റോമാ തെര്‍മിനിയില്‍ നിന്നും മെട്രോയില്‍ ‘കൊളോസിയം ചത്വരത്തില്‍’ (Piazza di Colosseum) ഇറങ്ങിയപ്പോള്‍ തന്നെ കാണികളുടെ ആരവം കാതുകളില്‍ തിരയടിക്കുന്നുണ്ടായിരുന്നു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനായിരക്കണക്കിന് ജനങ്ങളുടെ ആവേശവും ഗ്ലാഡിയേറ്ററുകളുടെ ആക്രോശങ്ങളും കുതിരക്കുളമ്പടികളും മൃഗങ്ങളുടെ സീല്‍ക്കാരങ്ങളും അലിഞ്ഞു ചേര്‍ന്ന ആ അന്തരീക്ഷത്തിലേക്ക് ഇറങ്ങുമ്പോള്‍ കണ്ണുകള്‍ താഴേയ്ക്ക് നോക്കാന്‍ കൂട്ടാക്കുന്നുണ്ടായിരുന്നില്ല…

ആധുനികലോകത്തിനു തന്നെ അത്ഭുതമായ പൗരാണിക ഗ്രീക്ക്—റോമന്‍ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ‘റോമന്‍ ആംഫിതിയേറ്റര്‍’ (The Flavian Amphitheater) എന്ന ‘കൊളോസിയം’ (Colosseum or Coliseum) അഹങ്കാരത്തോടെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന കാഴ്ച കണ്ണുകളില്‍ നിറച്ച് കുറച്ചു നിമിഷങ്ങള്‍ ഞാനവിടെ നിന്നു..col 1

പ്രതിവര്‍ഷം ആറു മില്യണില്‍ പരം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് കൊളോസിയം. വിവിധ രാജ്യങ്ങളില്‍ നിന്നും ഈ ലോകാത്ഭുതം കാണാനും അടുത്തറിയാനുമായി ഒറ്റയ്ക്കും ഗ്രൂപ്പായും എത്തിചേര്‍ന്നിരിക്കുന്ന വിനോദസഞ്ചാരികളോടൊപ്പം ഞാനും മുന്‍പോട്ട് നടന്നു. വഴിയോരങ്ങളില്‍ വിവിധ വേഷങ്ങള്‍ കെട്ടിയ തെരുവുകലാപ്രകടനക്കാരുടെയും ഗ്ലാഡിയേറ്ററുകളുടെ വേഷം കെട്ടിയവരുടെയും കൂടെ നിന്ന് ചിത്രങ്ങള്‍ എടുക്കാനും കുതിരവണ്ടികളില്‍ കയറാനുമായി വിലപേശുകയും തിരക്ക് കൂട്ടുകയും ചെയ്യുന്ന സഞ്ചാരികളെ കാണാമായിരുന്നു..

col 3
“കൊളോസ്സിയം നിലനില്‍ക്കുന്നിടത്തോളം റോമും നിലനില്‍ക്കും. കൊളോസ്സിയത്തിന് വീഴ്ചയുണ്ടായാല്‍ റോമും തകരും. അങ്ങനെയെങ്കില്‍ അത് ലോകാവസാനമായിരിക്കും.. “(St. Bede or Venerable Bede)

കൊളോസിയത്തിന് മുന്‍പില്‍ ആശ്ചര്യത്തോടെ

കോണ്സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ വിജയസ്തംഭമായ ‘ദി ആര്‍ച് ഓഫ് കോണ്സ്റ്റന്റൈന്‍റെ’ (The Arch of Constantine) മുന്‍പില്‍ നിന്ന് കൊളോസിയം എന്ന ലോകാത്ഭുതത്തെ നോക്കി നിന്നപ്പോള്‍ ചരിത്രത്തിന്റെ മങ്ങിയ റീലുകള്‍ മനസ്സില്‍ മിന്നിമാഞ്ഞുകൊണ്ടിരുന്നു…

clo
ആര്‍ച്ച് ഓഫ് കന്‍സ്റ്റന്റൈനിന് മുന്‍പില്‍

 

