“നിങ്ങള്‍ ഇറ്റലിയില്‍ എവിടെയാ താമസം?”

“ആഹ്.. സിസിലിയിലാണോ… കാര്യം എല്ലാര്‍ക്കും ഇറ്റലി എന്ന് കേട്ടാല്‍ റോം, വത്തിക്കാന്‍, പിസ എന്നൊക്കെ പറയുമെങ്കിലും എന്റെ ഡ്രീം ഡെസ്റ്റിനേഷന്‍ സിസിലിയാണ്. ‘ഗോഡ് ഫാദര്‍’ സിനിമ കണ്ടതോടെ സിസിലി എന്റെ ഇഷ്ട സ്ഥലമായി മാറി…”

സിസിലിയില്‍ ആണ് താമസിക്കുന്നത് എന്നറിയുമ്പോള്‍ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഈ പ്രതികരണമായിരുന്നു ‘ഗോഡ് ഫാദര്‍’ എന്ന ചരിത്ര പ്രസിദ്ധമായ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ച ഏക ഘടകം. അങ്ങനെ അവരുടെ വാക്കുകളിലൂടെ ജൂറാസിക് പാര്‍ക്കും, ടൈറ്റാനിക്കും അങ്ങനെ വിരലില്‍ എണ്ണാവുന്ന ഹോളിവുഡ്‌ സിനിമകള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ ‘ദി ഗോഡ് ഫാദര്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രം ആസ്വദിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്നതാണ് സത്യം.

മൂന്നു പാര്‍ട്ട്‌ ആയി ഇറങ്ങിയ ഈ സിനിമയുടെ തന്നെ അടിസ്ഥാനമായ പേര്, നായകന്റെ ജന്മദേശം, പിന്നീട് നായകന്‍റെയും സന്തതിപരമ്പരകളുടെയും പേരിനോടൊപ്പം കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്ത, ‘സിംഹത്തിന്റെ സ്ഥലം’ എന്നര്‍ത്ഥം വരുന്ന ‘കൊര്‍ലിയോണെ’ (Corleone) എന്ന ചെറിയ ടൌണ്‍ഷിപ്പ് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് എന്നതും, സിനിമയില്‍ പലപ്പോഴായി കാണിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ ‘ബഗേരിയ’ (Bagheria) തൊട്ടടുത്ത പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആണ് എന്നതും, മൂന്നാം പാര്‍ട്ടിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറ തിയെറ്ററുകളില്‍ ഒന്നായ  മാസ്സിമോ തിയേറ്റര്‍ (Teatro Massimo), സുഹൃത്തുക്കളിലൂടെ  കേട്ടറിഞ്ഞ പഴയ സിസിലിയുമെല്ലാം ഇങ്ങനെയൊരു ഒരു കുറിപ്പ് എഴുതാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു…

‘ലോകസിനിമയിലെ അത്ഭുതം’ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ‘ഗോഡ് ഫാദര്‍’ എന്ന സിനിമ ലോകമെമ്പാടുമുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു എന്നതിന് പുറമേ നിരവധി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കരങ്ങളും, അക്കാദമി പുരസ്കാരങ്ങളും, ഗ്രാമി പുരസ്കാരങ്ങളും നേടിയെടുക്കുകയും ചെയ്തു. മികച്ച സിനിമയ്ക്കും, അഭിനേതാവിനും തിരക്കഥയ്ക്കും ഉള്‍പ്പടെ അനവധി ഓസ്കാര്‍ പുരസ്കാരങ്ങളും, ഓസ്കാര്‍ നോമിനേഷനുകളും ലഭിച്ച ഗോഡ് ഫാദര്‍ എന്ന സിനിമ മൂന്ന് സീരീസ് ആയിട്ടാണ് പുറത്തിറങ്ങിയത് (1972, 1974, 1990).godfatherസാംസ്കാരികവും ചരിത്രപരമായ മൂല്യങ്ങളില്‍ ഊന്നി നില്‍ക്കുന്ന ഒരു മനോഹരമായ സൃഷ്ടിയായി ‘അമേരിക്കന്‍ സിനിമ’ മികച്ച രണ്ടാമത്തെ ചിത്രമായി റാങ്ക് ചെയ്തിരിക്കുന്നത് ഗോഡ് ഫാദര്‍ എന്ന ചിത്രത്തെയാണ്‌ എന്ന് പറയുമ്പോള്‍ തന്നെ ആ സിനിമയുടെ സാംസ്കാരികമായ പ്രാധാന്യവും സംവിധായക—അഭിനയ—സാങ്കേതിക–ദൃശ്യ—ശ്രാവ്യ മികവും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഈ സിനിമയുടെ നാലാമത്തെ ഭാഗം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നുവെങ്കിലും കഥാകൃത്തിന്റെ അവിചാരിതമായ മരണം മൂലം മൂന്നു സീരീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

പകയുടെ കഥ പറയുന്ന ‘ദി ഗോഡ് ഫാദര്‍’

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ കുടിയേറിയ ഇറ്റാലിയന്‍ വംശജരുടെ ജീവിതരീതിയും സംസ്കാരവും കേന്ദ്രീകരിച്ച് പ്രശസ്ത ഇറ്റാലിയന്‍—അമേരിക്കന്‍ നോവലിസ്റ്റ് ‘മാരിയോ പൂത്സോ’ (Mario Puzo) എഴുതിയ നോവലാണ്‌ ‘ഗോഡ് ഫാദര്‍’ എന്ന ചരിത്ര സിനിമ പിറക്കാന്‍ കാരണമായത്. പ്രധാനമായും അഞ്ച് അമേരിക്കന്‍—ഇറ്റാലിയന്‍ ബിസിനസ് കുടുംബങ്ങളുടെ ഇടയിലുള്ള മാഫിയ പ്രവര്‍ത്തനങ്ങളും വിദ്വേഷവുമാണ് ഈ നോവലിന്റെ അടിസ്ഥാനം.

