അത്ഭുതങ്ങള്‍ ഒളിപ്പിച്ച കടലാണ് പ്രണയം. കടല്‍വെള്ളത്തില്‍ ഉപ്പ് അലിഞ്ഞു ചേരുന്ന പോലെ ആത്മാവും ശരീരവും അലിഞ്ഞു ചേരുന്ന വികാരമാണ് പ്രണയം. മനുഷ്യര്‍ എന്നു മുതലാണ് പ്രണയിക്കാന്‍ ആരംഭിച്ചത്? പ്രണയമെന്ന വികാരത്തിന് മനുഷ്യ ജീവനോളം, ഉല്‍പ്പത്തിയോളം പഴക്കമുണ്ട്. പ്രണയം മനസ്സിന്‍റെ പ്രഥമ ഉത്പ്പന്നം എന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു. പ്രണയത്തിന്റെ ശക്തി മരണത്തോളമെന്ന് ബൈബിളും… അതുകൊണ്ട്, മനുഷ്യന് ജീവനുള്ളിടത്തോളം കാലം, പ്രണയം നിലനില്‍ക്കുക തന്നെ ചെയ്യും…
എല്ലാ വര്‍ഷവും ഫെബ്രുവരി 14 ആം തിയതി, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കായി ലോകമെമ്പാടും പ്രണയദിനം, വാലന്റൈന്‍സ് ഡേ, ആഘോഷിക്കുകയാണ്. പ്രണയം ഏറ്റുപറയാനും ഊട്ടി ഉറപ്പിക്കാനുമായുള്ള ഈ ദിനത്തില്‍, കാമിതാക്കള്‍ പരസ്പരം പൂക്കളും സമ്മാനങ്ങളും കത്തുകളും കൈമാറിയാണ് ആഘോഷിക്കുന്നത്. സാധാരണ ഗതിയില്‍ ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലെന്റൈന്‍ ആഘോഷങ്ങള്‍. ഓരോ ദിവസത്തിനും പ്രത്യേകതകള്‍ ഉണ്ട് താനും. ഈ ദിനങ്ങള്‍ യഥാക്രമം റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ, ഒടുവില്‍ ബിഗ് ഡേ ആയ വാലന്റൈന്‍ ദിനത്തില്‍ അവസാനിക്കുന്നു.
പ്രണയദിനത്തിന്റെ ഉത്ഭവം
വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ സംബന്ധിച്ച് അനവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. BC മൂന്നാം നൂറ്റാണ്ട് മുതല്‍ റോമാ ജനത കൊണ്ടാടിയിരുന്ന വിജാതീയ ആഘോഷമായിരുന്നു ‘ലൂപ്പര്‍കാലിയ’ (Pagan Festival; Lupercalia). ഈ ആഘോഷമാണ് പിന്നീട് ക്രിസ്തുമതം പ്രചരിച്ചപ്പോള്‍ പ്രണയദിനമായി മാറിയത് എന്നാണ് ചരിത്രം പറയുന്നത്. ആസന്നമാകുന്ന വസന്തകാലത്തെ വരവേല്‍ക്കാന്‍, ‘ലൂപ്പര്‍ക്കസ്’ ദേവനെ പ്രീതിപ്പെടുത്തുന്നതിനായി ഫെബ്രുവരി 13 മുതല്‍ 15 വരെ നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പര്‍കാലിയ. ആടുമാടുകളെ വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും അവയുടെ പ്രജനനം നല്ല രീതിയില്‍ നടക്കുന്നതിനും വേണ്ടിയാണ് ലൂപ്പര്‍കാലിയ ദേവനെ പ്രീതിപ്പെടുത്തിയിരുന്നതത്രേ..
വാലെന്റൈന്‍സ് ഡേയ്ക്ക് പിന്നില്‍..