ഉച്ചവെയിലിന്റെ പാരമ്യതയില്‍ സെൽഫിയും ലൈവ് സ്ട്രീമിങ്ങും ഒക്കെയായി കൊളോസ്സിയത്തിനു മുന്‍പില്‍ തടിച്ചുനിന്നിരുന്ന വിവിധ രാജ്യത്തു നിന്നുള്ള ആളുകള്‍ ഒരു ചെറിയ ലോകം തന്നെ അവിടെ സൃഷ്ടിച്ചിരുന്നു. വിദഗ്ദ്ധരായ ഗൈഡുകള്‍ വിവിധ ഭാഷകളില്‍ ചരിത്രം വിവരിക്കുന്നു; കൗതുകത്തോടെ അവരെ ശ്രവിക്കുന്ന ആബാലവൃദ്ധം ജനങ്ങളുടെ കണ്ണുകളിലും ഒരു കൊച്ചുകുട്ടിയുടെ കൗതുകം കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

പലഭാഷകള്‍ മുഴങ്ങുന്ന, പല നിറങ്ങള്‍ സമ്മേളിക്കുന്ന ആ മണ്ണില്‍ നില്‍ക്കുമ്പോഴും എന്റെ മനസ്സ് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു…

പഴമയുടെ പ്രൗഢിയില്‍ കൊളോസിയം

പൗരാണിക റോമാ സാമ്രാജ്യത്തിന്റെ ഗരിമ വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ് ‘റോമന്‍ കൊളോസിയം’ അല്ലെങ്കില്‍ ‘ഫ്ലാവിയന്‍ ആംഫിതിയേറ്റര്‍’. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ആംഫിതിയേറ്ററാണ് ‘കൊളോസിയം’. ഗ്രീക്ക് വാസ്തുകലയുടെ ലാളിത്യത്തിലും ആഢ്യത്വത്തിലും നിര്‍മ്മിച്ച ദീര്‍ഘവൃത്താകൃതിയിലുള്ള ആംഫിതിയേറ്റര്‍ പതിനായിരക്കണക്കിന് ജൂത അടിമകളുടെയും എന്‍ജിനീയറിംഗ് വിദഗ്ധരുടെയും ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ശ്രമഫലമായാണ് പൂര്‍ത്തിയാക്കിയത്. ആറ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന, കല്ലും മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച കൊളോസ്സിയത്തിന് അന്‍പത് മീറ്ററോളം ഉയരമുണ്ട്. (ഏകദേശം പന്ത്രണ്ട് നില കെട്ടിടത്തിന്റെ ഉയരം)

col
കൊളോസിയത്തിന് മുന്‍പില്‍

കൂറ്റന്‍ പാറക്കല്ലുകള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവെച്ചു നിര്‍മ്മിച്ചിരിക്കുന്ന കൊളോസിയം മനുഷ്യന്‍റെ കായികാധ്വാനത്താല്‍ ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നിര്‍മ്മിതിയാണ്. താഴത്തെ മൂന്നു നിലകളിലുമായി ഇരുന്നൂറില്‍ പരം ആര്‍ച്ച് വാതിലുകളും നാലാം നിലയിലെ ചതുര വാതിലുകളും കൊളോസിയത്തെ ഏറെ ആകര്‍ഷകവും വ്യത്യസ്തവുമാക്കുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്മാരകത്തിന്റെ ഉള്ളില്‍ അന്‍പതിനായിരത്തില്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പമുണ്ട്.

