ഒരുപാടൊരുപാട് ടാഗ് ലൈനുകള്‍ എന്റെ പേരിനോട് ചേര്‍ത്ത് ഉണ്ടായിട്ടുണ്ടെങ്കിലും, ഏറ്റവും ആദ്യം വീട്ടുകാരും നാട്ടുകാരും ചാര്‍ത്തി തന്ന ഒരു ടാഗ് ലൈന്‍ ആയിരുന്നു അപ്പനെ, ‘അളിയൊ..’ ന്ന് വിളിച്ചിരുന്നവള്‍’ എന്നത്.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ ഞാന്‍ ചെയ്തു എന്ന് പറയപ്പെടുന്ന ആ വീരകൃത്യത്തിന് പിന്നിലും ഒരു കാരണമുണ്ട്.

വല്യപ്പനും (അമ്മയുടെ അപ്പന്‍) എന്റെ അപ്പനും മുവാറ്റുപുഴ കോടതിയില്‍ ജീവനക്കാര്‍ ആയിരുന്ന കാലത്താണ് ഈ ആരോപണത്തിന് ആധാരമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞാല്‍… അല്ലേ വേണ്ട, കൃത്യമായി പറയുന്നില്ല.

വല്യപ്പന്റെ ആരോഗ്യപരമായ അസ്വാസ്ഥ്യങ്ങള്‍ മൂലവും, അപ്പന്റെ ജോലി മുവാറ്റുപുഴയില്‍ ആയിരുന്നതിനാലും സാമാന്യം നല്ല വായാടിയും കുസൃതിയുമായിരുന്ന എന്റെ ശൈശവം കൂടുതലും മുവാറ്റുപുഴ വീട്ടില്‍ ആയിരുന്നു. അമ്മയ്ക്ക് ഡിഗ്രിക്ക് പഠിച്ചിരുന്ന സുന്ദരിയായ ഒരു അനിയത്തിയും ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന കുറുമ്പനായ ഒരു അനിയനും ആണുണ്ടായിരുന്നത്.

ഇന്ന്, ആനുകാലിക വിഷയങ്ങളില്‍ ശക്തമായ പ്രഭാഷണങ്ങള്‍ നടത്തി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യപൃതനായി തിളങ്ങി നില്‍ക്കുന്ന യുവകേസരിയായ ‘ജിമ്മി ചാച്ചന്‍’ എന്ന് വിളിക്കുന്ന അമ്മാവന്‍, അന്ന് എന്റെ അപ്പനെ, അതായത് മൂത്ത ചേച്ചിയുടെ ഭര്‍ത്താവിനെ ‘അളിയാ’ എന്ന് വിളിക്കുന്നത് കേട്ട് പഠിച്ചതാണ് ഈ ആരോപണത്തിന്റെ മൂലകാരണമെന്ന് ഇതിനാല്‍ ബോധിപ്പിക്കട്ടെ…

ശൈശവദശയില്‍ കുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്നാണ് ഓരോ കാര്യങ്ങളും പഠിക്കുന്നത് എന്ന് ഇവിടെ അടിവരയിട്ട്, ഇത്തിരി ബോള്‍ഡ് ആക്കി വേണെങ്കില്‍, ഇറ്റാലിക്ക്സിലും കൂടി എഴുതി ചേര്‍ക്കുന്നു..

അങ്ങനെയിരിക്കെ, ഒരു ദിവസം അപ്പനേറെ അപമാനവും വ്യാകുലതയും ഉണ്ടാക്കിയ ഒരു സംഭവം മൂത്തമകളുടെ ഈ ‘അളിയോ’ വിളിയിലൂടെ സംഭവിച്ചതായി കൂട്ടിച്ചേര്‍ക്കുകയാണ്. മഞ്ഞുപൊഴിയുന്ന ഒരു വൃശ്ചികദിന പുലരിയില്‍ ഞാനും എന്റെ അപ്പനും മുവാറ്റുപുഴയില്‍ നിന്നും പാലായിലെ വീട്ടിലേക്ക് ബസ്സില്‍ യാത്ര ചെയ്യുകയാണ്.

