കഴിഞ്ഞ ഒരു അവധിദിനത്തില്‍ തുണി തേച്ചു മടക്കാനായി തുടങ്ങിയപ്പോള്‍ വല്ലാത്ത ഒരു മടി. കുറച്ചുനാള്‍ യാത്ര ആയിരുന്നത് കൊണ്ട് കുറേയേറെ തുണികള്‍ തേച്ചുമടക്കാനായി ഉണ്ടുതാനും.
പിന്നെയൊന്നും നോക്കിയില്ല. ലാപ്ടോപ് എടുത്തു, സിനിമ കളക്ഷന്‍സ് മുഴുവന്‍ അരിച്ചു പെറുക്കി. സാധാരണ കുറേയേറെ തുണികള്‍ തേച്ചു മടക്കാനായി ഉള്ളപ്പോള്‍ നേരത്തെ കണ്ട ഏതെങ്കിലും ഒരു സിനിമ കമ്പ്യൂട്ടറില്‍ പ്ലേ ചെയ്യാറുണ്ട്. നമുക്ക് അറിയാവുന്ന കഥ ആയതു കൊണ്ട് തന്നെ അതങ്ങനെ സംഭാഷണങ്ങളും പാട്ടും സ്റ്റണ്ടും ക്ലൈമാക്സും ഒക്കെയായി മുന്നോട്ട് പൊയ്‌ക്കോളും. നമുക്കാണെങ്കിലോ കുറേസമയം നിന്ന് ഒരു ജോലി ചെയ്യുന്നതിന്റെ മടുപ്പ് അറിയുകയുമില്ല.
ചുരുക്കത്തില്‍ “അങ്കവും കാണാം താളിയും ഒടിക്കാം…”
ഇത്തവണ ‘ചിത്രം’ എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയാണ് സ്ക്രോള്‍ ചെയ്ത് വന്നപ്പോള്‍ എന്റെ കണ്ണില്‍ ഉടക്കിയത്.
മോഹന്‍ലാല്‍, രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസന്‍, ലിസ്സി എന്നിവര്‍ വളരെ അനായാസമായി അഭിനയിച്ച മലയാളിയുടെ എക്കാലത്തെയും ഇഷ്ട പ്രിയദര്‍ശന്‍ സിനിമ.
1988 ഡിസംബറില്‍ റിലീസ് ചെയ്ത “ചിത്രം” മലയാളിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ കൊണ്ടും ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ കൊണ്ടും സ്വാഭാവികമായ നര്‍മ്മ-അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറിയ സിനിമകൂടി ആണ് എന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ.
സമ്പന്നനായ അമേരിക്കന്‍ വ്യവസായി രാമചന്ദ്രന്റെ (പൂര്‍ണം വിശ്വനാഥന്‍) മകളായ കല്യാണിയും (രഞ്ജിനി), അദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അഡ്വക്കേറ്റ് കൈമളും (നെടുമുടി വേണു) തമ്മിലുള്ള സരസ സംഭാഷണങ്ങളില്‍ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.
അമേരിക്കയില്‍ വെച്ച് ഒരു വാഹനാപകടത്തില്‍ ഭാര്യ മരിച്ച രാമചന്ദ്രൻ തന്റെ മരണശേഷം ഭാര്യയുടെ ശവകുടീരത്തിനടുത്തുതന്നെ തന്നെയും അടക്കം ചെയ്യണമെന്ന അതിയായ ആഗ്രഹപ്രകാരം അമേരിക്കയില്‍ തന്നെ തങ്ങുകയാണ്. എങ്കിലും നാട്ടില്‍ ജോലി ചെയ്യുന്ന മകളുമായി എല്ലാ ദിവസവും ഫോണ്‍ചെയ്തും വിശേഷങ്ങള്‍ പങ്കുവെച്ചും അച്ഛനും മകളുമായുള്ള ഹൃദയബന്ധം ഊഷ്മളമായി അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിന്‍റെ തുടക്കത്തില്‍..