ഇതിനു മുന്‍പ് പല ആംഫിതിയേറ്ററുകളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കൊളോസിയം അവയില്‍ നിന്നെല്ലാം രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായി തോന്നി. ഇതുവരെ കണ്ടിരുന്ന ആംഫിതിയേറ്ററുകള്‍ ഒരു മലയുടെ അല്ലെങ്കില്‍ ഒരു കുന്നിന്‍ ചെരിവിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആംഫിതിയേറ്ററായ കൊളോസിയം കുന്നിന്റെയോ മലയുടെയോ പിന്തുണയില്ലാതെ ഒരു സമതലത്തില്‍ അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച അക്കാലത്തെ എഞ്ചിനീറിങ് വൈദഗ്ധ്യത്തെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

നൂറ്റാണ്ടുകളായി പല യുദ്ധങ്ങളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും അടര്‍ത്തിയെടുക്കലുകളിലൂടെയും നശിച്ച കൊളോസിയം എന്ന ചരിത്രസ്മാരകത്തിന്റെ മൂന്നിലൊന്നു ഭാഗം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു എന്നതാണ് ദുഖകരമായ വസ്തുത…

എന്താണ് കൊളോസിയം?

AD 69—72 കാലഘട്ടങ്ങളില്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്ന വെസ്പസിയന്‍ ചക്രവര്‍ത്തിയാണ് റോമന്‍ ജനതയുടെ സന്തോഷത്തിനും ആസ്വാദനത്തിനും വേണ്ടി ഒരു ആംഫിതിയേറ്റര്‍ നിര്‍മ്മിക്കാം എന്ന തീരുമാനം കൈക്കൊണ്ടത്.

ഒരുകാലത്ത് ആര്‍ഭാടത്തിലും സുഖലോലുപതയിലും മുങ്ങി ജീവിച്ചിരുന്ന ജനതയായിരുന്നു റോമാസാമ്രാജ്യത്തിലേത്. എന്നാല്‍, നീറോ ചക്രവര്‍ത്തിയുടെ ദുഷ്ഭരണവും അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങളും സിവില്‍ യുദ്ധങ്ങളും ഒടുവില്‍ നീറോ ചക്രവര്‍ത്തിയുടെ ആത്മഹത്യയുമെല്ലാം (AD 68) അവരെ കടുത്ത അരക്ഷിതാവസ്ഥയിലേക്കും തകര്‍ച്ചയിലേക്കും തള്ളിവിട്ടു. അതിനാല്‍, തുടര്‍ന്ന് ഭരണം ഏറ്റെടുത്ത വെസ്പസിയന്‍ (AD 69) ചക്രവര്‍ത്തിയ്ക്ക് തന്റെ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും നല്‍കി അവരെ രക്ഷിക്കേണ്ടത് ആവശ്യകതയായി മാറിയിരുന്നു.

തികച്ചും രാഷ്ട്രീയപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി, അല്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ തന്‍റെ പ്രതിഛായ ശക്തമാക്കുന്നതിനും ഭരണത്തിന് കൂടുതല്‍ ജനപിന്തുണ ഉറപ്പിക്കുന്നതിനും വേണ്ടിയാണ് വെസ്പസിയന്‍ ചക്രവര്‍ത്തി ആംഫിതിയേറ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് എന്നുപറയാം. ഗ്ലാഡിയേറ്റര്‍ മത്സരങ്ങളിലൂടെയും, വന്‍ സര്‍ക്കസ് പ്രകടനങ്ങളിലൂടെയും, മൃഗ—മനുഷ്യപ്പോരുകളിലൂടെയും തന്‍റെ ജനങ്ങള്‍ക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തിനു പുറമേ ജല—യുദ്ധ പരിശീലനം എന്ന ഉദ്ദേശ്യവും ആംഫിതിയേറ്റര്‍ നിര്‍മ്മാണത്തിന് പിന്നില്‍ ഉണ്ടായിരുന്നു. ഗ്ലാഡിയേറ്റര്‍—വന്യമൃഗ പോരുകളായിരുന്നു റോമന്‍ ജനത ഏറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്നത് എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ബൃഹത് ആംഫിതിയേറ്റര്‍ നിര്‍മ്മാണം വെസ്പസിയന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ടൈറ്റസ് (Emperor Titus) ചക്രവര്‍ത്തിയിലൂടെയാണ് പൂര്‍ത്തിയായത്. പിന്നീടുള്ള അറ്റകുറ്റ പണികള്‍ ഡൊമിഷ്യന്‍ (Domotian) ചക്രവര്‍ത്തി പൂര്‍ത്തിയാക്കി. വെസ്പസിയന്‍—ടൈറ്റസ്—ഡൊമിഷ്യന്‍ ചകവര്‍ത്തിമാര്‍ ‘ഫ്ലാവിയസ്’ (The Flavian Dynasty) എന്ന കുടുംബത്തിലെ അംഗങ്ങള്‍ ആയതിനാലാണ് അവരിലൂടെ നിര്‍മ്മിക്കപ്പെട്ട ആംഫിതിയേറ്ററിന്, ‘ദി ഫ്ലാവിയന്‍ ആംഫിതിയേറ്റര്‍’ എന്ന പേര് നല്‍കിയത്.

