1599 ലെ ഒരു നരച്ച പകല്‍…

ഇറ്റലിയിലെ നാപ്പോളി (Naples — Napoli) പ്രവിശ്യയില്‍ സാര്‍നോ നദിയിലെ ജലം വഴിതിരിച്ചുവിടുന്നതിനുള്ള ഭൂഗര്‍ഭടണലിന്‍റെ നിര്‍മ്മാണത്തിലായിരുന്നു ഒരുകൂട്ടം ജോലിക്കാര്‍. വെസൂവിയസ് പര്‍വതത്തിന്‍റെ താഴ്വരയിലുള്ള തോറെ അനുണ്‍സിയാത്ത (Torre Annunziata, Napoli)യിലുള്ള കൌണ്ട് മ്യൂസിയോ തുത്താവില്ലയുടെ (Count Muzzio Tuttavilla) കൊട്ടാരത്തിലേയ്ക്ക് സാര്‍നോ നദിയിലെ ജലം എത്തിക്കുക എന്നതായിരുന്നു ദൌത്യം. അവിടുത്തെ പ്രാദേശികഭരണാധികാരിയായിരുന്ന അദ്ദേഹം അതിനു നിയോഗിച്ചത് ഇറ്റലിയിലെ അന്നത്തെ പ്രശസ്ത ആര്‍ക്കിടെക്റ്റായ ഡൊമിനിക്കോ ഫൊണ്ടാനയെയായിരുന്നു. അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലുള്ള ജോലികള്‍ വെസൂവിയസിന്‍റെ തെക്കേ താഴ്വരയില്‍ അപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കുഴിയ്ക്കല്‍ ഒരു ഭാഗത്തെത്തിയപ്പോള്‍ അവര്‍ കൌതുകകരമായ ചില വസ്തുക്കള്‍ കണ്ടുതുടങ്ങി. ആദ്യം കണ്ടത് ഒരു വീടിന്‍റെ ഭിത്തിയും അതിലെ ഒരു ചിത്രവുമായിരുന്നു. തുടര്‍ന്ന് ചില കെട്ടിടങ്ങളുടെ ഭാഗങ്ങളും വീഥികളും ചുമര്‍ചിത്രങ്ങളും ശിലാലിഖിതങ്ങളുമൊക്കെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതറിഞ്ഞ ഫോണ്ടാന ഉടനടി അവിടേയ്ക്കെത്തി. അതിനെ തുടര്‍ന്നുള്ള ജോലികള്‍ അവരെ നയിച്ചത് ഒരു പുരാതന നാഗരികതയുടെ കണ്ടെത്തലിലേയ്ക്കായിരുന്നു. ‘Decurio Pompeii’ അഥവാ ‘പോംപെയുടെ ടൌണ്‍ കൌണ്‍സിലര്‍’ എന്ന് കാണപ്പെട്ട ശിലാലിഖിതം മറവിയിലാണ്ടുകിടന്ന ആ റോമന്‍ പട്ടണത്തെ വീണ്ടും വെളിച്ചം കാണിക്കുകയായിരുന്നു.

അവിടെ നിന്ന് ലഭിച്ച വസ്തുക്കള്‍ എണ്ണമറ്റതായിരുന്നു; വിലമതിക്കാനാകാത്തതും. പക്ഷെ, ഒരു പ്രശ്നമുണ്ടായിരുന്നു. അവയില്‍ പലതും കാമോദ്ദീപകങ്ങളും ലൈംഗികച്ചുവയുള്ളതുമായിരുന്നു; പ്രത്യേകിച്ച്, അവിടെ കണ്ടെടുത്ത ചുവര്‍ചിത്രങ്ങള്‍. Counter-Reformation എന്നറിയപ്പെട്ട ക്രൈസ്തവനവോത്ഥാനപ്രസ്ഥാനത്തിന്‍റെ ഭാഗമായി അക്കാലത്ത് നിലനിന്നിരുന്ന അമിതസദാചാരബോധം ആ വസ്തുക്കളില്‍ പലതിനെയും വീണ്ടും കുഴിച്ചുമൂടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. വിലക്കപ്പെട്ട ചരിത്രത്തെ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അവ മണ്ണിലേയ്ക്കുതന്നെ മടക്കി അയയ്ക്കപ്പെട്ടു. കണ്ടെടുക്കപ്പെട്ടുവെങ്കിലും വീണ്ടും മണ്ണിനടിയില്‍ കഴിയുവാനായിരുന്നു ആ നഗരത്തിന്‍റെ വിധി.

പോംപെയ് നഗരം വെളിച്ചം കാണുന്നു..

