ഇക്കഴിഞ്ഞ ദിവസം ഉച്ചയുറക്കം കഴിഞ്ഞ്, നമ്മുടെ കുറുമ്പിയായ ഇളയമകള്‍ കുക്കുടു, ഇസബെല്ല(മൂത്തമകള്‍)യോടൊപ്പം കളിക്കുകയായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ CID കണ്ണുകൾ വേസ്റ്റ് ബിന്നിലെ മിട്ടായിയുടെ അവശിഷ്ടം എന്നു തോന്നിക്കുന്ന വർണ്ണകടലാസിൽ പതിയുകയും, അവൾ അത് പുറത്തെടുത്ത് ഉള്ള ‘ടൂൾസ്’ എല്ലാം ഉപയോഗിച്ച് ഇഴകീറി പരിശോധിക്കുകയും,

1. പ്രസ്തുത മിട്ടായി ഒരു മണിക്കൂർ സമയത്തിനുള്ളിൽ കഴിച്ചതാണെന്നും,

2. താന്‍ ഉറങ്ങിയ സമയത്ത് തനിക്ക് തരാതെ ചേച്ചി ഒളിച്ചു കഴിച്ചതാണെന്നും,

3. കൃത്യത്തിനു ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നുമുള്ള അത്യധികം ഗൗരവമാർന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു.

‘ടി’യാൻ പരാതിയുമായി തൊട്ടടുത്ത് ജോലികളിൽ (ഏതോ തള്ളൽ പോസ്റ്റ് തയ്യാറാക്കുന്നതിൽ) വ്യാപൃതയായിരുന്ന വീട്ടിലെ മജിസ്‌ട്രേറ്റ്, ‘അമ്മ’യെ സമീപിക്കുകയും പരാതി വാക്കാൽ തെളിവ് സഹിതം സമർപ്പിക്കുകയും ചെയ്തു..

എന്നാൽ, മജിസ്‌ട്രേറ്റ് ആ കേസ് അരമണിക്കൂർ സമയത്തേയ്ക്ക് നീട്ടി വെച്ചു.. (കാരണം ‘അമ്മ തിരക്കിൽ ആണല്ലോ😜)

മജിസ്‌ട്രേറ്റിന്റെ അത്യന്തം അലക്ഷ്യമായ ഈ പ്രവൃത്തിയിൽ ക്രുദ്ധയായ പരാതിക്കാരി, സ്റ്റേയർ കേസിന്റെ ഇരുളിൽ മറഞ്ഞിരുന്ന ‘പ്രതി’യെ മുടിയിൽ പിടിച്ചു വലിച്ച്, ദൃഷ്ടിയിൽ നിന്നു മാറ്റി ഛന്നം പിന്നം ഇടിയും, അതുകൊണ്ടും കലി തീരാതെ, അവിടെയിവിടെ രണ്ടുമൂന്ന് കടിയും കൊടുത്തു അരിശം തീർത്തു…

പിന്നീട്, പ്രതി വാദിയാവുകയും, വാദി പ്രതിയായി മാറുകയും ചെയ്ത നിമിഷത്തിൽ മജിസ്‌ട്രേറ്റ്‌ അടിയന്തിരമായി കോടതി വിളിച്ചു കൂട്ടുകയും പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി രണ്ടു ക്രീം ബിസ്കറ്റ്, ജ്യൂസ് എന്നിവ രണ്ടു പരാതിക്കാരികൾക്കും നൽകി സമാധാനിപ്പിച്ച്, ടി വി യുടെ മുൻപിൽ ഇഷ്ടമുള്ള കാർട്ടൂണ് ഇട്ടുകൊടുത്ത് ഇരുത്തി..

‘ഹോ.. ഈ കുട്ടികൾ ഒക്കെ എന്തു പാവങ്ങൾ. ഇവർ ഇത്രേയല്ലേ വഴക്ക് ഇടുന്നുള്ളൂ’ എന്നു മനസ്സിൽ വിചാരിച്ച്, നമ്മുടെ മജിസ്‌ട്രേറ്റ്‌ അമ്മ, തന്റെ നെറ്റിയിൽ ഇടതു വശത്തായി കാണുന്ന ‘മുറിപാട്’ തടവി ഏകദേശം ഇരുപത്തഞ്ചോളം വർഷങ്ങൾ പിന്നോട്ട് ഊളിയിട്ടിറങ്ങി…18622106_10212899112849983_8115375164137956243_n

ഫ്ലാഷ്ബാക്ക്😎
…………………………

ഈ ഫ്ലാഷ് ബാക്കിൽ കഥാനായികയ്ക്ക് 6 വയസ്സ്, രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. വില്ലൻ(ത്തി)/, കഥാനായികയുടെ അനിയത്തി, 4 വയസ്സ് നേഴ്സറിയിൽ പഠിക്കുന്നു.

