ശൈത്യകാലം ആരംഭിക്കുമ്പോള്‍ മുതല്‍ വഴികളില്‍ ‘ആര്‍ട്ടിചോക്ക്’ (Artichoke) കച്ചവടക്കാരുടെ ബഹളം തുടങ്ങും. പച്ചക്കറിക്കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പല ഓഫറുകളില്‍ ആര്‍ട്ടിചോക്കിന്‍റെ തണ്ടുകള്‍ കെട്ടി വില്‍ക്കാന്‍ വെച്ചിരിക്കുന്നതും സ്ഥിരം കാഴ്ചകളായി മാറും. (ഒരു കെട്ടില്‍ എട്ടോ പത്തോ ആര്‍ട്ടിചോക്കുകള്‍ കാണും) ആദ്യമൊക്കെ കൗതുകത്തോടെ നോക്കി നിന്നിരുന്നുവെങ്കിലും, പിന്നീട് പിസയിലും പാസ്തയിലും ചേരുവയായി എത്തിയ ‘കര്‍ച്ചോഫെ’ (Carciofe) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിചോക്ക് എന്‍റെ രസമുകുളങ്ങളെ കീഴടക്കി. കഴിച്ച ശേഷം നാവില്‍ മധുരം അനുഭവവേദ്യമാക്കുന്ന ആര്‍ട്ടിചോക്ക് എന്ന വിഭവത്തെ കുറിച്ചും ആര്‍ട്ടിചോക്ക് കൃഷിക്ക് പേരുകേട്ട സിസിലിയിലെ ഒരു ഉള്‍ഗ്രാമമായ ചേര്‍ദയില്‍ വര്‍ഷം തോറും നടത്തി വരുന്ന ആര്‍ട്ടിചോക്ക് ഫെസ്റ്റിവലില്‍ പങ്കെടുത്ത അനുഭവത്തെ കുറിച്ചുമാണ് ഈ കുറിപ്പ്..
ഭൂമിയില്‍ മനുഷ്യന്‍ ആദ്യമായി കൃഷിചെയ്തു ഭക്ഷിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സസ്യങ്ങളില്‍ ഒന്നാണ് ‘ആര്‍ട്ടിചോക്ക്’. ‘Cynara cardunculus var. scolymus’ എന്ന ബോട്ടാണിക്കല്‍ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യകാന്തിയുടെ ഇനത്തില്‍ പെടുന്ന ഈ സസ്യത്തിന്‍റെ ഹിന്ദിയിലുള്ള നാമധേയം ‘ഹാഥിചോക്ക്’ (Haathichuk) എന്നാണ്.

മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന യൂറോപ്യന്‍-ആഫ്രിക്കന്‍ മണ്ണിലാണ് (പ്രധാനമായും ഇറ്റലി, ഗ്രീസ്, സ്പെയിന്‍, നോര്‍ത്ത് ആഫ്രിക്ക) ഇവ വളരുന്നത്. ആര്‍ട്ടിചോക്ക് എന്ന സസ്യത്തിന്‍റെ പൂമൊട്ടാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇവയെ പൂക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നീല കലര്‍ന്ന വയലറ്റ് നിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുന്നത്. ആര്‍ട്ടിചോക്ക്സ് ഇപ്പോള്‍ ലോകമെമ്പാടും ലഭ്യമാണെങ്കിലും അവ പല സ്ഥലങ്ങളിലും നിറത്തിലും രൂപത്തിലും വ്യത്യസ്തമായിരിക്കും. നാരുകളാല്‍ സമ്പുഷ്ടമായ ആര്‍ട്ടിചോക്ക് സസ്യത്തിന്‍റെ ഇലയും ഇളംതണ്ടുകളും ഭക്ഷ്യയോഗ്യമാണ്.
