ചരിത്ര നഗരമായ റോം സന്ദര്‍ശിക്കാനായി പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഒറ്റയ്ക്കും ടൂര്‍ ഗ്രൂപ്പിനൊപ്പവും എത്തി ചേരുന്ന മലയാളികളുടെ എണ്ണവും ദിനംപ്രതി കൂടി വരികയാണ്. അതിനാല്‍, റോം സന്ദര്‍ശിക്കുമ്പോള്‍ കരുതേണ്ട ചില മുന്‍കരുതലുകള്‍/ഒരുക്കങ്ങള്‍ പങ്കുവെക്കുകയാണ്. റോം എന്ന് മാത്രമല്ല, ഇതു വിദേശ രാജ്യവും സന്ദര്‍ശിക്കുമ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉപകാരപ്പെടുക തന്നെ ചെയ്യും…

6570924_orig
Picture courtesy: Romatravel.com

 

  • റോം എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷനുകളും മേട്രോകളും പിടിച്ചുപറിക്കാരുടെ വിഹാരകേന്ദ്രമാണ് എന്നതിനാല്‍ യാത്ര രേഖകളും പണവും ആഭരണങ്ങളും പ്രത്യേക ശ്രദ്ധ കൊടുത്ത് സൂക്ഷിക്കേണ്ടതാണ്.
  • ഒറ്റപ്പെട്ട നേരങ്ങളില്‍ വിജനമായ വീഥികളിലും സ്റ്റേഷനുകളിലും സഞ്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ചരിത്ര സ്മാരകങ്ങള്‍ കാണാനായി എത്തിച്ചേരുന്നവര്‍ അതാതു സമയങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള, ഏറ്റവും ലളിതവും സൗകര്യപ്രദവുമായ വസ്ത്രങ്ങള്‍ കയ്യില്‍ കരുതേണ്ടതാണ്.
  • പ്രാചീന റോമാ നഗരവും, വത്തിക്കാനും, കൊളോസിയവും എന്ന് വേണ്ട റോമിലെ ഏതൊരു സ്മാരകവും സന്ദര്‍ശിക്കാന്‍ മനിക്കൂറുകള്‍ നീണ്ട നടപ്പ് ആവശ്യമാണ്‌ എന്നതിനാല്‍ ഏറ്റവും സൗകര്യപ്രദമായ പാദരക്ഷകള്‍ കരുതേണ്ടതാണ്.
  • യാത്രയില്‍ ഒരു ചെറിയ ബാക്ക് പാക്കില്‍ കുടിവെള്ളവും ജ്യൂസുകളും അത്യാവശ്യം ബിസ്കറ്റുകളും കരുതുന്നത് നന്നായിരിക്കും.
  • ഓരോ സ്മാരകത്തിലും വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിദഗ്ദ്ധരായ ഗൈഡുകളുടെ സേവനം ലഭ്യമാണ്.
  • ടൂര്‍ ഗ്രൂപ്പുകള്‍ക്കൊപ്പമല്ലാതെ തനിയെ യാത്ര ചെയ്യുന്നവര്‍ക്കും വളരെ എളുപ്പത്തില്‍ റോമിലൂടെ സഞ്ചരിക്കാവുന്നതാണ്. റോമിലെ പൊതുഗതാഗത സംവിധാന വിവരങ്ങള്‍ (അതായത് ബസുകള്‍, മെട്രോകള്‍, ട്രാം, ട്രെയിന്‍.. etc എന്നിവയുടെ സമയം, ദിശ, സ്റ്റോപ്പുകള്‍) ലഭ്യമാകുന്ന മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് സുഗമമായി അങ്ങോളമിങ്ങോളം സഞ്ചരിക്കാവുന്നതാണ്.
  • ഏതൊരു മെട്രോ നഗരത്തിലെയും പോലെ മണിക്കൂറുകള്‍/ദിവസങ്ങള്‍ക്കനുസരിച്ചുള്ള യാത്രാ പാസുകള്‍ കടകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. ഇതില്‍ ഏറ്റവും ഉചിതം ‘റോമാ പാസ്‌’ (Roma Pass) ആണ്. romapass.it  എന്ന വെബ്സൈറ്റില്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വായിച്ചു മനസ്സിലാക്കിയ ശേഷം ഉചിതമായ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. റോമിന്റെ മാപ്പും, ചരിത്ര സ്മാരകങ്ങളുടെ സ്ഥാനവും വിവരിക്കുന്നതിന് പുറമേ, തിരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ഒന്നോ രണ്ടോ അ സ്മാരകത്തിലേക്കുള്ള പ്രവേശനവും റോമാ പാസിനൊപ്പം സൗജന്യമാണ്. റോമാ പാസിന്‍റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാല്‍, പാസ് ഉള്ളവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് അകത്തുകടക്കാനുള്ള അനുമതിയുള്ളതിനാല്‍ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള നീണ്ട ക്യൂവില്‍ നിന്നും നമുക്ക് രക്ഷപ്പെടാം എന്നതാണ്.

അമ്മു ആന്‍ഡ്രൂസ്.