1738 ല്‍ നേപ്പിള്‍സിലെ രാജാവായിരുന്ന ബോര്‍ബോണിലെ ചാള്‍സി(Charles of Bourbon)ന് വേനല്‍ക്കാലവസതി നിര്‍മ്മിക്കുവാന്‍ കുഴിയെടുത്തപ്പോള്‍ കാണപ്പെട്ട ‘ഹെര്‍ക്കുലേനിയം’ പട്ടണത്തിന്‍റെ വീണ്ടെടുക്കലാണ് പോംപെയുടെ നാമം ലോകത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്‌. പോംപെയ്ക്കൊപ്പം വെസൂവിയസിന്‍റെ കോപത്തില്‍പെട്ട് മണ്ണടിഞ്ഞുപോയ പട്ടണമായിരുന്നു ഹെര്‍ക്കുലേനിയവും. എന്നിട്ടും പിന്നെയും നിരവധി വര്‍ഷങ്ങളെടുത്തു, മണ്ണിനും ചാരത്തിനുമടിയില്‍ മറഞ്ഞുകിടന്ന പോംപെയ് നഗരം ലോകത്തിന്‍റെ കണ്‍മുന്നിലെത്താന്‍.

1748ല്‍ പോംപെയ് പട്ടണത്തിന്‍റെ പര്യവേക്ഷണത്തിനായി അക്കാലത്തെ പ്രശസ്ത സ്പാനിഷ് മിലിട്ടറി സര്‍വേയിംഗ് എഞ്ചിനീയറായിരുന്ന Rocco Gioacchino de Alcubiere നിയോഗിക്കപ്പെട്ടു. അങ്ങനെ പോംപെയ് പട്ടണത്തെ ഇരുളിന്‍റെ മറനീക്കി പുറത്തുകൊണ്ടുവരുവാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. വെളിപ്പെട്ടത് എല്ലാ അര്‍ത്ഥത്തിലും ഒരു മഹാത്ഭുതം തന്നെയായിരുന്നു.

ഊനം തട്ടാത്ത കെട്ടിടങ്ങളും കല്ലു പാകിയ തെരുവീഥികളും നിറഞ്ഞ ഒരു പരിഷ്കൃത നഗരത്തിന്‍റെ മുഖം മെല്ലെ വെളിവാകുകയായിരുന്നു. 1863 ല്‍ ഖനനത്തിന്‍റെ ചുമതല ഏറ്റെടുത്ത ജൂസപ്പെ ഫിയോറെല്ലി(Giusappe Fiorelli)യാണ് ചാരത്തിന്‍റെ പാളികള്‍ക്കിടയില്‍ കാണപ്പെട്ട ശൂന്യഭാഗങ്ങളിലെ മനുഷ്യശരീരാവശിഷ്ടങ്ങള്‍ ശ്രദ്ധിച്ചത്. ദ്രവിച്ചുപോയ മനുഷ്യശരീരങ്ങളാണ് ഈ ശൂന്യതയ്ക്കു കാരണം എന്ന് മനസ്സിലാക്കിയ അദ്ദേഹം ഈ ശൂന്യതയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ് നിറച്ച് വെസൂവിയന്‍ ഇരകളുടെ രൂപങ്ങള്‍ പുനര്‍നിര്‍മ്മിച്ചു. ആ രൂപങ്ങളാണ് പോംപെയുടെ നാശത്തിന്‍റെ ഭീകരത ലോകത്തിനു വെളിവാക്കിത്തന്നത്.

പഴയ പോംപെയ് നഗരത്തിന്‍റെ ഭൂരിഭാഗവും വീണ്ടെടുക്കപ്പെട്ടുവെങ്കിലും മണ്ണിനടിയില്‍ മറഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ ഇനിയും നിരവധിയാണ്. 1748 ല്‍ ആരംഭിച്ച ഉദ്ഖനനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പോംപെയിലെ കണ്ടെടുക്കലുകള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്ന കാഴ്ചകള്‍ തികച്ചും അനന്യമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്ന ഒരു പരിഷ്കൃതജനത, ‘പോംപെയ്’ എന്ന അവരുടെ ആസൂത്രിതനഗരം, അവിടത്തെ സൌകര്യങ്ങള്‍, ‘വെസൂവിയസ്’ എന്ന അഗ്നിപര്‍വതത്തിന്‍റെ കോപത്തിനടിപ്പെട്ട് മണിക്കൂറുകള്‍ കൊണ്ടുള്ള മണ്മറഞ്ഞുപോയ ഒരു നഗരം, പ്രകൃതി തന്‍റെ ചിറകിന്‍കീഴില്‍ അതിനെ കാത്തുവച്ച നീണ്ട പതിനേഴ്‌ നൂറ്റാണ്ടുകള്‍, അതിനുശേഷമുള്ള നഗരത്തിന്‍റെ വീണ്ടെടുക്കല്‍… ഒരു യക്ഷിക്കഥ പോലെ വിചിത്രമായ ഇതിനെ എന്തിനോടാണ് ഉപമിക്കാനാവുക?

കാലത്തിന്‍റെ അനുസ്യൂതമായ ഒഴുക്കിനൊപ്പം ഒരു പൊങ്ങില പോലെ നീങ്ങിക്കൊണ്ടിരുന്ന നഗരവും ജനതയും പിടിച്ചുകെട്ടിയതുപോലെ നിന്നുപോയത് ഏതാനും മണിക്കൂറുകള്‍ കൊണ്ടായിരുന്നു. അതെ, CE 79ലാണ് ക്രുദ്ധനായ ‘മൌണ്ട് വെസൂവിയസ്’ തന്‍റെ തീനാവിനാല്‍ പോംപെയ് പട്ടണത്തെ നക്കിത്തുടയ്ക്കുന്നത്.