ആര്‍ട്ടിചോക്കിന്‍റെ പ്രാധാന്യവും ഐതീഹ്യവും
പ്രാചീന ഗ്രീക്ക്-റോമന്‍ജനത ഭക്ഷണത്തിനായും ഔഷധത്തിനായും ഇവ ഉപയോഗിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഗ്രീക്ക് ഫിലോസഫറും നാച്ചുറലിസ്റ്റുമായ തിയോഫ്രാസ്റ്റസിന്‍റെ (Theophrastus, BC 371— 287) കാലം മുതല്‍ ഇറ്റലിയിലും പ്രത്യേകിച്ച് സിസിലിയില്‍ ആര്‍ട്ടിചോക്ക് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ നീറോചക്രവര്‍ത്തിയുടെ റോമന്‍ സൈന്യത്തിന് വേണ്ടി ഔഷധമായും ആര്‍ട്ടിചോക്ക് ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ഗ്രീക്ക് മിത്തോളജി പ്രകാരം, ആര്‍ട്ടിചോക്ക് ‘സിനാരി ദ്വീപി’ല്‍ വസിച്ചിരുന്ന അതീവസുന്ദരിയായ യുവതിയായിരുന്നു. ഒരിക്കല്‍ സീയൂസ് ദേവന്‍ തന്‍റെ സഹോദരനായ പോസിഡോണിനെ സന്ദര്‍ശിക്കാനായി സമുദ്രത്തില്‍ നിന്നും ഉയിര്‍ത്തു സിനാരി ദ്വീപില്‍ എത്തിയപ്പോള്‍ അതിസുന്ദരിയായ ‘സിനാര’ എന്ന നാമധേയത്തിലുള്ള യുവതിയുടെ കാണുകയും അവളില്‍ ആകൃഷ്ടനാവുകയും ചെയ്തു. ദേവന്‍റെ സാന്നിധ്യത്തില്‍ അവളില്‍ ഭയമോ, വെപ്രാളമോ ഉണ്ടായില്ല എന്നത് അദ്ദേഹത്തില്‍ കൌതുകം ജനിപ്പിച്ചു. മാത്രമല്ല, അദ്ദേഹം അവളില്‍ അനുരക്തനായി മാറുകയും അവളെ ദേവതയായി ഉയര്‍ത്താനായി തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ ഒളിമ്പിയയില്‍ അദ്ദേഹത്തിന്‍റെ വസതിയോട് ചേര്‍ന്ന് അവള്‍ക്ക് വാസസ്ഥലം ഒരുക്കുകയും ചെയ്തു. പത്നിയായ ഹീരയുടെ അഭാവത്തില്‍ സീയൂസ് ദേവന്‍ സിനാര ദേവതയുമായുള്ള പ്രണയം തുടര്‍ന്നുപോന്നു.
അങ്ങനെയിരിക്കെ കുറേക്കാലം കഴിഞ്ഞപ്പോള്‍ സിനാര ദേവതയ്ക്ക് ഭൂമിയിലുള്ള അമ്മയെ കാണണമെന്ന് കലശലായ ആഗ്രഹം. അവര്‍ മനുഷ്യരൂപം സ്വീകരിച്ച് അമ്മയെ സന്ദര്‍ശിച്ചു മടങ്ങിയെത്തി. ദേവതകള്‍ക്ക് യോജിക്കാത്ത ഈ പ്രവര്‍ത്തിയില്‍ സീയൂസ് ദേവന്‍ കോപിക്കുകയും അവളെ ഒരു സസ്യമായി ഭൂമിയിലേക്ക് മടക്കി അയക്കുകയും ചെയ്തു. ആ സസ്യമാണ് ആര്‍ട്ടിചോക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ‘സീയൂസ് ദേവന്‍റെ പ്രിയപ്പെട്ട സസ്യം’ എന്ന പേരിലാണ് ആര്‍ട്ടിചോക്ക് അറിയപ്പെടുന്നത്.
