ലോകത്തിന്റെ ഏതു കോണില്‍ നിന്നായാലും, എത്ര മുന്തിയ കേക്ക് കഴിച്ചാലും, ‘കേക്ക്’ എന്ന് പറഞ്ഞാല്‍ നമുക്ക് പ്ലം കേക്ക് തന്നെയാണ്. കിസ്മിസും അണ്ടിപ്പരിപ്പും നിറഞ്ഞ, നെയ്യുടെയും റമ്മിന്റെയും ഗരംമസാലയുടെയും സുഗന്ധവും രുചിയും പേറുന്ന നമ്മുടെ സ്വന്തം പ്ലം കേക്ക്…

നമ്മുടെയൊക്കെ ചെറുപ്പത്തിലെ ക്രിസ്തുമസിന് പ്ലം കേക്കിന്‍റെ രുചി കൂടി ഉണ്ടായിരുന്നു. നവംബര്‍ മാസം മുതല്‍ ടെലിവിഷന്‍ പരസ്യങ്ങളിലും ബേക്കറികളിലും കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ പ്ലം കേക്കുകള്‍ സ്ഥാനം പിടിക്കും. ആ സമയങ്ങളില്‍ വീട്ടില്‍ എത്തിച്ചേരുന്ന അതിഥികളുടെ കയ്യിലെ സമ്മാനപ്പൊതികളില്‍ പ്ലം കേക്ക് ചിരിച്ചു കൊണ്ടിരിപ്പുണ്ടാവും. കേക്ക് മേളകളായും ക്രിസ്തുമസ് ആഘോഷങ്ങളായും പ്ലം കേക്ക് നമ്മെ മാടി വിളിക്കുന്നുണ്ടാവും.. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂളില്‍ തിരികെ എത്തുമ്പോള്‍ പ്ലം കേക്കുകള്‍ പങ്കുവെച്ചു കഴിക്കുന്നതും എത്രയോ മനോഹരമായ ഓര്‍മ്മകളായി നമ്മള്‍ ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്… ശരിയല്ലേ?

വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കവുന്നതെയുള്ളൂ നമ്മുടെ രുചികരമായ പ്ലം കേക്ക്… ഓവനില്‍ തയ്യാറാക്കാവുന്ന ഒരു പ്ലം കേക്ക് പാചകവിധി പരിചയപ്പെടുത്തുകയാണ്…

പ്ലം കേക്ക്

ചേരുവകള്‍

  • മൈദ : 200gm
  • പഞ്ചസാര : 150 gm
  • മുട്ട : 3 എണ്ണം
  • വാനില എസ്സൻസ്: 3 തുള്ളി
  • നെയ്യ്/ബട്ടർ/റിഫൈന്‍ഡ് ഓയില്‍: 150 gm
  • ഗരം മസാല: അര ടീസ്പൂൺ
  • റം : അര കപ്പ്
  • ഡ്രൈ ഫ്രൂട്ട്സ് : ഒരു പിടി വീതം കിസ്മിസ്, കാഷ്യൂ നട്ട്‌സ്, ഓറഞ്ച് തൊലി ഉണങ്ങിയത്, ടൂട്ടി ഫ്രൂട്ടി, ഈന്തപ്പഴം, ഉണങ്ങിയ ആപ്രിക്കോട്ട് etc.
  • കാരമലൈസ് ഷുഗർ സിറപ്പ്: കാൽ കപ്പ്

കാരമലൈസ് സിറപ്പ് തയ്യാറാക്കാം:

ചുവടു കട്ടിയുള്ള ഒരു പാനിൽ രണ്ട് സ്പൂണ്‍ പഞ്ചസാര ചൂടാക്കുക. (തവി കൊണ്ട് ഇളക്കരുത്) ചൂടായി ഉരുകി വരുന്ന മുറയ്ക്ക് തീ താഴ്ത്തി വെക്കുക. നല്ല കടും മെറൂണ്‍ നിറത്തിൽ പഞ്ചസാര ഉരുകി വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി ചെറുതായി ചൂടാറാൻ അനുവദിക്കുക. പൂർണ്ണമായി തണുക്കാൻ പാടില്ല. അതിലേക്ക്, തിളച്ച വെള്ളം കുറേശ്ശെ അരികുകള്‍ വഴി ഒഴിച്ചു കൊടുത്ത് വീണ്ടും ചൂടാക്കുക. ഉരുകിയ പഞ്ചസാരയും തിളച്ച വെള്ളവും യോജിച്ചു ഒരു ലായനി പരുവം ആകുന്നത് വരെ തിളക്കാൻ അനുവദിക്കുക. സ്പൂണോ, തവിയോ ഇട്ട് ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം. വേണമെങ്കിൽ മാത്രം പാൻ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. നല്ല കടും മെറൂണ്‍ നിറത്തിലുള്ള കാരമലൈസ് സിറപ്പ് തയ്യാറായി കഴിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി തണുക്കാൻ അനുവദിക്കുക.