പ്രണയം ഊട്ടി ഉറപ്പിക്കുന്നതിനായുള്ള ആഘോഷമായ വാലെന്റൈന്‍സ് ഡേ വി. വാലന്റൈന്‍ പുണ്യാളന്റെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 14നാണ് കൊണ്ടാടുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ഗലേഷ്യസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ റോമിനടുത്തുള്ള ‘തെര്‍നി’ (Terni) പ്രവിശ്യയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും, റോമന്‍ പടയാളികളാല്‍ രക്തസാക്ഷിത്വം വരിച്ച, പ്രണയത്തിന്റെ അപ്പസ്തോലനായിരുന്ന, ബിഷപ്പ് വാലന്റൈന്‍റെ ഭൗതീക അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും, ശവകുടീരത്തിനു മുകളില്‍ അദ്ദേഹത്തിന്‍റെ പേരില്‍ പള്ളിയും (St. Valentine Church) പണി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് ആ സ്മാരകം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. പതിനേഴാം നൂറ്റാണ്ടില്‍, അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും, അവിടെത്തന്നെ പുതിയ ബസിലിക്ക (St. Valentine Basilica, Terni) പണിയുകയും ചെയ്തു.
തെര്‍നി എന്ന പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട വാലെന്റൈന്‍ ദിന ആഘോഷങ്ങള്‍, ഇറ്റലിയില്‍ വ്യാപകമായി ആഘോഷിക്കപ്പെടുകയും പിന്നീട് ലോകമെമ്പാടും ഏറ്റെടുക്കുകയുമായിരുന്നുവത്രേ…
വി. വാലന്റൈന്‍; പ്രണയത്തിന്റെ അപ്പസ്തോലന്‍..
റോം ഭരിച്ചിരുന്ന ക്രൂരനും യുദ്ധക്കൊതിയനുമായ ക്ലൗഡിയസ് രണ്ടാമന്‍ (Emperor Claudius ॥) ചക്രവര്‍ത്തിയുടെ കാലത്ത് (AD 270) ക്രൈസ്തവര്‍ ഏറെ ക്രൂരതകള്‍ക്ക് വിധേയരായിരുന്നു. വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും മനസ്സിലാക്കിയ ചക്രവര്‍ത്തി തന്‍റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി. ഇക്കാലയളവിലാണ് വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട ചരിത്രം തുടങ്ങുന്നത്.
വി. വാലന്റൈന്‍ റോമില്‍ നിന്നും 60 മൈല്‍ അകലെയുള്ള തെര്‍നി പ്രവിശ്യയിലെ ബിഷപ് ആയിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ ബിഷപ്പ് ആയി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വളരെയേറെ സ്വീകാര്യനായിരുന്നു. എന്നാല്‍, റോം ഭരിച്ചിരുന്ന ദുഷ്ടനായ ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ക്രിസ്ത്യാനികളുടെ മേലുള്ള ക്രൂരതകള്‍ മൂലം പല തവണ ജയില്‍വാസം അനുഭവിക്കുകയും പലവിധത്തിലുള്ള യാതനകളിലൂടെ അദ്ദേഹം കടന്നു പോകുകയും ചെയ്തിരുന്നു.
ഒരിക്കല്‍ സായാഹ്ന സവാരിക്കിറങ്ങിയ ബിഷപ്പ്, കാമിതാക്കളായ രണ്ടു പേരുടെ വഴക്ക് കാണാനിടയായി. അദ്ദേഹം, അവിടെ അടുത്തുള്ള പൂന്തോട്ടത്തില്‍ നിന്നും ഒരു ചുവന്ന റോസാപുഷ്പം വഴക്കിട്ടിരുന്ന കുട്ടികള്‍ക്ക് നല്‍കുകയും സ്നേഹത്തോടെ സംസാരിച്ച് അവരുടെ പിണക്കം അവസാനിപ്പിക്കുകയും ചെയ്തു. ‘ലവ് ബേര്‍ഡ്സ്’ എന്ന പ്രതീകം ഈ സംഭവത്തില്‍ നിന്നുമാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്. ഈ കഥകള്‍ കേട്ടറിഞ്ഞ ധാരാളം കാമിതാക്കള്‍ വി. വാലെന്റൈന്‍റെ പക്കല്‍ അനുഗ്രഹം വാങ്ങാനായി എത്തി ചേര്‍ന്നുവത്രേ. തന്‍റെയടുക്കല്‍ അനുഗ്രഹം വാങ്ങാനായി എത്തിച്ചേരുന്ന കാമിതാക്കള്‍ക്ക് അദ്ദേഹം പ്രണയോപഹാരമായി പനിനീര്‍ പുഷ്പങ്ങള്‍ സമ്മാനിക്കുമായിരുന്നു.