വെസൂവിയസിന്‍റെ കോപം

160 ഏക്കര്‍ വിസ്തൃതിയുള്ള, ചുറ്റുമതിലുകളാല്‍ വേര്‍തിരിക്കപ്പെട്ട, നിരവധി സൌകര്യങ്ങള്‍ നിറഞ്ഞ, എല്ലാ അര്‍ത്ഥത്തിലും പരിഷ്കൃതമായ ഒരു നഗരമായിരുന്നു പോംപെയ്. BCE എട്ടാം നൂറ്റാണ്ടിലാണ് പോംപെയ് നഗരം രൂപം പ്രാപിച്ചുതുടങ്ങിയത് എന്നാണ് കരുതപ്പെടുന്നത്. 16,000 മുതല്‍ 20,000 വരെയായിരുന്നു പോംപെയിലെ അവസാനകാലത്തെ ജനസംഖ്യ. റോമാസാമ്രാജ്യത്തിലെ ഉന്നതര്‍, പ്രഭുക്കന്മാര്‍, ഭരണത്തിന്‍റെ ഉത്തുംഗപദവിയിലിരുന്നവര്‍, സൈനികത്തലവന്മാര്‍, സമ്പന്നരായ വണിക്കുകള്‍ മുതലായ വരേണ്യവര്‍ഗത്തില്‍പെട്ടവരായിരുന്നു പോംപെയിലെ പ്രധാന താമസക്കാര്‍. കൂടാതെ അവരുടെ ജോലിക്കാര്‍, അടിമകള്‍, കച്ചവടക്കാര്‍, അവരുടെ നേരംപോക്കുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഗ്ലാഡിയേറ്റര്‍മാര്‍, വേശ്യകള്‍ മുതലായവരും…

CE 79 ലെ ഒരു മദ്ധ്യാഹ്നം. കൃത്യമായി പറഞ്ഞാല്‍ CE 79 ഓഗസ്റ്റ്‌ 24 ചൊവ്വാഴ്ച. ഉഷ്ണത്തിന്‍റെ ആലസ്യത്തിലാണ് പോംപെയ് നഗരം. വളര്‍ത്തുമൃഗങ്ങള്‍ പതിവില്ലാത്തവിധം പെരുമാറുന്നതും അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നതും എന്തിനെന്ന് പലര്‍ക്കും മനസ്സിലായില്ല. എന്നാല്‍, വെസൂവിയസിന്‍റെ കൊച്ചുവികൃതികള്‍ക്കുള്ള മുന്നോടിയാണത് എന്ന് പഴമക്കാരില്‍ പലരും തിരിച്ചറിഞ്ഞു. എന്നിട്ടും, കുറച്ചുദിവസങ്ങളായി ഉണ്ടാകാന്‍ തുടങ്ങിയ ആ ചെറിയ ഭൂമികുലുക്കങ്ങള്‍ ആരുമത്ര കാര്യമാക്കിയില്ല. കാരണം, വെസൂവിയസിന്‍റെ ഉള്ളറകളിലെ ചില്ലറ പൊട്ടിത്തെറികള്‍ ചെറിയ കുലുക്കങ്ങള്‍ ഉണ്ടാക്കുന്നത് സാധാരണമായിരുന്നു. CE 62ലെ ഭൂമികുലുക്കം പോംപെയ് ഉള്‍പ്പെടെയുള്ള സമീപനഗരങ്ങള്‍ക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ 295 വര്‍ഷങ്ങളായി മൌണ്ട് വെസൂവിയസ് പൊട്ടിത്തെറിച്ചിട്ടില്ല എന്നതിനാല്‍ ഒരു അഗ്നിപര്‍വതസ്ഫോടനം ആരുടേയും ചിന്തകളില്‍ പോലുമില്ലായിരുന്നു.