സിസിലിയിലെ ‘കൊര്‍ലിയോണെ’ എന്ന സ്ഥലത്തുനിന്നും നിന്നും ജീവഭയത്താല്‍ ഒളിച്ചോടി അമേരിക്കയില്‍ എത്തിപ്പെട്ട വിത്തോ ആന്തോളിനി, പണവും അധികാരവും സ്വാധീനവും ആണ് സമൂഹത്തില്‍ അംഗീകാരം നേടിത്തരുന്നത് എന്ന് മനസ്സിലാക്കുകയും ഒലിവ് ഓയില്‍ വ്യാപാരത്തില്‍ ആരംഭിച്ച് മാഫിയ പ്രവര്‍ത്തനങ്ങളിലൂന്നി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയും ‘ഡോണ്‍ വിത്തോ കൊര്‍ലിയോണെ’ ആയി മാറുകയും പിന്നീട് തലമുറകളിലൂടെ പിന്തുടരുന്ന മാഫിയ പ്രവര്‍ത്തനങ്ങളുടെയും, പകയുടെയും വൈരാഗ്യത്തിന്റെയും, കഥപറയുകയും ചെയ്യുന്ന ഗ്യാങ്ങ്‌സ്റ്റര്‍ മൂവി സീരീസ് ആണ് ‘ദി ഗോഡ് ഫാദര്‍ ട്രയോളജി’.f_familytreelg

വിത്തോ കൊര്‍ലിയോണെയും അദ്ദേഹത്തിന്‍റെ ഭാര്യയായ കാര്‍മല കൊര്‍ലിയോണെയും അവരുടെ അഞ്ച് മക്കളുമാണ് ഈ കഥയുടെ കേന്ദ്രബിന്ദു. അഞ്ച് മക്കളില്‍ ‘കൊന്‍സിലിയേരേ’ (Consigliere) എന്ന ഇറ്റാലിയന്‍ പദം നമുക്ക് പരിചയപ്പെടുത്തി തന്ന ടോം ഹേഗന്‍ (Tom Hagen), ദത്തു പുത്രനും കൊര്‍ലിയോണെ കുടുംബത്തിന്റെ നിയമ ഉപദേഷ്ടാവും ആണ്. ക്ഷിപ്രകോപിയായ ‘സണ്ണി’ എന്ന് വിളിക്കുന്ന സന്തീനോ കൊര്‍ലിയോണെ (Santino Corleone, Sonny), കൂട്ടത്തില്‍ അന്തര്‍മുഖനായ ‘ഫ്രേദോ’ എന്ന് വിളിക്കുന്ന ഫെദേരിക്കോ കൊര്‍ലിയോണെ (Federico Corleone, Fredo), രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന, മാഫിയ പ്രവര്‍ത്തനങ്ങളെ വെറുക്കുകയും, എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പിതാവിന്റെ പാത പിന്തുടരേണ്ടി വരുകയും ചെയ്ത ‘മൈക്ക്’ എന്ന മൈക്കിള്‍ കൊര്‍ലിയോണെ (Michael Corleone, Mike), ഇളയ മകള്‍ കൊന്‍സ്റ്റാന്‍സിയ (Contanzia Corleone, Conny) എന്ന ‘കോണി’ എന്നിവരും മരുമക്കളും കൊച്ചു മക്കളും അടങ്ങുന്ന കൊര്‍ലിയോണെ കുടുംബത്തിന്റെ കഥയാണിത്‌.

മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ 5 പ്രമുഖ മാഫിയ തലവന്മാരുടെ സമ്മേളനത്തില്‍ ‘വിത്തോ കൊര്‍ലിയോണെ’ എന്ന നായകന്‍റെ പ്രസംഗം എത്രമേല്‍ വികാരഭരിതവും വസ്തുതാപരവും ആധികാരികവുമായിരുന്നു. മയക്കുമരുന്ന് കച്ചവടത്തില്‍ നിന്നും കൊര്‍ലിയോണെ പിന്മാറി എന്ന കാരണത്താലാണ് മറ്റു മാഫിയ ഗ്രൂപ്പുകള്‍ കൊര്‍ലിയോണെ കുടുംബവുമായി ശത്രുതയിലാവുന്നതും പിന്നീട് കൊലപാതക പരമ്പര തന്നെ അരങ്ങേറുന്നതും.. ദി ഗോഡ് ഫാദര്‍ സിനിമയുടെ മൂന്നു ഭാഗങ്ങളിലൂടെ ഈ പകയുടെയും പ്രതികാരത്തിന്റെയും ഇരുണ്ട റീലുകളാണ് നമ്മുടെ മുന്‍പില്‍ അരങ്ങേറുന്നത്…

ഈ ചിത്രം പൂര്‍ണ്ണമായും ഒരു മാഫിയ കുടുംബത്തിന്റെ കഥയാണ്‌. ‘മാഫിയ’ എന്ന തട്ടകത്തിനകത്ത് നിന്നുകൊണ്ട് ശരി തെറ്റുകളെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പികുകയാണ് ‘ദി ഗോഡ്ഫാദര്‍’.

സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും ഈ സിനിമ ഒരു എന്സൈക്ക്ലോപീഡിയ തന്നെയാണ്. ഓരോ സംഭവങ്ങള്‍ക്കും, ദൃശ്യങ്ങള്‍ക്കും, സംഭാഷണങ്ങള്‍ക്കും, എന്തിനേറെ, മുഖഭാവങ്ങള്‍ക്ക് പോലും അത്രമേല്‍ അര്‍ത്ഥതലങ്ങള്‍ ഉള്ള സിനിമ. അമേരിക്കയില്‍ കുടിയേറിയ സംസ്കാര സമ്പന്നരായ ഇറ്റാലിയന്‍ വംശജരുടെ ജീവിതത്തിന്റെ പരിഛേദം തന്നെയാണ് സ്ക്രീനില്‍ ദൃശ്യവത്കരിക്കപ്പെട്ടത് എന്ന് നിസ്സംശയം പറയാം…

സിസിലിയെന്ന സുന്ദരി

ഇരുണ്ട ദൃശ്യങ്ങളില്‍ അമേരിക്കയിലെ കാറും കോളും നിറഞ്ഞ സംഭവവികാസങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സിസിലിയെ അവതരിപ്പിക്കുന്നത് അത്രമേല്‍ ശാന്തവും, സുന്ദരവുമായ ഒരു ഭൂമികയായി.. സിസിലിയെ ഇത്രമേല്‍ മനോഹരവും, പ്രണയാതുരവുമായി അവതരിപ്പിച്ചതിന് ‘ഗോര്‍ഡന്‍ വില്ലിസ്’ എന്ന സിനിമറ്റോഗ്രാഫര്‍ക്ക് പ്രത്യേക അനുമോദനം നല്‍കേണ്ടത് തന്നെയാണ്. അത്യാധുനിക ചിത്രീകരണ അനുസാരികള്‍ ഉപയോഗിക്കാമായിരുന്ന കാലഘട്ടത്തില്‍ പോലും, തികച്ചും സാധാരണമായ ചിത്രീകരണ സാമഗ്രികള്‍ ഉപയോഗിക്കുകയും ഒരു ഛായാചിത്രത്തിന്റെ ദൃശ്യചാരുത നല്‍കി ഈ സിനിമയ്ക്ക് മിഴിവ് പകര്ന്നതിന് എത്രമേല്‍ അനുമോദിച്ചാലാണ് മതിയാവുക..

സിസിലിയന്‍ ജീവിതരീതികളും, സംസ്കാരവും പാകത്തിന് ആറ്റിക്കുറുക്കിയാണ് ദി ഗോഡ് ഫാദര്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തുടക്കത്തില്‍ കാണിക്കുന്ന വിവാഹരംഗത്ത് നിന്ന് തന്നെ തുടങ്ങാം…wedding final

ഇറ്റാലിയന്‍ വിവാഹങ്ങള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരല്‍ എന്നതിലുപരി തീറ്റയും കുടിയും ആട്ടവും പാട്ടുമായി ആഘോഷങ്ങളുടെ വേലിയേറ്റം തന്നെയാണ്. ‘കുടുംബത്തില്‍ ഒരു മംഗളകര്‍മ്മം നടക്കുമ്പോള്‍, ആര് സഹായമഭ്യര്‍ത്ഥിച്ചു വന്നാലും കൈയൊഴിയരുത്’ എന്ന ഇറ്റാലിയന്‍ രീതിയിലൂടെയാണ് മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. അന്ന്, മകളുടെ വിവാഹ ദിവസം വിത്തോ കൊര്‍ലിയോണെയുടെ അടുക്കല്‍ സഹായമഭ്യര്‍ത്ഥിച്ചു വന്ന എല്ലാവരെയും അദ്ദേഹം ‘നിങ്ങള്‍ എന്റെ സുഹൃത്താണ്’ എന്ന വാക്ക് നല്‍കിയാണ്‌ പറഞ്ഞുവിടുന്നത്.

മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറിയ മലയാളികള്‍ ഒരുപക്ഷെ ഏറ്റവുമധികം നേരിട്ട ചോദ്യങ്ങള്‍ നമ്മുടെ ‘അറേന്‍ജ്ഡ് മാര്യേജ്’ എന്ന രീതിയെക്കുറിച്ച് ആണെങ്കില്‍, സിസിലിയില്‍ എത്തിപ്പെട്ട ഞാന്‍ നേരിട്ടത് തികച്ചും വ്യത്യസ്തവും രസകരവുമായ അനുഭവങ്ങള്‍ ആയിരുന്നു. കാരണം, അറേന്‍ജ്ഡ് മാര്യേജ് സിസിലിക്കാര്‍ക്ക് അത്രമേല്‍ കേട്ടുകേള്‍വി ഇല്ലാത്ത ഒരു കാര്യമായിരുന്നില്ല എന്നത് തന്നെ..