AD 80—81 കാലഘട്ടങ്ങളില്‍ ടൈറ്റസ് ചക്രവര്‍ത്തി റോമന്‍ ജനതയ്ക്ക് ആംഫിതിയേറ്റര്‍ ഔദ്യോഗികമായി തുറന്ന് കൊടുക്കുകയായിരുന്നു. ഉദ്ഘാടന മാമാങ്കം നൂറു ദിവസങ്ങളോളം നീണ്ടുനിന്നു. മൂവായിരത്തോളം ഗ്ലാഡിയേറ്ററുകളും പതിനായിരത്തോളം വന്യമൃഗങ്ങളും നൂറുദിനങ്ങള്‍ നീണ്ടുനിന്ന ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുക്കുകയും ജീവന്‍ വെടിയുകയും ചെയ്തു എന്നുമാണ് ചരിത്രം പറയുന്നത്.

‘കൊളോസിയം’ എന്ന പേരിന് പിന്നില്‍..

നീറോ ചക്രവര്‍ത്തിയുടെ അവധിക്കാല ആഡംബര വസതിയായിരുന്ന ‘സുവര്‍ണ്ണ വസതി‘യുടെ (Golden House — Domus Aurea) മുന്‍പിലെ വിശാലമായ ആരാമത്തിലാണ് കൂറ്റന്‍ ആംഫിതിയേറ്റര്‍ നിര്‍മ്മിച്ചത്.

367d0324f7d0dc8ec6d80baa6808bacf
സദൃശചിത്രം (Google Image)

‘ഫ്ലാവിയന്‍ ആംഫിതിയേറ്റര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഉല്ലാസകേന്ദ്രം മദ്ധ്യകാലഘട്ടത്തോടുകൂടി ‘കൊളോസിയം’ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. ആംഫിതിയേറ്ററിനോട് ചേര്‍ന്ന് ‘ദി കൊളോസ്സസ്’ എന്നറിയപ്പെട്ടിരുന്ന (The Colossal Statue of Nero) നീറോ ചക്രവര്‍ത്തിയുടെ ഒരു കൂറ്റന്‍ വെങ്കലപ്രതിമയുണ്ടായിരുന്നു. ആ പേരില്‍ നിന്നാണ് പിന്നീട് ‘കൊളോസിയം’ എന്ന പേര് വന്നുചേര്‍ന്നത്. കാലക്രമേണ യുദ്ധങ്ങളിലൂടെയും പ്രകൃതിദുരന്തങ്ങളിലൂടെയും ആ പ്രതിമ നശിച്ചുപോയി.

കഥകള്‍ പറയുന്ന കവാടങ്ങള്‍

ഉള്ളിലേക്ക് പ്രവേശിക്കാന്‍ എണ്‍പതോളം പ്രവേശന കവാടങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ മിക്കവയും അടച്ചിട്ടിരിക്കുകയാണ്. ഓരോ കവാടവും ഓരോ കഥകള്‍ നമ്മോട് പറയാന്‍ വെമ്പുന്ന പോലെ തോന്നി..