ആര്‍ട്ടിചോക്ക്സ് വിളയുന്ന ചേര്‍ദയിലൂടെ…
ഞങ്ങള്‍ താമസിക്കുന്ന പട്ടണത്തിനടുത്ത് ആര്‍ട്ടിചോക്ക് കൃഷിക്ക് പ്രശസ്തമായ ‘ചേര്‍ദ’ എന്ന കൊച്ചു ടൗണ്‍ഷിപ്പില്‍ വര്‍ഷാവര്‍ഷം വലിയ രീതിയില്‍ ‘ആര്‍ട്ടിചോക്ക് ഫെസ്റ്റിവല്‍’ നടത്തുന്നതായി അറിഞ്ഞപ്പോള്‍ മുതല്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തമായ ആര്‍ട്ടിചോക്ക് രുചികള്‍ അനുഭവിച്ചറിയാനും മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു എന്ന് പറയാതെ വയ്യ…
ചേര്‍ദ, ആര്‍ട്ടിചോക്ക് വിഭവങ്ങള്‍ വിളമ്പുന്ന ഫാം ഹൗസ്—റെസ്റ്റോറന്‍റുകള്‍ക്ക് പ്രശസ്തമാണ് എന്ന കേട്ടറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. നാട്ടിലെ ഭക്ഷ്യമേളകളെ (Food Festivals) മനസ്സില്‍ കണ്ടുകൊണ്ട്,എല്ലാവര്‍ഷവും ഏപ്രില്‍ അവസാന ആഴ്ച ‘ആര്‍ട്ടിചോക്ക് ഫെസ്റ്റിവല്‍’ കൊണ്ടാടുന്ന, ചേര്‍ദ ലക്ഷ്യമാക്കി ഞങ്ങള്‍ പുറപ്പെട്ടു. ഇറ്റലിയിലെ സിസിലി ദ്വീപിന്റെ തലസ്ഥാനമായ പലെര്‍മോയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ചേര്‍ദ (Cerda) എന്ന ടൗണ്‍ഷിപ്പ്.
ഹൈവേ കഴിഞ്ഞാല്‍ ഏകദേശം ഒരു മണിക്കൂറോളം മലനിരകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള ചെറിയ റോഡുകളിലൂടെ യാത്ര ചെയ്താലാണ് ചേര്‍ദ എന്ന ഉള്‍ഗ്രാമത്തില്‍ എത്തിച്ചേരുന്നത്. ഈ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ഈ വഴികളില്‍ നൂറില്‍പരം (1906) വര്‍ഷങ്ങളായി ‘കാര്‍ റേസിംഗ്’ മത്സരങ്ങള്‍ നടത്തപ്പെടുന്നു. മത്സരയോട്ടക്കാറുകളുടെ മുരള്‍ച്ചയും ചീറിപാച്ചിലും വിന്‍റേജ് കാറുകളുടെ റാലികളും, എക്സിബിഷനുകളും സ്ഥിരമായി നടക്കുന്ന വഴികളാണിവ. വളഞ്ഞും പുളഞ്ഞും ഞങ്ങളുടെ വാഹനം മലയിടുക്കള്‍ക്കിടയിലൂടെ ചേര്‍ദ പട്ടണത്തെ ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു. മുന്നിലും പിന്നിലുമായി നിരവധി ടൂറിസ്റ്റ് ബസുകളും, മറ്റുവാഹനങ്ങളും ചേര്‍ദയില്‍ നടക്കുന്ന ഈ മഹത്തായ ഫുഡ് ഫെസ്റ്റിവലിന്‍റെ വ്യാപ്തിയും ജനപ്രീതിയും ചരിത്രപരമായ പ്രാധാന്യവും വിളിച്ചു പറയുന്നുണ്ടായിരുന്നു…
ഒരുവശത്ത് മലയിടുക്കുകള്‍ക്കിടയിലൂടെ ആകാശവും മെഡിറ്ററേനിയന്‍ കടലും തിരിച്ചറിയാനാവാത്ത വിധം ഗാഢമായി ആലിംഗനം ചെയ്തു നില്‍ക്കുന്ന കാഴ്ച. മറുവശത്ത് പച്ചപ്പട്ടുടുത്ത മലനിരകള്‍. ചില മലയിടുക്കുകള്‍ പൂക്കളാല്‍ നിറഞ്ഞിരുന്നു. വസന്തകാലം നല്‍കുന്ന ഇളംവെയിലില്‍ വെട്ടിതിളങ്ങുന്ന പുല്‍നാമ്പുകള്‍. മഞ്ഞയും വയലറ്റും നിറങ്ങളില്‍ പൂക്കള്‍ നിറഞ്ഞ താഴ്-വാരങ്ങള്‍. പൂക്കളില്‍ തേനുണ്ണാന്‍ മത്സരിക്കുന്ന തേനീച്ചകള്‍. ഓരോ പൂവിലും നാമ്പിലും മുത്തംവെച്ച് തത്തിക്കളിക്കുന്ന പൂമ്പാറ്റകള്‍… ചെറിയ ഫലവൃക്ഷങ്ങള്‍ പൂവിട്ടും കായ്ച്ചും നില്‍ക്കുന്നു..