ചില സായാഹ്നങ്ങളില്‍ അടുത്ത വീട്ടിലെ അമ്മച്ചിമാരുമായി ഒത്തുചേര്‍ന്ന് സംസാരിക്കുമ്പോള്‍ അവര്‍ പറയാറുണ്ട്, ഒരു മുപ്പത് വര്ഷം മുന്പ് വരെയും സിസിലിയില്‍ അറേഞ്ച്ഡ് മാര്യേജുകള്‍ ആയിരുന്നു നിലനിന്നിരുന്നത്. അത്യപൂര്‍വ്വമായിട്ടാണെങ്കിലും ഇന്നും മാതാപിതാക്കളാല്‍ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ ഇവിടെ നടക്കാറുണ്ടത്രേ..

“ഞങ്ങളുടെ കല്യാണം തീരുമാനിച്ചത് അപ്പനായിരുന്നു. ഉറപ്പിച്ച ശേഷം പോലും ഒന്നിച്ചു പുറത്തു പോകാനൊന്നും അനുവദിക്കില്ലായിരുന്നു, ഇനി അങ്ങിനെ ആണെങ്കില്‍ തന്നെ സഹോദരങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പം മാത്രമേ വിട്ടിരുന്നുള്ളൂ..” എന്നു പറയുമ്പോള്‍ റൊസാരിയ അമ്മച്ചിയുടെയും, സാല്‍വത്തോറെ അപ്പച്ചന്റെയും മുഖത്ത് നാണത്താല്‍ പൊതിഞ്ഞ ചെഞ്ചുവപ്പ് പരക്കുന്നത് എന്നെ പലപ്പോഴും അതിശയിപ്പിച്ചിരുന്നു.  ഇപ്പോഴാണത്രേ ഈ എട്ടും പത്തും വര്ഷം കാമുകീകാമുകന്മാരായി നടക്കുന്നതും ലിവിംഗ് ടുഗദര്‍ രീതികളുമൊക്കെ നിലവില്‍ വന്നത്.. അവരുടെ വിവരണങ്ങളിലൂടെ ഞാന്‍ കണ്ട പഴയ സിസിലി ഒന്നാകെ സ്ക്രീനില്‍ ദൃശ്യവത്കരിക്കുകയായിരുന്നു ‘ദി ഗോഡ് ഫാദര്‍’ എന്ന സിനിമയില്‍..sicily-god-father-finalആദ്യദര്‍ശനത്തില്‍ തന്നെ മൈക്ക് അനുരക്തനാവുന്ന  സിസിലിയന്‍ സുന്ദരി, അപ്പൊളോണിയ വിത്തെല്ലി (Appolonia Vitelli) ഗ്രീക്ക് ദേവതമാരെപോലെ തോന്നിച്ചു. കല്യാണം ഉറപ്പിച്ച ശേഷവും മൈക്കും അപ്പോളോണിയയും ബന്ധുജനങ്ങളുടെ അകമ്പടിയോടു കൂടി നടക്കുന്നതും സംസാരിക്കുന്നതും ഞാന്‍ കേട്ടറിഞ്ഞ സിസിലിയുടെ പഴയ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.  ദി ഗോഡ് ഫാദര്‍ സിനിമയുടെ ആദ്യ പാര്‍ട്ടില്‍ കുറച്ചു സമയത്തേയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും, മൂന്നാം പാര്‍ട്ടിന്റെ അവസാന ഭാഗത്തും അപ്പൊളോണിയയുടെ നിഷ്കളങ്കമായ മുഖം മനസ്സിലൊരു വിങ്ങലായി കടന്നുവരുന്നുണ്ട്..luca brasi thommuഅനുരഞ്ജന ചര്‍ച്ചയ്ക്കായി ശത്രുപക്ഷത്തേയ്ക്ക് പോയ വിത്തോ കൊര്‍ലിയോണെയുടെ വലംകൈയ്യും വിശ്വസ്തനുമായ ‘ലൂക്കാ ബ്രാസി’ (Luca Brasi)യുടെ ബുള്ളറ്റ് പ്രൂഫ്‌ ജാക്കറ്റില്‍ മത്സ്യം പൊതിഞ്ഞ് അയച്ചത് ഒരു പ്രതീകം എന്ന വണ്ണം ആയിരുന്നു… അതായത്, ‘ബ്രാസി മത്സ്യങ്ങള്‍ക്കൊപ്പം ഉറങ്ങുന്നു’ എന്ന സിസിലിയന്‍ സന്ദേശം ആയിരുന്നു അത്, ബ്രാസി കൊലചെയ്യപ്പെട്ടു എന്നര്‍ത്ഥം.

പുസ്തകത്താളുകളില്‍ നിന്നും വെള്ളിത്തിരയിലേക്ക്..

അമേരിക്കയില്‍ കുടിയേറിയ ഇറ്റാലിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച മാരിയോ പുത്സോ (Mario Puzo) ഡിഗ്രി പഠനത്തിനു ശേഷം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനായി അമേരിക്കന്‍ ആര്‍മ്മിയില്‍ ചേര്‍ന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ കാഴ്ചശക്തിയിലുള്ള കുറവ് മൂലം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി ജര്‍മ്മനിയില്‍ നിയമിതനായി. യുദ്ധത്തിനു ശേഷം അദ്ദേഹം അമേരിക്കയില്‍ മാഗസിനുകളില്‍ എഡിറ്റര്‍ ആയി ജോലി ചെയ്യുകയും ചെറുകഥകളും ദി ഗോഡ്ഫാദര്‍ ഉള്‍പ്പടെ അനവധി നോവലുകള്‍ എഴുതുകയും ചെയ്തു. മാരിയോ പൂത്സോയെ ലോക പ്രശസ്തനാക്കിയ കൃതി, ദി ഗോഡ് ഫാദര്‍ (1969), 67 ആഴ്ചകളോളം ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ സ്ഥാനം നിലനിര്‍ത്തുകയും, ഒന്‍പത് മില്ല്യന്‍ കോപ്പികള്‍ വില്‍ക്കുകയും ചെയ്ത പുസ്തകമാണ്.mario puzzo thommu