ബസ്സില്‍ കയറിയാല്‍ എനിക്ക് പെട്ടിപുറത്ത് ഇരിക്കണം.. നിബന്ധമാണ്. അങ്ങനെ, പെട്ടിപുറത്തിരിക്കാന്‍ വാശിപിടിച്ച് കരച്ചില്‍ ആരംഭിച്ചു. ബസ്സില്‍ മുഴുവന്‍ അയ്യപ്പന്മാരാണ്. എന്റെ കരച്ചില്‍ കണ്ടിട്ടാവണം, പെട്ടിപുറത്ത് ഇരുന്നിരുന്ന അയ്യപ്പന്മാര്‍ ഇത്തിരി ഒതുങ്ങി എന്നെ മുന്‍പില്‍ തന്നെ ഇരുത്തി. ഡ്രൈവര്‍ ചേട്ടനും സപ്പോര്‍ട്ടുമായി കൂടെ നിന്നു.

എന്റെ വീരസാഹസികകഥകളും, ശരണം വിളികളുമായി ആ ബസ്സങ്ങനെ മുന്‍പോട്ട് കുതിക്കുകയാണ്. ‘സ്വാമിയേ…’ എന്ന് വിളിക്കുമ്പോള്‍ ‘ശരണമയ്യപ്പാ’ എന്ന് ഞാനും വലിയ വിളിക്കാന്‍ തുടങ്ങി.

കുഞ്ഞു വായിലെ വലിയ വര്‍ത്തമാനങ്ങളും, ശരണം വിളിയും എന്നെ ആ ബസ്സിലെ പ്രധാന ആകര്‍ഷണമാക്കി മാറ്റിയത് കണ്ട് അപ്പനും സന്തോഷിച്ച്, അഭിമാനിച്ച് ഇങ്ങനെ ഇരിക്കുകയാണ്..

ചോദിക്കുന്നവരോടൊക്കെയും, ‘മൂത്ത മോളാണ്, രണ്ടര വയസ്’ എന്നൊക്കെ പറഞ്ഞു കൊടുക്കുന്നുമുണ്ട്.

അങ്ങനെ ഇരിക്കുമ്പോഴാണ്, പെട്ടിപ്പുറത്ത് നിന്നും ‘അളിയോ..’ എന്ന വിളി ദിഗന്ദങ്ങള്‍ പൊട്ടുമാറൊച്ചയില്‍ അപ്പന്റെ കര്‍ണ്ണപുടങ്ങളില്‍ പ്രകമ്പനം കൊള്ളിച്ച് വന്നുപതിച്ചത്..

ബസ്സിലെ ആബാലവൃദ്ധം ജനങ്ങളുടെയും ‘ബുള്‍സ് ഐ’ കണ്ണുകള്‍ അപ്പനിലേക്ക് എത്തിച്ചേരാന്‍ നിമിഷാര്‍ത്ഥങ്ങള്‍ പോലും വേണ്ടിവന്നില്ല…

കര്‍ത്താവേ പണി പാളിയൊ..?

മകള്‍ ‘അളിയോ’ എന്ന് വിളിക്കുന്ന ലോകത്തിലെ ആദ്യത്തെ അപ്പന്‍ താനായിരിക്കുമോ..?

മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ശരവേഗത്തില്‍ കുതിച്ചു പാഞ്ഞു..

അപ്പന്‍ ഒന്നും അറിയാത്ത പോലെ, ‘എന്നെയോന്നുമല്ല കേട്ടോ..’ എന്ന ഭാവത്തില്‍ രംഗം മാനേജ് ചെയ്യാന്‍ ഒരു ശ്രമം നടത്തിവരുമ്പോഴാണ്, ‘അളിയോ.. നമുക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയോ എന്ന് ഈ ഡ്രൈവര്‍ അങ്കിള്‍ ചോദിക്കുന്നു..’ എന്ന അശരീരി മുഴങ്ങിയത്.

ബസ്സിലെ ശരണം വിളികള്‍ തെല്ലൊരു നേരം കൂട്ടച്ചിരിക്ക് വഴിമാറി കൊടുത്തു.

ആ സമയത്ത്, അപ്പന്‍ പതിയെ ചിരിച്ചു ചിരിച്ചില്ല എന്ന പരുവത്തില്‍ ‘ആകുമ്പോ ഞാമ്പറയാം..’ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് തത്കാലം കാന്താരിയുടെ ചോദ്യശരങ്ങളില്‍ രക്ഷപെടാന്‍ നോക്കുകയായിരുന്നു. കാരണം, ഇനിയും ഉത്തരം കൊടുത്തില്ലെങ്കില്‍ അടുത്ത ചോദ്യങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്ന് സാക്ഷാല്‍ ദൈവത്തിന് പോലും അറിയണമെന്നില്ല…

എന്തായാലും ആ ഒരു സംഭവത്തോട് കൂടി എന്റെ ‘അളിയോ..’ വിളിക്ക് കര്‍ട്ടന്‍ വീണു എന്നുമാണ് അമ്മയിലൂടെ ഞാന്‍ കേട്ടറിഞ്ഞ ചരിത്രം..

