‘കാര്‍ണിവല്‍’ എന്ന പേര് കേട്ടപ്പോൾ തന്നെ മമ്മൂട്ടി, പാർവതി, സുകുമാരൻ, ബാബു ആന്റണി എന്നിവരൊക്കെ അഭിനയിച്ച പഴയ മലയാളസിനിമ (പി.ജി.വിശ്വംഭരൻ, 1989) മനസ്സിലേക്ക് ഓടിവന്നുവോ? അല്ലെങ്കില്‍ കൊച്ചിന്‍ കാര്‍ണിവല്‍ കാഴ്ചകൾ മനസിൽ തെളിഞ്ഞുവോ?

എന്നാൽ, നിറങ്ങളിൽ നീരാടുന്ന ഇറ്റലിയിലെ കാര്‍ണിവല്‍ ആഘോഷത്തെക്കുറിച്ച് പറയട്ടെ..

ഇറ്റലിയിലെ ശൈത്യകാല ആഘോഷങ്ങളിൽ ഒന്നാണ് ‘കാർണിവൽ’. ഇറ്റലിയുടെ അങ്ങേയറ്റമായ മിലാൻ മുതൽ ഇങ്ങേയറ്റമായ സിസിലിയുടെ കൊച്ചുപട്ടണങ്ങളിൽ വരെ പ്രായവ്യത്യാസങ്ങളില്ലാതെ രണ്ടാഴ്ചയോളം രാപകൽ കൊണ്ടാടുന്ന ഒരു വലിയ ആഘോഷമാണിത്. ഈ സമയത്ത് ഇറ്റലിയിൽ എവിടെ സഞ്ചരിച്ചാലും വെട്ടിനുറുക്കിയ വർണ്ണക്കടലാസ്സുകൾ വാരിവിതറി (കൊറിയാന്തൊളി) പ്രച്ഛന്നവേഷങ്ങളിൽ ആളുകളെ കാണാൻ സാധിക്കും എന്നതാണ് കാർണിവലിനെ ആകർഷകമാക്കുന്നത്.carnevale final

കുട്ടികളാണെങ്കിൽ അവർക്കേറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായി വേഷംമാറിയിട്ടുണ്ടാവും. ഫ്രോസനിലെ അന്നയായോ എൻസയായോ, സോഫിയ രാജകുമാരിയായോ, ഡോറയായോ, സിൻഡ്രെല്ലയായോ വേഷം ധരിച്ചുനടക്കാനാണ് പെൺകുട്ടികൾക്ക് ആഗ്രഹമെങ്കിൽ സൂപ്പർമാനായും സ്പൈഡർമാനായും കൗബോയ്‌ ആയും, കടൽക്കൊള്ളക്കാരനായും ആൺകുട്ടികളും വേഷം കെട്ടുന്നു. ഈ ആഘോഷത്തിന് പ്രായവ്യത്യസങ്ങൾ ഇല്ലായെന്നതിനാൽത്തന്നെ രാജാക്കമാരായോ സേനാനായകന്മാരായോ ഭടന്മാരായോ മൃഗങ്ങളായോ വിവാഹവസ്ത്രങ്ങളിലോ അണിഞ്ഞൊരുങ്ങി മുതിർന്നവരെയും കാണാൻ സാധിക്കും.maxresdefault

കാര്‍ണിവല്‍ സ്പെഷ്യല്‍ ആയി തയ്യാറാക്കുന്ന പലനിറങ്ങളിലുള്ള മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ബിസ്കറ്റുകളും ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്…

എന്താണ് കാര്‍ണിവല്‍?