ഏകാന്ത ജീവിതത്തിന് ഒരു ആശ്വാസം ആകുമെന്ന് കരുതിയാണ് രാമചന്ദ്രൻ ഒരു അമേരിക്കക്കാരനുമായി മകള്‍ക്ക് വിവാഹം ആലോചിക്കുന്നത്. എന്നാല്‍, തന്റെയൊപ്പം ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനുമായുള്ള പ്രണയം അവള്‍ തുറന്നു പറയുന്നതോടെ അച്ഛനും മകളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നു. തനിക്ക് സ്വന്തമായുള്ള ഏക്കര്‍കണക്കിനുള്ള എസ്റ്റേറ്റ്, മറ്റു സ്വത്തുക്കള്‍ എന്നിങ്ങനെ ഒന്നിനും മകള്‍ക്കവകാശമില്ല എന്ന് പറഞ്ഞ് അച്ഛനും മകളും തമ്മില്‍ പിണങ്ങുകയും ചെയ്യുന്നു.
ഇതിനിടയില്‍ രാമചന്ദ്രന്റെ എസ്റ്റേറ്റ് കാര്യങ്ങള്‍ നോക്കി നടത്തുന്ന അത്യാഗ്രഹിയും കൂര്‍മ്മ ബുദ്ധിക്കാരനും സര്‍വ്വോപരി സ്വത്തുക്കള്‍ അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നവനുമായ അനന്തിരവന്‍ ഭാസ്കരന്‍ നമ്പ്യാര്‍ (ശ്രീനിവാസന്‍) രംഗപ്രവേശം ചെയ്യുന്നു.
അമ്മാവനും മകളുമായുള്ള പിണക്കം യഥാര്‍ത്ഥത്തില്‍ അയാളെ സന്തോഷിപ്പിക്കുന്നു. തന്റെ സ്വത്തില്‍ കല്യാണിക്ക് യാതൊരു അവകാശവുമില്ല എന്ന് രാമചന്ദ്രൻ പറഞ്ഞു എന്നറിഞ്ഞ അയാള്‍ കല്യാണിയുടെ പ്രണയത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
ഉറ്റസുഹൃത്തായ രാമചന്ദ്രന്റെയും മകളുടെയും പിണക്കത്തിനിടയില്‍ കൈമള്‍ അങ്കിള്‍ ത്രിശങ്കുവിലായെങ്കിലും കല്യാണിയുടെ പ്രണയം സഫലമാക്കാന്‍ മുന്നിട്ടിറങ്ങാന്‍ അദ്ദേഹം തീരുമാനിക്കുന്നു. കൈമള്‍ അങ്കിള്‍ മുൻകൈയെടുത്തു ആ ചെറുപ്പക്കാരനെ വിവരങ്ങള്‍ ധരിപ്പിക്കുകയും രജിസ്റ്റര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ രജിസ്റ്റര്‍ ഓഫീസില്‍ സമയം കഴിയുവോളം കാത്തിരുന്നിട്ടും പ്രതിശ്രുത വരന്‍ എത്തിച്ചേര്‍ന്നില്ല. പകരം ‘സ്വത്തില്ലാത്ത ഒരു അനാഥപ്പെണ്ണിനെ വിവാഹം ചെയ്യാന്‍ താല്പര്യം ഇല്ല’ എന്നെഴുതിയ ഒരു എഴുത്ത് കൊടുത്തയക്കുന്നു. കത്ത് വായിച്ചു ബോധരഹിതയായി വീഴുന്ന നായികയും, നിസ്സഹായനായ കൈമള്‍ അങ്കിളും.
എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം മകളുമായുള്ള വഴക്കില്‍ മാനസാന്തരപ്പെട്ട് മകളോടും ഭര്‍ത്താവിനോടുമൊപ്പം തന്റെ അവസാന അവധിക്കാലം ആഘോഷിക്കാനായി രാമചന്ദ്രൻ വരുന്നു എന്ന ടെലഗ്രാം ലഭിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു.
അത്യധികം സന്തോഷത്തോടെ അവധി ആഘോഷിക്കാന്‍ വരുന്ന അച്ഛനോട് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവവികാസങ്ങള്‍ തുറന്നുപറയാനുള്ള ബുദ്ധിമുട്ടിലാണ് കല്യാണിയും കൈമളും. അതിനായി കൈമളിന്റെ വക്കീല്‍ ബുദ്ധിയില്‍ ഉദിക്കുന്ന ആശയമാണ് രാമചന്ദ്രന്റെ അവധിക്കലമത്രയും ഭര്‍ത്താവായി അഭിനയിക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കുക എന്നത്. മനസ്സില്ലാമാനസ്സോടെ കല്യാണി അങ്ങനെയൊരു നാടകത്തിനു സമ്മതിക്കുന്നു.
