ഈസ്റ്റര്‍ അവധിദിനങ്ങളില്‍ ഒരു ദിവസമാണ് ഈ സംഭവം അരങ്ങേറുന്നത്. കെട്യോനും (തൊമ്മനും) മക്കള്‍ക്കും അവധിദിവസങ്ങളാണ്. അങ്ങനെ ആകെമൊത്തം അവധിയുടെ ആലസ്യത്തില്‍ കിളിക്കൂട് പോലെയുള്ള ആ വീട്…
തൊമ്മനും മക്കള്‍ക്കും കാപ്പിയൊക്കെ കൊടുത്ത്, കുട്ടികളുടെ ശ്രദ്ധ കാര്‍ട്ടൂണിലേക്കും നായകന്‍റെ ശ്രദ്ധ പതിവുപോലെ യൂട്യൂബിലെ ഏതോ കോമഡി പ്രോഗ്രാമിലേക്കും മാറിയ ശുഭമുഹൂര്‍ത്തത്തില്‍ നമ്മുടെ കഥാനായിക, തൊമ്മി ബെഡ് റൂം വൃത്തിയാക്കാനായി മുകള്‍ നിലയിലേക്ക് കയറിപ്പോയി..
അധികം വൈകിയില്ല, തൊമ്മന്‍റെ ആക്രോശം താഴത്തെനിലയില്‍ നിന്നും കേള്‍ക്കാം.. പിള്ളേരുടെ ഒച്ചയോന്നുമില്ല… ഇനി അവരെ വഴക്ക് പറയുകയാണോ?
തൊമ്മി പതിയെ താഴേയ്ക്ക് കാതുകൂര്‍പ്പിച്ചു..
“എത്ര പറഞ്ഞാലും സൂക്ഷിച്ചു വെക്കില്ല. ഇതെങ്ങാനും കാണാതെ പോയാലുള്ള അവസ്ഥ എന്തായിരിക്കും. ഒരു സാധനം സൂക്ഷിക്കില്ല. എല്ലാം തോന്നിയപോലെ നിരത്തി ഇട്ടിരിക്കുവാ. എത്രതവണ എന്നുവെച്ചാ പറയുന്നേ…. അതെങ്ങനാ, പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം പണ്ടേയില്ലല്ലോ..”
ഇത്രേം ആരോപണങ്ങള്‍ നിര്‍ദാക്ഷീണ്യം ഉന്നയിച്ച സ്ഥിതിക്ക് ‘ആ പറഞ്ഞത് എന്നെക്കുറിച്ചാവാനേ തരമുള്ളൂ..’ നായിക മനസ്സില്‍ വിചാരിച്ചു.
തൊമ്മന്‍ ഇങ്ങനെ രോഷം കൊണ്ട് വിറയ്ക്കുകയാണ്. എന്തായാലും തത്കാലം മിണ്ടാതെയിരിക്കുന്നതാ ബുദ്ധി.
തൊമ്മി തന്‍റെ ജോലി തുടര്‍ന്നു.
“ഡീ.. നീ ഇത് വല്ലോം കേള്‍ക്കുന്നുണ്ടോ? നിന്നോടാ ഈ പറയുന്നത്.. സൂക്ഷിച്ചു വെക്കേണ്ട സാധനങ്ങള്‍ സൂഷിച്ചു തന്നെ വെക്കണം. ഈ പിള്ളേരെങ്ങാനും എടുത്തു വല്ലോടുത്തും കൊണ്ട് കളഞ്ഞാലോ… നീ ഇങ്ങ് ഇറങ്ങി വന്നേ…”
തൊമ്മനു വെറുതെ വിടാന്‍ ഉദ്ദേശ്യമില്ല.
അപ്പോള്‍ നമ്മുടെ തൊമ്മി ദേഷ്യത്തിന്‍റെ ഒരു അംശം പോലുമില്ലാതെ, (പ്രത്യേകം ശ്രദ്ധിക്കുക, ദേഷ്യത്തിന്റെ ലാഞ്ചന പോലുമില്ലാതെ) ശാന്തയായി പറഞ്ഞു,
“ തോമ്മാ, അതെന്താന്നു വെച്ചാല്‍ സൂക്ഷിച്ചു വെച്ചേക്ക്. ഞാന്‍ ഈ പണിയൊന്നു തീര്‍ക്കട്ടെ. ഞാന്‍ വന്നിട്ട് എവിടെയാന്നു വെച്ചാല്‍ സൂക്ഷിച്ചു വെച്ചോളാം..”