ഡ്രൈ ഫ്രൂട്ട്സ് : ഒരു പിടി വീതം കിസ്മിസ്, കാഷ്യൂ നട്ട്‌സ്, ഓറഞ്ച് തൊലി ഉണങ്ങിയത്, ടൂട്ടി ഫ്രൂട്ടി, ഈന്തപ്പഴം, ഉണങ്ങിയ ആപ്രിക്കോട്ട് etc. എന്നിവ ഒരു ചില്ല് കുപ്പിയിൽ നിറച്ച് റം ഒഴിച്ച് രണ്ടാഴ്ചയോളം വെക്കണം.

തയ്യാറാക്കുന്ന വിധം;

  1. കേക്ക് ഉണ്ടാക്കാനുള്ള ട്രെയ്‌ എണ്ണ/ബട്ടർ പുരട്ടി മൈദ തൂവി തയ്യാറാക്കി വെക്കുക. ഓവൻ 150 ഡിഗ്രി ചൂടിൽ പ്രീ ഹീറ്റ് ചെയ്യുക.
  2. മൈദ, ബെക്കിങ് പൗഡർ, ബെക്കിങ് സോഡാ എന്നിവ നന്നായി അരിച്ചു യോജിപ്പിച്ചു വെക്കുക.
  3. മുട്ടയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റ് ചെയ്തു യോജിപ്പിക്കുക. അതിലേക്ക് എസ്സൻസ് ചേർത്ത ശേഷം നെയ്യ്/ബട്ടർ/ഓയില്‍ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് നല്ലതാണ്.
  4. മൈദ മിശ്രിതം കുറേശ്ശെയായി മുട്ട മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക.
  5. അവസാനമായി കാരമലൈസ് മിശ്രിതവും ചേർത്ത് യോജിപ്പിച്ചു കഴിഞ്ഞു ഡ്രൈ ഫ്രൂട്ട്സ് ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ കേക്കിനുള്ള ബാറ്റർ തയ്യാറായി കഴിഞ്ഞു.
  6. ട്രേയിൽ മുക്കാൽ ഭാഗം വരെ ബാറ്റർ ഒഴിച്ചു പ്രീ ഹീറ്റ് ചെയ്ത ഓവനിൽ ബേക്ക് ചെയ്യുക. ബെക്കിങ് ടൈം ഏകദേശം 30-40 മിനിറ്റ് ആണ്. ട്രേയുടെ വലിപ്പവും ഓവൻ കപ്പാസിറ്റിയും അനുസരിച്ച് ബെക്കിങ് ടൈം വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.Presentation3

കേക്കിന്റെ വേവ് എങ്ങിനെ മനസ്സിലാക്കാം?

കേക്കിന്റെ അരികുകൾ ട്രേയിൽ നിന്നും വിട്ടു വന്നു കഴിഞ്ഞാൽ കേക്ക് ഏകദേശം തയ്യാറായി എന്ന് അനുമാനിക്കാം. ഒരു ചെറിയ ഫോർക്കോ ക്നൈഫോ ഉപയോഗിച്ച് കേക്കിന്റെ നടുവിൽ കുത്തിനോക്കിയ ശേഷം സ്പൂണ്‍ പുറത്തെടുക്കുമ്പോൾ മാവ് മിശ്രിതം സ്പൂണില്‍ പറ്റി പിടിച്ചിട്ടില്ലെങ്കിൽ കേക്ക് റെഡിയായി എന്നു മനസ്സിലാക്കാം. ഓവൻ ഓഫ് ചെയ്ത് കേക്ക് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം കേക്കിന്റെ പുറമേ റം കുറേശ്ശെയായി ബ്രഷ് ചെയ്യുക. കേക്ക് തയ്യാറാക്കിയ ശേഷം, ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിയുമ്പോള്‍ കേക്കിന്റെ രുചി വര്‍ദ്ധിക്കും എന്നതാണ് അനുഭവം..

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

* കേക്കിന്റെ ബാറ്റര്‍ തയ്യാറാക്കുമ്പോള്‍ ഒരുപാട് അയഞ്ഞ പരുവത്തില്‍ വരാതിരിക്കാനായി ശ്രദ്ധിക്കണം. കാരണം, ബാറ്റര്‍ ലൂസ് ആയാല്‍, ഡ്രൈ ഫ്രൂട്ട്സ് ചേര്‍ത്ത് ബേക്ക് ചെയ്യുമ്പോള്‍, അടിഞ്ഞു കൂടി കേക്കിന്റെ അടിവശത്ത് മാത്രം ഫ്രൂട്ട്സ് ഒന്നിച്ചു കൂട്ടംകൂടി കിടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ചേരുവകള്‍ എടുക്കുന്ന സമയം മുതല്‍ ജലാംശം കുറക്കാന്‍ ശ്രദ്ധിക്കണം.

** ബേക്കിങ്ങിനായി ഓവനിലെക്ക് വെച്ച ശേഷം, മാവ് നന്നായി പൊങ്ങി വന്നു കഴിയുമ്പോള്‍, ചൂട് ഒരല്പം കുറച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍, ചൂടു കൂടി കേക്കിന്റെ മുകളില്‍ കരിഞ്ഞ് വിള്ളല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരല്പം ക്ഷമയോടെ ബേക്കിംഗ് സമയത്ത് ശ്രദ്ധിച്ചാല്‍, വളരെ ഭംഗിയില്‍ പ്ലം കേക്ക് ഉണ്ടാക്കിയെടുക്കാം..

അമ്മു ആന്‍ഡ്രൂസ്.