ഇക്കഴിഞ്ഞ വീക്കെൻഡിൽ രാവിലെ തന്നെ അത്യുത്സാഹത്തോടെ പുറത്തുപോകാൻ തയ്യാറെടുക്കുകയായിരുന്നു തോമ്മു കുടുംബം.

ക്രിസ്തുമസ് സീസൺ കഴിഞ്ഞു; കടകളിൽ ഓഫറുകൾ ഒക്കെ തുടങ്ങുന്നേന്റെ ഉത്സാഹം എല്ലാവരുടെയും കണ്ണുകളിൽ തിരയടിക്കുന്നുണ്ടായിരുന്നു..

കഥാനായിക തൊമ്മി, മക്കളെ ഓരോരുത്തരെയായി റെഡിയാക്കി കൊണ്ടിരിക്കുമ്പോഴാണ് വളരെ അടുത്ത ഒരു കൂട്ടുകാരിയുടെ ഫോൺ കാൾ വരുന്നത്. ആ കൂട്ടുകാരിയാവട്ടെ എപ്പോഴും ഒന്നും വിളിക്കില്ല; വല്ലപ്പോഴുമൊക്കെയേ വിളിക്കൂ. വിളിച്ചാൽ അത്രയും നാളത്തെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ടേയിരിക്കും..

ഇത്തവണ, ക്രിസ്തുമസ് ന്യൂ ഇയർ വിശേഷങ്ങൾ ഒക്കെ ചോദിക്കാനും പറയാനുമായാണ് ഈ വിളി. കുറേക്കാലം കൂടി കൂട്ടുകാരിയുടെ ശബ്ദം കേട്ട സന്തോഷത്തിൽ തൊമ്മി ഇരുന്ന് കത്തിവെക്കലോട് കത്തിവെക്കൽ.

റെഡിയാകൽ പൂർത്തിയായിട്ടില്ലെങ്കിലും തൊമ്മനും മക്കളും തൊമ്മിയുടെ അടുത്തിരുന്ന്, ‘കത്തി’വെക്കലിൽ ഉള്ള അവരുടെ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നെങ്കിലും 😒 അതൊന്നും കാര്യമാക്കാതെ നിർബാധം കത്തിവെക്കൽ തുടർന്നുകൊണ്ടിരുന്നു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ മൂത്തമകൾ ഇസബെല്ല തൊമ്മിയുടെ അടുത്തേയ്ക്ക് വന്നു; “ആരാ അമ്മേ വിളിക്കുന്നേ..?”

ആഹ്.. മോൾക്ക് മനസ്സിലായില്ലേ ‘★★★’ ആന്റിയാണ്, അമ്മേടെ ബെസ്റ്റ് ഫ്രണ്ട്”

“നീ ആ ഫോണ് ഇസബെല്ലയ്ക്ക് കൊടുത്തേ.. ഞാൻ അവളോടൊന്നു സംസാരിക്കട്ടെ..” ഫോണിന്റെ അങ്ങേതലക്കൽ നിന്നും കൂട്ടുകാരിയുടെ മനോഹരശബ്ദം.

പിന്നെ കുറച്ചുനേരം ഇസബെല്ലയും പ്രസ്തുത ആന്റിയും സംസാരിക്കുന്നു. സ്പീക്കർ ഓൺ ചെയ്തിട്ടുണ്ട്. അവൾക്ക് കിട്ടിയ സാന്റായുടെ ഗിഫ്റ്റും ക്രിസ്തുമസ് അവധിക്ക് അക്വാറ്റിക് സർക്കസ് കാണാൻ പോയതും തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതുമായ വിശേഷങ്ങളെല്ലാം ആന്റിയോട് മണിമണിയായി പറയുന്നുണ്ട്..

