ഈ സിനിമ കാണാൻ എനിക്കുണ്ടായ പ്രചോദനം അതിലെ വിവാദം മാത്രമാണ്. വാട്ട്സ് ആപ്പ് വഴി കിട്ടിയ ക്ലിപ്പുകളിലും കൂടുതൽ എന്തെങ്കിലും അതിൽക്കാണും എന്നോർത്ത് തന്നെ. ആ രംഗങ്ങൾക്ക് മുൻപോ ശേഷമോ വേറെന്തെങ്കിലും കൂടി കാണുമോ ? ഒരല്പം കുരുത്തക്കേട് മനസ്സിൽ തോന്നിയത് കൊണ്ടാണെന്ന് കൂട്ടിവായിച്ചാലും തെറ്റില്ല. പാർച്ട് കാണാനായി ഒരുങ്ങുമ്പോൾ രാധികാ ആപ്‌തെയുടെ അങ്ങനെയൊരു രംഗത്തിന് പ്രചോദനം ആയതെന്താകും എന്ന ആകാംക്ഷയുമുണ്ടായിരുന്നു.par

ആദ്യമായി ഫോണിലൂടെ കണ്ട സിനിമ ഇതാണ്, ഇത് മാത്രമാണ്. കാമം ഉണരുമെന്ന് കരുതിയല്ല, കുഞ്ഞു കാണേണ്ടെന്ന് കരുതിയാണ് മൊബൈലിൽ കണ്ടത്.

പക്ഷെ…

ഞാൻ കരയുകയായിരുന്നു…

ഞാൻ പോലും അറിയാതെ…

അന്നുതന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ടു. ഉള്ളിലെ കടൽ അത്രമാത്രം ഇരമ്പുന്നുണ്ടായിരുന്നു. പിറ്റേന്ന് ‘ഈ സിനിമ കണ്ടോ’ എന്ന് അത്ഭുതം കൂറിയവരിൽ ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. നെറ്റി ഒരല്പം ചുളിച്ചാണ് അവർ പ്രതികരിച്ചത്. പെണ്ണായ ഞാൻ, ‘അത്തരത്തിൽ’ വിവാദമായ ഒരു സിനിമ കണ്ടത് എന്തുദ്ദേശിച്ചായിരിക്കും എന്ന ചിന്താക്കുഴപ്പം പുരുഷസുഹൃത്തുക്കൾക്കിടയിൽ ഉണ്ടായി എന്നതാണ് രസകരമായ സത്യം.

പാർച്ട്, രാജസ്ഥാനിലെ ഒരു ഉൾഗ്രാമത്തിലെ
നാല് സ്ത്രീകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ആളും ആരവവും ഒന്നുമില്ലാത്ത, പുരോഗതി എത്തിനോക്കാത്ത ഒരു കൊച്ചുഗ്രാമത്തിന്റെ കഥ കൂടിയാണിത്.

ഒരു മനുഷ്യായുസ്സിൽ ഏതാണ്ട് പകുതിയോളം വൈധവ്യം അനുഭവിക്കുന്നവളാണ് റാണി (തന്നിഷ്‌ത ചാറ്റർജി). തന്റെ പതിനഞ്ചാം വയസിൽ മുഴുക്കുടിയാനായ ഒരാളുടെ ഭാര്യയായി പതിനേഴാം വയസ്സിൽ വിധവയാകുമ്പോൾ അവൾ ഒരു ആൺകുഞ്ഞിന്റെ അമ്മയായി മാറിയിരുന്നു. കൗമാരം പിന്നിടുന്ന മകനാണ് അവരുടെ ഇപ്പോഴത്തെ ആധി. അവന്റെ വിവാഹാവശ്യത്തിനായി സ്വന്തം വീട് പണയപ്പെടുത്തി കണ്ടെത്തുന്ന വധുവാണ് ജാനകി (ലെഹർ ഖാൻ).

ജാനകിക്കുമുണ്ടൊരു കഥ പറയാൻ. പുസ്തകങ്ങളെ സ്നേഹിക്കുന്ന ജാനകി വിവാഹത്തോടുള്ള പ്രതിഷേധ സൂചകമായി മുടി മുറിച്ചു കളയുന്നു. സ്ത്രീകളുടെ സ്വാതന്ത്രത്തിന്റെ ഒരടയാളം ‘മുടി’ ആണെന്ന് പറയാതെ പറയുന്നുണ്ട് ഈ സിനിമയിൽ. വിവാഹശേഷം മകൻ ജാനകിയെ ഉപദ്രവിക്കുന്നതും അവന്റെ വഴിവിട്ട സഞ്ചാരവുമാണ് റാണിയുടെ വേദന.

