുകാരുടെയും സംശയം ‘ഈ ഏലിയാസ് എന്താണ്, ആരാണ്’എന്നൊക്കെ ആയിരുന്നു. കാരണം അപ്പൻ ‘ആൻഡ്രൂസ്’ ആണെന്ന് എല്ലാവർക്കും അറിയാം…
പിന്നെ എവിടുന്നു വന്നു ഈ ഏലിയാസ്?
വല്യപ്പൻ ആണോ?
പല തരം സംശയങ്ങൾ…

അഞ്ചു വയസ്സിലും നാക്കിന് നല്ല നീളവും വഴക്കവും ഉണ്ടായിരുന്നത് കൊണ്ട് ഇന്റർവെല്ലിനു മുഴുവൻ അറിയാവുന്ന കോടതിഭാഷയും രീതികളും കൂട്ടുകാർക്ക് പഠിപ്പിച്ചു കൊടുക്കലായിരുന്നു ഈയുള്ളവളുടെ പ്രധാന വിനോദം. പാവങ്ങൾ.. അവരുടെ ഒന്നും അപ്പന്മാർ കോടതി ജീവനക്കാർ അല്ലല്ലോ. എനിക്കാണേൽ അപ്പനും വല്യപ്പനും അമ്മാവനും ഒക്കെ കോടതിക്കാർ.

(ഒരു പഞ്ചിന്, അമൽ നീരദ് പടങ്ങളിലെ മ്യൂസിക് ഇട്ട് സ്ലോമോഷനിൽ യൂണിഫോമിൽ നടന്നുവരുന്ന 5 വയസ്സുകാരി അമ്മുവിനെ സങ്കല്പിക്കാവുന്നതാണ്.)

എന്തൊക്കെപറഞ്ഞാലും ‘അലിയാസ്’ എന്നത് ‘ഏലിയാസ്’ ആയത് അപ്പന് വല്യ ക്ഷീണമായിപ്പോയി. അമ്മ കിട്ടിയ അവസരങ്ങൾ ഒന്നും പാഴാക്കിയില്ല താനും. എന്തായാലും പേര് മാറ്റാനുള്ള തീരുമാനമായി.

ഒരിക്കൽ എൻട്രി ചെയ്ത പേര് മാറ്റാൻ അത്ര എളുപ്പമൊന്നുമല്ല, കുറെ നൂലാമാലകൾ ഉണ്ടെന്ന് ഓഫീസിൽ നിന്നറിഞ്ഞു. അവർ തന്നെ പറഞ്ഞു തന്നതനുസരിച്ച്‌ എന്നെ നാലാം ക്ലാസിൽ വെച്ച് സ്കൂൾ മാറ്റി. ‘അമ്മു ആൻഡ്രൂസ്’ എന്ന പേരിൽ അപ്പന്റെ നാടായ മൂലമറ്റത്തു ഒരു വർഷം പഠനം. ആറാം ക്ലാസ്സിൽ തിരികെ മാനത്തൂർ സ്‌കൂളിൽ എത്തി ‘മേരി ഏലിയാസി’നെ അടർത്തിമാറ്റി വെറും ‘അമ്മു അൻഡ്രൂസ്’ ആയിട്ട്.

ഇന്ന്, തൊമ്മന്‍ എന്ന് വിളിക്കുന്ന തോംസൺ കുര്യാക്കോസിന്റെ ഭാര്യയായിട്ടുകൂടി ‘അമ്മു ആൻഡ്രൂസ്’ എന്ന പേരിൽ മാറ്റം വരുത്താൻ മനസ്സ് വരുന്നില്ല. എനിക്ക് ‘അമ്മു ആൻഡ്രൂസ്’ ആയിരുന്നാൽ മതി…

**ഈ ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമ ചിലപ്പോ എന്റെ പേരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് വന്ന പേര് ആകാൻ സാധ്യതയുണ്ട്.

അമ്മു ആൻഡ്രൂസ്‌.