പുസ്തകം പുറത്തിറങ്ങുന്നതിനു മുന്പ്, 1967 ലാണ് പാരാമൌണ്ട് പിക്ചേഴ്സ് (Paramount Pictures) അറുപത് പേജുള്ള അപൂര്‍ണ്ണമായ കൃതി എണ്‍പതിനായിരം ഡോളറിന് കരാറൊപ്പിടുന്നത്.

ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പൊള എന്ന പ്രതിഭ

ഒരു മാഫിയ നേതാവിനെ, ഡോണിനെ ഒരു ചിത്രത്തിലുടനീളം നമ്മള്‍ സ്നേഹിക്കുക, ആദരിക്കുക, ബഹുമാനിക്കുക… അയാളുടെ വീഴ്ചകളില്‍ വേദനിക്കുക… അദ്ദേഹത്തിന്‍റെ മരണരംഗങ്ങളില്‍ ഹൃദയത്തില്‍ ഒരു വല്ലാത്ത നീറ്റല്‍ ഉണ്ടാവുക… ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ ആ തിരക്കഥാകൃത്തിനും, സംവിധായകനും അസാമാന്യ കൈവഴക്കം തന്നെ വേണം. അധോലോക നായകന്മാരെ പ്രതിനായകസ്ഥാനത്തു മാത്രം കണ്ടു ശീലിച്ചിരുന്ന ലോകസിനിമാ മേഖലയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു ‘ഡോണ്‍ വിത്തോ കൊര്‍ലിയോണെ’ എന്ന നായകന്‍. ദി ഗോഡ് ഫാദര്‍ എന്ന സിനിമയെ ഇത്രമേല്‍ സ്വീകാര്യവും ആധികാരികവുമാക്കിയത് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പൊള (Francis Ford Coppola)  എന്ന സംവിധായകപ്രതിഭയാണ്.

coppola thommu
ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പൊള ചിത്രീകരണ വേളയിലും, ഓസ്കാര്‍ പുരസ്കാര വേദിയിലുമുള്ള ചിത്രങ്ങള്‍

 

പാരാമൌണ്ട് പിക്ചേഴ്സ്, ഗോഡ് ഫാദറിന് തൊട്ടു മുന്പ് ചെയ്ത മാഫിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടതിനാല്‍, വീണ്ടും ഒരു മാഫിയ ചിത്രം നിര്‍മ്മിക്കുമ്പോള്‍ പരാജയം ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ഇറ്റാലിയന്‍—അമേരിക്കന്‍ സംവിധായകനെ ഏല്‍പ്പിക്കാനായിരുന്നു താല്പര്യം പ്രകടിപ്പിച്ചത്. ഇറ്റാലിയന്‍ സാംസ്കാരികത്തനിമയില്‍ തന്നെ ഗോഡ് ഫാദറും നിര്‍മ്മിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. നിരവധി സംവിധായകരെ സമീപിച്ചെങ്കിലും പല കാരണങ്ങളാല്‍ ‘ഗോഡ് ഫാദര്‍’ എന്ന നോവല്‍ സിനിമ ആക്കാനുള്ള യോഗം വന്നു ചേര്‍ന്നത് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പൊള എന്ന സംവിധായകനിലാണ്..

ഫ്രാന്‍സിസ്, അമേരിക്കയില്‍ കുടിയേറിയ ഇറ്റാലിയന്‍ കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു. അദ്ദേഹത്തിന്‍റെ ഇറ്റാലിയന്‍ പൈതൃകത്തോടൊപ്പം തന്നെ ‘ദി റെയ്ന്‍ പീപ്പിള്‍’ എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് ചെറിയ തുകയ്ക്ക് ‘ദി ഗോഡ് ഫാദറി’ന്റെ സംവിധാനം ഏറ്റെടുക്കും എന്നതും പാരാമൌണ്ട് പിക്ചെഴ്സിനെ ആകര്‍ഷിച്ചിരുന്നു..

മാരിയോ പൂത്സോയുടെ ‘ദി ഗോഡ് ഫാദര്‍’ എന്ന നോവല്‍ ഫ്രാന്സിസിന് അത്ര ആകര്‍ഷകമായി തോന്നിയില്ലാത്തതിനാലും, വാര്‍ണര്‍ ബ്രോസിന്റെ ഒരു വന്‍ പ്രൊജക്റ്റ്‌ സ്റ്റുഡിയോയില്‍ കാത്തു കിടന്നിരുന്നതിനാലും അദ്ദേഹം പാരാമൌണ്ട് പിക്ചേഴ്സിന്റെ പ്രൊജക്റ്റ്‌ ആദ്യം അംഗീകരിച്ചില്ല.