ലാജ്ജോ (രാധിക ആപ്‌തെ) യുടെ സന്തോഷം നാലുചുവരുകൾക്കു വെളിയിലാണ്. രാത്രികളെ ഭയപ്പെടുന്ന, എന്നാൽ തന്നിലെ സ്ത്രീത്വം മുറിവേൽക്കാൻ അനുവദിക്കാത്തവൾ. മദ്യത്തെ കൂട്ടുപിടിച്ചു തന്നെ ദേഹോപദ്രവം ഏൽപ്പിക്കുന്ന ഭർത്താവിനെ സ്നേഹിക്കാൻ വിധിക്കപ്പെട്ടവൾ. വിവാഹിതയായി വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനഭാഗ്യമില്ലാത്തതിനാൽ മാനസികമായും ശാരീരികമായും പീഡനങ്ങൾ ഏറ്റുവാങ്ങുന്നവൾ. ‘വന്ധ്യത പുരുഷന്മാർക്കും ഉണ്ടാകുമോ ?’എന്ന നിഷ്കളങ്കമായ ചോദ്യം ആരുടെ മനസ്സിലാണ് നീറ്റൽ ഉണ്ടാക്കാത്തത്?

ബിജ്‌ലി (സുർവീൻ ചൗള) എന്ന കഥാപാത്രം മൂർച്ചയേറിയതാണ്. ചടുലമായ നൃത്തച്ചുവടുകളിലൂടെ ആ ഗ്രാമത്തെ ഹരം കൊള്ളിക്കുന്നവൾ. നൃത്തസംഘത്തിന്റെ മുതലാളി ബിജ്‌ലിയുടെ ശരീരം പലർക്കും കാഴ്ചവെച്ച് പണം സമ്പാദിക്കുന്നുണ്ട്. രാത്രികളിൽ ഗ്രാമത്തിന്റെ ആവേശമാകുന്ന ബിജ്‌ലിയെ പകൽസമയങ്ങളിൽ മംഗളകർമ്മങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തുന്ന പൊള്ളയായ വ്യക്തിത്വങ്ങളെ എടുത്തുകാട്ടുന്നുണ്ട് ഈ സിനിമയിൽ.

ഈ നാലുസ്ത്രീകളിൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നത് ബിജ്‌ലിയാണ്. അവൾ യാത്രചെയ്യുന്ന വണ്ടിയിൽ പോലും സ്വാതന്ത്ര്യം ഉണ്ട്. വായുവും വെളിച്ചവും ആവോളം കടക്കുന്ന, മുടിയിഴകൾ പാറിപ്പറക്കാൻ അനുവാദം വേണ്ടാത്ത ഒരു സന്തോഷം.

പരസ്പരം ആശങ്ക കൂടാതെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളിൽ രതിയും, പ്രണയവും, ഭാവിയെക്കുറിച്ചുള്ള ആകുലതകളും ഉൾപ്പെടുന്നു. ആത്മസന്തോഷം തരുന്ന ചില നിമിഷങ്ങൾ ഇവർക്കിടയിലുണ്ട്. അവരുടേതായ ലോകമുണ്ട്. അതാണവരെ ഒന്നിപ്പിക്കുന്നതും.

കൂട്ടുപിരിഞ്ഞു നേരമിരുട്ടി അവരവരുടെ ലോകത്തേക്ക് മടങ്ങുമ്പോൾ അവർക്കറിയാം കാത്തിരിക്കുന്നത് ഭീതിയുടെ നിമിഷങ്ങൾ ആണെന്ന്. എങ്കിലും അവരുടെ നർമ്മ സംഭാഷണങ്ങൾ നമ്മെയും രസിപ്പിക്കുന്നുണ്ട്.