അക്കാലഘട്ടങ്ങളിലെ ആളുകളുടെ ജാതി, തൊഴില്‍, സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഓരോ കവാടത്തിലൂടെയും പ്രവേശിച്ചിരുന്നത്. ഒന്നാം കവാടം രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും പ്രവേശിക്കുന്നതിനായിരുന്നു. ‘ജീവന്റെ കവാടം’ (The gate of Life, Gate No: 19, 20) പോരാളികളായ ഗ്ലാഡിയേറ്ററുകളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ളതും ‘മരണത്തിന്റെ കവാടം’ (The Gate of Death, Gate No: 57, 58) പോരാട്ടങ്ങളില്‍ മരിച്ചു വീഴുന്ന പോരാളികളെയും മൃഗങ്ങളെയും പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനും വേണ്ടിയായിരുന്നുവത്രേ.

സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന കവാടം കടന്ന് വിസ്തൃതമായ ഇടനാഴിയിലേക്കാണ് ആദ്യം പ്രവേശിച്ചത്. കാലപ്പഴക്കവും പ്രകൃതിദുരന്തങ്ങളും കൊളോസ്സിയത്തിന് കുറച്ചെങ്ങുമല്ല മുറിവുണ്ടാക്കിയിരിക്കുന്നത്. അകത്തളങ്ങളിലെ പൊട്ടിപ്പൊളിഞ്ഞ ചരിത്രാവശേഷിപ്പുകള്‍ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രൗഢിയും പ്രഭയും വിളിച്ചോതുന്നവയാണ്.

col 2
ഇടനാഴിയിലെ പഴയ മാര്‍ബിള്‍ തറയുടെ അവശിഷ്ടങ്ങള്‍

ശംഖിനുള്ളിലെ കടലിരമ്പം പോലെ, ചുവരുകളില്‍ കാതോര്‍ത്താല്‍ ആയിരക്കണക്കിന് വർഷങ്ങൾ മുൻപുണ്ടായിരുന്ന ആ ആര്‍പ്പുവിളികളും ആക്രോശങ്ങളും നമുക്ക് അനുഭവവേദ്യമാകും. ഇടനാഴിയില്‍ നില്‍ക്കുമ്പോള്‍ അകത്തേയ്ക്ക് കയറാനായി കല്ലുകള്‍ പാകിയ പടികള്‍ ധാരാളമായി നിര്‍മ്മിച്ചിരിക്കുന്നത് കാണാം. പതിനായിരക്കണക്കിന് കാണികള്‍ക്ക് ഒരേസമയം  തിക്കും തിരക്കുമില്ലാതെ ഉള്ളിലേക്ക് കയറാനും ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മുഖ്യ ആകര്‍ഷണമായി അരേന…

ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് എന്ന വണ്ണം കൊളോസിയത്തിന്റെ ഒത്ത മദ്ധ്യത്തിലായി ‘അരേന’ എന്ന ഭാഗത്തേക്കാണ് ആദ്യം എത്തിച്ചേര്‍ന്നത്. മത്സരങ്ങളും പ്രകടനങ്ങളും നടന്നിരുന്ന ദീര്‍ഘവൃത്താകൃതിയില്‍ തടി കൊണ്ട് നിര്‍മ്മിച്ച തറയില്‍ മണല്‍ നിരത്തിയ ഭാഗത്തെയാണ് അരേന (Arena) എന്ന് പറയുന്നത്. (വേണമെങ്കില്‍ ഗോദ എന്നും പറയാം) ‘മണല്‍’ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ‘അരേന’ എന്ന വാക്ക് ഉത്ഭവിച്ചിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തെന്നിവീഴാതിരിക്കുന്നതിനും തറയില്‍ വീഴുന്ന രക്തം വലിച്ചെടുക്കുന്നതിനും വേണ്ടിയാണ് മണല്‍ നിരത്തിയിരുന്നതത്രേ..

col 8
അരേന

ചില അവസരങ്ങളില്‍ അരേനയില്‍ വെള്ളം നിറച്ച് ബോട്ടുകളിലും മറ്റുമായി കടല്‍ യുദ്ധങ്ങളുടെ പരിശീലനവും നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു.