വെസൂവിയസിന്റെ കോപം ഒരു ചെറിയ ദൃശ്യാവിഷ്കാരം കാണാം

വെസൂവിയസിന്‍റെ സ്ഫോടനത്തെക്കുറിച്ച് ഒരു നേര്‍ചിത്രം തരുന്നത് പ്ലിനി (Pliny, the Younger) തന്‍റെ സുഹൃത്തിനെഴുതിയ കത്തുകളാണ്. പോംപെയില്‍ നിന്ന് 21 കിലോമീറ്ററോളം ദൂരെയുള്ള തുറമുഖപട്ടണമായ മിസെനത്തില്‍ നിന്നാണ് പ്ലിനി ആ കാഴ്ച കാണുന്നത്. ശക്തമായ ആദ്യസ്ഫോടനത്തിന്‍റെ ഫലമായുണ്ടായ മേഘരൂപത്തെ പ്ലിനി ഉപമിക്കുന്നത് ഒറ്റത്തടിയും മുകളില്‍ മാത്രം ശാഖകളുമുള്ള ഉയരമുള്ള മെഡിറ്ററേനിയന്‍ പൈന്‍ മരത്തോടാണ്. ഇടയ്ക്കിടെ വെളുത്തും ഇരുണ്ടും കാണപ്പെട്ട ആ മേഘപടലം അതിലെ മണല്‍ത്തരികളുടെയും ചാരത്തിന്‍റെയും ഭാരം നിമിത്തം താഴേയ്ക്ക് പരക്കാന്‍ തുടങ്ങി. തത്ഫലമായി ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പോംപെയ് പട്ടണം ഇരുളിലാണ്ടു. അധികം താമസിയാതെ എങ്ങും ചാരം അടിഞ്ഞുതുടങ്ങി.

പകല്‍ അര്‍ദ്ധരാത്രി പോലെയായ ആ ദിവസം വെസൂവിയസ് തുടരെത്തുടരെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. പതിവിനു വിരുദ്ധമായി അന്ന് കാറ്റ് വീശിയത് അഗ്നിപര്‍വതത്തില്‍ നിന്നും പോംപെയിലേയ്ക്കുള്ള ദിശയിലായിരുന്നു. ആ കാറ്റ് ചുടുവാതകങ്ങളും ചാരവും ശിലാവശിഷ്ടങ്ങളും ഉള്‍പ്പെട്ട മേഘപടലം കൊണ്ട് പട്ടണത്തെ മൂടി.

അവിടെയെങ്ങും സ്ത്രീകളുടെ ആര്‍ത്തനാദങ്ങള്‍ മുഴങ്ങി; ആണുങ്ങള്‍ നിസ്സഹായതരായി അലറിവിളിച്ചു; കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കേണു; വൃദ്ധര്‍ മരണഭയത്താല്‍ ദൈവങ്ങളെ വിളിച്ചു കരഞ്ഞുപ്രാര്‍ഥിച്ചു. പക്ഷെ, ഒരു ദൈവവും ആ പ്രാര്‍ഥനകള്‍ കേട്ടില്ല; മരണത്തിന്‍റെ ഇരുട്ട് അവിടമെങ്ങും നിറഞ്ഞു.

കാറ്റിന്‍റെ സഹായത്തോടെ വെസൂവിയസ് പോംപെയ് പട്ടണത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു. 250 °C യില്‍ അധികം ചൂടോടുകൂടി ശക്തിയായി വീശിയ ആ വാതകങ്ങള്‍ ഏല്‍പ്പിച്ച താപാഘാതമായിരുന്നു പോംപെയ് നിവാസികളുടെ പെട്ടെന്നുള്ള മരണകാരണം. അവരുടെ ശ്വാസകോശങ്ങളെ ഉയര്‍ന്ന ചൂടിലുള്ള ആ വാതകങ്ങള്‍ എരിച്ചുകളഞ്ഞു. അതുകൊണ്ടുതന്നെ അവരുടെ മരണം വളരെപ്പെട്ടെന്നായിരുന്നു.

കൂടുതല്‍ പേരും തങ്ങളുടെ ജീവിതത്തിന്‍റെ അവസാനനിമിഷങ്ങളില്‍ എന്തുചെയ്തുകൊണ്ടിരുന്നോ, അതേ രീതിയില്‍ത്തന്നെ മരണത്തിലേയ്ക്ക് നടന്നുകയറി. ഇന്നവിടെ കാണുന്ന കമിതാക്കളുടെയും, അമ്മയുടെയും കുഞ്ഞിന്‍റെയും, തൊഴിലാളികളുടെയും, ഭടന്മാരുടെയുമൊക്കെ പ്ലാസ്റ്റര്‍ ഓഫ് പാരിസ് രൂപങ്ങള്‍ അതാണ്‌ നമ്മോടു വിളിച്ചുപറയുന്നത്. മറ്റു ചിലര്‍ക്ക് കിട്ടിയതോ, ഏതാനും നിമിഷങ്ങള്‍ മാത്രവും. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയും, തലയിണ കൊണ്ട് മറ തീര്‍ക്കാന്‍ ശ്രമിക്കുന്ന മനുഷ്യനും ഒക്കെ അതിന്‍റെ ഉദാഹരണങ്ങളാണ്.