അതിമനോഹരമായ പ്രകൃതി തീര്‍ത്ത കാവ്യംപോലെ മലനിരകള്‍.. കുളിര്‍മ്മയുള്ള ശുദ്ധവായു ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉത്തേജിപ്പിക്കുന്നു. പ്രകൃതിഭംഗി ആസ്വദിക്കുന്നവരുടെ പറുദീസയാണ് ഈ മലനിരകള്‍ എന്ന് തോന്നിപ്പോയി. ഇടയ്ക്കിടെ അങ്ങിങ്ങായി കൃഷിയാവശ്യങ്ങള്‍ക്കായുള്ള ചെറിയ ചെറിയ വീടുകള്‍ കാണാമെന്നതൊഴിച്ചാല്‍ ആള്‍ത്താമസം തീരെയില്ല ആ വഴികളില്‍. പുല്‍മേടുകളില്‍ സ്വൈര്യവിഹാരം നടത്തുന്ന പശുക്കളും, കുതിരകളും, കൃഷിക്കായി ഉഴുതു തയ്യാറാക്കിയിട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ ഇവയെല്ലാം വഴിയരികിലെ ചില കാഴ്ചകള്‍ മാത്രം…
പിന്നീട് ആ കാഴ്ചകള്‍ മൊട്ടിട്ടുനില്‍ക്കുന്ന ആര്‍ട്ടിചോക്ക് തോട്ടങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ചേര്‍ദ പട്ടണത്തോട് ഏകദേശം അടുക്കാറായി എന്നൊരു സൂചന ലഭിച്ചു.
പട്ടണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വഴിക്കച്ചവടക്കാരുടെ നീട്ടിയും കുറുക്കിയുമുള്ള വിളികളാണ് ഞങ്ങളെ വരവേറ്റത്. കൃഷിക്കാര്‍ കുട്ടകളില്‍ ഓറഞ്ചും നാരങ്ങയും ആര്‍ട്ടിചോക്ക് തണ്ടുകളും പലതരം ബീന്‍സുകളും സവോളയും പിന്നിക്കെട്ടിയ വെളുത്തുള്ളി വള്ളികളും വില്‍ക്കാന്‍ വെച്ചിരിക്കുന്നു. സംഘാടകര്‍ പട്ടണത്തിനു പുറത്തുതന്നെ വിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു; കാരണം വാഹനങ്ങള്‍ പട്ടണത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതിയില്ല. പാര്‍ക്കിംഗ് ഏരിയയില്‍ വലിയ ബസ്സുകള്‍ക്കും ക്യാമ്പറുകള്‍ക്കും ചെറുകിടവാഹനങ്ങള്‍ക്കും വെവ്വേറെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ചേര്‍ദ പട്ടണത്തിലെ ആള്‍ക്കൂട്ടത്തിലേക്ക് ഊളിയിട്ടു..