ഇനിയാണ് തട്ടിപ്പുപരിപാടികളിലൂടെ പണം സമ്പാദിക്കുന്ന നമ്മുടെ നായകന്‍ മോഹന്‍ലാലിന്റെ രംഗപ്രവേശം. ദിവസവും ആയിരം രൂപ എന്ന നിരക്കില്‍ കല്യാണിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍, വിഷ്ണു ആയി കുറച്ചുകാലം വേഷം കെട്ടാന്‍ മനസ്സില്ലാമനസ്സോടെ മോഹന്‍ലാല്‍ സമ്മതിക്കുന്നു. ഗത്യന്തരമില്ലാതെ കല്യാണിയും വിഷ്ണുവിന്റെ ഭാര്യയായി അഭിനയിക്കാന്‍ തയ്യാറാവുന്നു.
എയര്‍പോര്‍ട്ടില്‍ അച്ഛനെ സ്വീകരിച്ച ശേഷം അദ്ദേഹത്തിന്‍റെ താല്പര്യ പ്രകാരം കൈമള്‍ അങ്കിളും കല്യാണിയും, വിഷ്ണുവും ഒന്നിച്ച് അവധി ആഘോഷിക്കാന്‍ എസ്റ്റേറ്റിലേക്ക് പോകുന്നതോടെ നര്‍മ്മം ഉച്ചസ്ഥായിയിലാകുന്നു. സ്വത്തുക്കള്‍ കയ്യേറി സ്വയം തമ്പ്രാനായി സസുഖം വാഴുന്ന അനന്തിരവന് മുന്നറിയിപ്പ് ഇല്ലാത്ത ഈ വരവ് തിരിച്ചടിയാവുന്നു.
കല്യാണിയുടെ യഥാര്‍ത്ഥ ഭര്‍ത്താവല്ല ഇതെന്ന് സ്ഥാപിക്കാനുള്ള ശ്രീനിവാസന്റെ തന്ത്രങ്ങളും, രഞ്ജിനിയും മോഹന്‍ലാലുമായുള്ള പാരവെപ്പും ഒക്കെയായി നര്‍മ്മപ്രധാനമായ രംഗങ്ങളിലൂടെയും ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെയും സിനിമ മുന്നേറുകയാണ്. ” എത്ര മനോഹരമായ ആചാരങ്ങള്‍..” എന്ന ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ ഉണ്ടാവില്ല എന്ന് പറയുമ്പോള്‍ തന്നെ ഈ സിനിമ നമ്മോട് എത്ര മാത്രം ചേര്‍ന്ന് നില്‍ക്കുന്നു എന്ന് മനസ്സിലാക്കാം.
കല്യാണിയുടെ വിഷ്ണുവിനോടുള്ള പെരുമാറ്റത്തിലെ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിലെ ‘പ്രിയദര്‍ശന്‍ മാജിക് ‘ എടുത്തുപറയേണ്ടതാണ്. നായികമാരായ ലിസ്സിയുടെയും രഞ്ജിനിയുടെയും സൗന്ദര്യത്തിനോ അഭിനയ മികവിനോ ഏഴയലത്ത് വരില്ല ഇന്നത്തെ നായികമാര്‍. ഇവര്‍ രണ്ടും മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നായികമാര്‍.
മുൻപ് നൂറുതവണയെങ്കിലും ഈ ചിത്രം കണ്ടതാണെങ്കിലും പ്രതിനായകന്റെ (സോമന്‍) രംഗപ്രവേശത്തിലും, രേവതി (ലിസ്സി ) എന്ന രണ്ടാം നായിക പ്രത്യക്ഷപ്പെടുന്ന രണ്ടാം പകുതി കടന്നു ക്ലൈമാക്സ് എത്തുമ്പോഴും ആകാംക്ഷയോടും നിറകണ്ണുകളോടും കൂടെയല്ലാതെ നമുക്ക് ഈ സിനിമ പൂര്‍ത്തിയാക്കാനാവില്ല എന്നതാണ് സത്യം.