ഈസ്റ്ററിന് ഒരുക്കമായായുള്ള ‘വലിയ നോമ്പിന്’ മുന്നോടിയായി കൊണ്ടാടുന്ന ഒരു ആഘോഷമാണ് കാർണിവല്‍. വലിയ നോമ്പിൽ ആഘോഷങ്ങൾക്കും മാംസവിഭവങ്ങൾക്കും നിയന്ത്രണം ഉള്ളതിനാൽ നോമ്പ് തുടങ്ങുന്നതിനു മുൻപ് ആടിയും പാടിയും തീറ്റയും കുടിയുമായി കാർണിവൽ ആഘോഷിക്കുന്നു എന്നതാണ് കാര്‍ണിവലിന്റെ പ്രത്യേകത. കാർണിവൽ എന്ന വാക്ക് ‘കാർനേം ലെവാരെ’ (carnem levare = take away the meat) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. വീഭൂതി ബുധനാഴ്ച (Ash Wednesday)യ്ക്ക് തലേ ദിവസം (Fat Tuesday, Shrove Tuesday ) തരാതരം മാംസം കഴിച്ചും, ആവോളം ലഹരിപാനീയങ്ങൾ കുടിച്ചും, നൃത്തം ചവിട്ടിയും, രാജകീയപ്രൗഢിയിൽ വസ്ത്രങ്ങൾ ധരിച്ചും ആഘോഷിക്കുന്നു എന്നതാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് പിന്നിലെ കഥ.

(നാട്ടിൽ നോമ്പ് തുടങ്ങുന്നതിനു തലേദിവസം ‘പേത്തറുത്ത’ എന്ന പേരിൽ നമ്മുടെ വീടുകളിലും ആഘോഷമാക്കാറുണ്ട് . എല്ലാ സ്ഥലത്തും ഇങ്ങനെ ആണോ പറയുന്നത് എന്നറിയില്ല. പാലാകാർക്ക് കപ്പയും ഇറച്ചിക്കറിയും മസ്റ്റാണ്. )

വിശ്വപ്രസിദ്ധമായ വെനീസിലെ കാര്‍ണിവല്‍

ഇറ്റലിയിൽ അങ്ങോളമിങ്ങോളം കാർണിവൽ ആഘോഷങ്ങളുണ്ടെങ്കിലും ‘വെനീസിലെ കാർണിവൽ’ ലോകപ്രശസ്തമാണ്. വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതാണ് വെനീസിലെ നിറങ്ങളിൽ നീരാടുന്ന കാർണിവൽ നാളുകൾ. ഫെബ്രുവരി മാസം ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് വെനീസിലെ കാർണിവലിൽ പങ്കെടുക്കാനും ആസ്വദിക്കാനുമായി എത്തിച്ചേരുന്നത്.

വെനീസിലെ കാർണിവലിന്റെ ഏറ്റവും വലിയ പ്രത്യേകത വെനേഷ്യൻ കരവിരുതിൽ വിരിയുന്ന മുഖം മൂടികളാണ്. മുഖം പൂർണ്ണമായോ ഭാഗികമായോ മറയ്ക്കുന്ന രീതിയിലുള്ള പല നിറങ്ങളിൽ അലങ്കാര പണികൾ ചെയ്ത മാസ്കുകൾ. ഇങ്ങനെ മാസ്ക് ധരിക്കുന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട്.negozio-della-maschera-di-carnevale-di-venezia-51722258

മുഖംമൂടികള്‍ക്കുമുണ്ട് ഒരു കഥ പറയാന്‍…

നൂറ്റാണ്ടുകൾക്ക് മുൻപ് ഇറ്റലിയിലെ സാമൂഹികവ്യവസ്ഥ ഇന്നത്തെപ്പോലെ ആയിരുന്നില്ല. ജന്മിമാരും സാധാരണക്കാരും തമ്മിലുള്ള അന്തരം വളരെ കൂടുതലായിരുന്നു. കാർണിവൽ നാളുകളിലെങ്കിലും സമൂഹത്തിലെ എല്ലാവരും തുല്യരായിരിക്കണം എന്ന ഉദ്ദേശത്തിലാണ് മുഖം മൂടികൾ ധരിച്ചു സ്വന്തം വ്യക്തിത്വം മറച്ചുവെച്ചിരുന്നത്. ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ വേറെയും പല കാരണങ്ങളുമുണ്ട്. ചിലർ ജന്മിമാരിൽ നിന്ന് അവകാശങ്ങൾ നേടിയെടുക്കാനോ അന്യായങ്ങൾക്കെതിരെ പ്രതികരിക്കാനോ വേണ്ടിയാവാം. ചിലരാകട്ടെ പ്രണയാഭ്യർത്ഥന നടത്താൻ വേണ്ടിയും മുഖം മറച്ചിരുന്നു. മറ്റുചിലർ വിനോദത്തിനായി ആണുങ്ങൾ പെണ്ണുങ്ങളായും പെണ്ണുങ്ങൾ ആണുങ്ങളായും വേഷം കെട്ടുകയും ജന്മിമാരെപോലെ സർവ്വഭാരണ വിഭൂഷിതരായി രാജകീയമായി വേഷം ധരിക്കുകയുമൊക്കെയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് കാർണിവൽ നാളുകളിൽ ചെയ്തിരുന്നത്.16729474_10211919428958498_6581684019827229354_n