എന്നാല്‍, തൊട്ടുമുന്‍പത്തെ ചിത്രം നല്‍കിയ സാമ്പത്തിക നഷ്ടങ്ങള്‍ മൂലം സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ആദ്യം ‘നിലവാരം ഇല്ലാത്തത്’ എന്ന് പറഞ്ഞു മാറ്റിവെച്ച ‘ദി ഗോഡ് ഫാദര്‍’ സിനിമ ചെയ്യാനുള്ള കരാര്‍ 125,000 അമേരിക്കന്‍ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു…

അങ്ങനെ 1970 സെപ്റ്റംബര്‍ 30 ആം തിയതി പാരാമൌണ്ട് പിക്ചേഴ്സ് ദി ഗോഡ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായി ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു..

ഈ പദ്ധതി ഏറ്റെടുക്കുമ്പോള്‍ തന്നെ കഥാപാത്രങ്ങളെക്കുറിച്ചും, രംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് വേണ്ടി പാരാമൌണ്ട് പിക്ചേഴ്സുമായി അദ്ദേഹത്തിനു കലഹിക്കേണ്ടി വന്നു എന്നതാണ് അണിയറക്കഥകള്‍.talia scireഅദ്ദേഹത്തിന്‍റെ സഹോദരി, ‘താലിയ കൊപ്പൊള’ (Talia Shire Coppola) യാണ് വിത്തോ കൊര്‍ലിയോണെയുടെ ഇളയ മകളായ ‘കോണി’യായി (Conny) മൂന്നുഭാഗങ്ങളിലും തിളങ്ങി നില്‍ക്കുന്നത്. അതുപോലെതന്നെ, മൈക്കിന്റെ മകളായി മൂന്നാം പാര്‍ട്ടിനെ ഹൃദ്യമാക്കിയ മേരി കൊര്‍ലിയോണെ, കപ്പോളയുടെ മകളായ സോഫി കപ്പോള ആണ്. കൊപ്പോളയുടെ അപ്പനും അമ്മയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അടക്കം അനവധി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ചരിത്ര സിനിമയില്‍ ഭാഗമാകാനുള്ള അവസരം അദ്ദേഹം ഒരുക്കികൊടുക്കുകയും ചെയ്തു.

അനിഷേധ്യനായ ഡോണ്‍ വിത്തോ കൊര്‍ലിയോണെ..

വിത്തോ കൊര്‍ലിയോണെ എന്ന മാഫിയ തലവനാണ് ദി ഗോഡ് ഫാദര്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം. “ഐ ക്യാന്‍ മേക്ക് ആന്‍ ഓഫര്‍, ഹി കാണ്ട് റെഫ്യൂസ്..” ‘ദി ഗോഡ് ഫാദര്‍’ സിനിമ കാണുന്ന എതൊരാളിന്റെയും ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നതാണ് വിത്തോ കൊര്‍ലിയോണെയുടെ ഈ വാചകം.

കുടുംബ ബന്ധങ്ങളെ ഏറെ സ്നേഹിക്കുന്ന, ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന, സുഹൃത്തുക്കളെ കൈയയച്ച് സഹായിക്കുന്ന, സമൂഹത്തിലെ മയക്കുമരുന്നിന്റെ വ്യാപാരത്തെ എതിര്‍ക്കുന്ന ശക്തനും അനിഷേധ്യനുമായ വ്യവസായിയാണ്‌ ഡോണ്‍ വിത്തോ കൊര്‍ലിയോണെ.

ദി ഗോഡ് ഫാദര്‍ സിനിമയിലെ രണ്ടാം ഭാഗത്ത് സിസിലിയിലെ കൊര്‍ലിയോണെ നിവാസിയായ ആറോ എട്ടോ വയസ്സുള്ള പയ്യന്‍ എങ്ങനെയാണ് അമേരിക്കയില്‍ കുടിയേറിയതെന്നും, ‘വിത്തോ അന്തോളിനി’ എങ്ങനെ ‘വിത്തോ കൊര്‍ലിയോണെ’ എന്ന പേരില്‍ അറിയപ്പെട്ടുവെന്നും, മാഫിയ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നും അനിഷേദ്ധ്യനായ നേതാവായി വളര്‍ന്നു എന്നുമെല്ലാം വ്യക്തമാക്കിയാണ് സിനിമ മുന്നേറുന്നത്. വിത്തോ കൊര്‍ലിയോണെയുടെ ബാല്യകാലം അവതരിപ്പിച്ച ഒറെസ്തെ ബാല്‍ദിനി (Oreste Baldini), യുവത്വം അവതരിപ്പിച്ച റോബര്‍ട്ട്‌ ഡി നീരോ (Robert de Niro) എന്നിവരും അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്നു.vitto life final

