മനുഷ്യ ജന്മത്തിൽ അനുഭവിക്കാൻ കഴിയുന്ന ഏറ്റവും സുഖകരമായ ഒരു അനുഭൂതിയാണ് പ്രണയം. പ്രണയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല.
“ചൂടാതെ പോയ് നീ നിനക്കായ് ഞാന്‍
ചോരചാറിചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍..”
എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളും, തങ്കേടത്തിയുടെയും അമ്മിണിയേടത്തിയുടെയും പട്ടു കുപ്പായങ്ങളുടെ കഞ്ഞിപ്പശയുടെയും, കാച്ചിയ എണ്ണയുടെയും ചന്ദനത്തിന്റെയും കൈതപ്പൂവിന്റെയും ഗന്ധങ്ങളെ വാക്കുകളിലൂടെ വരച്ചുകാണിക്കുന്ന എം. ടി യും, പ്രണയത്തെ നിറമായും മണമായും അവര്‍ണ്ണനീയമായ അനുഭൂതിയും നമുക്ക് കാണിച്ചു തരുന്നുണ്ട്.
എല്ലാ വര്‍ഷവും ഫെബ്രുവരി 14 ആം തിയതി ലോകമെമ്പാടും കാമിതാക്കള്‍ക്കായി പ്രണയദിനമായി ആഘോഷിക്കുകയാണ്. വാലന്റൈന്‍ ദിനത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ നമുക്കൊന്ന് യാത്ര പോയാലോ?
പ്രണയത്തിന്റെ താഴ്‌വരയിലൂടെ…
റോമില്‍ നിന്നും ഏകദേശം 104 കി. മീ അകലെയാണ് ഉംബ്രിയ പ്രവിശ്യയിലെ ‘തെര്‍നി’ (Terni) എന്ന പട്ടണം. റോമില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തെര്‍നി, പ്രകൃതി രമണീയമായ പ്രദേശമെന്നതിലുപരി, മറ്റൊരുപാട് സവിശേഷതകള്‍ അവകാശപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
മദ്ധ്യഇറ്റലിയിലെ സാമ്പത്തികമായി ഉയര്‍ന്ന വ്യാവസായിക മേഖലയും, നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന സുന്ദര ഭൂമികയുമായ തെര്‍നിയില്‍ ഞങ്ങള്‍ എത്തിച്ചേരുന്നത് ഒരു ശരത്കാല പുലരിയിലാണ്. മഞ്ഞിന്‍ നനുത്ത കണങ്ങള്‍ പൊതിഞ്ഞ മരച്ചില്ലകളില്‍ ഇണക്കുരുവികളുടെ മര്‍മ്മരവും മനോഹര പുഷ്പങ്ങള്‍ ചന്തം ചാര്‍ത്തുന്ന വഴിയോരങ്ങളും സംഗീത സാന്ദ്രമായ അന്തരീക്ഷവും ‘പ്രണയത്തിന്റെ താഴ്‌വരത്തിലാണ് നീ നില്‍ക്കുന്നത്’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
‘സിറ്റി ഓഫ് ലവേഴ്സ്’; തെര്‍നി
‘നേരോ’ (River Nero) നദിയുടെ താഴ്‌വരങ്ങളില്‍ BC ഏഴാം നൂറ്റാണ്ടില്‍ പടുത്തുയര്‍ത്തിയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായ ഈ പട്ടണം ഒരുപാട് പ്രത്യേകതകള്‍ അവകാശപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ട് മുതല്‍ സ്റ്റീല്‍ വ്യവസായത്തില്‍ പേരെടുത്ത നഗരമാണ് തെര്‍നി. ‘ദി സ്റ്റീല്‍ സിറ്റി’ എന്ന പേരില്‍ പ്രശസ്തമായ തെർനി, ഇറ്റലിയുടെ വ്യാവസായിക വിപ്ലവത്തിന് അടിത്തറയിട്ട നഗരം കൂടിയാണ്. അതിനാല്‍ തന്നെ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഏറ്റവുമധികം ബോംബാക്രമണങ്ങള്‍ നേരിട്ടതും തെര്‍നിയാണ്. ചരിത്രാവശേഷിപ്പുകളും വ്യാവസായിക സംരംഭങ്ങളും തെര്‍നിയെ പ്രശസ്തമാക്കുന്നുണ്ടെങ്കിലും, ആ സിറ്റി ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുന്നത് ‘സിറ്റി ഓഫ് ലവേഴ്സ്’ എന്ന പേരിലാണ്…
ലോകമെമ്പാടുമുള്ള കാമിതാക്കള്‍ പ്രണയദിനമായി കൊണ്ടാടുന്ന ഫെബ്രുവരി 14, വാലന്റൈന്‍ ദിനത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് തെര്‍നി. പ്രണയത്തിന്റെ അപ്പസ്തോലനായി, മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച ‘വാലന്റൈന്‍’ എന്ന വൈദീകന്റെ ഓര്‍മ്മക്കായിട്ടാണ് ലോകമെമ്പാടും വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്.