ആറു മണിക്കൂറിനിടയില്‍ 12 പാളികളായി ചാരവും ശിലാവശിഷ്ടങ്ങളും അടിഞ്ഞത് ഏകദേശം 25 മീറ്റര്‍ കനത്തിലായിരുന്നു. അത് നഗരത്തെ ലോകത്തിന്‍റെ കണ്ണില്‍ നിന്നുതന്നെ മറച്ചുകളഞ്ഞു. എന്നിട്ടും കാലം തന്‍റെ ചിറകുകള്‍ക്കടിയില്‍ പോംപെയ് നഗരത്തെ ഒളിപ്പിച്ചുവച്ചത് ഏതാനും വര്‍ഷങ്ങളൊന്നും ആയിരുന്നില്ല; നീണ്ട പതിനേഴ്‌ നൂറ്റാണ്ടുകള്‍ ആയിരുന്നു…

ഇന്നത്തെ പോംപെയ്

ഉദ്ദേശം 26 ലക്ഷം സഞ്ചാരികള്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുന്ന പോംപെയ് ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. വെസൂവിയസ് നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമായ പോംപെയ് 1997ല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി UNESCO പ്രഖ്യാപിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പ്രൌഡിയുടെ ഒരു ഭാഗം മാത്രമേ ഇപ്പൊഴുള്ളുവെങ്കിലും അന്നത്തെ പോംപെയ് എന്തായിരുന്നുവെന്ന് നമ്മെ മനസിലാക്കിത്തരാന്‍ ഇപ്പോഴും ആ നഗരത്തിനു കഴിയുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

പൊടുന്നനെ നിലച്ചുപോയ ഘടികാരസൂചികള്‍ പോലെ കാലദേശങ്ങള്‍ മരവിച്ചുനില്‍ക്കുന്ന കാഴ്ചയാണ് പോംപെയില്‍ ഇന്നു നാം കാണുന്നത്. ചരിത്രം ചാരം മൂടിക്കിടന്ന നീണ്ട 1700 വര്‍ഷങ്ങള്‍. ഇക്കാലത്തിനിടയില്‍ നാശം സംഭവിച്ചത് തടികൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ക്ക് മാത്രമായിരുന്നു. കല്ലും ഇഷ്ടികയും മണ്ണും കൊണ്ട് നിര്‍മ്മിച്ചവയെല്ലാം കാലത്തിനെ അതിജീവിച്ചു.

നാല് നിലകള്‍ വരെയുള്ള കെട്ടിടങ്ങള്‍, നഗരത്തിനു ചുറ്റുമായുള്ള കൂറ്റന്‍ മതിലുകള്‍, പല ഭാഗത്തായുള്ള കവാടങ്ങള്‍, ഇഷ്ടിക കൊണ്ടുള്ള വലിയ തൂണുകള്‍, കരിങ്കല്ലും കുമ്മായക്കൂട്ടും കൊണ്ട് നിര്‍മ്മിച്ച ഭിത്തികള്‍, ഉരുളന്‍കല്ലുകള്‍ പാകിയൊരുക്കിയ തെരുവീഥികള്‍, കൊത്തുപണികള്‍ നിറഞ്ഞ കൃഷ്ണശിലകള്‍, വെണ്ണക്കല്ലു കൊണ്ടുള്ള സ്തൂപങ്ങള്‍, പൊതുടാപ്പുകള്‍, വീതിയുള്ള പാതകള്‍ ഇവയൊക്കെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നതാണ് എന്ന വസ്തുത നമ്മെ വിസ്മയിപ്പിയ്ക്കും. ചെറിയ ഇഷ്ടികകള്‍ അടുക്കി നിര്‍മ്മിച്ച വലിയ ആര്‍ച്ചുകള്‍ അത്ഭുതകരമാണ്.

ves thmu 1
പോംപെയ് നഗരത്തിലെ കാഴ്ചകള്‍

BCE ആറാം നൂറ്റാണ്ടു മുതലുള്ള കെട്ടിടങ്ങള്‍ ഉണ്ടവിടെ. വളരെ വലിയ കല്ലുകള്‍ അടുക്കി നിര്‍മ്മിച്ചവയാണ്‌ ചില കെട്ടിടങ്ങള്‍; ചിലതിന്‍റെ നിര്‍മ്മാണത്തിന് പവിഴപ്പുറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. മൊസൈക്ക് ചിത്രപ്പണികള്‍ നിറഞ്ഞ ആരാധനാലയങ്ങള്‍, പ്ലാസ്റ്റര്‍ ചെയ്ത് ചായം പൂശിയ ചുമരുകള്‍, അനവധിയായ ചുമര്‍ചിത്രങ്ങള്‍, ബൃഹത്തായ ജലവിതരണസംവിധാനം, ചൂടുവെള്ളം വിതരണം ചെയ്യാനുള്ള ചെമ്പുപൈപ്പുകള്‍, മലിനജലത്തിന് പ്രത്യേകം പൈപ്പ് ലൈനുകള്‍ എന്നിവ അന്നത്തെ ഏറ്റവും പരിഷ്കൃതരായിരുന്ന ജനതയുടെ ജീവിതനിലവാരം എന്തായിരുന്നു എന്നു നമ്മെ ബോധ്യപ്പെടുത്തും.

നഗരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് സ്ഥിതിചെയ്തിരുന്നതും നഗരം മുഴുവന്‍ വെള്ളമെത്തിക്കാന്‍ പ്രാപ്തവുമായിരുന്ന കസ്തെല്ലം അക്വേ (Castellum Aquae) എന്ന വാട്ടര്‍ ടാങ്കും പൈപ്പ്‌ലൈനുകള്‍ ഉപയോഗിച്ചുള്ള ജലവിതരണസംവിധാനവും അന്നത്തെ ഹൈഡ്രോളിക് എഞ്ചിനീയറിങ്ങിന്‍റെ മകുടോദാഹരണമാണ്. ഫൗണ്ടനുകള്‍ അലങ്കരിക്കുന്ന പൂന്തോട്ടങ്ങള്‍, ജലസേചനകനാലുകള്‍, ശവക്കല്ലറകള്‍, മുന്തിരിത്തോട്ടങ്ങള്‍, വൈന്‍ നിര്‍മ്മാണശാലകള്‍ എന്നിവയും പലയിടത്തായി ഉണ്ടായിരുന്നു.

ves thommu 2
ആര്‍ച്ച് വാതിലുകള്‍, പൊതുജലവിതരണ സംവിധാനങ്ങള്‍

ചുമരലങ്കാരങ്ങളും ചുമര്‍ചിത്രങ്ങളും നിറഞ്ഞ, വലിപ്പം കൊണ്ടും സൌകര്യങ്ങള്‍ കൊണ്ടും മികച്ചുനില്‍ക്കുന്ന, ഉദ്യാനത്തോടും അനേകം മുറികളോടുംകൂടിയ, നടുമുറ്റമുള്ള നിരവധി ആഡംബരഭവനങ്ങള്‍ നമുക്കവിടെ കാണാം. സമൂഹത്തിലെ ഉന്നത പദവികള്‍ വഹിച്ചിരുന്നവരുടെയും, സമ്പന്നകുടുംബങ്ങളുടെയും അനേകം വസതികള്‍ വീണ്ടെടുക്കാനും തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. അതിനു സഹായകമായത് അവിടെനിന്ന് കണ്ടെടുത്ത ശിലാലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരുന്ന വീട്ടുടമസ്ഥരുടെ പേരും, അവരുടെ പദവിയുമായിരുന്നു.

ves thommu 4
ചിത്രപ്പണികള്‍ ചെയ്ത ചുവരുകള്‍

ദൈനംദിനജീവിതത്തിന്‍റെ കേന്ദ്രമായിരുന്നു ‘ഫോറം’ എന്നറിയപ്പെട്ടിരുന്ന നഗരത്തിന്‍റെ ഹൃദയഭാഗം. ചതുരാകൃതിയിലുള്ള ഈ പൊതുസ്ഥലത്തായിരുന്നു പൊതുഭരണകാര്യാലയങ്ങളും, പൊതുപ്രാധാന്യമുള്ള കെട്ടിടങ്ങളും, പ്രധാനവീഥികളും സ്ഥിതി ചെയ്തിരുന്നത്. ഫോറത്തിലെ ഏറ്റവും പ്രധാന കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ‘ബസിലിക്ക’ എന്ന പേരിലുള്ള നീതിന്യായക്കോടതി. കോമിത്തിയം (Comitium) എന്ന വോട്ടെടുപ്പുകേന്ദ്രം, മുനിസിപ്പല്‍ കെട്ടിടങ്ങള്‍ എന്നിവയും ഫോറത്തിന്‍റെ ഭാഗങ്ങളായിരുന്നു. സാര്‍നോ നദീമുഖത്തു സ്ഥിതി ചെയ്തിരുന്ന BCE ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ Triangular Forum പുരാതനവിശുദ്ധസ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെട്ടിരുന്നു.

ves thommu 5
ഫോറം, കോമിത്തിയം, ബസിലിക്ക, കാര്യാലയങ്ങള്‍..

70 BCE യില്‍ നിര്‍മ്മിക്കപ്പെട്ട ആംഫിതീയറ്റര്‍ റോമാസാമ്രാജ്യത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന ആംഫിതീയറ്ററുകളില്‍ ഒന്നാണ്. 20,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന ഈ ആംഫിതീയറ്റര്‍ സമീപപട്ടണങ്ങളിലുള്ളവരുടെയും വിനോദോപാധിയായിരുന്നു. പൊതുജനങ്ങളെ രസിപ്പിക്കുന്നതിനുള്ള മല്ലയുദ്ധങ്ങളും നാടകങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറിയിരുന്നത് ഇവിടെയായിരുന്നു. 1748ല്‍ വീണ്ടെടുക്കപ്പെട്ട തീയറ്റര്‍ പലപ്പോഴും കാണികള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കാരണമായിട്ടുണ്ട്. ‘ഗ്ലാഡിയേറ്റേഴ്സ്’ എന്നറിയപ്പെട്ടിരുന്ന പോരാളികള്‍ക്ക് താമസിക്കുന്നതിനുള്ള ബാരക്കുകളും ഇതിനു സമീപത്തുതന്നെയായിരുന്നു.

ves thommu 6
ചെറുതും വലതുമായ ആംഫിതിയേറ്ററുകളുടെ അകത്തുനിന്നും പുറത്തു നിന്നുമുള്ള കാഴ്ചകള്‍ (Odeon- Small Theatre and Large Theatre)