വിത്തോ കൊര്‍ലിയോണെയുടെ യൗവ്വനം അവതരിപ്പിച്ച റോബര്‍ട്ട്‌ ഡി നീരോ ആ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി സിസിലിയന്‍ ഭാഷ പഠിച്ചു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. കാരണം, ലിപികള്‍ ഇല്ലാത്ത സംസാര ഭാഷയാണ് സിസിലിയന്‍. (നമ്മുടെ കൊങ്ങിണി ഭാഷ പോലെ എന്ന് പറയാം.) ഇവിടെ 5 വര്‍ഷമായി താമസിക്കുന്നുവെങ്കിലും എനിക്ക് ഇത് വരെ സിസിലിയന്‍ ഭാഷ മനസ്സിലാക്കാനോ പഠിക്കാനോ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ആ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ചെയ്തതെല്ലാം ഫലം കാണുകയും ചെയ്തു. ‘വിത്തോ കൊര്‍ലിയോണെ’ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടുപേര്‍ക്കും (റോബര്‍ട്ട്‌ ഡി നീരോ, മാര്‍ലന്‍ ബ്രാന്തോ ) ഓസ്കാര്‍ പുരസ്‌കാരം നല്‍കിയാണ്‌ ലോകസിനിമ അവരെ ആദരിച്ചത്. (മര്‍ലോണ്‍ ബ്രാന്തോ വ്യക്തിപരമായ കാരണങ്ങളാല്‍  പുരസ്‌കാരം നിഷേധിച്ചു.)vitto dialogues finalആദ്യ പാര്‍ട്ടിലാണ് വിത്തോ കൊര്‍ലിയോണെയുടെ പ്രൌഢഗംഭീരമായ സാന്നിധ്യം ഉള്ളത് എങ്കിലും, തുടര്‍ന്ന് വരുന്ന ഭാഗങ്ങളിലെല്ലാം തന്നെ അദ്ദേഹത്തിലൂടെ പകര്‍ന്നു കിട്ടിയ ധാര്‍മ്മികതയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത് എന്ന് നിസ്സംശയം പറയാം. “കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാത്തവന്‍ യഥാര്‍ത്ഥ പുരുഷന്‍ അല്ല..” എന്ന് അദ്ദേഹം പറയുമ്പോള്‍ ആര്‍ക്കാണ് ആരാധന തോന്നാത്തത്. “അപ്പന്‍ ഒരിക്കലും ബിസിനസ് കാര്യങ്ങള്‍ തീന്മേശയില്‍ ചര്‍ച്ച ചെയ്തിരുന്നില്ല..” എന്ന് മക്കള്‍ പരസ്പരം പറയുന്നതില്‍ തന്നെയുണ്ട് അപ്പനിലൂടെ പകര്‍ന്നുകിട്ടിയ മൂല്യങ്ങളുടെ തിരയിളക്കം..

‘താങ്കളിലൂടെ മാത്രമേ ഗോഡ് ഫാദര്‍ പൂര്‍ണ്ണമാകൂ..’

സംവിധായകന്‍ കൊപ്പോളെ, ‘വിത്തോ കൊര്‍ലിയോണെ’ എന്ന നായകനെ അവതരിപ്പിക്കാനായി മാര്‍ലോണ്‍ ബ്രാന്തോ (Marlon Brando) എന്ന നടനെയാണ് തിരഞ്ഞെടുത്തത്. ‘താങ്കളിലൂടെ മാത്രമേ ഗോഡ് ഫാദര്‍ പൂര്‍ണ്ണമാകൂ’ എന്ന സന്ദേശം മാര്‍ലോണ്‍ ബ്രോന്തോയ്ക്ക് അയക്കുകയും ചെയ്തു. എന്നാല്‍, പാരാമൌണ്ട് പിക്ചെഴ്സിന് അതത്ര സ്വീകാര്യമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ബ്രാന്തോയുടെ സമീപകാല ചിത്രങ്ങള്‍ ഒന്നും വിജയമായിരുന്നില്ല. കൂടാതെ അദ്ദേഹം ക്ഷിപ്രകോപിയായിരുന്നു അത്രേ. അതിനാല്‍ ചിത്രീകരണത്തിനിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും, ഇടയ്ക്ക് നിറുത്തി പോകും, സമയ—സാമ്പത്തിയ നഷ്ടങ്ങള്‍ ഉണ്ടാകും  എന്നിങ്ങനെയുള്ള കാരണങ്ങളും അവര്‍ നിരത്തി.

ഒടുവില്‍ ബ്രാന്തോയുടെ കാലിഫോര്‍ണിയയിലുള്ള വസതിയില്‍ വെച്ച് കവിളുകളില്‍ പേപ്പര്‍ കഷ്ണങ്ങള്‍ തിരുകി, ഷൂ പോളിഷ് കൊണ്ട് മുടി കറുപ്പിച്ച്, കോളര്‍ ഫിറ്റ് ചെയ്ത് കുറച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് പാരാമൌണ്ട് പിക്ചേഴ്സ് ഭാരവാഹികളെ കാണിച്ചു കൊടുക്കുകയും ചെയ്തു. രംഗങ്ങള്‍ കണ്ട ഭാരവാഹികള്‍ ബ്രാന്തോയുടെ അഭിനയമികവില്‍ ആകൃഷ്ടരാവുകയും, ചെറിയ തുകയ്ക്ക്, ‘യാതൊരുവിധത്തിലും സിനിമ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനും കാരണമാകുകയില്ല’ എന്ന കരാര്‍ ഒപ്പിടുകയും ചെയ്തതിനു ശേഷമാണ് ബ്രാന്തോയെ, വിത്തോ കൊര്‍ലിയോണെയായി അഭിനയിപ്പിക്കാന്‍ തീരുമാനമായത്.

സ്നേഹബന്ധങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായനായ മൈക്ക്

‘ദി ഗോഡ് ഫാദര്‍’ സിനിമയിലെ മറ്റൊരു അതിപ്രധാന കഥാപാത്രം മൈക്ക് എന്ന മൈക്കിള്‍ കൊര്‍ലിയോണെയ്ക്ക് വേണ്ടിയുള്ള ആലോചനകള്‍ ചിത്രീകരണം തുടങ്ങുന്നതിന് രണ്ടാഴ്ച മുന്പ് വരെ നീണ്ടു.  അമേരിക്കക്കാര്‍ക്ക് അധികം പരിചിതമല്ലാത്ത ഇറ്റാലിയന്‍ മുഖഛായ ഉള്ള ഒരു നടനെന്ന നിലയില്‍ ‘അല്‍ പചിനോ’ ആയിരുന്നു സംവിധായകന്‍ ഫ്രാന്‍സിസിന്റെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നത്.