കാലപ്പഴക്കവും പ്രകൃതി ദുരന്തങ്ങളും മൂലം പഴയ അരേന പൂര്‍ണ്ണമായും നശിച്ചു പോയെങ്കിലും സന്ദര്‍ശകര്‍ക്കായി അരേനയുടെ ഒരു ചെറിയ മാതൃക തടിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. അരേനയുടെ ചുറ്റിലുമായാണ് മൂന്നു നിലകളിലായി കാണികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്. ഓരോ വരിയിലും 40 സെന്റീ മീറ്റര്‍ വീതിയുള്ള എണ്‍പതോളം ഇരിപ്പിടങ്ങള്‍ ഉണ്ടായിരുന്നു. സൂര്യന്റെ കനത്ത രശ്മികളില്‍ നിന്നും കാണികളെ സംരക്ഷിക്കാനായി സണ്‍ ഷേയ്ഡുകളും പണിതിട്ടുണ്ടായിരുന്നുവത്രേ..col 5

അത്യാധുനിക സ്റ്റേഡിയങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള നിര്‍മ്മാണവൈദഗ്ധ്യം ഓരോ തരിയിലും പ്രകടമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ആ കാഴ്ചകളിലൂടെ കണ്ണുകള്‍ പായിച്ച് ‘ഗ്ലാഡിയേറ്റര്‍’ സിനിമയിലെ രംഗങ്ങള്‍ മനസ്സില്‍ ആവാഹിച്ച് ഒരിത്തിരി നേരം അവിടെ നിന്നു….

സാമൂഹിക വ്യവസ്ഥിതി വിളിച്ചോതുന്ന ഇരിപ്പിടങ്ങള്‍..

പൗരാണിക റോമാസാമ്രാജ്യത്തിലെ സാമൂഹിക വ്യവസ്ഥിതി വിളിച്ചോതുന്ന നിര്‍മ്മാണരീതിയാണ് കൊളോസ്സിയത്തിന്റെ ഉള്ളില്‍ നമുക്ക് കാണാന്‍ സാധിക്കുക. നാല് ശ്രേണികളായി തരംതിരിച്ച ഇരിപ്പിടങ്ങള്‍. ഓരോന്നിലെക്കും പ്രത്യേക പ്രവേശന കവാടങ്ങളുമാണ് എന്നത് പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്.

col 6
ഗാലറി സംവിധാനങ്ങള്‍

സമൂഹത്തിലെ ഉന്നത ശ്രേണിയില്‍പ്പെട്ട ആളുകള്‍ക്ക് ഇരിക്കാനായി ‘വി. ഐ. പി പവലിയനോ’ട് സമാനമായ രീതിയില്‍ ബാല്‍ക്കണിയോടു കൂടിയ വിശാലവും ആഡംബരപൂര്‍ണ്ണവുമായ സ്ഥാനങ്ങള്‍ ആയിരുന്നു ഒരുക്കിയിരുന്നത്. സമൂഹത്തിലെ സമ്പന്നര്‍ക്കും, ഉന്നത കുലജാതര്‍ക്കുമായി തൊട്ടുമുകളില്‍ മറ്റൊരു ശ്രേണിയുമുണ്ട്.