അങ്ങനെയിരിക്കെ, തെര്‍ണിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ‘സെരപ്പിയ’ എന്ന യുവതി ‘സബിനസ്’ എന്ന യുവാവുമായി പ്രണയത്തിലായി. എന്നാല്‍ ചക്രവര്‍ത്തിയുടെ ഉത്തരവിനെ ഭയന്ന് സെരപ്പിയയുടെ മാതാപിതാക്കള്‍ അവരെ വിവാഹിതരാകാന്‍ അനുവദിച്ചില്ല. വീട്ടുതടങ്കലിലായ സെരപ്പിയ രോഗശയ്യയിലായി. കാമുകനായ സബിനസ് സഹായമഭ്യര്‍ത്ഥിച്ച് വാലന്റൈന്‍ ബിഷപ്പിന് കത്തെഴുതുകയും അദ്ദേഹം മുന്‍കൈയെടുത്ത് ഇരുവരുടേയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.
വാലെന്റൈന്‍ ബിഷപ്പിന്റെ ജനസമ്മിതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നതില്‍ ആശങ്കാകുലനായ ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ‘ഔരേലിയന്‍’ ചക്രവര്‍ത്തി (Emperor Aurelian) അദ്ദേഹത്തെ കാരാഗ്രഹത്തില്‍ അടക്കുകയും മാസങ്ങളോളം പീഡകള്‍ക്ക് വിധേയനാക്കുകയും ചെയ്തു. AD 273, ഫെബ്രുവരി 14 ന് തന്‍റെ തൊണ്ണൂറ്റിയേഴാം വയസില്‍ അദ്ദേഹം രക്തസാക്ഷിത്വം കൈവരിക്കുകയും ചെയ്തു.
ജയിലില്‍ കഴിയവേ, ബിഷപ്പിന്‍റെ അഗാധമായ അറിവില്‍ ആകൃഷ്ടനായ ജയിലര്‍, തന്‍റെ ജന്മനാ അന്ധയായ മകളെ പഠിപ്പിക്കാനായി അദ്ദേഹത്തിനടുത്ത് കൊണ്ടുവന്നു. വാത്സല്യത്തോടെയും സ്നേഹത്തോടെയും കഥകളിലൂടെ അദ്ദേഹം അവള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. താന്‍ മരണപ്പെടുന്നതിന് തൊട്ടുമുന്‍പ് കൈകള്‍ അവളുടെ കണ്ണുകളില്‍ വെച്ച് അനുഗ്രഹിക്കുകയും അവള്‍ക്ക് കാഴ്ച ലഭിക്കുകയും ചെയ്തു. വാലെന്റൈന്‍, തന്‍റെ ശിഷ്യയ്ക്ക് എഴുതിയ അവസാന കുറിപ്പ് അവസാനിക്കുന്നത്, “..എന്ന് നിന്‍റെ വാലെന്റൈന്‍.” എന്ന വാചകത്തിലാണ്. അതില്‍ നിന്നുമാണ് പ്രണയ ലേഖനങ്ങള്‍ എഴുതുന്ന രീതി നിലവില്‍ വന്നതത്രെ..
അമ്മു ആന്‍ഡ്രൂസ്.
Picture Courtesy: Google
തെര്‍നിയിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണം വായിക്കാം…