അതുവരെ മനസ്സില്‍ കരുതിയിരുന്ന ഭക്ഷ്യമേളകളുടെയെല്ലാം ചിത്രങ്ങള്‍ മനസ്സില്‍ നിന്ന് വീണുടഞ്ഞു. ഒരു ഭക്ഷ്യമേള എന്നതിനപ്പുറം, അതൊരു കാര്‍ഷിക—സാംസ്കാരിക മേള കൂടിയാണെന്ന് ഊന്നിയൂന്നി പറയുന്നുണ്ടായിരുന്നു. വഴികള്‍ക്കിരുവശവും സ്റ്റാളുകളില്‍ വിവിധയിനം ചീസുകളും, ഉണക്ക ഇറച്ചി-സലൂമികളും, ഉപ്പിലിട്ട ആര്‍ട്ടിചോക്ക്, തക്കാളി, വഴുതനങ്ങ, ഒലിവിന്‍ കായ്കളും, വീട്ടിലുണ്ടാക്കിയ വൈനുകള്‍, പല ഫ്ലേവരില്‍ വീട്ടിലുണ്ടാക്കുന്ന മദ്യങ്ങള്‍, ജാമുകള്‍, പഴച്ചാറുകള്‍, ഡ്രൈഫ്രൂട്ട്സ്, എന്നിങ്ങനെ ഭക്ഷ്യയോഗ്യമായ സകലവിഭവങ്ങളും പല സ്റ്റാളുകളിലായി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.

ഏറെ സന്തോഷകരമായകാര്യം എന്താണെന്ന് വെച്ചാല്‍, ഓരോ സ്റ്റാളിലും രുചിക്കാനായി എല്ലാ വിഭവങ്ങളുടെയും ഒരു ചെറിയ സാമ്പിള്‍ വെച്ചിട്ടുണ്ടാകും. അങ്ങനെ വിവിധങ്ങളായ രുചി നുകര്‍ന്ന്, ചിത്രങ്ങള്‍ പകര്‍ത്തി, ആ ഉത്സവവീഥിയിലൂടെ ഞങ്ങള്‍ ഒഴുകിനീങ്ങി. ഭക്ഷ്യവസ്തുക്കളെ കൂടാതെ കരകൌശല വസ്തുക്കള്‍, കാര്‍പ്പറ്റുകള്‍, കര്‍ട്ടനുകള്‍, സ്റ്റീല്‍—അലുമിനിയം—സിറാമിക്—പ്ലാസ്റ്റിക് പത്രങ്ങള്‍, തവികള്‍, വീടുകളില്‍ നിര്‍മ്മിച്ച ചൂരല്‍കുട്ടകള്‍, വൈന്‍ സൂക്ഷിക്കുന്ന ഓക്ക്പെട്ടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വെട്ടുകത്തികള്‍, അരിവാള്‍, ചുറ്റിക, പലതരം വിത്തുകള്‍, വളങ്ങള്‍, ചെറിയ ട്രാക്ടറുകള്‍ എന്നുവേണ്ട സകല വസ്തുക്കളും പല സ്റ്റാളുകളിലായി നിരത്തിയിരുന്നു.
മുന്നോട്ട് നടക്കുംതോറും കമ്മലുകള്‍, മാല, വളകള്‍, മോതിരങ്ങള്‍, കളിപ്പാട്ടങ്ങള്‍, പലതരം ബാഗുകള്‍, എന്തിനേറെ പല സ്റ്റാളുകളിലായി പല ഫാഷനിലുള്ള, വിവിധ പ്രായത്തിലുള്ള ആളുകള്‍ക്കായുള്ള വസ്ത്രങ്ങളുടെ വൈവിധ്യവും എന്‍റെ കണ്ണുകളില്‍ കൌതുകം നിറച്ചു. ഫാന്‍സി വസ്തുക്കളുടെ കമനീയശേഖരം. സ്ത്രീകളും കുട്ടികളും ആ കടകളില്‍ വിലപേശാനും, ചേരുന്നവ തിരഞ്ഞെടുക്കാനും മത്സരിക്കുന്നതുപോലെ തോന്നി.