കാർണിവൽ ദിനത്തിലെ അത്താഴത്തിനു ശേഷം മിച്ചംവരുന്ന മാംസവിഭവങ്ങൾ വീടിന് പുറത്തേക്കെറിഞ്ഞു കാർണിവലിനെ അന്വർത്ഥമാക്കുമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾ ഇങ്ങനെ പുറത്തേയ്ക്ക് എറിയുന്ന ഭക്ഷണപദാർത്ഥങ്ങൾ ശേഖരിക്കുകയും പതിവായിരുന്നത്രെ..VELA_1065-1400x930

1162ലാണ് വെനീസിൽ ആദ്യമായി കാർണിവൽ ആഘോഷങ്ങൾ നടന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. എന്നാൽ പിന്നീട് സുരക്ഷാകാരണങ്ങളാൽ മുഖംമൂടി ധരിച്ചുള്ളതോ അല്ലാത്തതോ ആയ കാർണിവൽ ആഘോഷങ്ങൾക്ക് പലപ്പോഴായി വിലക്കുകൾ വന്നു. ഇറ്റലിയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും വിനോദസഞ്ചാരത്തെ ത്വരിതപ്പെടുത്താനുമായി 1979 ഇൽ കാർണിവൽ ആഘോഷങ്ങൾ പുനരാവിഷ്കരിച്ചു.

കാര്‍ണിവല്‍ നാളുകളില്‍ വെനീസ്..

ഇന്നത്തെ കാർണിവൽ ആഘോഷങ്ങൾ നയനാന്ദകരമായ കാഴ്ചകളാണ്. വെനീസിലെ തെരുവീഥികളോരോന്നും നിറങ്ങളിൽ നീരാടിയ പ്രൗഢഗംഭീരമായ വസ്ത്രങ്ങൾ ധരിച്ച കലാകാരന്മാരെകൊണ്ടു നിറയും. തെരുവുകലാപ്രകടനങ്ങളും കാർണിവൽ വേഷധാരികളുടെ ഘോഷയാത്രകളും ലോകപ്രശസ്തരായ കലാകാരന്മാരുടെ പ്രകടനങ്ങളുമൊക്കെയായി വെനീസ് ആഘോഷങ്ങളിൽ മുങ്ങിനിവരും.16711724_10211919429918522_6219636553153458330_n

ചെറിയ വള്ളങ്ങളിൽ കാർണിവൽ വസ്ത്രങ്ങൾ
ധരിച്ചവർ ജലഘോഷയാത്ര നടത്തുന്നതും കാർണിവലിന്റെ ആകർഷങ്ങളിൽ ഒന്നാണ്. ഏറ്റവും പ്രധാന സ്ഥലമായ സെന്റ് മാർക്സ് ചത്വരത്തിൽ (പ്യാത്സാ ദി സാൻ മാർക്കോ) ഏറ്റവും നന്നായി വേഷം ധരിച്ചവർക്കുള്ള മത്സരങ്ങളുമൊക്കെയായി ഉത്സവതിമിർപ്പിലാവും വെനീസിലെ  ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങള്‍…

അമ്മു ആൻഡ്രൂസ്.

Picture Courtesy: Google