ലാജ്ജോയുടെ കരവിരുതുകൾ പ്രശംസിക്കപ്പെടുമ്പോഴും, സ്ത്രീകൾ പഠിപ്പിക്കുന്നതും അംഗീകരിക്കപ്പെടുന്നതും ഭയപ്പെടുന്ന ഒരു പുരുഷസമൂഹത്തെയും നമുക്കീ സിനിമയിൽ കാണാം. ടിവി, ഫോൺ മുതലായവ ആ ഗ്രാമത്തിലേക്ക് വന്നാലുണ്ടാകുന്ന വിപത്തുകളെ ഭയപ്പെടുന്ന, അതിലൂടെ സ്ത്രീകൾ പുറംലോകത്തെ പറ്റി അറിഞ്ഞാലുണ്ടാകുന്ന വിഹ്വലതകൾ ഒരു ഗ്രാമാന്തരീക്ഷത്തിലെങ്ങിനെ എന്ന് നന്നായി അവതരിപ്പിക്കുന്നുണ്ട്.

ബാലവിവാഹം, സ്ത്രീധനം, കുടുംബാംഗങ്ങളിൽ നിന്നുള്ള ലൈംഗിക അതിക്രമം എന്നിവയും ഇതിൽ വിഷയമാകുന്നുണ്ട്. ഓരോ കഥാപാത്രവും ശക്തമാണ്. അവർ ആവാഹിക്കപ്പെടുന്നുണ്ട് നമ്മിലേക്ക്. ഇതുകൊണ്ട് തന്നെയാവും ആ സിനിമ നമ്മോട് അടുത്തുനിൽക്കുന്നതും.

വെറുമൊരു നഗ്നതാ പ്രദർശനത്തിന്റെ പേരിൽ ഒതുങ്ങി നിൽക്കേണ്ടതല്ല ഈ ചിത്രം. സ്ത്രീകളുടെ ജീവിതം തുറന്നു പറച്ചിലുകളിലൂടെയും, പച്ചയായ ആവിഷ്കാരത്തിലൂടെയും തുറന്നുകാണിക്കാൻ സംവിധായക ലീന യാദവ് വിജയിച്ചിട്ടുണ്ട്.

ഒരു സ്ത്രീ നിസ്സഹായയാകുന്ന അവസരങ്ങൾ, അവസ്ഥകൾ ഏതെല്ലാമാണ്‌ ? സ്നേഹത്താലോ നിസ്സഹായത മൂലമോ അമ്മയായും, മകളായും, കാമുകിയായും, ഭാര്യയായും ഒക്കെ അവൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പലപ്പോഴും മാനസികമായും, ശാരീരികമായും, വൈകാരികമായും അവൾ പീഡിപ്പിക്കപ്പെടുന്നു.

പുരുഷനിലെ മൃഗം ഉണരുന്നതെപ്പോഴാണ് ? അവനെക്കാൾ ഉയർച്ച അവന്റെ പങ്കാളി കൈവരിക്കുന്നു എന്നറിയുമ്പോൾ, അവൾ തന്നെക്കൂടാതെ സന്തോഷിക്കുന്നു എന്നറിയുമ്പോൾ, താൻ നൽകുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും അവൾക്ക് മറ്റൊരാൾ (സ്ത്രീയാകാം, പുരുഷനാകാം) നൽകുന്നു എന്നറിയുമ്പോൾ… അവിടെ മുറിപ്പെടുന്നു അവൻ. ഇവയെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണിത്.

ഇന്ത്യയിലെ ഉൾനാടൻ ഗ്രാമീണജീവിതങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ സംവിധായകയ്ക്ക് സാധിച്ചു എന്നുതന്നെ പറയാം. ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മിക്കവരും ഹോളിവുഡിൽ നിന്നാണെങ്കിലും ടൈറ്റാനിക്കിലെ ഛായാഗ്രഹണത്തിന് ഓസ്കാർ അവാർഡ് നേടിയ റസ്സൽ കാർപ്പെന്റർ ഓരോ രംഗവും അവിസ്മരണീയമാക്കിയെന്ന് പറയാതെ തരമില്ല.

പാർച്ട് (Parched ) എന്നാൽ ഉണങ്ങിയ/വറ്റി വരണ്ടുപോയ എന്നൊക്കെയാണ് അർഥം. എന്നാൽ അതിലും വലിയ അർഥതലങ്ങൾ തുറന്നു കാണിക്കുകയാണ് ഈ സിനിമയിലൂടെ..

നിത ബാലകുമാര്‍.