പിന്നീട്, ‘അപ്പനെ എന്ത് വിളിക്കണം’ എന്ന കണ്‍ഫ്യൂഷനില്‍ നടക്കുന്ന കാ‍ന്താരി കുഞ്ഞമ്മുവിനെയാണ് നിങ്ങള്‍ക്ക് സ്ക്രീനില്‍ കാണാന്‍ സാധിക്കുക.

‘അപ്പന്‍’ എന്നോ ‘പിതാവ്’ എന്നോ അല്ലെങ്കില്‍ ഇത്തിരൂടെ പരിഷ്കരിച്ച്, ‘പിതാശ്രീ’ എന്നോ മകളെക്കൊണ്ട് വിളിപ്പിക്കാനുള്ള അപ്പന്‍റെ ശ്രമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കേഡിയായ അവളോടുവില്‍ സ്വന്തം പിതാശ്രീയെ, നാട്ടുകാരും വീട്ടുകാരും വിളിക്കുന്ന ‘അപ്പച്ചന്‍’ എന്ന പേര് വിളിക്കാന്‍ തുടങ്ങി…

അതായിരുന്നു അവള്‍ക്ക് ചാര്‍ത്തി കിട്ടിയ രണ്ടാമത്തെ ടാഗ് ലൈനായ ‘അപ്പനെ, പേര് വിളിക്കുന്നവള്‍..’ എന്നതിന് പിന്നിലെ കാരണം.

‘ആന്‍ഡ്രൂസ്’ എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെട്ടിരുന്ന അപ്പന്റെ വിളിപ്പേരായിരുന്നു ‘അപ്പച്ചന്‍’.

‘കര്‍ത്താവേ എന്തൊരു പരീക്ഷണം ആണിത്.. ‘അളിയോ’ എന്ന വിളി മാറിയപ്പോള്‍, മകള്‍ തന്നെ പേര് വിളിക്കാന്‍ തുടങ്ങിയേക്കുന്നു. എല്ലാം സ്നേഹത്തിന്റെ പുറത്താണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു റിലാക്സേഷന്‍ ഒക്കെ ണ്ട്…’ അപ്പന്‍ ആത്മഗതിച്ചു.

സ്വന്തം അമ്മയും അപ്പനും അമ്മാവന്മാരും വാത്സല്യത്തോടെ ‘മോനെ അപ്പച്ചാ’ എന്നും, സഹോദരങ്ങളും നാട്ടുകാരും ‘അപ്പച്ചന്‍ ചേട്ടാ’ എന്നും കൂട്ടുകാര്‍ ‘അപ്പച്ചാ’ എന്നും വിളിച്ചിരുന്ന കാലത്താണ് രണ്ടരവയസ്സുള്ള കടിഞ്ഞൂല്‍ സന്താനം ‘അപ്പച്ചാ’ എന്ന വിളിയുമായി രംഗപ്രവേശം ചെയ്യുന്നത് എന്നോര്‍ക്കണം…

“അപ്പച്ചാ.. നിന്റെ മോള്‍ നിന്നെ പേരാണോ വിളിക്കുന്നെ…?” എന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെ അപ്പന്‍ ഒരു തൂമന്ദഹാസവുമായി പിടിച്ചുനിന്നിരിക്കണം…appanഎന്തായാലും, അപ്പനെ വിളിച്ചിരുന്ന പേരുകളുടെ കഥകള്‍ ആണല്ലോ പറഞ്ഞുവന്നത്. അതുകൊണ്ട് തന്നെ, അപ്പന്റെ വിളിപ്പേരുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടെ അയവിറക്കി ഈ കുറിപ്പ് ചുരുക്കുന്നു…

നമ്മുടെ കഥാനായികയുടെ ഒന്നാം ക്ലാസിലെ ആദ്യദിനം. നാട്ടുകാരി കൂടിയായ മേഴ്സി ടീച്ചര്‍ സ്കൂളിലെ ആദ്യദിനത്തില്‍ ചിണുങ്ങി കൊണ്ടിരിക്കുന്ന കുട്ടിപ്പട്ടാളത്തെ ഒന്ന് അടക്കിയിരുത്താനായി ഒരു ഗെയിം ആരംഭിക്കുന്നു..