വശങ്ങളില്‍ ആര്‍ട്ടിചോക്കും ഇറച്ചി വിഭവങ്ങളും കനലില്‍ ചുടുന്നതിന്‍റെയും വിവിധ പാചകവിധികളില്‍, വിവിധ രൂപത്തില്‍, വിവിധ ചേരുവകളില്‍ പല നിറങ്ങളില്‍ തയ്യാറാക്കി നിരത്തിയിരിക്കുന്ന ആര്‍ട്ടിചോക്ക് വിഭവങ്ങളാല്‍ നിറഞ്ഞ സ്റ്റാളുകളും. ഒരല്പം കൂടെ മുന്പോട്ട് നടന്നപ്പോള്‍ ഒരു പ്യാത്‌സ (സ്ക്വയര്‍) നിറയെ കൌണ്ടറുകളും അവിടെയെല്ലാം ഫെസ്റ്റിവല്‍ പ്രതീകമായ വേഷങ്ങള്‍ ധരിച്ച ഭാരവാഹികളെയും കാണാന്‍ സാധിച്ചു. അവിടെ വളരെ ചെറിയ തുകയ്ക്ക് ഭക്ഷണകൂപ്പണുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആര്‍ട്ടിചോക്ക് വിഭവങ്ങളാല്‍ സമ്പന്നമായ മെനുവാണ് അവര്‍ നല്‍കുന്നത്, ഒപ്പം തനിനാടന്‍ വീഞ്ഞും. കൂപ്പണ്‍ വാങ്ങി ഭക്ഷണത്തിനായി ക്യൂവില്‍ നില്ക്കുമ്പോള്‍ ഒരു വശത്ത് പാട്ടും ഡാന്‍സും ഓപ്പണ്‍ ഡിസ്കോ തെക്കുമായി രംഗം കൊഴുക്കുകയായിരുന്നു..

ചേര്‍ദ എന്നാല്‍ ഉള്‍ഗ്രാമം ആണെന്നും അധികം പരിഷ്കാരം ഇല്ലാത്ത നിഷ്കളങ്കരായ ഗ്രാമീണ സിസിലിയന്‍ കര്‍ഷകരാണ് വസിക്കുന്നതെന്നും അയല്‍വാസികള്‍ പറഞ്ഞത് എത്ര ശരിയാണെന്നു ഞാന്‍ നേരില്‍കണ്ടു മനസ്സിലാക്കുകയായിരുന്നു. വളരെ രുചികരമായ തനിനാടന്‍ ഭക്ഷണവും വീഞ്ഞും കുടിച്ച് ആട്ടവും പാട്ടും ആവോളം ആസ്വദിച്ച് ഗ്രാമത്തിന്‍റെ നിഷ്കളങ്കതയോലുന്ന ആ കൊച്ചു പട്ടണത്തിന്‍റെ ആതിഥേയത്വം ഞങ്ങള്‍ നുകര്‍ന്നു. അവിടെ നിന്നും ഒരു കെട്ട് ആര്‍ട്ടിചോക്ക് വാങ്ങി, വ്യത്യസ്തമായ അനുഭവം നല്‍കിയ നിര്‍വൃതിയോടെ ഞങ്ങള്‍ വളഞ്ഞും പുളഞ്ഞുമുള്ള വഴികളിലൂടെ അലസമായി തിരികെ വീട്ടിലേക്ക്…
അമ്മുആന്‍ഡ്രൂസ്.
ആര്‍ട്ടിചോക്കിന്‍റെ ഗുണങ്ങളും പാകം ചെയ്യുന്ന വിധവും വായിക്കാം… സുന്ദരിയായ ‘ആര്‍ട്ടിചോക്ക്’