സാഹചര്യം: കഥാനായിക സ്‌കൂൾ വിട്ട്, നേഴ്സറിയിൽ പഠിക്കുന്ന അനിയത്തിയെയും കൂട്ടി ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുന്നു.

നാട്ടിലെ പ്രധാന കേഡികളായി ഇതിനോടകം പേരെടുത്തിരുന്നു ഈ സഹോദരിമാർ👭. അവർ പുല്ലിൽ ചവിട്ടിയുള്ള കളിയും, നിറങ്ങൾ കണ്ടെത്തുന്ന കളിയും കളിച്ച്, ഇടവഴിയിലൂടെ നടന്നു വരുമ്പോൾ, ദാ വരുന്നു വീട്ടിൽ കള്ള് (പന) ചെത്തുന്ന കുട്ടൻചേട്ടൻ.

എല്ലാ ബുധനാഴ്ചയും (പങ്കു കള്ള് കിട്ടുന്ന ദിവസം) വാങ്ങുന്നത് കൂടാതെ, ചേട്ടനെ കണ്ടാൽ പിന്നെ വട്ടം നിന്ന് അടുക്കളയിൽ നിന്നു അടിച്ചു മാറ്റുന്ന സ്റ്റീൽ ചരുവത്തിലും, ഗ്ളാസ്സിലും മധുരകള്ള് വാങ്ങി ആരും കാണാതെ മൊത്തുന്ന ഇവളുമാരുടെ കണ്ണു വെട്ടിച്ച് രക്ഷപ്പെടാൻ കുട്ടൻചേട്ടനും ഒരു ചെറിയ ശ്രമം നടത്തി. പക്ഷെ, അവർ ഇരുവരും ആ സമയം തന്നെ ബാഗ് താഴെ വെച്ച് ചോറ്റുപാത്രം തുറന്നുപിടിച്ച് ചേട്ടന്റെ മുൻപിൽ എത്തിയിരുന്നു. ഗത്യന്തരമില്ലാതെ, ചേട്ടൻ ആ രണ്ടു കുസൃതിക്കുട്ടികൾക്കും ചോറ്റുപാത്രം നിറയെ കള്ള് പകർന്നു നൽകിയിട്ട്, എത്രയും പെട്ടന്ന് അവിടെ നിന്നും സ്ക്കൂട്ടായി.

നമ്മുടെ കഥാനായിക വളരെ ആസ്വദിച്ച്, മൊത്തി മൊത്തി കള്ളുകുടിച്ച് പകുതി ആയപ്പോഴേയ്ക്കും വില്ലത്തിയായ അനിയത്തി, അവളുടെ പങ്കു മുഴുവൻ കുടിച്ചു തീർത്തിട്ട് പാത്രം നീട്ടിപ്പിടിച്ചു നിൽക്കുന്നു. നായിക തിരിഞ്ഞു നോക്കി. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടിട്ടാണോ ആവോ, കുട്ടൻചേട്ടനെ ദൂരെ മങ്ങിയ കാഴ്ചയിൽ പോലും കാണാനില്ല. നാലു കാലും പറിച്ചോടിയിട്ടുണ്ടാവും പാവം…

‘ഉം..’ വില്ലത്തിയായ അനിയത്തി മുരണ്ടു.

ഇനി വേറെ വഴിയില്ല. ഇത്തിരി അവൾക്ക് കൊടുക്കുന്നതാ ആരോഗ്യത്തിനു നല്ലത്. നായിക ഒരല്പം കള്ള് അനിയത്തിയുടെ പാത്രത്തിലേക്ക് പകർന്നു കൊടുത്തു. നിമിഷ നേരങ്ങൾക്കുള്ളിൽ അവൾ അതും കാലിയാക്കി; വീണ്ടും പാത്രം നീട്ടി നിൽപ്പാണ്…

“പറ്റില്ല, ഇനി ഇല്ല. ഇച്ചിരി കൂടെയെ ഉള്ളൂ, അതെനിക്ക് വേണം.. നീ എന്തിനാ ഇങ്ങനെ ആക്രാന്തം കാണിച്ചു കുടിക്കുന്നത്.” എന്നു ചോദിച്ചു തീർന്നില്ല;