BCE രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ Grand Theatreന്‍റെ കവാടത്തിലുള്ള ശിലാലിഖിതത്തില്‍ മുഖ്യശില്പിയായ മാര്‍ക്കസ് ആര്‍റ്റോറിയസ് പ്രിമസിന്‍റെ പേര് കൊത്തിവച്ചിട്ടുണ്ട്. സംഗീത പരിപാടികള്‍ നടന്നിരുന്നത് ബഹുവര്‍ണ്ണത്തിലുള്ള മാര്‍ബിള്‍ കല്ലുകളാല്‍ നിര്‍മ്മിതമായ Small Theatre എന്നറിയപ്പെട്ട Odeonല്‍ ആയിരുന്നു.

പോംപെയിലെ പത്തായപ്പുരയിലായിരുന്നു പുരാവസ്തുക്കളുടെ ഏറ്റവും വലിയ കണ്ടെത്തല്‍ ഉണ്ടായത്. പഴം-പച്ചക്കറി ചന്തയായും ഉപയോഗിച്ചിരുന്ന ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടത് ഉദ്ദേശം 9000 കലാശില്പമാതൃകകളാണ്. കളിമണ്‍പാത്രങ്ങളുടെ വലിയ ശേഖരം ഇവിടെ കാണാന്‍ കഴിയും. വൈനും മത്സ്യസൂപ്പും കൊണ്ടുപോകുവാനുപയോഗിച്ചിരുന്ന വലിയ ഭരണികള്‍, പാചകത്തിനായുള്ള കലങ്ങളും പാത്രങ്ങളും, ജഗ്ഗുകളും കുപ്പികളും, പിടികളുള്ള വലിയ മണ്‍ജാറുകള്‍ എന്നിവ ഇവിടെ കാണാം. അന്നത്തെ അപകടത്തില്‍ മരണപ്പെട്ടുപോയ ഒരു നായയുടെ രൂപം അവിടെ സൂക്ഷിച്ചിരിക്കുന്നു.

ves thommu 7
മ്യൂസിയത്തില്‍ പ്രത്യേകമായി സംരക്ഷിച്ചിരിക്കുന്ന വലിയ കൂജകളും, ജാറുകളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും

നഗരത്തിന്‍റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന Sanctuary of Apollo എന്ന് ഇന്നറിയപ്പെടുന്ന ആരാധനാലയം BCE ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതും BCE മൂന്നാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിതതുമാണെന്ന് കരുതപ്പെടുന്നു. പട്ടണത്തിന്‍റെ വടക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന BCE 80ല്‍ നിര്‍മ്മിക്കപ്പെട്ട ജുപ്പിറ്റര്‍ ദേവന്റെ അമ്പലങ്ങള്‍ (Temple of Jupiter), വീനസിന്‍റെ ദേവാലയം, അഥീനയുടെയും ഹെര്‍ക്കുലീസിന്‍റെയും പേരിലുള്ള ആരാധനാലയങ്ങള്‍, ഐസിസിന്‍റെ ദേവാലയം എന്നിങ്ങനെ വേറെയും നിരവധി ആരാധനാലയങ്ങള്‍ അവിടെയുണ്ട്…

ലൂപ്പനാര്‍

പോംപെയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളിലൊന്ന് ലൂപ്പനാര്‍ (Lupanar) എന്നറിയപ്പെടുന്ന വേശ്യാലയമാണ്. ഗ്രീസില്‍നിന്നും പൌരസ്ത്യദേശത്തുനിന്നുമുള്ള അടിമകളെയാണ് വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നത്. രണ്ടു നിലകളിലായുള്ള ഈ കെട്ടിടത്തിന്‍റെ മുകള്‍നില ഉടമസ്ഥന്‍റെയും അടിമകളുടെയും താമസസ്ഥലമായിരുന്നു. താഴത്തെ നിലയായിരുന്നു വേശ്യാലയം. രതിചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്ന പ്രധാനഇടനാഴിയുടെ വശങ്ങളിലാണ് അതിഥികളെ സ്വീകരിക്കാനുള്ള മുറികള്‍.