സാധാരണ ആളുകള്‍ക്കായി കല്ലുകളില്‍ തീര്‍ത്ത വരികളാണ് ഒരുക്കിയിരിക്കുന്നത്. അവര്‍ക്ക് ഇരിക്കാനായി കുഷ്യനുകള്‍ കൊണ്ടുവരാനുള്ള സൗകര്യവും ഉണ്ടായിരുന്നു. അതിനും മുകളിലായാണ് അടിമകള്‍ക്കും കീഴ്ജാതിയില്‍ പെട്ടവര്‍ക്കും നിന്നുകൊണ്ട് പരിപാടികള്‍ ആസ്വദിക്കാനുള്ള മുറികളോട് സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

മരണഗന്ധമുള്ള അറകള്‍…

അരേനയുടെ താഴെയായി ഹൈപ്പോജിയം (Hypogeum; means Underground) എന്ന ചെറിയ അറകള്‍ നിറഞ്ഞ ഭാഗമാണ്. ആയുധപ്പുരകളും മത്സരങ്ങള്‍ക്കുള്ള മൃഗങ്ങളെയും തടവുകാരെയും കുറ്റവാളികളെയും താമസിപ്പിച്ചിരുന്ന അറകളും ഹൈപ്പോജിയത്തിന്റെ ഭാഗമായിരുന്നു. പുറത്തുനിന്നും ഹൈപ്പോജിയത്തിലേക്ക് മൃഗങ്ങളെയും തടവുകാരെയും എത്തിക്കാനായി പ്രത്യേകം ടണലുകളും വാതിലുകളും ഉണ്ടായിരുന്നുവത്രേ.

col 4
ഹൈപ്പോജിയം

വലിയൊരു ജനസാഗരത്തെ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളും കൊളോസ്സിയത്തില്‍ ഉണ്ടായിരുന്നു. ഓരോ നിലയിലും ആര്‍ച്ച് വാതിലുകള്‍ ‘എമര്‍ജന്‍സി എക്സിറ്റ്’ പോലെ പുറത്തേയ്ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാവുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്.col 7

കാലാകാലങ്ങളായി കണ്ടെടുത്ത പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍, കൊത്തുപണികള്‍ ചെയ്ത കല്ലുകള്‍, ഫോസിലുകള്‍ എന്നിവ കൊളോസ്സിയത്തിനുള്ളില്‍ എക്സിബിഷന്‍ സ്റ്റാളുകളില്‍ വിവരണത്തോടു കൂടി നിരത്തിവെച്ചിട്ടുണ്ട്.col 9

85000 ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന അകത്തളമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നുവെങ്കിലും അന്‍പതിനായിരം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ എന്നാണ് ആധുനിക കണക്കുകള്‍ പ്രകാരം സൂചിപ്പിക്കുന്നത്.

പ്രഭ മങ്ങുന്ന ആംഫിതിയേറ്റര്‍..

ഏകദേശം നാനൂറില്‍ പരം വര്‍ഷങ്ങള്‍ ആംഫിതിയേറ്റര്‍ അതിന്റെ നിര്‍മ്മാണോദ്ദേശ്യമായ ഉല്ലാസത്തിനായി നിലനിന്നു. അത്രയും കാലം കൊണ്ട് ലക്ഷക്കണക്കിന്‌ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍ ആ മണ്ണില്‍ അലിഞ്ഞു ചേരുകയും ചെയ്തു എന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആറാം നൂറ്റാണ്ടോടു കൂടി ആംഫിതിയേറ്ററിന്റെ പ്രഭ മങ്ങുകയായിരുന്നു. ഇടിമിന്നലും ഭൂമികുലുക്കങ്ങളും ആ ചരിത്ര വിസ്മയത്തില്‍ വിള്ളലുകള്‍ ചാര്‍ത്തി. പതിയെ ഓരോ ഭാഗങ്ങളായി അടര്‍ന്നു വീണുകൊണ്ടിരുന്നതിനാലും ക്രൈസ്തവ സഭയുടെ വളര്‍ച്ചയോടു കൂടിയും കൊളോസ്സിയത്തിനുള്ളിലെ ഗ്ലാഡിയേറ്റര്‍ വിനോദങ്ങളും മൃഗപ്പോരുകളും നിര്‍ത്തലാക്കിയിരുന്നു. സിമിത്തേരിയായും പള്ളിയായും കൃഷിയിടമായും വേഷം മാറിയ കൊളോസ്സിയത്തെ ചരിത്രം വിശദമായി പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. മദ്ധ്യകാലഘട്ടത്തോടെ ആംഫിതിയേറ്റര്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെടുകയും സാമൂഹികവിരുദ്ധരും മൃഗങ്ങളും കയ്യേറുകയും ചെയ്തു.