തുണി തേച്ചു മടക്കുന്നതിനിടയില്‍ ഒരു രസത്തിന് വേണ്ടിയാണ് സിനിമ ഇട്ടതെങ്കിലും, എന്റെ ജോലി മറന്നു ഞാന്‍ സിനിമയില്‍ മുഴുകിയിരുന്നു. ഓരോ തവണയും ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ ശുഭപര്യവസായി ആകണേയെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കും. ജീപ്പിന്റെ പുറകിലിരുന്നു കണ്മറയുന്ന മോഹന്‍ലാല്‍ ആരുടെ മനസ്സിലാണ് നീറ്റല്‍ ഉണ്ടാക്കാത്തത്?
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് കണ്ണൂര്‍ രാജനും ഇളയരാജയും ചേര്‍ന്ന് ഈണം നല്‍കി എം.ജി ശ്രീകുമാറിന്റെയും സുജാതയുടെയും മോഹന്‍ലാലിന്റെയും ശബ്ദത്തില്‍ വിരിഞ്ഞ ഇതിലെ ഗാനങ്ങള്‍ പ്രിയദര്‍ശന്‍ മാജിക്കില്‍ ഏറെ ദൃശ്യമികവോടെ ഈ ചിത്രത്തില്‍ കാണാം. ഏതു വിദേശ ലൊക്കേഷനില്‍ പോയി ചിത്രീകരിച്ചാലും എത്ര മികച്ച സിനിമറ്റോഗ്രാഫര്‍ ചെയ്താലും ഈ ദൃശ്യങ്ങളുടെ ഏഴയലത്ത് പോലും വരില്ല ഇന്നത്തെ സിനിമകള്‍ എന്ന് നിസ്സംശയം പറയാം.
“എന്നെ കൊല്ലാതിരിക്കാനാവുമോ.. ഇല്ലല്ലേ ..” എന്ന രംഗം കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു വികാരഭരിതയായി ഇരുന്ന എനിക്ക് ചിരിപൊട്ടി. കാരണം, കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാര്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചരിച്ച ഒരു രംഗം ആയിരുന്നു എന്നതിന് പുറമേ ഇപ്പോഴും മിക്ക ട്രോളുകളിലും ഈ രംഗം നമുക്ക് കാണാം.
‘ചിത്രം’ ഒരു സിനിമ എന്നതിലുപരി ബാല്യകാലസ്മരണകളിലേക്ക് നമ്മെ കൊണ്ട് ചെന്നെത്തിക്കും. ദൂരദര്‍ശനിലെ ഞായറാഴ്ച നാലുമണി സിനിമയും, അത് കാണാനായി അടുത്ത വീടുകളില്‍ നിന്നും ആളുകള്‍ വീട്ടില്‍ വരുന്നതും, പിറ്റേ ദിവസം സ്കൂളില്‍ സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുന്നതും, ഡെസ്കിൽ താളമിട്ട് പാട്ടുകള്‍ പാടി ക്ലാസ്സില്‍ ഓളമുണ്ടാക്കുന്നതും, മോഹന്‍ലാലിന്റെ കൈവിരലുകള്‍ കൊണ്ട് ഫോട്ടോ എടുക്കുന്നതുപോലെയുള്ള ആക്ഷനും, എങ്ങാനും സിനിമയുടെ ഇടയ്ക്ക് കറൻറ് പോയാല്‍ ആ സിനിമ പൂര്‍ണ്ണമായി കണ്ട കുട്ടികളുടെ കഥപറച്ചിലും, കൂട്ടുകാരുമായി അടിപിടി കൂടുമ്പോള്‍ നമ്മള്‍ തന്നെ കൊടുക്കുന്ന ഡിഷ്യൂം ഡിഷ്യൂം ശബ്ദവും…
അങ്ങനെ ഒരുപാട് ഒരുപാട് ബാല്യകാല സ്മരണകള്‍ അയവിറക്കാനും ചിത്രം ഒരു നിമിത്തമായി മാറി..
അമ്മു ആന്‍ഡ്രൂസ്.