ക്രൗര്യം ജ്വലിക്കുന്ന കണ്ണുകളുമായി നമ്മുടെ വില്ലത്തി അനിയത്തി ചേച്ചിയുടെ നെറ്റിയ്ക്കിട്ട് തുറന്ന ചോറ്റുപാത്രം വെച്ചു ശക്തമായ ഒരു താങ്ങ് താങ്ങി..😱

അതേ സുഹൃത്തുക്കളേ, ഒരിത്തിരി കള്ളിന് വേണ്ടി, ആ അനിയത്തി ചോറ്റുപാത്രം കൊണ്ടൊരിടി, അതും നെറ്റിയില്‍. ചോറ്റുപാത്രത്തിന്റെ അരിക് കൊണ്ട് ശക്തമായി ഇടിച്ചതിനാല്‍ നെറ്റി മുറിഞ്ഞു ചോര ഒഴുകാന്‍ തുടങ്ങി. കഥാനായികയ്ക്ക് ചുറ്റിലും നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്ന പോലെ തോന്നി. കിളികൾ പറക്കുന്നത് അനുഭവിച്ചറിഞ്ഞ് കുറച്ചുനേരം അവള്‍ സ്തബ്ധയായി നിന്നു..

ആ സമയം കൊണ്ട് ചേച്ചിയുടെ കയ്യിലെ ചോറ്റുപാത്രം തട്ടിപ്പറിച്ചു ബാക്കിയുണ്ടായിരുന്ന കള്ള് കുടിച്ചു തീർത്ത ശേഷമാണ് ചോരയൊലിപ്പിച്ചു കരയുന്ന ചേച്ചിയെ അവൾ നോക്കിയത് തന്നെ…

“ഹാ .. കഷ്ടം..😐!!”

അപ്പോൾ, തൊട്ടടുത്തു താമസിക്കുന്ന ചിറ്റപ്പൻ അതുവഴി വരികയും, രംഗം കണ്ട് ഉടനെ തന്നെ, ഓട്ടോറിക്ഷയിൽ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. ‘കള്ളിന് വേണ്ടി സഹോദരിമാര്‍ പെരുവഴിയില്‍ അടിപിടി കൂടിയെന്നും, ചേച്ചിയെ അനിയത്തി അതിക്രൂരമായി  പ്രഹരിച്ചു എന്നും നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ടായാതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷകള്‍ നല്‍കി സ്റ്റിച്ച് ഇടുകയും ചെയ്തു…’ ആ നാട്ടിലെ വീടുകളില്‍ ഫ്ലാഷ് ന്യൂസ്‌ പരന്നു…

മരുന്നൊക്കെ വെച്ച്, നെറ്റിയിൽ വലിയ കെട്ടൊക്കെയായി രാജകീയമായ വീട്ടിലെത്തിയ കഥാനായികയ്ക്ക് വീട്ടിൽ കുറച്ചു നാളത്തേക്ക് പ്രത്യേക സഹതാപ പരിഗണന ലഭിക്കുകയും, കൊഞ്ചി, സസുഖം തിന്ന്, വിശ്രമിച്ച്, കഴിയുകയും ചെയ്‌തെങ്കിലും, പിന്നീട് സ്‌കൂളിൽ പോകുന്ന വഴിയിൽ ആളുകൾ ഈ വീരകഥകൾ ഒരല്പം അതിശയോക്തി കലർത്തി പറയുന്നത് അവൾക്ക് ഒരല്പം ക്ഷീണം ഉണ്ടാക്കി എന്നത് സമ്മതിക്കാതെ തരമില്ല. ..

‘എന്നാലും ഒരിത്തിരി കള്ളിന് വേണ്ടി നീയെന്നെ..😮’ കഥാനായിക പലപ്പോഴും മുറുമുറുത്തു.

എന്നു വരികിലും, അനിയത്തിയും സ്‌കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ, കണ്ട അലമ്പ്‌-തല്ലുകൊള്ളി ചെക്കന്മാരൊന്നും തങ്ങളോട് മുട്ടാൻ ധൈര്യം കാണിച്ചിട്ടില്ല എന്ന ആശ്വാസത്തിൽ ആ കഥാനായിക വില്ലത്തിയോട് ക്ഷമിക്കാനുള്ള മനസ്സ് കാണിച്ചു എന്നുമാണ് ചരിത്രം പറയുന്നത്..😎

അമ്മു ആന്‍ഡ്രൂസ്.