പിന്നീട്, നൂറ്റാണ്ടുകളോളം, മറ്റു കെട്ടിടങ്ങളും വീഥികളും നിര്‍മ്മിക്കാനുള്ള കല്ലും മറ്റ് അസംസ്കൃത വസ്തുക്കളും കൊളോസ്സിയത്തില്‍ നിന്നും അടര്‍ത്തിയെടുത്തു കൊണ്ടിരുന്നു. ആയിരം വര്‍ഷങ്ങളോളം ഒരു ക്വാറി പോലെ നിലനില്‍ക്കുകയായിരുന്നു ഈ ഉല്ലാസകേന്ദ്രം..

കൊളോസ്സിയത്തിന്റെ പുനരുദ്ധാരണം

പതിനാറാം നൂറ്റാണ്ടില്‍ സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പ്പാപ്പ കൊളോസ്സിയത്തെ പുനരുദ്ധരിക്കാനായി ആലോചനകള്‍ തുടങ്ങിവെച്ചു. കൊളോസ്സിയത്തെ ഒരു കമ്പിളിവസ്ത്ര നിര്‍മ്മാണശാലയാക്കാനും തൊഴിലാളികള്‍ക്ക് ക്വാര്‍ട്ടേഴ്സിനോട്‌ സമാനമായ രീതിയില്‍ വാസസ്ഥലം ഉള്ളില്‍ ഒരുക്കാനുമുള്ള ഒരു വന്‍പദ്ധതി മുന്‍പോട്ട് വെച്ചെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തോടുകൂടി (1590) ആ പദ്ധതി നാമാവശേഷമായി.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ (1749) ബെനഡിക്റ്റ് പതിനാലാമന്‍  മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ക്രൈസ്തവ സഭയുടെ സ്മാരകം എന്ന നിലയില്‍ കൊളോസ്സിയത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അതിനുള്ള കാരണം, അനവധി ക്രൈസ്തവര്‍ പീഡകള്‍ അനുഭവിച്ച് രക്തസാക്ഷിത്വം വരിച്ച ഇടം കൂടിയായിരുന്നു കൊളോസിയം എന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടുമുതല്‍ നിരവധി ക്രൈസ്തവ ചടങ്ങുകള്‍ക്ക് വേദിയാവുകയാണ് കൊളോസിയം. ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി കൊളോസ്സിയത്തിന്റെ മുന്‍പില്‍ നിന്നാണ് ആരംഭിക്കുന്നത്…

കൊളോസിയം ഇന്ന്….

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിവര്‍ഷം ആറു മില്യണില്‍ പരം  വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ചരിത്രസ്മാരകമാണ് കൊളോസിയം. വിജ്ഞാനകുതുകികള്‍ക്കും  ചരിത്രാന്വേഷികള്‍ക്കും രണ്ടായിരത്തോളം വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന ഈ സ്മാരകം ഒരു അത്ഭുതം തന്നെയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കായി ഹൈപ്പോജിയവും കൊളോസിയത്തിന്റെ പരിസരങ്ങളും ബൊട്ടാണിസ്റ്റുകളുടെ പറുദീസയായി മാറിയിരിക്കുകയാണ്. കൊളോസിയത്തിന്റെ എണ്‍പത്തിയഞ്ച് ശതമാനത്തോളം ഭാഗങ്ങളും  വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.

ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നിങ്ങനെയുള്ള വിശേഷാവസരങ്ങളില്‍ വത്തിക്കാനിലും കൊളോസിയത്തിലുമായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിദിനം എത്തിച്ചേരുന്നത്.

 

അമ്മു ആന്‍ഡ്രൂസ്.

 

തുടര്‍ന്ന് വായിക്കൂ,

റോം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി….

റോം സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്കായി..