എന്നാല്‍, പാരാമൌണ്ട് പിക്ചേഴ്സ് ഭാരവാഹികള്‍ക്ക് ഏറ്റവും പോപുലര്‍ ആയ ഒരു നടന്‍ വേണമെന്നായിരുന്നു താത്പര്യം. മാത്രവുമല്ല അല്‍ പചിനോയ്ക്ക് ഉയരം കുറവാണ് എന്നതും അവര്‍ കാരണമായി ഉന്നയിച്ചു. നിരവധി ഓഡിഷനുകള്‍ക്കൊടുവില്‍ സംവിധായകന്‍ ആഗ്രഹിച്ചതുപോലെ തന്നെ ‘അല്‍ പചിനോ’ തന്നെയാവണം മൈക്ക് എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

തുടര്‍ച്ചയായി ഓഡിഷനുകള്‍ക്ക് വിളിക്കുകയും മൈക്ക് ആയി അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനം ആകാതിരിക്കുകയും ചെയ്തതില്‍ അല്‍ പചീനോയുടെ കാമുകി താനുമായി കയര്‍ക്കുക പോലുമുണ്ടായി എന്നാണ് പിന്നീട് ഒരു ഇന്റര്‍വ്യൂവില്‍ ഫ്രാന്‍സിസ് കൊപ്പൊള പറഞ്ഞത്…al pacino finalകുടുംബത്തിന്റെ ബിസിനസ് കാര്യങ്ങളില്‍ ഒട്ടും താല്പര്യം കാണിക്കാതിരുന്ന, അല്ലെങ്കില്‍ മാഫിയ പ്രവര്‍ത്തനങ്ങളെ വെറുത്തിരുന്ന മൈക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഡോണ്‍ ആയി മാറുകയായിരുന്നു. അദ്ദേഹം പിന്നീട് ചെയ്ത, പുറമേ നിന്ന് നോക്കുമ്പോള്‍ ക്രൂരമെന്ന് തോന്നാവുന്ന കൃത്യങ്ങള്‍ കുടുംബത്തിനു വേണ്ടിയാണെന്നും ഭാര്യയോട് വിശ്വസ്തത കാണിക്കാനായില്ല എന്നും ഹൃദയം നുറുങ്ങുന്ന വേദനയില്‍ നിറകണ്ണുകളോടെ ഏറ്റുപറഞ്ഞു കുമ്പസാരിക്കുമ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

കുടുംബത്തെ അത്രമേല്‍ സ്നേഹിച്ചിരുന്ന മൈക്ക്, ബന്ധങ്ങള്‍ തകരരുത് എന്നാഗ്രഹിച്ചിരുന്ന മൈക്ക്, മാഫിയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന, എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായനും നിര്‍വ്വികാരനുമായ മൈക്കിനെ അനായാസമായി അഭിനയിച്ചു ഫലിപ്പിക്കുകയാണ് അല്‍ പചീനോ. മൈക്കിന്റെ യൌവനം മുതല്‍ മരണം വരെയുള്ള ജീവിതം അവതരിപ്പിച്ച അല്‍ പചീനോയുടെ ഓരോ സംഭാഷണശകലവും മുഖ—ശരീരഭാവങ്ങളും അത്രമേല്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതാണ്.

പ്രതിഭകളുടെ വേലിയേറ്റം

പ്രമുഖരായ അനവധി അഭിനയപ്രതിഭകള്‍ മാറിയും മറിഞ്ഞും ‘ദി ഗോഡ് ഫാദറി’നെ അവിസ്മരണീയമാക്കി മാറ്റി.. മൈക്കിന്റെ ഭാര്യയായ ഡയാന കീറ്റോണ്‍, ഗാത്തോ ആയി ജോണി മര്‍ട്ടീനൊ അങ്ങനെ ഒരുപാട് അഭിനയ പ്രതിഭകളും, സാങ്കേതിക പ്രതിഭകളും താങ്കളുടെ പങ്ക് ഭംഗിയായി കൈകാര്യം ചെയ്ത ചിത്രം.Godfather 1

കഥാപാത്രങ്ങള്‍ ആവട്ടെ, തിരക്കഥയാവട്ടെ, ഛായാഗ്രഹണം ആകട്ടെ, രംഗങ്ങള്‍ ആകട്ടെ, സംഭാഷണങ്ങള്‍ ആകട്ടെ ഓരോന്നിനെക്കുറിച്ചും  ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ സാധിക്കുന്ന ഒരു ഉത്തമകലാസൃഷ്ടി.. ഇതേക്കുറിച്ച് എത്ര എഴുതിയാലും അധികമാവില്ല എന്ന ഉത്തമ ബോദ്ധ്യത്തോടു കൂടി തന്നെ ഈ കുറിപ്പ് ചുരുക്കുന്നു. ഇനിയും ‘ദി ഗോഡ് ഫാദര്‍’ കണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും കാണണം എന്ന അഭ്യര്‍ത്ഥനയോടെ…

അമ്മു ആന്‍ഡ്രൂസ്.

Picture Courtesy: Google.