അവരുടെ സംഭാഷണം കേട്ട്, ആ ഗ്യാപ്പിൽ കുക്കുടുനെ റെഡിയാക്കുകയായിരുന്നു തൊമ്മി..🙂

എന്നാൽ ശരി മോളെ, ആന്റി ഇനി പിന്നെ വിളിക്കാം. ഹാപ്പി ന്യൂ ഇയർ കേട്ടൊ.. 😘”

താങ്ക്സ്.. ഹാപ്പി ന്യൂ ഇയർ..😍”

പിന്നേ, മോളെ.. യൂ ഗോട്ട് ദി ബെസ്റ്റ് മദർ ഇൻ ദി വേൾഡ്. യൂ ആർ റിയലി ലക്കി.. ഷീ ഈസ് സച്ച് ആൻ ഇൻസ്പൈറിങ് പേഴ്സൺ ഫുൾ ഓഫ് ഫൺ, പൊസിറ്റിവിറ്റി…

ഇതൊക്കെ കേട്ട് തൊമ്മി ധൃതംഗപുളകിതയായി ‘നിങ്ങളിത് വല്ലോം കേൾക്കുന്നുണ്ടോ മനുഷ്യാ’ എന്ന ചോദ്യം മനസ്സിൽ ചോദിച്ചു കൊണ്ട് തൊമ്മനെ നോക്കി..😎

അന്നേരം പൂർവ്വാധികം ശക്തിയോടെ ഷൂവിന്റെ ലേസ് വലിച്ചു കെട്ടുകയായിരുന്നു അരസികനായ തൊമ്മിയുടെ ഭർത്താവ്. 😕

അപ്പോഴാണ് തൊമ്മി ഒരു കാര്യം ശ്രദ്ധിച്ചേ; ഫോണിന്റെ അങ്ങേതലക്കൽ നിന്നും പുകഴ്ത്തലുകൾ മുറയ്ക്ക് നടക്കുന്നുണ്ട്. ഇങ്ങേത്തലക്കൽ നിന്നും യാതൊന്നും കേൾക്കുന്നുമില്ല.

പതിയെ തിരിഞ്ഞു നോക്കി.😐

ഇനി അവൾക്ക് മനസ്സിലാവാഞ്ഞിട്ടൊ മറ്റോ ആണോ…

അപ്പോൾ, ദേ ഫോണും നീട്ടി പിടിച്ചോണ്ട് നിൽക്കുകയാണ് മകൾ ഇസബെല്ല. മുഖത്ത് ഒരല്പം പുച്ഛഭാവമൊക്കെ വാരി വിതറിയിട്ടുണ്ട്. (ഹേയ്.. ഇല്ല; തോന്നിയതാവും.. ല്ലേ😕)

‘ന്തേ മിണ്ടാത്തെ..’ പുരികം വളച്ച് ആംഗ്യഭാഷയിൽ ചോദിച്ചു. 😥

എനിക്കെങ്ങും തോന്നുന്നില്ല…😏”

എഹ്… 😦😦”

എനിക്കെങ്ങും തോന്നുന്നില്ല, ഇതൊക്കെ സത്യമാണെന്ന്…😑😑”

വളരെ പതിയെ, വിനയഭാവത്തിൽ പറഞ്ഞിട്ട് ഫോൺ തൊമ്മിയുടെ കയ്യിൽ കൊടുത്തിട്ട് അവളൊരൊറ്റ പോക്ക്…

😮😮😮

അപ്പോഴും അങ്ങേത്തലക്കൽ നിന്നും ‘തൊമ്മിയുടെ സ്തുതിഗീതങ്ങൾ’ അനർഗ്ഗനിർഗ്ഗളം പ്രവഹിക്കുകയായിരുന്നു…

ഭാഗ്യത്തിന് ഇസബെല്ല പറഞ്ഞത് പ്രസ്തുത കൂട്ടുകാരി കേട്ടില്ല. 😷

ഭാഗ്യം..😜

ന്യൂ ഇയറൊക്കെ വിഷ് ചെയ്ത്, പുറത്ത് പോകാൻ തുടങ്ങുന്ന കാര്യവും പറഞ്ഞ് തൊമ്മി പെട്ടെന്ന് തന്നെ ആ കാൾ അവസാനിപ്പിച്ചു. 😐

കൂട്ടച്ചിരിയുടെ ഇടയിലും ഇസബെല്ലയെ അനുമോദിക്കുന്ന തിരക്കിലായിരുന്നു തൊമ്മു.

അമ്മു ആന്‍ഡ്രൂസ്.

**********************

തൊമ്മു-തൊമ്മി ദമ്പതികളുടെയും അവരുടെ മക്കളുടെയും (ഇസബെല്ല, വിക്ടോറിയ) രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സെഗ്മെന്റാണ് തൊമ്മു കഥകള്‍..