ves thommu 3
ലൂപ്പനാറിന്റെ ചിത്രപ്പണികള്‍ ചെയ്ത ചുവരും മുറിയും

വസ്ത്രങ്ങള്‍ കഴുകുന്നതിനുള്ള പൊതുസംവിധാനമായ Fullery of Stephanus, ഉന്നതര്‍ക്ക് മദ്യവും ഭക്ഷണവും വിളമ്പിയിരുന്ന House and Thermopolium of Vetutius, ബീന്‍സ്, കാബേജ്, ഉള്ളി, ഫലവര്‍ഗങ്ങള്‍ മുതലായവയുടെ വിപണനം നടന്നിരുന്ന House of the Europa Ship, 13 പേരുടെ ദേഹങ്ങള്‍ കണ്ടെടുത്ത Garden of the fugitives, പത്തൊന്‍പതാം നൂറ്റാണ്ടില്‍ വീണ്ടെടുക്കപ്പെട്ട കന്നുകാലിച്ചന്തയായ Forum Boarium, ചുടുഭോജ്യങ്ങള്‍ ഉണ്ടാക്കി വില്പന നടത്തിയിരുന്ന Thermopolium, വിവിധതാപനിലകളില്‍ കുളിക്കുവാന്‍ സജ്ജമാക്കിയിരുന്ന പൊതുകുളിപ്പുരകള്‍… പട്ടിക ഇങ്ങനെ നീളുന്നു. ബ്രെഡും മറ്റ് മധുരപലഹാരങ്ങളും ഉണ്ടാക്കിവിറ്റിരുന്ന ബേക്കറിയില്‍ ധാന്യം പോടിക്കുന്നതിനുള്ള മില്ലുകളും ഉണ്ടായിരുന്നു. ഇത്തരം ഉദ്ദേശം മുപ്പതോളം ബേക്കറികള്‍ പോംപെയ് പട്ടണത്തിലുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

നമ്മുടെ ഹൃദയം നിലച്ചുപോകുന്നത് ദുരന്തത്തിന്‍റെ ഭീകരത വെളിവാക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരിസ് രൂപങ്ങള്‍ കണ്ണില്‍പ്പെടുമ്പോഴാണ്. കാരണം, അവ വെറും പ്ലാസ്റ്റര്‍ ഓഫ് പാരിസ് രൂപങ്ങളല്ല എന്നത് തന്നെയാണ് കാരണം! നമ്മെപ്പോലെ ചോര ഞരമ്പുകളില്‍ ഓടിയിരുന്ന, മജ്ജയും മാംസവുമുള്ള, സ്വപ്നങ്ങളും ചിന്തകളുമുള്ള മനുഷ്യരായിരുന്നു അവര്‍. രക്ഷപെടാന്‍ കഴിയാതെ അന്നവിടെ മരിച്ചത് ഏകദേശം രണ്ടായിരത്തോളം പേരായിരുന്നു. ആ രൂപങ്ങള്‍ അത്ര പെട്ടെന്നൊന്നും നമ്മുടെ മനസ്സില്‍ നിന്നിറങ്ങിപ്പോകില്ല.

ves thommun 8
പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് നിര്‍മ്മിച്ച മനുഷ്യപ്രതിരൂപങ്ങള്‍

പോംപെയില്‍നിന്നു കണ്ടെടുക്കപ്പെട്ട നിരവധി വിശിഷ്ടവസ്തുക്കളും ചിത്രങ്ങളും ഇന്ന് നേപ്പിള്‍സിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലാണുള്ളത്. 1940 മുതല്‍ 1945 വരെയുണ്ടായ ആംഗ്ലോ- അമേരിക്കന്‍ ബോംബിങ്ങില്‍ പല കെട്ടിടങ്ങള്‍ക്കും നാശം സംഭവിക്കുകയുമുണ്ടായി. ഇനിയും നിരവധി പട്ടണഭാഗങ്ങള്‍ വീണ്ടെടുക്കാനുമുണ്ട്. ‘കണ്ടവ വിശിഷ്ടം, കാണാനുള്ളവ അതിവിശിഷ്ടം’ എന്നൊക്കെ പറയാമെങ്കിലും ഇന്ന് പോംപെയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നവയൊക്കെത്തന്നെ നമുക്ക് അത്ഭുതങ്ങളാണ്; കാലം നമുക്കായി കാത്തുവച്ച മഹാത്ഭുതം. കേവലം അന്‍പതോ നൂറോ വര്‍ഷങ്ങള്‍ക്കു മുന്‍പുപോലും നമുക്കോ നമ്മുടെ പിതാമഹന്‍മാര്‍ക്കോ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ജീവിച്ച ആ ജനത തികച്ചും ഒരു വിസ്മയം തന്നെയാണ്.

വെസൂവിയസിന്‍റെ വിളയാട്ടങ്ങള്‍ അറിഞ്ഞിട്ടുകൂടി ഇന്നും അഗ്നിപര്‍വതത്തിന്‍റെ കണ്‍വെട്ടത്ത് ഏകദേശം ഇരുപതുലക്ഷത്തോളം പേര്‍ ജീവിച്ചുവരുന്നു. ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിഭീകരമായിരിക്കും അതിന്‍റെ പ്രത്യാഘാതം. 1944ലായിരുന്നു വെസൂവിയസ് അവസാനമായി തന്‍റെ തൃക്കണ്ണ് തുറന്നത്. അതിനുശേഷം ഇത്രയും വര്‍ഷങ്ങളായി നീണ്ട ഉറക്കത്തിലാണ്; ഇനി എന്നാണെന്നറിയാത്ത ഉണര്‍ച്ചയ്ക്കായി…

ചിത്രങ്ങള്‍, വിവരണം; സജീഷ് ജോയ്.

https://www.facebook.com/sajeesh.joy.1?fref=gs&dti=416238708555189&hc_location=group_dialog