തെര്‍നിയില്‍ ക്രൈസ്തവ സഭയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുകയും, നന്നേ ചെറുപ്രായത്തില്‍ തന്നെ തെര്‍നിയുടെ ആദ്യബിഷപ്പ് ആയി സ്ഥാനമേറ്റ് ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്ത വ്യക്തിയാണ് വി. വാലന്റൈന്‍. അദ്ദേഹത്തിന്‍റെ ദൈവവിശ്വാസത്തിലും അതിലുപരി ജനസമ്മിതിയിലും ഭയന്ന ഔറെലിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ കാരാഗ്രഹത്തിലടച്ച് പീഡകള്‍ക്ക് വിധേയനാക്കി വധിക്കുകയായിരുന്നു.

AD 273 ഇല്‍ റോമന്‍ പടയളികളാല്‍ കൊല ചെയ്യപ്പെട്ട വാലന്റൈന്‍ പുണ്യാളന്റെ സ്മാരകമാണ് തെര്‍നിയിലെ സെ. വാലന്റൈന്‍ ബസിലിക്ക. പച്ചപ്പട്ടുടുത്ത ഈ പട്ടണത്തിന്റെ പേട്രണ്‍ കൂടിയാണ് വി. വാലന്റൈന്‍. വഴിയരികിലെ ഓരോ മരത്തിനും ഇണക്കുരുവികളുടെ മര്‍മ്മരങ്ങളുടെ കഥ പറയുന്നുണ്ടായിരുന്നു. പാതയോരങ്ങളിൽ പലവർണ്ണങ്ങളിലുള്ള പൂക്കളും ബൊക്കെകളും കയ്യിലേന്തിയ പൂക്കച്ചവടക്കാർ മനോഹരമായ പ്രണയസൂക്തങ്ങള്‍ ഏറ്റുപറയുന്നത് പോലെ. കല്ലുകള്‍ പാകിയ മനോഹര വീഥികളിലൂടെ ശാന്തവും സുന്ദരവുമായ ആ പട്ടണത്തിലൂടെ നടക്കുമ്പോള്‍ നമ്മുടെ മനസും പ്രണയാര്‍ദ്രമായി മാറുന്നു…
ഫെബ്രുവരിയിലെ തെര്‍നി
ഫെബ്രുവരി മാസം തെര്‍നിയിലെ വീഥികള്‍ ജനസാഗരമാകും. വാലന്റൈന്‍ ദിനം ആഘോഷിക്കുന്നതിനും പുണ്യാളന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനും ‘എന്‍ഗേജ്മെന്റ് സെറെമണി’ എന്ന ചടങ്ങില്‍ പങ്കെടുക്കാനുമായി വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തി ചേരാറുള്ളത്. (ആ വര്‍ഷം വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്ന കാമിതാക്കള്‍ ഫെബ്രുവരി 14 നോട് അനുബന്ധിച്ചുള്ള ഞായറാഴ്ച തെര്‍നിയിലെത്തുകയും പ്രത്യേകമായ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് പ്രണയം ഏറ്റുപറഞ്ഞ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന ചടങ്ങാണ് എന്‍ഗേജ്മെന്റ് സെറെമണി)
ഫെബ്രുവരി 14ആം തിയതി ഓരോ മണിക്കൂറിലും ഇടവിട്ട് കുര്‍ബ്ബാനയും പ്രത്യേക ചടങ്ങുകളും ഉണ്ടായിരിക്കും. ഫെബ്രുവരിയില്‍ ഈ പള്ളിയുടെ മുന്‍പിലുള്ള പാതയില്‍ കടകളും, പൂക്കച്ചവടക്കാരും വിവിധ കലാപരിപാടികളുമൊക്കെയായി ഉത്സവപ്രതീതി ആയിരിക്കുമത്രേ.

പ്രണയ സ്മാരകമായി സെ. വാലന്റൈന്‍ ബസിലിക്ക
നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി സെ. വാലന്റൈന്‍ പാതയുടെ (Via San Valentino) ഒടുവിലായി മന്ദസ്മിതം പൊഴിച്ച് നില്‍ക്കുകയാണ് ലാളിത്യത്തിന്റെ പ്രതീകമായ സെ. വാലന്റൈന്‍ ബസിലിക്ക. വിവാഹ കര്‍മ്മങ്ങള്‍ക്ക് ലോകപ്രശസ്തമാണ് ഈ ബസിലിക്ക. പ്രണയത്തിന്റെ ഈ അനുഗ്രഹീത മണ്ണില്‍ വെച്ച് വിവാഹിതരാകാനായി ആഗ്രഹിച്ച് ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും വിവാഹദിന ബുക്കിംഗിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന കാമിതാക്കള്‍ ഉണ്ടത്രേ…
സെ. വാലന്റൈന്‍ ബസിലിക്ക നൂറു പേരെ ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പം മാത്രമുള്ള തീരെ ചെറിയതും ലളിതവുമായ പള്ളിയാണ്. പള്ളിയുടെ ഉള്ളില്‍ തിരക്ക് ഉണ്ടായിരുന്നില്ല എന്നതിനാല്‍ തന്നെ ശാന്തമായി ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ ഉതകുന്ന അന്തരീക്ഷമായിരുന്നു.
മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ വളരെ വലുതും ആഡംബരം നിറഞ്ഞതുമായ ആരാധനാലയങ്ങള്‍ കണ്ടു ശീലിച്ച കണ്ണുകള്‍ക്ക് മുന്‍പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ലാളിത്യത്തിന്റെ പര്യായമായ സെ. വാലെന്റൈന്‍ ബസിലിക്ക. തൊട്ടടുത്ത മണിക്കൂറില്‍ നടക്കാന്‍ പോകുന്ന വിവാഹത്തിനു മുന്നോടിയായുള്ള വയലിന്‍ സംഗീതം അവിടമാകെ പ്രണയം നിറച്ചു. വി. വാലന്റൈന്‍ പുണ്യാളന്റെ ശവമഞ്ചത്തിനു മുകളിലായി ഒരുക്കിയിരിക്കുന്ന അള്‍ത്താരയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും എണ്ണഛായാ ചിത്രവുമാണ് പള്ളിയുടെ ഉള്ളിലെ കാഴ്ചകള്‍.
വിവാഹകര്‍മ്മത്തിനുള്ള ആളുകള്‍ ഓരോരുത്തരായി എത്തി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പതിയെ പുറത്തേയ്ക്കിറങ്ങി. വധൂവരന്മാരുടെ കണ്ണുകളില്‍ പ്രണയം ജ്വലിക്കുന്നത് അനുഭവവേദ്യമാകുന്നുണ്ടായിരുന്നു. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് അതീവ സുന്ദരിയായി പിതാവിന്റെ കൈകള്‍ പിടിച്ച് പള്ളിയിലേക്ക് പ്രവേശിക്കുന്ന ആ അമേരിക്കന്‍ യുവതിയെ നോക്കി, സെ. വാലന്റൈന്‍ വീഥികളിലെ കല്ലുകള്‍ സോളമന്റെ ഉത്തമഗീതങ്ങള്‍ ഏറ്റുപറയുന്നത് പോലെ…
“നീ സുന്ദരിയാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെ പോലെയാണ്. നിന്റെ മൊഴികള്‍ മധു ഊറുന്നവയാണ്. നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്. പാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം. സമര്‍ത്ഥനായ ശില്പി തീര്‍ത്ത കോമളമായ രത്ന ഭൂഷണം പോലെയാണ് നിന്റെ നിതംബം. സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപൂക്കള്‍ അതിരിട്ട ഗോതമ്പ് കൂനയാണ് നിന്റെ ഉദരം. ഇരട്ട പിറന്ന മാന്‍കുട്ടികളെ പോലെയാണ് നിന്റെ സ്തനങ്ങള്‍. അധരങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞ് പോലെയായിരിക്കട്ടെ നിന്റെ ചുംബനങ്ങള്‍..”

താരതമ്യേന സന്ദര്‍ശകര്‍ കുറവുള്ള സമയത്താണ് തെര്‍നി സന്ദര്‍ശിച്ചതെങ്കിലും, അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരുന്നു ‘ദി സിറ്റി ഓഫ് ലവേഴ്സ്, തെര്‍നി’ സമ്മാനിച്ചത്…
എന്നെകിലും ഒരിക്കല്‍, വാലന്റൈന്‍ ദിനത്തില്‍ അവിടം ഒരിക്കല്‍ കൂടി സന്ദര്‍ശിക്കണം എന്ന ആഗ്രഹം മനസ്സില്‍ കനപ്പെട്ടു വന്നു. ഫെബ്രുവരി മാസത്തില്‍ സെ. വാലന്റൈന്‍ പാതയിലൂടെ ഒഴുകി നീങ്ങുന്ന ജനസാഗരത്തെ മനസ്സില്‍ കണ്ടുകൊണ്ട് പ്രണയം നിറങ്ങള്‍ ചാലിച്ച മനസ്സുമായി ഞങ്ങള്‍ അവിടെ നിന്നും മടങ്ങി…
അമ്മു ആന്‍ഡ്രൂസ്.
ചിത്രങ്ങള്‍ : ഫാ. സാമുവെല്‍ (Samuel Paickattethu)