അന്നൊരു വെള്ളിയാഴ്ചയായിരുന്നു…
രാവിലെ തൊമ്മു കണ്ണ് തുറക്കുന്നത് തൊമ്മിയുടെ കടിച്ചാല്‍ പൊട്ടാത്ത കന്നഡ സംസാരം കേട്ടുകൊണ്ടായിരുന്നു..
“ആമേലെ മാത്താഡ്ത്തിനി.. ധന്യവാദനെയ്‌ഗളൂ.. നമസ്കാര.”
തൊമ്മി കുറേക്കാലം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു. കല്യാണം കഴിഞ്ഞ സമയങ്ങളിലൊക്കെ ചെറുപ്പത്തില്‍ ബാംഗ്ലൂര്‍ മൈസൂര്‍ ടൂര്‍ വന്നപ്പോള്‍ മാത്രം കണ്ടിട്ടുള്ള തോമ്മനോട് തന്റെ കന്നഡ ദേശ – സംസ്കാര – ഭാഷാ പ്രാവീണ്യത്തെ കുറിച്ച് വീമ്പിളക്കിയിരുന്നെങ്കിലും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ എന്തോ മനസ്സ് അനുവദിച്ചിരുന്നില്ല.
“അല്ലാ… എന്താണ് രാവിലെ കന്നഡ ഒക്കെ പറയുന്നത്; എന്താ സംഭവം?”
“ഒന്നുമില്ലാന്നെ.. എന്റെ കൂടെ ജോലി ചെയ്തിരുന്ന കന്നഡക്കാരന്‍ കല്യാണം ക്ഷണിക്കാന്‍ വേണ്ടി വിളിച്ചതാ…” തൊമ്മി ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞു.
“ഹോ എന്നാലും നീയിങ്ങനെ മണി മണി പോലെ കന്നഡ പറയുന്നത് കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല..” തൊമ്മന്‍ കുശുമ്പ് മറച്ചു വെച്ചില്ല.
ഹോ.. അതൊന്നു നേരില്‍ കണ്ടു മനസ്സിലാക്കാന്‍ ഇത്രേം വര്‍ഷങ്ങള്‍ വേണ്ടിവന്നല്ലോ.. (തൊമ്മു ആത്മഗതിച്ചു കാണണം😎)
“ഹഹ… എന്നാലെ വര്‍ഷങ്ങള്‍ക്ക് മുൻപ് ഇവിടെ ജോലി തേടി വന്ന സമയത്ത് എനിക്ക് ഒരുപാട് അമളികളും പറ്റിയിട്ടുണ്ട്..” തൊമ്മി ചിരി അടക്കാന്‍ പാടുപെട്ടു.
“ആഹാ.. എന്നാ പറ; കേള്‍ക്കട്ടെ..” തൊമ്മുവിന് ഉത്സാഹം…
എഴുന്നേറ്റ് വാ പോലും കഴുകാതെ ആ ബാംഗ്ലൂര്‍ കഥ കേള്‍ക്കാന്‍ കാത്തു കൂര്‍പ്പിച്ചു..
******
ബംഗ്ലൂരില്‍ ജോലി ചെയ്യാനായി തൊമ്മി, പെട്ടിയും കിടക്കയുമായി ബാംഗ്ലൂരില്‍ കാലുകുത്തിയ സമയം. ഇന്ന് കാണുന്ന ‘മെട്രോ നഗര പ്രതാപം’ അത്രകണ്ടില്ലാത്ത കാലം. ‘മുംഗാരുമളയ്’ എന്ന സിനിമ സൂപ്പര്‍ ഹിറ്റ് ആയി നില്‍ക്കുന്ന കാലം.
തൊമ്മി എന്തോ ഒരത്യാവശ്യ കാര്യത്തിനായി രാജാജിനഗറില്‍ നിന്ന് ‘മജസ്റ്റിക്ക്’നു (Majestic) പൊകാനായി ബസ് കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. അവള്‍ക്ക് കന്നഡ ഭാഷ ഒന്നും കാര്യമായി അറിയില്ല. ആകെ ഒന്നോ രണ്ടോ അത്യാവശ്യ പദപ്രയോഗങ്ങള്‍ മനപ്പാഠമാക്കി വെച്ചിട്ടുണ്ട്.
നിം ഹെസറു ഏനു? (നിന്‍റെ പേരെന്താ?)
ചെന്നാഗിതരാ?— ചെന്നാഗിതിനി (സുഖമാണോ?—സുഖമാണ്)
എല്ലി ഹോഗുത്താ? (എവിടെ പോകുന്നു?)
ഊട്ടാ ആയിത്താ?— ഊട്ടാആയിത്തു. (ഊണ് കഴിച്ചോ?—ഊണ് കഴിച്ചു.)
എഷ്ടു ആയിത്തു? (എത്രയായി?)
ഇതൊക്കെയാണ് ബംഗ്ലൂരില്‍ എത്തിപ്പെടുന്ന ഏതൊരു മലയാളിയെയും പോലെ നമ്മുടെ തൊമ്മിയും ആദ്യമേ കാണാപ്പാഠം പഠിച്ച വാക്കുകള്‍.