‘അപ്പനെയും അമ്മയെയും നിങ്ങള്‍ എന്താണ് വിളിക്കുന്നത് എന്ന് ഓരോരുത്തരായി പറയുക..’ അതാണ്‌ ആദ്യ ടാസ്ക്.

അടിപൊളി… ഈസി ഗെയിം. അവള്‍ മനസ്സില്‍ കരുതി.

മുന്‍ ബെഞ്ചില്‍ നിന്നും ഓരോരുത്തരായി അച്ഛന്‍, അച്ചാച്ചന്‍, പപ്പ, പപ്പായി, ഡാഡി… എന്നൊക്കെ എഴുന്നേറ്റു നിന്ന് മണിമണിപോലെ  പറഞ്ഞു വരികയാണ്.

നല്ല പൊക്കം ഉള്ളത് കൊണ്ട് ക്ലാസ്സില്‍ അവസാന ബെഞ്ചിലാണ് എന്‍റെ സ്ഥാനം. മുന്‍പിലിരിക്കുന്ന ഓരോരുത്തരും ബഹുമാനപുരസ്സരം അപ്പനെ വിളിക്കുന്ന പേരുകള്‍ അയവിറക്കുമ്പോള്‍ നമ്മുടെ കഥാനായികയുടെ ഉള്ളില്‍ വെറുതെ ആവശ്യമില്ലാത്ത ഓരോ ചിന്തകള്‍ കയറിക്കൂടി..

‘മേഴ്സി ടീച്ചറും, ക്ലാസ്സിലെ മിക്ക കുട്ടികളും നാട്ടുകാരാണ്. എല്ലാവര്‍ക്കും അപ്പനെ അറിയുകേം ചെയ്യാം. അപ്പൊ പിന്നെ ഞാന്‍ അപ്പനെ, പേരാണ് വിളിക്കുന്നത് എന്നറിയുമ്പോള്‍ എന്ത് വിചാരിക്കും..? പോരാത്തതിന് സ്കൂളിലെ ആദ്യ ദിവസവും. ‘ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രഷന്‍’ എന്നാണല്ലോ ആപ്തവാക്യം…’ കൂലംകുഷമായി ആലോചിച്ച് ആലോചിച്ച്, തത്കാലം ഒരു കുഞ്ഞു കള്ളം പറഞ്ഞ് രക്ഷപ്പെടാം എന്ന് തീരുമാനിക്കുന്നു. അങ്ങനെ എന്‍റെ ബെഞ്ചില്‍ ആദ്യം ഇരുന്നിരുന്ന സോണിയ പറഞ്ഞ ‘പപ്പ’ എന്ന പേര് ഞാനും പറയാന്‍ തീരുമാനിച്ചു. അതാവുമ്പോ ഒരു ഗുമ്മൊക്കെയുണ്ട് താനും.

പരിസരം മറന്ന് ‘പപ്പ’ എന്ന് പലവുരു മനസ്സില്‍ ഉരുവിട്ട് കൊണ്ടിരുന്നപ്പോഴാണ്‌, “അമ്മു ആന്‍ഡ്രൂസ്, നീയെന്താ അപ്പനെ വിളിക്കുന്നത്” എന്ന ചോദ്യവുമായി മേഴ്സി ടീച്ചര്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഉടനെ ചാടി എണീറ്റ്‌ ഉച്ചത്തില്‍ അവള്‍ പറഞ്ഞു…

“പപ്പന്‍”

മനസ്സില്‍ പറഞ്ഞുറപ്പിച്ചിരുന്ന പപ്പ എന്ന വാക്കും, വെപ്രാളത്തില്‍ നാവില്‍ വന്നുചേര്‍ന്ന ഒറിജിനല്‍ പേരും കൂടി ചേര്‍ന്നുണ്ടാക്കിയ അവിഹിതസന്തതിയായിരുന്നു ‘പപ്പന്‍’ എന്ന പുതിയ പേര്.

അങ്ങനെ ഒന്നാം ക്ലാസ്സിലെ ആദ്യദിനം എല്ലാവരുടെയും കൂട്ടച്ചിരിക്ക് ഞാന്‍ കാരണമായല്ലോ എന്ന ചരിതാര്‍തഥ്യത്തോടെ അവസാനിച്ചു. മേഴ്സി ടീച്ചറുടെ അധ്യാപന ജീവിതത്തിലെ ആദ്യദിനം കൂടിയായിരുന്നു അത്; ടീച്ചറും ഈ സംഭവം ഒരിക്കലും മറക്കാനിടയില്ല..

അമ്മു ആന്‍ഡ്രൂസ്.