പുള്ളി വിടുന്ന ലക്ഷണമില്ല… “അല്ലേലും പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം നിനക്ക് പണ്ടേയില്ലല്ലോ…” പിന്നേം എന്തൊക്കെയോ പറഞ്ഞോണ്ടേയിരിക്കുന്നു…
ഒടുവില്‍ ഭാര്യയായ തൊമ്മിയ്ക്കും ദേഷ്യം വന്നുതുടങ്ങി. മടക്കി വെച്ച തുണികള്‍, ഇത്രേം സമയമെടുത്ത് താന്‍ തന്നെയാണല്ലോ ഇതൊക്കെ മടക്കി വെച്ചത് എന്നും, നിരത്തിയാലും ഇത് താന്‍ തന്നെ തിരികെ മടക്കി വെക്കണമല്ലോ എന്ന കയ്പ്പേറിയ യാഥാര്‍ത്ഥ്യമോ ഉള്‍ക്കൊള്ളാതെ ആ തുണികള്‍ മുഴുവന്‍ തട്ടിതെറിപ്പിച്ചു.
‘ഒരു പണി മര്യാദയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല..’ തൊമ്മി മുറുമുറുത്തു.
അവസാനം, ശരീരത്തിലെ സകലമാന ഹോര്‍മോണുകളും അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആ ദുര്‍ബ്ബല നിമിഷത്തില്‍ ക്രോധഗ്നിയാല്‍ ജ്വലിച്ച് നമ്മുടെ തൊമ്മി ആ പഴയ വീടിന്‍റെ 16 പടികളും കുലുക്കി തെറിപ്പിച്ച് തുരന്തോ എക്സ്പ്രസ്സിനേക്കാള്‍ വേഗതയില്‍ താഴത്തെ നിലയിലേക്ക് തിരിച്ചു…
മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടിയ വേഗതയില്‍ പറന്നു വരുന്നതിനിടയിലും, “അല്ലേലും ഈ മനുഷ്യന് അവധിയുള്ള ദിവസം സാധനമായിട്ട് ഒരു കാര്യോം ചെയ്യാന്‍ പറ്റുകേല..” എന്നൊക്കെ മുരളുന്നുമുണ്ടായിരുന്നു..
താഴെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്ന തൊമ്മി കരളലിയിക്കുന്ന കാഴ്ചയാണ് കണ്ടത്…
തൊമ്മനും മക്കളും കൂടെ ചേര്‍ന്ന് തൊട്ടാല്‍ പൊള്ളും എന്ന പരുവത്തില്‍ നില്‍ക്കുന്ന തൊമ്മിയെ നോക്കി ഊറിചിരിക്കുന്നു…
തൊമ്മന്‍ തറയില്‍ കിടക്കുന്ന ഒരു കുഞ്ഞന്‍ സാധനം ചൂണ്ടി കാണിച്ചിട്ട് പറയുകയാണ്..
“ദാ കെടക്കുന്നു നിന്‍റെ കാണാതെ പോയ സാധനം. കയ്യോടെ ഫിറ്റ് ചെയ്തോ.. ഇനി ഇങ്ങനെ അവിടെയും ഇവിടെയും ഊരി വെച്ചിട്ട് പോയേക്കരുത്. പിള്ളേരെങ്ങാനും എടുത്തുകൊണ്ട് കളഞ്ഞാല്‍ പിന്നെ ഞങ്ങളാണ് അനുഭവിക്കേണ്ടത്.. എടുത്തോണ്ട് പൊയ്ക്കോ… പോയി ചെയ്തോണ്ടിരുന്ന പണി കമ്പ്ലീറ്റ് ചെയ്യൂ..”
ആ ചൂണ്ടിക്കാണിച്ച സാധനമാണ് താഴെ ചിത്രത്തില്‍…
🙈
🙈
എന്തായാലും തൊമ്മന്‍ മൂന്നു ദിവസത്തെ അവധി കഴിഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനായി ജോലിക്ക് പോയി…
ദൈവാധീനം അല്ലാതെന്താ..
അമ്മു ആന്‍ഡ്രൂസ്.