കര്‍ണാടകയില്‍ ഒരിടത്തും തന്നെ ബസ്സില്‍ സ്ഥലപ്പെരോന്നും ഇംഗ്ലീഷില്‍ എഴുതിവെക്കില്ല, ശ്രേഷ്ഠഭാഷയായ ‘കന്നഡ’യില്‍ മാത്രമേ എഴുതൂ. ഭാഷ വായിക്കാന്‍ അറിയില്ലത്തവര്‍ക്കായി ഓരോ സ്ഥലത്തെയ്ക്കുമുള്ള ബസ്സില്‍ നമ്പറുകള്‍ കുറിച്ചിട്ടുണ്ടാവും; 8, 35, 110, 335 എന്നിങ്ങനെ. ചിലപ്പോള്‍ 8A, 2B, 80C എന്നും കാണും.
നമുക്ക് ബസ് കാത്തു നില്‍ക്കുന്ന നമ്മുടെ നായികയിലേക്ക് മടങ്ങാം. കുറേസമയം ബസ് കാത്തുനിന്നു. പല അക്കങ്ങള്‍ എഴുതിയ ബസ്സുകള്‍ കടന്നുപോയി. നമ്മുടെ നായിക അക്ഷമയായി നില്‍ക്കുന്നു. ഇവര്‍ക്കൊക്കെ ഈ സ്ഥലപേര് ഇംഗ്ലീഷില്‍ എഴുതിയാലെന്താ.. അതെങ്ങനാ, ഇംഗ്ലീഷില്‍ എഴുതി എന്ന കാരണത്താല്‍ ബസ്സിന് കല്ലെറിയും ഇവിടുത്തെ ഭാഷാസ്നേഹികള്‍. നമ്പര്‍ ഉള്ളത് ഭാഗ്യം.
അങ്ങനെയിരിക്കെ, കുറച്ചു കഴിഞ്ഞപ്പോള്‍ ആ ബസ് സ്റ്റോപ്പിലേക്ക് മറ്റൊരാള്‍ കടന്നുവന്നു. നമുക്ക് അയാളെ ‘മൂസ’ എന്ന് വിളിക്കാം. കാരണം, കുറച്ചു കഴിയുമ്പോള്‍ ഇയാളെ ഇനീം ആവശ്യമുണ്ട്.
നമ്മുടെ തൊമ്മി, മൂസയെ ഒന്ന് നോക്കി… അയാള്‍ തിരിച്ചും നോക്കി..
(‘ഞാന്‍ ഒന്ന് നോക്കി..അവള്‍ എന്നെയും നോക്കി..’ എന്ന പാട്ട് മനസ്സില്‍ ധ്യാനിക്കുക.)
പിന്നെ, അവര്‍ രണ്ടും ആ പൊരിവെയിലത്ത് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയാണ്…
കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു 335E എന്ന് അക്കമിട്ട ഒരു ബസ്…
നമ്മുടെ തൊമ്മി സൂക്ഷിച്ചു നോക്കി…
ഒരെത്തും പിടിയും കിട്ടുന്നില്ല…
ആരോടെങ്കിലും ചോദിക്കാം എന്നുവെച്ചാല്‍തന്നെ കാണാപ്പാഠം പഠിച്ച ആ വാക്ക് മറന്നും പോയി.
ആ ബസ് ബസ് സ്റ്റോപ്പിനടുത്തെയ്ക്ക് അടുക്കുംതോറും നമ്മുടെ നായികയുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലാകുകയാണ്.
ഇത് മജസ്റ്റിക്കിന് പോകുന്ന ബസ് ആയിരിക്കുമോ?
എന്തായാലും രണ്ടും കല്‍പ്പിച്ച് തൊമ്മി ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന മൂസയോട്, അറിയാവുന്ന കന്നഡയൊക്കെ കൂട്ടിപ്പിടിപ്പിച്ച് ചോദിക്കുകയാണ്;
“ഈ ബസ് മജസ്റ്റിക്ക് ഹോഗുമോ?”
അപ്പോള്‍ മൂസ നമ്മുടെ നായികയെ തുറിച്ചൊന്നുകൂടി നോക്കി, എന്നിട്ട് നേര്‍ത്ത ഒരു മന്ദഹാസത്തോടെ പറയുകയാണ്….
“ഹോഗുമായിരിക്കും..”
അപ്പോള്‍ അവര്‍ രണ്ടുപേരും പരസ്പരം നോക്കി ചിരിക്കുകയായിരുന്നു..
പൊട്ടിപ്പൊട്ടി ചിരിക്കുകയായിരുന്നു…
‘ചന്ദ്രനില്‍ പോയാലും അവിടെ ഒരു കുമാരേട്ടന്‍റെ ചായപ്പീടിക ഉണ്ടാവും’ എന്ന പഴഞ്ചൊല്ല് ഈ സംഭവത്തിന് ശേഷമാണ് ഉത്ഭവിച്ചത് എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു…
അമ്മു ആന്‍ഡ്രൂസ്.
Picture Courtesy: Google